Monday, February 28, 2011

ഞാറക്കല്‍ അക്വാ ടൂറിസം സെന്റര്‍

കഴിഞ്ഞ ക്രിസ്തുമസ് അവധിക്കാലത്ത്‌, എറണാകുളത്തിനടുത്തുള്ള ഞാറക്കല്‍ എന്ന സ്ഥലത്തുള്ള മത്സ്യഫെഡിന്റെ അക്വാ ടൂറിസം സെന്ററിനെ കുറിച്ചു ഒരു യാത്രാ മാഗസിനില്‍ ചെറിയ വിവരണം വായിച്ചു . ചൂണ്ടയിടുന്നതിനും, ബോട്ടിങ്ങിനും, കുടുംബവുമായി ഒരു ദിവസ്സം ചിലവഴിക്കാനും പറ്റിയ ഒരിടമെന്ന ഒരു വാചകമാണ് എന്നെ ഈ യാത്രക്ക് പ്രേരിപ്പിച്ചത് .വായനയുടെ പിറ്റേന്ന് രാവിലെ തന്നെ യാത്രതുടങ്ങി, സഹയാത്രികരായി ഭാര്യയും ചെറിയ രണ്ടു കുട്ടികളും.

എറണാകുളത്തെ കലൂരില്‍ നിന്നാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത് . കലൂരില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്തിലാണ് ഞാറക്കല്‍ എന്ന സ്ടലം. എറണാകുളം ഹൈ കോര്‍ട്ടും , ഗോശ്രീ പാലങ്ങളും കടന്നു വൈപ്പിന്‍ - ചെറായി റൂട്ടിലൂടെ യാത്രചെയ്താല്‍ ഞാറക്കല്‍ എത്താം . ആദ്യമായി എറണാകുളം കാണാന്‍ വരുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പാട് കാഴ്ചകള്‍ ഈ വഴിയിലുണ്ട് . പ്രശസ്തമായ ബോള്‍ഗാട്ടി പാലസ് , വല്ലാര്‍പാടം ബസിലിക്ക , ചീന വലകള്‍ ഉള്ള വൈപ്പിന്‍ ബീച് , വല്ലാര്‍പ്പാടം കണ്ടൈനര്‍ പദ്ധതി പ്രദേശം, പുതുവ്യ്പ്പിലെ മനോഹരമായ ലൈറ്റ് ഹൌസും ബീച്ചും എല്ലാം ഈ യാത്രക്കിടയില്‍, പ്രധാന റോഡില്‍ നിന്നും അല്പദൂരം വഴിമാറിയാല്‍ കാണാം .

ഏകദേശം അരമണിക്കൂര്‍ എടുത്തു ഞാറക്കല്‍ സെന്ററില്‍ എത്താന്‍. വഴി ചോദിക്കാന്‍ വണ്ടി നിറുത്തി അക്വാ സെന്ററില്‍ എത്താന്‍ ഉള്ള വഴി ചോദിച്ചു . ഞാരക്കലാണോ മാലിപ്പുറം ആണോ ഉദ്ദേശിച്ചത് എന്ന് മറുപടി വന്നു. അത് ഒരു പുതിയ അറിവായിരുന്നു . ഞാരക്കലും അതിനടുത്ത സ്ടലമായ മാലിപ്പുറത്തും ഒരേ പോലെയുള്ള രണ്ടു അക്വാ സെന്ററുകള്‍ ഉണ്ട് എന്നത് . ഞങ്ങള്‍ ഞാറക്കല്‍ തിരഞ്ഞെടുത്തു വഴിയും ചോദിച്ചു വീണ്ടും യാത്ര തുടങ്ങി .ഞാറക്കല്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ അകലെയാണ് ഈ അക്വഫാം. റോഡരികില്‍ തന്നെ ആയിരുന്നു ടിക്കറ്റ്‌ കൌണ്ടര്‍. രണ്ടു തരം ടിക്കറ്റ്‌ ആണ് ഇവിടെ ഉള്ളത് . 