Tuesday, October 29, 2013

മഞ്ഞൂർ

സാഹസികത ഇഷ്ടപ്പെടുന്ന, നീണ്ട ബൈക്ക് യാത്രകളെ സ്നേഹിക്കുന്ന കേരളത്തിലെ ചെറുപ്പക്കാർ ഒരിക്കലെങ്കിലും യാത്ര ചെയ്യാൻ കൊതിക്കുന്ന ഒരിടം. മഞ്ഞൂർ ..പേരിൽ തന്നെ മഞ്ഞും തണുപ്പും ഒളിപ്പിച്ചു വെച്ചിരിക്കുന്ന തമിഴ്‌നാട്ടിലെ അധികം ആർക്കും അറിയപ്പെടാത്ത ഒരു ഹിൽ സ്റ്റേഷൻ . ഊട്ടിയിൽ നിന്നും മുപ്പതു കിലോമീറ്റർ അകലത്തിൽ കിടക്കുന്ന "Mini Ootty" എന്നറിയപ്പെടുന്ന  ആ മഞ്ഞൂരിനെ അടുത്തറിയാൻ ആയിരുന്നു ഇത്തവണ ഞങ്ങളുടെ യാത്ര.


സ്വന്തം കുടുംബവും, കൂട്ടുകാരനും ഭാര്യയും, പിന്നെ മിക്ക  യാത്രകളിലും ഒപ്പം ഉണ്ടാകുന്ന, കേരളത്തിലെ വഴികൾ എല്ലാം അറിയുന്ന "ഗൂഗിൾ മാപ് "എന്ന് കളിയാക്കി വിളിക്കുന്ന രാജു ചേട്ടനും ആയിരുന്നു സഹയാത്രികർ. സ്ത്രീകളെയും കുട്ടികളെയും കൂട്ടി മനുഷ്യവാസം വളരെ കുറഞ്ഞ കാട്ടുവഴികളും താണ്ടി മഞ്ഞൂരിലേക്ക് ഒരു യാത്ര പുറപ്പെടുന്നത് വിഡ്ഢിത്തം അല്ലെ എന്ന ചില സുഹൃത്തുക്കളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ, ഇതുവരെ അധികം കേട്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ആ മനോഹര ഭൂമിയിലേക്ക്‌ ഞങ്ങൾ ഒരു അവധി ദിനത്തിൽ യാത്ര തുടങ്ങി.


എറണാകുളത്തു നിന്നും തൃശ്ശൂർ വഴി ഷോർണൂർ വരെ എത്തി. അവിടെ നിന്നും മണ്ണാർക്കാട് വഴി ആണ് പോകേണ്ടത്. ഞങ്ങൾ പോകുന്ന ആ വഴിയിൽ ആണ് പ്രശസ്തമായ അനങ്ങൻ മല എന്ന കാര്യം ഓർമ്മ വന്നത് അപ്പോഴാണ്‌.  വഴിയരുകിൽ  തന്നെ ആയതിനാൽ അവിടെ ഇറങ്ങി അല്പ സമയം ചിലവഴിക്കാം എന്ന് തീരുമാനിച്ചു . രാവിലെ ആയതിനാൽ അവിടെ ഉള്ള ടിക്കറ്റ്‌ കൌണ്ടർ തുറന്നിട്ടില്ല. മലയിലേക്കു കയറാനുള്ള ഗേറ്റ് തുറന്നു കിടക്കുന്നുണ്ടായിരുന്നു. ഞാൻ മുൻപ് വന്ന സ്ഥലം ആയതിനാൽ ബാക്കിയുള്ളവരെ കാണിക്കാനായി അവരെയും കൊണ്ട് അല്പദൂരം മല കയറി. ഏറ്റവും മനോഹരവും എന്നാൽ അപകടം നിറഞ്ഞതും ആയ ഒരു സ്ഥലം ആണ് അനങ്ങൻ മല.കുറെ മലയാളം, തമിഴ് സിനിമകൾ ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ട് .(അനങ്ങൻ മലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം) വലിയ ഉയരങ്ങളിലേക്ക് പോകാതെ അവിടെ കുറച്ചു സമയം ചിലവഴിച്ചു വീണ്ടും യാത്ര തുടങ്ങി.


മണ്ണാർക്കാട്‌  നിന്നും അട്ടപ്പാടിയിലേക്കുള്ള വഴികൾ വശ്യ സുന്ദരം ആയിരുന്നു. പച്ച വിരിച്ച പാടങ്ങളും പറമ്പുകളും നിറഞ്ഞ പാലക്കാടൻ ഗ്രാമ്യ ഭംഗി ആസ്വദിച്ചു കഴിയുമ്പോളേക്കും കയറ്റങ്ങൾ ആരംഭിച്ചു തുടങ്ങും. ഒരു വശത്ത് അഗാധമായ കൊക്കകളും മറു വശത്ത് മലകളും നിറഞ്ഞ നയനമനോഹരമായ കാഴ്ചകൾ ആയിരുന്നു വഴിയിലെല്ലാം കണ്ടിരുന്നത്‌ . കുറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ബോർഡ്‌ കണ്ടു. മുക്കാലി എന്നാണ് ഈ സ്ഥലത്തിന്റെ പേര്. കുറച്ചു പെട്ടിക്കടകളും മറ്റും ഉള്ള, കുറെ ജീപ്പുകൾ കിടക്കുന്ന ഒരു ചെറിയ ജങ്ക്ഷൻ.  സൈലന്റ് വാലി കാണാൻ വരുന്നവർ അവിടെ വണ്ടികൾ പാർക്ക് ചെയ്ത ശേഷം മുന്നൂറു മീറ്റർ അകലെ ഉള്ള ടൂറിസ്റ്റ് സെന്ററിൽ നിന്നും ജീപ്പിൽ കയറിയാണ്  കാടിനെ ആസ്വദിക്കുന്നത്. മുൻകൂട്ടി യാത്രകൾ ബുക്ക്‌ ചെയ്തവരെയും ഉച്ചക്ക് ഒരു മണിക്ക് മുൻപ് വന്നവരേയും മാത്രമേ കാട്ടിലേക്ക് ജീപ്പ് മാർഗം കടത്തി വിടുകയുള്ളൂ. (ഫോണ്‍ 0 4 9 2 4 - 2 5 3 2 2 5 ). മുൻപ് വന്നിട്ടുള്ള സ്ഥലം ആയതിനാൽ അവിടെയും  ഇറങ്ങാതെ വീണ്ടും യാത്ര തുടർന്നു .


അട്ടപ്പാടി എന്ന സ്ഥലപ്പേര് കേൾക്കുമ്പോൾ ആദ്യം  ആളുകളുടെ മനസ്സിൽ വരുന്നത്  കുറെ അപരിഷ്കൃതരായ ആദിവാസികളും അവരുടെ ഓല മേഞ്ഞ കുടിലുകളും ഒക്കെ ആണ്. പക്ഷെ ഇപ്പോഴത്തെ അട്ടപ്പാടിയുടെ രൂപം അതല്ല എന്നതാണ് സത്യം. ഓലക്കുടിലുകൾക്ക് പകരം ചെറിയ ടെറസ്സ്  വീടുകൾ ആണ് ഇപ്പോൾ അവിടെ കൂടുതലായി കാണുന്നത് . സർക്കാർ പല പദ്ധധികളിൽ ആയി പണിതു കൊടുത്തതും അല്ലാത്തതും ആയ ഒന്നോ രണ്ടോ മുറികൾ മാത്രം ഉള്ള കൊച്ചു കൊച്ചു വീടുകൾ ആണ് അവയെല്ലാം. ഗൂളിക്കടവ് ആണ് അട്ടപ്പാടിയിലെ ഒരു പ്രധാനപ്പെട്ട ജങ്ക്ഷൻ. അത്യാവശ്യം ഹോട്ടലുകളും മറ്റു കടകളും എല്ലാം ഉള്ള ഒരു സ്ഥലം. ഇനി ഇവിടം വിട്ടാൽ ലക്ഷ്യ സ്ഥാനം ആയ മഞ്ഞൂർ വരെ കാര്യമായി കഴിക്കാൻ കിട്ടില്ല എന്നറിയാമായിരുന്നതിനാൽ വണ്ടി ഗൂളിക്കടവിൽ നിറുത്തി ഒരു ഹോട്ടലിൽ കയറി .കഴിക്കാൻ ഒരു രുചിയും ഇല്ലാത്ത ചോറും കറികളും കഴിച്ചു. പട്ടിണി കിടക്കുന്നതിനേക്കാൾ നല്ലതല്ലേ എന്നും കരുതി ഒരു കണക്കിന് വിശപ്പ്‌ മാറ്റി വീണ്ടും യാത്ര തുടർന്നു.


