Sunday, December 4, 2011

മാട്ടുമലയിലേക്ക്...

ഓരോ തവണ പോകുമ്പോളും ഓരോ  പുതിയ കാഴ്ചകള്‍ കാട്ടിത്തരാന്‍ അപൂര്‍വ്വം ചില സ്ഥലങ്ങള്‍ക്ക് മാത്രമേ കഴിയൂ . അത്തരത്തില്‍ ഒരു സ്ഥലമാണ് പാലക്കാട്‌ ജില്ലയിലെ നെല്ലിയാംപതി. കുറച്ചു വര്‍ഷം മുന്‍പ് വരെ നെല്ലിയാംപതിയില്‍ പോയിരുന്ന ആളുകള്‍ സീതാര്‍കുണ്ടും , കേശവന്‍ പാറയും കണ്ടു മടങ്ങുകയാണ് പതിവ് . അതിനു ശേഷം കുറച്ചു നാള്‍ മുന്‍പ് വരെ  നെല്ലിയാംപതിയിലെ മാമ്പാറ എന്ന, മോഹന്‍ലാലിന്റെ  ഭ്രമരം സിനിമയിലെ ക്ലൈമാക്സ് ചിത്രീകരിച്ച സ്ഥലമായിരുന്നു  ആളുകളെ ആകര്‍ഷിച്ചിരുന്നത്.  എന്നാല്‍ പറമ്പികുളം ടൈഗര്‍ റിസര്‍വ്  ഏരിയയുടെ വ്യാപ്തി കേന്ദ്ര ഗവേര്‍മെന്റ്റ് വര്‍ധിപ്പിക്കുകയും നെല്ലിയാംപതിയിലെ  പല നല്ല സ്ഥലങ്ങളും,  മാമ്പാറയും ഇതില്‍ വരികയും സന്ദര്‍ശകര്‍ക്ക്   അവിടെക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തു. അതോടെ നെല്ലിയാംപതിയിലേക്കുള്ള സന്ദര്‍ശകരുടെ  വരവ് കുറയുകയും ചെയ്തു.    അങ്ങിനെയാണ് മാമ്പാറ യാത്രയുടെ അത്ര രസകരം അല്ലെങ്കിലും ഏകദേശം അതേപോലെയുള്ള ഒരു സുന്ദരലോകം - മാട്ടുമല -  സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത് . 
മാതൃഭുമിയുടെ യാത്രാ മാഗസിനിലാണ്  മാട്ടുമലയെക്കുറിച്ചു  ആദ്യമായി വായിക്കുന്നത് . ഫോര്‍ വീല്‍ ഡ്രൈവ് ഉള്ള ജീപ്പുകള്‍ക്ക് മാത്രം പോകാവുന്ന മാട്ടുമലയിലേക്കുള്ള റോഡും അവിടത്തെ സുന്ദര കാഴ്ചകളും കാണാന്‍ നെല്ലിയാംപതിയിലേക്ക് ആളുകള്‍ ഒരുപാട് വന്നു തുടങ്ങി എന്ന വാര്‍ത്ത കേട്ടപ്പോള്‍ വീണ്ടും ഒരു തവണ കൂടി നെല്ലിയാപതിയിലേക്ക് പോകാന്‍ ആഗ്രഹം തോന്നി . അല്പം സാഹസികത ഇഷ്ടപ്പെടുന്ന ആളുകള്‍ ഒന്‍പതു  കിലോമീറ്ററോളം നടന്നു  മല കയറി മാട്ടുമലയില്‍ എത്താറുണ്ട് എന്ന് കൂടി കേട്ടപ്പോള്‍ അടങ്ങിയിരിക്കാന്‍ മനസ്സ് കൂട്ടാക്കിയില്ല . അങ്ങിനെയാണ് മാമ്പാറ  യാത്ര അനുഭവിക്കാന്‍ കഴിയാത്ത കുറച്ചു സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് എന്ന മട്ടില്‍  , മാട്ടുമല കാണാന്‍ വേണ്ടി മാത്രമായി  ഒരു നെല്ലിയാംപതി യാത്ര ഞങ്ങള്‍ പ്ലാന്‍ ചെയ്തത് . 
