Saturday, October 22, 2011

കനോലി പ്ലോട്ട്

ലോകത്തിലെ മനുഷ്യനിര്‍മിതമായ ആദ്യത്തെ തേക്കിന്‍ തോട്ടം ഇന്ത്യയിലാണ് എന്നും അത് നമ്മുടെ "ദൈവത്തിന്റെ സ്വന്തം നാടായ" കേരളത്തിലെ നിലമ്പൂരിലെ കനോലി പ്ലോട്ട് ആണ് എന്നതും വളരെ അടുത്ത കാലത്താണ് അറിഞ്ഞത് . അത് പോലെ തന്നെ കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തില്‍ കൂടി ചാലിയാര്‍ പുഴയെ മുറിച്ചു കടന്നാണ് കനോലി പ്ലോട്ടിലേക്ക് പ്രവേശിക്കുന്നത് എന്ന് കൂടി കേട്ടപ്പോള്‍ ഇത്രയും പ്രത്യേകതകള്‍ ഉള്ള ആ സ്ഥലം കാണാന്‍ വേണ്ടി മാത്രം ഒരു യാത്ര നടത്തിയാലും അത് ഒരു നഷ്ടമാവില്ല എന്ന് തോന്നി. അങ്ങിനെയാണ് ഞാന്‍ രണ്ടു സുഹൃത്തുക്കളെയും കൂട്ടി കനോലി പ്ലോട്ടിലേക്ക് മാത്രമായി ഒരു യാത്ര നടത്താന്‍ തീരുമാനിച്ചത് .
കോഴിക്കോട് - നിലംബൂര്‍ - ഗൂഡല്ലൂര്‍  - ഊട്ടി റോഡില്‍ നിലമ്പൂര്‍ ടൌണ്‍ എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍ മുന്‍പ് ഇടതു വശത്തായാണ് കനോലി പ്ലോട്ട്. പൊതു ജനങ്ങള്‍ക്ക്‌ തേക്ക് മരങ്ങള്‍ വാങ്ങാന്‍ സൗകര്യം ഉള്ള ഗവര്‍മെന്റിന്റെ തേക്ക്  ഡിപ്പോയിലേക്കുള്ള വഴിയും കാനോലി പ്ലോട്ടിലേക്കുള്ള വഴിയും ഒന്നാണ് .
കാറ് റോഡരുകില്‍ നിര്‍ത്തി തുറന്നു കിടന്ന ടിക്കറ്റ്‌ കൌണ്ടറിലൂടെ  പത്തു രൂപയുടെ മൂന്നു ടിക്കെറ്റും എടുത്ത് ഞങ്ങള്‍ 300 മീറ്റര്‍ അകലെയുള്ള കനോലി പ്ലോട്ടിലേക്ക് നടന്നു . കനോലി പ്ലോട്ടിലേക്കുള്ള പ്രവേശന സമയം രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ മാത്രമാണ് എന്ന ബോര്‍ഡും വായിച്ചായിരുന്നു ഞങളുടെ നടപ്പ്.
ഇരു വശത്തും തണല്‍ മരങ്ങള്‍ നിറഞ്ഞ റോഡിലൂടെ നടന്നെത്തിയത്‌ ചാലിയാര്‍ പുഴയുടെ കരയില്‍ ആയിരുന്നു. വേനലിന്റെ കാഠിന്യം മൂലം അല്പം മെലിഞ്ഞുണങ്ങിയെങ്കിലും വളരെ സുന്ദരിയായിരുന്നു ചാലിയാര്‍ പുഴ. അടുത്ത കാലം വരെ കനോലി പ്ലോട്ടിലേക്ക് വരുന്ന സന്ദര്‍ശകര്‍    റോഡില്‍ നിന്നും പുഴയിലേക്കുള്ള പടികള്‍ ഇറങ്ങി  പുഴയുടെ അടുത്തെത്തി കടത്ത് വഞ്ചിയില്‍ കയറിയാണ് പുഴക്കപ്പുത്തുള്ള കനോലി പ്ലോട്ടിലേക്ക് പ്രവേശിച്ചിരുന്നത് . തൂക്കുപാലം വന്നതോടെ ഈ കടത്തു വഞ്ചി യാത്ര അവസാനിപ്പിച്ചു. അത് കൊണ്ട് തന്നെ ഈ ഭാഗത്ത്‌ പുഴയില്‍ ഇറങ്ങാന്‍ ആരെയും അനുവധിക്കാറുമില്ല . 
