Thursday, February 6, 2014

തൊണ്ടമാൻ കോട്ട

കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലയായ ഇടുക്കിയിലെ ഏറ്റവും സുന്ദരമായ സ്ഥലം എന്ന് ഉറപ്പിച്ചു  പറയാവുന്ന ഒരിടമാണ്  തൊണ്ടമാൻ കോട്ട. ടൂറിസം മാപ്പിൽ ഇടം പിടിക്കാത്ത, ആളുകളുടെ ബഹളങ്ങൾ ഒട്ടും ഇല്ലാതെ പ്രകൃതി സൌന്ദര്യം ആസ്വദിച്ചിരിക്കാൻ പറ്റിയ ഒരിടം. ഭാര്യയെയും കുട്ടികളെയും കൂട്ടി ആദ്യമായി അവിടെ എത്തുകയും ആ സൌന്ദര്യം നുകരുകയും ചെയ്തപ്പോൾ ഈ സ്വർഗലോകം മറ്റുള്ളവർക്കും കൂടി പരിചയപ്പെടുത്തി കൊടുക്കണം എന്ന് മനസ്സ് പറഞ്ഞു. അങ്ങിനെ കഴിഞ്ഞ മഴക്കാലത്തിന്റെ അവസാനം മുപ്പതോളം ആളുകളെ നയിച്ച്‌ കൊണ്ട് അവിടേക്ക് ഒരു യാത്ര സംഘടിപ്പിക്കുകയും ചെയ്തു. മഞ്ഞു മൂടി കിടക്കുന്ന ആ മല നിരകളിലൂടെ കൊടും തണുപ്പും കാറ്റും അട്ടകടിയും അനുഭവിച്ചുള്ള ഒരു അതിമനോഹര യാത്ര അനുഭവിച്ചിട്ടും തൊണ്ടമാൻ കോട്ട ഒരു അഭിനിവേശം ആയി മനസ്സിൽ നിറഞ്ഞു നിന്നു. ഇപ്പോഴത്തെ കാലാവസ്ഥയിൽ വീണ്ടും ഒരു യാത്ര ...മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു ...അങ്ങിനെയാണ് ഈ മുന്നാം തൊണ്ട മാൻ കോട്ട യാത്ര തുടങ്ങിയത് ...

ആ മഞ്ഞു മൂടിയ വലിയ മലയാണ് കലകുപലമേട്‌ .

കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വന്ന യാത്രാ തല്പരരായ ആളുകളെയും കൊണ്ട് ഒരു ഞായറാഴ്ച രാവിലെ അഞ്ചു മണി കഴിഞ്ഞപ്പോൾ തന്നെ  യാത്ര പുറപ്പെട്ടു. പരിചിതരായ കുറച്ചു മുഖങ്ങളും അതിലേറെ അപരിചിത മുഖങ്ങളും നിറഞ്ഞ ടൂറിസ്റ്റ് ബസ്‌ രാവിലത്തെ തണുപ്പിലൂടെ ഞങ്ങളുടെ ലക്ഷ്യസ്ഥാനം നോക്കി വേഗത്തിൽ പാഞ്ഞു തുടങ്ങി. എറണാകുളത്തു നിന്നും വൈറ്റില - കോലഞ്ചേരി - മുവാറ്റുപുഴ - കോതമംഗലം - അടിമാലി വഴി രാജപ്പാറയിൽ എത്തി. അവിടെ നിന്നും പ്രഭാത ഭക്ഷണത്തിന് ശേഷം വീണ്ടും രാജകുമാരി - പൂപ്പാറ വഴി രാജാക്കാട് എത്തി. ഏകദേശം നൂറ്റി അമ്പത് കിലോമീറ്റർ നീണ്ട ഒരു യാത്ര. പച്ച വിരിച്ച, മഞ്ഞു മൂടിയ നാട്ടിൻപുറത്തെ കാഴ്ചകളും പൂപ്പാറയിലെ തേയില കാടുകളും കണ്ടു മനസ്സ് നിറഞ്ഞതിനാൽ ഒരു ധീർഘയാത്രയുടെ ക്ഷീണം ആരിലും ഉണ്ടായിരുന്നില്ല.

യാത്രയുടെ തുടക്കം ..തൊണ്ടമാൻ  കോട്ടയിൽ നിന്നും ഒരു ചിത്രം 

ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും ബാഗിലെടുത്തു രാജപ്പാറ ബസ്‌ സ്റ്റോപ്പിൽ നിന്നും ഞങ്ങൾ നടന്നു തുടങ്ങി. രാജപ്പാറയിൽ നിന്നും  ഏകദേശം രണ്ടു കിലോമീറ്റർ അകലത്തിൽ ആണ് തൊണ്ടമാൻ കോട്ട. ഒരു കാറിനു കടന്നു പോകാൻ മാത്രം വീതിയുള്ള റോഡ്‌. ഏകദേശം ഒരു കിലോമീറ്റർ മാത്രം ദൂരം ടാറു ചെയ്തിരിക്കുന്നു. ഇരുവശവും മരങ്ങളും ഏലവും നിറഞ്ഞു നില്ക്കുന്ന തോട്ടങ്ങൾ. ജനവാസം തീരെ കുറവ്. രാവിലെ പത്തു മണി ആയിട്ടും തണുപ്പ് വിട്ടു മാറിയിട്ടില്ല.. നല്ല തണുത്ത കാറ്റും, ശുദ്ധവായുവും ശ്വസിച്ചു കൊണ്ട് ആ ഇടവഴികളിലൂടെ തൊണ്ടമാൻ കോട്ടയെ ലക്ഷ്യമാക്കി നടന്നു.