എറണാകുളത്തു നിന്നും പുറപ്പെട്ട പന്ത്രണ്ടു പേരടങ്ങിയ ഞങ്ങളുടെ സംഘം അങ്കമാലി  - കൊടകര  - മണ്ണുത്തി - വടക്കുംചേരി - നെന്മാറ വഴിയാണ് നെല്ലിയാംപതിയിലേക്ക് പുറപ്പെട്ടത്‌ . പോകുന്ന വഴിയില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങളായ കൊടകരയിലെ കുഞ്ഞാലിപ്പാറയും മണ്ണുത്തി - ചെബൂത്രയിലെ പട്ടത്തിപ്പാറയും  ഒഴിവാക്കി നേരെ പോത്തുണ്ടി ഡാമിലാണ് വണ്ടി നിറുത്തിയത് . നെല്ലിയാംപതി യാത്രക്കിടയില്‍ അല്പം വിശ്രമത്തിനായി എല്ലാവരും ഇറങ്ങുന്ന സ്ഥലമാണ്‌  പോത്തുണ്ടി ഡാം. ചുണ്ണാമ്പ് കല്ലും മണ്ണും ശര്‍ക്കരയും ചേര്‍ത്ത് നിര്‍മിച്ച ഏഷ്യയിലെ രണ്ടാമത്തെ ഡാം ആണ് പോത്തുണ്ടി. അധികാരികള്‍ ആരും തിരിഞ്ഞു നോക്കാതെ  നശിച്ചു കൊണ്ടിരിക്കുന്ന ആ ഡാമിന്റെ മുകള്‍ ഭാഗത്ത്‌ ആരും കടക്കാതിരിക്കാന്‍ പണിതുയര്‍ത്തിയ ഗേറ്റ് ചാടിക്കടന്നു അല്പം നേരം ആ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി ഞങ്ങള്‍ യാത്ര തുടര്‍ന്നു - "പാവങ്ങളുടെ ഊട്ടി" എന്നറിയപ്പെടുന്ന നെല്ലിയാംപതിയിലേക്ക് .
നെല്ലിയാംപതിയില്‍ ഇപ്പോഴും ഒരു ATM മോ പെട്രോള്‍ ബങ്കോ ഇല്ല . അതെ പോലെ തന്നെ താമസ്സ സൌകര്യങ്ങളും  വളരെ കുറവാണ് . ഉള്ളതെല്ലാം റിസോര്‍ട്ടുകള്‍ ആണ്.  നെല്ലിയാംപതിയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലത്തില്‍ ഉള്ള ഗ്രീന്‍ ലാന്‍ഡ്‌ റിസോര്‍ട്ടില്‍ ആണ്  ഞങ്ങള്‍ക്ക് താമസ്സ സൗകര്യം കിട്ടിയത് .  ഒരു റൂമിന് 1750 രൂപ.  തേയിലയും കാപ്പിയും ഏലവും വലിയ മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന തോട്ടത്തിനിടയില്‍ പഴയ കുറച്ചു വീടുകള്‍ ,  അതിനെ സുന്ദരമാക്കി മാറ്റി റിസോര്‍ട്ട് ആക്കിയതാണ് . ഭ്രമരം സിനിമ ഷൂട്ട്‌ ചെയ്യാന്‍ വന്നപ്പോള്‍ മോഹന്‍ലാല്‍ ഇവിടെയാണ് താമസിച്ചിരുന്നത് എന്ന്  മുറി തുറന്നു തന്ന റിസോര്‍ട്ട് ജീവനക്കാരന്‍ അഭിമാനത്തോടെ പറയുന്നത് കേട്ടു.
ഊട്ടിയുടെയോ കൊടൈക്കനാലിന്റെയോ അത്ര തണുപ്പ് അനുഭവപ്പെട്ടില്ലെങ്കിലും  സഹിക്കാനാവുന്ന തണുപ്പുമായി രസകരമായിരുന്നു അവിടത്തെ കാലാവസ്ഥ. വീശിയടിക്കുന്ന പാലക്കാടന്‍ കാറ്റും പിന്നെ ഈ തണുത്ത കാലാവസ്ഥയും ചേര്‍ന്നപ്പോള്‍  ചില സമയങ്ങളില്‍ മാത്രം അത് അസഹനീയമായ തണുപ്പായി  തോന്നി . റിസോര്‍ട്ട്കാര്‍ ഒരുക്കി തന്ന " ക്യാമ്പ്‌ ഫയര്‍ " തണുപ്പിനെ അല്പം  അകറ്റി. ഭക്ഷണം കഴിക്കലും , സൌഹൃദ സംഭാഷണങ്ങളും , പാട്ടുപാടലും മറ്റുമായി ഒരു പാട് സമയം ആ കാലാവസ്ഥയുടെ സുഖം  അനുഭവിച്ച ശേഷം  ഞങ്ങള്‍ സുഖമായി ഉറങ്ങി. 