പുഴയിലേക്ക് ഇറങ്ങാതെ തൂക്കുപാലത്തിലേക്ക് എത്തിച്ചേരാനായി ഒരു സുന്ദരമായ നടപ്പാത അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. ഇരു വശത്തും മരങ്ങളും പേരറിയാത്ത വള്ളികളും തൂങ്ങി കിടക്കുന്ന ആ വഴിയിലൂടെ ഉള്ള നടത്തം ശരിക്കും രസകരമായിരുന്നു. സൂര്യന്റെ വെയില്‍ അല്പം പോലും ഞങളുടെ ശരീരത്തില്‍ ഏല്‍പ്പിക്കാതെ തടഞ്ഞു നില്‍ക്കുന്ന മരങ്ങളുള്ള ആ പാതയിലൂടെ നടന്നു തൂക്കുപാലത്തിന്റെ അടുത്തെത്തി.
കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം എന്നവകാശപ്പെടുന്ന ആ പാലത്തിലെ കൈവരികള്‍ പിടിച്ചു ചാലിയാര്‍ പുഴയും നോക്കി പതുക്കെ കാനോലി പ്ലോട്ടിലേക്ക്   നടന്നു . ഓരോ ആളുകള്‍ കയറുമ്പോഴും ആ പാലം കുലുങ്ങുന്നുണ്ടായിരുന്നു. ഒരേ സമയം ഇരുപതു പേര്‍ മാത്രമേ കയറാവൂ എന്ന് പാലത്തിന്റെ തുടക്കത്തില്‍ എഴുതി വെച്ചിരിക്കുന്നത് കണ്ടു . കൂടുതല്‍ ആളുകള്‍ കയറുന്നതിനെ തടയാനായി ഒരു ആളെയും അവിടെ നിയോഗിച്ചിട്ടുണ്ടായിരുന്നു. 
തൂക്കുപാലത്തിലൂടെ നടന്നു ചെന്നെത്തിയത്  വിശാലമായ  ഒരു തേക്കിന്‍ തോട്ടത്തിലേക്കായിരുന്നു.  നോക്കുന്നിടത്തെല്ലാം വലിയ വലിയ തേക്ക് മരങ്ങള്‍ മാത്രം. മൂന്നോ നാലോ പേര്‍ ചേര്‍ന്ന് പിടിച്ചാല്‍ പോലും വട്ടമെത്താത്ത അത്രയും വണ്ണമുള്ള ചില തേക്ക് മരങ്ങളെ അത്ഭുതത്തോടെയാണ് നോക്കി കണ്ടത് .  ഈ മരങ്ങളെയും കണ്ട്, ആ സുന്ദരഭൂമിയിലൂടെ  എല്ലാം മറന്ന് നടക്കാനായി ഓടു വിരിച്ച നടപ്പാതകള്‍ അവിടെ  ഒരുക്കിയിട്ടുണ്ടായിരുന്നു. ആളുകള്‍ക്ക്  വെയിലും മഴയും ഏല്‍ക്കാതെ ഇരിക്കാനായി നടപ്പാതയില്‍ പലയിടത്തും  മേല്ക്കൂരയോടുകൂടിയ ചെറിയ വിശ്രമ കേന്ദ്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. 
അവിടെയുള്ള കൂടുതല്‍ മരങ്ങളും വളരെ ഉയരത്തില്‍ നില്‍ക്കുന്നവയായിരുന്നു . ആകാശത്തില്‍ മുട്ടി നില്‍ക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന വലിപ്പത്തിലുള്ള മരങ്ങള്‍ ആയിരുന്നു അവയെല്ലാം . അതുകൊണ്ട് തന്നെ ആ മരങ്ങളുടെ മുഴുവന്‍ വലിപ്പം ആസ്വദിക്കാവുന്ന ഒരു ഫോട്ടോയെടുക്കാന്‍ എന്റെ ചെറിയ ക്യാമറക്ക്‌  പോലും കഴിഞ്ഞില്ല. 
