Monday, January 24, 2011

കുഞ്ഞാലി പാറ

എറണാകുളത്തു നിന്നും തൃശ്ശൂര്‍ വരെയുള്ള യാത്രക്കിടയില്‍ കൊടകരയില്‍ ഒരു ബുക്ക്‌ ഷോപ്പില്‍ ഒരു ബോര്‍ഡ്‌ കണ്ടു , കൊടകരയുടെ പേര് ലോകപ്രശസ്ടമാക്കിയ വിശാലമനസ്കന്റെ കൊടകര പുരാണം ഇവിടെ കിട്ടും എന്ന് . അത് വാങ്ങാന്‍ കടയില്‍ ഇറങ്ങിയപ്പോഴാണ് ഓര്‍ത്തത്‌ , കൊടകരയില്‍ നിന്നും ആര് കിലോമീറ്റര്‍ പോയാല്‍ കാണാന്‍ പറ്റിയ ഒരിടമുണ്ട്‌ എന്നത് . വര്‍ഷങ്ങള്‍ക്കു മുന്‍പ് പല തവണ പോയ ഒരിടമാണ് എങ്കിലും ഒരു തവണ പോലും കയ്യില്‍ ഒരു ക്യാമറ ഇല്ലായിരുന്നു . ഇത്തവണ കയ്യില്‍ ക്യാമറ ഉണ്ട് , സഞ്ചരിക്കാന്‍ വണ്ടിയുണ്ട് , കൂടെ വരാന്‍ യാത്രയില്‍ തല്‍പരരായ ഭാര്യയും മക്കളും ഉണ്ട് . അങ്ങിനെയാണ് വിശാല മനസ്കന്റെ സ്വന്തം തട്ടകത്തിലെ , എന്നാല്‍ ആരും അധികം അറിയാത്ത ആ സുന്ദര സ്ടലത്തെക്ക് ഞങ്ങള്‍ യാത്ര പുറപ്പെട്ടത്‌.

ഇനിയും കൊടകരയെക്കുറിച്ചു അധികംമോന്നും അറിയാത്തവര്‍ക്കായി :- തൃശ്ശൂര്‍ എറണാകുളം നാഷണല്‍ ഹൈവേയില്‍ ഏകദേശം പതിനെട്ടു കിലോമീറ്റര്‍ യാത്രചെയ്താല്‍ എത്തുന്ന പ്രധാനപ്പെട്ട ഒരു സ്ടലമാണ് കൊടകര. കൊടകരയില്‍ നിന്നും ഇടത്തോട്ടുള്ള റോഡില്‍ സഞ്ചരിച്ചാല്‍ വെള്ളികുളങ്ങര എന്ന സ്ഥലത്തും , വലത്തോട്ട് സഞ്ചരിച്ചാല്‍ ഇരിങ്ങലക്കുടയിലും എത്തും . കൊടകരക്കടുത്തു , കാണാന്‍ ഭംഗിയുള്ള രണ്ടു സ്ഥലങ്ങളാണ് ആറേശ്വരം അമ്പലവും പിന്നെ നമ്മള്‍ കാണാന്‍ പോകുന്ന ഈ കുഞ്ഞാലി പാറയും.

