Monday, April 20, 2015

കുളത്തനാം പാറ

തൃശ്ശൂർ ജില്ലയിലെ മരോട്ടിച്ചാൽ കാട്ടിലൂടെ മുപ്പതു അംഗ സംഘത്തെയും നയിച്ച്‌ കൊണ്ടു നടക്കുന്നതിനിടയിൽ ആണ്  കാട്ടിൽ  വഴി തെറ്റി പരിഭ്രമിച്ചു നില്ക്കുന്ന നാലു ചെറുപ്പക്കാരെ ഞാൻ പരിചയപ്പെട്ടത്‌ . മാതൃഭുമി യാത്രയിൽ അച്ചടിച്ച്‌ വന്ന,  ഞാൻ എഴുതിയ  മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തെ കുറിച്ചുള്ള വിവരണം വായിച്ചു കൊണ്ട് ആ  മാഗസിനും പിടിച്ചു പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട നാല് ചെറുപ്പക്കാരായിരുന്നു അവർ. എനിക്കും അവർക്കും തികച്ചും അവിസ്മരണീയം ആയ ഒരു കൂടിക്കാഴ്ച ആയിരുന്നു അത്. അറിയാത്ത ഒരു കാട്ടിലേക്ക് വെറുതെ ഒരു മാഗസിനും പിടിച്ചു യാത്ര തിരിക്കുക. കാട്ടിൽ വഴി തെറ്റി അലയുക. കൂടുതൽ അലഞ്ഞു തിരിയുന്നതിന് മുൻപ് ആ യാത്ര കുറിപ്പ് എഴുതിയ ആളെ അതെ കാട്ടിൽ വെച്ച് തന്നെ പരിചയപ്പെടുക . അങ്ങിനെ തികച്ചും അപ്രതീക്ഷിതം ആയി ആ കാട്ടിൽ നിന്നും എനിക്ക്  കിട്ടിയ സുഹൃത്തുക്കളിൽ ഒരാളായ അരുണിന്റെ  ആവശ്യ പ്രകാരം അവർക്ക് വേണ്ടി മാത്രം അധികം അറിയപ്പെടാത്ത,  വിരലിൽ എണ്ണാവുന്ന അത്രക്കും കുറച്ചു ആളുകൾ മാത്രം പോയിട്ടുള്ള തൃശ്ശൂരിലെ കുളത്തനാം പാറയിലെ കാട്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന മനോഹരമായ വെള്ളചാട്ടത്തെയും തേടി ഒരു സാഹസിക യാത്ര നടത്താൻ  ഞാൻ തീരുമാനിച്ചത് .ഒരു ഞായറാഴ്ച രാവിലെ എറണാകുളത്തു നിന്നും യാത്ര തുടങ്ങി. അരുണും ഞാനും അരുണിന്റെ  കുറച്ചു കൂട്ടുകാരും  ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. ഞാൻ പാലാരിവട്ടത്ത് നിന്നും കൂട്ടുകാർ ആലുവയിൽ നിന്നും ആണ് കയറിയത്. ആലുവയിൽ എത്തിയപ്പോൾ ആണ് അറിഞ്ഞത് കൂട്ടുകാരിൽ മൂന്നു പേർ സ്ത്രീകൾ ആണ് എന്നറിഞ്ഞത്. പറവൂർ സ്വദേശിയായ മീന മേനോനും മകളായ ഒമ്പത് വയസ്സ് കാരി   ഉത്തരയും , പിന്നെ രാജഗിരിയിൽ റിസർച്ച് ചെയ്യുന്ന തിരുവനന്തപുരത്തുകാരിയുമായ ദിവ്യയും, പിന്നെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ സജിയും ആണ് ഈ യാത്രയിലെ പങ്കാളികൾ. ആകെ ആറു പേർ. സ്ത്രീകളോടൊപ്പം പല തവണ കാട്ടിൽ പോയിട്ടുണ്ടെങ്കിലും ആളുകൾ അധികം പോകാത്ത വന്യ മൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെ, അതും കാടിനെ ഒട്ടും അറിഞ്ഞിട്ടില്ലാതെ ഇവരെയും കൊണ്ടുള്ള യാത്ര  എങ്ങനെ ആയിരിക്കും എന്ന  ചെറിയ ആശങ്ക  യാത്രയുടെ തുടക്കത്തിൽ മനസ്സിൽ ഉണ്ടായിരുന്നു.ആലുവ - അങ്കമാലി - ചാലക്കുടി വഴി അതിവേഗം ആമ്പല്ലൂരിൽ എത്തി. അവിടത്തെ ഊട്ടുപുര ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു. അവിടെ നിന്ന് തന്നെ ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വാങ്ങി തിരിച്ചു കാറിൽ കയറും മുൻപേ സഹ യാത്രികരെ കുറിച്ചുള്ള ആശങ്കകൾ എല്ലാം മാറിയിരുന്നു. മീന മേനോൻ പറവൂരിൽ രണ്ടേക്കർ സ്ഥലത്ത് വനം വളർത്തുകയാണ് എന്ന അറിവ്   തികച്ചും അവിശ്വസനീയം ആയിരുന്നു. കുളങ്ങളും പാമ്പിൻ കാവും എല്ലാം ഉള്ള പഴയ തറവാട്ട്‌ വീട്ടിൽ താമസിക്കുകയും അതിനു ചുറ്റുമുള്ള സ്ഥലം മുഴുവൻ കാട് വളരാൻ അനുവദിക്കുകയും ചെയൂക എന്നത് ഒരു വലിയ കാര്യം ആയി തോന്നി. നാഷണൽ ഹൈവെയോട് ചേർന്ന് കിടക്കുന്ന കോടികൾ വിലവരുന്ന ആ സ്ഥലം പ്രകൃതിക്ക് വേണ്ടി അങ്ങിനെ മാറ്റിവെക്കാൻ എടുത്ത തീരുമാനം തികച്ചും അഭിനന്ദനം അർഹിക്കുന്നത് തന്നെ ആണ്. തനിച്ചു അല്ലാതെയും ഒരു പാട് സ്ഥലങ്ങളിൽ യാത്ര ചെയ്തു പരിചയം ഉള്ള യാത്രകളെ പ്രണയിക്കുന്ന ദിവ്യയും ഈ യാത്രക്ക് പറ്റിയ കൂട്ടുകാർ തന്നെ ആണ്  എന്ന് അല്പനേരത്തെ സംസാരത്തിൽ നിന്നും എനിക്ക് ബോധ്യമായി.


 