നെല്ലിയാംപതി ടൌണില്‍ നിന്നും ഒന്‍പതു കിലോമീറ്റര്‍ അകലത്തിലാണ്  മാട്ടുമല സ്ഥിതി ചെയ്യുന്നത് .  ഒരു ജീപ്പിനു 600 രൂപയാണ് വാടക മാട്ടുമലയില്‍ യാത്രക്കാരെ കൊണ്ട് പോയി അരമണിക്കൂര്‍ സമയം അവിടെ ചിലവഴിക്കാന്‍ അനുവദിച്ചു  തിരികെ നെല്ലിയാംപതിയില്‍ കൊണ്ട് വിടുന്നതിനാണ് ഈ വാടക .  ഒരു ജീപ്പില്‍ എട്ടു പേര്‍ വരെ കയറിയാലും കുഴപ്പമില്ല. ഏതു ജീപ്പ് വിളിച്ചാലും ഒരേ ചാര്‍ജ് ആയതു കൊണ്ട് സന്ദര്‍ശകരോട്  ജീപ്പുകാര്‍ കൂടുതല്‍ കാശു വാങ്ങി എന്ന പരാതി അവിടെ വരുന്ന ആര്‍ക്കും പറയാന്‍ കഴിയില്ല. പക്ഷെ പതിനാലു കിലോമീറ്റര്‍ ദുര്‍ഗ്ഗടമായ പാതയിലൂടെ സഞ്ചരിച്ചു എത്തുന്ന മാമ്പാറയിലേക്ക്  600 രൂപ വാങ്ങിയിരുന്ന ജീപ്പുകാര്‍ വെറും ഒന്‍പതു കിലോമീറ്റര്‍ മാത്രമുള്ള മാട്ട് മലയിലെക്കും ഈ കാശു വാങ്ങുന്നത്  ഒരു ന്യായമായ കാര്യമായി ഞങ്ങള്‍ക്ക്  തോന്നിയില്ല .
പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ മാട്ടുമലയിലേക്ക്  പുറപ്പെട്ടു . രണ്ടു ജീപ്പുകളില്‍ ആയി നെല്ലിയാംപതി ടൌണില്‍  നിന്നും ഞങ്ങള്‍ യാത്ര തുടങ്ങി. ഏകദേശം അര കിലോമീറ്റര്‍ സാധാരണ റോഡിലൂടെ ഓടിയ ശേഷം ജീപ്പ്  ടാറിടാത്ത റോഡിലേക്ക് കയറി . കൃത്യമായും ഒരു ജീപ്പിനു മാത്രം പോകാന്‍ വീതിയുള്ള റോഡിലൂടെ അതിവേഗത്തില്‍ ജീപ്പ് പാഞ്ഞു തുടങ്ങി .  പലയിടങ്ങളിലും മഴ പെയ്തു വെള്ളം നിറഞ്ഞ കുഴികള്‍ , ചിലയിടത്ത് പാറക്കഷണങ്ങള്‍ നിറഞ്ഞു കിടക്കുന്ന പാത,   ചിലയിടങ്ങളില്‍ കയറ്റത്തോട് കൂടിയ നല്ല വളവുകള്‍ . പക്ഷെ ജീപ്പ് ഓടിക്കുന്നവര്‍ക്ക് അത് ഒരു പ്രശ്നം ആയിരുന്നില്ല . ജീപ്പിന്റെ വേഗം ഒട്ടും കുറക്കാതെ ഈ വഴികള്‍ താണ്ടി വണ്ടി നീങ്ങി . 