അവിടെയുള്ള ഓരോ മരങ്ങള്‍ക്കും ഓരോ നമ്പര്‍ ഇട്ടിരുന്നു . ഇരുപത്തി മൂന്നാമത്തെ നമ്പര്‍ തേക്ക് മരം ആയിരുന്നു കാനോലി പ്ലോട്ടിലെ ഏറ്റവും ഉയരം ഉള്ള മരം.  നിലംബൂരിലെയും പരിസരങ്ങളിലെയും ഏറ്റവും വലുപ്പമുള്ള തേക്ക് മരമാണിത് . ആ തേക്കിന്റെ ഉയരം  46.5 മീറ്റര്‍ ആണ് . 
ബ്രിട്ടീഷുകാര്‍ക്ക് കപ്പലുകളും മറ്റും  നിര്‍മ്മിക്കുന്നതിന് ആവശ്യമായ തേക്ക് മരങ്ങള്‍ മുടക്കമില്ലാതെ കിട്ടുന്നതിനു വേണ്ടി  മലബാര്‍ കലക്ടര്‍ ആയിരുന്ന H V CONOLLY യുടെ നിര്‍ദേശപ്രകാരം ഫോറെസ്റ്റ് ഓഫീസര്‍ ആയിരുന്ന സര്‍ ചാത്തുമേനോന്‍ ആണ് ഈ തേക്കിന്‍ തോട്ടം ഇവിടെ  വെച്ച് പിടിപ്പിച്ചത് . അങ്ങിനെ ഇതിനു തുടക്കം ഇട്ട  H V CONOLLY യുടെ സ്മരണക്കായാണ് ഈ സ്ഥലത്തിന് കനോലി പ്ലോട്ട്  എന്ന പേര് കൊടുത്തത് .
1846 ലാണ്  ഇവിടെ തേക്കിന്‍ മരങ്ങള്‍ വച്ച് പിടിപ്പിച്ചത് . 5.675 ഏക്കര്‍ വിസ്തീര്‍ണ്ണം ഉള്ള ഈ തോട്ടത്തില്‍ ഇപ്പോള്‍  117 മരങ്ങള്‍ ആണ് ഉള്ളത് .  
1841 - 1855 കാലഘട്ടത്തില്‍ , നിലമ്പൂരിലും പരിസരങ്ങളിലും ആയി ഏകദേശം 1500 ഏക്കര്‍ സ്ഥലത്താണ് ചാത്തുമേനോനും കൂട്ടാളികളും തേക്കിന്‍ തൈകള്‍ നട്ട് പിടിപ്പിച്ചത് . അതോടെയാണ്  "ഇന്ത്യയിലെ തേക്കിന്‍ തോട്ടങ്ങളുടെ പിതാവ് " എന്ന പേര് അച്ചുതമേനോന് സ്വന്തമായി തീര്‍ന്നത് .
ബ്രിട്ടീഷുകാര്‍ക്ക്  തേക്ക് ഇത്രക്കും പ്രിയ്യപ്പെട്ട മരം ആകാനുള്ള കാരണം  അതിന്റെ ഉറപ്പു തന്നെ ആയിരിക്കണം . ചൈനക്കാര്‍ ഇരുമ്പ് മരം (IRON WOOD) എന്ന് വിളിക്കുന്ന നമ്മുടെ ഈ തേക്ക് ആയിരം വര്ഷം മണ്ണിലോ വെള്ളത്തിലോ കിടന്നാല്‍ പോലും നശിക്കില്ലത്രേ. പ്രശസ്തമായ TITANIC കപ്പലിന്റെതടക്കം പല കപ്പലുകളുടെയും ഡെക്ക് ഉണ്ടാക്കിയിരികുന്നത്  തേക്ക് മരം കൊണ്ടാണത്രേ. മഹാരാഷ്ട്രയിലെ SALSETTE ISLAND ല്‍ കണ്ടെത്തിയ രണ്ടായിരം വര്ഷം പഴക്കമുള്ള ഒരു ഗുഹാ ക്ഷേത്രത്തിലെ തേക്ക് പാളികള്‍ക്ക്‌ ഒരു കേടുപാടുകളും ഉണ്ടായിരുന്നില്ല എന്ന്  എവിടെയോ വായിച്ചത് കാനോലി പ്ലോട്ടിലെ വലിയ തേക്ക് മരങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മയില്‍ വന്നു.