ആമ്പല്ലൂർ  - കല്ലൂർ  വഴി മാന്ദമംഗലം എന്ന സ്ഥലത്തെത്തി. മാന്ദമംഗലത്ത് നിന്നും കുറച്ചു ദൂരം പോയാൽ മരോട്ടിച്ചാൽ  വെള്ളച്ചാട്ടത്തിൽ എത്താം. പല തവണ പോയത് കൊണ്ടും ഞങ്ങളുടെ ലക്‌ഷ്യം കുളത്തനാം പാറ ആയതു കൊണ്ടും അവിടേക്ക് പോകാതെ നേരെ വണ്ടി വിട്ടു വെള്ളക്കാരിത്തടം എന്ന ഗ്രാമത്തിൽ എത്തി. ഒരു തനി നാട്ടിൻ പുറം. ഒന്നോ രണ്ടോ ചെറിയ കടകൾ . അവിടത്തെ ചായക്കടയുടെ മുൻപിൽ ഞങ്ങളുടെ വഴികാട്ടി ചേട്ടൻ നില്ക്കുന്നുണ്ടായിരുന്നു. ഫോറെസ്റ്റ് ഓഫീസിൽ നിന്നും ഈ യാത്രക്കുള്ള പ്രത്യേക അനുമതി വാങ്ങിക്കാൻ കുറെ സഹായങ്ങളും മറ്റും ചെയ്തു തന്ന ആ നാട്ടുകാരൻ  ആയ ചേട്ടനുമായി ഫോണിലൂടെ  പല തവണ സംസാരിച്ചിട്ടുണ്ട് എങ്കിലും നേരിട്ട് ആദ്യമായി കാണുക ആയിരുന്നു. കയ്യിൽ ഒരു വലിയ വെട്ടു കത്തിയും പിടിച്ചാണ് ആളുടെ നില്പ്പ്.  കാട്ടിലെ യാത്രകളിൽ ഏറ്റവും ഒഴിച്ച് കൂടാനാവാത്ത വസ്തുവാണ് ഈ വെട്ടുകത്തി. ആവശ്യം വരികയാണെങ്കിൽ ഉപയോഗിക്കാനായി ഒരു ചെറിയ കത്തി എന്റെ . ബാഗിലും ഉണ്ടായിരുന്നു. ഒരു കിലോമീറ്റർ ദൂരം കൂടി മുന്നോട്ടു പോയാൽ ടാറിട്ട റോഡ്‌ അവസാനിക്കുമെന്നും അവിടെ നിന്നും ആണ് കുളത്തനാം പാറയിലേക്ക്‌  യാത്ര തുടങ്ങുന്നത് എന്നും ചേട്ടൻ പറഞ്ഞു തന്നു.കാട്ടിൽ കയറുന്നതിനു മുൻപേ വഴികാട്ടി ചേട്ടൻ മുന്നറിയിപ്പ് തന്നു. ആനകൾ  ഉള്ള കാട് ആണ്. പീച്ചി - വാഴാനി Wild life Sanctuary യുടെ ഭാഗമായി വരുന്ന കാടായതിനാൽ എല്ലാതരം മൃഗങ്ങളും കാണാൻ സാധ്യതയുണ്ട്. സൂക്ഷിച്ചു ശബ്ദം ഇല്ലാതെ നടക്കണം. ആളുകൾ ഒട്ടും നടക്കാത്തത് കൊണ്ട് വഴിയിൽ പാമ്പുകളുടെ ശല്യം ഉണ്ടാകും . വീണു കിടക്കുന്ന ഇലകളുടെ അതെ നിറത്തിൽ ആയിരിക്കും ചില പാമ്പുകൾ. ചുരുട്ട എന്ന് പറയുന്ന, കൊത്തിയാൽ മരിക്കില്ല എങ്കിലും, ശരീരം മുഴുവൻ നീര് വന്നു വീർക്കുന്ന തരത്തിലുള്ള പാമ്പുകൾ ഇവിടെ ഒരു പാട് ഉണ്ട് എന്നും ആൾ  പറഞ്ഞു തന്നു. വനം വകുപ്പിൽ വാച്ചർ ആയി ജോലി നോക്കുന്ന, വർഷങ്ങളായി കാടിനെ അടുത്തറിയുന്ന ഒരു പാട് കാട്ടറിവുകൾ ഉള്ള ചേട്ടൻ പറയുന്നതെല്ലാം തല കുലുക്കി  നിന്ന്  കേട്ടു. വെള്ളച്ചാട്ടത്തിൽ ഇപ്പോൾ വെള്ളം വളരെ കുറവാണ് എന്നും ആൾ കൂട്ടി ചേർത്തു. വണ്ടിയിൽ നിന്നും ക്യാമറകളും ഭക്ഷങ്ങളും എല്ലാം എടുത്തു ഒരു ചെറിയ അരുവിയുടെ അരികിലൂടെ  അങ്ങിനെ ഞങ്ങൾ കുളത്തനാം പാറ യാത്ര തുടങ്ങി.മഴ കഴിഞ്ഞിട്ട് അധികം ദിവസ്സങ്ങൾ കഴിയാത്തതിനാൽ നല്ല പച്ച പടിച്ച അവസ്ഥയിൽ ആയിരുന്നു കാട്. യാത്രയുടെ തുടക്കത്തിൽ കണ്ട ചെറിയ അരുവിയിൽ കുളിക്കാനും അലക്കാനും വണ്ടി കഴുകാനും ഒക്കെ വരുന്ന ആളുകൾ നടന്നുണ്ടായ നല്ല കാട്ടു വഴികളിലൂടെ ആയിരുന്നു തുടക്കത്തിൽ ഞങ്ങളുടെ യാത്ര. അൽപ ദൂരം പോയപ്പോഴേക്കും അത് അവസാനിച്ചു. നല്ല നിബിഡമായ കാട് തുടങ്ങി. വഴികാട്ടി ചേട്ടൻ മുൻപേ നടന്നു വെട്ടു കത്തി കൊണ്ട് "പണി" തുടങ്ങി. വഴിയിൽ തടസ്സം ആയി നിൽക്കുന്ന വള്ളികൾ, മരച്ചില്ലകൾ, മുൾച്ചെടികൾ ഇവയെല്ലാം വെട്ടി മാറ്റി പുറകെ വരുന്ന ഞങ്ങൾക്കായി വഴിയൊരുക്കുക എന്ന പ്രയാസമേറിയ ജോലി ചെയ്തു കൊണ്ടാണ് ചേട്ടന്റെ നടപ്പ് .ചേട്ടന്റെ വെട്ടുകത്തിയുമായി ഒരു നിശ്ചിത അകലം പാലിച്ചു കൊണ്ട് ഞങ്ങൾ ആറുപേർ പുറകെ നടന്നു.പല നിറത്തിലും വലിപ്പത്തിലും നിറഞ്ഞു നില്ക്കുന്ന പൂക്കൾ ആ  കാട്ടിലെ മനോഹര കാഴ്ചകളിൽ ഒന്നായിരുന്നു. അതെ പോലെ തന്നെ വലിയ വലിയ മരങ്ങൾ കടപുഴകി കിടക്കുന്നത് ഒരു കാഴ്ച തന്നെ ആയിരുന്നു. വഴിയിൽ തടസ്സം ആയി ചിതലരിച്ചു കിടക്കുന്ന മരങ്ങൾക്ക് മുകളിലൂടെ ചാടിക്കടന്നും മറ്റും ആയിരുന്നു ഞങ്ങളുടെ യാത്ര. വഴിയിൽ പലയിടത്തും അധികം പഴക്കം ഇല്ലാത്ത ആന പിണ്ടങ്ങൾ കണ്ടു. ദിവ്യയും മീനയും ഉത്തരയുമെല്ലാം പൂക്കളുടെയും മരങ്ങളുടെയും എല്ലാം ഫോട്ടോകൾ എടുത്തും കണ്ടും ആസ്വദിച്ച് കൊണ്ട് വളരെ പതുക്കെ എല്ലാവരുടെയും പുറകെ ആയിരുന്നു വരവ്.  അവരുടെ ആദ്യത്തെ വനയാത്ര. അത് കൊണ്ട് തന്നെ അവർക്ക് പൂര്ണ സ്വാതന്ത്യം കൊടുത്തു. എന്നാൽ വഴി തെറ്റി പോകാൻ അവസരം കൊടുക്കാതെ ഒരു നിശ്ചിത അകലത്തിൽ ഇടയ്ക്കിടെ അവരെ ശ്രദ്ധിച്ചു കൊണ്ട്  ശ്രദ്ധിച്ചു കൊണ്ട് യാത്ര തുടര്ന്നു .ഏകദേശം ഒരു മണിക്കൂർ നടപ്പോൾ ഒരു വലിയ പൊള്ളയായ മരം കണ്ടു. മഴ പെയ്താൽ ഒരു പത്തു പേര്ക്ക് വേണമെങ്കിൽ ഉള്ളിൽ കയറി നിൽക്കാവുന്ന അത്ര വലുപ്പം   ആ മരത്തിന്റെ പൊള്ളയായ അടിഭാഗത്തിന് ഉണ്ടായിരുന്നു. അടിഭാഗം മുഴുവൻ പൊള്ളയായിട്ടും അത് എങ്ങനെ ആണ് ബാലൻസ് ചെയ്തു നിൽക്കുന്നത് എന്ന്  ചിന്തിച്ചും കുറെ നേരം അതിന്റെ ഉള്ളിൽ കയറി നിന്ന് ചിത്രങ്ങൾ എടുത്തും അവിടെ എല്ലാവരും അൽപ സമയം വിശ്രമിച്ചു. കുറച്ചു നേരം കഴിഞ്ഞു വീണ്ടും യാത്ര തുടരാം എന്ന് പറഞ്ഞു നടന്നു തുടങ്ങിയപ്പോഴാണ് ദിവ്യയുടെ ഉച്ചത്തിലുള്ള കരച്ചിൽ പോലെയുള്ള ശബ്ദം കേട്ടത്. പെട്ടെന്ന് പുറകോട്ടു ഓടി ചെന്ന് നോക്കി. എല്ലാവരും ആകെ വിറച്ചു നില്ക്കുന്നു. ഒരു പാമ്പായിരുന്നു അവിടത്തെ വില്ലൻ. ദിവ്യ മരത്തിന്റെ ചിത്രം എടുക്കാനായി ബാഗ് ഒരു പാറപ്പുറത്ത് തുറന്നു വെച്ച് അതിൽ നിന്നും ക്യാമറ എടുത്ത ശേഷം ബാഗ് അടക്കാതെ അവിടെ ഇട്ടു കുറച്ചു കഴിഞ്ഞു വന്നു ബാഗ് എടുക്കാൻ നോക്കിയപ്പോൾ ആണ് ബാഗിന്റെ ഏകദേശം അടിയിൽ ആയി   ഒരു പാമ്പ് കിടക്കുന്നത് കണ്ടത്. അതിനെ കണ്ട അലർച്ചയാണ്‌ ഞങ്ങൾ കേട്ടത്. എന്തോ ഒരു ഭാഗ്യം, അശ്രദ്ധയോടെ ആരോടെങ്കിലും സംസാരിച്ചു കൊണ്ടാണ് ആ  ആണ് ബാഗ് എടുത്തതെങ്കിൽ തീർച്ചയായും പാമ്പ് കടി എല്ക്കുമായിരുന്നു. അതെല്ലെങ്കിൽ ആ പാമ്പ് ബാഗിനുള്ളിൽ കയറിക്കൂടിയിരുന്നെങ്കിലും  അപകടം ഉറപ്പായിരുന്നു.