ഗൂളിക്കടവ് കഴിഞ്ഞു കുറച്ചു കഴിഞ്ഞാൽ പിന്നെ  റോഡിൽ ഒരു മനുഷ്യനെ കാണാൻ നമ്മൾ കൊതിച്ചു പോകും. അത്രക്കും വിജനം ആണ്  അവിടമെല്ലാം. അട്ടപ്പാടിയിൽ ഏറ്റവും കൂടുതൽ ഉള്ളത് വാഴ കൃഷി ആണെന്ന് തോന്നി. പലയിടത്തും  വാഴ തോട്ടങ്ങൾ കണ്ടു.മഴ കഴിഞ്ഞു അൽപ ദിവസം കഴിഞ്ഞതിനാൽ  ഉണങ്ങി പോകാൻ തുടങ്ങുന്ന തരത്തിൽ ആയിരുന്നു അവിടത്തെ മലകൾ എല്ലാം. കാണാൻ ഭംഗിയുള്ള മല നിരകൾ ആണെങ്കിലും പൂർണമായ ഒരു പച്ചപ്പ്‌ ഇല്ലാത്തതിനാൽ കാഴ്ചക്ക് ഒരു പൂർണത വരാത്തതുപോലെ. പോകുന്ന വഴിയിൽ പ്രത്യേകിച്ചും വളവുകളിൽ ആന ഉണ്ടാകും എന്നറിയാമായിരുന്നതിനാൽ വളരെ ശ്രദ്ധിച്ചാണ് രാജു ചേട്ടൻ വണ്ടി ഓടിച്ചിരുന്നത്. പിന്നെ ഉച്ച സമയം ആയതിനാൽ മൃഗങ്ങളെ വഴിയിൽ കാണാൻ വളരെ സാധ്യത കുറവാണ് എന്ന ആശ്വാസത്തോടെ  ഞങ്ങൾ കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു.


വഴിയരുകിൽ കണ്ട ഒരു നെല്ലി തോട്ടത്തിൽ നിന്നും കുറെ നെല്ലിക്കകൾ കട്ടു പറിച്ചെടുത്തു. ആനകൾ കടക്കാതിരിക്കാൻ വൈദ്യുത വേലി കെട്ടിയ ഒരു തോട്ടം ആയിരുന്നു അത്. ചോദിച്ചു പറിക്കാൻ ആരെയും കാണാത്തത് കൊണ്ടാണ് കട്ടു പറിക്കേണ്ടി വന്നത്. മോഷ്ടിച്ചത് കൊണ്ടായിരിക്കണം വളരെ കനപ്പുതോന്നുന്ന വിഭാഗത്തിൽ പെട്ട ഒരു തരം  നെല്ലിക്ക ആയിരുന്നു അത്. ഒന്ന് ചവച്ചു അതെ വേഗത്തിൽ പുറത്തേക്കു തുപ്പി.


മനുഷ്യവാസം ഒട്ടും ഇല്ലാത്ത ആ വിജന പാതകളിലൂടെ സഞ്ചരിച്ചു മുള്ളി എന്ന സ്ഥലത്ത് എത്തി. മുള്ളിയിലാണ് കേരളത്തിന്റെ ചെക്ക്‌ പോസ്റ്റ്‌ ഉള്ളത്. ചെക്ക്‌ പോസ്റ്റിൽ ആരെയും കണ്ടില്ല. അതിന്റെ അടുത്ത് ഒരു ചെറിയ കട  കണ്ടു. ചായക്കടയും പലചരക്കുകടയും എല്ലാം ചേർന്ന ഒരിടം. ചെക്ക്‌ പോസ്റ്റിൽ ഇറങ്ങി പേരും വിവരങ്ങളും എല്ലാം രജിസ്റ്ററിൽ ചേർക്കണം എന്നാണ് കേട്ടിരുന്നത് . വണ്ടി നിറുത്തിയപ്പോൾ അടുത്ത കടയിൽ നില്കുന്ന ആൾ ചെക്ക്‌ പോസ്റ്റ്‌ കടന്നു പോകാനുള്ള അനുവാദം എന്ന അർഥത്തിൽ കയ്യാട്ടി. വണ്ടിയിൽ സ്ത്രീകളെയും കുട്ടികളെയും കണ്ടത് കൊണ്ടാകണം കൂടുതൽ ചോദ്യങ്ങൾ ചോദിക്കാതെ കടത്തി വിട്ടത് എന്ന് തോന്നി.


ഇനി തമിഴ്നാട്ടിലൂടെ ആണ് യാത്ര. മുള്ളി കഴിഞ്ഞു കുറെ ദൂരം വളരെ മോശം ആയ റോഡുകൾ ആണ്. വെറും കല്ലുകൾ മാത്രം ഉള്ള, റോഡ്‌ എന്ന് പറയാൻ പറ്റാത്ത തരത്തിൽ ഉള്ള റോഡ്‌ ആയിരുന്നു അത് . ആ റോഡിലൂടെ കുറെ ദൂരം സഞ്ചരിച്ചു വീണ്ടും ഒരു ചെക്ക്‌ പോസ്റ്റിൽ എത്തി. തമിഴ് നാടിന്റെ വക ആണ് അത്. അവിടെ നില്ക്കുന്ന ഗാർഡിന് 5 0 രൂപ കൈക്കൂലി കൊടുത്താൽ അതിലെ കടത്തി വിടും എന്നാണു പറഞ്ഞു കേട്ടിരുന്നത്.  രാജു ചേട്ടൻ പുറത്തിറങ്ങി മഞ്ഞൂരിലേക്കാണ്  എന്നും പറഞ്ഞു "പടി" കൊടുത്തു. അങ്ങിനെ ആ ചെക്ക്‌ പോസ്റ്റും കടന്നു വീണ്ടും യാത്ര തുടർന്നു.  ഇനി നേരെ ഗെദ്ദ വഴി മഞ്ഞൂരിലേക്ക്....


കാട്ടു വഴികളിലൂടെ കുറെ ദൂരം വണ്ടി ഓടി കഴിഞ്ഞപ്പോൾ ഹെയർ പിൻ വളവുകളുടെ തുടക്കം ആയി. നാല്പത്തിമൂന്ന് ഹെയർ പിൻ വളവുകൾ ആണ് മഞ്ഞൂരിലേക്ക് . സൌത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹെയർ പിൻ വളവുകൾ ഉള്ളത് ഇവിടെ ആണ് എന്നും  അത് റെക്കോർഡ്‌ ആണ് എന്നും പറഞ്ഞു  കേട്ടിരുന്നു സത്യമാണോ എന്നറിയില്ല. എന്തായാലും ഊട്ടിയിലെക്കൊ കൊടൈക്കനാലിലെക്കോ ഒന്നും പോകുമ്പോൾ പോകുമ്പോൾ ഒന്നും ഇത്രയധികം വളവുകൾ കണ്ടിട്ടില്ല. 


വളഞ്ഞ പുളഞ്ഞ വഴികളും താണ്ടി വണ്ടി അല്പം കയറിയപ്പോഴേക്കും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. മനസ്സിലും ശരീരത്തിലും കുളിർമ പകരുന്ന കാഴ്ചകൾ ആയിരുന്നു അവിടെയെല്ലാം. ഒരു വശത്ത് അഗാധമായ കൊക്കകൾ, മറുവശത്ത് ഉയരം അറിയാത്ത മലനിരകൾ. അങ്ങകലെ ഒരു വലിയ മലയുടെ ഉച്ചിയിൽ  പൊട്ടിന്റെ വലിപ്പത്തിൽ കുറച്ചു വീടുകൾ കണ്ടു. അതാണ്‌ മഞ്ഞൂർ എന്ന് തോന്നി. മഞ്ഞൂരിലേക്കുള്ള റോഡുകൾ എല്ലാം നല്ലതും, വഴിയിൽ വാഹനങ്ങൾ വളരെ കുറവും ആയിരുന്നു. ഒന്നോ രണ്ടോ വാഹനങ്ങൾ മാത്രം ഞങ്ങളെ കടന്നു പോയി.കടന്നു വന്ന വഴിയിലോ, പോകാനുള്ള വഴിയിലോ വണ്ടി കേടായാൽ ചിലപ്പോൾ നന്നാക്കിയെടുക്കാൻ ഒരാളെ പോലും അവിടെ കിട്ടുകയില്ല എന്നാലോചിച്ചപ്പോൾ ആണ് ഈ യാത്രയിലെ സാഹസികത മനസ്സിലായത്‌ .


പോകുന്ന വഴിയിൽ വൈദ്യതി ഉത്പാദിപ്പിക്കുന്നതിനായി ഒരു വലിയ മലയിൽ നിന്നും വെള്ളം കൊണ്ട് വരുന്ന വലിയ  പെൻ സ്റ്റോക്ക്‌  പൈപ്പുകൾ കണ്ടു. താഴെ വൈദ്യതി ഉത്പാദിപ്പിക്കുന്ന സ്ഥലവും. ആ സ്ഥലം ഫോട്ടോ നിരോധന മേഖല ആയതിനാൽ തിടുക്കത്തിൽ ഓർമ്മക്കായി ഒരു ചിത്രം മാത്രം എടുത്ത ശേഷം ആ കാഴ്ച്ചയോടും വിട പറഞ്ഞു. 


നാല്പത്തി മൂന്നു ഹെയർ പിൻ വളവുകൾ താണ്ടി അവസാനം ഗെദ്ധ എന്ന സ്ഥലവും പിന്നിട്ടു ഒടുവിൽ മഞ്ഞൂരിലെത്തി. അവിടെ നല്ല തണുപ്പ് തുടങ്ങിയിരുന്നു, ഊട്ടിയിലും കൊടൈക്കനാലിലും കാണപ്പെടുന്ന അതെ തണുപ്പ് .ഏറ്റവും അതിശയകരമായ കാര്യം പലയിടത്തും മേഘങ്ങൾ ഞങ്ങൾക്ക് താഴെയും ഞങ്ങൾ മേഘങ്ങൾക്ക് മുകളിലും ആയിരുന്നു. മഞ്ഞൂരിലെ ഏറ്റവും മുകളിലുള്ള റോഡിൽ നിന്നും നോക്കുമ്പോൾ മഞ്ഞു മേഘങ്ങൾ താഴെ പതുക്കെ പതുക്കെ ഒഴുകി നീങ്ങുന്നത്‌ പലയിടത്തും കണ്ടു. ഒപ്പം അതുവരെ ഞങ്ങൾക്ക്  വേണ്ടി ഒഴിഞ്ഞു മാറി നിന്ന മഴയും പെയ്തു തുടങ്ങി. കോടയും മഴയും, തണുപ്പും എല്ലാം ചേർന്ന ആ വരവേൽക്കൽ ഞങ്ങൾ ശരിക്കും ആസ്വദിച്ചു.