കനോലി പ്ലോട്ടിലെത്തുന്ന സന്ദര്‍ശകര്‍ ചാലിയാര്‍ പുഴയിലേക്ക് ഇറങ്ങാതിരിക്കാനായി  ആ സ്ഥലത്തിന് ചുറ്റുഭാഗത്തുമായി   കമ്പി വേലി കെട്ടി തിരിച്ചിരുന്നു. പക്ഷെ ആ കമ്പി വേലി ഭേദിച്ചു സ്ത്രീകളും കുട്ടികളും അടക്കമുള്ള ആളുകള്‍ പുഴയില്‍ ഇറങ്ങുന്നത് കണ്ടപ്പോള്‍ ഞങ്ങളും അവരില്‍ ഒരാളായി . പുഴയുടെ കരയിലൂടെ കുറച്ചു ദൂരം നടന്നു തിരക്കില്ലാത്ത ഒരിടത്ത്  , ആ യാത്രയുടെ ക്ഷീണം മുഴുവനും  തണുത്ത, കണ്ണ് നീരിനേക്കാള്‍ പരിശുദ്ധമെന്നു  തോന്നിപ്പിക്കുന്ന വെള്ളത്തില്‍ കുളിച്ചു കളഞ്ഞു പുതിയ ആളുകളായി ഞങ്ങള്‍ മാറി.
കുറെ നേരം കഴിഞ്ഞു അവിടെയുള്ള ഓരോ തേക്ക് മരത്തെയും അടുത്ത് കണ്ടും ഫോട്ടോയെടുത്തും പരസ്പരം തേക്കുകളെ കുറിച്ചും നിലമ്പൂരിലെ പഴയ  തടി വ്യാപാരത്തെ കുറിച്ചും സംസാരിച്ചും ഞങള്‍ അവിടെ നിന്നും തിരിച്ചു നടന്നു.  തിരികെ തൂക്കുപാലത്തിലൂടെ നടന്നു പാലത്തിന്റെ തുടക്കത്തില്‍ എത്തി അവിടെ കാവല്‍ നില്‍കുന്ന ആളുടെ അനുവാദം അല്‍പ സമയത്തേക്ക്  ഒരാള്‍ക്ക്‌ മാത്രമായി വാങ്ങി, ഇപ്പോള്‍ സന്ദര്സകര്‍ക്ക്  ഒട്ടും പ്രവേശം ഇല്ലാത്ത ആ  പഴയ  കടവിലിറങ്ങി പാലത്തിന്റെ അടിഭാഗത്തുനിന്നുമുള്ള  കുറെ ചിത്രങ്ങള്‍ തിടുക്കത്തില്‍ എടുത്തു മടങ്ങി പോന്നു .
ഏറ്റവും അടുത്ത കൂട്ടുകാരോടൊപ്പം ഒരു പാട് പ്രത്യേകതകള്‍ ഉള്ള സ്ഥലത്ത്  ഒരു നല്ല  ദിവസം ചിലവഴിച്ചതിന്റെ ഓര്‍മ്മയുമായി മടങ്ങുമ്പോള്‍  മനസ്സ് ഒരു തീരുമാനം എടുത്തിരുന്നു. സ്വന്തമായുള്ള നാല് സെന്റ്‌ സ്ഥലത്തിനെ മൂലയില്‍ ഒരു ചെറിയ മരം എങ്കിലും വെച്ച് പിടിപ്പിക്കണം. ആയിരത്തി അഞ്ഞൂറ് ഏക്കറില്‍ തേക്ക് മരം നട്ട അച്യുതമേനോന്‍ ആവാന്‍ ഒരിക്കലും കഴിയില്ല എന്നറിയാമെങ്കിലും അടുത്ത തലമുറയ്ക്കും എനിക്കും വേണ്ടി  ഒരു മരമെങ്കിലും നടണം . എന്റെ  ഈ യാത്രകള്‍ അവസാനിക്കുന്ന, ആരോഗ്യം നശിക്കുന്ന കാലത്ത്  ആ മരത്തിന്റെ കാറ്റും തണലും ഏറ്റു കിടന്നു പതുക്കെ ഈ ലോകത്തോട്‌ വിട പറയണം.