മഞ്ഞു മൂടിയ തൊണ്ടമാൻ കോട്ട 

പോകുന്ന വഴിയിൽ മത്തായി ചേട്ടനെ കണ്ടു .അവിടെ വർഷങ്ങളായി താമസിക്കുന്ന, അവിടങ്ങളിൽ  കുറെ കൃഷി ഇടങ്ങൾ ഉള്ള ഒരു കാരണവർ. മുൻപ് രണ്ടു തവണ വന്നപ്പോഴും ആ സ്ഥലത്തെക്കുറിച്ച് ഒരുപാട് വിവരങ്ങൾ തന്ന ഒരു പ്രകൃതി സ്നേഹിയാണ് മത്തായി ചേട്ടൻ. ഞങ്ങൾ  പോകുന്ന വഴിയിൽ ആന ഇറങ്ങിയിട്ടുണ്ട് എന്നും,  ഇന്ന് രാവിലെ മൂന്നു ആനകളെ ഒരുമിച്ചു കണ്ടു എന്നും, വേറെ ഒറ്റയാൻ താഴേക്ക്‌ ഇറങ്ങി പോയിട്ടുണ്ട് എന്നും ആളിൽ നിന്നും വിവരം കിട്ടി. ഞങ്ങൾക്ക് ഗൈഡ് ആയി വരുന്ന മൊക്ക എന്ന തമിഴ് നാട്ടുകാരൻ അവിടെ ഉണ്ടാകും എന്നും പറഞ്ഞു മത്തായി ചേട്ടൻ നടന്നകന്നു. 

തൊണ്ടമാൻ കോട്ട മറ്റൊരു ദൃശ്യം 

അങ്ങിനെ രണ്ടു കിലോമീറ്റർ ദൂരം നടന്നു തൊണ്ടമാൻ കോട്ടയിലെത്തി. പലരും അവിടെ ഒരു പഴയ കോട്ടയാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അവിടെ നിറയെ പുല്ലുകൾ വളർന്നു നില്ക്കുന്ന വലിയ മണ്ണ് കൊണ്ടുള്ള തിട്ടകൾ ആണ് ഉള്ളത്  . ഈ തിട്ടകൾ കയറി മുകളിൽ എത്തിയാൽ താഴെ വലിയ കൊക്കയാണ്. അവിടെ നിന്നും നോക്കിയാൽ തമിഴ് നാട്ടിലെ ഗ്രാമങ്ങൾ അങ്ങ് അകലെ ആയി  ചെറിയ പൊട്ടുകൾ പോലെ കാണാം. ആഞ്ഞടിക്കുന്ന കാറ്റും കൊണ്ട് അവിടെ ആ കാഴ്ചകൾ കണ്ടു നില്ക്കാൻ പേടി തോന്നും. നമ്മളെ പറത്തികൊണ്ട് പോകുമോ എന്ന് തോന്നിപ്പിക്കുന്ന തണുത്ത കാറ്റ് പലപ്പോഴും അസഹനീയം ആയി തോന്നും.എല്ലാവരും അവിടെ ആ മനോഹര കാഴ്ചകളും, പ്രകൃതി ഭംഗിയും ആസ്വദിച്ചു അവിടെ കുറച്ചു സമയം ഇരുന്നു.