കുറച്ചു കടകളും റോഡരുകിൽ  ഒരു അമ്പലവും ഉള്ള വളരെ ചെറിയ വിസ്തൃതിയുള്ള ഒരു കവല അതായിരുന്നു മഞ്ഞൂർ. താമസിക്കാൻ ഒരു ഹോട്ടലിന്റെ പേരും നോക്കി ആ വഴികളിലൂടെ പതുക്കെ വണ്ടി ഓടിച്ചു. മറ്റു പല ബോർഡുകൾ കണ്ടു എന്നതല്ലാതെ ഹോട്ടലിന്റെ പേര് ഉള്ള ബോർഡ്‌ മാത്രം അവിടെ കണ്ടില്ല. കുറച്ചു കൂടി മുമ്പോട്ടു പോയപ്പോൾ കടകൾ അവസാനിക്കുകയും റോഡ്‌ വിജനമാകുകയും ചെയ്തപ്പോൾ വണ്ടി തിരിച്ചു. 


വഴിയരുകിൽ കണ്ട ഒരാളോട് വിവരങ്ങൾ തിരക്കി. മഞ്ഞൂർ ജങ്ക്ഷനിൽ തന്നെ രണ്ടു ലോഡ്ജുകൾ ഉണ്ടെന്നും അവയല്ലാതെ ഇവിടെ താമസിക്കാൻ മറ്റു സൌകര്യങ്ങൾ ഒന്നും ഇല്ല എന്ന് അയാളിൽ നിന്നും അറിഞ്ഞു. അവസാനം ചെറിയ അക്ഷരത്തിൽ എഴ്തുതിയ ലോഡ്ജിന്റെ ബോർഡ്‌ കണ്ടു പിടിച്ചു. പുറത്തു നിന്നും കണ്ടപ്പോൾ തന്നെ അവിടം താമസിക്കാൻ ഒട്ടും പറ്റിയതല്ല എന്ന് തോന്നി. വീണ്ടും അൽപ ദൂരം കൂടി യാത്ര തുടർന്നപ്പോൾ "Bellucks Guest House" എന്ന  ബോർഡു കണ്ടു. ഒരു അവസാന പരീക്ഷണം ആയി അവിടെ കയറി നോക്കാം എന്നും കരുതി വണ്ടി നിറുത്തി. 


ആയിരത്തി എണ്ണൂരു രൂപയ്ക്കു അവിടെ രണ്ടു റൂമുകൾ എടുത്തു. നല്ല വൃത്തിയുള്ള മുറികളും ടോയ്ലെട്ടും ആയിരുന്നു അവിടെ. തമിഴ് അറിയാത്തതിനാൽ പല യാത്രകളിലും ആളുകളോട്  മുറി ഭാഷയിൽ ആണ് സംസാരിക്കാറുള്ളത് .എന്നാൽ ഗസ്റ്റ് ഹൗസിന്റെ  ഉടമസ്ഥൻ ബെല്ലക്സ് മനോഹരം ആയി ഇംഗ്ലീഷ് സംസാരിക്കുന്ന ആൾ ആയതിനാൽ ഭാഷ ഒരു തടസ്സം ആയില്ല എന്നതും ഈ താമസം രസകരം ആയി മാറി. മഞ്ഞൂരിലെ ഏക അംഗീകൃത ഗസ്റ്റ് ഹൌസ് ഇതാണ് എന്ന് അയാൾ പല തവണ സംസാരത്തിനിടയിൽ പറഞ്ഞു കൊണ്ടിരുന്നു.


മഴ മാറി അൽപ വിശ്രമത്തിന്മ ശേഷം മഞ്ഞൂർ കാണാൻ ഇറങ്ങി. ഏകദേശം മുപ്പതു കിലോമീറ്റർ പോയിക്കഴിഞ്ഞാൽ അപ്പർ ഭവാനിയിലെത്താം. അവിടത്തെ ഡാമും കാഴ്ചകളും സുന്ദരം ആണ് എന്നറിയാമായിരുന്നു. കുറെ ദൂരം സഞ്ചരിച്ചു വന്നത് കൊണ്ടും, ഓടി നടന്നു കുറെ സ്ഥലങ്ങൾ കാണാൻ താല്പര്യം ഇല്ലാത്തതുകൊണ്ടും അത് ഒഴിവാക്കി. ഏകദേശം ആറു കിലോമീറ്റർ മാത്രം അകലത്തിൽ മലയുടെ മുകളിൽ ആണ്ടവരുടെ ഒരമ്പലം ഉണ്ടെന്ന ബെല്ലക്ക്സിന്റെ വാക്കുകളെ വഴികാട്ടിയാക്കി അവിടേക്ക് യാത്ര തിരിച്ചു.


മഞ്ഞൂരിലെ പ്രധാന തൊഴിലും കൃഷിയും എല്ലാം തേയില തന്നെ ആയിരുന്നു. എവിടെ നോക്കിയാലും കോട മഞ്ഞു പുതഞ്ഞ പച്ച വിരിച്ച തേയില തോട്ടങ്ങൾ മാത്രം. പലരോടും വഴി ചോദിച്ചു കുറെ ചെന്നപ്പോഴേക്കും കൊത്തു പണികൾ നിറഞ്ഞ  അമ്പലത്തിന്റെ വലിയ ഗേറ്റ് കണ്ടു. അതും കടന്നു ചെന്നപ്പോഴേക്കും വീണ്ടും അതേ പോലെ ഒരെണ്ണം. പല തവണ ഗേറ്റുകൾ താണ്ടി ഒടുവിൽ ഒരു വലിയ മലയുടെ ഏറ്റവും ഉച്ചിയിൽ എത്തി.


അടുത്ത കാലത്ത് കണ്ട ഏറ്റവും സുന്ദരമായ ഒരു സ്ഥലം. ഒരു വലിയ മലയുടെ മുകളിൽ ഒരു ചെറിയ അമ്പലം. അതിന്റെ അടുത്ത് ഒരു ആശ്രമം. അവിടെ നിന്നും നോക്കിയാൽ മഞ്ഞൂരിലെ എല്ലാ ഭാഗങ്ങളും 3 6 0 ഡിഗ്രിയിൽ  കാണാം. അവിടെ വരുന്നവർക്ക് പ്രകൃതി സൌന്ദര്യം ആസ്വദിക്കാനായി അമ്പലത്തിനടുത്തു ഒരു വാച്ച് ടവർ പണിതിട്ടുണ്ടായിരുന്നു. അമ്പലത്തിനകത്ത് നിന്നും കേൾക്കുന്ന ഭജനയും ശ്രവിച്ചു ആ വാച്ച് ടവറിൽ മനുഷ്യനെ  മയക്കുന്ന, ബ്രമിപ്പിക്കുന്ന മനോഹര  കാഴ്ചകൾ കണ്ടു നിന്നു. സാമാന്യം ശക്തിയിൽ വീശുന്ന തണുത്ത കാറ്റും ചിലപ്പോൾ മാത്രം അസഹനീയം ആയി തോന്നി. പ്രകൃതിയും മനുഷ്യനും അടുത്തറിയുന്ന ചില ആ അപൂർവനിമിഷങ്ങൾ തികച്ചും വിവരണാതീതമായിരുന്നു.


അമ്പലത്തിന്റെ അടുത്ത് കണ്ട ഒരു സ്വാമിജിയെ പരിചയപ്പെട്ടു. ഏകദേശം പത്തോളം പേര് അവിടെ താമസിച്ചു പ്രാർഥനയും മറ്റുമായി കഴിയുന്നുണ്ട് എന്ന് ആ സ്വാമിജിയിൽ നിന്നും അറിഞ്ഞു. അവിടെ നിന്നും താഴേക്ക് ഒരു കിലോമീറ്റർ ഇറങ്ങി ചെന്നാൽ ഒരു ഗുഹയുണ്ട് എന്നും മഴ പെയ്തു വഴുക്കിയ, ഈ ഇരുണ്ടു തുടങ്ങിയ കാലാവസ്ഥയിൽ കുട്ടികളോടൊപ്പം അവിടെ പോകേണ്ട എന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾ രണ്ടു പേരും അവിടെ കണ്ട മറ്റു കുട്ടികളുമായി കളികൾ തുടങ്ങിയിരുന്നു. അവർക്ക് എവിടെ ചെന്നാലും ഭാഷയും പ്രായവും സ്ഥലവും ഒന്നും പ്രശ്നം ആകാറില്ല. സുരക്ഷിതമായ ഒരകലത്തിൽ അവരെ കളിയ്ക്കാൻ വിട്ടു നേരം ഇരുട്ടുന്നതു വരെ അവിടെ തന്നെ നിന്നു. മടങ്ങി പോരാൻ മനസ്സ് വന്നില്ല. ഒടുവിൽ  മഞ്ഞു നിറഞ്ഞു കാഴ്ച്ചയെ മറച്ചു തുടങ്ങിയപ്പോൾ അവിടം വിട്ടു. 


