Monday, August 19, 2013

പാതിരാമണൽ

വർഷങ്ങൾക്കു മുൻപ് , പക്ഷികളെയും  യാത്രകളെയും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സുഹൃത്താണ് പാതിരാമണൽ ദ്വീപിനെക്കുറിച്ചു പറഞ്ഞു തന്നത്. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ വേമ്പനാട്ടു കായലിൽ സ്ഥിതി ചെയ്യുന്ന ആ മനോഹര ദ്വീപ്‌ എന്ന കാണണം എന്ന ആഗ്രഹം പല കാരണങ്ങളാലും നടന്നില്ല. ഒടുവിൽ  ഈ വര്ഷത്തെ സ്വാതന്ത്യ്ര ദിനം അവിടെ ചിലവിടാം എന്ന് വിചാരിച്ചു പെട്ടെന്ന് ഒരു യാത്ര തീരുമാനിച്ചു.


പെട്ടെന്നുള്ള യാത്രയായതിനാൽ സ്ഥിരം യാത്രകളിൽ പങ്കെടുക്കുന്ന കൂട്ടുകാരെല്ലാം തിരക്കിലായിരുന്നു. യാത്രകളെ അത്രയേറെ സ്നേഹിക്കുന്ന, ജീവിക്കുന്നത്  തന്നെ യാത്രകൾ ചെയ്യാനും, ആളുകളെ പരിചയപ്പെടാനും, പുതിയ അനുഭവങ്ങൾ തേടാനും മാത്രമാണ് എന്ന് വിശ്വസിക്കുന്ന  അടുത്ത സുഹൃത്തായ രാജു ചേട്ടനെ മാത്രം കൂട്ടിനു കിട്ടി ..പിന്നെ ഏതു നരകത്തിലേക്കായാലും  ഒപ്പം ഉണ്ടാകും എന്നുറപ്പുള്ള എന്റെ ഭാര്യയെയും, യാത്രകളെ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്ന കുട്ടികളെയും കൂട്ടി പാതിരാമണൽ ദ്വീപിലേക്കുള്ള യാത്ര തുടങ്ങി.


ഞങ്ങൾ എറണാകുളത്തു നിന്നും ആണ് യാത്ര തുടങ്ങിയത് .പാതിരാമണൽ എറണാകുളത് നിന്നും ഏകദേശം 65 കിലോമീറ്റർ ദൂരത്തിൽ ആണ് എന്ന് നേരത്തെ ചോദിച്ചറിഞ്ഞിരുന്നു.  അവിടേക്ക് പല വഴികളിലൂടെ പോകാം. എന്നും അറിയാമായിരുന്നു . വൈറ്റില -  അരൂര് - ചേർത്തലയിൽ കൂടിയും, വൈറ്റില - ത്രിപ്പുണിത്തുറ- പൂത്തോട്ട - വൈക്കം വഴിയും പാതിരാമണലിൽ എത്താം.  രണ്ടാമത്തെ വഴിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ഒരു പാട് തവണ സഞ്ചരിച്ചിട്ടുള്ള ആദ്യത്തെ വഴിയെക്കാൾ കുറച്ചു മാത്രം സഞ്ചരിച്ചിട്ടുള്ള രണ്ടാമത്തെ വഴിയാണ് നല്ലത് എന്ന് തോന്നി.


വൈറ്റിലയിലെ എപ്പോഴും ഉള്ള ട്രാഫിക്‌ ബ്ലോക്കും, തൃപ്പൂണിത്തുറയിലെ പൊട്ടിപൊളിഞ്ഞു വിവാദമായ റോഡും, എറണാകുളത്തെ പ്രശസ്തമായ  മുല്ലപ്പന്തൽ കള്ള്  ഷാപ്പിലേക്കുള്ള വഴിയും പിന്നിട്ടു ഞങ്ങൾ  പൂത്തോട്ട വഴി തണ്ണീർമുക്കം ബണ്ടിലെത്തി.മുഹമ്മയിലേക്കും , കുമാരകത്തെക്കും മറ്റും പോകുന്ന ആളുകളുടെ ഒരു ഇടത്താവളം ആണ് തണ്ണീർമുക്കം ബണ്ട്. കാണാൻ വളരെ സുന്ദരമായ ഒരു സ്ഥലം. കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ്‌ തണ്ണീർമുക്കം ബണ്ട്. നിർമ്മാണം 1958ൽ ആരംഭിച്ച് 1975ൽ പൂർത്തിയാക്കി. വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്.