തൊണ്ടമാൻ കോട്ടയിൽ നിന്നും നോക്കുമ്പോൾ കാണുന്ന തമിഴ്നാടിന്റെ ദൃശ്യം 

ഞാൻ പലരിൽ നിന്നും കേട്ടറിഞ്ഞ തൊണ്ടമാൻ  കോട്ടയുടെ ചരിത്രം കുറച്ചു  പേർക്ക് വിവരിച്ചു കൊടുത്തു. തമിഴ് നാട്ടിലെ പുതുക്കോട്ട കേന്ദ്രം ആക്കി  ഭരിച്ചിരുന്ന തമിഴ് രാജവംശത്തിലെ രാജാവ്‌ ആയിരുന്നു തൊണ്ടമാൻ. തന്റെ രാജ്യം ആക്രമിച്ചു കീഴ്പെടുത്താൻ വന്ന ശത്രുരാജ്യത്തിന്റെ ആക്രമണത്തിൽ   നിന്ന്  രക്ഷപെടുവാൻ വേണ്ടി  തമിനാടിന്റെയും കേരളത്തിന്റെയും അതിരിൽ കിടക്കുന്ന ഈ  മലകയറി തൊണ്ടമാൻ രാജാവ് വന്നുവത്രേ. ഇവിടെ  വാസസ്ഥലത്തിന്  ചുറ്റും ഒരു വലിയ കോട്ട കെട്ടി.  പിന്നെ രാജവംശത്തിന്റെ  മുഴുവൻ സമ്പാദ്യവും ഇവിടെ ഉള്ള ഒരു മലയുടെ പാറയിൽ തീർത്ത ഒരു അറയിൽ ഒളിപ്പിച്ചു വെക്കുകയും ചെയ്തു. അതിനു ശേഷം ഒരു പാറ കല്ലുകൊണ്ട് ആ  അറ  അടച്ചു , പിന്നെ ആ കൽകതക്  വലിച്ചു തുറക്കുവാൻ ഒരു ചങ്ങലയും പിടിപ്പിച്ചു .സമീപത്തു ഉള്ള ഒരു തടാകത്തിൽ അതിന്റെ മറ്റേ അറ്റവും ഇട്ടു .ആ ചങ്ങലയുടെ  അറ്റം കണ്ടെത്തി അതു വലിച്ചാൽ നിധി വെച്ച അറയുടെ കൽകതക്  തുറക്കും എന്നാണു പറയപ്പെടുന്നത്‌  . അങ്ങിനെയാണ്  നിധി ഇരിക്കുന്ന മലയ്ക്ക്  "കതകുപലമേട്‌ " എന്നും ഇവിടത്തെ കോട്ടയ്ക്ക്  "തൊണ്ടമാൻ  കോട്ട " എന്നും പേര് വന്നത്. ഈ തൊണ്ട മാൻ കോട്ടയിൽ വന്നു അവിടെ നിന്നും കതകുപലമേടിലെ നിധിയിരിക്കുന്ന മല മുകളിൽ സാഹസികമായി എത്തിചേരാനാണ് ഞങ്ങൾ ഉധ്യെശിച്ചിരുന്നത് .

തൊണ്ടമാൻ  കോട്ടയിൽ നിന്നും ഒരു ചിത്രം 

അൽപനേരം അവിടെ മുഴുവൻ നോക്കുകയും അവസാനം  ഉറക്കെ പേര് പലതവണ വിളിക്കുകയും ചെയ്തിട്ടും മൊക്ക എന്ന ഗൈഡിനെ അവിടെ കാണാതെ വന്നപ്പോഴാണ്  മനസ്സിൽ ഒരു ഞെട്ടൽ കടന്നു വന്നത്. സാധാരണ എല്ലാ യാത്രകളിലും  ഗൈഡ് ആയി രണ്ടു പേരെ കരുതി വെക്കാറുണ്ട്. ഇത്തവണ അമിത വിശ്വാസം കൊണ്ടും മൊക്ക അവിടെ വിട്ടു ഒരിടത്തും പോകാത്ത ഒരാളാണ് എന്നും അറിഞ്ഞത് കൊണ്ടാണ് ഒരാള് മതി എന്ന് തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെ യാത്രയിൽ കൂട്ട് വന്നതും അയാളായിരുന്നു. സാധാരണ കാട്ടിലെ പോലെ മനുഷ്യർ നടന്നു പോയ നടപ്പാതകൾ അവിടെ കുറവായിരുന്നു. വഴികൾ വെട്ടി വെട്ടി ആണ് മല കയറി പോകേണ്ടത് . ഞാൻ ഈ മല മുൻപൊരിക്കൽ കയറിയതാണ് എങ്കിലും മഞ്ഞു നിറഞ്ഞ വഴികളിലൂടെ നടന്നത് കൊണ്ടും, വഴികൾ വെട്ടി നടന്നു കയറിയത് കൊണ്ടും ആ കാട്ടിലെ വഴികൾ   ഒട്ടും എന്റെ  ഓർമയിൽ പോലും വരുന്നില്ലായിരുന്നു.

ആ കാണുന്ന വലിയ മലയാണ് കതകുപലമേട്‌ 

ഈ യാത്രയുടെ മുഴുവൻ ഉത്തരവാദിത്തവും എനിക്കും രാജു ചേട്ടനും മാത്രം ആയിരുന്നു. ഉടനെ രാജു ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. മൊക്കയെ കിട്ടാതെ ഈ യാത്ര നടക്കില്ല. കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയ രാജു ചേട്ടൻ വേഗം മറ്റൊരാളെയും കൂട്ടി മൊക്കയുടെ വീടും തിരക്കി പോയി. ഞാൻ മത്തായി ചേട്ടനിൽ നിന്നും കിട്ടിയ അറിവിൽ നിന്നും,  അവിടെ അടുത്തുള്ള കോളനിയിലെ ആരെയെങ്കിലും വഴികാട്ടിയായി കിട്ടുമോ എന്നറിയാൻ വേഗത്തിൽ ഓടി. ജീവിതത്തിലെ ഏറ്റവും ടെൻഷൻ പിടിച്ച നിമിഷങ്ങൾ. ഈ യാത്ര നടക്കാതെ വന്നാൽ ഒന്നും നഷ്ടപ്പെടാൻ ഇല്ല.പക്ഷെ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വന്ന യാത്ര സ്നേഹികളുടെ വിഷമം അത് കാണാൻ വയ്യ. ഞങ്ങളെ മാത്രം വിശ്വസിച്ചു ഇത്രയും വഴി വന്ന അവരെ നിരാശരായി മടക്കി അയക്കാൻ വയ്യ. എന്ത് തന്നെ സംഭവിച്ചാലും ഈ യാത്ര നടത്തും. കോളനിയിലേക്കുള്ള ഓട്ടത്തിനിടക്ക്‌  അത് മനസ്സിൽ  പറഞ്ഞുകൊണ്ടേയിരുന്നു.

