Sunday, May 15, 2011

മാമ്പാറ

ബ്ലെസി സംവിധാനം ചെയ്തു മോഹന്‍ലാല്‍ അഭിനയിച്ച ഭ്രമരം എന്ന സിനിമ കണ്ടതുമുതല്‍ തുടങ്ങിയ ഒരു ആഗ്രഹമായിരുന്നു ആ സിനിമ ചിത്രീകരിച്ച മനോഹരങ്ങളായ സ്ഥലങ്ങള്‍ ഒന്ന് കാണണം എന്നത് . പാറക്കൂട്ടങ്ങള്‍ മാത്രം നിറഞ്ഞ റോഡിലൂടെ അതിവേഗത്തിലുള്ള ജീപ്പ് യാത്രയും അവസാന രംഗത്തിലെ രണ്ടായി പിരിഞ്ഞു വീണ്ടും ഒന്ന് ചേരുന്ന കുന്നില്‍ മുകളിലെ അതിമനോഹരമായ റോഡും എന്നെ ഉറക്കം കെടുത്താന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ആ സ്ഥലം പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയുടെ അടുത്തുള്ള മാമ്പാറയാണ് എന്ന അറിവ് മാത്രം കിട്ടി. അങ്ങിനെ ആ ഒരു ക്ലൂ മാത്രം മനസ്സില്‍ വച്ചു സ്ഥിരം യാത്രകളിലെ പങ്കാളികളായ മകനെയും ഭാര്യയെയും കൂട്ടി തൃശ്ശൂരില്‍ നിന്നും ഒരു ഞായറാഴ്ച മാമ്പാറയിലേക്കുള്ള യാത്ര പുറപ്പെട്ടു.


തൃശ്ശൂര്‍ നിന്നും വടക്കുംചേരി - നെന്മാറ - പോത്തുണ്ടി ഡാം വഴി നെല്ലിയാമ്പതി വരെ ഏകദേശം എണ്പത്തിനാല് കിലോമീറ്റര്‍ ദൂരം വരും. ഈ യാത്രക്കിടയില്‍ കാണാന്‍ ഏറ്റവും സുന്ദരമായ സ്ഥലം പോത്തുണ്ടി ഡാം ആണ്. സിമന്റ് ഉപയോഗിക്കാതെ, ചുണ്ണാമ്പു കല്ലും മണ്ണും ശര്‍ക്കരയും ചേര്‍ത്ത് നിര്‍മ്മിച്ച ഏഷ്യയിലെ തന്നെ രണ്ടാമത്തെ ഡാം ആണ് ഇത്. സര്‍ക്കാരിന്റെ പിടിപ്പു കേടുകൊണ്ട് ആരും തിരിഞ്ഞു നോക്കാതെ നശിച്ചുകൊണ്ടിരിക്കുന്ന ഈ ഡാമും അതിലെ പൂന്തോട്ടവും ഇപ്പോളും ഈ അവസ്ഥയിലും വളരെ മനോഹരമാണ്. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത ദിലീപ് ചിത്രമായ വിനോദയാത്രയിലെ ചില പാട്ട് സീനുകളും മറ്റും ഈ ഡാമിന്റെ പരിസരങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.


ഡാമിനരുകിലുള്ള മലകളെ മറയ്ക്കാന്‍ ആകാശത്തുനിന്നും ഇറങ്ങി വരുന്ന മേഘങ്ങളെ കണ്ടും ഫോട്ടോയെടുത്തും അല്പം സമയം മാത്രം പോത്തുണ്ടി ഡാമില്‍ ചിലവഴിച്ചു ഞങള്‍ ലക്ഷ്യസ്ഥാനമായ മാമ്പാറയിലേക്ക് വീണ്ടും യാത്ര തുടങ്ങി.


നെല്ലിയാംപതിയെ "പാവങ്ങളുടെ ഊട്ടി" എന്നും പറഞ്ഞു കേട്ടിട്ടുണ്ട് . ഊട്ടിയിലോ, കൊടൈക്കനാലിലോ പോയി ഒരു ഹില്‍ സ്റെഷന്റെ ഭംഗിയും തണുപ്പും അനുഭവിച്ചറിയാന്‍ ഭാഗ്യമില്ലാത്ത പാവങ്ങളായ മലയാളികള്‍ക്കായി ദൈവം തന്ന വരദാനമാണ് ഈ നെല്ലിയാമ്പതി. ഒരു വശത്ത്‌ അഗാധമായ കൊക്കയും ഒരു പാട് വളവുകളും ഉള്ള സുന്ദരമായ റോഡിലൂടെ ഉള്ള യാത്രതന്നെ വളരെ രസകരം ആയിരുന്നു.