തണ്ണീർമുക്കം ബണ്ട്  പണിയുന്ന കാലം വരെ ആ പ്രദേശങ്ങളിൽ എല്ലാം ഉപ്പുവെള്ളത്തിന്റെ ശല്യം കാരണം   വർഷത്തിൽ രണ്ടു തവണ മാത്രമേ കൃഷി നടത്തിയിരുന്നുവത്രേ. ഈ ബണ്ട്  വന്നതിൽ പിന്നെ വർഷത്തിൽ മൂന്നു തവണ കൃഷി ഇറക്കാൻ അവിടങ്ങളിലെ  ആളുകൾക്ക്  സാധിക്കുന്നുണ്ട് എന്നും , ഈ ബണ്ട്  അവരുടെ ജീവിതത്തിൽ സാരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്  എന്ന്   കേട്ടിരുന്നു. അതെ പോലെ തന്നെ ഉപ്പു വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തിയതിനാൽ അവിടങ്ങളിലെ ജൈവ വ്യവസ്ഥയും മത്സ്യ സമ്പത്തും നശിച്ചു പോയി എന്ന് വിലപിക്കുന്ന സ്വരങ്ങളും ഒരു കാലത്ത്  അവിടങ്ങളിൽ കേട്ടിരുന്നു.


കണ്ണുകൾക്ക്‌ കുളിർമ്മയേകുന്ന  തണ്ണീർമുക്കം ബണ്ടിൽ അൽപ സമയം ചിലവഴിച്ചു. പരന്നു കിടക്കുന്ന കായലും, അതിലൂടെ ഇടയ്ക്കു കടന്നു പോകുന്ന വലിയ ഹൌസ് ബോട്ടുകളും, നല്ല കാറ്റും എല്ലാം കൂടി നല്ല കാഴ്ചയായിരുന്നു അവിടെ.


തണ്ണീർമുക്കം ബണ്ടിനോട് വിടപറഞ്ഞു  കുറെ നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ മുഹമ്മയിൽ എത്തി.ദ്വീപായ പാതിരാമണലിനോട് ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലമാണ് മുഹമ്മ. മുഹമ്മയിലെ കായിപ്പുറം ജങ്ക്ഷനിൽ  സഞ്ചാരികൾക്കായി ഒരു ബോർഡിൽ പാതിരാമണൽ എന്ന് വഴികാട്ടുന്ന   ബോർഡും  കണ്ടു. കൂടുതലൊന്നും ചോദിക്കാതെ കായിപ്പുറം - പാതിരാമണൽ ജെട്ടി റോഡിലൂടെ ഞങ്ങൾ സഞ്ചരിച്ചു .


ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും ബോട്ട് ജെട്ടിയിലെത്തി. നാട്ടിൻപുറത്തെ ഒരു ചെറിയ ബോട്ട് ജെട്ടി. നാടൻ വള്ളത്തെ അല്പം ഒന്ന് പരിഷ്കരിച്ചു "ഷിക്കാര " ആക്കിയ രണ്ടു വള്ളങ്ങൾ , പിന്നെ ഒരു ചെറിയ ബോട്ടും കുറച്ചു ആളുകളെയും അവിടെ കണ്ടു , ഒപ്പം അല്പം അകലെ പച്ചപ്പുനിറഞ്ഞു , ചുറ്റും വെള്ളം നിറഞ്ഞു കിടക്കുന്ന ഞങളുടെ ലക്ഷ്യസ്ഥാനമായ പാതിരാമണൽ ദ്വീപിനെയും...


വണ്ടി നിറുത്തി ഒതുക്കിയിടുന്നതിനു മുൻപേ ബോട്ടിൽ നിന്നും ഒരാൾ വന്നു. അഞ്ഞൂറ് രൂപ തന്നാൽ പാതിരാമണലിൽ കൊണ്ടുവിടാം എന്നും അവിടമെല്ലാം ആസ്വദിച്ചു ഫോണിൽ വിളിച്ചാൽ അവിടെനിന്നും തിരികെ കൊണ്ട് വിടാം എന്നും അയാൾ  പറഞ്ഞു. കായിപ്പുറത്ത്‌ നിന്നും നാടൻ വള്ളങ്ങൾ കിട്ടും എന്നും ചുരുങ്ങിയ ചിലവിൽ അവിടം പോയി വരാം എന്നും ഉള്ള അറിവായിരുന്നു കേട്ടിരുന്നത്. ബോട്ടിന്റെ ചാർജ് കൂടുതൽ ആണെന്നും പറഞ്ഞപ്പോൾ ഏറ്റവും കുറവ് ഇവിടെയാണ്‌ എന്നും കുമരകത്തൊ, ആലപ്പുഴയിൽ നിന്നോ ആണെങ്കിൽ ഇതിന്റെ നാലിരട്ടി വരെ വാങ്ങുമെന്നും അയാൾ പറഞ്ഞു.


