Monday, April 20, 2015

കുളത്തനാം പാറ

തൃശ്ശൂർ ജില്ലയിലെ മരോട്ടിച്ചാൽ കാട്ടിലൂടെ മുപ്പതു അംഗ സംഘത്തെയും നയിച്ച്‌ കൊണ്ടു നടക്കുന്നതിനിടയിൽ ആണ്  കാട്ടിൽ  വഴി തെറ്റി പരിഭ്രമിച്ചു നില്ക്കുന്ന നാലു ചെറുപ്പക്കാരെ ഞാൻ പരിചയപ്പെട്ടത്‌ . മാതൃഭുമി യാത്രയിൽ അച്ചടിച്ച്‌ വന്ന,  ഞാൻ എഴുതിയ  മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തെ കുറിച്ചുള്ള വിവരണം വായിച്ചു കൊണ്ട് ആ  മാഗസിനും പിടിച്ചു പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട നാല് ചെറുപ്പക്കാരായിരുന്നു അവർ. എനിക്കും അവർക്കും തികച്ചും അവിസ്മരണീയം ആയ ഒരു കൂടിക്കാഴ്ച ആയിരുന്നു അത്. അറിയാത്ത ഒരു കാട്ടിലേക്ക് വെറുതെ ഒരു മാഗസിനും പിടിച്ചു യാത്ര തിരിക്കുക. കാട്ടിൽ വഴി തെറ്റി അലയുക. കൂടുതൽ അലഞ്ഞു തിരിയുന്നതിന് മുൻപ് ആ യാത്ര കുറിപ്പ് എഴുതിയ ആളെ അതെ കാട്ടിൽ വെച്ച് തന്നെ പരിചയപ്പെടുക . അങ്ങിനെ തികച്ചും അപ്രതീക്ഷിതം ആയി ആ കാട്ടിൽ നിന്നും എനിക്ക്  കിട്ടിയ സുഹൃത്തുക്കളിൽ ഒരാളായ അരുണിന്റെ  ആവശ്യ പ്രകാരം അവർക്ക് വേണ്ടി മാത്രം അധികം അറിയപ്പെടാത്ത,  വിരലിൽ എണ്ണാവുന്ന അത്രക്കും കുറച്ചു ആളുകൾ മാത്രം പോയിട്ടുള്ള തൃശ്ശൂരിലെ കുളത്തനാം പാറയിലെ കാട്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന മനോഹരമായ വെള്ളചാട്ടത്തെയും തേടി ഒരു സാഹസിക യാത്ര നടത്താൻ  ഞാൻ തീരുമാനിച്ചത് .ഒരു ഞായറാഴ്ച രാവിലെ എറണാകുളത്തു നിന്നും യാത്ര തുടങ്ങി. അരുണും ഞാനും അരുണിന്റെ  കുറച്ചു കൂട്ടുകാരും  ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. ഞാൻ പാലാരിവട്ടത്ത് നിന്നും കൂട്ടുകാർ ആലുവയിൽ നിന്നും ആണ് കയറിയത്. ആലുവയിൽ എത്തിയപ്പോൾ ആണ് അറിഞ്ഞത് കൂട്ടുകാരിൽ മൂന്നു പേർ സ്ത്രീകൾ ആണ് എന്നറിഞ്ഞത്. പറവൂർ സ്വദേശിയായ മീന മേനോനും മകളായ ഒമ്പത് വയസ്സ് കാരി   ഉത്തരയും , പിന്നെ രാജഗിരിയിൽ റിസർച്ച് ചെയ്യുന്ന തിരുവനന്തപുരത്തുകാരിയുമായ ദിവ്യയും, പിന്നെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ സജിയും ആണ് ഈ യാത്രയിലെ പങ്കാളികൾ. ആകെ ആറു പേർ. സ്ത്രീകളോടൊപ്പം പല തവണ കാട്ടിൽ പോയിട്ടുണ്ടെങ്കിലും ആളുകൾ അധികം പോകാത്ത വന്യ മൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെ, അതും കാടിനെ ഒട്ടും അറിഞ്ഞിട്ടില്ലാതെ ഇവരെയും കൊണ്ടുള്ള യാത്ര  എങ്ങനെ ആയിരിക്കും എന്ന  ചെറിയ ആശങ്ക  യാത്രയുടെ തുടക്കത്തിൽ മനസ്സിൽ ഉണ്ടായിരുന്നു.