മടക്കയാത്ര 

കോളനിയുടെ അടുത്ത് എത്തുമ്പോഴേക്കും വഴിയിൽ ഒരു ചേട്ടനെ കണ്ടു, കാര്യം പറഞ്ഞു. ഇവിടെ ഇപ്പോൾ ആണുങ്ങൾ ആയി താൻ മാത്രമേ ഉള്ളൂ എന്നും മറ്റുള്ളവർ ഒഴിവു ദിവസ്സം ആയതിനാൽ പുറത്തു പോയിരിക്കുകയാണെന്നും, ഒരു കല്യാണത്തിനു പോകാൻ തയ്യാറെടുത്തു നില്ക്കുന്ന തനിക്ക് വഴികാട്ടിയായി വരാൻ കഴിയില്ല എന്നും ചേട്ടൻ പറഞ്ഞു. നിരാശനായി മടങ്ങാൻ നിൽക്കുമ്പോൾ അങ്ങകലെ വന്ന വഴിയിൽ നിന്ന്  നിന്ന് ആരോ കൂകി വിളിക്കുന്നത്‌ കേട്ടു. വീണ്ടും തിരിച്ച് അവിടേക്ക് ഓടി. കാടാണോ പറമ്പ് ആണോ എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത ആ കാട്ടുവഴികളിലൂടെ ഓടി തൊണ്ടമാൻ കോട്ടയിൽ തിരിച്ചെത്തുമ്പോൾ രാജു ചേട്ടൻ വേറെ ഒരു വഴി കാട്ടിയെ കൂട്ടി കൊണ്ട് വന്നിരിക്കുന്നത് കണ്ടു. കയ്യിൽ വലിയ വെട്ടു കത്തിയും, കാക്കി ട്രൌസറും ഇട്ട അയാളെ കണ്ടപ്പോൾ അരമണിക്കൂർ നീണ്ട ടെൻഷൻ മുഴുവനും മനസ്സിൽ നിന്നും മാഞ്ഞു പോയി.

കതകുപലമേടിന്റെ മുകളിൽ 

അങ്ങിനെ  ഞങ്ങൾ മുപ്പത്തി രണ്ടു പേർ തൊണ്ടമാൻ കോട്ടയിൽ നിന്നും കതകുപലമേട്ടിലെ തൊണ്ട മാൻ രാജാവിന്റെ നിധി തേടി ഒരു സാഹസിക യാത്ര തുടങ്ങി.യാത്രയുടെ തുടക്കത്തിൽ തന്നെ ഉള്ള വഴികൾ എല്ലാം പുല്ലുകൾ വളർന്നു നില്ക്കുന്നതായിരുന്നു. ഒരാൾ വലുപ്പത്തിൽ ഉള്ള വലിയ പുല്ലുകൾ. അവ വകഞ്ഞു  മാറ്റി വേണം പോകാൻ. വഴിയുടെ ഒരു വശത്ത്‌ അഗാധമായ കൊക്ക, നേരെ അങ്ങകലെ കതകുപലമേട്‌ മല. വളരെ ശ്രദ്ധിച്ചു പുല്ലുകൾ വളഞ്ഞു മാറ്റി വരി വരി ആയി എല്ലാവരും ആ വഴികളിലൂടെ നടന്നു.  

തൊണ്ടമാൻ കോട്ട ..ഈ യാത്രയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടു പേർ ..

പുല്ലു നിറഞ്ഞ വഴികൾ കഴിഞ്ഞു കാട്ടിലേക്ക് കയറുന്നിടത്ത് വഴി രണ്ടായി പിരിയുന്നത് കണ്ടു. വഴികാട്ടി ചേട്ടൻ ഏതു വഴിയിലൂടെ പോകണം എന്നറിയാതെ  എന്റെ മുഖത്തേക്ക് നോക്കി. ചേട്ടൻ ഇതുവരെ ഈ മലയുടെ മുകളിൽ പോയിട്ടില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്ന തമിഴിലെ മറുപടി കേട്ടപ്പോൾ വീണ്ടും ഒരു ഞെട്ട് ഞെട്ടി. ജീവിതത്തിലെ ഒരു നിർണായക നിമിഷം. രാജു ചേട്ടനും ഒന്നും പറയാതെ വിഷമിച്ചു നില്ക്കുന്നു. അടുത്ത് നിന്നിരുന്ന ഡോക്ടർ ജയപ്രകാശിനോടും,ഒരു പാട് ട്രെക്കിംഗ് നടത്തിയിട്ടുള്ള ബാബുവിനോടും കാര്യം പറഞ്ഞു. ഞാനും ജയപ്രകാശും ഒരു തവണ ഈ മല കയറിയാതാണ്‌ . ഒരിടത്ത് പോലും വ്യക്തമായി വഴിയില്ല എന്ന സത്യം അറിയാം.പിന്നെ ആനയും കാട്ടുപോത്തും സുലഭമായ കാട്. നമ്മൾ ഒരു ഊഹം വെച്ച് പോകുകയാണ്‌ എത്തിയാൽ എത്തി.എല്ലാവരോടും സത്യം പറഞ്ഞു. ഒരാളും എതിർത്ത് പറഞ്ഞില്ല. അങ്ങിനെ രണ്ടു വഴികളിൽ ആദ്യത്തെ വഴി ഞാൻ തിരഞ്ഞെടുത്തു. മറന്നു തുടങ്ങിയ ഓർമകളെ മനസ്സിലേക്ക് കൊണ്ട് വന്നു. അങ്ങിനെ വീണ്ടും കാടിന്റെ ഉള്ളറകളിലേക്ക് യാത്ര തുടർന്നു.