വർഷങ്ങൾക്കു മുൻപ്  പാതിരാമണലിൽ സാധാരണ യാത്ര ബോട്ടിൽ വന്നിട്ടുള്ള രാജു ചേട്ടൻ, ഇപ്പോഴും പാതിരാമണലിലേക്ക് ഗവർന്മെന്റിന്റെ യാത്ര ബോട്ട് ഉണ്ടാകും എന്നും മുഹമ്മയിലെ ബോട്ട് ജെട്ടിയിൽ പോയി അന്വേഷിച്ചു നോക്കാം എന്നഭിപ്രായം പറഞ്ഞു. മറുത്തൊന്നും പറയാതെ, ഭക്ഷണം കഴിച്ച ശേഷം അല്പം കഴിഞ്ഞു വരാം എന്ന് മാത്രം പറഞ്ഞു ഞങ്ങൾ വന്ന വഴിയിലൂടെ മടങ്ങി. ബോട്ട് ജെട്ടിയിൽ നിന്നും നോക്കിയാൽ  വളരെ അടുത്ത് കാണാവുന്ന പാതിരാമണലിലേക്ക് അഞ്ഞൂറ് രൂപ കൊടുക്കാൻ മനസ്സിൽ മടി തോന്നിയിരുന്നു.


കായിപ്പുറത്ത്‌  നിന്നും വഴി ചോദിച്ചു മുഹമ്മയിലെ ബോട്ട് ജെട്ടിയിൽ എത്തി. പണി പൂർത്തിയാക്കിയിട്ടില്ലാത്ത പുതിയ ജെട്ടിയിൽ ആളുകളും ബോട്ടുകളും വളരെ കുറവായിരുന്നു. അവധി ദിവസം  ആയതിനാൽ  ചൂണ്ടയിട്ട് മീൻ പിടിക്കുന്ന കുറച്ചു ആളുകളെയും രണ്ടു ബോട്ട് ഡ്രൈവർമാരെയും കണ്ടു.  അവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പാതിരാമണലിലേക്ക് ഇപ്പോൾ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ഒന്നും ഇല്ലെന്നും അടുത്ത് തന്നെ തുടങ്ങാൻ ആലോചനയുണ്ട് എന്നും അവരിൽ നിന്നറിഞ്ഞു. ഞങ്ങൾ ആദ്യം പോയ കായിക്കലെ ബോട്ട് ജെട്ടിയിൽ ചെന്നാൽ അവിടെ നിന്നും ടൂറിസ്റ്റ് ബോട്ടോ , വള്ളമോ കിട്ടും എന്നും അവർ കൂട്ടിച്ചേർത്തു. കൂടുതലൊന്നും ചോദിക്കാതെ വന്ന വഴിയിലൂടെ മടങ്ങി.