ഒരു പെട്രോള്‍ ബങ്കോ , എ ടി എംഓ ഇല്ലാത്ത നെല്ലിയാമ്പതിയില്‍ ഞങള്‍ എത്തുമ്പോള്‍ ഉച്ച ഭക്ഷണം കഴിക്കാനുള്ള സമയം ആയിരുന്നു. നെല്ലിയാമ്പതിയില്‍ നല്ല ഹോട്ടെലുകള്‍ ഒന്നും തന്നെ ഇല്ല എന്ന് പറയാം. വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടും എന്നല്ലാതെ നമ്മള്‍ ആഗ്രഹിക്കുന്ന വിഭവങ്ങള്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. തരക്കേടില്ലാത്ത ഒരു ഹോട്ടല്‍ തപ്പിയെടുത്തു. മെനു ചോദിക്കുന്നതിനു മുമ്പേ ഊണ് മാത്രമേ ഉള്ളൂ എന്ന മറുപടി കിട്ടി. ഒന്നും പറയാതെ അതും കഴിച്ചു കാശ് കൊടുക്കാന്‍ നേരം മാമ്പാറയെ കുറിച്ച് തിരക്കി.


നെല്ലിയാമ്പതിയില്‍ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് മാമ്പാറ. ഫോര്‍ വീല്‍ ഡ്രൈവ് ഉള്ള ജീപ്പുകള്‍ മാത്രമേ അവിടേക്ക് പോകു എന്നറിഞ്ഞു. ഏകദേശം എഴുപതോളം ജീപ്പുകള്‍ അവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട് . ജീപ്പില്‍ അവിടെ പോയി അല്‍പസമയം ചിലവഴിച്ചു തിരികെ പോരുന്നതിനു അറുനൂറു രൂപയാണ് ചാര്‍ജ് . ഏത് ജീപ്പ് വിളിച്ചാലും ഒരേ ചാര്‍ജ് ആണ് അവര്‍ ഈടാക്കുക എന്നും അറിഞ്ഞു. അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു ഡ്രൈവറെ വിളിച്ചു ഞങ്ങള്‍ക്ക് വേണ്ട യാത്രാ സൌകര്യം ഒരുക്കിതരാനും നല്ലവനായ ഹോട്ടലുടമ മറന്നില്ല.


അല്‍പനേരം കാത്തുനിന്നാല്‍ വേറെ മൂന്നോ നാലോ ആളെ കയറ്റാമെന്നും അതാണ്‌ ലാഭമെന്നും ഉള്ള ഹോട്ടല്‍ ഉടമയുടെ വാക്കുകള്‍ അനുസരിക്കാതെ ഞങള്‍ ജീപ്പില്‍ യാത്ര തുടങ്ങി. ഏത് സ്വഭാവക്കാരാണ് എന്നറിയാത്ത അപരിചിതരോടോത്തുള്ള യാത്ര എത്തരത്തില്‍ ആയിരിക്കും എന്നറിയാത്തതിനാല്‍ ആണ് കുടുംബവും ജീപ്പ് ഡ്രൈവറും മാത്രം മതി എന്ന് തീരുമാനിച്ചത് .


പച്ച വിരിച്ചു നില്‍ക്കുന്ന തേയില തോട്ടങ്ങളുടെയും കാപ്പിതോട്ടങ്ങളുടെയും ഇടയിലൂടെയായിരുന്നു ജീപ്പിന്റെ യാത്ര. ടാറിട്ട റോഡിലൂടെ പ്രകൃതി ഭംഗിയും ആസ്വദിച്ചു, തണുത്ത കാറ്റും കൊണ്ട് വളരെ രസകരമായിട്ടായിരുന്നു യാത്ര. ഊട്ടിയെയും കൊടെയ്ക്കനാലിനെയും വെല്ലുവിളിക്കാന്‍ ഉള്ള സൌന്ദര്യം നെല്ലിയാംപതിക്കുണ്ട് എന്ന് ഈ യാത്രയിലൂടെ ബോധ്യമായി.


