Sunday, July 17, 2011

പട്ടത്തിപ്പാറ

തൃശ്ശൂര്‍ ജില്ലയില്‍ ആരാലും അറിയപ്പെടാതെ, സര്‍ക്കാരിന്റെ ശ്രദ്ധ എന്നെങ്കിലും പതിഞ്ഞു ഒരു ശാപമോക്ഷം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു കാത്തുകിടക്കുന്ന സ്ഥലങ്ങളായ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങളും , കുഞ്ഞാലി പാറയും പോലെ ഒരു പാട് സുന്ദര സ്ഥലങ്ങള്‍ ഉണ്ട് എന്ന തിരിച്ചറിവില്‍ നിന്നും തുടങ്ങിയ അന്വേഷണമാണ് എന്നെ പട്ടത്തിപ്പാറ വെള്ളച്ചാട്ടങ്ങളില്‍ എത്തിച്ചത് . തൃശൂര്‍ നഗരത്തില്‍ നിന്നും വെറും പന്തണ്ട് കിലോമീറ്റര്‍ അകലത്തില്‍ സുന്ദരമായ വെള്ളച്ചാട്ടങ്ങളും കാടും ഇത്രയും നാള്‍ ആരും അറിയാതെ മറഞ്ഞു കിടക്കുകയായിരുന്നു എന്ന സത്യം വിശ്വസിക്കുവാന്‍ ആ ജില്ലക്കാരനായ എന്റെ മനസ്സ് കൂട്ടാക്കിയില്ല. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി തൃശൂര്‍ ജില്ലക്കാര്‍ മുഴുവന്‍ അറുപതിലേറെ കിലോമീറ്റര്‍ താണ്ടി അതിരപ്പിള്ളി - വാഴച്ചാല്‍ കാണാന്‍ പോകുമ്പോള്‍ ആ സങ്കടം മനസ്സിലൊതുക്കി, ആരോടും പരിഭവമില്ലാതെ ആരാലും അറിയപ്പെടാതെ മറഞ്ഞു കിടന്ന് ഒഴുകുകയാണ് ഈ പട്ടത്തിപ്പാറ വെള്ളച്ചാട്ടങ്ങള്‍ .


തൃശൂര്‍ പട്ടണത്തില്‍ നിന്നും തൃശ്ശൂര്‍ - പാലക്കാട്‌ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍ മണ്ണുത്തി, മുടിക്കോട് എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ ചെബൂത്ര എന്ന സ്ഥലത്ത് എത്താം. അവിടങ്ങളില്‍ വളരെ പ്രശസ്തമായ ചെബൂത്ര അമ്പലത്തിനരുകിലുള്ള റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പട്ടത്തിപ്പാറയിലെത്താം. കാറിലാണ് വരുന്നതെങ്കില്‍ പീച്ചി ഡാമില്‍ നിന്നും വരുന്ന ജലം ഒഴുകികൊണ്ടിരിക്കുന്ന കനാലിന്റെ അരുകില്‍ വണ്ടി പാര്‍ക്ക് ചെയ്തു ഏകദേശം പത്തു നിമിഷം നടന്നാല്‍ ഈ മനോഹര പ്രദേശത്തു എത്തിച്ചേരാം. ബൈക്കില്‍ വരുന്നവര്‍ക്കും, അല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും കാട്ടുവഴികളിലൂടെ വെള്ളച്ചാട്ടത്തിന്റെ അടുത്തു വരെ ബൈക്കില്‍ എത്താന്‍ കഴിയും. മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ പോലെ കാട്ടിലൂടെ ഒരു പാട് ദൂരം നടക്കാതെ ഇവിടം എത്തിച്ചേരാം എന്നത് കൊണ്ട് തന്നെ കുടുംബവുമായി വരുന്നവര്‍ക്ക് എത്തിച്ചേരാന്‍ വളരെ സൌകര്യപ്രദം ആണ് ഈ വഴികളും വെള്ളച്ചാട്ടങ്ങളും.


