Sunday, August 21, 2011

താണിക്കുടം ആറാട്ട്‌

ആഗസ്റ്റ്‌ മാസത്തിലെ ഒന്നാമത്തെ ഞായറാഴ്ച , അവധി ദിവസ്സമായതിനാല്‍ സുഖമായി കിടന്നുറങ്ങുന്ന എന്നെ വിളിച്ചുണര്‍ത്തിയത് തൃശ്ശൂരിലെ ഒരു സുഹൃത്തിന്റെ ഫോണ്‍ വിളിയാണ് . വീടിനടുത്തുള്ള അമ്പലത്തിലെ ആറാട്ടാണ് ഇന്ന് എന്നും എന്തായാലും വരണം എന്നുമുള്ള അവന്റെ സംസാരം കേട്ടപ്പോള്‍ ആദ്യം ദേഷ്യമാണ് തോന്നിയത് . അമ്പലത്തിലെ ആറാട്ടിന് ആ ദിവസം അതിരാവിലെയാണോ വിളിക്കുന്നത്‌ എന്ന് പരാതി പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു " ദേവിയും പ്രകൃതിയും തീരുമാനിക്കുന്ന അന്നാണ് ഞങളുടെ നാട്ടിലെ അമ്പലത്തിലെ ആറാട്ട്‌. ഇന്നാണ് ആ ദിവസം. എന്തായാലും വരണം. ഒരിക്കലും ഈ യാത്ര നഷ്ടമായി തോന്നില്ല എന്ന് ഞാന്‍ ഉറപ്പു തരാം ". അവന്‍ കൂടുതലൊന്നും പറയാതെ ഫോണ്‍ വെച്ചു .



അങ്ങിനെയാണ് ഞാന്‍ ഈ ചെറിയ യാത്ര തുടങ്ങിയത് . സുഹൃത്തിന്റെ വാക്കുകളില്‍ നിന്നും എനിക്ക് കാണാനായി എന്തോ ഒരു നല്ല കാഴ്ച കാത്തിരിക്കുന്നുണ്ട് എന്ന് മനസ്സിലായി . അതെന്തായിരിക്കും എന്ന ചിന്തയോടെ എറണാകുളത്തു നിന്നും തൃശൂര്‍ വരെ എത്തി. തൃശൂരില്‍ നിന്നും എനിക്കായി കാത്തിരിക്കുന്ന സുഹൃത്തിനെയും കൂട്ടി ഞങള്‍ യാത്ര തുടങ്ങി ... ഇത് വരെ കാണാത്ത ഒരു പുതിയ കാഴ്ചയും തേടി .



തൃശൂര്‍ നഗരത്തില്‍ നിന്നും ചെമ്പുക്കാവ് - പെരിങ്ങാവ് - ചേറൂര്‍ വഴിയാണ് ഞങ്ങള്‍ താണിക്കുടം എന്ന സ്ഥലത്തു എത്തിച്ചേര്‍ന്നത്. അവിടെ എത്തുന്നതിനു മുന്‍പേ റോഡിനരുകിലൂടെ നനഞ്ഞ വസ്ത്രങ്ങളുമായി നടന്നു പോകുന്ന ആളുകളെ കണ്ടപ്പോള്‍ തന്നെ മുന്‍പ് പത്രത്തില്‍ വായിച്ചിട്ടുള്ള ആ അപൂര്‍വമായ ആറാട്ടിനെകുറിച്ചു ഓര്‍മ്മ വന്നു.


തൃശ്ശൂര്‍ ജില്ലയിലെ താണിക്കുടം എന്ന സ്ഥലത്തെ ദേവി ക്ഷേത്രത്തിലാണ് ഈ അപൂര്‍വമായ ആറാട്ട്‌ നടക്കുന്നത് . ശക്തമായി മഴ പെയ്തു ദേവി ക്ഷേത്രത്തിനടുത്തുള്ള പുഴയില്‍ വെള്ളം കയറുകയും, ആ നിറഞ്ഞു കവിയുന്ന വെള്ളം ക്ഷേത്രത്തില്‍ കടന്നു ദേവിയുടെ വിഗ്രഹത്തെ വെള്ളത്തില്‍ മുക്കുകയും ചെയ്യുന്ന ദിവസ്സമാണ്‌ അമ്പലത്തിലെ ആറാട്ട്‌ ആഘോഷിക്കുക. അന്നത്തെ ദിവസം ആ നാടിലെ വിശ്വാസികളെല്ലാം നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴവെള്ളത്തിലൂടെ നടന്നു വന്നു , അമ്പലത്തിലെ ദേവിയുടെ മുന്‍പില്‍ കഴുത്തോളം നിറഞ്ഞ വെള്ളത്തില്‍ മുങ്ങി നിന്ന് ദേവിയോട് അനുഗ്രഹത്തിനായി പ്രാര്‍ഥിക്കും.