മടങ്ങി വന്നു രാത്രി ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടൽ തപ്പി ഇറങ്ങി. പൂജ അവധി ദിവസം ആയതിനാൽ പല ഹോട്ടലുകളും തുറന്നിട്ടുണ്ടെങ്കിലും അവയിൽ ഒന്നിലും കച്ചവടം ഇല്ല എന്ന് അപ്പോഴാണ്‌ മനസ്സിലായത്‌.നാല് മണിക്ക് ചായ കുടിച്ച ഒരു ചെറിയ ഹോട്ടൽ മാത്രം തുറന്നിരിക്കുന്നു. അവിടെ കയറി. നേരത്തെ പറയാത്തതിനാൽ കഴിക്കാൻ ഒന്നും ഇല്ല എന്നും അൽപനേരം കാത്തിരുന്നാൽ എന്തെങ്കിലും ഉണ്ടാക്കി തരാം എന്ന് കടയുടമ മലയാളവും തമിഴും ചേർന്ന  ഭാഷയിൽ പറഞ്ഞു. 


ഭക്ഷണത്തിനായുള്ള കാത്തിരിപ്പിനിടയിൽ അറുപതിലേറെ പ്രായം തോന്നിക്കുന്ന കടയുടമയോട് പേരും വിവരങ്ങളും തിരക്കി. നാളെക്കുള്ള പച്ചക്കറികൾ അരിയുന്നതിന്റെ ഇടയിൽ അയാൾ സ്വന്തം  ജീവിതം പറഞ്ഞു തന്നു. മലയാളിയാണ്. കണ്ണൂർ ആണ് സ്വദേശം.പേര് അബ്ദുള്ള. മഞ്ഞൂരിൽ  വന്നിട്ട് അമ്പതിലേറെ വർഷങ്ങൾ ആയി. ഭാര്യയും ഒരു മകനും ഉണ്ട്.മൂന്നു പേരും ചേർന്ന് ഹോട്ടലിന്റെ കാര്യങ്ങൾ എല്ലാം നോക്കും. മറ്റു പണിക്കാർ ആരും ഇല്ല. വർഷങ്ങൾ കൂടുമ്പോൾ അതും കല്യാണമോ മരണമോ ഉണ്ടായാൽ മാത്രം നാട്ടിൽ പോകും. ബാക്കി സമയം മുഴുവൻ ഈ ഹോട്ടലും കുടുംബവും ആയി ആ മലയിൽ ആ തണുപ്പിൽ ജീവിതം ജീവിച്ചു തീർക്കുന്ന ഒരാൾ.


തണുത്ത വിറയ്ക്കുന്ന ആ കാലാവസ്ഥയിൽ ചൂടുള്ള ചപ്പാത്തിയും രുചികരം ആയ  തക്കാളിക്കറിയും കഴിക്കുന്നതിന്റെ ഇടയിൽ അബ്ദുള്ളയെ അയാൾ അറിയാതെ പല തവണ നോക്കി. ഒരായുസ്സ് മുഴുവൻ ഈ മല മുകളിൽ ജോലിചെയ്തിട്ടും ഒന്നും നേടിയിട്ടില്ലാത്ത വാർധക്യത്തിലും ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരാൾ. പരാതിയോ പരിഭവങ്ങളോ ഇല്ലാതെ മുഖത്ത് ചിരി മാത്രം ഒതുക്കി ജീവിക്കുന്ന ഇത്തരം ആളുകളെ പലയിടത്തും കാണാറുണ്ട്‌. അൽപ നേരം ചൂട് സഹിച്ചാൽ , മൊബൈലിന്റെ റേഞ്ച് പോയാൽ, ഒരു നേരം ഫേസ് ബുക്കിൽ കയറാൻ പറ്റാതിരുന്നാൽ പരാതിയും ബഹളങ്ങളും ഉണ്ടാക്കുന്ന ഞാനടക്കമുള്ള എല്ലാവരും ഇത്തരം മനുഷ്യരെ കണ്ടു പഠിക്കണം എന്ന് തോന്നി.


മഞ്ഞൂരിൽ ടൂറിസ്റ്റുകൾ വളരെ കുറച്ചു മാത്രമേ വരാറുള്ളൂ എന്നും വന്നാൽ അവിടത്തെ കാഴ്ചകൾ എല്ലാം കണ്ടു അന്ന് തന്നെ മടങ്ങി പോകുകയാണ് പതിവും എന്നും അബ്ദുള്ളയിൽ നിന്നും അറിഞ്ഞു. അടുത്ത വരവിൽ കാണാം എന്നും പറഞ്ഞു അബ്ദുള്ളക്കു പണവും കൊടുത്തു  നന്ദിയും ചൊല്ലി അവിടെ നിന്നും ഇറങ്ങി. പിന്നെ എല്ലാവരും ചേർന്ന്   വെറുതെ ആ വഴികളിലൂടെ  നടന്നു. തമിഴ് നാട്ടിൽ സാധാരണ കാണുന്ന വൃത്തി വളരെ കുറവുള്ള റോഡുകൾ ആയതിനാൽ രാത്രിയിലെ യാത്ര വേഗം അവസാനിപ്പിച്ചു. 

രാത്രി മുറിയിൽ ഏറെ നേരം എല്ലാവരും ഒരുമിച്ചിരുന്നു സംസാരിച്ചു. ജോലിയുടെ തിരക്കുകൾക്കിടയിൽ വല്ലപ്പോഴും വീണു കിട്ടുന്ന ഈ ദിവസ്സങ്ങളിൽ ആണ് ശരിക്കും മനുഷ്യരോട് സംസാരിക്കുന്നത് . യാത്രകളെ ഇഷ്ടപ്പെടുന്ന ആളുകള് ആയതിനാൽ സംസാരം കൂടുതൽ യാത്രകളെ കുറിച്ച് മാത്രം ആയിരുന്നു. അങ്ങിനെ ആ തണുപ്പിൽ അറിയപ്പെടാത്ത ഒരു സ്ഥലത്ത്  മറക്കാനാവാത്ത ഒരു ദിവസം കൂടി ജീവിതമെന്ന ഡയറിയിൽ എഴ്തുതി ചേർത്തു.


പിറ്റേന്ന് രാവിലെ ഞങ്ങൾ മഞ്ഞൂരിനോട് വിട പറഞ്ഞു. ഇനി ഇവിടെ കാണാൻ ഉള്ളത് അപ്പർ ഭവാനി ഡാം,  പിന്നെ പെൻ സ്റ്റോക്ക്‌ വ്യൂ  എന്ന സ്ഥലങ്ങൾ ആണ്. അപ്പർ ഭവാനിയിലേക്ക്  മുപ്പതു കിലോമീറ്റർ യാത്ര ചെയ്യണം,പെൻ സ്റ്റോക്ക്‌ വ്യൂ ആണെങ്കിൽ സുരക്ഷാ കാരണങ്ങളാൽ സന്ദർശകരെ വിലക്കിയിരിക്കുകയും ആണ്. ഇനിയും ഞങ്ങൾ അറിയാത്ത കുറെ നല്ല സ്ഥലങ്ങൾ ഇവിടെ ഉണ്ടാകും എന്നറിയാം. ഇത് ഒരു പരീക്ഷണ യാത്ര മാത്രം ആണ്. ഒരു പുതിയ സ്ഥലം പഠിക്കാൻ, ആസ്വദിക്കാൻ വേണ്ടിയുള്ള ഒരു യാത്ര.ബാക്കി കാഴ്ചകൾ എല്ലാം മറ്റൊരു യാത്രയിൽ കണ്ടു തീർക്കാം എന്നും കരുതി ഞങ്ങൾ മടങ്ങി...ഞങ്ങളുടെ ഈ യാത്രയിൽ ഇനിയും കാഴ്ചകൾ ഒത്തിരി ബാക്കിയാണ്. മഞ്ഞൂരിൽ നിന്നും ഊട്ടി അവിടെ നിന്നും മാസിനഗുടി വഴി നിലംബൂരിലൂടെ എറണാകുളത്തേക്ക് . ഒരു പാട് കാഴ്ചകൾ ഞങളെ കാത്തിരിക്കുന്നുണ്ട് .

മഞ്ഞൂരിൽ നിന്നും കോട നിറഞ്ഞ വഴികളിലൂടെ തിരിച്ചിറങ്ങുമ്പോൾ വണ്ടി നിറുത്തിച്ചു ഭാര്യയും കുട്ടികളും റോഡരുകിൽ നിറഞ്ഞു നിന്നിരുന്ന ഊട്ടി പൂവ് എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ഒരിക്കലും വാടാത്ത, ഉണങ്ങാത്ത പൂവുകൾ കുറെ പറിച്ചെടുത്തു. മഞ്ഞൂരിന്റെ ഓർമ്മക്കായി  ആ മഞ്ഞപ്പൂവുകൾ കയ്യിലും ആ സുന്ദര കാഴ്ചകൾ മനസ്സിലും നിറച്ചു ഞങ്ങൾ മടങ്ങി.

മഞ്ഞൂരിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം .....