കയ്യിലിരുന്ന ക്യാമറ ബാഗിനകത്താക്കി രണ്ടു കയ്യ് കൊണ്ടും ജീപ്പില്‍ പിടിച്ചിരുന്നിട്ടും എപ്പോഴാണ് ജീപ്പില്‍ നിന്നും പുറത്തേക്കു വീഴുക എന്നാ ചിന്തയിലായിരുന്നു ഞാന്‍ . മറ്റുള്ളവരുടെ സ്ഥിതിയും അങ്ങിനെ തന്നെ ആയിരുന്നു.  രണ്ടു കൈകളും ചേര്‍ത്ത് പിടിച്ചു ജീപ്പിന്റെ സീറ്റില്‍ ഒന്നമര്‍ന്നിരിക്കാന്‍ പോലും ആകാതെ, പരസ്പരം മിണ്ടാന്‍ പോലും വയ്യാതെ , ഒരു ഫോട്ടോ പോലും എടുക്കാന്‍ പറ്റാതെയുള്ള ഈ യാത്ര അവര്‍ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.  ജീപ്പ് വളരെ വേഗത്തില്‍ പോയി പെട്ടെന്ന് വലതു വശത്തെക്കോ ഇടതു വശത്തെക്കോ വെട്ടിച്ചു  വളവുകള്‍  കയറുമ്പോള്‍ വണ്ടി മറിയാന്‍ പോകുകയാണ് എന്ന തോന്നല്‍ ആരിലും ഉണ്ടാകും . വയറ്റിന്റെ ഉള്ളില്‍ നിന്നും ഒരു ഒരു പേടി വരും . അപ്പോഴേക്കും ഡ്രൈവര്‍ വണ്ടി നേരെ ആക്കിയിട്ടുണ്ടാകും.  ഈ യാത്ര ഒരു ഭീകര അനുഭവമാക്കി മാറ്റാന്‍ വേണ്ടി ഡ്രൈവര്‍ ശരിക്കും ശ്രമിക്കുന്നതായി തോന്നി . ആരും ഒന്നും പറയാതെ  ജീവിതം ഡ്രൈവറുടെ കൈയില്‍ കൊടുത്തു പുറം കാഴ്ചകള്‍ നോക്കിയിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ ഒരു കുന്നില്‍ മുകളില്‍ ഒരു ചെറിയ കൊക്കയുടെ അടുത്ത് വണ്ടി നിറുത്തി. മാട്ടുമല ഇതല്ലെന്നും ഫോട്ടോയെടുക്കാന്‍ അഞ്ചു നിമിഷം നിര്‍ത്തി തന്നതാണെന്നും ഡ്രൈവര്‍. ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ എല്ലാവരും പുറത്തിറങ്ങി. അവിടെ നിന്നും നോക്കിയാല്‍ രണ്ടു മലകള്ക്കപ്പുറത്തു കാണുന്ന മലയാണ് മാട്ടുമല എന്ന് ഡ്രൈവര്‍ പറഞ്ഞു തന്നു . രാത്രി പത്തുമണി വരെ മാട്ടുമലയിലേക്ക് ആളുകളെ കൊണ്ട് ജീപ്പ് പോകാറുണ്ടെന്നും,  ആ രാത്രി യാത്രകളില്‍ ആനയടക്കമുള്ള വന്യ ജീവികളെ കാണാറുണ്ട്‌ എന്നും,  പലപ്പോഴും ആനയുടെ ഉപദ്രവം മൂലം  ജീപ്പ് ഉപേക്ഷിച്ചു ഓടേണ്ടി വന്നിട്ടുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു . പകല്‍ ഈ റോഡിലൂടെയുള്ള യാത്ര ഇങ്ങനെയാണെങ്കില്‍ രാത്രി ആനയേയും  ഭയന്നു ഇരുട്ടിലൂടെയുള്ള യാത്ര എങ്ങനെയായിരിക്കും എന്ന് വെറുതെ ആലോചിച്ചു നോക്കി .