ആറാട്ടില്‍ പങ്കെടുക്കാന്‍ വന്നുപോകുന്ന ആളുകളെ കൊണ്ട് ശ്വാസം മുട്ടി നില്‍ക്കുന്ന നാട്ടിന്‍ പുറത്തെ റോഡരുകില്‍ വണ്ടിയും പാര്‍ക്ക് ചെയ്തു ഞങ്ങളും അമ്പലത്തിനരുകിലേക്ക് നടന്നു . അല്പം നടന്നപ്പോള്‍ തന്നെ പുഴയേത് കരയേത് എന്നറിയാന്‍ കഴിയാത്ത തരത്തില്‍ വെള്ളം നിറഞ്ഞൊഴുകുന്ന അമ്പലമുറ്റത്തെത്തി. ആളുകള്‍ എല്ലാം ദേവിയെയും വിളിച്ചുകൊണ്ടു ആ വെള്ളത്തിലൂടെ നടക്കുകയാണ് . ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ആ കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് പുഴപോലെ നിറഞ്ഞൊഴുകുന്ന ഭക്തി മാത്രം ഞാന്‍ കണ്ടു. കാല്‍മുട്ട് വരെ നിറഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ ഞങ്ങള്‍ വളരെ ശ്രദ്ധിച്ചാണ് നടന്നിരുന്നത് . ഒന്ന് കാലു തെറ്റിയാല്‍ കയ്യിലെ ക്യാമറ പിന്നെ ഒന്നിനും കൊള്ളാതാകും എന്ന ഭയമായിരുന്നു മനസ്സില്‍ . ഒരു കണക്കിന് ആ ഒഴുക്ക് വെള്ളത്തിലൂടെ നടന്ന് പ്രധാന അമ്പലത്തിലെ വാതിലിനരുകില്‍ വരെ എത്തി .


അമ്പലത്തിനുള്ളില്‍ കഴുത്തൊപ്പം വെള്ളത്തില്‍ നിന്ന് കുറെ പേര്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. ചിലര്‍ അമ്പലത്തിനു ചുറ്റും നീന്തിനടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചെറിയ കുട്ടികളെയും കൊണ്ട് വന്നു ആ പുഴയിലെ കലങ്ങി മറഞ്ഞ വെള്ളത്തില്‍ മുങ്ങി നിവരുന്ന ആളുകളെ അത്ഭുതത്തോടെ കുറെ നേരം കണ്ടു നിന്നു.അവിടെ ആ വെള്ളത്തില്‍ മുങ്ങി നിവരാത്തവര്‍ ഞങ്ങള്‍ രണ്ടു പേരും ആയിരുന്നു. സുഹൃത്ത് അതിരാവിലെ വന്നു ഒരു തവണ വെള്ളത്തില്‍ മുങ്ങി നിന്നു പ്രാര്‍ഥിച്ചതുകൊണ്ടും, ഞാന്‍ നമ്മള്‍ നല്ല പ്രവര്‍ത്തികള്‍ ചെയ്‌താല്‍ ഭഗവാന്‍ മനുഷ്യന്റെ രൂപത്തില്‍ മുന്‍പില്‍ വരും എന്ന് വിശ്വസിക്കുന്നത് കൊണ്ടും വെറും കാണികള്‍ മാത്രമായി മാറി.



സാധാരണ കേരളത്തിനെ പല അമ്പലങ്ങളിലും പ്രതിഷ്ടയെ പുഴയിലോ കുളങ്ങളിലോ കൊണ്ട് പോയി 'ആറാട്ട് 'നടത്തുന്ന പതിവുണ്ട് . പക്ഷെ ഇവിടെ മാത്രം പ്രകൃതി ദേവിയെ തേടിയെത്തുകയാണ് ആറാട്ട് നടത്താനായി. ഇവിടെയല്ലാതെ ഇന്ത്യയില്‍ ഒരിടത്തും ‍ ഇത്തരം ഒരു ആറാട്ട്‌ നടക്കുന്നതായി ഇതുവരെ കേട്ടിട്ടില്ല. മറ്റൊരു പ്രത്യേകത കൂടി ഈ അമ്പലത്തിനുണ്ട് . എല്ലാ അമ്പലങ്ങളിലും ശ്രീകോവില്‍ പണിതു അതിനുള്ളില്‍ മഴയും വെയിലും കൊള്ളാതെയാണ് സാധാരണ പ്രതിഷ്ഠകള്‍ സ്ഥാപിക്കാറുള്ളത്, പക്ഷെ ഇവിടെ മേല്കൂരയില്ലത്ത ശ്രീകോവിലിലാണ് ഭഗവതിയുടെ പ്രതിഷ്ഠ വെച്ചിരിക്കുന്നത്.



കുറച്ചു കുട്ടികള്‍ പുഴയിലൂടെ നീന്തി അതിലൂടെ ഒഴുകി വരുന്ന നാളികേരങ്ങളും മരങ്ങളുടെ അവശിഷ്ടങ്ങളും കരക്കടുപ്പിക്കുന്നത് കണ്ടു. ഈ നാളികേരങ്ങളും വിറകുകളും അവര്‍ ദേവിക്ക് സമര്‍പ്പിക്കും. നല്ല ഒഴുക്കുള്ള പുഴയിലൂടെ സാഹസികമായി നടത്തുന്ന ഈ പ്രകടനം ആരിലും ഒരു ഭയപ്പാട് ഉണ്ടാക്കിയതായി കണ്ടില്ല. ഒരു പക്ഷെ അവരെ ദേവി കാത്തുകൊള്ളും എന്ന വിശ്വാസമാകാം കാരണം.



