Saturday, October 22, 2011

കനോലി പ്ലോട്ട്

ലോകത്തിലെ മനുഷ്യനിര്‍മിതമായ ആദ്യത്തെ തേക്കിന്‍ തോട്ടം ഇന്ത്യയിലാണ് എന്നും അത് നമ്മുടെ "ദൈവത്തിന്റെ സ്വന്തം നാടായ" കേരളത്തിലെ നിലമ്പൂരിലെ കനോലി പ്ലോട്ട് ആണ് എന്നതും വളരെ അടുത്ത കാലത്താണ് അറിഞ്ഞത് . അത് പോലെ തന്നെ കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തില്‍ കൂടി ചാലിയാര്‍ പുഴയെ മുറിച്ചു കടന്നാണ് കനോലി പ്ലോട്ടിലേക്ക് പ്രവേശിക്കുന്നത് എന്ന് കൂടി കേട്ടപ്പോള്‍ ഇത്രയും പ്രത്യേകതകള്‍ ഉള്ള ആ സ്ഥലം കാണാന്‍ വേണ്ടി മാത്രം ഒരു യാത്ര നടത്തിയാലും അത് ഒരു നഷ്ടമാവില്ല എന്ന് തോന്നി. അങ്ങിനെയാണ് ഞാന്‍ രണ്ടു സുഹൃത്തുക്കളെയും കൂട്ടി കനോലി പ്ലോട്ടിലേക്ക് മാത്രമായി ഒരു യാത്ര നടത്താന്‍ തീരുമാനിച്ചത് .
കോഴിക്കോട് - നിലംബൂര്‍ - ഗൂഡല്ലൂര്‍  - ഊട്ടി റോഡില്‍ നിലമ്പൂര്‍ ടൌണ്‍ എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍ മുന്‍പ് ഇടതു വശത്തായാണ് കനോലി പ്ലോട്ട്. പൊതു ജനങ്ങള്‍ക്ക്‌ തേക്ക് മരങ്ങള്‍ വാങ്ങാന്‍ സൗകര്യം ഉള്ള ഗവര്‍മെന്റിന്റെ തേക്ക്  ഡിപ്പോയിലേക്കുള്ള വഴിയും കാനോലി പ്ലോട്ടിലേക്കുള്ള വഴിയും ഒന്നാണ് .
കാറ് റോഡരുകില്‍ നിര്‍ത്തി തുറന്നു കിടന്ന ടിക്കറ്റ്‌ കൌണ്ടറിലൂടെ  പത്തു രൂപയുടെ മൂന്നു ടിക്കെറ്റും എടുത്ത് ഞങ്ങള്‍ 300 മീറ്റര്‍ അകലെയുള്ള കനോലി പ്ലോട്ടിലേക്ക് നടന്നു . കനോലി പ്ലോട്ടിലേക്കുള്ള പ്രവേശന സമയം രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ മാത്രമാണ് എന്ന ബോര്‍ഡും വായിച്ചായിരുന്നു ഞങളുടെ നടപ്പ്.
ഇരു വശത്തും തണല്‍ മരങ്ങള്‍ നിറഞ്ഞ റോഡിലൂടെ നടന്നെത്തിയത്‌ ചാലിയാര്‍ പുഴയുടെ കരയില്‍ ആയിരുന്നു. വേനലിന്റെ കാഠിന്യം മൂലം അല്പം മെലിഞ്ഞുണങ്ങിയെങ്കിലും വളരെ സുന്ദരിയായിരുന്നു ചാലിയാര്‍ പുഴ. അടുത്ത കാലം വരെ കനോലി പ്ലോട്ടിലേക്ക് വരുന്ന സന്ദര്‍ശകര്‍    റോഡില്‍ നിന്നും പുഴയിലേക്കുള്ള പടികള്‍ ഇറങ്ങി  പുഴയുടെ അടുത്തെത്തി കടത്ത് വഞ്ചിയില്‍ കയറിയാണ് പുഴക്കപ്പുത്തുള്ള കനോലി പ്ലോട്ടിലേക്ക് പ്രവേശിച്ചിരുന്നത് . തൂക്കുപാലം വന്നതോടെ ഈ കടത്തു വഞ്ചി യാത്ര അവസാനിപ്പിച്ചു. അത് കൊണ്ട് തന്നെ ഈ ഭാഗത്ത്‌ പുഴയില്‍ ഇറങ്ങാന്‍ ആരെയും അനുവധിക്കാറുമില്ല . 