കുഞ്ഞാലി പാറയിലേക്ക്‌ രണ്ടു വഴികളിലൂടെ പോകാം . കൊടകരയില്‍ നിന്നും വെള്ളികുളങ്ങര റൂട്ടില്‍ ഏകദേശം എഴുകിലോമീറ്റര്‍ പോയി അവിട്ടപ്പിളി എന്ന സ്ടലത്തെത്തി, അവിടെ നിന്നും വലതു വശത്തെ ടാറിട്ട ചെറിയ പഞ്ചായത്ത് വഴിയിലൂടെ രണ്ടു കിലോമീറ്റര്‍ പോയാല്‍ കുഞ്ഞാലി പാറയായി. അല്ലെങ്കില്‍ അവിട്ടപ്പിളിയില്‍ നിന്നും കുറച്ചുകൂടി പോയാല്‍ എത്തുന്ന മൂന്നുമുറി എന്ന സ്ടലത്ത് നിന്നും വലതു വശത്തെ റോഡിലൂടെ ഒന്നര കിലോമീറ്റര്‍ പോയാലും കുഞ്ഞാലി പാറയിലെത്താം . രണ്ടു വഴിയും ഏകദേശം ഒന്ന് പോലെതന്നെയാണ് . പരിചയം കൂടുതലുള്ള വഴിയായതിനാല്‍ രണ്ടാമത്തെ വഴിയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.കുഞ്ഞാലി പാറയിലേക്ക്‌ കയറാന്‍ അങ്ങിനെ പ്രത്യേകം വഴികളൊന്നും കണ്ടിട്ടില്ല ഇത് വരെ . പാറയുടെ താഴെ കുറച്ചു വീടുകള്‍ ഉണ്ട് . അവരുടെ പറമ്പിലൂടെ കയറിയാലും നല്ലവരായ നാട്ടുകാര്‍ ഒന്നും പറയില്ല . കുറച്ചു സ്ടലത്ത് റോഡിനു വീതി കുറവാണ് എന്നതിനാല്‍ കാറിലാണ് വരുന്നതെങ്കില്‍, ഒരു ചെറിയ കനാലിന്റെ കരയിലൂടെ അല്പം നടക്കേണ്ടി വരും പാറയുടെ അടിവശം എത്താന്‍ എന്ന് മാത്രം. ഏറ്റവും മുകളിലെ ഫോട്ടോയില്‍ കാണുന്ന കനാലിന്റെ കരയിലൂടെ ഒരു ചെറിയ മരപ്പാലവും കടന്നാണ് ഞങ്ങള്‍ പാറയിലേക്ക്‌ നടന്നു കയറിയത് .


ഏക്കറുകളിലായി പരന്നു കിടക്കുന്ന ഒരു വലിയ പാറയും, അതിന്റെ മുകളിലായി അടുക്കി വെച്ചിരിക്കുന്ന പോലെയുള്ള ചെറിയ പാറകൂട്ടങ്ങളും ആണ് ഇവിടത്തെ പ്രധാന കാഴ്ച . എത്ര ഏക്കര്‍ ഉണ്ട് എന്ന് കൃത്യമായി അറിയില്ല. ഈ പാറയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ കൊടകരയും അടുത്ത സ്ടലങ്ങളും മുഴുവന്‍ കാണാം. പ്രശസ്ടമായ കനകമല പള്ളി ഈ പാറയുടെ എതിര്‍വശത്തെ കുന്നില്‍ മുകളിലാണ് .


ഗവണ്മെന്റിന്റെ അധീനതയിലാണ് ഇപ്പോള്‍ ഈ സ്ടലം.ഈ പാറ നില്‍ക്കുന്ന പഞ്ചായത്തിന്റെ പേര് മറ്റത്തൂര്‍ എന്നാണ്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പരേഷന്‍ ഇതിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ഉദ്യേശിക്കുന്നതായി കേട്ടു. സത്യമാണോ എന്നറിയില്ല, പക്ഷെ ഈ വിവരം കാരണം ഇവിടങ്ങളിലെല്ലാം ഭൂമിയുടെ വില വളരെയധികം ഉയര്‍ന്നിട്ടുണ്ട് .

പതിനാറാം നൂറ്റാണ്ടില്‍ കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാമ വിക്രമന്റെ നാവിക പടയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍ അനുയായികളെ യുദ്ധമുറകള്‍ പഠിപ്പിക്കാനായി ഇവിടെ കൊണ്ടുവരികയും രഹസ്യമായി പരിശീലിപ്പിക്കുകയും ചെയ്തുവത്രേ. അങ്ങിനെയാണ് ഈ പാറക്കു കുഞ്ഞാലി പാറ എന്ന പേര് വീണതെന്ന് പഴയ ആളുകള്‍ പറയുന്നത് കേട്ടിടുണ്ട് . അതിനു അവര്‍ കാണിച്ചു തന്ന തെളിവുകളാണ് താഴത്തെ ഫോട്ടോയില്‍ കാണുന്ന പാറയിലെ പീരങ്കി വെടിയുടെയും മറ്റു യുദ്യോപകരങ്ങളുടെയും പാടുകള്‍ . കുഞ്ഞാലി പാറയില്‍ പലയിടത്തും ഇങ്ങനെയുള്ള പല അടയാളങ്ങളും കാണാം.