അവരെ ആശ്വസിപ്പിച്ചു സാധാരണ സ്ഥിതിയിൽ ആക്കിയ ശേഷം വീണ്ടും യാത്ര തുടർന്നു. പാമ്പ് സംഭവം എന്റെ മനസ്സിൽ വളരെ കുറ്റബോധം ഉണ്ടാക്കി. കാട്ടിലേക്കുള്ള യാത്രകളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് ഇത്. കാട്ടിൽ വെച്ച് ഷൂസ്  ,ബാഗ്, വസ്ത്രങ്ങൾ എന്നിവ അഴിച്ചു വെക്കേണ്ട അവരം ഉണ്ടാകുകയാണെങ്കിൽ , തിരിച്ചു വന്നു അത് കൈ കൊണ്ട് എടുക്കന്നതിനു മുൻപ് ഒരു വടി കൊണ്ടോ മറ്റോ തട്ടി നോക്കി ഇഴ ജന്തുക്കൾ ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കണം എന്ന കാട്ടു യാത്രകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അറിയാമായിരുന്നിട്ടും ഞാൻ അവരോടു പറഞ്ഞില്ല എന്നതാണ് എന്നിൽ വിഷമം ഉണ്ടാക്കിയത്. അതെ പോലെ തന്നെ പ്രധാനമാണ് കാട്ടിലൂടെ ഉള്ള കൂട്ടം ചേർന്നുള്ള നടപ്പ്. വരി വരി ആയി ആണ് സാധാരണ  നടക്കുക  എങ്കിലും ഒരു നിശ്ചിത അകലത്തിൽ വേണം എപ്പോഴും കാട്ടിലൂടെ നടക്കാൻ. മുൻപേ നടക്കുന്ന ആൾ വകഞ്ഞു മാറ്റി വിടുന്ന മരച്ചില്ലകളോ, കമ്പുകളോ പുറകിൽ നടക്കുന്ന ആളുടെ ശരീരത്തിൽ കൊണ്ട് മുറിവേൽക്കുന്നത് പല തവണ കണ്ടിട്ടുണ്ട്. ഇനി ഒരിക്കലും ഇത് ആവർത്തിക്കാതിരിക്കാൻ  രണ്ടു കാര്യങ്ങളും അവരോടു പറഞ്ഞു കൊടുത്തു യാത്ര വീണ്ടും തുടർന്നു .കാട്ടിൽ സാധാരണ കാണാറുള്ള അട്ടകൾ അവിടെ ഉണ്ടായിരുന്നില്ല എന്നത് കൊണ്ട്  യാത്ര ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു. പക്ഷെ എത്ര ശ്രദ്ധിച്ചു നടന്നിട്ടും വഴിയിലെ മുള്ളുകളും മറ്റും കൊണ്ട് പോറി പലരുടെയും കൈകളും കാലുകളുമൊക്കെ മുറിഞ്ഞിരുന്നു. ആരും അതൊന്നും കാര്യ മാക്കിയില്ല .ഒടുവിൽ നടന്നു നടന്നു ഞങ്ങൾ അവസാനം വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്ത്‌ എത്തിച്ചേർന്നു. അവിടെ പ്രകൃതി ഒരുക്കിയ ഒരു ചെറിയ "സ്വിമ്മിംഗ് പൂൾ" ആണ് ആദ്യം കാഴ്ചയിൽ പെട്ടത് . മുകളിൽ നിന്നും ഒലിച്ചു വരുന്ന വെള്ളം  ഈ കുളത്തിൽ വീണു അതിലൂടെ ആണ് വെള്ളച്ചാട്ടം ഉണ്ടാകുന്നത്. കുളത്തിൽ നിന്നും പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് വളരെ കുറവായാതിനാൽ താഴെ കാര്യമായ വെള്ളച്ചാട്ടം ഉണ്ടാകില്ല എന്ന് ബോധ്യമായി.കുറെ സമയം മുകൾഭാഗത്ത്‌ ചിലവഴിച്ച ശേഷം ക്ഷീണം എല്ലാം മാറ്റി ഞങ്ങൾ താഴത്തെ വെള്ളച്ചാട്ടം കാണാൻ ഇറങ്ങി. ഇത്രയും നേരം  നടന്നു വന്ന വഴിയില്ലാത്ത കാടിനേക്കാൾ ഭീകരം  ആയിരുന്നു താഴേക്കുള്ള യാത്ര. മുകളിലേക്ക് ഉയർന്നു നില്കുന്ന മരങ്ങളോ മുൾചെടികളോ അവിടെ ഇല്ലായിരുന്നു. പക്ഷെ താഴെ നിറയെ വലിയ കനത്തിലുള്ള പേരറിയാത്ത വള്ളികളും അതിന്റെ ഇലകളും പടർന്നു കിടക്കുകയായിരുന്നു. വെട്ടിക്കളയാൻ പറ്റാത്ത വണ്ണം നിറഞ്ഞു പരന്നു കിടക്കുന്ന അതിന്റെ ഇടയിലൂടെ കാൽ വെച്ച് വേണം നടന്നു പോകാൻ.  അടുത്ത കാലത്തൊന്നും ഒരാൾ  പോലും അതിലൂടെ കടന്നു പോയതിന്റെ അടയാളം അവിടെ ഒന്നും കണ്ടില്ല .ഇതിന്റെ ഇടയിൽ ഇഴ ജന്തുക്കൾ ഉറപ്പായും കിടക്കുന്നുണ്ടാകും. ഒപ്പം ഉള്ള സ്ത്രീകൾ എല്ലാവരും ചെരിപ്പുകൾ ആണ് ധരിച്ചിരിക്കുന്നത്‌. കാലിൽ പോറിയത് പാമ്പാണോ മുള്ളാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയില്ല. എന്തും വരട്ടെ എന്നും വിചാരിച്ചു ചേട്ടന്റെ പുറകെ വരി വരി ആയി താഴേക്കിറങ്ങി.മൂന്നു തട്ടുകളിലായി ആണ് ഈ വെള്ളച്ചാട്ടം കിടക്കുന്നത്. ഒന്നും രണ്ടും തട്ടുകളിലേക്ക് നമ്മുക്ക് ഇറങ്ങി ചെല്ലാം, മൂന്നാമത്തെ തട്ട് ഒട്ടും ഇറങ്ങി ചെല്ലാൻ പറ്റാത്ത അവസ്ഥയിലുള്ള ഒരു കാട് പിടിച്ച ഗർത്തമാണ്. മഴക്കാലത്ത്‌ ഈ വെള്ള ചാട്ടങ്ങളുടെ അടുത്തേക്ക് പോലും എത്തി ചേരാൻ പറ്റില്ല.  വെള്ളം കുറഞ്ഞാൽ കാണാൻ ഒട്ടും ഭംഗി ഉണ്ടാകുകയും ഇല്ല. ഉള്ള വെള്ളച്ചാട്ടത്തിന്റെ നേരെ മുൻപിൽ നിന്ന് ഒരു ഫോട്ടോ എടുക്കാൻ പോലും പറ്റാത്ത തരത്തിൽ ആണ് അവിടത്തെ ഭൂപ്രകൃതി .മനുഷ്യർക്ക്  ആസ്വദിക്കാൻ പിടി തരാതെ പ്രകൃതി ദേവി ഈ സൌന്ദര്യം മുഴുവൻ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് എന്ന് അവിടെ നിന്നപ്പോൾ തോന്നിപ്പോയി.പ്രതീക്ഷിച്ചത് പോലെ തന്നെ വെള്ളച്ചാട്ടത്തിൽ വെള്ളം വളരെ കുറവായിരുന്നു. ഒരു വലിയ വെള്ളച്ചാട്ടം തന്നെ ആയിരുന്നു അത് എന്ന് അവിടത്തെ പാറകൾ കണ്ടാൽ അറിയാം. പക്ഷെ ഇപ്പോൾ ഒരു ഭാഗത്ത്‌ കൂടി മാത്രമേ വെള്ളം വീഴുന്നുള്ളൂ. ഏറ്റവും മുകളിൽ നിന്നും വെള്ളം ചാടിവന്നു പാറകളിൽ തട്ടി ചിതറിതെറിച്ചു പോകുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. വെള്ളം വീണു പൂപ്പൽ പിടിച്ചു പച്ച നിറത്തിൽ ആയിരുന്നു പാറകൾ എല്ലാം. . ബാഗുകൾ എല്ലാം  കുറച്ചകലെ ഒരു പാറപ്പുറത്ത് വെച്ച് എല്ലാവരും കുളിക്കാൻ ഇറങ്ങി. നല്ല തണുത്ത വെള്ളം. മുകളിൽ നിന്നും വീഴുമ്പോൾ ആരോ മസ്സാജ് ചെയ്യുന്നത് പോലെ തോന്നി. കണ്ണുകളടച്ചു കുറെ സമയം ആ സുഖത്തിൽ മുഴുകി നിന്നു . അത്രയും സമയം നടന്നു വന്ന ക്ഷീണവും, ചെറിയ മുറിവുകളുടെ നീറ്റലും  വിയർപ്പും എല്ലാം ആ വെള്ളത്തിൽ കഴുകിക്കളഞ്ഞു. ഞാനൊഴികെ എല്ലാവരുടെയും ആദ്യത്തെ അനുഭവം ആയിരുന്നു കൊടുംകാട്ടിലെ തണുത്ത വെള്ളത്തിലെ പ്രകൃതിയുടെ "ഷവറിലെ" ഈ കുളി. ആണ്‍ - പെണ്‍ വ്യതാസം ഇല്ലാതെ എല്ലാവരും ഒരുമിച്ചു നിന്നു  ആ അനുഭവം ശരിക്കും ആസ്വദിച്ചറിഞ്ഞു.