കുറച്ചു കഴിഞ്ഞു ജീപ്പിന്റെ കുലുക്കം കൂടിയപ്പോഴായിരുന്നു റോഡിലേക്ക് നോക്കിയത് . റോഡ്‌ എന്നു പറയാന്‍ പറ്റാത്ത ചെറിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ റോഡിലൂടെയായിരുന്നു അപ്പോഴത്തെ യാത്ര. വണ്ടിയാണെങ്കില്‍ നല്ല വേഗതയില്‍ ആണ് പോകുന്നത് . ജീപ്പിന്റെ കുലുക്കം രസകരമായി തോന്നി. ഒരു കയ്യില്‍ മകനെയും മറുകയ്യില്‍ ക്യാമറയും പിടിച്ചു ഫോട്ടോയെടുത്തും ആടിയുലഞ്ഞു യാത്ര തുടര്‍ന്നു. ഇത്രയേ ഉള്ളൂ . ഈ ജീപ്പ് യാത്ര ... സിനിമയില്‍ കണ്ടതെല്ലാം വെറും ക്യാമറ ട്രിക്ക്സ് ആയിരിക്കുമോ എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ സ്പീഡ് കുറച്ചു. മുന്നില്‍ റോഡ്‌ എന്ന സംഭവം കാണുന്നില്ല സാമാന്യം വലുപ്പമുള്ള പാറകളും പുല്ലുകളും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു .ക്യാമറ ബാഗില്‍ വെച്ച് മകനെ ചേര്‍ത്ത് പിടിച്ചു ഇരിക്കാനും, ഫോട്ടോ എടുക്കണമെങ്കില്‍ തിരിച്ചു വരുന്ന വഴിയില്‍ നല്ല സ്ഥലങ്ങളില്‍ നിറുത്തി തരാമെന്നും ഡ്രൈവര്‍ പറഞ്ഞത് അല്പം നീരസത്തോടെ അനുസരിച്ചു.


സാധാരണ മനുഷ്യര്‍ക്ക്‌ നടന്നു കയറാന്‍ പോലും അല്പം ബുദ്ധിമുട്ടേണ്ടി വരുന്ന ഉരുളന്‍ കല്ലുകളും, ചില വലിയ കല്ലുകളും നിറഞ്ഞ റോഡിലൂടെ യാത്ര തുടങ്ങി . ചിലയിടങ്ങളില്‍ വലിയ പാറകളുടെ മുകളിലൂടെയായിരുന്നു യാത്ര. ഓരോ പാറകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോള്‍ ജീപ്പ് മറിയാന്‍ പോകുന്ന തോന്നലാണ് മനസ്സില്‍ ഉണ്ടാകുക. അപ്പോഴേക്കും ഡ്രൈവര്‍ വണ്ടി ബാലന്‍സ് ചെയ്തിടുണ്ടാകും. ഒന്ന് ആശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും ജീപ്പ് മറ്റൊരു വലിയ പാറയിലേക്ക്‌ കയറും.ഈ ജീപ്പ് ഇപ്പോള്‍ മറിയും എന്നും എല്ലാവരും മരിക്കാന്‍ പോകുകയാണെന്നും ആണ് ഭാര്യ ചിന്തിച്ചിരുന്നത് എന്ന് അവളുടെ മുഖഭാവത്തില്‍ നിന്നും മനസ്സിലായി. രണ്ടു കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ബാലന്‍സ് ചെയ്തിട്ടും സീറ്റില്‍ ഒന്ന് അമര്‍ന്നു ഇരിക്കാന്‍ പറ്റാതെ പരിഭ്രമിച്ചു, ഒരു തുള്ളി രക്തം പോലുമില്ലാതെയുള്ള ഭാര്യയുടെ മുഖം ജീവിതത്തിലെ ഒരു മറക്കാനാവാത്ത കാഴ്ചയായിരുന്നു. ഞാന്‍ ഒരു കയ്യില്‍ മകനെ ചേര്‍ത്ത് പിടിച്ചു, മറു കൈകൊണ്ടു ജീപ്പില്‍ പിടിച്ചു, അതും പോരാഞ്ഞു കാലുകള്‍ കൊണ്ട് എതിര്‍ വശത്തെ സീറ്റില്‍ ചവിട്ടി ബലം കൊടുത്തുകൊണ്ടിരുന്നു. ഇതിലും ഭീകരമായ ജീപ്പ് യാത്രകളുടെ അനുഭവം ഉള്ളതിനാല്‍ ഈ യാത്ര എന്നില്‍ ഭയമൊന്നും ഉണ്ടാക്കിയില്ല. സ്ഥിരമായി നടത്തുന്ന യാത്രകളില്‍ എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കില്‍ അത് കുടുംബത്തോടെ ആകണം എന്നും ആരും ബാക്കിയുണ്ടാവരുത് എന്ന ആഗ്രഹം മാത്രം മനസ്സില്‍ ഉണ്ടായിരുന്നു.മാമ്പാറയിലെക്കുള്ള ആളുകളെയും കൊണ്ട് വേറെയും ജീപ്പുകള്‍ വരികയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു. ഓരോ വണ്ടികള്‍ക്കും സൈഡ് കൊടുക്കാനായി ഡ്രൈവര്‍ ശരിക്കും പണിപ്പെടുന്നുണ്ടായിരുന്നു. ചില വണ്ടികള്‍ക്ക് വഴി കൊടുക്കാനായി ചിലയിടങ്ങളില്‍ പാറപ്പുറത്തുകൂടെ റിവേര്‍സ് ഗിയറില്‍ ജീപ്പ് ഓടിക്കുന്നത് ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ ആവാത്ത കാഴ്ചയായിരുന്നു. ഞങള്‍ ഒന്നും മിണ്ടാതെ പ്രകൃതി ഭംഗി ആസ്വദിച്ചിരിക്കുകയാണ് എന്ന് കരുതി ഡ്രൈവര്‍ പറഞ്ഞു " നിങ്ങക്ക് ഭാഗ്യമുണ്ടെങ്കില്‍ റോഡില്‍ ആനയേയോ കാട്ടുപോത്തിനെയോ കാണാം. കഴിഞ്ഞ ആഴ്ച ഇവിടെ വെച്ച് ഒരു ജീപ്പിനെ ആന കുത്തി മലര്‍ത്തിയിട്ടു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മറ്റു ആളുകള്‍ ഒന്നും ഇല്ലായിരുന്നത് കൊണ്ട് അപകടം ഒന്നും ഉണ്ടായില്ല". അതും കൂടി കേട്ടതോടെ ഭാര്യയുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യവും എനിക്ക് നഷ്ടപ്പെട്ടു.