പുഴയിലേക്ക് ഇറങ്ങാതെ തൂക്കുപാലത്തിലേക്ക് എത്തിച്ചേരാനായി ഒരു സുന്ദരമായ നടപ്പാത അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. ഇരു വശത്തും മരങ്ങളും പേരറിയാത്ത വള്ളികളും തൂങ്ങി കിടക്കുന്ന ആ വഴിയിലൂടെ ഉള്ള നടത്തം ശരിക്കും രസകരമായിരുന്നു. സൂര്യന്റെ വെയില്‍ അല്പം പോലും ഞങളുടെ ശരീരത്തില്‍ ഏല്‍പ്പിക്കാതെ തടഞ്ഞു നില്‍ക്കുന്ന മരങ്ങളുള്ള ആ പാതയിലൂടെ നടന്നു തൂക്കുപാലത്തിന്റെ അടുത്തെത്തി.
കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം എന്നവകാശപ്പെടുന്ന ആ പാലത്തിലെ കൈവരികള്‍ പിടിച്ചു ചാലിയാര്‍ പുഴയും നോക്കി പതുക്കെ കാനോലി പ്ലോട്ടിലേക്ക്   നടന്നു . ഓരോ ആളുകള്‍ കയറുമ്പോഴും ആ പാലം കുലുങ്ങുന്നുണ്ടായിരുന്നു. ഒരേ സമയം ഇരുപതു പേര്‍ മാത്രമേ കയറാവൂ എന്ന് പാലത്തിന്റെ തുടക്കത്തില്‍ എഴുതി വെച്ചിരിക്കുന്നത് കണ്ടു . കൂടുതല്‍ ആളുകള്‍ കയറുന്നതിനെ തടയാനായി ഒരു ആളെയും അവിടെ നിയോഗിച്ചിട്ടുണ്ടായിരുന്നു. 
തൂക്കുപാലത്തിലൂടെ നടന്നു ചെന്നെത്തിയത്  വിശാലമായ  ഒരു തേക്കിന്‍ തോട്ടത്തിലേക്കായിരുന്നു.  നോക്കുന്നിടത്തെല്ലാം വലിയ വലിയ തേക്ക് മരങ്ങള്‍ മാത്രം. മൂന്നോ നാലോ പേര്‍ ചേര്‍ന്ന് പിടിച്ചാല്‍ പോലും വട്ടമെത്താത്ത അത്രയും വണ്ണമുള്ള ചില തേക്ക് മരങ്ങളെ അത്ഭുതത്തോടെയാണ് നോക്കി കണ്ടത് .  ഈ മരങ്ങളെയും കണ്ട്, ആ സുന്ദരഭൂമിയിലൂടെ  എല്ലാം മറന്ന് നടക്കാനായി ഓടു വിരിച്ച നടപ്പാതകള്‍ അവിടെ  ഒരുക്കിയിട്ടുണ്ടായിരുന്നു. ആളുകള്‍ക്ക്  വെയിലും മഴയും ഏല്‍ക്കാതെ ഇരിക്കാനായി നടപ്പാതയില്‍ പലയിടത്തും  മേല്ക്കൂരയോടുകൂടിയ ചെറിയ വിശ്രമ കേന്ദ്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. 