ഈ കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ സുഹൃത്ത്‌ ഈ ക്ഷേത്രത്തെ പറ്റിയുള്ള ഒരു അറിവ് കൂടി പങ്കുവെച്ചു. കേരളത്തില്‍ ക്ഷേത്രത്തിന്റെ അടുത്തു ബ്രാഹ്മണ കുടുംബങ്ങള്‍ താമസിക്കാത്ത ഒരേ ഒരു ക്ഷേത്രം ഇതാണെന്ന് . പണ്ട് ഇവിടെ താമസിച്ചിരുന്ന ബ്രാഹ്മണര്‍ വളരെ ക്രൂരന്‍മാരും പിശുക്കരും ആയിരുന്നു. ഒരിക്കല്‍ വഴിയാത്രക്കാരനായ ഒരു ഭിക്ഷു രാത്രിയില്‍ എവിടെ എത്തി ചേര്‍ന്നു. അയാള്‍ രാത്രി ചിലവഴിക്കുന്നതിനായി അവിടെയുള്ള എല്ലാ ബ്രാഹ്മണ കുടുംബങ്ങളിലും ചെന്ന് അനുവാദം ചോദിച്ചു. ആരും അത് സമ്മതിക്കുകയോ ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കുകയോ ചെയ്തില്ല. പകരം ഭിക്ഷുവിനെ കളിയാക്കുന്നതിനായി അകലെയുള്ള ഒരു മരം കാണിച്ചു കൊടുക്കുകയും അതിനു താഴെ ഒരു വാരസ്യാര്‍ താമസിക്കുന്നുണ്ട് എന്നും അവര്‍ എല്ലാ സഹായവും ചെയ്തു തരും എന്നും പറഞ്ഞു. അവിടെയെത്തിയ ഭിക്ഷുവിനു കിടക്കാന്‍ ഇടവും താമസിക്കാന്‍ ഭക്ഷണവും കൊടുത്ത സ്ത്രീ, രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും പേടിക്കരുതെന്നും പറഞ്ഞു അവിടെ നിന്നും പോയത്രേ. പിറ്റേന്ന് ഉണര്‍ന്ന ഭിക്ഷു കണ്ടത് അഗ്നിക്കിരയായി നശിച്ചു കിടക്കുന്ന ബ്രാഹ്മണ കുടുംബങ്ങളെ മാത്രമായിരുന്നു. തനിക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത് ദേവിയാണ് എന്ന് തിരിച്ചറിഞ്ഞ ഭിക്ഷു അവിടെ ഒരു ക്ഷേത്രം നിര്‍മിക്കാന്‍ ശ്രമം തുടങ്ങി. അങ്ങിനെ പല തലമുറകള്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി ഇന്ന് കാണുന്ന ദേവി ക്ഷേത്രം ഉണ്ടായി എന്നാണു ചരിത്രം.


പണ്ട് കാലത്ത് ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമായിരുന്നു ഈ ആറാട്ട്‌ നടന്നിരുന്നത് . പക്ഷെ ഇപ്പോള്‍ മഴയുടെ അളവിലെ മാറ്റവും മണ്ണൊലിപ്പും മൂലം ചില വര്‍ഷങ്ങളില്‍ രണ്ടു തവണ ആറാട്ട്‌ ഉണ്ടാകാറുണ്ട്.



കുറെ സമയം കൂടി അവിടെ ചിലവഴിച്ചു ഞങ്ങള്‍ തിരിച്ചു നടന്നു . അപ്പോഴും ആറാട്ടിനെ കുറിച്ചു കേട്ടറിഞ്ഞു ഒരു പാട് ആളുകള്‍ അവിടേക്ക് വരുന്നുണ്ടായിരുന്നു. ആ തിരക്കിനിടയിലൂടെ ലോകത്തിനെ തന്നെ അപൂര്‍വമായ ഒരു കാഴ്ച കൂടി കാട്ടി തന്ന ഈശ്വരന് മനസ്സില്‍ നന്ദിയും പറഞ്ഞു ഞങ്ങള്‍ മടക്ക യാത്ര തുടങ്ങി. അത്രയും നേരം ഞങ്ങളെ നനക്കാതെ കാത്തു നിന്ന മഴ വീണ്ടും പെയ്തു തുടങ്ങിയിരുന്നു. അപ്പോഴും മഴയുടെ ശബ്ദത്തേക്കാള്‍ അവിടത്തെ ഭക്തരുടെ ചുണ്ടില്‍ നിന്നും ഉതിരുന്ന പ്രാര്‍ഥന മാത്രമാണ് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത് ...
ദേവി .... കാത്തു രക്ഷിക്കണേ .......