അതുപോലെ തന്നെ പാറയുടെ മുകളില്‍ പല സ്ടലങ്ങളിലും ചെറിയ വെള്ളം നിറഞ്ഞ കുഴികള്‍ കാണാം. എത്ര വേനലില്‍ ചെന്നാലും അതില്‍ നിറയെ വെള്ളം കാണാം . കുഞ്ഞാലിയുടെ കുതിരകള്‍ക്കും മറ്റും വെള്ളം കൊടുക്കാനായി ഇതെല്ലം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പഴമക്കാര്‍ പറയുന്നു. ഈ കഥകളൊന്നും എനിക്ക് പൂര്‍ണമായി വിശ്വസിക്കുവാന്‍ പറ്റുന്നില്ല. കോഴിക്കോടുകാരന്‍ കുഞ്ഞാലി മരക്കാര്‍ ഇവിടെ പരിശീലിപ്പിക്കാന്‍ വന്നതിന്റെ ലോജിക് എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല .കുഞ്ഞാലി പാറയുടെ ഒരു വശത്തായി ഒരു ഗുഹയുണ്ട് . ഏകദേശം പത്തുപേര്‍ക്ക് സുഗമായി താമസിക്കുവാന്‍ പറ്റുന്ന വലുപ്പമുള്ള ഗുഹയാണ് ഇത് . പണ്ട് അതിനുള്ളില്‍ കയറിയ ആളുകള്‍ പറഞ്ഞ കഥകള്‍ ആണിതെല്ലാം. ഇരുട്ടിനെയും അതിനേക്കാള്‍ ഇഴ ജന്തുക്കളെയും പേടിച്ചു മുന്‍പ് ഞാന്‍ ഇതുവരെ അതിന്റെ ഉള്ളില്‍ കടന്നിട്ടില്ല. ഇത്തവണ വന്നപ്പോള്‍ ആ ഗുഹാമുഖം എവിടെയാണ് എന്നുപോലും മനസ്സിലാകാത്തവിധത്തില്‍ കാട് പിടിച്ചു ആരും കയറാതെ കിടക്കുന്ന കാഴ്ചയാണ് കണ്ടത് .താഴെ കാണുന്ന പാറയുടെ അടിയിലും രണ്ടുപേര്‍ക്ക് സുഗമായി ഇരിക്കാം.പ്രതീക്ഷിക്കാതെ മഴ പെയ്താല്‍ കയറിനിക്കാന്‍ പ്രകൃതിയുടെ തന്നെ ഒരു സൃഷ്ടി . മൂന്നു പാറകള്‍ ചേര്‍ത്ത് വെച്ചിരിക്കുകയാണ് ..


താഴെ കാണുന്ന പാറയുടെ പേരാണ് റോക്കെറ്റ്‌ പാറ. പേര് കേട്ടിട്ട് അത് അടുത്തകാലത്ത് ഇട്ട പേരാണ് എന്ന് തോന്നുന്നു . ഈ പാറ എങ്ങിനെയാണ് ആ വലിയ പാറപ്പുറത്ത് ഇരിക്കുന്നത് എന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല . അതിനെ താഴേക്കു പോകാതെ പിടിച്ചു നിറുത്തുന്ന ശക്സ്തി എന്തായിരിക്കും ? അറിയില്ല ....കുഞ്ഞാലി പാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ താഴെ കുഞ്ഞാലി പാറ ഭഗവതിയുടെ അമ്പലം കാണാം . മുകളിലെ റോക്കറ്റ് പാറയും മറ്റു പാറക്കല്ലുകളും താഴേക്ക്‌ വീണാല്‍ ഈ അമ്പലം തകര്‍ന്നു പോകും. പക്ഷെ ഇത്രയും വര്‍ഷങ്ങള്‍ ആയിട്ടും അങ്ങിനെയൊന്നും ഉണ്ടായിട്ടില്ലാ. അപ്പോള്‍ ഈ ഭാഗവതിയായിരിക്കുമോ ആ പാറകളെ താങ്ങി നിറുത്തുന്നത് ?