കുറെ നേരം കഴിഞ്ഞപ്പോൾ അവിടത്തെ കുളി മതിയാക്കി അതെ വസ്ത്രത്തോടെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിലേക്ക് പുറപ്പെട്ടു.നേരെ താഴേക്ക്‌ ഇറങ്ങി രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ എത്താൻ വഴിയൊന്നും ഇല്ല .ആദ്യം ഇറങ്ങി വന്ന വഴിയെക്കാൾ കൂടുതൽ ദൂരം അതിനേക്കാൾ വലിയ വള്ളിപടർപ്പുകൾ കടന്നു, കുറെ ദൂരം ചുറ്റി വളഞ്ഞു വേണം വേണം അവിടെ എത്താൻ. അതും ഒരു കണക്കിന് നടന്നു തീർത്തു . പല കാടുകളിൽ നടന്നിട്ടുണ്ട് എങ്കിലും നിലത്തു വീണു കിടക്കുന്ന കാട്ടു വള്ളികളുടെയും ഇലകളുടെയും  ഇടയിൽ എവിടെയാണ് കാലു വെക്കുന്നത് എന്നറിയാതെ ഈ ജീവനെ  വെറും ഭാഗ്യത്തിന് വിട്ടു കൊടുത്തു നടക്കുന്നത് ആദ്യമായിട്ടായിരുന്നു.രണ്ടാമത്തെ വെള്ളച്ചാട്ടം ആദ്യത്തെതിനേക്കാൾ നാലിരട്ടി വിസ്തൃതി ഉള്ളതായിരുന്നു. ഒരു ഭാഗത്ത്‌ മാത്രമേ അവിടെയും വെള്ളം ഉണ്ടായിരുന്നുള്ളൂ. പക്ഷെ വെള്ളം എപ്പോഴും  വീണു പച്ചനിറത്തിലുള്ള പൂപ്പൽ പിടിച്ച വലിയ പാറകൾ, അവക്കിടയിലൂടെ വളര്ന്നു വന്ന മരങ്ങളുടെ വേരുകൾ എല്ലാം ചേർന്ന ഒരു പ്രത്യേക കാഴ്ച ആയിരുന്നു അവിടെ. അടുത്ത തവണ മഴക്കാലത്ത് ഇവിടെ വരണം. എന്ത് തന്നെ സംഭവിച്ചാലും ഈ മനോഹര കാഴ്ച പൂർണമായും ക്യാമറയിലും, മനസിലും ഒപ്പിഎടുക്കണം. മനസ്സിൽ അങ്ങിനെ തീരുമാനിച്ചുറപ്പിച്ചു.അരുണും സജിയും വലിയ പാറകളിൽ വലിഞ്ഞു കയറിയും, വെള്ളച്ചാട്ടത്തിന്റെ അടിയിലെ പാറകളിൽ മലർന്നും കമിഴ്ന്നും കിടന്നു കാട്ടിലെ കുളിയും ആ പ്രദേശത്തിന്റെ ഭംഗിയും  ശരിക്കും ആസ്വദിക്കുണ്ടായിരുന്നു. ഒരു പാട് സമയം എടുത്ത് രണ്ടു സ്ഥലത്തെയും കുളികൾ കഴിഞ്ഞു ഒരു പാറപ്പുറത്തിരുന്നു എല്ലാവരും ഭക്ഷണം കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നു. ഹോട്ടലിലെ വെറും വെജിറ്റെറിയൻ ഭക്ഷണം ആയിട്ട് പോലും എല്ലാവരും നല്ല ആർത്തിയോടെ കഴിച്ചു, ബാക്കി വന്നതും  ഭക്ഷണം കഴിച്ച പേപ്പർ   പാത്രങ്ങളും എല്ലാം ഒരു കവറിൽ ആക്കി ബാഗിൽ തന്നെ എടുത്തു വെച്ചു. ഈ മനോഹര സ്ഥലത്ത് ഞങ്ങളുടെതായി കുറച്ചു കാൽപാടുകൾ മാത്രമേ അവശേഷിക്കാവൂ എന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു.വന്ന വഴിയിലൂടെ ആയിരുന്നില്ല ഞങ്ങളുടെ മടക്ക യാത്ര. വഴികാട്ടി ചേട്ടനോട് കാരണം തിരക്കി. നമ്മൾ വന്ന വഴിയിൽ ആനകൾ ഉണ്ടായിരുന്നു എന്നും നേരിട്ട് കണ്ടില്ല എങ്കിലും വളരെ അടുത്തുള്ള പോലെ ഉള്ള മണം കിട്ടിയെന്നും പാമ്പിനെ കണ്ടു പേടിച്ച നിങ്ങളോട് ഇത് കൂടി പറയണ്ട എന്ന് വിചാരിച്ചാണ് പറയാതിരുന്നതെന്നും ചേട്ടൻ എന്നോട് മാത്രമായി പറഞ്ഞു. പലയിടത്തും ആന പിണ്ടങ്ങൾ കണ്ടിരുന്നു എങ്കിലും ഇത്ര അടുത്ത് കൂടി ആണ് കടന്നു വന്നത് എന്നെനിക്കറിയില്ലായിരുന്നു.ഒരു സ്ഥലത്ത് വെച്ച് ആന മൂത്രത്തിന്റെ രൂക്ഷഗന്ധം അൽപ സമയം അനുഭവപ്പെട്ടത് മനസ്സിൽ ഓർമ്മ വന്നു. ചിലപ്പോൾ ആ ഭാഗത്തായിരിക്കും ആന നിന്നിട്ടുണ്ടാകുക . ഉത്തരയെ ആന പിണ്ഡത്തിന്റെ അടുത്ത് നിർത്തി  പല തവണ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.
ഈ യാത്രയിൽ എന്നെ അമ്പരപ്പിച്ചത്  ഒമ്പത് വയസ്സുകാരിയായ ഉത്തരയാണ്. ഒരു പരാതിയും പറയാതെ , കാര്യമായി ഒന്നും സംസാരിക്കാതെ, കാടിനെ തികച്ചും ആസ്വദിച്ചു കൊണ്ടായിരുന്നു നടപ്പ്. മുള്ളുകൾ കൊണ്ട് പലയിടത്തും മുറിഞ്ഞെങ്കിലും അത് പോലും കാര്യം ആകാതെ ഉള്ള നടപ്പ് ഒരു പാട് ഇഷ്ടമായി .വീട്ടിൽ സ്വന്തം ആയി കാടുള്ളത് കൊണ്ടാകും കാടിനോടുള്ള ഈ പരിചിത ഭാവം എന്ന് തോന്നി.ആന പിണ്ടങ്ങൾ ഒരു പാട് കണ്ടെങ്കിലും വഴിയില്ലാത്ത , വഴിയറിയാത്ത ഈ കാട്ടിൽ വെച്ച് ആനയെ ഒരിക്കലും കണ്ടു മുട്ടരുതേ എന്ന ആഗ്രഹത്തോടെ നടന്നു ഞങ്ങൾ സുരക്ഷിതരായി രാവിലെ നടന്നു കയറിയ അരുവിയുടെ അടുത്ത് എത്തി ചേർന്നു. ഇനി റോഡിലേക്ക് കുറച്ചു ദൂരം മാത്രം. കുറെ പേടിച്ചെങ്കിലും ആർക്കും കാട് വിട്ടു നാട്ടിലേക്ക് കയറാൻ താല്പര്യം ഉണ്ടായിരുന്നില്ല. ആദ്യത്തെ യാത്രയിൽ തന്നെ അരുണും,സജിയും ,ദിവ്യയും, മീനയുമെല്ലാം കാടിനെ അത്രയേറെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.വഴികാട്ടി ചേട്ടന് പണവും കൊടുത്തു വീട്ടിൽ കൊണ്ട് വിട്ടു തിരികെ വരാം എന്നും പറഞ്ഞു സജിയും അരുണും യാത്രയായി. ഞാൻ മറ്റുള്ളവരെയും കൊണ്ട് അരുവിയിലേക്ക് ഇറങ്ങി നാട്ടിൻപുറത്തെ പുഴകളിലും തോടുകളിലും സൗജന്യമായി കിട്ടുന്ന "ഫിഷ്‌ സ്പാ" അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. ആ അരുവിയിൽ നിറയെ പരൽ മീനുകൾ ആയിരുന്നു. കാല് വെറുതെ വെച്ച് കൊടുത്താൽ മതി. നിമിഷങ്ങൾ കൊണ്ട് നമ്മുടെ കാലിനെ ആ മീനുകൾ വൃത്തിയാക്കിത്തരും.എറണാകുളത്തെ ഒബെരോണ്‍ മാള്ളിൽ നാനൂറു രൂപയാണ് ഒരു തവണ ഫിഷ്‌  സ്പാ ചെയ്യാൻ എന്ന് മീനക്കും ദിവ്യക്കും അറിയാമായിരുന്നു. അത് കൊണ്ട് തന്നെ സൌജന്യം ആയി കിട്ടുന്ന ഫിഷ്‌ സ്പാ എല്ലാവരും ശരിക്കും മുതലാക്കി
.