കുറച്ചു കിലോമീറ്ററുകള്‍ അങ്ങിനെ തന്നെ ആയിരുന്നു യാത്ര .റോഡ്‌ എന്ന് പറയാന്‍ പറ്റാത്ത റോഡിലൂടെയുള്ള യാത്ര. കുറെ കഴിഞ്ഞപ്പോള്‍ പച്ചപ്പുല്ലുകള്‍ നിറഞ്ഞ മൊട്ടക്കുന്നിന്റെ തുടക്കത്തില്‍ ഡ്രൈവര്‍ വണ്ടി നിറുത്തി. അവിടെ ഒരു ടിക്കറ്റ്‌ കൌണ്ടര്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ ഇറങ്ങി ടിക്കറ്റ്‌ വാങ്ങി വീണ്ടും യാത്ര തുടര്‍ന്നു . ഒടുവില്‍ ഞാന്‍ കാത്തിരുന്ന, ഭ്രമരത്തിലെ അവസാന ഭാഗത്തില്‍ കാണിക്കുന്ന രണ്ടായി പിരിഞ്ഞു വീണ്ടും ഒന്ന് ചേരുന്ന ആ മനോഹരമായ റോഡില്‍ ഞങള്‍ എത്തി.അപ്പോഴും ആ ജീപ്പ് യാത്രയുടെ ഹാങ്ങോവറില്‍ നിന്നും ഞങള്‍ വിമുക്തരായിരുന്നില്ല. ഇരുവശത്തും ആഴത്തിലുള്ള കൊക്കകള്‍ നിറഞ്ഞ ആ കുന്നില്‍ മുകളിലെ റോഡിലൂടെ വീണ്ടും കുറെ പോയി ഡ്രൈവര്‍ ജീപ്പ് നിറുത്തി. ഇതാണ് മാമ്പാര പീക്ക് . ഡ്രൈവര്‍ പറഞ്ഞു .