കതകുപലമേടിന്റെ മുകളിൽ ..


രണ്ടാൾ പൊക്കത്തിൽ ഉള്ള മരങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മുൻപിൽ അണ്ണനെ തന്നെ വഴികാട്ടിക്കു പകരം വഴിവെട്ടാനായി നിറുത്തി. വഴിയിൽ കാണുന്ന തടസ്സങ്ങൾ വെട്ടി നീക്കുന്ന ജോലി അണ്ണന് നല്കി. കുറച്ചു പുറകിൽ രാജുചേട്ടൻ. രാജു ചേട്ടൻ കടന്നു പോകുന്ന ഭാഗത്തെ മരങ്ങളിൽ എല്ലാം കത്തി കൊണ്ട് ചെറിയ വെട്ടുകൾ വെട്ടുന്നുണ്ടായിരുന്നു. മറ്റു ചിലർ വഴിയിലെ ചെടികളുടെ ചില്ലകൾ ഓടിച്ചു ഇടുന്നുണ്ടായിരുന്നു. അങ്ങിനെ എല്ലാവരും അവർക്ക് സാധിക്കാവുന്ന ചെറിയ ചെറിയ അടയാളങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു. വഴി തെറ്റുമെന്നു എല്ലാവർക്കും ഉറപ്പായിരുന്നു  പിന്നെ കതകുപലമേടിന്റെ മുകളിൽ എത്തും എന്ന കാര്യത്തിൽ ആർക്കും ഉറപ്പും ഇല്ലായിരുന്നു. അങ്ങിനെ വന്നാൽ തിരിച്ചു വരാൻ ഈ അടയാളങ്ങൾ ഉപയോഗപ്പെടും എന്നതിനാൽ സമയം എടുത്തിട്ടാണ് എങ്കിലും ഒരോരുത്തരും  എന്തെങ്കിലും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.

കതകുപലമേടിന്റെ മുകളിൽ ..ടെന്റിലെ ഉറക്കം കഴിഞ്ഞു വിനുപ്‌ കണ്ണുമിഴിക്കുന്ന ചിത്രം 

പലയിടങ്ങളിൽ കുനിഞ്ഞും,  മുള്ളുകൾ വെട്ടിമാറ്റിയും, വലിയ കയറ്റങ്ങളിൽ പരസ്പരം കൈകൊടുത്തും പതുക്കെ പതുക്കെ മുകളിലേക്ക് കയറി.   കുറെ ദൂരം പോയപ്പോൾ ആളുകൾ നടന്നപോലത്തെ വഴിച്ചാലു കണ്ടു. അതിലൂടെ അല്പം നടന്നപ്പോൾ അണ്ണൻ വീണ്ടും പേടിപ്പെടുത്തി. ഇത് വഴിച്ചാൽ അല്ല എന്നും ഇത് ആനത്താര ആണെന്നും അയാൾ. അയാൾ പറഞ്ഞത് സത്യം തന്നെ ആയിരുന്നു. ആനകൾ മുകളിലേക്കും താഴേക്കും സ്ഥിരം ആയി ഇറങ്ങി, ചവിട്ടി മെതിച്ചു ഉണ്ടായ ഒരു വഴി. പലയിടത്തും അധികം പഴക്കം ഇല്ലാത്ത ആനപ്പിണ്ടങ്ങൾ, ആന ഒടിച്ചിട്ട മരച്ചില്ലകൾ, പല മരങ്ങളുടെയും തൊലികൾ കുത്തി പൊളിച്ചിട്ടിരിക്കുന്ന കാഴ്ചകൾ.