Tuesday, October 8, 2013

കൊളുക്കുമല

മൂന്നാർ എന്നും യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്ഥലം ആണ്. പല തവണ പോകുകയും അവിടത്തെ എല്ലാ കാഴ്ചകളും കണ്ടു തീർത്തു  എന്ന് അഹങ്കരിച്ചിരിക്കുമ്പോൾ ആണ് ഒരു സുഹൃത്ത്‌  ചില സ്ഥലങ്ങളുടെ പേരുകൾ പറഞ്ഞത്‌  - മീശപ്പുലിമല, റോഡോ വാലി, കുരങ്ങിണി, കൊളുക്കുമല  തുടങ്ങിയ സ്ഥലങ്ങൾ മുന്നാറിലും പരിസരങ്ങളിലും ആയി ആണ് കിടക്കുന്നത് എന്ന്  അവനിൽ നിന്നും അറിഞ്ഞപ്പോൾ ശരിക്കും എന്റെ അറിവില്ലായ്മയിൽ നിരാശ തോന്നി. കേരളത്തിലെത്തുന്ന വിദേശികൾ ഏറ്റവും കൂടുതലായി പോകുന്ന സ്ഥലങ്ങളാണ് ഇവയെന്നും മലയാളികൾക്ക് ഈ സ്ഥലങ്ങളെ കുറിച്ച് ഒന്നും അറിയില്ല എന്ന് കൂടി  കേട്ടപ്പോൾ ഈ സ്ഥലങ്ങൾ കാണണം എന്ന ചിന്ത മനസ്സിലുറപ്പിച്ചു. അങ്ങിനെയാണ് ഈ  കൊളുക്കുമല  യാത്ര തുടങ്ങിയത് ...


ഒരു ഒഴിവു ദിവസം യാത്രകളെ ഇഷ്ടപ്പെടുന്ന നാലു കൂട്ടുകാരോടൊപ്പം എറണാകുളത്തു നിന്നും നേരം വെളുക്കുന്നതിനു മുൻപേ കൊളുക്കുമല യാത്ര തുടങ്ങി. ഇന്ത്യയിലെ ഏകദേശം എല്ലാ സ്ഥലങ്ങളും കണ്ടു തീർത്ത രാജു ചേട്ടനും, ജോസഫ്‌ ചേട്ടനും പിന്നെ സഹപ്രവർത്തകർ ആയ മുകുന്ദും, റെജിയും ആണ് ഒപ്പം ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ വളരുന്ന തേയില തോട്ടം ആണ് കൊളുക്കുമല എന്ന അറിവും അവിടേക്ക് എത്താനുള്ള ഏകദേശ വഴിയും മാത്രമേ എല്ലാവർക്കും അറിയാമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഒരു പുതിയ സ്ഥലം, അതും ലോക റെക്കോർഡ്‌ ഉള്ള ഒരു സ്ഥലം കാണാനുള്ള ആകാംക്ഷയിൽ ആയിരുന്നു എല്ലാവരും.


മുന്നാറിൽ  നിന്നും ഏകദേശം മുപ്പത്തി അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് സുര്യനെല്ലി. മുന്നാറിൽ നിന്നും ചിന്നക്കനാൽ  വഴി സൂര്യനെല്ലിയിലേക്കുള്ള വഴികൾ സുന്ദരമായ കാഴ്ചകൾ കൊണ്ട് നിറഞ്ഞതായിരുന്നു. തേയില തോട്ടങ്ങളുടെ പച്ചപ്പും, കോട നിറഞ്ഞ തണുത്ത കാറ്റും എല്ലാം ആസ്വദിച്ചു കൊണ്ട്  പീഡന കേസിലൂടെ പ്രശസ്തമായ സുര്യനെല്ലിയിലെ, അപ്പർ സുര്യനെല്ലിയിൽ എത്തി. രാവിലെ ആയതു കൊണ്ടും, ഡ്രൈവ് ചെയ്യുന്ന കൂട്ടുകാരൻ  മുകുന്ദിന്റെ കഴിവ് കൊണ്ടും എറണാകുളത്ത് നിന്നുമുള്ള 155 കിലോമീറ്റർ ദൂരം ഏകദേശം മൂന്നര മണിക്കൂർ കൊണ്ട് താണ്ടിയാണ് അപ്പർ സുര്യനെല്ലിയിൽ എത്തിയത് .


കുറച്ചു കടകൾ മാത്രമുള്ള, അതിലേറെ ജീപ്പുകൾ ഉള്ള ഒരു ചെറിയ കവല. അതായിരുന്നു അപ്പർ സുര്യനെല്ലി. കൊളുക്കുമലയിലേക്ക് ജീപ്പിൽ മാത്രമേ പോകാൻ കഴിയൂ എന്നത് കൊണ്ടാണ് അവിടെ ഒരു പാട് ജീപ്പുകൾ ഉണ്ടായിരുന്നത് . റോഡിന്റെ  സൈഡിൽ വണ്ടി നിറുത്തി കൊളുക്കുമല വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവിടെ നിന്നും പത്തു കിലോമീറ്റർ ദൂരം ഉണ്ട് കൊളുക്കുമലയിലേക്ക് എന്നും അവിടെ ഭക്ഷണമോ വെള്ളമോ  കിട്ടാൻ സാദ്യത കുറവാണ് എന്നും അവരിൽ  നിന്നും അറിഞ്ഞു. സ്വന്തം വണ്ടിയിൽ ആണെങ്കിൽ, അവിടെ നിന്നും മുന്ന് കിലോമീറ്റർ അകലത്തിൽ കിടക്കുന്ന നാഗമല വരെ വണ്ടി കൊണ്ട് പോകാം എന്നും അറിഞ്ഞു.


ആയിരം രൂപ തന്നാൽ കൊളുക്കുമലയിൽ കൊണ്ട് പോകാം എന്നും പറഞ്ഞു പിന്നാലെ കൂടിയ ജീപ്പ് ഡ്രൈവർമാരിൽ നിന്ന് രക്ഷപ്പെട്ടു അടുത്തുള്ള ചായക്കടയിൽ നിന്നും ഉച്ചക്ക് കഴിക്കാനുള്ള ബോണ്ടയും, സുഖിയനും, വെള്ളവും  വാങ്ങി (അത് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ) യാത്ര തുടങ്ങി. അല്പ ദൂരം സഞ്ചരിച്ചപ്പോൾ ഒരു ചെക്ക്‌ പോസ്റ്റ്‌ കണ്ടു. ഹാരിസണ്‍ മലയാളത്തിന്റെ എസ്റ്റേറ്റ്‌ വക ആയിരുന്നു അത്. അവിടെ ഒരു വണ്ടിക്കു നൂറു രൂപ കൊടുത്താൽ മാത്രമേ കടത്തി വിടുകയുള്ളു. പണം കൊടുക്കുന്നതിനിടയിൽ അവിടത്തെ ആളോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വഴി മോശമാണ് എന്നും അവരുടെ എസ്റ്റേറ്റ്‌ വഴിയിലൂടെ നടന്നു പോകാൻ ആരെയും സമ്മതിക്കാറില്ല എന്നും, നടന്നു പോകണമെങ്കിൽ ആയിരം രൂപ കൊടുത്തു പെർമിഷൻ എടുക്കണം എന്നും അറിഞ്ഞു.  കുറച്ചു വര്ഷം മുൻപ്  ആ വഴിയിലൂടെ നടന്നു പോയ ഒരാൾ അവിടെ കിടന്നു മരിച്ചെന്നും, പോലീസും മറ്റും വന്നും കുറെ പണവും സമയവും ചിലവായത് കൊണ്ടാണത്രേ ഈ "നടത്ത" നിരോധനം കൊണ്ട് വന്നത് എന്നും അയാൾ കൂട്ടിച്ചേർത്തു.


വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്തിട്ടുണ്ട് എന്ന് പറയപ്പെടുന്ന, പലയിടത്തും കല്ലുകൾ മാത്രം കാണപ്പെടുന്ന റോഡ്‌ എന്ന്  പറയാൻ പറ്റാത്ത റോഡിലൂടെ വണ്ടി ഓടിച്ചു. വഴിയിൽ ചിലയിടത്ത് തോട്ടം തൊഴിലാളികളുടെ ചെറിയ വീടുകൾ കണ്ടു.  ആധുനികതയുടെ കടന്നു കയറ്റം ഒന്നും ഇല്ലാത്ത കൊച്ചു കൊച്ചു വീടുകൾ. അവയ്ക്ക് പുറകിലായി തേയില തോട്ടങ്ങളും. രാവിലെ തന്നെ ഈ റോഡിലൂടെ കാറോടിച്ചു വരുന്ന "വട്ടന്മാരെ" അവർ തുറിച്ചു നോക്കുന്നത് പോലെ തോന്നി.


ഏകദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചപ്പോൾ തന്നെ യാത്ര മതിയായി. ഇതിലും നല്ലത് നടക്കുകയാണ് എന്ന് തോന്നി. പക്ഷെ വീതി കുറഞ്ഞ റോഡിൽ കാർ പാർക്കും ചെയ്തു പോകാൻ പറ്റാത്തത് കൊണ്ടും, പരിചയം ഇല്ലാത്ത സ്ഥലം ആയതു കൊണ്ടും  അവർ മുൻപേ പറഞ്ഞ നാഗമല വരെ എന്തായാലും പോകാം എന്ന് തീരുമാനിച്ചു യാത്ര തുടർന്നു .