അവിടെയുള്ള കൂടുതല്‍ മരങ്ങളും വളരെ ഉയരത്തില്‍ നില്‍ക്കുന്നവയായിരുന്നു . ആകാശത്തില്‍ മുട്ടി നില്‍ക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന വലിപ്പത്തിലുള്ള മരങ്ങള്‍ ആയിരുന്നു അവയെല്ലാം . അതുകൊണ്ട് തന്നെ ആ മരങ്ങളുടെ മുഴുവന്‍ വലിപ്പം ആസ്വദിക്കാവുന്ന ഒരു ഫോട്ടോയെടുക്കാന്‍ എന്റെ ചെറിയ ക്യാമറക്ക്‌  പോലും കഴിഞ്ഞില്ല. 
അവിടെയുള്ള ഓരോ മരങ്ങള്‍ക്കും ഓരോ നമ്പര്‍ ഇട്ടിരുന്നു . ഇരുപത്തി മൂന്നാമത്തെ നമ്പര്‍ തേക്ക് മരം ആയിരുന്നു കാനോലി പ്ലോട്ടിലെ ഏറ്റവും ഉയരം ഉള്ള മരം.  നിലംബൂരിലെയും പരിസരങ്ങളിലെയും ഏറ്റവും വലുപ്പമുള്ള തേക്ക് മരമാണിത് . ആ തേക്കിന്റെ ഉയരം  46.5 മീറ്റര്‍ ആണ് . 
ബ്രിട്ടീഷുകാര്‍ക്ക് കപ്പലുകളും മറ്റും  നിര്‍മ്മിക്കുന്നതിന് ആവശ്യമായ തേക്ക് മരങ്ങള്‍ മുടക്കമില്ലാതെ കിട്ടുന്നതിനു വേണ്ടി  മലബാര്‍ കലക്ടര്‍ ആയിരുന്ന H V CONOLLY യുടെ നിര്‍ദേശപ്രകാരം ഫോറെസ്റ്റ് ഓഫീസര്‍ ആയിരുന്ന സര്‍ ചാത്തുമേനോന്‍ ആണ് ഈ തേക്കിന്‍ തോട്ടം ഇവിടെ  വെച്ച് പിടിപ്പിച്ചത് . അങ്ങിനെ ഇതിനു തുടക്കം ഇട്ട  H V CONOLLY യുടെ സ്മരണക്കായാണ് ഈ സ്ഥലത്തിന് കനോലി പ്ലോട്ട്  എന്ന പേര് കൊടുത്തത് .
1846 ലാണ്  ഇവിടെ തേക്കിന്‍ മരങ്ങള്‍ വച്ച് പിടിപ്പിച്ചത് . 5.675 ഏക്കര്‍ വിസ്തീര്‍ണ്ണം ഉള്ള ഈ തോട്ടത്തില്‍ ഇപ്പോള്‍  117 മരങ്ങള്‍ ആണ് ഉള്ളത് .  
1841 - 1855 കാലഘട്ടത്തില്‍ , നിലമ്പൂരിലും പരിസരങ്ങളിലും ആയി ഏകദേശം 1500 ഏക്കര്‍ സ്ഥലത്താണ് ചാത്തുമേനോനും കൂട്ടാളികളും തേക്കിന്‍ തൈകള്‍ നട്ട് പിടിപ്പിച്ചത് . അതോടെയാണ്  "ഇന്ത്യയിലെ തേക്കിന്‍ തോട്ടങ്ങളുടെ പിതാവ് " എന്ന പേര് അച്ചുതമേനോന് സ്വന്തമായി തീര്‍ന്നത് .
ബ്രിട്ടീഷുകാര്‍ക്ക്  തേക്ക് ഇത്രക്കും പ്രിയ്യപ്പെട്ട മരം ആകാനുള്ള കാരണം  അതിന്റെ ഉറപ്പു തന്നെ ആയിരിക്കണം . ചൈനക്കാര്‍ ഇരുമ്പ് മരം (IRON WOOD) എന്ന് വിളിക്കുന്ന നമ്മുടെ ഈ തേക്ക് ആയിരം വര്ഷം മണ്ണിലോ വെള്ളത്തിലോ കിടന്നാല്‍ പോലും നശിക്കില്ലത്രേ. പ്രശസ്തമായ TITANIC കപ്പലിന്റെതടക്കം പല കപ്പലുകളുടെയും ഡെക്ക് ഉണ്ടാക്കിയിരികുന്നത്  തേക്ക് മരം കൊണ്ടാണത്രേ. മഹാരാഷ്ട്രയിലെ SALSETTE ISLAND ല്‍ കണ്ടെത്തിയ രണ്ടായിരം വര്ഷം പഴക്കമുള്ള ഒരു ഗുഹാ ക്ഷേത്രത്തിലെ തേക്ക് പാളികള്‍ക്ക്‌ ഒരു കേടുപാടുകളും ഉണ്ടായിരുന്നില്ല എന്ന്  എവിടെയോ വായിച്ചത് കാനോലി പ്ലോട്ടിലെ വലിയ തേക്ക് മരങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മയില്‍ വന്നു.