ഏകദേശം ഒരു മണിക്കൂർ അവിടെ സംസാരിച്ചും ഫിഷ്‌ സ്പാ ചെയ്തും സമയം ചിലവഴിച്ചു അവസാനം ഞങ്ങൾ മനസ്സില്ലാ മനസ്സോടെ ആ സുന്ദര ലോകത്തോട്‌ വിട പറഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം..പുതിയ സൌഹൃദങ്ങൾ തന്ന ഒരു ദിവസം. അടുത്ത് തന്നെ മറ്റൊരു യാത്രയിൽ വീണ്ടും കണ്ടുമുട്ടാം എന്നും പറഞ്ഞു പരസ്പരം കൈകൾ കൊടുത്തു ഈ മനോഹരം ആയ യാത്ര അവസാനിപ്പിച്ചു.====================================================================

Monday, April 13, 2015

പാപ്പിളി താച്ചിയമ്മൻ കോവിൽ ട്രെക്കിംഗ്

തമിഴ് നാട്ടിലെ പേര് കേട്ട ഹിൽ സ്റ്റേഷൻ ആയ കൊടൈക്കനാലിൽ നിന്നും നാൽപതു കിലോമീറ്റർ അകലത്തിൽ കിടക്കുന്ന ഒരു കാർഷിക ഗ്രാമമാണ് ഗുണ്ടുപെട്ടി. വാഹന സൗകര്യം വളരെ കുറവായത് കൊണ്ടും അധികം ആർക്കും അറിയാത്തത് കൊണ്ടും സഞ്ചാരികൾ വളരെ കുറവ് മാത്രം എത്തുന്ന ഒരിടം. ആധുനികതയുടെ കടന്നു കയറ്റം ഒട്ടും ഇല്ലാത്ത കാടും കൃഷിയിടങ്ങളും വന്യ മൃഗങ്ങളും ഉള്ള ഒരു തമിഴ്‌നാടൻ ഗ്രാമം. അവിടെ കുറെ കാടും കൃഷി സ്ഥലങ്ങളും  ഉള്ള ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ്  കഴിഞ്ഞ വിഷുക്കാലത്ത് കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം  അവിടെ എത്തിപ്പെട്ടത് . അവിടത്തെ തണുത്തുറഞ്ഞ മലമുകളിൽ  ടെന്റുകൾ കെട്ടി, ഭക്ഷണം പാചകം ചെയ്തും,  മൊബൈലിൽ നിന്നും രക്ഷപെട്ടും കുറച്ചു ദിവസ്സങ്ങൾ ചിലവഴിക്കുന്നതിന്റെ ഇടയിലാണ് അവിടെ അടുത്തുള്ള പാപ്പിളി താച്ചിയമ്മൻ കോവിലിനെ കുറിച്ച് ഞങ്ങൾ അറിഞ്ഞത്.

യാത്രയുടെ തുടക്കം 


ഇവിടെ അടുത്ത് മലയുടെ മുകളിൽ ഒരു അമ്പലം  ഉണ്ട് എന്നും കുറച്ചു നടക്കാൻ തയ്യാറാണെങ്കിൽ ഒരു ആളെ വഴികാട്ടി ആയി വിടാമെന്നും ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമ ആയ സൂസി ചേച്ചി പറഞ്ഞു. ചേച്ചി ഇതുവരെ പോയിട്ടില്ല എന്നും രാവിലെ പോയാൽ ഉച്ചക്ക് മുൻപേ മടങ്ങി എത്താം എന്നും കേട്ടപ്പോൾ ഒരു ചെറിയ യാത്ര ആണ് എന്നും കരുതി ഉടനെ സമ്മതം മൂളി. കാടിനെ ഒരു പാട് ഇഷ്ടമായത് കൊണ്ടും ഒപ്പം ഉള്ളവർ സാഹസികതയെ ഇഷ്ടപ്പെടുന്നവരും ഇടയ്ക്കു കാട്ടിൽ പോകുന്നവർ ആയതു കൊണ്ടും അവരോടു ചോദിക്കാതെ തന്നെ ചേച്ചി വഴി ഒരു ഗൈഡിനെയും ഏർപ്പെടുത്തി. അങ്ങിനെയാണ് മലയാളികൾ ഇതുവരെ പോയിട്ടുണ്ടാകാൻ ഒരു സാധ്യതും ഇല്ലാത്ത തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിലെ മല മുകളിലെ "പാപ്പിളി താച്ചിയമ്മൻ കോവിൽ" തേടി ഒരു സാഹസിക യാത്ര തുടങ്ങിയത്.കൊടൈക്കനാലിൽ നിന്നും ഗുണ്ട് പെട്ടി എത്തുന്നതിനു ഏകദേശം മൂന്നു കിലോമീറ്റർ അകലത്തിൽ ആയി കൂക്കാൽ എന്ന ഒരു തടാകം ഉണ്ട്. മനോഹരം ആയ ഒരു ചെറിയ തടാകം,  ഏതു കാലാവസ്ഥയിലും വെള്ളം നിറഞ്ഞു കിടക്കുന്ന, സ്ഥിരം ആയി വന്യ മൃഗങ്ങൾ വെള്ളം കുടിക്കാൻ  വരുന്ന ആ തടാകത്തിന്റെ അടുത്ത് ഗൈഡ് കാത്തു നില്ക്കാം എന്നു പറഞ്ഞിരുന്നു. ഞങ്ങളുടെ വണ്ടി അവിടെ എത്തുമ്പോഴേക്കും ആൾ അവിടെ എത്തി ചേർന്നിരുന്നു. നല്ല ഉറച്ച ശരീരം ഉള്ള  ഒരു ചെറുപ്പക്കാരൻ. സെൽവൻ എന്നാണ് പേര്. ഒപ്പം ഭാര്യയുടെ അനുജനാണ് എന്നും പറഞ്ഞു മറ്റൊരാളെയും പരിചയപ്പെടുത്തി തന്നു.സെൽവൻ പാപ്പിളി താച്ചിയമ്മൻ കൊവിലിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു. ഇവിടത്തെ ഒരു മലമുകളിൽ ആണ് അമ്പലം. ഇരു വശത്തേക്കുമായി ഏകദേശം പന്ത്രണ്ടു കിലോമീറ്റർ നടക്കണം. കാട് മുഴുവൻ കോടമഞ്ഞ്‌ മൂടി കിടക്കുകയാണ് . വർഷത്തിൽ ഒരിക്കൽ , അതായതു തമിഴ് പുതുവർഷ ദിനത്തിൽ മാത്രമേ ആളുകൾ അങ്ങോട്ട്‌ പോകാറുള്ളൂ. അത് കൊണ്ട് തന്നെ കൃത്യമായ ഒരു വഴി ഇല്ല. പലയിടത്തും വഴി വെട്ടി പോകേണ്ടി വരും. പിന്നെ വന്യമൃഗങ്ങൾ ഉണ്ട്, കാട്ടുപോത്താണ് കൂടുതൽ.  എന്നെല്ലാം പറഞ്ഞു തന്നു. പിന്നെ എന്റെ അഞ്ചു വയസ്സുകാരൻ മകനെയും, എന്റെയും സുഹൃത്തിന്റെയും ഭാര്യമാരെയും കണ്ടപ്പോൾ  ഇവരെയും  കൊണ്ട് ഇത്രയും വഴി പോയി തിരിച്ചു വരിക ബുദ്ധി മുട്ടായിരിക്കും എന്നും കൂട്ടി ചേർത്തു.കുട്ടിയേയും ഭാര്യമാരെയും കുറിച്ച് താങ്കൾ പേടിക്കേണ്ട എന്നും ഞങ്ങൾ ഇത്തരത്തിൽ കുറച്ചു യാത്രകൾ നടത്തിയിട്ടുണ്ട് എന്നും, കൊടൈക്കനാലിൽ വെറുതെ ടൂറു വന്നവർ അല്ല എന്നും, ഇന്നലെ രാത്രി മലമുകളിൽ ടെന്റിൽ ആണ് ഉറങ്ങിയത് എന്നും   എല്ലാം  പറഞ്ഞു ഞങ്ങളെ ഞങൾ തന്നെ പുകഴ്ത്തി പറഞ്ഞു സെൽവനെ ആശ്വസിപ്പിച്ചു. നിങ്ങൾ നടക്കാൻ തയ്യാറാണെങ്കിൽ ഞങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് മകനെ ഞങ്ങൾ മാറി മാറി എടുത്തോളാം എന്നും സെൽവൻ അറിയിച്ചു. അതിന്റെ ആവശ്യം വരികയാണെങ്കിൽ പറയാമെന്നും പറഞ്ഞു ഞങ്ങൾ യാത്ര തുടങ്ങി.


ആർക്കും മനസ്സിൽ ചെറിയ പേടി പോലും ഉണ്ടായിരുന്നില്ല. പ്രതീക്ഷിക്കാതെ കൊടൈക്കനാലിൽ കിട്ടിയ ഒരു ട്രെക്കിംഗ്. അതും ഒരു അപൂർവ സ്ഥലത്തേക്ക്. ഭയത്തോടെ പിന്മാറിയാൽ ഇനി ഇത്തരം ഒരു യാത്ര വീണ്ടും നടത്താൻ കഴിയില്ല എന്ന് ഉറപ്പായിരുന്നു. ജീവിത്തിൽ ഒരിക്കലും മറക്കാത്ത അനുഭവവും ആയി ഞങ്ങൾ സുരക്ഷിതരായി മടങ്ങി എത്തും എന്നും മനസ്സിൽ പറഞ്ഞു നടപ്പ് തുടങ്ങി.


വെള്ളവും, ലഘു ഭക്ഷണവും,   കത്തികളും, വാക്കിംഗ് സ്റിക്കുകളും ആയി പച്ച പിടിച്ച മനോഹരമായ കൃഷി സ്ഥലങ്ങളിലൂടെ കുറച്ചു ദൂരം നടന്നു. പലയിടത്തും വിളവെടുപ്പിനു പാകം ആയ കാബേജു വളര്ന്നു നില്ക്കുന്നത് കണ്ടു. ഏകദേശം അരകിലോമീറ്റർ നടന്നപ്പോൾ തന്നെ കാട് തുടങ്ങി. നല്ല പച്ച വിരിച്ച, വെയിൽ അധികം കടന്നു വരാത്ത , തണുത്തുറഞ്ഞ കാട്. സെൽവൻ കത്തിയുമായി ആദ്യം നടന്നു. പിറകിൽ സെൽവന്റെ അളിയൻ, പിന്നെ ഞാനും ഭാര്യ ചിത്രയും മകൻ ആദിത്യനും, പിന്നെ സുഹൃത്തുക്കൾ ആയ ടോണിയും ഭാര്യ പ്രിയയും, രാജു ചേട്ടനും ശ്രീകാന്തും. ആകെ ഒമ്പത് പേർ ...വരി വരി ആയി ആ തണുപ്പും കാടും ആസ്വദിച്ചു  കാട്ടിലൂടെ നടന്നു.