ഒരു സ്കൂളും ഒരു ചെറിയ അമ്പലവും കുറച്ചു വീടുകളും ആണ് നാഗമലയിൽ ഉണ്ടായിരുന്നത്. റോഡരുകിലെ രണ്ടു വീടുകൾക്കിടയിൽ അനുവാദം ചോദിച്ചു വണ്ടി പാർക്ക്‌ ചെയ്തു നടത്തം തുടങ്ങി. അങ്ങ് അകലെയായി ഉയരത്തിൽ വലിയ മല കണ്ടു. അതാണ്‌ കൊളുക്കുമല. റോഡിലൂടെ നടന്നു വന്ന ചേട്ടനോട് അവിടെ എത്താൻ എളുപ്പവഴികൾ ഉണ്ടോ എന്ന് ചോദിച്ചു. തേയില തോട്ടങ്ങളുടെ ഇടയിലൂടെ നടന്നു കയറിയാൽ അവിടെ എത്താം എന്നും കോട ഇറങ്ങി വഴി മൂടിയാൽ പരിചയക്കാർ അല്ലാത്തവർ വഴി ഒന്നും കാണാൻ പറ്റാതെ ബുദ്ധി മുട്ടും എന്നും,  ജീപ്പ് ആണ് നല്ലത് എന്നും ആ ചേട്ടൻ പറഞ്ഞു തന്നു.

കൊളുക്കുമല നടന്നു കയറാൻ തീരുമാനിച്ചാണ് വന്നത് , അത് എന്ത് തടസ്സം വന്നാലും പൂർത്തിയാക്കും എന്നും മനസ്സിലുറപ്പിച്ചു ഞങ്ങൾ നടത്തം തുടങ്ങി. വളരെ നല്ല കാലാവസ്ഥ. സഹിക്കാവുന്ന തരത്തിലുള്ള തണുപ്പ് , ചെറിയ കാറ്റ്, ഒപ്പം വെയിൽ. അങ്ങകലെ വളരെ ഉയരത്തിൽ കാണുന്ന ലക്ഷ്യ സ്ഥാനം നോക്കി ജീപ്പ് റോഡിലൂടെ നടന്നു. അല്പം കഴിഞ്ഞപ്പോൾ തേയില തോട്ടത്തിന്റെ ഇടയിലൂടെ മുകളിലേക്ക് ഒരു നടപ്പാത കണ്ടു. ഒരാൾക്ക്‌ മാത്രം നടക്കാനുള്ള വീതിയുള്ള വഴിയിലൂടെ വരി വരി ആയി നടന്നു തുടങ്ങി.


സമുദ്രനിരപ്പിൽ നിന്നും ഏകദേശം  8000 അടിയോളം ഉയരത്തിലായി ആണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് കൊളുക്കുമല . തമിഴ് നാട്ടിലാണ് എങ്കിലും ഇവിടേയ്ക്ക് റോഡു മാർഗം കേരളത്തിലൂടെ മാത്രമേ പ്രവേശിക്കാൻ കഴിയൂ. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാൿറ്ററി കൊളുക്കുമലയിൽ ഉണ്ട്. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പാടമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്.


തേയില തോട്ടങ്ങൾക്കിടയിലൂടെ നടപ്പ്  രസകരം ആയിരുന്നു. വലിയ കയറ്റങ്ങൾ ആണ് കയറുന്നത് എന്നിരുന്നാലും ആ സുഖകരമായ കാലാവസ്ഥയിൽ ശരീരം ഒട്ടും വിയർക്കാത്തത് കൊണ്ട് ക്ഷീണം ഒട്ടും തോന്നിയില്ല. ഒപ്പം ഉള്ളവർ എല്ലാവരും നല്ല നടത്തക്കാർ ആയതിനാൽ ആരെയും കാത്തു നില്കേണ്ടി വരാത്തതു കൊണ്ട് കുറച്ചു സമയം കൊണ്ട് തന്നെ കുറെ ഉയരത്തിൽ എത്തി ചേർന്ന പോലെ തോന്നി.   പക്ഷെ അപ്പോഴും കൊളുക്കുമല  വളരെ ഉയരത്തിൽ തന്നെ ആയിരുന്നു. ഇന്ന് മുഴുവൻ നടന്നാലും അവിടെ എത്തുമോ എന്ന സംശയം മനസ്സിൽ വന്നു.


അല്പം കഴിഞ്ഞപ്പോൾ ആണ് കാര്യങ്ങൾ ആകെ മാറിയത്. പെട്ടെന്ന് അന്തരീക്ഷം ആകെ മാറി. വെയിൽ മാറി, ചെറിയ മഴ വന്നു, ഒപ്പം അതി ശക്തമായ കോടയും. അടുത്ത് നില്ക്കുന്നവരെ പോലും കാണാത്ത അവസ്ഥ. ക്യാമറയും പർസും എല്ലാം ഒരു ബാഗിൽ ആക്കി, ബാഗിന് മാത്രം ആയി ഉള്ള റെയിൻ കോട്ടും ഇടുവിച്ചു. ആ ചെറിയ മഴയും ആസ്വദിച്ചു നടന്നു.


ജീപ്പ് റോഡിലൂടെ അല്ലാതെ മലയുടെ മുകൾ ഭാഗം മാത്രം നോക്കി, കാണുന്ന വഴികളിലൂടെ  ആണ് ഇത്രയും സമയം നടന്നിരുന്നത്. പല പല മടക്കുകൾ ആയി കിടക്കുന്ന ചെറിയ  മലകൾ മാറി കയറിയാൽ വേറെ എവിടെയാണ് എത്തുക എന്നും അറിയില്ല. ഒരു ചെറിയ മല കയറി കഴിയുമ്പോൾ അതെ വലുപ്പത്തിൽ  അടുത്ത മല വരും. നേരെ നടന്നുകയറാൻ പലയിടത്തും വഴിയില്ലാത്തതിനാൽ പലപ്പോഴും വഴി മാറി കുറെ നടക്കേണ്ടി വന്നിരുന്നു. പിന്നെ കൊളുക്കുമലയുടെ അടുത്ത് മറ്റൊരു ഉയരം ഉള്ള തിപട  മല ഉണ്ട് എന്നും കേട്ടിരുന്നു. വഴി തെറ്റി അവിടെ എങ്ങാനും എത്തുമോ എന്ന ശങ്കയും മനസ്സിൽ .  വഴിയിൽ തേയില തോട്ടങ്ങൾക്കിടയിൽ ഉള്ള ചെറിയ കാടുകളിൽ ആനകളെ കാണാനും സാദ്യത ഉണ്ടായിരുന്നു. അധികം പഴക്കം ഇല്ലാത്ത ആനപിണ്ഡം ഞങ്ങൾ വഴിയിൽ ഒരിടത്ത് കണ്ടിരുന്നു.  ഒഴിവു ദിവസം ആയതിനാൽ തേയില തോട്ടത്തിലെ ജോലിക്കാരെ ഒന്നും അവിടെ കാണാനും ഇല്ല.കുറെ നേരം നടക്കുമ്പോൾ ജീപ്പ് റോഡ്‌ കാണുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ ഒരുപാട് ദൂരം നടന്നിട്ടും പലയിടങ്ങളിലേക്ക്‌ നീണ്ടു പോകുന്ന നടപ്പാതകൾ ആല്ലാതെ മറ്റൊന്നും കാണാൻ ഇല്ല.


എല്ലാവരും ചേർന്ന് കൂടി ആലോചിച്ചു. വഴി തെറ്റിയാലും മുകളിലേക്ക് മാത്രം നടക്കുക. കുറെ കഴിയുമ്പോൾ ഒന്നുകിൽ കോട മാറി മലകള എല്ലാം കാണാം അല്ലെങ്കിൽ ഏതെങ്കിലും ജീപ്പ് റോഡിൽ എത്തുന്നത്‌ വരെ നടക്കുക. അതിനു ശേഷം റോഡിലൂടെ മാത്രം നടക്കാം. ഇടയ്ക്കിടെ വിശക്കുമ്പോൾ ഓരോ ബോണ്ടയും എടുത്തു കടിച്ചു തിന്നും,  ദാഹം ഇല്ലെങ്കിലും വെള്ളവും കുടിച്ചും നടന്നു. തണുപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു.


ചെറിയ ചെറിയ മലകൾ താണ്ടി ഒടുവിൽ ഞങ്ങൾ ഒരു ജീപ്പ് റോഡിൽ  എത്തി. ഏകദേശം ഒന്നര മണിക്കൂർ നേരത്തെ നടത്തത്തിനു ശേഷം ആണ് ഒരു ജീപ്പ് റോഡ്‌ കണ്ടത്. റോഡിൽ എത്തി അല്പം കഴിഞ്ഞപ്പോൾ ഒരു ജീപ്പ് മലയിറങ്ങി വരുന്നത് കണ്ടു. അവരോടെ വഴി ചോദിച്ചു. ഇനി ഒരു കിലോമീറ്റർ മാത്രം നടന്നാൽ മല മുകളിൽ എത്താം എന്നറിഞ്ഞപ്പോൾ എല്ലാവർക്കും  ആശ്വാസം ആയി. 