തൊണ്ടമാൻ കോട്ട ..ഡോക്ടർ ജയപ്രകാശും മകനും  

എന്ത് തന്നെ ആയാലും ആ വഴിയെ തന്നെ നടന്നു കയറാം എന്ന് തീരുമാനിച്ചു. പുതിയ വഴികൾ വെട്ടി വെട്ടി കതകുപലമേട്ടിൽ എത്താൻ കുറെ സമയം എടുക്കും. ഈ ആനത്താരയിലൂടെ പോയാൽ കുറെ സമയം ലാഭിക്കാം. അങ്ങിനെ ആ വഴിയിലൂടെ വരി വരി ആയി നടന്നു. കയറി കയറി മലയുടെ ഏകദേശം പകുതി എത്തി എന്ന് ബോധ്യം ആയി. ആനത്താര ചെന്നവസാനിച്ചത്‌ പാറക്കൂട്ടങ്ങളുടെ അടുത്താണ്. ആ പാറകൾ കണ്ടപ്പോൾ അത് വറ്റിപ്പോയ ഒരു ചെറിയ വെള്ളച്ചാട്ടം ആണ് എന്ന തോന്നൽ. ഇവിടെ മുൻപ് വന്നിട്ടുണ്ടെന്നും അട്ട കടിച്ച ചോര കഴുകിക്കളഞ്ഞത് ഇവിടെ വെച്ചാണ് എന്നും ഒരു ചെറിയ ഓർമ. ഡോക്ടർ ജയപ്രകാശിനെ വിളിച്ചു ആ സ്ഥലം കാണിച്ചു കൊടുത്തു. ആളും അത് സമ്മതിച്ചു. അതോടെ ഇതുവരെ ഉള്ള വഴി ഒട്ടും തെറ്റിയിട്ടില്ല എന്നും ഏകദേശം അര മണിക്കൂർ കൂടി നടന്നാൽ മുകളിൽ എത്താം എന്നും മനസ്സിലായി. എല്ലാവരും വീണ്ടും ആവേശത്തിൽ ആയി. വീണ്ടും പുതിയ വഴികൾ വെട്ടി മുകളിലേക്ക് കയറി.

മടക്കയാത്ര 

ആവേശത്തോടെ വീണ്ടും വീണ്ടും കയറി ചെന്നെത്തിയത് മറ്റൊരു പറക്കൂട്ടത്തിന്റെ അടുത്താണ്. വെള്ളം ഒഴുകിയതിന്റെ പാടും ഇപ്പോഴും ഉറച്ചിട്ടില്ലാത്ത ചെളി പുരണ്ട മണ്ണും എത്ര വെട്ടിയാൽ പോലും വഴി മാറാത്ത കനത്ത കാടും കണ്ടപ്പോൾ വഴി തെറ്റിയെന്നു ബോധ്യം ആയി. അത്രയും ദൂരം നടന്നത് വെറുതെ ആയി. നിരാശരായി  വീണ്ടും കുറെ ദൂരം തിരിച്ചു ഇറങ്ങി. നടത്തത്തിനിടയിൽ ഡോക്ടറുടെ പത്തു വയസ്സുകാരൻ മകൻ നമ്മൾ കടന്നു പോയ വഴിയിൽ മുകളിലേക്ക് കയറാവുന്ന ഒരു വഴി പോലെ ഒന്നും കണ്ടു എന്ന് പറഞ്ഞു. ഓരോരുത്തരും മുകളിൽ എത്താൻ വഴികൾ തിരഞ്ഞെങ്കിലും ഒന്നും കാണാതെ ഡോക്ടറുടെ മകൻ കാണിച്ചു തന്ന വഴിയിലൂടെ വീണ്ടും പാത  തെളിച്ചു നടന്നു. വഴി കാട് പിടിച്ചതാണെങ്കിലും പലരും ഉപയോഗിച്ച വഴി ആണെന്ന തോന്നൽ മനസ്സിൽ. വീണ്ടും മുകളിലോട്ട് .

പുല്ല് നിറഞ്ഞ വഴികളിലൂടെ ...യാത്രയുടെ തുടക്കത്തിൽ എടുത്ത ചിത്രം 

കാട്ടിലെ ഓരോ അനക്കവും ചെവിയോർത്തു നടക്കുന്നതിനിടയിൽ മുകളിൽ വലിയ ശബ്ധത്തിൽ എന്തോ പരിഭ്രമിച്ചു ഓടുന്നതിന്റെ ശബ്ദവും, കാട്ടുചെടികൾ പതിവിലും വിപരീതമായി കുലുങ്ങുന്നതും കണ്ടപ്പോൾ എല്ലാവരോടും അവിടെ തന്നെ നില്ക്കാൻ പറഞ്ഞു ഏറ്റവും മുൻപിൽ നടക്കുന്നവരുടെ അടുത്തെത്തി. മുന്നിൽ നടന്നിരുന്ന ഡോക്ടറും ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരും ഒരു വലിയ കാട്ടുപോത്ത് അവരുടെ തൊട്ടടുത്ത്‌ നിന്നും ഓടിപ്പോകുന്നത് കണ്ടു എന്നും ശരിക്കും പേടിച്ചു പോയി എന്നും   പറഞ്ഞു. കാട്ടുപോത്തിനെ കണ്ട കാര്യം ആരോടും പറയണ്ട എന്നും പറഞ്ഞു അവരുടെ മുൻപിലായി പതുക്കെ എല്ലായിടത്തും നോക്കി നോക്കി നടന്നു. കാട്ടു പോത്തിനെ വിശ്വസിക്കാൻ പറ്റില്ല എന്നും എപ്പോൾ വേണമെങ്കിലും അത് തിരിച്ചു വന്നു ആക്രമിക്കുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