ആലുവ - അങ്കമാലി - ചാലക്കുടി വഴി അതിവേഗം ആമ്പല്ലൂരിൽ എത്തി. അവിടത്തെ ഊട്ടുപുര ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു. അവിടെ നിന്ന് തന്നെ ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വാങ്ങി തിരിച്ചു കാറിൽ കയറും മുൻപേ സഹ യാത്രികരെ കുറിച്ചുള്ള ആശങ്കകൾ എല്ലാം മാറിയിരുന്നു. മീന മേനോൻ പറവൂരിൽ രണ്ടേക്കർ സ്ഥലത്ത് വനം വളർത്തുകയാണ് എന്ന അറിവ്   തികച്ചും അവിശ്വസനീയം ആയിരുന്നു. കുളങ്ങളും പാമ്പിൻ കാവും എല്ലാം ഉള്ള പഴയ തറവാട്ട്‌ വീട്ടിൽ താമസിക്കുകയും അതിനു ചുറ്റുമുള്ള സ്ഥലം മുഴുവൻ കാട് വളരാൻ അനുവദിക്കുകയും ചെയൂക എന്നത് ഒരു വലിയ കാര്യം ആയി തോന്നി. നാഷണൽ ഹൈവെയോട് ചേർന്ന് കിടക്കുന്ന കോടികൾ വിലവരുന്ന ആ സ്ഥലം പ്രകൃതിക്ക് വേണ്ടി അങ്ങിനെ മാറ്റിവെക്കാൻ എടുത്ത തീരുമാനം തികച്ചും അഭിനന്ദനം അർഹിക്കുന്നത് തന്നെ ആണ്. തനിച്ചു അല്ലാതെയും ഒരു പാട് സ്ഥലങ്ങളിൽ യാത്ര ചെയ്തു പരിചയം ഉള്ള യാത്രകളെ പ്രണയിക്കുന്ന ദിവ്യയും ഈ യാത്രക്ക് പറ്റിയ കൂട്ടുകാർ തന്നെ ആണ്  എന്ന് അല്പനേരത്തെ സംസാരത്തിൽ നിന്നും എനിക്ക് ബോധ്യമായി.


 

ആമ്പല്ലൂർ  - കല്ലൂർ  വഴി മാന്ദമംഗലം എന്ന സ്ഥലത്തെത്തി. മാന്ദമംഗലത്ത് നിന്നും കുറച്ചു ദൂരം പോയാൽ മരോട്ടിച്ചാൽ  വെള്ളച്ചാട്ടത്തിൽ എത്താം. പല തവണ പോയത് കൊണ്ടും ഞങ്ങളുടെ ലക്‌ഷ്യം കുളത്തനാം പാറ ആയതു കൊണ്ടും അവിടേക്ക് പോകാതെ നേരെ വണ്ടി വിട്ടു വെള്ളക്കാരിത്തടം എന്ന ഗ്രാമത്തിൽ എത്തി. ഒരു തനി നാട്ടിൻ പുറം. ഒന്നോ രണ്ടോ ചെറിയ കടകൾ . അവിടത്തെ ചായക്കടയുടെ മുൻപിൽ ഞങ്ങളുടെ വഴികാട്ടി ചേട്ടൻ നില്ക്കുന്നുണ്ടായിരുന്നു. ഫോറെസ്റ്റ് ഓഫീസിൽ നിന്നും ഈ യാത്രക്കുള്ള പ്രത്യേക അനുമതി വാങ്ങിക്കാൻ കുറെ സഹായങ്ങളും മറ്റും ചെയ്തു തന്ന ആ നാട്ടുകാരൻ  ആയ ചേട്ടനുമായി ഫോണിലൂടെ  പല തവണ സംസാരിച്ചിട്ടുണ്ട് എങ്കിലും നേരിട്ട് ആദ്യമായി കാണുക ആയിരുന്നു. കയ്യിൽ ഒരു വലിയ വെട്ടു കത്തിയും പിടിച്ചാണ് ആളുടെ നില്പ്പ്.  