അങ്ങിനെ ഒടുവിൽ നടന്നു നടന്നു ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടത്തിന്റെ അടുത്ത് എത്താറായി. വഴിയിൽ ഒരിടത്ത് നിങ്ങളിപ്പോൾ നില്ക്കുന്നത് 7130 അടി ഉയരത്തിൽ ആണ് എന്ന് ഓർമ്മിപ്പിക്കുന്ന ഒരു ബോർഡ്‌ കണ്ടു. ആ ബോർഡിന്റെ അടുത്ത് നിന്നാൽ അപ്പുറത്തെ താഴ്‌വാരം  മുഴുവൻ കാണാം. അല്പം മഞ്ഞു മൂടി ആണ് കിടക്കുന്നത് എങ്കിലും  ആ താഴ്‌വാരം മൂന്നാറിലെ പരിസരപ്രദേശങ്ങൾ ആയ ടോപ്‌ സ്റ്റേഷൻ, കുരങ്ങിണി, ബോഡിമെട്ടു  എന്നിവയാണ് എന്ന് പറഞ്ഞു കേട്ടപ്പോൾ അദ്ഭുതം തോന്നി. ഇത്രയും പൊട്ടു പോലെ കിടക്കുന്ന മൂന്നാറിന്റെ ഏകദേശം ഇരട്ടി ഉയരത്തിൽ ആണ് നില്ക്കുന്നത് വിശ്വസിക്കാൻ പറ്റിയില്ല. ഏകദേശം രണ്ടു മണിക്കൂർ നേരം  നിറുത്താതെയുള്ള കയറ്റങ്ങൾ കയറി ഇത്രയും ഉയരത്തിൽ എത്തി എന്ന് മനസ്സ് സമ്മതിക്കുന്നില്ല. 


അവിടെ നിന്നും അര കിലോമീറ്റർ ദൂരം കൂടി നടന്നാൽ തേയില ഫാക്ടറിയിൽ  എത്തും എന്ന് കേട്ടിരുന്നു. അവിടെ എത്താറായപ്പോൾ ചുറ്റും വേലി കെട്ടിയ തിരിച്ച  ഒരു വെളി പ്രദേശത്ത് കുറെ ചെറുപ്പക്കാരെ കണ്ടു. പരസ്യമായി മദ്യപിക്കുകയും , ഡാൻസ് ചെയ്യുകയും, പാചകം ചെയ്യുകയും ചെയ്യുന്ന അവർ മലയാളികൾ ആണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. അവരിൽ ഒരാളെ പരിചയപ്പെട്ടു. മുന്നാറിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന അവർ ഒഴിവു ദിവസം ആഘോഷിക്കാൻ വന്നതായിരുന്നു. ഇവിടെ പോലീസും ചെക്കിങ്ങും ഒന്നും ഇല്ലാത്തതിനാൽ ഇടയ്ക്കു ഇവിടേയ്ക്ക് വരാറുണ്ടെന്നും അവർ അറിയിച്ചു. അവരിപ്പോൾ നില്കുന്ന സ്ഥലം ഒരു ഹെലിപാഡ് ആണെന്നും ഈ തോട്ടത്തിന്റെ ഉടമസ്ഥൻ ഇടയ്ക്കു ഹെലികോപ്ടറിൽ ആണ് വരാറുള്ളത് എന്നും അവർ പറഞ്ഞു തന്നു. ഒരു പാട് വിദേശികൾ വരാറുള്ള ഈ കൊളുക്കുമലയിൽ അവർക്ക് ടെന്റുകൾ അടിച്ചു താമസ സൗകര്യം ഒരുക്കുന്ന സ്ഥലവും ഇതാണ് എന്നും അവരിൽ നിന്നും അറിഞ്ഞു. 



ഒഴിവു ദിവസം ആയതിനാൽ തേയില ഫാക്ടറി അടഞ്ഞു കിടക്കുകയായിരുന്നു. അതിന്റെ അടുത്തുള്ള കെട്ടിടത്തിൽ കൊളുക്കുമലയിലെ തേയില വില്പന നടത്തുന്ന ഔട്ട്‌ ലെറ്റും അവിടത്തെ സ്പെഷ്യൽ ചായ കൊടുക്കുന്ന ചെറിയ കഫെയും തുറന്നു കിടക്കുന്നുണ്ടായിരുന്നു. അവിടെ കയറി ചായലയുടെ വില ചോദിച്ചു. കാൽ കിലോയുടെ ഒരു പാക്കിന് അറുപതു രൂപ. എല്ലാവരും കുറെ പാക്കുകൾ വാങ്ങി. ലോകത്തിന്റെ നെറുകയിൽ വളരുന്ന ഓർഗാനിക് ടീ നമ്മുടെ കടകളിൽ ലഭിക്കില്ലല്ലോ. അത് കൊണ്ട് തന്നെ കൊണ്ട് പോകാൻ പറ്റാവുന്നത്ര എല്ലാവരും വാങ്ങി. അവിടത്തെ ചായല കൊണ്ട് ഉണ്ടാക്കിയ ചായയും അവിടെ വെച്ച് രുചിച്ചു നോക്കി. ഒരു പ്രത്യേക രുചി. നല്ല നിറം. ആ നിറഞ്ഞ തണുപ്പിൽ ഇത്രയും രുചികരം ആയ ചായ കുടിക്കുന്നത് തന്നെ ഒരു അനുഭവം ആയിരുന്നു. ഒരെണ്ണം കുടിച്ചിട്ടും മതിയാകാഞ്ഞിട്ടു രണ്ടാമതും ഒരെണ്ണം കൂടി കുടിച്ചു. 


പൊതു അവധി ദിവസം ആയതിനാൽ ഫാക്ടറി അടഞ്ഞു കിടക്കുകയായിരുന്നു. അതിന്റെ ഗേറ്റ് തുറന്നു കിടന്നിരുന്നു. അതിലെ നടന്നു തുടങ്ങിയപ്പോൾ ഒരു വാച്ച്മാൻ കടന്നു വന്നു. താഴെ നിന്നും ഞങ്ങൾ നടന്നാണ്  വന്നത് എന്നറിഞ്ഞപ്പോൾ കൂടുതൽ വിവരങ്ങൾ പറഞ്ഞു തരാൻ അയാൾ താല്പര്യം കാട്ടി. ഫാക്ടറിയുടെ പുറകു ഭാഗത്ത്‌ പോയാൽ ടോപ്‌ സ്റ്റേഷനും കുരങ്ങിണിയും  ബോടിമെട്ടും എല്ലാം കാണാം എന്നും പറഞ്ഞു ഞങ്ങളെ കൂട്ടി കൊണ്ട് പോയി.


വിവരിക്കാൻ കഴിയാത്ത  അതിമനോഹര കാഴ്ചകൾ ആയിരുന്നു അവിടെ. അല്പം മുൻപ് കണ്ട താഴ്‌വരകൾ വളരെ വ്യക്തമായി കാണാവുന്ന വ്യൂ പോയിന്റ്‌ ആയിരുന്നു അത്. മടക്കുകളായി കിടക്കുന്ന മല നിരകൾ, അതിന്റെ ഇടയിൽ വളഞ്ഞു പിരിഞ്ഞു കിടക്കുന്ന വഴികൾ. എട്ടുകിലൊമീറ്റർ നടന്നാൽ തമിഴ്‌നാട്ടിലെ  കുരങ്ങിണിയിൽ എത്താം അവിടെ നിന്നും പിന്നെ ടോപ്‌ സ്റ്റേഷൻ വരെ നടക്കാനുള്ള വഴി ഉണ്ടെന്നും ഏകദേശം രണ്ടു ദിവസത്തെ ട്രെക്കിംഗ് പ്ലാൻ ചെയ്തു വന്നാൽ കൊളുക്കുമലയും, കുരങ്ങിണിയുംആസ്വദിച്ചു ടോപ്‌ സ്റേഷൻ വഴി മുന്നാറിലൂടെ മടങ്ങി പോകാം എന്നും  അയാളിൽ അയാൾ പറഞ്ഞു. വിദേശികൾ ഒരുപാട് ട്രെക്ക് ചെയ്തു വരാറുള്ള ഒരു വഴി ആണ് അത് എന്നും  അറിഞ്ഞു. കുരങ്ങിണിയിൽ ടെന്റുകൾ അടിച്ചു താമസിക്കാൻ പറ്റിയ കുറെ നല്ല സ്ഥലങ്ങൾ ഉണ്ട് എന്നും അവിടെ താമസിക്കാൻ ആരുടെയും അനുവാദം വേണ്ട എന്നും തുടങ്ങി  അടുത്ത ഒരു ട്രക്കിംഗ് നടത്താനുള്ള  എല്ലാ വിവരങ്ങളും അയാളിൽ നിന്നും കിട്ടി. ചോദിക്കാതെ തന്നെ കുറച്ചു പണം കൈയിൽ വെച്ച് കൊടുത്തപ്പോൾ അയാള് കൂടുതൽ വാചാലനായി.


അവിടത്തെ തൊഴിലാളികളുടെ ജീവിതം വളരെ കഷ്ടമാണ് എന്ന്  തോന്നി. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ ആ മലയുടെ മുകളിലെ ജീവിതം സങ്കല്പ്പിക്കാൻ പോലും ആകുന്നില്ല. അവർക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ താഴെ തമിഴ്‌നാട്ടിൽ പോകണം അല്ലെങ്കിൽ സുര്യനെല്ലിയിൽ. ഏറ്റവും കുറഞ്ഞത്‌,  ഒരു ഭാഗത്തേക്ക് എട്ടു കിലോമീറ്റർ ദൂരം കാൽനടയായി പോയി വരണം. എന്നാലെ എന്തെങ്കിലും കിട്ടുകയുള്ളൂ. തേയില തോട്ടങ്ങളിൽ കുറഞ്ഞ കൂലിയിൽ അടിമകളെ പോലെ പണിയെക്കുന്ന ആളുകളെ പല യാത്രകളിലും കണ്ടിട്ടുണ്ട്. അതിന്റെ ആവർത്തനം തന്നെ ആയിരുന്നു ഇവിടെയും. മുകളിൽ നിന്നും നോക്കിയാൽ തോട്ടം തൊഴിലാളികളുടെ വീടുകൾ അടുത്ത് കാണാം. ഒന്നോ രണ്ടോ ചെറിയ മുറിയിൽ , കുറഞ്ഞ കൂലിയിൽ , ആ കൊടിയ തണുപ്പിൽ ജീവിതം ജീവിച്ചു തീർക്കുന്ന ആളുകളെ കാണുമ്പോൾ നമ്മൾ എത്രയോ ഭാഗ്യവാന്മാർ ആണ് എന്ന് തോന്നി പോകും.