സമയം പന്ത്രണ്ടുമണിയായി. പാതിരാമണലിനുള്ളിൽ കയറിയാൽ ഭക്ഷണമോ വെള്ളമോ ഒന്നും കിട്ടില്ല എന്നറിയാവുന്നതിനാൽ ഭക്ഷണം കഴിച്ച ശേഷം അങ്ങോട്ട്‌ പോകാൻ  തീരുമാനിച്ചു. കായിപ്പുറം സെന്ററിൽ നല്ല ഹോട്ടലുകൾ  ഒന്നും കണ്ടില്ല. വീണ്ടും ശ്രദ്ധയോടെ ഓരോ കടകളുടെയും ബോർഡുകൾ വായിച്ചു നോക്കി. അവസാനം ഹോട്ടൽ സ്മിത എന്ന പേരിലുള്ള  ഒരു ചെറിയ ഒറ്റമുറി കടയുടെ വലിപ്പത്തിലുള്ള ഹോട്ടൽ മാത്രം കണ്ടു. കഴിക്കാൻ കാര്യമായി ഒന്നും കിട്ടില്ല എന്നും, എന്തെങ്കിലും കഴിച്ചു വിശപ്പടക്കാം എന്നും പറഞ്ഞു അവിടേക്ക് കയറി. കഴിക്കാൻ എന്താണ് ഉള്ളത് എന്ന ചോദ്യത്തിന് വന്ന മറുപടി കേട്ടപ്പോൾ മുൻധാരണകൾ എല്ലാം വെറുതെയായി . കരിമീൻ, കൊഞ്ച് , കക്ക തുടങ്ങി അവിടെ ഒരുവിധം എല്ലാ കായൽ കടൽ വിഭവങ്ങൾ എല്ലാം അവിടെ ഉണ്ടായിരുന്നു. കായൽ വിഭവങ്ങൾ കൂട്ടി ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ഒരുപാടുപേർ വന്നു ഭക്ഷണം പാർസൽ വാങ്ങി കൊണ്ട് പോകുന്നത് കണ്ടു. അത് കൊണ്ട് തന്നെ വലുപ്പത്തിൽ സ്മിതാ ഹോട്ടൽ ചെറുതാണെങ്കിലും പേരിലും രുചിയിലും  ആ ഹോട്ടൽ ഒരുപാട് വലുതാണ്‌ എന്ന് ബോധ്യപ്പെട്ടു .


വീണ്ടും ആ പഴയ ബോട്ട് ജെട്ടിയിലെത്തി. ഇത്തവണ വണ്ടിയുടെ അടുത്തേക്ക് വന്നത് മറ്റൊരാളായിരുന്നു. ആളു മാറിയത് പോലെ ഇത്തവണ  ബോട്ടിന്റെ ചാർജിലും വ്യത്യാസം ഉണ്ടായിരുന്നു. 4 0 0 രൂപ. ചാർജ് കൂടുതൽ ആണ് എന്നും അല്പം കുറക്കണം എന്നും സംസാരിച്ചു നോക്കി. ഒരു രക്ഷയും ഇല്ല. അവസാനം മുഴുവൻ  രൂപയും കൊടുത്തു, ബോട്ട് ഡ്രൈവറുടെ മൊബൈൽ നമ്പർ വാങ്ങി  ആ ചെറിയ ബോട്ടിൽ കയറി.


വേമ്പനാട് കായലിലൂടെ ഒഴുകുന്ന ബോട്ടിൽ പാതിരാമണൽ അടുക്കുന്നതും നോക്കി നിന്നു. എവിടെ നിന്നും നോക്കിയാലും പേടിപ്പെടുത്തുന്ന ഒരു പച്ചത്തുരുത്ത്. അതായിരുന്നു അകലെ നിന്നും നോക്കുമ്പോൾ പാതിരാമണൽ. അവിടെ ബോട്ടുകൾക്കും മറ്റും അടിപ്പിക്കാൻ ആയി ഒരു ജെട്ടിയും ഉണ്ടായിരുന്നു. ജെട്ടിയിൽ  നിന്നും  ബോട്ട് ഇറങ്ങിയത് തന്നെ കാട്ടിലെക്കായിരുന്നു. തുടക്കത്തിൽ തന്നെ തകർന്നു കിടക്കുന്ന ചില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടു. അവിടെ നിന്നും തുടങ്ങുന്ന കാട്ടിലൂടെ നടക്കാനായി കല്ലുകൾ പാകിയ നടവഴികളും കണ്ടു.


പാതിരാമണൽ ദ്വീപിനു "അനന്തപദ്മനാഭൻ തോപ്പ്" എന്നും പേരുണ്ട്. കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ ബ്രാഹ്മണനായ വില്വമങ്കലത്ത് സ്വാമിയാരുടെ  മുന്നിൽ കായൽ വഴിമാറി കരയായി മാറിയ സ്ഥലമാണ്  പാതിരാമണൽ എന്ന് ഐതിഹ്യം. പല ഉടമകളിലൂടെ കൈമാറി വന്ന ഈ ഭൂമി  1979ൽ ഭൂപരിഷ്കരണനിയമം നടപ്പിലായ സമയത്ത് ഗവണ്മെന്റ് ഏറ്റെടുക്കുകയും, തുടർന്ന് വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു. ദ്വീപിൽ അന്ന് താമസമുണ്ടായിരുന്ന പതിനാലു കൂടുംബങ്ങളെ മുഹമ്മയിലേക്ക് പുനരധിവസിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോൾ ഈ ദ്വീപിൽ മനുഷ്യ വാസം ഒട്ടും ഇല്ല.