കാട്ടിലെ യാത്രകളിൽ ഏറ്റവും ഒഴിച്ച് കൂടാനാവാത്ത വസ്തുവാണ് ഈ വെട്ടുകത്തി. ആവശ്യം വരികയാണെങ്കിൽ ഉപയോഗിക്കാനായി ഒരു ചെറിയ കത്തി എന്റെ . ബാഗിലും ഉണ്ടായിരുന്നു. ഒരു കിലോമീറ്റർ ദൂരം കൂടി മുന്നോട്ടു പോയാൽ ടാറിട്ട റോഡ്‌ അവസാനിക്കുമെന്നും അവിടെ നിന്നും ആണ് കുളത്തനാം പാറയിലേക്ക്‌  യാത്ര തുടങ്ങുന്നത് എന്നും ചേട്ടൻ പറഞ്ഞു തന്നു.കാട്ടിൽ കയറുന്നതിനു മുൻപേ വഴികാട്ടി ചേട്ടൻ മുന്നറിയിപ്പ് തന്നു. ആനകൾ  ഉള്ള കാട് ആണ്. പീച്ചി - വാഴാനി Wild life Sanctuary യുടെ ഭാഗമായി വരുന്ന കാടായതിനാൽ എല്ലാതരം മൃഗങ്ങളും കാണാൻ സാധ്യതയുണ്ട്. സൂക്ഷിച്ചു ശബ്ദം ഇല്ലാതെ നടക്കണം. ആളുകൾ ഒട്ടും നടക്കാത്തത് കൊണ്ട് വഴിയിൽ പാമ്പുകളുടെ ശല്യം ഉണ്ടാകും . വീണു കിടക്കുന്ന ഇലകളുടെ അതെ നിറത്തിൽ ആയിരിക്കും ചില പാമ്പുകൾ. ചുരുട്ട എന്ന് പറയുന്ന, കൊത്തിയാൽ മരിക്കില്ല എങ്കിലും, ശരീരം മുഴുവൻ നീര് വന്നു വീർക്കുന്ന തരത്തിലുള്ള പാമ്പുകൾ ഇവിടെ ഒരു പാട് ഉണ്ട് എന്നും ആൾ  പറഞ്ഞു തന്നു. വനം വകുപ്പിൽ വാച്ചർ ആയി ജോലി നോക്കുന്ന, വർഷങ്ങളായി കാടിനെ അടുത്തറിയുന്ന ഒരു പാട് കാട്ടറിവുകൾ ഉള്ള ചേട്ടൻ പറയുന്നതെല്ലാം തല കുലുക്കി  നിന്ന്  കേട്ടു. വെള്ളച്ചാട്ടത്തിൽ ഇപ്പോൾ വെള്ളം വളരെ കുറവാണ് എന്നും ആൾ കൂട്ടി ചേർത്തു. വണ്ടിയിൽ നിന്നും ക്യാമറകളും ഭക്ഷങ്ങളും എല്ലാം എടുത്തു ഒരു ചെറിയ അരുവിയുടെ അരികിലൂടെ  അങ്ങിനെ ഞങ്ങൾ കുളത്തനാം പാറ യാത്ര തുടങ്ങി.മഴ കഴിഞ്ഞിട്ട് അധികം ദിവസ്സങ്ങൾ കഴിയാത്തതിനാൽ നല്ല പച്ച പടിച്ച അവസ്ഥയിൽ ആയിരുന്നു കാട്. യാത്രയുടെ തുടക്കത്തിൽ കണ്ട ചെറിയ അരുവിയിൽ കുളിക്കാനും അലക്കാനും വണ്ടി കഴുകാനും ഒക്കെ വരുന്ന ആളുകൾ നടന്നുണ്ടായ നല്ല കാട്ടു വഴികളിലൂടെ ആയിരുന്നു തുടക്കത്തിൽ ഞങ്ങളുടെ യാത്ര. അൽപ ദൂരം പോയപ്പോഴേക്കും അത് അവസാനിച്ചു. നല്ല നിബിഡമായ കാട് തുടങ്ങി. വഴികാട്ടി ചേട്ടൻ മുൻപേ നടന്നു വെട്ടു കത്തി കൊണ്ട് "പണി" തുടങ്ങി. വഴിയിൽ തടസ്സം ആയി നിൽക്കുന്ന വള്ളികൾ, മരച്ചില്ലകൾ, മുൾച്ചെടികൾ ഇവയെല്ലാം വെട്ടി മാറ്റി പുറകെ വരുന്ന ഞങ്ങൾക്കായി വഴിയൊരുക്കുക എന്ന പ്രയാസമേറിയ ജോലി ചെയ്തു കൊണ്ടാണ് ചേട്ടന്റെ നടപ്പ് .