കൂടെയുള്ളവര്‍ സാഹസികതയെ ഇഷ്ടപ്പെടുന്നവരായത് കൊണ്ട് ഞങള്‍ ബൈക്കിലാണ് പട്ടത്തിപ്പാറയില്‍ എത്തിയത് . അല്‍പ സമയം മാത്രം നീണ്ടു നിന്ന ഒരു യാത്ര ആയിരുന്നു അതെങ്കിലും ഇടുങ്ങിയ കാട്ടു വഴികളിലൂടെ ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ ഇപ്പോള്‍ മറിഞ്ഞു വീഴുമോ എന്ന തോന്നലോടെ ഉള്ള ബൈക്ക് യാത്ര വളരെ രസകരമായിരുന്നു.ബൈക്ക് നിറുത്തി അല്പം നടക്കുന്നതിനിടയില്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാതില്‍ വന്നലയ്ക്കാന്‍ തുടങ്ങി .പല പല തട്ടുകളിലായി കിടക്കുന്ന വെള്ളച്ചാട്ടങ്ങള്‍ ആണ് ഇവിടത്തെ പ്രത്യേകത. അല്പം നടന്നപ്പോഴേക്കും ആദ്യത്തെ വെള്ളച്ചാട്ടം കണ്ടു. കുറച്ചു ദിവസ്സമായി മഴയില്ലാത്തതിനാല്‍ വെള്ളം കുറവാണെങ്കിലും ഭംഗിയില്‍ ഒട്ടും കുറവില്ലാതെ ഒഴുകുകയാണ് ആ വെള്ളച്ചാട്ടം. അതിനടിയില്‍ ഉല്ലസിച്ചു കുളിക്കുന്ന കുറച്ച് ആളുകളെയും കണ്ടു ഞങള്‍ മുകളിലെ വെള്ളച്ചാട്ടങ്ങളെ തേടി കാട്ടു വഴികളിലൂടെ നടന്നു.ആ കാട്ടിലെ ശുദ്ധവായുവും ശ്വസിച്ചു, കാടിന്റെ സംഗീതവും കേട്ട് നടന്നു കുറച്ചു നടന്നപ്പോള്‍ തന്നെ പ്രധാന വെള്ളച്ചാട്ടത്തിന്റെ മുകള്‍ നിരപ്പില്‍ എത്തി. നല്ല ഉയരത്തിലായാണ് ഈ വെള്ളച്ചാട്ടം ഒഴുകുന്നത്‌ . പ്രധാനമായും മൂന്നു തട്ടുകളിലായി ഒഴുകുന്ന ഈ വെള്ളച്ചാട്ടങ്ങള്‍ നല്ല മഴക്കാലത്ത് ഒന്നായി തോന്നുകയും അപ്പോള്‍ അതിനു അതിരപ്പിള്ളി വെള്ളച്ചാട്ടത്തെക്കാള്‍ ഉയരം തോന്നുകയും ചെയ്യും .പക്ഷെ ഈ മൂന്നു വെള്ളച്ചാട്ടങ്ങളെയും ഒരുമിച്ചു കാണാന്‍ കഴിയാത്ത വിധത്തില്‍ വലിയ മരങ്ങളും മുള്ളുകള്‍ നിറഞ്ഞ ചെടികളും വളര്‍ന്നു നില്‍ക്കുകയായതുകൊണ്ട് ആവെള്ളച്ചാട്ടങ്ങളെ അതിന്റെ പൂര്‍ണരൂപത്തില്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും ഒരു നല്ല ഫോട്ടോ കിട്ടിയാലോ എന്നാഗ്രഹത്തോടെ ആ മുള്‍ച്ചെടികള്‍ വകഞ്ഞു മാറ്റി ഞങള്‍ കുറച്ചു നടന്നു നോക്കി .പക്ഷെ വഴി കൂടുതല്‍ ദുര്‍ഗടമാകുകയും ഒരു കൂട്ടുകാരന്‍ മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ അല്‍പനേരം കുടുങ്ങുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ആ ശ്രമം ഉപേക്ഷിച്ചു തിരിച്ചു നടന്നു.