Add caption


സുര്യൻ ഉദിച്ചിട്ട് കുറെ നേരം ആയിട്ടും വെളിച്ചം  ഒട്ടും തന്നെ കടന്നു വരാത്ത തരത്തിൽ ആയിരുന്നു പലയിടത്തും കാട്. കേരളത്തിലെ കാടുകളിലെ മരങ്ങളുമായി ഒട്ടും സാമ്യം ഇല്ലാത്ത ചെറുതും വളരെ വലുതും ആയ പേരറിയാത്ത മരങ്ങൾ ആയിരുന്നു നിറയെ. കോട മഞ്ഞു നിറഞ്ഞിരുന്നതിനാൽ വളരെ ചുരുങ്ങിയ ദൂരത്തേക്കു മാത്രമേ കാഴ്ച ഉണ്ടായിരുന്നുള്ളൂ. ഉണങ്ങിയ ഇലകൾ വഴി നിറയെ വീണു കിടക്കുന്നുണ്ടായിരുന്നു. പല മരങ്ങളുടെയും വേരുകൾ മണ്ണിൽ നിന്നും പുറത്തേക്കു നീണ്ടു കിടന്നിരുന്നു. അവക്കിടയിൽ ഇലകൾ മൂടി കിടക്കുന്നത് കൊണ്ട് നടക്കാൻ ഒട്ടും എളുപ്പം അല്ലായിരുന്നു. ചിലപ്പോൾ കാലെടുത്തു വെക്കുന്നത് ഇലകൾ മൂടി കിടക്കുന്ന ചെറിയ കുഴികളിലോ, മരവേരുകളുടെ ഇടയിലോ  ആണെങ്കിൽ വീണു കലോടിഞ്ഞോ മറ്റോ അപകടം ഉറപ്പായിരുന്നു. വാക്കിങ്ങ് സ്റിക്കുകളും അത് ഇല്ലാത്തവരുടെ കയ്യിൽ  കാടിന്റെ തുടക്കത്തിൽ നിന്നും  വെട്ടിയെടുത്ത കമ്പുകളും ഉണ്ടായിരുന്നു. അത് കൊണ്ട് ഓരോ  ചുവടും വെക്കുന്നതിനു മുൻപ് കുത്തി നോക്കി ചതിക്കുഴികൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ആണ് നടന്നിരുന്നത്. അതിനാൽ സാധാരണ നടക്കുന്നതിന്റെ ഇരട്ടി സമയം എടുത്തായിരുന്നു ഞങ്ങളുടെ സംഘത്തിന്റെ നടപ്പ്.മകനെ കാട്ടിലെ സുരക്ഷിത പാതകളിൽ എല്ലാം നടത്തിപ്പിച്ചു. പല തവണ ചെറിയ ചെറിയ കാടുകൾ കയറിയ പരിചയം കാരണം അവൻ നടക്കാൻ ഒട്ടും മടി കാണിച്ചില്ല എന്നത് വളരെ ആശ്വാസകരം ആയ കാര്യം ആയിരുന്നു. നടക്കാൻ കഴിയാത്ത ഇടത്തും കുറെ നേരം നടക്കുമ്പോൾ ക്ഷീണം തോന്നുബോളും ഞാൻ അവനെ ചുമലിൽ ഏറ്റി നടന്നു. പതിനാറു കിലോഗ്രാം ഭാരം ചുമലിൽ ഏറ്റി വടിയും കുത്തി കാട്ടിലൂടെ നടക്കുന്നത് ആദ്യമായിട്ടായിരുന്നു തണുത്ത അന്തരീക്ഷത്തിൽ കാട്ടിലൂടെ മല കയറുന്നത് തികച്ചും രസകരം ആയ ഒരു അനുഭവം ആയി തോന്നി. എത്ര നടന്നിട്ടും കയറ്റം കയറിയിട്ടും ശരീരം ഒട്ടും വിയർക്കുന്നില്ല എന്നത് ഒരു പുതിയ അനുഭവം ആയിരുന്നു. വെള്ളം കുടിക്കുകയോ ഇടയിൽ വിശ്രമിക്കാൻ നില്ക്കുകയോ ചെയ്യാതെ  ആയിരുന്നു ഞങ്ങളുടെ സംഘത്തിന്റെ നടപ്പ്.


കാട്ടിലൂടെ ഏകദേശം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പെട്ടെന്ന്  കാട്ടിലെ മരച്ചില്ലകൾ ഒടിയുന്ന ശബ്ദവും അത്ര പരിചിതമല്ലാത്ത മുരളിച്ചയും എന്തൊക്കെയോ  ഓടുന്ന ശബ്ദവും കേട്ട് എല്ലാവരും നടത്തം നിറുത്തി ഒരുമിച്ചു നിന്നു. ശബ്ദം ഒട്ടും ഉണ്ടാക്കാതെ ചുറ്റു വട്ടമെല്ലാം നോക്കി.കോട മഞ്ഞു   കാരണം അല്പം അകലേക്ക്‌ പോലും കാണാൻ വയ്യാ. കാട്ടിലേക്ക് പോയിട്ടുള്ള ചെറിയ പരിചയം മൂലം ശബ്ദം ഉണ്ടാക്കി കടന്നു പോയത് കാട്ടുപോത്താണോ എന്ന് മനസ്സിൽ ഒരു ശങ്ക തോന്നി. ഗൈഡ് സെൽവനോട് കാര്യം തിരക്കി. കാട്ടുപോത്താണ് എന്നും നമ്മളെയോ വേറെ വഴിയിലൂടെ  കാടു കയറി വരുന്ന  ആളുകളെയോ കണ്ട് പേടിച്ചതാകും അത് എന്ന് സെൽവൻ. കോവിലിലേക്ക് പോകുന്ന ആളുകൾക്ക് ആർക്കും അപകടം വരാതെ ദൈവം കാത്തു കൊള്ളുമെന്നും പേടി കൂടാതെ ഒപ്പം നടക്കാനും സെൽവൻ ഉപദേശിച്ചു. ഇത്രയും വർഷം ആയിട്ടും കോവിലിലേക്ക് പോയിട്ടുള്ള ഒരാളെയും മൃഗങ്ങൾ ആക്രമിച്ചിട്ടില്ല എന്നും സെൽവൻ പറഞ്ഞു.


അല്പം നടന്നപ്പോൾ കാട്ടുപോത്തുകൾ ചവിട്ടി തകർത്തു ഓടിയ സ്ഥലം കണ്ടു. ഒരു ചെറിയ നീർച്ചാൽ ആയിരുന്നു അവിടെ. നീർച്ചാലിലെ വെള്ളം കുടിക്കാൻ വന്ന അവ ഞങ്ങളുടെ ശബ്ദം കേട്ട് ഭയന്നോടിയതായാണ് ആ സ്ഥലം കണ്ടപ്പോൾ മനസ്സിലായത്‌. പലയിടത്തായി കുറെ കാല്പാടുകൾ. കുറച്ചു ചെറിയ കമ്പുകൾ മാത്രം  ഒടിഞ്ഞു കിടക്കുന്നു. ഒരെണ്ണം അല്ല മൂന്നിലധികം കാട്ടുപോത്തുകൾ ഉണ്ട് എന്ന് കാൽപാടുകൾ കണ്ടപ്പോൾ ബോധ്യം ആയി.