150 രൂപയുടെ പ്രവേശന ടിക്കറ്റില്‍ ഉച്ചയ്ക്ക് മീന്‍ കറിയും മീന്‍ വറുത്തതും കൂട്ടി വിശാലമായ ഒരു ഊണും, ഒരു കപ്പു ഐസ് ക്രീമും, അര മണിക്കൂര്‍ ബോട്ടിങ്ങും ഉള്‍പ്പെടുത്തിയിരിക്കുന്നു. 100 രൂപയുടെ ടിക്കെറ്റില്‍ ബോട്ടിങ്ങും ഐസ് ക്രീമും മാത്രം. മുന്‍പ് എല്ലാ ടിക്കെട്ടിനോടും ഒപ്പം ഒരു കരിക്കുകൂടി എല്ലാവര്‍ക്കും കൊടുക്കുമായിരുന്നുവത്രേ. പക്ഷെ തിരക്ക് കൂടിയപ്പോള്‍ അവര്‍ അത് എടുത്തു കളഞ്ഞു , പക്ഷെ ടിക്കറ്റ്‌ നിരക്ക് കുറച്ചതുമില്ല. ഒരു നല്ല കച്ചവടതന്ത്രം. ഞങള്‍ 150 രൂപയുടെ ടിക്കറ്റെടുത്ത് മുകളില്‍ കാണുന്ന ഫോട്ടോയിലെ മനോഹരമായ ഒരു മരപ്പാലവും കടന്നു അക്വാ ഫാമിന്റെ അകത്തെത്തി.വെള്ളം നിറഞ്ഞു കിടക്കുന്ന മനോഹരമായ കായലിന്റെ ഒരു ഭാഗം (അതോ ഒരു വലിയ പാടമോ) ആണ് കാഴ്ചയില്‍ ആദ്യം പെട്ടത്. ചുറ്റും വരി വരിയായി നില്‍ക്കുന്ന തെങ്ങുകളും, ഇവക്കിടയില്ലൂടെ യാത്രയുടെ ക്ഷീണം അകറ്റാനായി കടന്നു വരുന്ന കുളിര്‍കാറ്റും. അത്രക്കും സുന്ദരമായിനുന്നു ആ സ്ടലം. അവധിക്കാലമായതിനാല്‍ പ്രതീക്ഷിച്ചതിലും അധികം ആളുകളുണ്ടായിരുന്നു. ചെറിയ കുട്ടികളടങ്ങിയ കുടുംബങ്ങളാണ് അവിടെ അധികവും. ഞങ്ങളും ആ തിരക്കില്‍ അലിഞ്ഞു ചേര്‍ന്നു.


കുടുംബസ്ത്രീ പ്രവര്‍ത്തകരാണ് അവിടത്തെ ഭക്ഷണത്തിന്റെയും മറ്റു കാര്യങ്ങളും നോക്കുന്നത് . അതുകൊണ്ട് തന്നെ ജോലിക്കാരില്‍ ഭൂരിഭാഗവും സ്ത്രീകള്‍ ആയിരുന്നു . അല്‍പസമയം കാത്തു നിന്ന് തിരക്കിലൂടെ ഒരു ചൂണ്ടയും ഒരു കുപ്പി വെള്ളവും വാങ്ങി. ചൂണ്ട കണ്ടതോടെ അതുവരെയുണ്ടായിരുന്ന ആവേശമെല്ലാം പോയി. വെറുതെ ഒരു ചെറിയ വടിയും, അല്‍പ നീളത്തില്‍ പ്ലാസ്റ്റിക്‌ നൂലും, സാമാന്യം വലിയ ഒരു കൊളുത്തും. പരസ്യങ്ങളിലും മറ്റും കാണുന്നത് പോലെയുള്ള ഒരു പ്രൊഫെഷണല്‍ ചൂണ്ട പ്രതീക്ഷിച്ചതാണ് ഞങ്ങളില്‍ നിരാശയുണ്ടാകാന്‍ കാരണം . ഒരു ചൂണ്ടക്കു 20 രൂപ. അതില്‍ 10 രൂപ ചൂണ്ട തിരിച്ചു പോകുമ്പോള്‍ മടക്കികൊടുത്താല്‍ കിട്ടുമെന്നും അറിഞ്ഞു .അവര്‍ ചൂണ്ടയുടെ എണ്ണവും വാങ്ങുന്നവരുടെ പേരും ഒരു നോട്ടുബുക്കില്‍ എഴുതി വെക്കുന്നതും കണ്ടു. മീന്‍ പിടിക്കുമ്പോള്‍ ഇരയായി ചൂണ്ടയില്‍ കൊളുത്താന്‍ മൈദയും മറ്റേതോ പൊടികളും മിക്സ്‌ ചെയ്ത ഒരു ചെറിയ ഉണ്ടയും തന്നു. എത്ര ശ്രമിച്ചിട്ടും എന്താണ് ആ മിക്സിംഗ് എന്ന് മനസ്സിലാക്കാന്‍ ആയില്ല.