വർഷങ്ങളായി മനുഷ്യന്റെ കൈ കടത്തലുകൾ അധികം ഇല്ലാതെ മരങ്ങളും ചെടികളും എല്ലാം വളര്ന്നു ശരിക്കും കാട് പിടിച്ചുകിടക്കുന്ന ആ ദ്വീപിലൂടെ സന്ദർശകർക്ക് നടക്കാനായി പലയിടങ്ങളിലും കല്ലുകൾ പാകിയ നടപ്പാതകൾ മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളത്. പ്രകൃതിയുടെ ആവാസവ്യവസ്ഥക്ക്‌  ഇവിടെ അധികം കോട്ടം തട്ടത്തതുകൊണ്ട്  ഒരു പാട് പക്ഷികളുടെയും, ചിത്രശലഭങ്ങളുടെയും, മറ്റു ജീവികളുടെയും പ്രിയപ്പെട്ട സ്ഥലമാണ് ഈ ദ്വീപ്‌. അതുപോലെ തന്നെ പലതരത്തിലുള്ള ഔഷധ സസ്യങ്ങളും ഇവിടെ സുലഭമായി കാണാം. 


കല്ല്‌ പാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചു നടന്നു. കാടിന്റെ ഉള്ളിൽ തെങ്ങുകളും, കശുമാവും മറ്റും വളര്ന്നു നില്ക്കുന്നത് ഒരു പുതിയ കാഴ്ച ആയിരുന്നു. മുൻപേ താമസിച്ചിരുന്ന ആളുകൾ നട്ട ഫല വൃക്ഷങ്ങൾ  കണ്ടൽ ചെടികളോടും , കാട്ടു വള്ളികളോടും ചേർന്ന് നില്കുന്ന കാഴ്ച മനോഹരവും ഭീകരവും ആയിരുന്നു. പച്ച നിറത്തിലുള്ള പായൽ നിറഞ്ഞു കിടക്കുന്ന വലിയ കുഴികൾ (അതോ കുളങ്ങളോ) വഴിയിൽ പലയിടത്തും കാണാമായിരുന്നു. ചിലയിടങ്ങളിൽ കണ്ടലുകളും വള്ളികളും വളർന്നു നില്ക്കുന്ന കാഴ്ച ചില ഇംഗ്ലീഷ്‌ സിനിമകളിലെ പ്രേത ചിത്രങ്ങളിലെ രംഗങ്ങളെ ഓർമിപ്പിച്ചു.


കുട്ടികൾ പലപ്പോഴും എല്ലാവർക്കും മുൻപേ ഓടി തുടങ്ങി. ഇരുവശവുംകാട് പിടിച്ച വഴികള ആയതിനാൽ പാമ്പുകൾ  ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആയിരുന്നു. പല തവണ ചെറിയ ചെറിയ കാടുകൾ കണ്ടത് കൊണ്ടാവണം അവർക്ക് കാടിനോടും ഈ വിജനതയോടും ഒട്ടും ഭയം തോന്നാത്തത് എന്ന് തോന്നി. ഒരു കണക്കിന് അവരെ പുറകിലാക്കി ഏറ്റവും മുൻപേ, ഷൂ ഇട്ട കാലുകൾ അമർത്തി ചവിട്ടി കാട്ടിലൂടെ  നടന്നു. ആ ഷൂ ശബ്ദം കേട്ടാൽ ഒരു വിധത്തിൽ പെട്ട പാമ്പുകൾ വഴിമാറി പോകും എന്നറിയാമായിരുന്നതു കൊണ്ടാണ് അങ്ങിനെ നടന്നത്. ശരിക്കുള്ള കാട്ടിൽ ഈ നടത്തം പലപ്പോഴും വെറുതെയാകാറുണ്ട് , ചുരുട്ട എന്ന പേരിൽ അറിയപ്പെടുന്ന മടിയനായ ചെറിയ പാമ്പ് എത്ര ശബ്ദം കേട്ടാലും ഒരിക്കലും വഴിമാറി തരാറില്ല.