10 comments:

 1. ധാരാളം സന്ദര്‍ശകര്‍ എത്തുന്ന ഇടമാണ് കാനോലി പ്ലോട്ട്.നല്ലൊരു തേക്ക് മ്യുസിയവും നിലംബൂരിലുണ്ട്.

  ReplyDelete
 2. മധുമാമ്മൻ, വളരെ നാളുകൾക്ക് ശേഷമാണല്ലോ വീണ്ടും കാണുന്നത്. വളരെ മനോഹരമായ ഇടം തന്നെയാണ് ഈ കനോലി പ്ലോട്ട്. നിലമ്പൂരിൽ പലവട്ടം പോയിട്ടുണ്ടെങ്കിലും,അവിടെയുള്ള കാടുകളിലൂടെ അലഞ്ഞുനടന്നിട്ടുള്ളതല്ലാതെ, ഇവിടെ ഇതുവരെ പോകുവാൻ സാധിച്ചിട്ടില്ല. അടുത്ത യാത്രയിൽ തീർച്ചയായും ഇവിടെയും പോകണം.
  അടുത്തുതന്നെ ഒരു തേക്ക് മ്യൂസിയവും, ചിത്രശലഭ പാർക്കും ഉണ്ടായിരുന്നു..അവിടെ പോയില്ലെ?

  ReplyDelete
 3. ഷിബു
  ഞാന്‍ താങ്കള്‍ക്കു രണ്ടു തവണ മെസ്സേജ് അയച്ചു .. മറുപടി കണ്ടില്ല .. താങ്കള്‍ മരോട്ടിച്ചാല്‍ കാണാന്‍ വന്നിരുന്നുവോ?
  ഞാന്‍ രണ്ടു ദിവസം പീച്ചിയിലെ ഉള്‍ക്കാടുകളില്‍ ആയിരുന്നു .. അടുത്ത മാസം ശിരുവാണി കാട്ടില്‍ പോകുന്നുണ്ട് ..

  vettathan

  നന്ദി .. ഒരു പാട് .. എന്റെ ബ്ലോഗില്‍ എത്തിയതിനു ...

  ReplyDelete
 4. കനോലി പ്ലോട്ടുമായി ചേർത്ത് സന്ദർശിക്കേണ്ട സ്ഥലമാണ് നിലംബൂർ തേക്ക് മ്യൂസിയം. പോയിക്കാണുമെന്ന് കരുതുന്നു.

  ReplyDelete
 5. താന്കള്‍ അവസാനം എഴുതിയ തീരുമാനമാണ് പ്രധാനം.
  നമ്മില്‍ ഓരോരുത്തരും ഓരോ മരം വച്ചുപിടിപ്പിച്ചാല്‍തന്നെ വലിയ മാറ്റം നാട്ടില്‍ ഉണ്ടാക്കാന്‍ സാധിക്കും.
  വളരെ ഉപകാരപ്രദമായ പോസ്റ്റ്‌

  ReplyDelete
 6. KOLLAAAM NALLA VIVARANAM CHETTA

  ReplyDelete
 7. kollaaam.oru paadu thavana sandarshichittundenkilum nalla vivaranathiloode veendum avidamokke manassiloode kadannu poyi...

  ReplyDelete
 8. There were some more attractions in Nilambur (Within 10 K.M of Nilambur) like Chaliyar Mukk, Aruvakkodu Kumbara Colony, Nedumkayam, T.K Colony etc

  ReplyDelete
 9. ചാത്തു മേനോന്‍ എങ്ങനെ ആണ് അവസാനം അച്യുതമേനോന്‍ ആയത് !

  ReplyDelete