അത്രയും നേരം അനുഭവിച്ച യാത്രയുടെ ക്ഷീണം മാറ്റുന്ന കാഴ്ചകള്‍ ആണ് അവിടെ കാണാന്‍ കഴിഞ്ഞത് . സമുദ്ര നിരപ്പില്‍ നിന്നും അയ്യായിരത്തിലേറെ അടി മുകളിലായാണ് മാമ്പാറ സ്ഥിതി ചെയ്യുന്നത് . ഒരു വലിയ കുന്നിന്റെ ഏറ്റവും മുകളില്‍ കയറിയ പ്രതീതിയാണ് അനുഭവപ്പെട്ടത് . കുറച്ചു നടന്നു മുകളില്‍ കയറി നിന്നും താഴേക്ക്‌ നോക്കി. ഒരു ഭാഗത്ത് പോത്തുണ്ടി ഡാം കാണാം , എതിര്‍ വശത്ത്‌ പേരറിയാത്ത കുറെ മലനിരകള്‍ , അവിടെ നിന്നും ഒഴുകിയെത്തുന്ന ശക്തമായ കാറ്റില്‍ നമ്മള്‍ പറന്നു പോകുമോ എന്ന് തോന്നിപ്പോകും. ഒപ്പം നമ്മളെ തഴുകി തലോടുന്ന കോട മഞ്ഞും. കാറ്റും മഞ്ഞും വെയിലും എല്ലാം ചേര്‍ന്ന ഒരു പ്രത്യേക കാലാവസ്ഥയായിരുന്നു അവിടെ.വേറെ കുറെ ജീപ്പുകളും ആളുകളും അവിടെ ഉണ്ടായിരുന്നു. ഒരു സിനിമക്ക് അധികം ആരും അറിയപ്പെടാത്ത ഒരു സ്ഥലത്തിനെ പ്രശസ്തമാക്കാന്‍ എത്ര പെട്ടെന്നാണ് കഴിഞ്ഞത് ? കോളേജ് പഠനകാലത്ത്‌ പല തവണ നെല്ലിയാമ്പതിയില്‍ വന്നപ്പോളൊന്നും ആരും മാമ്പാറയെ പറ്റി പറഞ്ഞു കേട്ടിട്ടില്ല. പ്രിയപ്പെട്ട കൂട്ടുകാരോടൊത്ത് ഇത്രയും നല്ല സ്ഥലത്ത് വരാന്‍ കഴിയാതെ പോയതിന്റെ സങ്കടം അപ്പോഴാണ്‌ മനസ്സില്‍ നിറഞ്ഞത്‌.കാലൊന്നു ഇടറിയാല്‍ നമ്മള്‍ ചെന്നെത്തുന്നത് അഗാധമായ കൊക്കയിലേക്ക് ആയിരിക്കും. അനിസ്ക്സ്പ്രേയുടെ പരസ്യം പോലെ " പൊടിപോലുമില്ല കണ്ടു പിടിക്കാന്‍" എന്ന അവസ്ഥയില്‍ ആകും എന്നുറപ്പാണ് . പക്ഷെ അവിടെയുള്ള പാറയുടെ തുമ്പത്തു ചെന്ന് താഴേക്കും നോക്കി നിന്നപ്പോള്‍ മനസ്സില്‍ ഭയമായിരുന്നില്ല പകരം ഇത്രയും സുന്ദരമായ സ്തൃഷ്ടി നടത്തിയ ഭഗവാനോടുള്ള ആരാധനയും കടപ്പാടുമായിരുന്നു മനസ്സില്‍ .


കുറെ നേരം അവിടെയെല്ല്ലം നടന്നും അനുഭവിച്ചും ഫോട്ടോയെടുത്തും കഴിച്ചു കൂട്ടി. പറഞ്ഞ സമയം കഴിഞ്ഞിട്ടും ഞങളെ തിരികെ കാണാതെ വന്നപ്പോള്‍ ഡ്രൈവര്‍ അന്വേഷിച്ചു വരുന്നത് അകലെ നിന്നും കണ്ടപ്പോള്‍ മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും എഴുന്നേറ്റു പതുക്കെ നടന്നു.തിരികെയുള്ള യാത്ര ശരിക്കും ആസ്വദിച്ചു. ഓരോ നല്ല സ്ടലങ്ങളിലും നിറുത്തി ഫോട്ടോയെടുത്തു. ജീപ്പില്‍ നിന്നും ഇറങ്ങി അല്പം മാറി നിന്ന് മറ്റു ജീപ്പുകള്‍ പാറകള്‍ക്കു മുകളിലൂടെ സാഹസിക യാത്ര നടത്തുന്നാത് കണ്ടു നിന്നു. പുറത്തു നിന്നും കണ്ടപ്പോള്‍ ജീപ്പ് യാത്ര ഒന്ന് കൂടി ഭീകരമായി തോന്നി.