ഈ പുല്ലിന്റെ പേര് എന്താണ് എന്നറിയില്ല ? പക്ഷെ അവിടെ നിറഞ്ഞു നില്‍ക്കുന്ന ഈ പുല്ലുകളുടെ ഉണങ്ങിയ വിത്തുകളോ (അതോ പൂക്കളോ) ഞാനുമുണ്ട് നിങ്ങളുടെ കൂടെ എന്നും പറഞ്ഞു നിങ്ങളുടെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കും ....
താഴെ കാണുന്ന പാറയുടെ പേരാണ് ആനപ്പാറ. അകലെ നിന്നും നോക്കിയാല്‍ ശരിക്കും ഒരു ആന നില്‍ക്കുകയാണ് എന്ന് തോന്നും . ആ വാലും തലയും കണ്ടാല്‍ ആരെങ്കിലും ആനയല്ല എന്ന് പറയുമോ ?മുകളിലെ ഫോട്ടോ കണ്ടില്ലേ ...എന്റെ സഹയാത്രികരുടെ ..........
ഒരു വയസ്സുകാരന്‍ ആദിത്യനും നാല് വയസ്സുകാരന്‍ അഭിമന്യുവിനും ഇവിടം വളരെ ഇഷ്ടമായി ........
ഒരു തവണ കണ്ടാല്‍ നിങ്ങളും ഇഷ്ടപ്പെടും ...... ഈ കുഞ്ഞാലി പാറയെ.......
അടുത്ത തവണ യാത്രക്കിടയില്‍ കൊടകരയിലെത്തുമ്പോള്‍ നിങ്ങളറിയാതെ കുഞ്ഞാലി പാറയിലേക്കുള്ള വഴി ചോദിക്കും.....
എനിക്കുറപ്പാണ് ............

Wednesday, January 5, 2011

ഏഴാറ്റുമുഖം

ആതിരപ്പിള്ളി - വാഴച്ചാല്‍ കാണാന്‍ പോകുമ്പോള്‍ അതിനടുത്തായി കാണാന്‍ പറ്റിയ ഒരിടം ...

Monday, January 3, 2011

ഫോര്‍ട്ട്‌ കൊച്ചിന്‍ കാര്‍ണിവല്‍

ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു എല്ലാ വര്‍ഷവും നടക്കുന്ന ഫോര്‍ട്ട്‌ കൊച്ചിയിലെ കാര്‍ണിവല്‍ കാണണമെന്നത് . ഇത്തവണ മുന്‍കൂട്ടി അവധിയും വാങ്ങിവെച്ചു, പക്ഷെ ദിവസം അടുത്തപ്പോള്‍ കൂടെ വരാന്‍ ആരെയും കിട്ടിയില്ല. എല്ലാ യാത്രകളിലും പങ്കാളിയാകാറുള്ള ഭാര്യയെപോലും..എല്ലാവരും പുതുവര്‍ഷം ആഘോഷിച്ചതിന്റെ ആലസ്യത്തിലായിരുന്നു . അവസാനം ഉറ്റ ചങ്ങാതിയായ ക്യാമറയും പോക്കറ്റിലിട്ടു ഒറ്റയ്ക്ക് യാത്രതുടങ്ങി.

എല്ലാ വര്‍ഷത്തിന്റെയും അവസാന ആഴ്ചയിലാണ് കാര്‍ണിവല്‍ നടക്കുന്നത് . ബൈക്ക് റൈസിംഗ് , സൈക്കിള്‍ റൈസിംഗ്, ബീച് വോളിബോള്‍ , വടം വലി തുടങ്ങിയ കുറെ മത്സര പരിപാടികളുടെ ഏറ്റവും അവസാനത്തെ ദിവസമാണ് ഏറ്റവും പ്രശസ്ടവും സുന്ദരവുമായ ഈ കാര്‍ണിവല്‍ ഘോഷയാത്ര . എല്ലാ വര്‍ഷവും പുതുവത്സര ദിനത്തിലാണ് ഇതു നടത്തുന്നത് .

ഫോര്‍ട്ട്‌ കൊച്ചിയിലേക്ക് പോകാന്‍ രണ്ടു വഴികളുണ്ട് . കലൂരില്‍ നിന്നോ , കച്ചേരിപ്പടിയില്‍ നിന്നോ, മേനകയില്‍ നിന്നോ ബസ്സ് കയറി തേവര പാലവും തോപ്പുംപടി പാലവും കടന്നു അവിടെ എത്താം . എറണാകുളത്തു നിന്നും തുടര്‍ച്ചയായി ബസ്സും ഉണ്ട് പക്ഷെ എറണാകുളത്തെ ട്രാഫിക്ക് ജാമ്മില്‍ പെട്ടാല്‍ അവിടെ എത്താന്‍ ഒന്നര മണിക്കൂര്‍ എങ്കിലും മിനിമം എടുക്കും. എറണാകുളത്തെ റോഡില്‍ ട്രാഫിക്‌ ജാം ഒഴിഞ്ഞ സമയം വളരെ അപൂര്‍വമാണ് .