കനോലി പ്ലോട്ടിലെത്തുന്ന സന്ദര്‍ശകര്‍ ചാലിയാര്‍ പുഴയിലേക്ക് ഇറങ്ങാതിരിക്കാനായി  ആ സ്ഥലത്തിന് ചുറ്റുഭാഗത്തുമായി   കമ്പി വേലി കെട്ടി തിരിച്ചിരുന്നു. പക്ഷെ ആ കമ്പി വേലി ഭേദിച്ചു സ്ത്രീകളും കുട്ടികളും അടക്കമുള്ള ആളുകള്‍ പുഴയില്‍ ഇറങ്ങുന്നത് കണ്ടപ്പോള്‍ ഞങ്ങളും അവരില്‍ ഒരാളായി . പുഴയുടെ കരയിലൂടെ കുറച്ചു ദൂരം നടന്നു തിരക്കില്ലാത്ത ഒരിടത്ത്  , ആ യാത്രയുടെ ക്ഷീണം മുഴുവനും  തണുത്ത, കണ്ണ് നീരിനേക്കാള്‍ പരിശുദ്ധമെന്നു  തോന്നിപ്പിക്കുന്ന വെള്ളത്തില്‍ കുളിച്ചു കളഞ്ഞു പുതിയ ആളുകളായി ഞങ്ങള്‍ മാറി.
കുറെ നേരം കഴിഞ്ഞു അവിടെയുള്ള ഓരോ തേക്ക് മരത്തെയും അടുത്ത് കണ്ടും ഫോട്ടോയെടുത്തും പരസ്പരം തേക്കുകളെ കുറിച്ചും നിലമ്പൂരിലെ പഴയ  തടി വ്യാപാരത്തെ കുറിച്ചും സംസാരിച്ചും ഞങള്‍ അവിടെ നിന്നും തിരിച്ചു നടന്നു.  തിരികെ തൂക്കുപാലത്തിലൂടെ നടന്നു പാലത്തിന്റെ തുടക്കത്തില്‍ എത്തി അവിടെ കാവല്‍ നില്‍കുന്ന ആളുടെ അനുവാദം അല്‍പ സമയത്തേക്ക്  ഒരാള്‍ക്ക്‌ മാത്രമായി വാങ്ങി, ഇപ്പോള്‍ സന്ദര്സകര്‍ക്ക്  ഒട്ടും പ്രവേശം ഇല്ലാത്ത ആ  പഴയ  കടവിലിറങ്ങി പാലത്തിന്റെ അടിഭാഗത്തുനിന്നുമുള്ള  കുറെ ചിത്രങ്ങള്‍ തിടുക്കത്തില്‍ എടുത്തു മടങ്ങി പോന്നു .