ചേട്ടന്റെ വെട്ടുകത്തിയുമായി ഒരു നിശ്ചിത അകലം പാലിച്ചു കൊണ്ട് ഞങ്ങൾ ആറുപേർ പുറകെ നടന്നു.പല നിറത്തിലും വലിപ്പത്തിലും നിറഞ്ഞു നില്ക്കുന്ന പൂക്കൾ ആ  കാട്ടിലെ മനോഹര കാഴ്ചകളിൽ ഒന്നായിരുന്നു. അതെ പോലെ തന്നെ വലിയ വലിയ മരങ്ങൾ കടപുഴകി കിടക്കുന്നത് ഒരു കാഴ്ച തന്നെ ആയിരുന്നു. വഴിയിൽ തടസ്സം ആയി ചിതലരിച്ചു കിടക്കുന്ന മരങ്ങൾക്ക് മുകളിലൂടെ ചാടിക്കടന്നും മറ്റും ആയിരുന്നു ഞങ്ങളുടെ യാത്ര. വഴിയിൽ പലയിടത്തും അധികം പഴക്കം ഇല്ലാത്ത ആന പിണ്ടങ്ങൾ കണ്ടു. ദിവ്യയും മീനയും ഉത്തരയുമെല്ലാം പൂക്കളുടെയും മരങ്ങളുടെയും എല്ലാം ഫോട്ടോകൾ എടുത്തും കണ്ടും ആസ്വദിച്ച് കൊണ്ട് വളരെ പതുക്കെ എല്ലാവരുടെയും പുറകെ ആയിരുന്നു വരവ്.  അവരുടെ ആദ്യത്തെ വനയാത്ര. അത് കൊണ്ട് തന്നെ അവർക്ക് പൂര്ണ സ്വാതന്ത്യം കൊടുത്തു. എന്നാൽ വഴി തെറ്റി പോകാൻ അവസരം കൊടുക്കാതെ ഒരു നിശ്ചിത അകലത്തിൽ ഇടയ്ക്കിടെ അവരെ ശ്രദ്ധിച്ചു കൊണ്ട്  ശ്രദ്ധിച്ചു കൊണ്ട് യാത്ര തുടര്ന്നു .ഏകദേശം ഒരു മണിക്കൂർ നടപ്പോൾ ഒരു വലിയ പൊള്ളയായ മരം കണ്ടു. മഴ പെയ്താൽ ഒരു പത്തു പേര്ക്ക് വേണമെങ്കിൽ ഉള്ളിൽ കയറി നിൽക്കാവുന്ന അത്ര വലുപ്പം   ആ മരത്തിന്റെ പൊള്ളയായ അടിഭാഗത്തിന് ഉണ്ടായിരുന്നു. അടിഭാഗം മുഴുവൻ പൊള്ളയായിട്ടും അത് എങ്ങനെ ആണ് ബാലൻസ് ചെയ്തു നിൽക്കുന്നത് എന്ന്  ചിന്തിച്ചും കുറെ നേരം അതിന്റെ ഉള്ളിൽ കയറി നിന്ന് ചിത്രങ്ങൾ എടുത്തും അവിടെ എല്ലാവരും അൽപ സമയം വിശ്രമിച്ചു. കുറച്ചു നേരം കഴിഞ്ഞു വീണ്ടും യാത്ര തുടരാം എന്ന് പറഞ്ഞു നടന്നു തുടങ്ങിയപ്പോഴാണ് ദിവ്യയുടെ ഉച്ചത്തിലുള്ള കരച്ചിൽ പോലെയുള്ള ശബ്ദം കേട്ടത്. പെട്ടെന്ന് പുറകോട്ടു ഓടി ചെന്ന് നോക്കി. എല്ലാവരും ആകെ വിറച്ചു നില്ക്കുന്നു. ഒരു പാമ്പായിരുന്നു അവിടത്തെ വില്ലൻ. ദിവ്യ മരത്തിന്റെ ചിത്രം എടുക്കാനായി ബാഗ് ഒരു പാറപ്പുറത്ത് തുറന്നു വെച്ച് അതിൽ നിന്നും ക്യാമറ എടുത്ത ശേഷം ബാഗ് അടക്കാതെ അവിടെ ഇട്ടു കുറച്ചു കഴിഞ്ഞു വന്നു ബാഗ് എടുക്കാൻ നോക്കിയപ്പോൾ ആണ് ബാഗിന്റെ ഏകദേശം അടിയിൽ ആയി   ഒരു പാമ്പ് കിടക്കുന്നത് കണ്ടത്. അതിനെ കണ്ട അലർച്ചയാണ്‌ ഞങ്ങൾ കേട്ടത്. എന്തോ ഒരു ഭാഗ്യം, അശ്രദ്ധയോടെ ആരോടെങ്കിലും സംസാരിച്ചു കൊണ്ടാണ് ആ  ആണ് ബാഗ് എടുത്തതെങ്കിൽ തീർച്ചയായും പാമ്പ് കടി എല്ക്കുമായിരുന്നു. അതെല്ലെങ്കിൽ ആ പാമ്പ് ബാഗിനുള്ളിൽ കയറിക്കൂടിയിരുന്നെങ്കിലും  അപകടം ഉറപ്പായിരുന്നു.