കതകുപലമേടിന്റെ മുകളിൽ ഡോക്ടർ ജയപ്രകാശ്
Aview from Kathakupalamedu

അങ്ങിനെ ഒടുവിൽ ഞങ്ങൾ ആ മലമുകളിൽ എത്താറായി. കാട് മാറി വെയിൽ അടിച്ചു തുടങ്ങി. പലരും  ആവേശത്തോടെ ഉറക്കെ അലറി വിളിച്ചു. ഞാനും. ജീവിത്തിൽ ഇത്രമാത്രം സന്തോഷിച്ച നിമിഷങ്ങൾ വളരെ അപൂർവ്വം ആയിരുന്നു. ഞങ്ങൾ കൃത്യമായി ചെന്നെത്തിയത് കതകുപലമേട്ടിലെ കഴിഞ്ഞ തവണ കയറിയ അതെ പാറയുടെ മുകളിൽ ആയിരുന്നു.മനോഹരമായ കാഴ്ചകളും അതിശക്തമായ കാറ്റും ഞങ്ങളെ വരവേല്ക്കാൻ അവിടെ കാത്തു നില്ക്കുന്നുണ്ടായിരുന്നു.

ജീവിതം തിരിച്ചു കിട്ടിയവരുടെ സന്തോഷം...മടക്കയാത്രയിൽ നിന്നും ഒരു ചിത്രം 

എല്ലാവരും ബാഗുകൾ നിലത്തു വെച്ച് കൈകൾ പോലും കഴുകാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി. അത്രയും നേരം പിടിച്ചു വെച്ചിരുന്ന വിശപ്പ്‌ പുറത്തു ചാടി. മുകളിലേക്കുള്ള യാത്രയിൽ ഒരാൾ പോലും വെള്ളം കുടിക്കുന്നത് പോലും കണ്ടിരുന്നില്ല. ആരും ക്ഷീണം അറിഞ്ഞില്ല. എല്ലാവരുടെയും ലക്‌ഷ്യം ഒന്ന് മാത്രം ആയിരുന്നു ..എങ്ങനെയെങ്കിലും കതകുപലമെട്ടിനെ കീഴടക്കണം എന്ന് എന്നത്....
കലകുപലമേടിന്റെ മുകൾഭാഗത്ത്‌ ....

ഭക്ഷണം കഴിച്ചു ആ മലമുകളിൽ കുറെ സമയം വിശ്രമിച്ചു. നല്ല ശക്തമായ കാറ്റിൽ കുറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ടെന്റുകൾ വലിച്ചു കെട്ടി. ബാങ്കിലെ എന്റെ സഹപ്രവർത്തകൻ ആയ വിനൂപ്  ഭക്ഷണവും കഴിഞ്ഞു ടെന്റിൽ നല്ല ഉറക്കം തുടങ്ങിയിരുന്നു. പലരും ടെന്റിൽ കിടക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

കലകുപലമേടിന്റെ മുകൾഭാഗത്ത്‌ ....

കതകു പലമേട്ടിന്റെ ഏറ്റവും മുകളിലെ വലിയ പാറയുടെ തുമ്പത്ത് നിന്നാൽ ഞങ്ങൾ നടന്നു കയറിയ തൊണ്ട മാൻ കോട്ട അകലെ ഒരു പൊട്ടുപോലെ കാണാം. പിന്നെ മുൻപ് കണ്ട തമിഴ് നാടൻ ഗ്രാമങ്ങൾ വീണ്ടും കണ്ടു. ഇത്രയും ദൂരം, ഇത്രയും വലിയ മലയാണ് കയറിയത് എന്ന് വിശ്വസിക്കാൻ പലർക്കും കഴിഞ്ഞില്ല. അത്രയും മനോഹരം ആയ കാഴ്ചകളും, മറ്റും എല്ലാവരെയും ആവേശം കൊള്ളിച്ചു.ആദ്യമായി ട്രെക്കിംഗ് ചെയ്യുന്ന എൻജിനീയർ എന്റെ കയ്യും പിടിച്ചു പറഞ്ഞു. ഈ മലയാണ് നമ്മൾ കയറാൻ പോകുന്നത് എന്ന് നിങ്ങൾ രാവിലെ പറഞ്ഞപ്പോൾ ഞാൻ അത് തമാശ ആയിട്ടാണ് കരുതിയത്‌ , വഴിയിലുള്ള ചെറിയ മലയോ മറ്റോ ആണ് കയറാൻ പോകുന്നത് എന്നാണ് വിചാരിച്ചിരുന്നത് എന്നും പറഞ്ഞു.