കുറെ ദൂരം നടന്നപ്പോൾ ദ്വീപിന്റെ മറു വശത്തെത്തി. അവിടെ ഒരു SNDP ക്കാരുടെ ഒരു ചെറിയ അമ്പലം കണ്ടു. അതിന്റെ മുൻപിൽ മണൽ വിരിച്ച തുറസായ കുറച്ചു സ്ഥലവും കണ്ടു. അൽപ സമയം അവിടെ ഇരുന്നു വിശ്രമിച്ചു. ഒരു ഒഴിവു ദിവസം ആയിട്ടും ഈ വന്യത ആസ്വദിക്കാൻ അവിടെ ആരെയും കണ്ടില്ല എന്നതിൽ   വളരെ നിരാശ തോന്നി. കായലിൽ കുറച്ചു അകലെയായി ഒരു വലിയ ഹൌസ് ബോട്ട്  കിടക്കുന്നുണ്ടായിരുന്നു. അതിലെ ആളുകളുടെ ബഹളങ്ങൾ മാത്രം കേട്ടു.  കുമരകം ഹൌസ് ബോട്ട് യാത്രകളിൽ  ആളുകളെ പാതിരാമണൽ കാണിക്കാൻ കൊണ്ട് വരിക ഒരു പതിവാണ്. എന്നിട്ടും ഈ ദ്വീപിൽ ആരെയും കണ്ടില്ല.


അമ്പലത്തിന്റെ രണ്ടു വശത്തേക്കും നടക്കാനുള്ള വഴികൾ കണ്ടു. കല്ലുകൾ  പാകാത്ത, ആളുകള് നടന്നു മാത്രം വഴി രൂപപ്പെട്ട വഴിയിലൂടെ കുറെ നടന്നു നോക്കി. ശരിക്കും ഭീകരമായ ഒരു വഴിയായിരുന്നു അത്. കണ്ടലുകളും വള്ളികളും എല്ലാം പടര്ന്നു വഴിപോലും കൃത്യമല്ലാത്ത ഒരു പാതയായിരുന്നു അത്. ആ പാത എവിടെക്കെന്നറിയാതെ നീണ്ടു നീണ്ടു പോകുകയായിരുന്നു. പലയിടത്തും വഴികൾ പിരിഞ്ഞു പോകുന്നുമുണ്ട് . തിരിച്ചു വരാൻ വഴി അറിയാൻ വേണ്ടി പോകുന്ന വഴിയിൽ പലയിടത്തും ചെടികളുടെ തലപ്പുകൾ ഒടിച്ചു വഴിയിൽ ഒരു ആരോ മാർക്ക്‌ പോലെ ഇട്ടു. രാജു ചേട്ടനും പലയിടത്തും ഇത് ചെയ്യുന്നുണ്ടായിരുന്നു.വന യാത്രകളിൽ യാത്രകളിൽ സ്ഥിരമായി ചെയ്യുന്ന കാര്യം ആയിരുന്നു അത്.


കുറെ നേരം പോയിട്ടും വഴികൾ അവസാനിക്കാതെ ആയി. അവസാനം വന്ന വഴിയെ തന്നെ തിരിച്ചു നടന്നു. അങ്ങോട്ടും ഇങ്ങോട്ടും യാതൊരു നിയന്ത്രണവും ഇല്ലാതെ ഓടുന്ന കുട്ടികളെയും കൊണ്ട് ഇനിയും ഇതിലേറെ നടക്കാൻ കഴിയില്ല എന്ന് തോന്നി. പിന്നെ എല്ലാം ഒരേ കാഴ്ചകൾ. നിറഞ്ഞ പച്ചപ്പും വന്യതയും ശുദ്ധമായ വായുവും ആസ്വദിച്ച് തിരിച്ചു നടന്നു. കിളികള വളരെ കുറവേ അവിടെ കണ്ടുള്ളൂ . രാവിലെയും വൈകീട്ടും വന്നാൽ മാത്രമേ കിളികളെ കാണാൻ കഴിയൂ എന്നറിയാമായിരുന്നതിനാൽ വിഷമം തോന്നിയില്ല.


തിരികെ അമ്പലത്തിനടുത്തെത്തി. അവിടത്തെ ചാഞ്ഞു കിടക്കുന്ന മരത്തിൽ കുട്ടികൾ കയറാനും ഇറങ്ങാനും തുടങ്ങി. താഴെ മണൽ ആയതിനാൽ വീണാലും കാര്യമായി ഒന്നും പറ്റില്ല എന്ന് തോന്നിയതിനാൽ അവരെ കൂടുതൽ ശ്രദ്ധിക്കാതെ കായലിന്റെ ഭംഗിയും ആസ്വദിച്ചു കുറെ നേരം ചിലവഴിച്ചു.