അവരെ ആശ്വസിപ്പിച്ചു സാധാരണ സ്ഥിതിയിൽ ആക്കിയ ശേഷം വീണ്ടും യാത്ര തുടർന്നു. പാമ്പ് സംഭവം എന്റെ മനസ്സിൽ വളരെ കുറ്റബോധം ഉണ്ടാക്കി. കാട്ടിലേക്കുള്ള യാത്രകളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് ഇത്. കാട്ടിൽ വെച്ച് ഷൂസ്  ,ബാഗ്, വസ്ത്രങ്ങൾ എന്നിവ അഴിച്ചു വെക്കേണ്ട അവരം ഉണ്ടാകുകയാണെങ്കിൽ , തിരിച്ചു വന്നു അത് കൈ കൊണ്ട് എടുക്കന്നതിനു മുൻപ് ഒരു വടി കൊണ്ടോ മറ്റോ തട്ടി നോക്കി ഇഴ ജന്തുക്കൾ ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കണം എന്ന കാട്ടു യാത്രകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അറിയാമായിരുന്നിട്ടും ഞാൻ അവരോടു പറഞ്ഞില്ല എന്നതാണ് എന്നിൽ വിഷമം ഉണ്ടാക്കിയത്. അതെ പോലെ തന്നെ പ്രധാനമാണ് കാട്ടിലൂടെ ഉള്ള കൂട്ടം ചേർന്നുള്ള നടപ്പ്. വരി വരി ആയി ആണ് സാധാരണ  നടക്കുക  എങ്കിലും ഒരു നിശ്ചിത അകലത്തിൽ വേണം എപ്പോഴും കാട്ടിലൂടെ നടക്കാൻ. മുൻപേ നടക്കുന്ന ആൾ വകഞ്ഞു മാറ്റി വിടുന്ന മരച്ചില്ലകളോ, കമ്പുകളോ പുറകിൽ നടക്കുന്ന ആളുടെ ശരീരത്തിൽ കൊണ്ട് മുറിവേൽക്കുന്നത് പല തവണ കണ്ടിട്ടുണ്ട്. ഇനി ഒരിക്കലും ഇത് ആവർത്തിക്കാതിരിക്കാൻ  രണ്ടു കാര്യങ്ങളും അവരോടു പറഞ്ഞു കൊടുത്തു യാത്ര വീണ്ടും തുടർന്നു .കാട്ടിൽ സാധാരണ കാണാറുള്ള അട്ടകൾ അവിടെ ഉണ്ടായിരുന്നില്ല എന്നത് കൊണ്ട്  യാത്ര ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു. പക്ഷെ എത്ര ശ്രദ്ധിച്ചു നടന്നിട്ടും വഴിയിലെ മുള്ളുകളും മറ്റും കൊണ്ട് പോറി പലരുടെയും കൈകളും കാലുകളുമൊക്കെ മുറിഞ്ഞിരുന്നു. ആരും അതൊന്നും കാര്യ മാക്കിയില്ല .ഒടുവിൽ നടന്നു നടന്നു ഞങ്ങൾ അവസാനം വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്ത്‌ എത്തിച്ചേർന്നു. അവിടെ പ്രകൃതി ഒരുക്കിയ ഒരു ചെറിയ "സ്വിമ്മിംഗ് പൂൾ" ആണ് ആദ്യം കാഴ്ചയിൽ പെട്ടത് . മുകളിൽ നിന്നും ഒലിച്ചു വരുന്ന വെള്ളം  ഈ കുളത്തിൽ വീണു അതിലൂടെ ആണ് വെള്ളച്ചാട്ടം ഉണ്ടാകുന്നത്. കുളത്തിൽ നിന്നും പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് വളരെ കുറവായാതിനാൽ താഴെ കാര്യമായ വെള്ളച്ചാട്ടം ഉണ്ടാകില്ല എന്ന് ബോധ്യമായി.കുറെ സമയം മുകൾഭാഗത്ത്‌ ചിലവഴിച്ച ശേഷം ക്ഷീണം എല്ലാം മാറ്റി ഞങ്ങൾ താഴത്തെ വെള്ളച്ചാട്ടം കാണാൻ ഇറങ്ങി. ഇത്രയും നേരം  നടന്നു വന്ന വഴിയില്ലാത്ത കാടിനേക്കാൾ ഭീകരം  ആയിരുന്നു താഴേക്കുള്ള യാത്ര. മുകളിലേക്ക് ഉയർന്നു നില്കുന്ന മരങ്ങളോ മുൾചെടികളോ അവിടെ ഇല്ലായിരുന്നു. പക്ഷെ താഴെ നിറയെ വലിയ കനത്തിലുള്ള പേരറിയാത്ത വള്ളികളും അതിന്റെ ഇലകളും പടർന്നു കിടക്കുകയായിരുന്നു. വെട്ടിക്കളയാൻ പറ്റാത്ത വണ്ണം നിറഞ്ഞു പരന്നു കിടക്കുന്ന അതിന്റെ ഇടയിലൂടെ കാൽ വെച്ച് വേണം നടന്നു പോകാൻ.  അടുത്ത കാലത്തൊന്നും ഒരാൾ  പോലും അതിലൂടെ കടന്നു പോയതിന്റെ അടയാളം അവിടെ ഒന്നും കണ്ടില്ല .ഇതിന്റെ ഇടയിൽ ഇഴ ജന്തുക്കൾ ഉറപ്പായും കിടക്കുന്നുണ്ടാകും. ഒപ്പം ഉള്ള സ്ത്രീകൾ എല്ലാവരും ചെരിപ്പുകൾ ആണ് ധരിച്ചിരിക്കുന്നത്‌. കാലിൽ പോറിയത് പാമ്പാണോ മുള്ളാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയില്ല. എന്തും വരട്ടെ എന്നും വിചാരിച്ചു ചേട്ടന്റെ പുറകെ വരി വരി ആയി താഴേക്കിറങ്ങി.മൂന്നു തട്ടുകളിലായി ആണ് ഈ വെള്ളച്ചാട്ടം കിടക്കുന്നത്. ഒന്നും രണ്ടും തട്ടുകളിലേക്ക് നമ്മുക്ക് ഇറങ്ങി ചെല്ലാം, മൂന്നാമത്തെ തട്ട് ഒട്ടും ഇറങ്ങി ചെല്ലാൻ പറ്റാത്ത അവസ്ഥയിലുള്ള ഒരു കാട് പിടിച്ച ഗർത്തമാണ്. മഴക്കാലത്ത്‌ ഈ വെള്ള ചാട്ടങ്ങളുടെ അടുത്തേക്ക് പോലും എത്തി ചേരാൻ പറ്റില്ല.  വെള്ളം കുറഞ്ഞാൽ കാണാൻ ഒട്ടും ഭംഗി ഉണ്ടാകുകയും ഇല്ല. ഉള്ള വെള്ളച്ചാട്ടത്തിന്റെ നേരെ മുൻപിൽ നിന്ന് ഒരു ഫോട്ടോ എടുക്കാൻ പോലും പറ്റാത്ത തരത്തിൽ ആണ് അവിടത്തെ ഭൂപ്രകൃതി .മനുഷ്യർക്ക്  ആസ്വദിക്കാൻ പിടി തരാതെ പ്രകൃതി ദേവി ഈ സൌന്ദര്യം മുഴുവൻ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് എന്ന് അവിടെ നിന്നപ്പോൾ തോന്നിപ്പോയി.പ്രതീക്ഷിച്ചത് പോലെ തന്നെ വെള്ളച്ചാട്ടത്തിൽ വെള്ളം വളരെ കുറവായിരുന്നു. ഒരു വലിയ വെള്ളച്ചാട്ടം തന്നെ ആയിരുന്നു അത് എന്ന് അവിടത്തെ പാറകൾ കണ്ടാൽ അറിയാം. പക്ഷെ ഇപ്പോൾ ഒരു ഭാഗത്ത്‌ കൂടി മാത്രമേ വെള്ളം വീഴുന്നുള്ളൂ. ഏറ്റവും മുകളിൽ നിന്നും വെള്ളം ചാടിവന്നു പാറകളിൽ തട്ടി ചിതറിതെറിച്ചു പോകുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. വെള്ളം വീണു പൂപ്പൽ പിടിച്ചു പച്ച നിറത്തിൽ ആയിരുന്നു പാറകൾ എല്ലാം. . ബാഗുകൾ എല്ലാം  കുറച്ചകലെ ഒരു പാറപ്പുറത്ത് വെച്ച് എല്ലാവരും കുളിക്കാൻ ഇറങ്ങി. നല്ല തണുത്ത വെള്ളം. മുകളിൽ നിന്നും വീഴുമ്പോൾ ആരോ മസ്സാജ് ചെയ്യുന്നത് പോലെ തോന്നി. കണ്ണുകളടച്ചു കുറെ സമയം ആ സുഖത്തിൽ മുഴുകി നിന്നു . അത്രയും സമയം നടന്നു വന്ന ക്ഷീണവും, ചെറിയ മുറിവുകളുടെ നീറ്റലും  വിയർപ്പും എല്ലാം ആ വെള്ളത്തിൽ കഴുകിക്കളഞ്ഞു. ഞാനൊഴികെ എല്ലാവരുടെയും ആദ്യത്തെ അനുഭവം ആയിരുന്നു കൊടുംകാട്ടിലെ തണുത്ത വെള്ളത്തിലെ പ്രകൃതിയുടെ "ഷവറിലെ" ഈ കുളി. ആണ്‍ - പെണ്‍ വ്യതാസം ഇല്ലാതെ എല്ലാവരും ഒരുമിച്ചു നിന്നു  ആ അനുഭവം ശരിക്കും ആസ്വദിച്ചറിഞ്ഞു.കുറെ നേരം കഴിഞ്ഞപ്പോൾ അവിടത്തെ കുളി മതിയാക്കി അതെ വസ്ത്രത്തോടെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിലേക്ക് പുറപ്പെട്ടു.നേരെ താഴേക്ക്‌ ഇറങ്ങി രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ എത്താൻ വഴിയൊന്നും ഇല്ല .ആദ്യം ഇറങ്ങി വന്ന വഴിയെക്കാൾ കൂടുതൽ ദൂരം അതിനേക്കാൾ വലിയ വള്ളിപടർപ്പുകൾ കടന്നു, കുറെ ദൂരം ചുറ്റി വളഞ്ഞു വേണം വേണം അവിടെ എത്താൻ. അതും ഒരു കണക്കിന് നടന്നു തീർത്തു . പല കാടുകളിൽ നടന്നിട്ടുണ്ട് എങ്കിലും നിലത്തു വീണു കിടക്കുന്ന കാട്ടു വള്ളികളുടെയും ഇലകളുടെയും  ഇടയിൽ എവിടെയാണ് കാലു വെക്കുന്നത് എന്നറിയാതെ ഈ ജീവനെ  വെറും ഭാഗ്യത്തിന് വിട്ടു കൊടുത്തു നടക്കുന്നത് ആദ്യമായിട്ടായിരുന്നു.രണ്ടാമത്തെ വെള്ളച്ചാട്ടം ആദ്യത്തെതിനേക്കാൾ നാലിരട്ടി വിസ്തൃതി ഉള്ളതായിരുന്നു. ഒരു ഭാഗത്ത്‌ മാത്രമേ അവിടെയും വെള്ളം ഉണ്ടായിരുന്നുള്ളൂ. പക്ഷെ വെള്ളം എപ്പോഴും  വീണു പച്ചനിറത്തിലുള്ള പൂപ്പൽ പിടിച്ച വലിയ പാറകൾ, അവക്കിടയിലൂടെ വളര്ന്നു വന്ന മരങ്ങളുടെ വേരുകൾ എല്ലാം ചേർന്ന ഒരു പ്രത്യേക കാഴ്ച ആയിരുന്നു അവിടെ. അടുത്ത തവണ മഴക്കാലത്ത് ഇവിടെ വരണം. എന്ത് തന്നെ സംഭവിച്ചാലും ഈ മനോഹര കാഴ്ച പൂർണമായും ക്യാമറയിലും, മനസിലും ഒപ്പിഎടുക്കണം. മനസ്സിൽ അങ്ങിനെ തീരുമാനിച്ചുറപ്പിച്ചു.