പാപ്പിളി താച്ചിയമ്മൻ കോവിൽ.
വഴി വെട്ടി വെട്ടി നടക്കേണ്ടി വരും എന്ന് സെൽവൻ പറഞ്ഞിരുന്നു എങ്കിലും അധികം ഒന്നും ചെയ്യേണ്ടി വന്നില്ല. പല സ്ഥലത്തും വഴിയിൽ ചാഞ്ഞു കിടക്കുന്ന ചെറിയ മരച്ചില്ലകളെ  കൈകൾ കൊണ്ട് വകഞ്ഞു മാറ്റി പോകാൻ പറ്റുമായിരുന്നു. കുറെ ദൂരം കൂടി പോയപ്പോൾ കുറെ ആളുകളുടെ ശബ്ദം കേട്ടു. നടന്നു ചെന്നത് അവരുടെ അടുത്തേക്ക് ആയിരുന്നു. സ്തീകളും പുരുഷന്മാരും അത്ര ചെറിയതല്ലാത്ത  കുട്ടികളും അവരോടൊപ്പം ഉണ്ടായിരുന്നു.ആണുങ്ങൾ മിക്കവാറും പേരും വെള്ള ഷർട്ടും മുണ്ടും ആണ് ധരിച്ചിരുന്നത്. സ്ത്രീകൾ സാരികളും.  ഞങ്ങളെ കണ്ടപ്പോൾ അവർ അത്ഭുതത്തോടെ എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിച്ചു. കേരളത്തിലെ കൊച്ചിയിൽ നിന്നാണ് വരുന്നത് എന്നും പറഞ്ഞു  അവരോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു. അവിടെയുള്ള ചെറിയ ഒരു നീർച്ചാലിൽ നിന്നും കൈയ്യിലുള്ള കലങ്ങളിലേക്ക് വെള്ളം നിറയ്ക്കുകയാണ് അവർ. ഈ വെള്ളവും ചുമന്നു കോവിലിൽ എത്തി നമ്മുടെ നാട്ടിലെ അമ്പലങ്ങളിൽ പൊങ്കാല ഇടുന്നത് പോലെ ഇട്ടു ആ പ്രസാദവും കഴിച്ചു വൈകുന്നേരത്തോടെ മാത്രമേ ഇവർ മലയിറങ്ങൂ എന്ന് സെൽവൻ പറഞ്ഞു തന്നു.അങ്ങിനെ നടന്നു നടന്നു ഞങ്ങൾ ഒരു മലയുടെ മുകളിൽ എത്തി. അപ്പോഴാണ്‌  ഇത്രയും സമയത്തിന് ശേഷം സൂര്യനെ വ്യക്തമായി കാണുന്നത്. ചുറ്റുമുള്ള മലകൾ ഞങ്ങൾക്ക് താഴെ ആയിരുന്നു .ഞങ്ങൾ ഒരുപാട് ഉയരത്തിൽ എത്തി എന്ന് മനസ്സിലാക്കിയത് അപ്പോഴാണ്‌. ലക്ഷ്യ സ്ഥാനം എത്താറായോ എന്നറിയാനായി സെൽവനോട് ചോദിച്ചു.സെൽവൻ ഞങ്ങൾ നില്ക്കുന്ന മലയുടെ അറ്റം എന്ന് പറയാവുന്ന, അകലെ കിടക്കുന്ന അല്പം ഉയരത്തിലുള്ള ഒരു ചെറിയ മല കാട്ടി തന്നു. അതിന്റെ മുകളിൽ ആണ് അമ്പലം എന്നും കൂട്ടിച്ചേർത്തു. 


സൂഷിച്ചു നോക്കിയാൽ ആ മല മുകളിൽ മഞ്ഞിനിടയിലൂടെ എന്തോ നീങ്ങുന്നത്‌ പോലെ കാണാമെന്നും അമ്പലത്തിലേക്ക് കയറിയിറങ്ങുന്ന ആൾക്കാരാണ് അതെന്നും സെൽവൻ പറഞ്ഞു തന്നെങ്കിലും പല തവണ നോക്കിയപ്പോൾ ആണ് അത് ബോധ്യപ്പെട്ടത്. മലമുകളിലൂടെ വീണ്ടും നടപ്പ് തുടർന്നു. ഇതിനിടയിൽ മലയുടെ പലഭാഗങ്ങളിൽ നിന്നും ആളുകൾ കയറി വരുന്നുണ്ടായിരുന്നു. ചില സ്ത്രീകൾ വലിയ ഉണങ്ങിയ മരച്ചില്ലകളും കലങ്ങളും തലയിൽ ചുമന്നും കൊണ്ടായിരുന്നു വരവ്. വെള്ളം നിറച്ച കലങ്ങളും,  തടികളും പേറി കൊണ്ടുള്ള അവരുടെ നടപ്പ് കണ്ടപ്പോൾ മകനെയും ചുമലിലേറ്റി നടക്കുന്ന എന്റെ ബുദ്ധിമുട്ട് ഒന്നും അല്ല എന്ന് തോന്നി.


ഞങ്ങൾ നടക്കുന്ന മലയുടെ ഒരു വശം അഗാധമായ കൊക്ക ആയിരുന്നു. കോവിൽ സ്ഥിതി ചെയ്യുന്ന മലയുടെ മുകളിലേക്ക് കയറാൻ  മറ്റൊരു വഴിയും കണ്ടില്ല. വളരെ ശ്രദ്ധയോടെ വേണം ചിലയിടങ്ങളിൽ  നടക്കാൻ. സംസാരിച്ചു നടന്നു അല്പം ശ്രദ്ധ തെറ്റിയാൽ  എവിടെക്കാണ്‌ വീണു പോകുക എന്നറിയില്ല. ഉച്ചയായിട്ടും സൂര്യൻ കത്തി ജ്വലിച്ചിട്ടും കോട മഞ്ഞു ഒട്ടും മാറാത്തതിനാൽ മനോഹരമായ താഴ്വരയുടെ കാഴ്ചകൾ ഞങ്ങൾക്ക് നഷ്ടപ്പെടുകയാണ്എന്ന മറ്റൊരു സത്യവും ഞങ്ങൾ മനസ്സിലാക്കി.  


അവസാനം അമ്പലത്തിന്റെ അടിഭാഗത്ത്‌ എത്തി മുകളിലേക്ക് കയറാനുള്ള വഴി നോക്കിയപ്പോഴാണ് ഈ യാത്രയിൽ ആദ്യമായി ചെറിയ പേടി തോന്നിയത് . അഗാധമായ കൊക്കയുടെ അരുകിലൂടെ , ഒരു വലിയ പാറ കയറി വേണം മുകളിൽ എത്താൻ. പിടിച്ചു കയറാൻ ആകെ ഉള്ളത് അകലങ്ങളിൽ ആയി കുത്തി നിറുത്തിയിരിക്കുന്ന  കുറച്ചു ശൂലങ്ങൾ മാത്രം. അപകടം കൂടാതെ പിടിച്ചു കയറുന്നതിനു  ഒരു കയറു കെട്ടുകയോ പാറയിൽ പടികൾ ഉണ്ടാക്കുകയോ ഒന്നും ചെയ്യാതെ ചെരിഞ്ഞു കിടക്കുന്ന പാറയുടെ മുകളിലൂടെ യാതൊരു സുരക്ഷയും ഇല്ലാതെ കയറുക എന്നത് ശരിക്കും ഭയപ്പെടുത്തി. അവിടെ വന്ന ആളുകൾ ഒരു കൂസലും ഇല്ലാതെ പാറയിൽ ചവിട്ടി കയറി പോകുന്നത് കുറച്ചു നേരം കണ്ടു നിന്നു .  ഇവിടെ വരെ വന്നിട്ട് ഈ കാഴ്ച കൂടി കാണാതെ എങ്ങനെ പോകും എന്ന് വിചാരിച്ചു  ഒരു വിധത്തിൽ  ഓരോ ചുവടുവെപ്പും വളരെ സൂക്ഷിച്ചു വെച്ച് നടന്നു ഞങ്ങളും അമ്പലത്തിൽ എത്തി ചേർന്നു .


ഒരു ഒറ്റമുറി മാത്രം ഉള്ള ചെറിയ അമ്പലം. ഏകദേശം ഇരുന്നൂറോളം ആളുകൾ അവിടെ എത്തി ചേർന്നിട്ടുണ്ട്. ഒരു പൂജാരി എന്തൊക്കെയോ പൂജകൾ ചെയ്യുന്നുണ്ടായിരുന്നു. അമ്പലത്തിനു മുന്പിലായി വലുതും ചെറുതും ആയ കുറെ മണികൾ കെട്ടിയിട്ടിരുന്നു. പലരും അത് പ്രാർത്ഥനാപൂർവ്വം അടിച്ചു നോക്കുന്നുമുണ്ടായിരുന്നു. അവിടെ വന്ന ആളുകളെയെല്ലാം  ശ്രദ്ധിച്ചു നോക്കി. തമിഴ്നാട്ടിലെ ഏറ്റവും സാധാരണക്കാരിൽ സാധാരണക്കാർ ആയ ആളുകൾ ആയിരുന്നു അവർ. ഒരാളിൽ  പോലും ഒരു മൊബൈൽ ഫോണോ , ക്യാമറയോ നല്ല ബാഗുകളോ, വസ്ത്രങ്ങളോ ഒന്നും തന്നെ കണ്ടില്ല.  പലരും ചെരുപ്പ് പോലും ധരിച്ചിട്ടില്ലായിരുന്നു.


സ്ത്രീകൾ പലരും വലിയ കലത്തിൽ വെള്ളം തിളപ്പിച്ച്‌ തുടങ്ങിയിരുന്നു. ആണുങ്ങൾ തീ കത്തിക്കാനായി അവരെ വീശി കൊടുത്തു സഹായിക്കുന്നതും കണ്ടു .മഞ്ഞു വീണു തണുത്ത വിറകു കഷണങ്ങൾ കത്തിച്ചെടുക്കാൻ അവർ കുറെ പാട് പെടുന്നുണ്ടായിരുന്നു  അവരുണ്ടാക്കുന്ന പുകയും കോട മഞ്ഞും ചേർന്നപ്പോൾ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ആയി. ക്യാമറയിൽ എടുക്കുന്ന ചിത്രങ്ങൾ ഒന്നും പോലും ഭംഗി ഉള്ളതായി തോന്നിയില്ല. മഞ്ഞ് ക്യാമറയിലൂടെ കണ്ടപ്പോൾ വെളുത്ത കർട്ടൻ ഇട്ട പോലെ ആണ് തോന്നിയത്.  SLR  ക്യാമറകളും  വാക്കിംഗ് സ്റ്റിക്കും ഞങ്ങളെയും കണ്ടപ്പോൾ    പലരും എവിടെ നിന്നാണ് എന്ന് ചോദിച്ചു. ചോദിച്ചവരോടെല്ലാം കേരളത്തിൽ, കൊച്ചിയിൽ നിന്നാണ് എന്ന് പുഞ്ചിരിയോട്‌ കൂടി മറുപടി നല്കി. അപ്രതീക്ഷിതം ആയിട്ടാണെങ്കിലും ഇവിടെ എത്തി ചേർന്ന ആദ്യത്തെ അന്യനാട്ടുകാർ ഞങ്ങൾ ആയിരിക്കും എന്ന് തോന്നി.