കൊളുക്കുമലയിൽ വരുന്ന സഞ്ചാരികൾക്ക് താമസിക്കാനായി മൂന്നു മുറികൾ ഉള്ള ഒരു റിസോർട്ട് അവിടെ പണിതീർത്തിട്ടുണ്ടായിരുന്നു. വെറുതെ അത് കാണാൻ പോയി. വലിയ LED TV അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള നല്ല മുറികൾ. രണ്ടു പേർക്ക് ഒരു  ദിവസം 4 5 0 0 രൂപയാണ് ചാർജ്. കാശ് ഇത്തിരി കൂടുതൽ ആണെങ്കിലും ഇത്രയും ഉയരത്തിൽ ആ സുന്ദരമായ കാലാവസ്ഥയിൽ ഒരു രാത്രി കഴിച്ചുകൂട്ടുന്നത് തികച്ചും അവിസ്മരണീയം ആയ അനുഭവം ആയിരിക്കും എന്ന് ഉറപ്പാണ്. പക്ഷെ അവിടത്തെ ഒരു മുറിയിലും സഞ്ചാരികൾ താമസിക്കുന്നുണ്ടായിരുന്നില്ല. എല്ലാ മുറികളുടെയും വാതിലുകൾ വെറുതെ ചാരിയിട്ടു ഒരു പണിക്കാരൻ പയ്യൻ  മുറ്റത്ത്‌ എന്തോ ചെയ്യുന്നുണ്ടായിരുന്നു.കുറെ നേരം അവിടെയെല്ലാം നടന്നും ഫോട്ടോകൾ എടുത്തും ആ നല്ല കാലാവസ്ഥ അനുഭവിച്ചും സമയം ചിലവഴിച്ചു. ഏകദേശം മൂന്നുമണി ആകാറായപ്പോൾ കൊളുക്കുമലയോട് വിട പറഞ്ഞു തിരികെ നടന്നു.


തിരികെ നടക്കുമ്പോൾ എളുപ്പവഴികൾ ഒഴിവാക്കി ജീപ്പ് റോഡിലൂടെ മാത്രം പോയാലോ എന്ന് എല്ലാവരും ചേർന്ന് തീരുമാനം എടുത്തു. വഴി ഇത്തിരി കൂടുതൽ ആയാലും കൃത്യമായി ഞങ്ങളെ താഴെ എത്തിക്കും എന്ന ചിന്തയിൽ ആണ് ആ തീരുമാനം എടുത്തത്‌ . അതനുസരിച്ച് ടാറിട്ട റോഡിലൂടെ കുറെ ദൂരം നടന്നു. കാലാ വസ്ഥക്ക് ഒരു മാറ്റവും ഇല്ല. കോട നിറഞ്ഞു ഒന്നും കാണാനാവാതെ കിടക്കുന്ന മലനിരകൾ.  കുറെ ദൂരം റോഡിലൂടെ നടന്നിട്ടും റോഡ്‌ താഴേക്ക്‌ ഇറങ്ങുന്ന ലക്ഷണം കാണുന്നില്ല. ഇത്രയും ദൂരം താഴേക്ക്‌ നടന്നെങ്കിൽ പെട്ടെന്ന് തന്നെ താഴെ എത്തുമായിരുന്നു എന്ന തോന്നൽ മനസ്സിൽ. അങ്ങോട്ടേക്കുള്ള വലിയ കയറ്റങ്ങൾ കയറിയതിനാൽ ശരീരം ക്ഷീണിച്ചു തുടങ്ങിയിരുന്നു.  ഈ റോഡിലൂടെ പത്തു കിലോമീറ്റർ നടക്കുന്നതിൽ ഭേദം കാണുന്ന വഴിയിലൂടെ താഴേക്ക്‌ ഇറങ്ങുകയാണ് നല്ലത് എന്ന് തോന്നി.എന്ത് വേണം എന്നറിയാതെ മനസ്സ് വല്ലാതെ ചാഞ്ചാടി .


തേയില ചെടികൾക്കിടയിലൂടെ ഒരാൾക്ക്‌ മാത്രം പോകാൻ പറ്റുന്ന വഴിയിലൂടെ ഇറക്കം ഇറങ്ങുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണെന്ന് കുറെ ഇറങ്ങി കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത്‌. കയറിയ പോലെ അല്ല. മുന്നിൽ പോകുന്ന ആളെ അല്ലാതെ ഒന്നും കാണാൻ വയ്യ. വഴിയിൽ പലയിടത്തും ഉരുണ്ട കല്ലുകൾ കിടക്കുന്നുണ്ടായിരുന്നു. മഴ പെയ്യാറുള്ളത് കൊണ്ട് വഴിയിൽ പലയിടത്തും ചെറുതായി പായൽ പിടിച്ചിട്ടും ഉണ്ട് .ഒരു സെക്കന്റ്‌ നേരത്തെ ഒരു അശ്രദ്ധ മതി മറിഞ്ഞു വീഴാൻ.   പിന്നെ അല്പം മുൻപ് കയറി വന്ന വഴിയിലൂടെ അല്ല ഇപ്പോൾ ഇറങ്ങുന്നത്. കുറെ നടന്നിട്ടും മുൻപ് കയറി വന്ന അവസ്ഥ തന്നെ ആയി. എവിടെക്കാണ്‌ പോകേണ്ടത് എന്ന് അറിയാത്ത അവസ്ഥ.വീണ്ടും ഒരു ജീപ്പ് റോഡ്‌ കാണാൻ മനസ്സ് കൊതിച്ചു.


കുറെ ഇറങ്ങി ചെന്നിട്ടും എവിടെയും എത്തുന്നില്ല. അവസാനം  നടന്നു എത്തിയത് ഒരു ചെറിയ കാട്ടിനടുത്തായിരുന്നു. മുൻപേ  വടിയും കുത്തി നടന്നിരുന്ന രാജു ചേട്ടൻ നടത്തം നിറുത്താൻ ആംഗ്യം കാണിച്ചു. കൂടുതൽ ഒന്നും ചോദിക്കുന്നതിനു മുൻപേ പരിചയമുള്ള മണം  മൂക്കിൽ വന്നു കയറി. ആനയുടെ മൂത്രത്തിന്റെ മണം. കൂടുതൽ പറയാനോ, നോക്കാനോ, ബഹളം വെക്കാനോ, പരിഭ്രമം കാണിക്കാനോ, എത്തി നോക്കാനോ നിന്നില്ല. പതുക്കെ തിരിച്ചു നടന്നു.കാരണം ആന അവിടെ അടുത്ത് ഉണ്ട് എന്ന് ഉറപ്പായിരുന്നു.അത്രക്കും രൂക്ഷമായ, പുതിയ മണം ആയിരുന്നു അത്. കുറെ നടന്ന ശേഷം മറ്റൊരു വഴിയിലൂടെ താഴേക്ക്‌ ഇറങ്ങി. വീണ്ടും നടത്തം ... നടത്തം മാത്രം. താഴേക്കു മാത്രം നടന്നു ഏകദേശം രണ്ടു മണിക്കൂർ ആകാറായി. എന്നിട്ടും ഒരു ജീപ്പ് റോഡ്‌ കണ്ടില്ല.


നടത്തത്തിന്റെ അവസാനം അകലെ ഒരു ജീപ്പ് റോഡു കണ്ടു. അതോടെ ആ യാത്രയുടെ അവസാനം ആയി. ആ ജീപ്പ് റോഡിലൂടെ കുറെ ദൂരം  നടന്നപ്പോൾ ഞങ്ങൾ രാവിലെ കയറി പോയ വഴി കണ്ടു. ഞങ്ങൾ കയറിപ്പോയ ആ  വഴിയിൽ  നിന്നും ഏകദേശം അരകിലോമീറ്റർ മാറിയാണ് തിരിച്ചു ഇറങ്ങിയത്‌ എന്ന് അതോടെ ബോധ്യം ആയി.


അല്പനേരത്തെ വിശ്രമത്തിന് ശേഷം കാറിനടുത്തേക്ക് നടക്കുമ്പോൾ ശരീരം തളർന്നെങ്കിലും മനസ്സ് വളരെ ഉന്മേഷത്തിൽ ആയിരുന്നു. അങ്ങകലെ മഞ്ഞു മൂടി കിടക്കുന്ന ആ മലയെ കീഴടക്കിയ  സന്തോഷത്തിൽ ആയിരുന്നു മനസ്സ്. ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങൾ , ഈ ഓർമ്മകൾ  ഇതോക്കെ ഒരിക്കലും അവസാനിക്കരുതെ എന്ന ആഗ്രഹത്തോടെ കൊളുക്കമലയോട് വിട പറഞ്ഞു.

================================================================
കൊളുക്കുമല യാത്രയുടെ കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം 
================================================================