മടക്കയാത്രയിൽ രാജു ചേട്ടൻ ഒരു പാട് ഔഷധ ചെടികളെ പരിചയപ്പെടുത്തി തന്നു. കുന്നിക്കുരുവും വീടുകളിൽ സാധാരണ കാണാറുള്ള ചെത്തിയും അല്ലാതെ ഒരു ചെടിയും എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല. പല ചെടികളുടെയും പേരുകളും,  ഔഷധ ഗുണങ്ങളും  കേട്ടപ്പോൾ ശരിക്കും വിസ്മയം തോന്നി.


മടക്കയാത്രയിൽ തിരികെ വരുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ബോട്ടിൽ നിന്നും പുറത്തിറങ്ങി വരുന്നത് കണ്ടു. കൈയിൽ തുറന്നു പിടിച്ച ബിയർ കുപ്പികളുമായാണ് വരവ്.  ആരുടേയും ശല്യമില്ലാത്ത ഈ വിജനതയിൽ സ്വാതന്ത്യദിനം ആഘോഷിക്കാൻ ആണ് അവരുടെ വരവ്.


മൊബൈലിൽ ബോട്ട് ഡ്രൈവറെ വിളിച്ചു അൽപ സമയത്തിനുള്ളിൽ തന്നെ അവർ എത്തി. പാതിരാ മണലിനോട്‌ പതുക്കെ വിട പറഞ്ഞു. മനസ്സിൽ അപ്പോഴേക്കും ഒരു തീരുമാനം എടുത്തിരുന്നു ...വീണ്ടു ഒരിക്കൽ കൂടി ഇവിടെ വരും. ആ അമ്പല മുറ്റത്തെ മണലിൽ ടെന്റുകൾ കെട്ടി ഒരു രാത്രി കായലിനോടും മണലിനോടും നിലാവിനോടും  പ്രിയ കൂട്ടുകാരോടും ഒപ്പം ഒരു രാത്രി....മടക്ക യാത്രയിൽ മനസ്സിൽ അത് മാത്രമായിരുന്നു ചിന്ത..അതുകൊണ്ട്  തന്നെ ഒരു പ്രിയപ്പെട്ട സ്ഥലത്തോട് വിട പറയുന്ന സങ്കടം മനസ്സിൽ ഒട്ടും ഉണ്ടായിരുന്നില്ല ..

ഇനി ഒരു കാത്തിരിപ്പാണ് ...

കായലും, മണലും, നിലാവും , സൌഹൃദങ്ങളും ഒത്തു ചേരുന്ന ഒരു പാതിരാമണൽ  രാത്രിക്കായുള്ള കാത്തിരുപ്പ് ....

വരുന്നോ എന്റെ പ്രിയ കൂട്ടുകാരെ ?


19 comments:

 1. ഈ യാത്ര കഴിഞ്ഞു വന്നപ്പോൾ ആണ് അറിഞ്ഞത് ഞങ്ങൾ ഭക്ഷണം കഴിച്ച ഹോട്ടൽ വളരെ പ്രശസ്തമായ "വൈദ്യരുടെ കട " ആണെന്ന് ....ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ...
  http://www.youtube.com/watch?v=FM5bzfeztNg&feature=youtu.be

  ReplyDelete
 2. നാട്ടില്‍ എത്തിയിട്ട് ഒന്ന് പോയാല്‍ കൊള്ളാം എന്ന് തോന്നിപിച്ച വിവരണം. അടുത്തായതിനാല്‍ വലിയ കാശും ആവില്ലല്ലോ. നോക്കാം ഓണത്തിന്‍റെ തിരക്കിനിടയില്‍ ഒരല്പസമയം പാതിരാമണലില്‍ ചിലവഴിക്കാന്‍ കഴിയുമോ എന്തോ.

  ReplyDelete
  Replies
  1. ശ്രീജിത്ത്‌ ...പോകുമ്പോൾ കുറച്ചു പേര് കൂടി ചേർന്നു പോകുക. മദ്യപിക്കാനായി മാത്രം വരുന്ന ആളുകളെയും അവിടെ കണ്ടേക്കാം. ഒരു ചെറിയ മുൻകരുതൽ, പ്രത്യേകിച്ചും ഫാമിലി ആയി ആണ് പോകുന്നത് എങ്കിൽ...പിന്നെ എനിക്ക് ഇഷ്ടപെട്ട സ്ഥലം താങ്കൾക്കു ഇഷ്ടപ്പെടണം എന്നില്ല..വലിയ പ്രതീക്ഷകളോടെ പോകാതിരിക്കൂ ..എന്തായാലും പോയി വന്നിട്ട് ചിത്രങ്ങൾ ഷെയർ ചെയ്യണം

   Delete
 3. മധു ചേട്ടാ...
  ഞാനും കാത്തിരിക്കുന്നു പാതിരാമണല്‍ യാത്രയ്കായി..