മുകളിലെ വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളിലായി ചില ചെറിയ ഗ്രൂപ്പുകളായി ഇരിക്കുകയും കുളിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടു . എല്ലാവരും ആ നാട്ടുകാര്‍ ആണെന്ന് വസ്ത്രധാരണത്തില്‍ നിന്നും ബോധ്യമായി. പലരും അകത്തും പുറത്തും പൂര്‍ണമായും "വെള്ളത്തില്‍ " ആയിരുന്നു എന്ന് അവരുടെ മുന്‍പിലെ കുപ്പികള്‍ ഞങളെ ഓര്‍മ്മപ്പെടുത്തി. കേരളത്തിലെ ആളുകള്‍ ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം ഈ കാഴ്ചകള്‍ കാണുന്നത് കൊണ്ട് അതില്‍ പുതുമയൊന്നും തോന്നിയില്ല. അവരെ ശല്യപ്പെടുത്താതെ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ആസ്വദിച്ചു നില്‍ക്കുമ്പോള്‍ അവരില്‍ രണ്ടു പേര്‍ അടുത്തു വന്നു. മദ്യം കൊണ്ട് വന്നിട്ടുണ്ടോ എന്ന അവരില്‍ ഒരാളുടെ ചോദ്യത്തിന് ഒരു പുതിയ സ്ഥലം ആസ്വദിക്കാന്‍ വരുമ്പോള്‍ മദ്യപിക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ കൊണ്ട് വന്നില്ല എന്ന മറുപടി നല്‍കിയപ്പോള്‍ അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു തന്നു.ഇവിടെ ആ നാട്ടുകാരല്ലാത്ത ആളുകള്‍ വളരെ കുറച്ചെ വരാറുള്ളൂ എന്നും, പുറത്തു നിന്നും വരുന്ന ആളുകള്‍ ഇവിടെ മദ്യം കൊണ്ട് വരുന്നതിനോ കഴിക്കുന്നതിനോ ഒരു വിരോധം ഇല്ലെന്നും , അത് കഴിഞ്ഞാന്‍ ഒഴിഞ്ഞ കുപ്പികള്‍ അവിടെ ഇട്ടു പോകരുതെന്നും ഒപ്പം തിരിച്ചു കൊണ്ട് പോകണം എന്ന് പറയാനാണ് അവര്‍ വന്നതെന്നും പറഞ്ഞു. ഇനി അതിനും ബുദ്ധിമുട്ടാണെങ്കില്‍ ചില സ്ഥലങ്ങളില്‍ അവശിഷ്ടങ്ങള്‍ ഇടാനായി ചാക്കുകള്‍ വെച്ചിട്ടുണ്ട് എന്നും അതിലെങ്കിലും ഇട്ടിട്ടു പോകണം എന്ന മദ്യപിച്ച ആ നാട്ടുകാരന്റെ വാക്കുകള്‍ അതിശയത്തോടെയും ആദരവോടെയും ആണ് കേട്ടത് . ആ കാടിനേയും ആ വെള്ളചാട്ടത്തെയും ആ പരിസരങ്ങളെയും ഇത്രയും മനോഹരമായും സൂക്ഷിക്കാന്‍ അവര്‍ കാണിക്കുന്ന താല്പര്യം മറ്റു പല യാത്രകളില്‍ ഒരിടത്ത് നിന്നും അനുഭവിച്ചിട്ടില്ലാത്ത തരത്തില്‍ വേറിട്ട ഒരു അനുഭവമായി. വെള്ളം കുറവായി തോന്നുമെങ്കിലും പാറപ്പുറങ്ങളില്‍ നിറയെ വഴുക്കലാണ് എന്നും സൂക്ഷിച്ചു നടന്നില്ലെങ്കില്‍ അപകടം സംഭവിക്കുമെന്നും എന്ന ഒരു മുന്‍കരുതല്‍ കൂടി അവര്‍ പറഞ്ഞു തന്നു.ആ വെള്ളച്ചാട്ടങ്ങള്‍ക്ക് പട്ടത്തിപ്പാറ എന്ന് പേര് വരാനുണ്ടായ കാരണവും അവരില്‍ നിന്നറിഞ്ഞു . "പട്ടത്തി" എന്ന് പറഞ്ഞാല്‍ ബ്രാഹ്മണസ്ത്രീ എന്നാണ് അര്‍ഥം. തൃശ്ശൂരില്‍ ബ്രാഹ്മണന്‍മാരെ സാധാരണ പട്ടന്മാര്‍ എന്നാണു വിളിക്കാറ് . ആ നാട്ടിന്‍ പുറത്തെ സ്ത്രീകള്‍ അടുക്കളയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി വിറകു ഒടിക്കാന്‍ വേണ്ടി കാട്ടിലേക്ക് പോകുമായിരുന്നത്രേ. ഉന്നത കുലജാതയായ ഈ പട്ടത്തി ഒരിക്കല്‍ അത്രക്കും അത്യാവശ്യം വന്നപ്പോള്‍ ആദ്യമായി വേറെ ആരെയും കൂട്ടാതെ ഒറ്റയ്ക്ക് കാട്ടിലേക്ക് പോയി. വിറകു ഒടിച്ചു മടങ്ങി വരുന്നതിനിടയില്‍ കാല്‍ തെറ്റി ഈ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. അവിടെ സംഭവിച്ച ആദ്യത്തെ അപകടമരണം കൂടിയായിരുന്നു അത് . അങ്ങിനെയാണ് ഈ കാടും വെള്ളച്ചാട്ടങ്ങളും പട്ടത്തിപ്പാറ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.വസ്ത്രങ്ങള്‍ മാറി രണ്ടാമത്തെ വെള്ളച്ചാട്ടത്തിനടിയില്‍ കുറെ നേരം കൂട്ടുകാരോടൊത്ത് കുളിച്ചു. നല്ല തണുപ്പായിരുന്നു കാട്ടിലെ ആ വെള്ളത്തിന്, ഒപ്പം മനസ്സിലെയും ശരീരത്തിലെയും എല്ലാ അഴുക്കിനെയും കഴുകിക്കളയാനുള്ള കരുത്തും. അത്രയും സമയം ഞങ്ങള്‍ക്ക് വേണ്ടി പെയ്യാതെ മാറി നിന്ന മഴയും ഞങ്ങളോടൊപ്പം കുളിക്കാനെത്തി. ക്യാമറയും വസ്ത്രങ്ങളും ബാഗിനകത്താക്കി വെച്ച ശേഷം ആ മഴയില്‍ , വെള്ളത്തിനടിയില്‍ എല്ലാം മറന്നു വീണ്ടും കിടന്നു. ജോലിയും വീടും മറ്റു ചിന്തകളും ഇല്ലാതെ മനസ്സ് ഏതോ ഒരു പുതിയ ലോകത്തില്‍ എത്തിയ പോലെ തോന്നി.കാടിന്റെ ഉള്ളറകളിലേക്ക് കുറച്ചു നടന്നു നോക്കണമെന്ന് ആഗ്രഹം തോന്നിയെങ്കിലും വഴി ഏതെന്നു പോലും അറിയാതെ അടഞ്ഞു കിടക്കുകയായിരുന്നതിനാല്‍ ഞങ്ങള്‍ അത് ഒഴിവാക്കി പട്ടത്തിപ്പാറയോടും അല്പം മുന്‍പ് കിട്ടിയ ആ നല്ല സൌഹൃതങ്ങളോടും യാത്ര പറഞ്ഞു മടക്കയാത്ര ആരംഭിച്ചു. ഞങ്ങളുടെ മറ്റു യാത്രകളെക്കുറിച്ചു അവരോടു പറഞ്ഞപ്പോള്‍ , അവിടെ നിന്നും പത്തു കിലോമീറ്റര്‍ മാത്രം അകലത്തില്‍ കിടക്കുന്ന പീച്ചി ഡാമിനപ്പുറത്തെ കാട്ടില്‍ മാമ്പാറ എന്ന അതിമനോഹരമായ വെള്ളച്ചാട്ടം ഉണ്ട് എന്നും, പൊതു ജനങ്ങള്‍ക്ക്‌ പ്രവേശനം ഇല്ലാത്ത കാട്ടിനകത്തെ ആ വെള്ളച്ചാട്ടം കാണാന്‍ രഹസ്യമായി ഒരവസരം ഉണ്ടാക്കിത്തരാമെന്നും ഉള്ള ഉറപ്പും അവര്‍ ഞങ്ങള്‍ക്കായി തന്നിരുന്നു.