ഏറ്റവും അടുത്ത കൂട്ടുകാരോടൊപ്പം ഒരു പാട് പ്രത്യേകതകള്‍ ഉള്ള സ്ഥലത്ത്  ഒരു നല്ല  ദിവസം ചിലവഴിച്ചതിന്റെ ഓര്‍മ്മയുമായി മടങ്ങുമ്പോള്‍  മനസ്സ് ഒരു തീരുമാനം എടുത്തിരുന്നു. സ്വന്തമായുള്ള നാല് സെന്റ്‌ സ്ഥലത്തിനെ മൂലയില്‍ ഒരു ചെറിയ മരം എങ്കിലും വെച്ച് പിടിപ്പിക്കണം. ആയിരത്തി അഞ്ഞൂറ് ഏക്കറില്‍ തേക്ക് മരം നട്ട അച്യുതമേനോന്‍ ആവാന്‍ ഒരിക്കലും കഴിയില്ല എന്നറിയാമെങ്കിലും അടുത്ത തലമുറയ്ക്കും എനിക്കും വേണ്ടി  ഒരു മരമെങ്കിലും നടണം . എന്റെ  ഈ യാത്രകള്‍ അവസാനിക്കുന്ന, ആരോഗ്യം നശിക്കുന്ന കാലത്ത്  ആ മരത്തിന്റെ കാറ്റും തണലും ഏറ്റു കിടന്നു പതുക്കെ ഈ ലോകത്തോട്‌ വിട പറയണം.

Wednesday, October 5, 2011

സ്നേഹതീരം


പ്രകൃതിയെയും കടലിനെയും സ്നേഹിക്കുന്ന ആരും തിരിഞ്ഞു നോക്കാത്ത , വൃത്തിഹീനമായ ചുറ്റുപാടില്‍ കിടക്കുന്ന, മത്സ്യബന്ധനം നടത്താന്‍ മാത്രം ഉപയോഗിക്കുന്ന അനേകം കടല്‍തീരങ്ങള്‍ കേരളത്തില്‍ പലയിടങ്ങളിലും കാണാം. അങ്ങിനെ കിടന്നിരുന്ന ഒരു കടല്‍തീരത്തെ ഒരു ദിവസം ആയിരത്തില്‍ അധികം ആളുകള്‍ വരുന്ന, ആ നാടിന്റെ തന്നെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ള ഒരു സുന്ദരതീരം ആക്കി മാറ്റാന്‍ നമുക്ക് കഴിയുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് തൃശൂര്‍ ജില്ലയിലെ തളിക്കുളം എന്ന സ്ഥലത്തെ സ്നേഹതീരം എന്ന കടപ്പുറം. ചിന്തിക്കാനുള്ള കഴിവും നടപ്പിലാക്കാനുള്ള ഇച്ഹാശക്സ്തിയും ഉണ്ടെങ്കില്‍ നമ്മുടെ നാട്ടിലെ അധികം അറിയപ്പെടാത്ത സ്ഥലങ്ങളെ വിനിയോഗിച്ചു ടൂറിസത്തിലൂടെ "ദൈവത്തിന്റെ സ്വന്തം നാടിനെ" എങ്ങനെ പുരോഗതിയിലേക്ക് നയിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായും ഈ സ്നേഹതീരത്തെ നമുക്ക് എടുത്തു കാണിക്കാം. 
രണ്ടു വര്‍ഷം മുന്‍പത്തെ ഒരു ഓണക്കാലത്താണ് സ്നേഹതീരത്തെ പറ്റി ആദ്യമായി കേള്‍ക്കുന്നത്. അറിഞ്ഞതിന്റെ പിറ്റെന്നാള്‍ ഒരു സുഹൃത്തിനെയും കൂട്ടി തൃശ്ശൂരില്‍ നിന്നും അങ്ങോട്ട്‌ യാത്ര തിരിച്ചു. തൃശ്ശൂരില്‍ നിന്നും പടിഞ്ഞാറേ കോട്ട - ഒളരി - കാഞ്ഞാണി - വാടനപ്പിളി വഴി തളിക്കുളം എന്ന സ്ഥലത്തെത്തി . അവിടെ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ അകലെ ആണ് ഈ സ്നേഹതീരം എന്ന് കേട്ടറിഞ്ഞിരുന്നു. നാഷണല്‍ ഹൈവേ 17 ലെ തളിക്കുളത്ത് നിന്നും വലതു വശത്തേക്കുള്ള റോഡിലൂടെ അല്പം പോയപ്പോഴേക്കും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു തുടങ്ങി. സ്നേഹതീരത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രം നിറഞ്ഞ ആ റോഡും തിരക്കും കണ്ടപ്പോള്‍ ആദ്യം അദ്ഭുതവും പിന്നെ നിരാശയും തോന്നി . പക്ഷെ ആ തിരക്കിനെ മറികടന്നു അവിടെപോയി ആള്‍ക്കൂട്ടത്തില്‍ ഒരാളാവാന്‍ മനസ്സ് സമ്മതിച്ചില്ല. ഒരു കണക്കിന് വണ്ടിയും തിരിച്ചു സ്നേഹതീരം എന്ന സുന്ദരക്കാഴ്ച്ചയെ മനസ്സില്‍ ബാക്കി നിര്‍ത്തി പാതി വഴിയില്‍ ഞങള്‍ മടങ്ങി.രണ്ടാം യാത്ര എറണാകുളത്തു നിന്നും കുടുംബത്തോടൊപ്പം ആയിരുന്നു. എറണാകുളം - ഗുരുവായൂര്‍ റോഡിലൂടെ പറവൂരും കൊടുങ്ങല്ലൂരും തൃപ്രയാറും പിന്നിട്ട് തളിക്കുളത്തെത്തി. കടലിനെ ആസ്വദിക്കാന്‍ പോകുമ്പോള്‍ നമ്മളും കടലും മാത്രമേ ഉണ്ടായിരിക്കാവൂ എന്ന ഞങ്ങളുടെ ആഗ്രഹം സ്നേഹതീരം നടപ്പിലാക്കി തന്നു . അതിരാവിലെ ആയതിനാല്‍ മറ്റാരും ഇല്ലാതെ കടലും ഞങ്ങളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറെഷന്റെ കീഴിലാണ്  ഈ ബീച്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് . ഞങ്ങള്‍ സ്നേഹതീരത്തിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ ആദ്യം കണ്ടത് കുട്ടികളുടെ പാര്‍ക്ക് ആയിരുന്നു . കടലിനോടു ചേര്‍ന്ന് കിടക്കുന്ന ആ പാര്‍ക്ക് ആണ് ഇപ്പോള്‍ ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം. അഞ്ചു രൂപയാണ് പ്രവേശന ഫീസ് . കുട്ടികള്‍ക്ക് മൂന്നു രൂപയും. കുട്ടികള്‍ക്കായി വിവിധ തരം കളിയുപകരണങ്ങളും, അവക്കിടയിലൂടെ ഓടി നടക്കാനായി വൃത്തിയുള്ള, ഭംഗിയായ ഓടു വിരിച്ച നടവഴികളും എല്ലാം ചേര്‍ന്ന ഒരു മനോഹരമായ സ്ഥലമായിരുന്നു ആ പാര്‍ക്ക്. എനിക്ക് പേരോര്‍മ്മയില്ലാത്ത, അടുത്ത കാലത്ത് ഇറങ്ങിയ ഒരു സിനിമയിലെ ഗാന രംഗം ഈ പാര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത് . .ഏകദേശം ആയിരത്തിലധികം പേര്‍ക്ക് ഒരുമിച്ചിരുന്നു പരിപാടികള്‍ കാണാന്‍ വേണ്ടി തുറന്ന ഒരു സ്റ്റേജ് അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. വിശേഷ ദിവസ്സങ്ങളിലും മറ്റും അവിടെ നടത്തുന്ന പരിപാടികള്‍ കാണാനും കടലിനെ ആസ്വദിക്കാനുമായി ആയിരക്കണക്കിന് ആളുകളാണ് വിശേഷദിവസ്സങ്ങളില്‍ ഇവിടെ എത്തുന്നത്‌. ഇത്തരം സൌകര്യങ്ങള്‍ ഉള്ള ഒരു കടപ്പുറം കേരളത്തില്‍ വിലരില്‍ എണ്ണാവുന്ന സ്ഥലങ്ങളിലെ ഉണ്ടാകൂ. പ്രശസ്തമായ കോവളം ബീച്ചില്‍ പോലും ഇത്രയും സൌകര്യങ്ങള്‍ കണ്ടിട്ടില്ല. എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തില്‍ എല്ലാം സൌകര്യങ്ങളും ഒരുക്കിയ സുന്ദരമായ ഈ കടപ്പുറം ശരിക്കും ഒരു വേറിട്ട കാഴ്ചയായി.വിശാലമായ കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങളും അതിനോടനുബന്ധിച്ചു ഭക്ഷണശാലകളും എല്ലാം ഈ സ്നേഹതീരത്തിന്റെ പ്രത്യേകതകളായി പറയാം .ഇവിടത്തെ നാലുകെട്ട് എന്ന രെസ്റൊരെന്റ്റ് നാടന്‍ ഭക്ഷണത്തിനും മത്സ്യ വിഭവങ്ങള്‍ക്കും പേര് കേട്ടതാണ് . അടുത്ത കാലത്തായി സഞ്ചാരികള്‍ക്കായി കുറച്ചു ഹോം സ്റ്റേകളും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് .കടല്‍ കയറി ആ മനോഹരതീരത്തെ നശിപ്പിക്കാതിരിക്കാന്‍ വേണ്ടി ഇട്ടിരിക്കുന്ന വലിയ പാറക്കല്ലുകളില്‍ കൂടി നടന്നും, കുടുംബത്തോടൊപ്പം ആ കടലിന്റെ സൌന്ദര്യം ആസ്വദിച്ചും, വെള്ളത്തില്‍ കുളിച്ചും ഒരു പാട് സമയം അവിടെ ചിലവഴിച്ചു . മറ്റാരുടെയും ശല്യപ്പെടുത്തലുകള്‍ ഇല്ലാതെ പ്രകൃതിയും ഞങ്ങളും മാത്രമായ ഒരവസ്ഥ വളരെ രസകരം ആയിരുന്നു. ആ തിരകള്‍ ഞങ്ങളോട് എന്തൊക്കെയോ ചോദിക്കുന്നത് പോലെ തോന്നി .

കുട്ടികളെ സുരക്ഷിതമായ അകലത്തില്‍ കളിക്കാന്‍ വിട്ടു, ഭാര്യയുടെ മടിയില്‍ തലയും വെച്ചു, മഞ്ഞ നിറത്തിലുള്ള ഒരു ചാര് ബഞ്ചില്‍  ആ കടലിനെ നോക്കി കുറെ സമയം കിടന്നു. കളികള്‍ മതിയാക്കി മടങ്ങി വന്ന അഞ്ചു വയസ്സുകാരന്‍ മകന്‍ , പ്രായത്തേക്കാള്‍ ഇരട്ടി ബുദ്ധിയുള്ള പുതിയ തലമുറയിലെ ഒരംഗമായ അവന്‍ ചോദിച്ചു " അച്ഛനും അമ്മയും ലവ്വാണ് അല്ലേ ? ".  ഒരു ബാന്ഗ്ലൂര്‍ യാത്രയില്‍ പാര്‍ക്കില്‍   കണ്ട  കമിതാക്കള്‍ , അവര്‍ ലവ്വായതുകൊണ്ടാണ്  അങ്ങിനെ കിടക്കുന്നത് എന്നും, വലുതാകുമ്പോള്‍ നീയും അങ്ങിനെ കിടക്കും എന്ന്   ഞാന്‍ തമാശയായി പറഞ്ഞു കൊടുത്ത ഓര്‍മ്മയില്‍ നിന്നാണ്  മകന്റെ ഈ ചോദ്യം .  +
അല്ലെങ്കിലും പേരില്‍ തന്നെ സ്നേഹം ഒളിപ്പിച്ചു വെച്ച ഈ സ്നേഹതീരത്തില്‍  വന്ന് , ഈ സുന്ദരമായ കടലിനെ നോക്കി ഏറ്റവും ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ഇരിക്കുമ്പോള്‍ മനസ്സില്‍ പ്രണയമല്ലാതെ മറ്റൊരു വികാരവും ഉണ്ടാകില്ലല്ലോ ?