അടുത്തമാര്‍ഗം എറണാകുളത്തെ ബോട്ട് ജെട്ടിയില്‍ നിന്നും ബോട്ടില്‍ നേരെ ഫോര്‍ട്ട്‌ കൊച്ചിയില്‍ എത്താം . വെറും രണ്ടര രൂപ മാത്രം മതി ബോട്ടിന് . പക്ഷെ അരമണിക്കൂര്‍ ഇട വിട്ടു മാത്രമേ ബോട്ട് ഉള്ളൂ. തിരക്കില്ലെങ്കില്‍ , വെള്ളത്തെ ഭയമില്ലെങ്കില്‍ കായലിലൂടെ ഉള്ള യാത്ര വളരെ നല്ല ഒരനുഭവമാണ് .

ഞാന്‍ കലൂരിലെ പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ബസ്‌ കയറി . ഈ തിരക്കില്‍ സ്വന്തം വണ്ടി ശരിയാകില്ല, പാര്‍ക്ക്‌ ചെയ്യാനും തിരിച്ചെടുക്കാനും വളരെ ബുദ്ധിമുട്ടേണ്ടിവരും എന്നെനിക്കറിയാമായിരുന്നു.ബസ്സില്‍ നല്ല തിരക്കായിരുന്നു, കൂടുതല്‍ പേരും കാണിവല്‍ കാണാന്‍ പോകുന്നവരായിരുന്നു . ഞാനും അവരില്‍ ഒരാളായി .

ഒടുവില്‍ കാര്യമായ ട്രാഫിക്‌ ജാമ്മില്‍ കിടക്കാത്തതുകൊണ്ട് ബസ്‌ കാര്‍ണിവല്‍ ആരംഭിക്കുന്ന ഫോര്‍ട്ട്‌ കൊച്ചിക്കടുത്ത സ്ടലമായ വെളി എന്ന സ്ടലത്ത് എത്തി. സമയം രണ്ടരയായിട്ടെ ഉള്ളൂ . മൂന്നുമണിക്ക് കാര്‍ണിവല്‍ ആരംഭിക്കും എന്നാണു പത്രത്തില്‍ വായിച്ചിരുന്നത് . ഒരു കണക്കിന് അത് നന്നായി , റോഡ്‌ ബ്ലോക്ക്‌ ചെയ്തുതുടങ്ങിയിട്ടില്ല. പിന്നെ ഫോട്ടോകള്‍ എടുക്കാന്‍ കുറച്ചു സമയവും കിട്ടും.ഇരുപത്തേഴാമത്തെ കാണിവല്‍ ആണ് എപ്പോള്‍ നടക്കാന്‍ പോകുന്നത് എന്ന് അവിടത്തെ മൈക്കിലൂടെ പറയുന്നത് കേട്ടു. ഏകദേശം അഞ്ചു നൂറ്റാണ്ട് മുന്‍പ് ഇവിടെ വന്ന പോര്‍ച്ചുഗീസുകാര്‍ പുതുവര്‍ഷം വളരെ ഗംഭീരമായി ആഘോഷിചിരുന്നുവത്രേ . അവരുടെ പണവും പ്രതാപവും കാണിക്കാന്‍ വേണ്ടിയായിരുന്നു പ്രധാനമായും ഈ ആഘോഷം . പിന്നീട് അവര്‍ക്കുശേഷം വന്ന ഡച്ചുകാരും ഈ ആഘോഷം തുടര്‍ന്ന് കൊണ്ട് വന്നു. അങ്ങിനെ പലരും കൈമാറി കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്നുകാണുന്ന തരത്തില്‍ അത് വളര്‍ന്നു ഒരു നാടിന്‍റെ മുഴുവന്‍ ആഘോഷമായി മാറി, തൃശ്ശൂരിലെ പുലിക്കളിയും ആലപ്പുഴയിലെ വള്ളം കളിയും പോലെ.