ഡ്രൈവര്‍ പറഞ്ഞ മൃഗങ്ങള്‍ ഒന്നിനെയും കാണാനാവാതെ ഞങള്‍ സുഖമായി നെല്ലിയാമ്പതിയില്‍ മടങ്ങിയെത്തി. മടക്കയാത്രയില്‍ സാധാരണ ആളുകള്‍ നെല്ലിയാംപതിലെ മറ്റൊരു സ്ഥലമായ സീതാര്‍കുണ്ട് കാണാനാണ് പോകുക. പക്ഷെ മുന്‍പ് കണ്ട സ്ഥലമായതിനാല്‍ ഞങള്‍ അത് ഒഴിവാക്കി.നെല്ലിയാമ്പതിയിലെ ഒരു ടീ ഫാക്ടറിയില്‍ നിന്നും കുറെ തേയിലയും വാങ്ങി ഞങള്‍ മടക്ക യാത്ര ആരംഭിച്ചു. യാത്രക്കിടയില്‍ റോഡില്‍ ഇടയ്ക്കിടെ ഇറങ്ങി വരുന്ന കോടമഞ്ഞ്‌ ഞങളെ നോക്കി ചോദിച്ചു ... വീണ്ടും വരില്ലേ .... വരും ... മൂവരും ചേര്‍ന്ന് പറഞ്ഞു ... അല്ലെങ്കിലും ഒരു തവണ കണ്ടാല്‍ ഈ സുന്ദര സ്ഥലത്തേക്ക് മടങ്ങി വരാതിരിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ ?

34 comments:

 1. ഇച്ചിരി റിസ്ക് ആണല്ലേ ? വായിച്ചപ്പോൾ ഭയന്നു. എന്നാലും ഒരിക്കൽ പോകണം മാമ്പാറയിൽ.

  ReplyDelete
 2. നല്ല വിവരണവും,ഫോട്ടോയും.മാമ്പാറ പരിചയപ്പെടുത്തിയതിനു പ്രത്യേകം നന്ദി. ഈ സ്ഥലം ഞങ്ങളും അന്വേഷിച്ചു നടക്കുകയായിരുന്നു.എന്തായാലും നാട്ടില്‍ എത്തിയാല്‍ ഉടന്‍ ഒരു യാത്ര മാമ്പാറയ്ക്ക്..........

  ReplyDelete
 3. ഒരികല്‍ പോവണം അല്ലെ ?? ..ശരിക്കും ത്രില്‍ തോനുന്നു ..നന്ദി മാമ .ഇത് പോലെ ഒരു പരിച്ചയപെടുത്തലിനു

  ReplyDelete
 4. ഫോട്ടോകളും അതിന്റെ വിവരണങ്ങളും വായിച്ചപ്പോള് മാംപാറയില് ചെന്ന പ്രതീതിയാണ് ഉണ്ടായത്. ഇനി പോയിട്ട് കഷ്ടപ്പെടേണ്ടതില്ലല്ലോ.. നന്ദി

  ReplyDelete
 5. നല്ലവിവരണം
  നെല്ലിയാമ്പതി പോയിട്ടുണ്ടങ്കിലും ആദ്യമായിട്ടാണു മാമ്പാറ യെ പറ്റികേൾകുന്നത്

  ReplyDelete
 6. ennenkilum orikkal avide pokanam, pokum poyillenkil athu valiya nashtamanu.

  nannayirikkunnu yaathraa vivaranam.

  ReplyDelete
 7. നല്ല വിവരണം മാഷെ
  ശരിക്കും ത്രില്‍ ആയി തോന്ന്ന്നു

  ReplyDelete
 8. നല്ല ചിത്രങ്ങള്‍ നല്ല യാത്ര വിവരണങ്ങള്‍ ആശംസകള്‍

  ReplyDelete
 9. ഇതൊക്കെ വായിക്കയും ഈ ചിത്രങ്ങൾ കാണുകയും ചെയ്യുംബോൾ പാഴായി പ്പോയ,പോവുന്ന,പോകാനിരിക്കുന്ന സ്വ ജന്മത്തെ ഓർത്തു സൻകടം വരുന്നു...ഇങ്ങിനെയൊക്കെ ഒരു യാത്ര പോകാൻ ഈ സുന്ദരക്കാഴ്ചകളിൽ അല്പനേരമെൻകിലും അലിഞ്ഞു ചേരാൻ കഴിയാതെ പോകുന്ന നിരർഥകജന്മം...അതുകൊണ്ടു തന്നെ ഈ സചിത്രലേഖനം ഒരു പാടു ഉപകാര പ്രദമാകുന്നു..നല്ല വിവരണനം നല്ല ചിത്രങ്ങൾ..യാത്രയുടെ ആസ്വാദ്യതയിലേക്കോളം മനസ്സിനെ കൊണ്ടെത്തിക്കുന്ന ആഖ്യാനപാടവം..നന്ദി.