  ReplyDelete
  Replies
  1. കിച്ചൂ ...മഴക്കാലം കഴിഞ്ഞാലെ പാതിരാമണലിലെ രാത്രി താമസം നടക്കൂ ..പഞ്ചായത്തിൽ നിന്നോ ടൂറിസം വകുപ്പിൽ നിന്നോ അനുമതി കിട്ടും എന്നും പ്രതീക്ഷിക്കുന്നു...അത് വരെ കാത്തിരിക്കുക.

   Delete
 4. മധുമാമന്റെ ശിഷ്യത്വം സ്വീകരിക്കാനാണ് എന്റെ പ്ലാന്‍..........

  ReplyDelete
  Replies
  1. റഹിം ഒരു ഗുരുവാകാനുള്ള യോഗ്യതയൊന്നും എനിക്കില്ല. ഭാവിയെക്കുറിച്ച് യാതൊരു ചിന്തയില്ലാത്ത , സൌഹൃദങ്ങൾ കാത്തു സൂക്ഷിക്കാനറിയാത്ത ,വളരെ മടിയനായ ഒരാളാണ് ഞാൻ.

   Delete
 5. ഞാനും കാത്തിരിക്കുന്നു പാതിരാമണല്‍ യാത്രയ്കായി

  ReplyDelete
  Replies
  1. സലിം ... എന്നും ഓർത്തിരിക്കാൻ പറ്റിയ നമ്മുടെ മരോട്ടിച്ചാൽ യാത്ര പോലെ, ഒരു നല്ല യാത്രക്കായി കാത്തിരിക്കുക. ഞാൻ അറിയിക്കാം...

   Delete
 6. Replies
  1. നന്ദി കൃഷ്ണകുമാർ .. മടി കാരണം കുറെ കാലമായി എഴുതാതെ ഇരിക്കുകയായിരുന്നു...അതി കൊണ്ട് തന്നെ ഇത് നന്നായി എഴുതി എന്ന് എനിക്ക് തോന്നുന്നില്ല.

   Delete
 7. Wonderfully written. Enikum orupaad agrahamund pathiramanalil oru tent ketti thaamasikkan.

  ReplyDelete
  Replies
  1. നിരഞ്ഞൻ ... മഴ മാറിയാൽ പാതിരാമണലിൽ ഒരു രാത്രി ചിലവഴിക്കാൻ ഞങ്ങൾ ഒരു ശ്രമം നടത്തും ... എല്ലാം ശരിയായാൽ അറിയിക്കാം.

   Delete
 8. Our next trip to pathiramanal...

  ReplyDelete
  Replies
  1. കഴിക്കാനും കുടിക്കാനും ഉള്ള ഫുഡ്‌ കൊണ്ട് പോകാൻ മറക്കരുത് . കഴിഞ്ഞാൽ ഒരു ചൂണ്ട കൂടി കൊണ്ട് പോകുക ... വന്നിട്ട് ചിത്രങ്ങൾ ഷെയർ ചെയ്യണം .....

   Delete
 9. വിവരണം ഇഷ്ടമായി ഒരിക്കലെങ്കിലും താങ്കളുടെ സഹയാത്രികനാവണമെന്ന് ആഗ്രഹിക്കുന്നു

  ReplyDelete
 10. കാണാന്‍ താമസിച്ചു പോയി ഒരാഴ്ച മുന്പു കണ്ടിരുന്നെങ്കില്‍ !!! നല്ല ഒരു അവസരം നഷ്ടമാക്കി എങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ അവിടെ പോയത് പോലെ തോന്നി നന്ദി

  ReplyDelete
 11. ഹൗസ്ബോട്ടിൽ പാതിരാമണൽ ചുറ്റിവന്നിട്ടേയുള്ളൂ, ഇപ്പോൾ ഇങ്ങനേയും ഒന്നുപോയിവരാൻ തോന്നുന്നു... Thank you...

  ReplyDelete