പല വിഭാഗങ്ങളിലായി ആളുകകള്‍ക്കും ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത് . ഓരോ വിഭാഗത്തിനും സമ്മാനങ്ങളും ഉണ്ട് . പക്ഷെ കുറച്ചുനേരം അവിടെ നിന്നപ്പോള്‍ തന്നെ എനിക്ക് മനസിലായത് സമ്മാനങ്ങള്‍ അവര്‍ക്കു ഒരു പ്രശ്നമല്ലെന്നും സ്വന്തം കാര്‍ണിവലില്‍ പങ്കെടുക്കലാണ് അവരുടെ മുഖ്യ ഉദ്യെശമെന്നതും ആണ് .പ്രച്ഛന്നവേഷധാരികളും, അവരുടെ വണ്ടികളും എത്തിതുടങ്ങിയിരുന്നു . ഒറിജിനല്‍ സ്ത്രീകളെ വെല്ലുന്ന തരത്തില്‍ സ്ത്രീവേഷം കെട്ടിയ പുരുഷന്മാരാണ് കൂടുതലും .പല പ്രായക്കാര്‍ . അവര്‍ എല്ലാവരുടെ മുന്‍പിലും ക്ഷമയോടെ നിന്ന് ഫോട്ടോയെടുക്കാനുള്ള സൌകര്യം ചെയ്തു തരുന്നുണ്ടായിരുന്നു . അതുകൊണ്ട് കുറെ നല്ല ഫോട്ടോകള്‍ എനിക്ക് കിട്ടി .

ഓരോരുത്തരും വന്നിറങ്ങുമ്പോള്‍ ആളുകളുടെ ചിരിയും വന്നവരുടെ പ്രകടനങ്ങളും കാണേണ്ട കാഴ്ചയായിരുന്നു . ക്യാമറയുമായി ഓടിനടക്കുന്ന ഒരുപാടുപേരില്‍ ഒരാളായി ഞാനും മാറി . കാണുന്നതെല്ലാം പുതുമയുള്ള കാഴ്ചകള്‍ .
മോഹന്‍ലാലിന്‍റെ ചോട്ടാ മുംബൈ എന്ന സിനിമയില്‍ ഈ കാര്‍ണിവല്‍ കാണിക്കുന്നുണ്ട് , അത് സിനിമക്കുവേണ്ടി ഷൂട്ട്‌ ചെയ്തതാണെങ്കിലും ഏകദേശം അതുപോലെതന്നെയാണ് ഈ ഘോഷയാത്രയും എന്നെനിക്ക് തോന്നി . ശരിക്കും വര്‍ണങ്ങളുടെ , ആഹ്ലാദത്തിന്റെ ഒരു ലോകം .

അല്‍പനേരം വെയില്‍ കൊണ്ടപ്പോള്‍ തന്നെ തൊണ്ട വരണ്ടു . അടുത്ത് കണ്ട ഒരു താല്‍കാലിക കടയില്‍ കയറി ഒരു ജീരക സോഡാ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീവേഷം ധരിച്ച ഒരാളും അയാളുടെ സഹായിയും അവിടെ എത്തി . അടുത്തിരുന്ന അയാളോട് എല്ലാ വര്‍ഷവും വേഷം കേട്ടാരുണ്ടോ എന്ന എന്റെ ചോദ്യത്തിന് പതിനഞ്ചു വര്‍ഷമായി എന്ന മറുപടി കിട്ടി ." സമ്മാനങ്ങള്‍ " ഞാന്‍ ചോദിച്ചു . "ഇല്ല". ചിരിച്ചുകൊണ്ട് അയാള്‍ . ഞാന്‍ താല്പര്യം പ്രകടിപ്പിച്ചതുകൊണ്ടാകണം കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തന്നു . വിദേശത്താണ് ജോലി, കുടുംബവും അവിടെ തന്നെ. എല്ലാ വര്‍ഷവും പതിനഞ്ചു ദിവസത്തെ ലീവിന് വരും, പുതുവര്‍ഷ ആഘോഷത്തിലും ഘോഷയാത്രയിലും പങ്കെടുത്തു പഴയ കൂട്ടുകാരെയും കണ്ടു മടങ്ങും . ചെറുപ്പത്തില്‍ തുടങ്ങിയ ശീലമാണ് ഈ വേഷം കെട്ടല്‍ , വലുതായിട്ടും ജോലിയുടെ തിരക്കിനിടയിലും ഇതില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്താറുണ്ട് , നാടിന്‍റെ വിളി . ഇവിടെ എത്താതിരിക്കാന്‍ പറ്റില്ലത്രേ .. വരാന്‍ പറ്റാതിരുന്ന ഒരു വര്‍ഷം അനുഭവിച്ച ശ്വാസം മുട്ടല്‍ ..... എല്ലാ വര്‍ഷവും വന്നു വെറുതെ കുറെ പണം യാത്രക്കും മറ്റുമായി ചെലവാക്കുന്നതിന് ഭാര്യയും മറ്റുള്ളവരും കുറ്റപ്പെടുത്തുന്നതിനെ കുറിച്ചും അയാള്‍ അല്പം മുമ്പ് പരിചയപ്പെട്ട എന്നോട് പറഞ്ഞപ്പോള്‍ എന്തോ ഒരു ആദരവ് അയാളോട് തോന്നി . ശരിക്കും ഒരു സംസാരപ്രിയന്‍ അല്ലെങ്കില്‍ എന്നോടെ ഇതൊന്നും പറയേണ്ട ആവശ്യം ഇല്ലല്ലോ ? നമ്മള്‍ എത്ര വലുതായാലും എന്തൊക്കെ നേടിയാലും , എത്ര കുറ്റം പറഞ്ഞാലും നമ്മുടെ നാട് അതൊന്നു വേറെ തന്നെയാണ് എന്നും , അവിടെയെത്തുമ്പോള്‍ മാത്രമേ നമ്മള്‍ നമ്മളാകൂ എന്ന എന്റെ ചിന്ത ശരിയാണെന്ന് അയാളും സമ്മതിച്ചു. അടുത്ത കാര്‍ണിവലിനു കാണാം എന്നും പറഞ്ഞു അയാള്‍ നടന്നകന്നു ..ഞാന്‍ വീണ്ടും മറ്റൊരു കാഴ്ച തേടിയും ..