  ReplyDelete
 10. കാണാനഴകുള്ള , കൌതുകമുള്ള എത്രയോ സ്ഥലങ്ങള്‍ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ തന്നെയുണ്ട്!
  നാം അധികപേരും അത് 'ചൂഷണം' ചെയ്യുന്നില്ല.
  ഇത്തരം പോസ്റ്റുകള്‍ അവിടങ്ങള്‍ സന്ദര്‍ശിക്കാനുള്ള ത്വര ഉള്ളിലുണര്‍ത്തുന്നു.
  ആശംസകള്‍ .

  ReplyDelete
 11. നന്നായിട്ടുണ്ട്. ആ സ്ഥലം പോയി കാണണമെന്ന് തോന്നിപ്പിയ്ക്കുന്ന വിവരണം

  ReplyDelete
 12. നന്ദി ...
  എന്റെ മാമ്പാറ യാത്ര ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിന്
  ഒരു ദുഖകരമായ കാര്യം പറയട്ടെ ...
  മാമ്പാറ യിലേക്ക് ഇപ്പോള്‍ ആളുകളെ കടത്തി വിടുന്നില്ല . പറമ്പികുളം വന്യ ജീവി സങ്കേതത്തിന്റെ വ്യാപ്തി ഈയിടെ കേന്ദ്ര സര്‍ക്കാര്‍ കൂട്ടുകയുണ്ടായി . അങ്ങിനെ നമ്മുടെ മാമ്പാറയും നെല്ലിയാമ്പതിയുടെ ചില നല്ല സ്ഥലങ്ങളും ഇതില്‍ ഉള്‍പെട്ടു . അതുകൊണ്ട് ഇനി ആര്‍ക്കും ആ സുന്ദര ലോകം കാണാന്‍ കഴിയില്ല .
  ഞാന്‍ എത്ര ഭാഗ്യവാന്‍ അല്ലെ ?

  ReplyDelete
 13. Dear Madhu,
  excellent...!!

  -shameer, doha-

  ReplyDelete
 14. Nalla vivaranam.orupadishtappettu.orikkal angottupokananm.ella vidha ashamsakal

  ReplyDelete
  Replies
  1. താങ്കളുടെ മൊബൈല്‍ നമ്പര്‍ തരാമോ ? ലാന്‍ഡ്‌ ഫോണില്‍ വിളിച്ചിട്ട് ആരും എടുക്കുന്നില്ല ?

   Delete
 15. ഞാന്‍ നെല്ല്യാംബതി പോയിരുന്നു, പക്ഷെ മാന്‍പാറ കാണാന്‍ പറ്റിയില്ല, അവിടെ ആള്‍ക്കാരെ കടത്തി വിടുന്നില്ല, ഇപ്പൊ എങ്ങനെ ആണാവോ?

  ReplyDelete
  Replies
  1. കഴിഞ്ഞ ജനുവരിയില്‍ തുറക്കും എന്നാണ് ഞാന്‍ കേട്ടിരുന്നത് ... പക്ഷെ തുറന്നില്ല ... ഇനി തുറക്കും എന്ന് തോന്നുന്നില്ല ... പിന്നെ കഴിഞ്ഞ ആഴ്ച അതിനടുത്തുള്ള മാട്ടുമലയില്‍ ജീപ്പ് മറിഞ്ഞു ഒരാള്‍ മരിച്ചിരുന്നു . അത് കാരണം മാട്ടുമലയും ചിലപ്പോള്‍ അടച്ചു പൂട്ടും എന്ന് തോന്നുന്നു ...

   Delete
 16. ഇഷ്ടപ്പെട്ടു.ചിത്രവും വിവരണവും.ബ്ലോഗുകള്‍ അടക്കമുള്ള യാത്രാ വിവരണങ്ങള്‍ വായിക്കുക.ഭാഷയും അവതരണവും കുറച്ച് കൂടെ നന്നാക്കാം.മാന്‍‌പാറയെ പരിചയപ്പെടുത്തിയതിന് നന്ദി.നാട്ടിലെത്തിയാല്‍ അടുത്ത ട്രിപ്പ് അങ്ങോട്ടെന്ന് തീരുമാനിച്ചതായിരുന്നു.താങ്കളുടെ കമന്‍റ് പിന്നെയാണ് ശ്രദ്ധിച്ചത്.വിഷമായി :(