കുറച്ചു നേരം ചൂണ്ടയിട്ടിട്ടും ഒന്നും കിട്ടിയില്ല. ചൂണ്ടയിലെ തീറ്റ മുഴുവനും മീനുകള്‍ ആഹാരമാക്കുന്നതല്ലാതെ മീനിനെ ഒന്നും കിട്ടുന്നില്ല. മുന്‍പ് നാട്ടിലെ കുളത്തിലും തോടുകളിലും ചൂണ്ടയിട്ടും അല്ലാതെയും ഒരു പാട് തവണ മീന്‍ പിടിച്ചു പരിചയമുള്ളതുകൊണ്ട് ചൂണ്ടയിലെ ഇരയാണ് മീനെ കിട്ടാത്തതിന്റെ കാരണം എന്ന് മനസ്സിലായി. ചെറിയ മീനുകള്‍ക്ക് എപ്പോഴത്തെയും ഇഷ്ട ഭക്ഷണം മണ്ണിരയാണ് . മണ്ണിര ആണെങ്കില്‍ ചൂണ്ടയുടെ കൊളുത്തില്‍ നിന്നും എളുപ്പത്തില്‍ വിട്ടു പോകുകയും ചെയ്യില്ല. പക്ഷെ കുറെ തപ്പി നടന്നിട്ടും അവിടെയെങ്ങും ഒരു മണ്ണിരയെപ്പോലും കാണാനുമില്ല. അങ്ങിനെ വീണ്ടും പഴയപോലെ ചൂണ്ടയിട്ടു. അച്ഛന്‍ ഇതുവരെയായിട്ടും മീനെ പിടിക്കാത്തതില്‍ നാല് വയസ്സുകാരന്‍ മകന്‍ പരിഭവം കാട്ടിത്തുടങ്ങി. അങ്ങിനെ അവസാനം ഒരു പാട് കഷ്ടപ്പെട്ടു ഒരു കരിമീന്‍ കുഞ്ഞിനെ ചൂണ്ടയിലാക്കി മകന്റെ മുന്‍പില്‍ അഭിമാനം കാത്തു രക്ഷിച്ചു.പലയിടങ്ങളിലും ആളുകള്‍ക്ക് വെയില്‍ ഏല്‍ക്കാതെ ഇരിക്കാനായി(കിടക്കാനും) ഓലയുടെ മേല്കൂരയുള്ള ചെറിയ കുടിലുകള്‍ കെട്ടിയിരുന്നു. തെങ്ങിന്റെ തണലില്‍, ഓല മേല്കൂരക്കടിയില്‍ കാറ്റും കൊണ്ടിരിക്കുമ്പോള്‍ പുറത്തെ അസഹ്യമായ വെയിലിനെ നമ്മള്‍ മറന്നുപോകും. നഗരത്തിന്റെ തിരക്കില്‍ നിന്നും മാറി, അല്പം ശുദ്ധവായുവും ശ്വസിച്ചു നടന്നപ്പോള്‍ തന്നെ വല്ലാത്ത ഒരാശ്വാസം തോന്നി. ഒപ്പം അല്പം സങ്കടവും ... എത്ര കിട്ടിയാലും മതിവരാത്ത പണത്തിനു പിറകെ നടന്നു ജീവിതത്തിലെ പല നല്ല കാഴ്ചകളും നഷ്ടപ്പെടുത്തുകയാണ് എന്ന സങ്കടം. സൂര്യന്‍ ഉദിക്കുന്നതും അസ്ടമിക്കുന്നതും കണ്ട നാള്‍ മറന്നിരിക്കുന്നു. അവിടെ വന്നിരിക്കുന്നവരില്‍ പലരും ഈ തരത്തിലുള്ള ആളുകളാണ് എന്ന് ഉറപ്പായിരുന്നു.