കുറച്ചു ചിത്രങ്ങള്‍ എടുത്തതിനു ശേഷം വീണ്ടും യാത്ര തുടങ്ങി . പഴയ പോലെ ജീപ്പിന്റെ  കമ്പിയില്‍ മുറുകെ പിടിച്ചു വീണ്ടും കുറെ ദൂരം. ഇടയ്ക്കു മാട്ടുമലയിലേക്ക്  പോയി തിരിച്ചു വരുന്ന ജീപ്പുകള്‍ കാണാം. ഒരു ജീപ്പിനു വഴി കൊടുക്കാനായി മറ്റു ജീപ്പുകള്‍ റോഡില്‍ നിന്നും ഓടിച്ചു മാറ്റി അടുത്തുള്ള പാറയിലെക്കോ, കുറ്റിക്കാട്ടിലെക്കോ കയറ്റി നിര്‍ത്തും , അത് പോയിക്കഴിയുമ്പോള്‍ അതെ വേഗത്തില്‍ പുറകോട്ട് എടുക്കും . ആദ്യത്തെ തവണ റോഡില്‍ നിന്നും  പെട്ടെന്ന് വണ്ടി വെട്ടിച്ചു മാറ്റിയപ്പോള്‍ ഡ്രൈവറുടെ കയ്യില്‍ നിന്നും വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണു കരുതിയത്‌. എല്ലാവരും ഒന്ന് വിറച്ചു നോക്കിയപ്പോളാണ്  എതിരെ വന്ന വണ്ടിക്കു വഴി കൊടുക്കാനാണ് ഈ അഭ്യാസമെന്നു മനസ്സിലായത്‌. അങ്ങിനെ അങ്ങിനെ കുറച്ചു ദൂരം പോയി അവസാനം ഒരു വലിയ മലയുടെ ഏറ്റവും മുകളില്‍, ഒരു കൊക്കയുടെ അരുകില്‍ , ഒരു  പരന്ന വലിയ പാറയുടെ മുകളിലായി വണ്ടി നിറുത്തി.
ജീപ്പില്‍ നിന്നും മാട്ടുമലയിലേക്ക് കാലെടുത്തുവെച്ച ഞങ്ങളെ വരവേറ്റത് അതി വേഗത്തില്‍ വീശിയടിക്കുന്ന കാറ്റായിരുന്നു. തുറസായ ആ മലമുകളില്‍ തലയ്ക്കു മുകളില്‍ കത്തി നില്‍ക്കുന്ന  സൂര്യന്റെ ചൂട്  ഒട്ടും നമ്മളെ അറിയിക്കാത്ത തരത്തില്‍ ,  നമ്മളെ പറത്തിക്കൊണ്ട്  പോകുമോ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍  ആഞ്ഞടിക്കുന്ന കാറ്റും കൊണ്ട്  ആ മലമുകളിലെ  പ്രകൃതി  സൌന്ദര്യവും ആസ്വദിച്ചു കുറച്ചു നേരം നിന്നു. ഇത്രയും നേരം അനുഭവിച്ച ആ ഭീകര യാത്രയുടെ ക്ഷീണം മുഴുവന്‍ മാറ്റാന്‍ ആ കാറ്റിനും ആ പ്രകൃതിക്കും കഴിഞ്ഞു .
ഈ മലമുകളില്‍ മൂന്നാറിലെ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ കാണുന്ന തരത്തിലുള്ള വരയാടുകളെ സുലഭമായി കാണാറുണ്ട് എന്ന് കേട്ടത് സത്യമാണോ എന്നറിയാന്‍ അവിടെയെല്ലാം നോക്കി . പക്ഷെ ഒരെണ്ണത്തെ പോലും കണ്ടില്ല . ആദ്യത്തെ നോട്ടത്തില്‍ പുല്ലുകള്‍ നിറഞ്ഞ ആര്‍ക്കും നടന്നിറങ്ങാന്‍ കഴിയാത്ത ഒരു കൊക്കയായി തോന്നിയെങ്കിലും , അടുത്ത് ചെന്ന് നോക്കിയപ്പോള്‍ , അല്പം ശ്രദ്ധിച്ചാല്‍  പുല്ലുകള്‍ വകഞ്ഞു മാറ്റി നടന്നാല്‍ ഈ മലയുടെ താഴെ ചെല്ലാം എന്നും ബോദ്യമായി. അരയ്ക്കൊപ്പം  നില്‍ക്കുന്ന  പുല്ലുകളെ വകഞ്ഞു മാറ്റി കുറച്ചുദൂരം മാത്രം വെറുതെ നടന്നു നോക്കി.   അരമണിക്കൂര്‍ സമയം മാത്രമേ അവിടം ചിലവഴിക്കാന്‍ തരൂ എന്ന്  പറഞ്ഞിട്ടുള്ളതിനാല്‍ താഴേക്കിറങ്ങി ചെല്ലാനുള്ള ശ്രമം ഉപേക്ഷിച്ചു , കുറച്ചു ചിത്രങ്ങള്‍ മാത്രം എടുത്തു വീണ്ടും തിരികെ മല കയറി.