  ReplyDelete
  Replies
  1. ജിപ്പൂസ്
   നന്ദി ....ഈ ബ്ലോഗ്‌ ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ .. എഴുത്തും ജോലിയും ഒരു മിച്ചു കൊണ്ട് പോകാന്‍ പറ്റാതെ എഴുത്ത് നിറുത്താനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോള്‍ ... പിന്നെ ഒരു തവണ എഴുതിയ യാത്രയിലെ വരികള്‍ മാറ്റി എഴ്തുതാന്‍ എനിക്ക് മടിയാണ് . മറ്റു ബ്ലോഗുകള്‍ ഞാന്‍ വളരെ കുറച്ചേ വായിക്കാറുള്ളൂ ..അപൂര്‍വമായി കിട്ടുന്ന കുറച്ചു സമയം വല്ലതും എഴുതും... ..ജോലിയുള്ള ഭാര്യ , രണ്ടു ചെറിയ കുട്ടികള്‍ , പണ്ട്രണ്ടു മണിക്കൂറിലധികം നീളാറുള്ള ജോലി ... ഇതിനിടയിലാണ് ഈ എഴുത്ത് ... എന്തായാലും താങ്കള്‍ പറഞ്ഞ പോലെ ഭാഷയും അവതരണവും നന്നാക്കാന്‍ ശ്രമിക്കാം ...

   Delete
 17. ചിത്രങ്ങളും വിവരണങ്ങളും നന്നായി അവിടെയെല്ലാം ചുറ്റിയടിച്ച പ്രതീതി.

  ReplyDelete
 18. ഇഷ്ട്ടായി..! ഈ സ്ഥലവും,വിവരണവും,പിന്നെ പടങ്ങളും..!
  എന്നാണാവോ ഇവ്ടെയൊക്കെ ഒന്നു പോകാനാവുക..!

  ആശംസകള്‍നേരുന്നു..പുലരി

  ReplyDelete
  Replies
  1. മാമ്പാറയിലേക്ക് ഇപ്പോള്‍ ആളുകളെ കടത്തി വിടുന്നില്ല . പകരം നെല്ലിയാമ്പതിയില്‍ മാട്ടുമല എന്ന സ്ഥലത്തേക്ക് ജീപ്പില്‍ പോകാം . മാമ്പാറയുടെ അത്രക്കും ഭീകരം അല്ലെങ്കിലും യാത്ര രസകരം ആയിരിക്കും .ഇത്തിരി കൂടി സാഹസികം ആകണമെങ്കില്‍ രാത്രി മാട്ടുമലയിലെക്ക് ഒരു ജീപ്പ് യാത്ര പോയി നോക്കൂ ...തികച്ചും വ്യത്യസ്തമായ ഒരനുഭവം ആകും അത് ...

   Delete
 19. ഗംഭീരമായ വിവരണം, നല്ല്ല ചിത്രങ്ങൾ. വളരെ ഇഷ്ടപ്പെട്ടു.

  പിന്നെ, എറണാകുളം - പാഞ്ചാലിമേട് യാത്രയുടെ ഡീറ്റെയിൽസ് തരാൻ ഞാൻ ഹരീഷ് തൊടുപുഴയോട് പറഞ്ഞിട്ടുണ്ട്. എനിക്ക് ആ റൂട്ടിലെ ദൂരം / സമയം മുതലായവ അത്ര പിടിയില്ല.

  ReplyDelete
  Replies
  1. അപ്പു
   നന്ദി ... വഴി പറഞ്ഞു തന്നതിന്
   ഞാന്‍ പരുന്തുംപാറയില്‍ പോയിരുന്നു . വളരെ രസകരമായ സ്ഥലം. സമയക്കുറവുമൂലം പാഞ്ചാലിമേട്‌ പോകാന്‍ കഴിഞ്ഞില്ല .

   Delete
 20. Replies
  1. അരീക്കോടന്‍ ...
   മാമ്പാറയിലേക്ക് ഇപ്പോള്‍ ആളുകളെ കടത്തി വിടുന്നില്ല . നെല്ലിയാമ്പതിയില്‍ മാട്ടുമല എന്ന സ്ഥലത്തേക്ക് ഇപ്പോള്‍ ജീപ്പില്‍ പോകാം . മാമ്പാറയുടെ അത്രക്കും രസകരം(ഭീകരം) അല്ലെങ്കിലും കുടുംബവുമോത്തു ഒരു യാത്ര രസകരം ആയിരിക്കും .

   Delete
  2. helloo madhu maman .... i am jealousy to uuuuuuuu....... mambarayilekku ipol enthanu aklukale kadathi vidathath ... karanam ente facebook pagil eniku ulpeduthan ayirunu

   Delete
  3. valare nannayirikku madhu mamante yathra vivaranga

   Delete
 21. ശരിക്കും ത്രില്‍
  ആശംസകള്‍

  ReplyDelete
 22. മനോഹരമായിരിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു....

  ReplyDelete
 23. kollaam tto

  nalla sthalavum vivaram adipoli aayittundu

  ReplyDelete