അവിടെ വന്നവർ സാധാരണക്കാരിൽ സാധാരണക്കാർ ആണെന്ന് പറയാൻ മറ്റൊരു കാരണവും ഉണ്ടായിരുന്നു. ഞങ്ങളുടെ കയ്യിലെ SLR ക്യാമറകൾ കണ്ടപ്പോൾ പലരും മുൻപോട്ടു വന്നു അവരുടെ ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു. ഞാനും സുഹൃത്ത്‌ ശ്രീകാന്തും ഞങ്ങളുടെ കയ്യിലെ ക്യാമറകൾ ഉപയോഗിച്ച് അവരുടെ ഫോട്ടോകൾ എടുക്കുകയും അപ്പോൾ തന്നെ   അവരെ കാണിച്ചു കൊടുക്കുകയും ചെയ്തു . പലരും ഭാര്യയെയും മക്കളെയും എല്ലാം വിളിച്ചു കൊണ്ട് വന്നു ഫോട്ടോകൾ എടുപ്പിച്ചു. ചിലർ രണ്ടു മൂന്നു കുടുംബങ്ങളെ ഒന്നിച്ചു ചേർത്ത് വെച്ച് ഫോട്ടോ എടുക്കാൻ പറഞ്ഞു.ചിലര് ഒറ്റക്കും. എല്ലാവരും പറയുന്നത് ക്ഷമയോടെ കേട്ട്  ഞങ്ങൾ രണ്ടു പേരും അവരവരുടെ  ക്യാമറകളിൽ ചിത്രങ്ങൾ പകർത്തുകയും അത് അവരെ കാണിച്ചു കൊടുക്കുകയും ചെയ്തു.


ഓരോ ചിത്രങ്ങളും കാണുബോൾ ചിരിക്കുന്ന അവരുടെ മുഖം എന്ത് കൊണ്ടോ മനസ്സിൽ വേദനയാണ് ഉണ്ടാക്കിയത്. ഈ കാടുകൾക്കിടയിൽ എവിടെയോ താമസിക്കുന്ന പാവങ്ങൾ. ഈ ജീവിതത്തിൽ അവർ കണ്ടിട്ടുള്ള ഏക പട്ടണം ഒരു പക്ഷെ  കൊടൈക്കനാൽ ആയിരിക്കും. ആധുനികതയുടെ സൌകര്യങ്ങൾ ഒന്നും ഇല്ലാതെ, കുറഞ്ഞ കൂലിയിൽ ജോലി ചെയ്തും സ്വന്തമായി കൃഷി ചെയ്തും ജീവിക്കുന്ന  ഒരു കൂട്ടം ജനങ്ങൾ.


ഒരു വലിയ പാറയുടെ മുകളിലാണ് പാപ്പിളി താചിയമ്മൻ കോവിൽ നില കൊള്ളുന്നത്‌. മൂന്നു ഭാഗത്തും അഗാധമായ കൊക്കയാണ്.  ആളുകള് ഒരു ഭയവും കൂടാതെ കൊക്കയുടെ തുമ്പത്ത് പോയി ഇരിക്കുകയും കിടക്കുകയും ചെയ്യുന്നത് തികച്ചും അത്ഭുതം നിറഞ്ഞ കാഴ്ച ആയിരുന്നു. ഈ സ്ഥലത്തിന്റെയും ചുറ്റുപാടുകളുടെയും ഭംഗി ആസ്വദിക്കണമെങ്കിൽ ചിലപ്പോൾ  കുറെ സമയം കാത്തിരിക്കേണ്ടി വരും എന്നും എപ്പോഴാണ് കോടമഞ്ഞ്‌ മാറുക എന്ന് അറിയാൻ പറ്റില്ല എന്നും സെൽവൻ പറഞ്ഞു. പിന്നീടു ഒരിക്കൽ വരികയാണെങ്കിൽ  ഒരു രാത്രി ഇവിടെ താമസിക്കാം എന്നും അല്ലെങ്കിൽ അപ്പുറത്തെ മലയിൽ  ഇരുപതോളം പേർക്ക് താമസിക്കാൻ പറ്റിയ ഗുഹ ഉണ്ടെന്നും വേണമെങ്കിൽ അവിടെയും താമസിക്കാം എന്നും സെൽവൻ. നട്ടുച്ചയ്ക്ക് പോലും തണുപ്പ് തോന്നിപ്പിക്കുന്ന ഈ മല മുകളിൽ രാത്രിയിലെ താമസം എങ്ങനെയായിരിക്കും എന്ന് വെറുതെ ആലോചിച്ചു നോക്കി.


സെൽവനുമായി കൂടുതൽ പരിചയപ്പെട്ടപ്പോൾ ആണ് ആൾ ഒരു "പുലി" ആണെന്ന് മനസ്സിലായത്‌. എനിക്ക് സെൽവനെ പരിചയപ്പെടുത്തി തന്ന സൂസി ചേച്ചി പറഞ്ഞത് അവരുടെ പള്ളിയിലെ ഒരു സഹായി ആണ് എന്നാണ്.   എന്നാൽ സെൽവൻ മുൻപ് ശരിക്കും ഒരു ഗൈഡ് തന്നെ  ആയിരുന്നു. കൊടൈക്കനാലിലെ എല്ലാ  മലകളും വഴികളും  അരച്ച് കലക്കി കുടിച്ച ഒരാൾ. ഗുണ്ട് പെട്ടിയിൽ നിന്നും കൊടൈക്കനാൽ മലയിറങ്ങി താഴെ പഴനി മലയുടെ ഏകദേശം അടുത്ത് എത്താനുള്ള വഴി അറിയാമെന്നും  സെൽവൻ പറഞ്ഞു തന്നു. അതെ പോലെ ആരും ചെരുപ്പ് ഉപയോഗിക്കാത്ത  കൊടൈക്കനാലിലെ വെള്ളഗവി എന്ന ഒരു പാട് പ്രതേകതകൾ ഉള്ള  ഗ്രാമത്തെ കുറിച്ചും, കൊക്കയിലേക്ക് തൊപ്പി വലിച്ചെറിഞ്ഞാൽ കാറ്റ് അത് തിരികെ കൊണ്ട് വന്നു തരുന്ന  HATS VALLEY യെക്കുറിച്ചും കൂടുതൽ കേട്ടറിഞ്ഞത് സെൽവനിൽ നിന്നാണ്.

കുറെ സമയം അവിടത്തെ ആളുകളെ കണ്ടും പ്രകൃതിയെ ആസ്വദിച്ചും, സുഹൃത്തുക്കളോട് സംസാരിച്ചും ഇരുന്നു. പിന്നെ മടക്ക യാത്ര തുടങ്ങി.  ഇനി ഒരിക്കലും വരാൻ സാധ്യത ഇല്ലാത്ത ഒരു സ്ഥലം, ഒരിക്കലും വീണ്ടും കണ്ടുമുട്ടാൻ സാധ്യത ഇല്ലാത്ത ആളുകൾ എല്ലാവരോടും മനസ്സിൽ വിട പറഞ്ഞു. സാധാരണ മടക്കയാത്ര തികച്ചും മടുപ്പ് ഉളവാക്കുന്ന, ക്ഷീണം തോന്നിപ്പിക്കുന്ന ഒന്നാണ്. പക്ഷെ ഇവിടെ തികച്ചും വ്യസ്തമായിരുന്നു. ഒരു ക്ഷീണവും ഇല്ല. വിയർപ്പില്ല. തണുപ്പ് പെയ്തിറങ്ങുന്ന അന്തരീക്ഷത്തിലൂടെ സുഖകരമായ നടപ്പ് തികച്ചും ആനന്ദകരം  ആയിരുന്നു. 


പ്രതീക്ഷിച്ചതിലും വേഗത്തിൽ ഞങ്ങൾ തിരികെ മല ഇറങ്ങി. നടത്തത്തിനു വേഗത കൂട്ടാനായി മകനെ എല്ലാവരും മാറി മാറി എടുത്തു. കയറി പോയ അതെ കാലാവസ്ഥ തന്നെ ആയിരുന്നു മടക്കയാത്രയിലും . മഞ്ഞും തണുപ്പും ചെറിയ ഇരുട്ടും മാത്രം. വന്യ മൃഗങ്ങളുടെ ശബ്ദങ്ങൾ ഒന്നും  കേൾക്കാതെ എവിടെയും തട്ടി വീഴാതെ സുരക്ഷിതരായി ഞങ്ങൾ കൂക്കാൽ തടാകത്തിന്റെ അരികിൽ മടങ്ങിയെത്തി. 


ജീവിതത്തിൽ ഇനി ഒരിക്കലും ആവർത്തിക്കാൻ  സാധ്യതയില്ലാത്തതും  മനോഹരവും അപൂർവവും ആയ ഒരു യാത്രക്ക്  ഞങ്ങളെ സഹായിച്ച സെൽവനും കൂട്ടാളിക്കും അവർ വിചാരിക്കാവുന്നതിനെക്കാൾ കൂടുതൽ  പണവും നന്ദിയും കൊടുത്തു ഞങ്ങൾ മടക്ക യാത്ര തുടങ്ങി. ..