നാലുപേര്‍ക്ക് കയറാവുന്ന പെഡല്‍ ബോട്ടുകളും പിന്നെ തുഴയാവുന്ന തരം ബോട്ടുകളും ആണ് ഇവിടെ ഉള്ളത് . അതിനുള്ള കാശ് ടിക്കെറ്റില്‍ ഉള്പ്പെടുത്തിയതിനാല്‍ ആ ടിക്കെറ്റ് കാണിച്ചു കൊണ്ട് ബോട്ടില്‍ കയറാം. അര മണിക്കൂറാണ് സമയം അനുവദിക്കുന്നത് . പക്ഷെ ഏകദേശം ഒരു മണിക്കൂര്‍ കാത്തു നിന്നിട്ടും ബോട്ടുകള്‍ ഒന്നും കരയിലേക്ക് കയറുന്നില്ല. ഓരോരുത്തരും കയറുന്ന സമയവും മറ്റും അവിടെയിരിക്കുന്ന ആള്‍ നോക്കുകയോ കൂടുതല്‍ സമയം എടുക്കുന്നവരെ തിരിച്ചു വിളിക്കുകയോ ചെയ്യുന്നില്ല. കാര്യം ആളുടെ ശ്രദ്ധയില്‍ പെടുത്തി . എന്നിട്ടും രക്ഷയില്ല. ആള്‍ ഞാന്‍ ഇവിടത്തുകാരന്‍ അല്ല എന്ന മട്ടില്‍ വെറുതെയിരിക്കുകയാണ്. മകനാണെങ്കില്‍ ബോട്ടില്‍ കയറാതെ തിരിച്ചു പോകാന്‍ സമ്മതിക്കുന്നുമില്ല. അവസാനം ഒരു തുഴയുന്ന ബോട്ട് കരക്കടുത്തു.ചെറിയ രണ്ടു കുട്ടികളെയും കൊണ്ട് തുഴയുന്ന ബോട്ടില്‍ കയറിയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. അങ്ങിനെ ധര്‍മസങ്കടത്തില്‍ നില്‍ക്കുമ്പോള്‍ ഒരു ചേട്ടന്‍ ഞാന്‍ തുഴയാം എന്ന വാഗ്ദാനവും ആയി എത്തി. തുഴയാന്‍ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ ആള്‍ ചിരി മാത്രം മറുപടി പറഞ്ഞു. ആള്‍ക്ക് കാര്യമായി തുഴയാന്‍ അറിയില്ല എന്ന് തുടക്കത്തിലേ ബോധ്യമായി. പലയിടങ്ങളിലും ചാഞ്ചാട്ടം അസഹ്യമായപ്പോള്‍ കുടുംബവുമായി ആ കായലിലെ ചെളിവെള്ളം കുടിക്കുമോ എന്നു വരെ തോന്നി. ബോട്ടെങ്ങാനും മറിഞ്ഞാല്‍ ഭയപ്പെടാതെ കയ്യിലിരിക്കുന്ന കുഞ്ഞുമായി നീന്തി കരക്ക്‌ കയറുക എന്നും മറ്റേയാളെ കൊണ്ട് ഞാനും കരക്കെത്താം എന്നും ഭാര്യയോട്‌ പതുക്കെ പറഞ്ഞു ബോട്ട് യാത്ര ആസ്വദിക്കാന്‍ തുടങ്ങി. ഇതിനെക്കാള്‍ വലിയ പുഴകളും കായലുകളും നീന്തി വളര്‍ന്നവര്‍ ആയതിനാല്‍ രണ്ടുപേര്‍ക്കും മരണഭയം മാത്രം ഉണ്ടായിരുന്നില്ല.