ഒടുവില്‍ ഘോഷയാത്ര തുടങ്ങി . ആദ്യം നെറ്റിപട്ടം കെട്ടിയ ആന , പിന്നില്‍ കാര്‍ണിവലിന്റെ ബാനര്‍ പിടിച്ച ആളുകള്‍ , പിന്നെ കൊച്ചിന്‍ കോര്‍പ്പരെഷനിലെ മേയറടക്കമുള്ള ആളുകളും, അവര്‍ക്കു പിറകിലായി കഥകളി , പരിചമുട്ടുകളി , കരകാട്ടം , കാവടിയാടം അങ്ങിനെ അങ്ങിനെ കാഴ്ചകളുടെ ഒരു മേളമായിരുന്നു. അവര്‍ക്കു പിറകിലായി പ്രച്ഛന്ന വേഷധാരികളും ടാബ്ലോകളും ....
റോഡിനിരുവശത്തും വീടുകളുടെ മുകളിലും തിങ്ങി നിറഞ്ഞ ജനങ്ങള്‍ , പുതുവര്‍ഷം ആഘോഷിക്കാനെത്തിയ ഒരുപാട് വിദേശികള്‍ , ഇവര്‍ക്കിടയിലൂടെ ഘോഷയാത്ര പതുക്കെ പതുക്കെ നീങ്ങി . ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ട്ട്‌ കൊച്ചിയാണ് ലക്ഷ്യ സ്ഥാനം . അവിടെ വെച്ച് കാര്‍ണിവലിന്റെ സമാപനവും സമ്മാനവിതരണവും .

സമാപന സ്ഥലത്തിന് അടുത്ത് തന്നെയാണ് ഫോര്‍ട്ട്‌ കൊച്ചിയിലെ ഏറ്റവും പ്രശസ്തമായ സെന്റ്‌ ഫ്രാന്‍സിസ് ചര്‍ച്ച് . യൂരോപ്പ്യന്മാര്‍ ഇന്ത്യയില്‍ പണികഴിപ്പിച്ച ഏറ്റവും ആദ്യത്തെ പള്ളിയാണ് അത്. 1503 ലാണ് ഈ പള്ളി പണിതത് . ഫോര്‍ട്ട്‌ കൊച്ചി ലോകപ്രശ്തമായത് ഈ പള്ളി മൂലമാണ് . ഇത് കാണാന്‍ വേണ്ടി മാത്രം ആയിരക്കണക്കിന് വിദേശികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്‌ . പ്രശസ്ട പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ഡാ ഗാമ 1524 ലില്‍ കൊച്ചിയില്‍ വെച്ചാണ് , അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ വരവില്‍ അന്തരിച്ചത്‌ . അദ്ദേഹത്തിന്റെ ശവശരീരം ആദ്യം അടക്കം ചെയ്തതും ഈ പള്ളിയിലാണ്.പിന്നീട് പതിനാലു വര്‍ഷത്തിനു ശേഷം അദ്യേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലിസ്ബനിലേക്ക് കൊണ്ടുപോയെന്നാണ് ചരിത്രം.