ആ കാട്ടു വഴികളിലൂടെ സുഹൃത്തിനെയും പുറകിലിരുത്തി ബൈക്ക് ഓടിച്ചു പോകുമ്പോള്‍ ചിന്തകള്‍ ആകെ മാറിയിരുന്നു. ഈ പട്ടത്തിപ്പാറയെ അധികമാരും അറിയാതിരിക്കുന്നതല്ലേ നല്ലത് എന്ന അസൂയ നിറഞ്ഞ ചിന്ത മനസ്സില്‍ നിറഞ്ഞു. ഒരു പാട് പേര്‍ വന്നാല്‍ ഇത്രയും നല്ല സ്ഥലം സ്വന്തം നാട്ടുകാക്ക് അന്യമായി പോകില്ലേ ? നാട്ടുകാര്‍ അവരുടെ സ്വന്തമായി സൂക്ഷിക്കുന്ന ഇവിടങ്ങളിലേക്ക്‌ ടിക്കറ്റ്‌ എടുത്തു കടന്നു ചെല്ലാന്‍ പട്ടത്തിപ്പാറയെ ഇത്രയും സ്നേഹിക്കുന്ന അവര്‍ക്കാവില്ലല്ലോ ?


വേണ്ട നിങ്ങള്‍ ആരും ഇവിടെ വരണ്ടാ ... ഇത്തരം യാത്രകളും സൌഹൃദങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി കാണുന്ന ഞങ്ങളെ പോലെയുള്ളവര്‍ക്ക് ഈ നാട്ടുകാരോടൊപ്പം ചേര്‍ന്ന് അഭിമാനത്തോടെ പറയാമല്ലോ .... പട്ടത്തിപ്പാറ ഞങളുടെ മാത്രം സ്വന്തമാണെന്ന് ....


ഈ യാത്ര മാതൃഭുമിയുടെ യാത്ര മാഗസിന്റെ ഓഗസ്റ്റ്‌ ലക്കത്തില്‍ വായിക്കാം .....18 comments:

 1. തൊട്ടടുത്ത് ഇതുപോലെ ഒരുപാട് നല്ല സ്ഥലങ്ങൾ ഉണ്ടെന്നറിയുന്നത് ആശ്വാസമാണ്, സന്തോഷമാണ്. അതൊക്കെയും തേടിപ്പിടിച്ച് സന്ദർശിച്ച് പങ്കെവെക്കുന്നതിന് വളരെ നന്ദി.

  ReplyDelete
 2. മധു മാമ്മൻ...ഈ സ്ഥലവും വളരെ മനൊഹരം...നിങ്ങളുടെ സ്വന്തം പട്ടത്തിപ്പാറയിലേയ്ക്ക് ഒത്താൽ അടുത്ത മാസം ഞാനും എത്തുന്നുണ്ട്...കൂട്ടത്തിൽ മരോട്ടിച്ചാലും....സമീപത്ത് കൂടുതൽ സ്ഥലങ്ങൾ ഉണ്ടെങ്കിൽ, ഉടൻ പോസ്റ്റ് ചെയ്യണം കേട്ടൊ.....