തുടക്കത്തിലെയുള്ള അല്‍പ സമയത്തെ പരിചയക്കുറവു നീങ്ങിയപ്പോള്‍ ചേട്ടന്‍ നന്നായി തുഴഞ്ഞു തുടങ്ങി. ആളെ വെറുതെ തെറ്റിദ്ധരിച്ചു. കൂടുതല്‍ സംസാരിച്ചപ്പോള്‍ കാണാന്‍ പുതിയ സ്ടലങ്ങള്‍ തേടി നടക്കുന്ന ഒരു ആളാണ്‌ എന്നു മനസ്സിലായി.എല്ലാ സ്ടലത്തെ കുറിച്ചും നല്ല അറിവ്. വൈപ്പിന്‍ - ചെറായി റൂട്ടിന് സമാന്തരമായി കടലിനരുകിലൂടെ ഒരു റോഡ്‌ ഉണ്ട് എന്നും, ചില സ്ടലങ്ങളില്‍ പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന ആ റോഡിലൂടെ ബൈക്കില്‍ അല്പം സാഹസികമായി പോയാല്‍ കുഴുപ്പിള്ളി, ചെറായി, മുനമ്പം, അഴിക്കോട് തുടങ്ങി പ്രശസ്തവും അല്ലാത്തതും ആയ ഏകദേശം പത്തോളം ബീച്ചുകള്‍ ഒറ്റയടിക്ക് കാണാമെന്നു ആ ചേട്ടന്‍ പറഞ്ഞു തന്നു.

ഇടയ്ക്കിടയ്ക്ക് വെള്ളത്തിനു മുകളിലേക്ക് ചാടുന്ന പേരറിയാത്ത മീനുകളും അവയെ പിടിക്കാന്‍ പറക്കുന്ന പല പക്ഷികളും യാത്രയെ കൂടുതല്‍ രസകരമാക്കി . അങ്ങിനെ കുഴപ്പമൊന്നും ഇല്ലാതെ അരമണിക്കൂര്‍ ബോട്ടുയാത്ര അവസ്സാനിപ്പിച്ചു ചേട്ടന് നന്ദിയും പറഞ്ഞു പിരിഞ്ഞു.ഉച്ച ഭക്ഷണം കഴിക്കുന്നിടത്ത് വലിയ തിരക്കായിരുന്നു .അവിടെയും കുറെ കാത്തുനിക്കേണ്ടി വന്നു.. ഒരു കഷണം വറുത്ത മീനും, മീന്‍കറിയും ആയിരുന്നു അവിടത്തെ ഊണിലെ പ്രധാന വിഭവങ്ങള്‍. ക്യൂ നിന്ന് രണ്ടുപാത്രത്തില്‍ ഭക്ഷണവും വാങ്ങി അവിടെയുള്ള കുടിലിന്റെ ഉള്ളിലിരുന്നു. നല്ല വിശപ്പുള്ളതുകൊണ്ടു ഭക്ഷണത്തിനു നല്ല രുചി തോന്നി. അവസാനം മില്‍മയുടെ അഞ്ചു രൂപയുടെ ഒരു ഐസ്ക്രീമും തന്നു. ഭക്ഷണം തന്നപ്പോളും ഐസ്ക്രീം തന്നപ്പോഴും ടിക്കെറ്റില്‍ ഒരു ദ്വാരം ഇട്ടു അവര്‍ പഞ്ച് ചെയ്യുന്നുണ്ടായിരുന്നു.
അവിടെയെല്ലാം നടന്നും കണ്ടും വിശ്രമിച്ചും ഒരു ദിവസ്സം കഴിയാറായി. ചൂണ്ടയിടലും തുടക്കത്തില്‍ അല്പം സാഹസ്സമായ ബോട്ടിങ്ങും ഊണും ആസ്വദിച്ചു നാലുമണിയോടെ ഞങള്‍ മടങ്ങി. എത്രനാള്‍ ജീവിച്ചിരിക്കും എന്നറിയില്ലെങ്കിലും ഒരു പുതിയ സ്ടലം നല്‍കിയ ഓര്‍മ്മക്കായി ചൂണ്ടയില്‍ കുടുങ്ങിയ ആ കരിമീന്‍ കുഞ്ഞിനേയും ഞങ്ങള്‍ കൊണ്ടുപോന്നു.