കതകുപലമേടിന്റെ മുകളിൽ നിന്നും നോക്കിയപ്പോൾ കണ്ട ഒരു ദൃശ്യം
Aview from Kathakupalamedu

രണ്ടു മണിക്കൂർ ആ മലമുകളിൽ വിശ്രമിച്ചും കഥകൾ പറഞ്ഞും സമയം  ചിലവഴിച്ചും ഞങ്ങൾ മടങ്ങി. മടക്കയാത്രയെ കുറിച്ച് ആർക്കും ഒരു ഭയവും ഉണ്ടായിരുന്നില്ല. വളരെ വേഗത്തിൽ മല ഇറങ്ങി. വഴിയിൽ പലയിടത്തും വഴി തെറ്റിയെങ്കിലും വീണ്ടും വീണ്ടും ഞങൾ കയറി വന്ന, മാർക്ക് ചെയ്ത വഴിയിൽ ഞങ്ങൾ എത്തിപ്പെട്ടതിനാൽ അധികം സമയം ചിലവഴിക്കാതെ തന്നെ തിരിച്ചു മല ഇറങ്ങാൻ പറ്റി. ഒടുവിൽ ഞങ്ങൾ കയറി പോയ പുല്ലു നിറഞ്ഞ വഴിയിലൂടെ അല്ലാതെ അല്പം മാറി ഞങ്ങൾ മല ഇറങ്ങി തൊണ്ട മാൻ കോട്ടയിൽ എത്തിച്ചേർന്നു.

ഇനി അല്പം വിശ്രമിക്കട്ടെ ...കലകുപലമേടിന്റെ മുകൾഭാഗത്ത്‌ ....

തിരിച്ചു മടങ്ങുമ്പോൾ ബസ്സിലെ മൈക്ക്  ഓരോ ആൾക്കും കൈമാറി ഈ യാത്രയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. ഒപ്പം ക്ഷമയും. ഒരു ഗൈഡിനെ മാത്രം വിശ്വസിച്ചു ഇങ്ങനെ ഒരു യാത്രയും ഇനി സംഘടിപ്പിക്കില്ല എന്ന് അവരോടു കുറ്റബോധത്തോടെ പറഞ്ഞു. പക്ഷെ അവരിൽ നിന്നും കേട്ട മറുപടി ഹൃദയം കുളിർപ്പിക്കുന്നതായിരുന്നു. ഇങ്ങനെ ഒരു യാത്ര അവരുടെ ജീവിതത്തിൽ ആദ്യമാണ്. തികച്ചും സാഹസികമായ, എത്തി ചേരുമോ എന്നുറപ്പില്ലാത്ത, എല്ലാവരും ഒറ്റകെട്ടായി നിന്ന മനോഹര യാത്ര , അതും ഒരു പ്രകൃതി ഭംഗി നിറഞ്ഞ ഈ സുന്ദര സ്ഥലത്തിലൂടെ ഉള്ള യാത്ര എല്ലാവരും ശരിക്കും ആസ്വദിച്ചു എന്ന് എല്ലാവരും പറഞ്ഞു.ഒരു പക്ഷെ ഗൈഡ് ഉണ്ടായിരുന്നെങ്കിൽ ഇത്രയും ആസ്വദിക്കാൻ പറ്റുമായിരുന്നില്ല എന്ന അവരുടെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും വന്ന വാക്കുകൾ ഞങളുടെ മനസ്സിൽ ഇത്രയും സമയം ഉണ്ടായിരുന്ന എല്ലാ ആശങ്കകളും മായ്ച്ചു കളഞ്ഞു..

ബസ്സിലിരുന്നു ഫെയ്സ്ബുക്ക് തുറന്നപ്പോൾ ഈ യാത്രയിൽ ബസ്സിൽ വരാതെ നേരിട്ട് അവിടെ വന്ന മറ്റൊരു ഡോക്ടറായ  ലൂയിസ് ഇങ്ങനെ കുറിച്ചിരുന്നു "Things didn't go exactly to plan, but thanks to the spirit of the team and the organisers, Rajankutty  and Madhu Thankappan, the trip actually turned out more fun than it would have been if it went like clockwork. "

നിറഞ്ഞ മനസ്സോടെ ജീവിതത്തിലെ മനോഹരമായ ഒരനുഭവം തന്ന തൊണ്ട മാൻ കോട്ടയോടു വിട പറഞ്ഞു. വീണ്ടും ഇവിടെ വരേണ്ടി വരും. രാവിലെ മത്തായി ചേട്ടൻ പറഞ്ഞ ഒറ്റയാൻ ഇറങ്ങി പോയ തൊണ്ട മാൻ കോട്ടയിൽ നിന്നും ചതുരംഗ പാറ വരെ നീളുന്ന ഇതിലും മനോഹരം ആയ ഒരു ട്രെക്കിംഗ് റൂട്ട് ഞങ്ങളെ കാത്തിരിക്കുമ്പോൾ വീണ്ടും ഇവിടെ വരാതിരിക്കാൻ ആവില്ലല്ലോ ?

 തൊണ്ട മാൻ കോട്ടയുടെ ഒന്നാം യാത്രയിൽ എടുത്ത ചിത്രങ്ങൾ ഇവിടെ കാണാം ...

തൊണ്ട മാൻ കോട്ടയുടെ രണ്ടാം  യാത്രയിൽ എടുത്ത ചിത്രങ്ങൾ ഇവിടെ കാണാം ...

തൊണ്ട മാൻ കോട്ടയുടെ മൂന്നാം  യാത്രയിൽ എടുത്ത ചിത്രങ്ങൾ ഇവിടെ കാണാം ...