  ReplyDelete
 3. പഴം വില്‍ക്കുന്ന ആ അമ്മൂമ്മയെ നമ്മടെ മുഖ്യമന്ത്രി ആക്കിയിരുന്നെങ്കില്‍ നമ്മടെ നാട് എന്നെ രക്ഷപ്പെട്ടേനെ മധുമാമാ
  വിവരണം വളരെ നന്നായി
  "ഒരു കൈയില്‍ മകനും മറുകയ്യില്‍ ഭാര്യയുമായി തിരിച്ചു നടന്നു."
  ബാലന്‍സ്‌ കിട്ടാന്‍ വേണ്ടി ആയിരിക്കും അല്യോ?

  ReplyDelete
 4. മാമാ...

  നന്ദി!

  ReplyDelete
 5. traveling is my life .....
  i like ur explanation....!!!

  ReplyDelete
 6. കനോലി പ്ലോട്ട് യാത്രാ വിവരങ്ങള്‍ വായിച്ചപ്പോള്‍ ഒരു യാത്ര കഴിഞ്ഞു വന്നതിന്റെ ചാരിതാര്‍ത്ഥ്യം എനിക്കും ഉണ്ടായി മധു മാമ്മേ . അത്രയ്ക് മനോഹരമായിരുന്നു യാത്രയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ . അതും നമ്മുടെ കേരളം ആവുമ്പോള്‍ പോവാന്‍ പറ്റാതെ പോയ സ്ഥലങ്ങള്‍ കാണുമ്പോള്‍ ഒരിക്കലെങ്കിലും ഒന്ന് പോയ്‌ വരാന്‍ മോഹമായി . നമ്മുടെ കേരളം എത്ര സുന്ദരം യാത്രയില്‍ വെയില്‍ പോലും കൊല്ലാതെ നടന്നു കാണാന്‍ തന്നെ ഒരു രസം തന്നെ .പിന്നെ വല്ലിചെടികളും പഴക്ക മേറിയ വന്‍ മരങ്ങളും എല്ലാം പ്രകൃതിയുടെ വരദാനം തന്നെ . തേക്കിന്‍ മരങ്ങള്‍ നട്ടുവളര്‍ത്തിയ ആ മഹാനും എന്‍റെ അഭിനന്ദനങള്‍ . നിലംബൂരിനെ കുറിച്ച് കെട്ടിടുള്ള അറിവെ എനിക്കുള്ളൂ .ഇത്ര മനോഹരം ആയിരികുമെന്നു അറിഞ്ഞില്ല .യാത്രകള്‍ ഇനിയും തുടരട്ടെ എന്‍റെ ഭാവുകങ്ങള്‍ .
  devi

  ReplyDelete
 7. U duing a grt job.tnks mama..

  ReplyDelete
 8. IVIDEKKU NJAAN ORU KAMANTITTIRUNNU IPPOL KAANAANILLA AARO ADICHU MAATTIYENNU THONNUNNU KASHTAM THANNE

  ReplyDelete
  Replies
  1. P V Ariel
   താങ്കളുടെ കമന്റ്‌ എവിടെപോയി എന്ന് എനിക്കറിയില്ല .. ഞാന്‍ ഒന്നും ചെയ്തിട്ടില്ല ... ബ്ലോഗ്‌ സ്പോട്ടിനു എന്തോ പ്രശ്നം ഉണ്ട് എന്ന് തോന്നുന്നു.
   നന്ദി ... താങ്കളുടെ അഭിപ്രായത്തിനു ....വീണ്ടും കാണാം

   Delete
 9. vaayichittum vaayichittum mathi marunnilla...!
  u r really great......

  ReplyDelete
 10. ഭാര്യയെയും കൂട്ടി ഒറ്റക്ക് പോവുന്നതിൽ പ്രശ്നം ഉണ്ടോ? സദാചാര പോലീസുകാരോ സാമൂഹിക വിരുദ്ധരോ പ്രോബ്ലം ഉണ്ടാക്കുമോ?

  ബിലാൽ മുഹമ്മദ്‌

  ReplyDelete