കുറെ സമയം കഴിഞ്ഞപ്പോള്‍ ജീപ്പിന്റെ ഡ്രൈവര്‍ വിളിക്കാന്‍ വന്നു. കുറച്ചു സമയം കൂടി വേണം എന്നും വാടക കൂടുതല്‍ തരാം എന്നും പറഞ്ഞു അയാളെ മടക്കിയയച്ചു  പിന്നെയും കുറെ സമയം അവിടെയെല്ലാം ചുറ്റിയടിച്ചു നടന്നു. ഇത്രയും വഴി വന്നിട്ട് ഈ സുന്ദരസ്ഥലം അരമണിക്കൂര്‍ മാത്രം ആസ്വദിച്ചു മടങ്ങാന്‍ മനസ്സ് വന്നില്ല.  വീണ്ടും കുറെ സമയം കൂടി അവിടെ ചിലവഴിച്ചു . ഒടുവില്‍ ഞങ്ങള്‍ മടങ്ങി.... മനസ്സും ക്യാമറയും നിറയെ മാട്ടുമലയുടെ ചിത്രങ്ങള്‍ നിറച്ച്....
അങ്ങോട്ടുള്ള യാത്രയില്‍ എല്ലാം അനുഭവിച്ചത് കൊണ്ട്  തിരികെയുള്ള യാത്ര രസകരവും ഭയപ്പാടില്ലാത്തതും  ആയിരുന്നു. ഏകദേശം അര മണിക്കൂര്‍ സമയം കൊണ്ട്  തിരികെ നെല്ലിയാംപതിയില്‍ എത്തി. ഈ ജീപ്പ് യാത്ര ഇത്രയും രസകരം ആക്കി തന്ന ഡ്രൈവര്‍ വിഷ്ണുവിനോട് നന്ദിയും പറഞ്ഞു മടങ്ങി. വിഷ്ണു കാണിച്ച വേഗതയും കയ്യടക്കവും ആണ് വെറും ഒരു ജീപ്പ് യാത്രയാകുമായിരുന്ന ഈ മാട്ടുമല യാത്ര ഇത്രയും അവിസ്മരണീയം ആക്കി തീര്‍ത്തത്. വിസിറ്റിംഗ് കാര്‍ഡുകള്‍ പരസ്പരം കൈമാറുമ്പോള്‍ വിഷ്ണു ഒരു സന്തോഷ വാര്‍ത്ത കൂടി തന്നു . ജനുവരിയില്‍ മിക്കവാറും മാമ്പാറ വീണ്ടും തുറക്കുമെന്ന് . 
തിരികെ മടങ്ങുമ്പോള്‍ പുതുവര്‍ഷത്തില്‍ വീണ്ടും സുഹൃത്തുക്കളോടൊപ്പം  നെല്ലിയാംപതിയില്‍ പോകേണ്ടി വരും എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. ഇനിയും അവിടെ കാഴ്ചകള്‍ ബാക്കിയാണ് . മാട്ടുമലയിലേക്ക്  നടന്നു കയറണം, ഒരിക്കല്‍ കൂടി    മാമ്പാറയില്‍ പോകണം.

ഇനിയും പേരിടാത്ത പുതിയ മലകളെയും, കാഴ്ചകളെയും കാട്ടി നെല്ലിയാമ്പതി മാടി വിളിക്കുമ്പോള്‍ പ്രകൃതിയെയും , യാത്രകളെയും ഒരു പാട്  സ്നേഹിക്കുന്ന ഞങ്ങള്‍ക്ക്  വീണ്ടും അവിടെ പോകാതിരിക്കാനാവില്ലല്ലോ ?

എന്റെ ഈ യാത്ര കൈരളി നെറ്റ് മാഗസിനില്‍ വായിക്കാം ...