സമാപന  സ്ഥലത്ത്   ഒരുപാടു ആളുകള്‍ കൂടിയിരുന്നു . വിദേശികള്‍ ആണ് കൂടുതല്‍ . അവരെല്ലാം ഇത് എല്ലാ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. അവരില്‍ ഒരാളെ പരിചയപ്പെട്ടു . ഫ്രാന്‍‌സില്‍ നിന്നും വന്നതാണ് ഇരുപത് വയസ്സേ തോന്നൂ ,ഒപ്പം കൂട്ടുകാരിയുമുണ്ട് . എങ്ങനെയുണ്ട് കാര്‍ണിവല്‍ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ "ഫന്റാസ്ടിക് " അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു , ഞാന്‍ എങ്ങനെയുണ്ട് ഫോര്ട്ടകൊച്ചി എന്ന് ചോദിച്ചപ്പോള്‍ "ഈ റോഡിലെ ദുര്‍ഗന്ധം വമിക്കുന്ന തുറന്ന കാനകള്‍ ഒന്ന് മൂടിയിരുന്നെങ്കില്‍ മനോഹരമായേനെ ?" അയാള്‍ സത്യം തുറന്നു പറഞ്ഞു ... തിരക്കിനിടയില്‍ കാനയില്‍ വീണാലോ എന്ന് ഭയന്ന് അധികം നടക്കാതെ ഒരിടത്തിരുന്ന് ഘോഷയാത്ര കാണുകയായിരുന്നു എന്ന് .

ശരിക്കും സത്യമായിരുന്നു അത് . ഘോഷയാത്ര നടക്കുന്ന റോഡിനിരുവശത്തെയും ഭൂരിഭാഗം കാനകളും തുറന്നു കിടക്കുകയായിരുന്നു . തിരക്കിനിടയില്‍ വളരെ ശ്രദ്ധിച്ചു നടന്നിട്ടാണ് എനിക്ക് തുടക്കം മുതല്‍ അവസാനം വരെയുള്ള കാഴ്ചകള്‍ എല്ലാം കാണാന്‍ കഴിഞ്ഞത് . എന്തോ ഭാഗ്യം കൊണ്ട് മാത്രം കാനയില്‍ വീണില്ല എന്നതാണ് സത്യം.

മറുപടിപറയാന്‍ എനിക്ക് വാക്കുകളില്ലായിരുന്നു . അല്പം മുന്‍പ് എന്റെ നാടിനോട് തോന്നിയ അഭിമാനം നഷ്ടപ്പെട്ട പോലെ. മനസ്സില്‍ വല്ലാത്ത സങ്കടം തോന്നി ... പുതുവത്സരം മാത്രം ആശംസിച്ചു അയാളോടും കൂട്ടുകാരിയോടും യാത്ര പറഞ്ഞു .

തിരിച്ചു പോരാന്‍ ബോട്ട് ജെട്ടിയിലേക്ക് നടക്കുമ്പോള്‍ ചീന വലകളുടെ അടുത്തുപോയി കുറച്ചു ഫോട്ടോകള്‍ എടുത്തു . വെയില്‍ മങ്ങിയിരിക്കുന്നു . എനിക്ക് മടങ്ങിപ്പോകാന്‍ സമയമായി .

ഒടുവില്‍ മനസ്സും ക്യാമറയും നിറയെ കാഴ്ചകളുമായി ഞാന്‍ മടങ്ങി.

നിങ്ങളുടെ സൌന്ദര്യം നുകരാന്‍ വീണ്ടും വരുമെന്ന് ചീനവലകള്‍ക്ക് ഉറപ്പ് കൊടുത്തുകൊണ്ട് ........

======================================================================

....... ............ഒരു ചീനവലക്കാഴ്ച .........ഘോഷയാത്രയിലെ അവസാന ഫോട്ടോ ...............