അരുണും സജിയും വലിയ പാറകളിൽ വലിഞ്ഞു കയറിയും, വെള്ളച്ചാട്ടത്തിന്റെ അടിയിലെ പാറകളിൽ മലർന്നും കമിഴ്ന്നും കിടന്നു കാട്ടിലെ കുളിയും ആ പ്രദേശത്തിന്റെ ഭംഗിയും  ശരിക്കും ആസ്വദിക്കുണ്ടായിരുന്നു. ഒരു പാട് സമയം എടുത്ത് രണ്ടു സ്ഥലത്തെയും കുളികൾ കഴിഞ്ഞു ഒരു പാറപ്പുറത്തിരുന്നു എല്ലാവരും ഭക്ഷണം കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നു. ഹോട്ടലിലെ വെറും വെജിറ്റെറിയൻ ഭക്ഷണം ആയിട്ട് പോലും എല്ലാവരും നല്ല ആർത്തിയോടെ കഴിച്ചു, ബാക്കി വന്നതും  ഭക്ഷണം കഴിച്ച പേപ്പർ   പാത്രങ്ങളും എല്ലാം ഒരു കവറിൽ ആക്കി ബാഗിൽ തന്നെ എടുത്തു വെച്ചു. ഈ മനോഹര സ്ഥലത്ത് ഞങ്ങളുടെതായി കുറച്ചു കാൽപാടുകൾ മാത്രമേ അവശേഷിക്കാവൂ എന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു.വന്ന വഴിയിലൂടെ ആയിരുന്നില്ല ഞങ്ങളുടെ മടക്ക യാത്ര. വഴികാട്ടി ചേട്ടനോട് കാരണം തിരക്കി. നമ്മൾ വന്ന വഴിയിൽ ആനകൾ ഉണ്ടായിരുന്നു എന്നും നേരിട്ട് കണ്ടില്ല എങ്കിലും വളരെ അടുത്തുള്ള പോലെ ഉള്ള മണം കിട്ടിയെന്നും പാമ്പിനെ കണ്ടു പേടിച്ച നിങ്ങളോട് ഇത് കൂടി പറയണ്ട എന്ന് വിചാരിച്ചാണ് പറയാതിരുന്നതെന്നും ചേട്ടൻ എന്നോട് മാത്രമായി പറഞ്ഞു. പലയിടത്തും ആന പിണ്ടങ്ങൾ കണ്ടിരുന്നു എങ്കിലും ഇത്ര അടുത്ത് കൂടി ആണ് കടന്നു വന്നത് എന്നെനിക്കറിയില്ലായിരുന്നു.ഒരു സ്ഥലത്ത് വെച്ച് ആന മൂത്രത്തിന്റെ രൂക്ഷഗന്ധം അൽപ സമയം അനുഭവപ്പെട്ടത് മനസ്സിൽ ഓർമ്മ വന്നു. ചിലപ്പോൾ ആ ഭാഗത്തായിരിക്കും ആന നിന്നിട്ടുണ്ടാകുക . ഉത്തരയെ ആന പിണ്ഡത്തിന്റെ അടുത്ത് നിർത്തി  പല തവണ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.
ഈ യാത്രയിൽ എന്നെ അമ്പരപ്പിച്ചത്  ഒമ്പത് വയസ്സുകാരിയായ ഉത്തരയാണ്. ഒരു പരാതിയും പറയാതെ , കാര്യമായി ഒന്നും സംസാരിക്കാതെ, കാടിനെ തികച്ചും ആസ്വദിച്ചു കൊണ്ടായിരുന്നു നടപ്പ്. മുള്ളുകൾ കൊണ്ട് പലയിടത്തും മുറിഞ്ഞെങ്കിലും അത് പോലും കാര്യം ആകാതെ ഉള്ള നടപ്പ് ഒരു പാട് ഇഷ്ടമായി .വീട്ടിൽ സ്വന്തം ആയി കാടുള്ളത് കൊണ്ടാകും കാടിനോടുള്ള ഈ പരിചിത ഭാവം എന്ന് തോന്നി.ആന പിണ്ടങ്ങൾ ഒരു പാട് കണ്ടെങ്കിലും വഴിയില്ലാത്ത , വഴിയറിയാത്ത ഈ കാട്ടിൽ വെച്ച് ആനയെ ഒരിക്കലും കണ്ടു മുട്ടരുതേ എന്ന ആഗ്രഹത്തോടെ നടന്നു ഞങ്ങൾ സുരക്ഷിതരായി രാവിലെ നടന്നു കയറിയ അരുവിയുടെ അടുത്ത് എത്തി ചേർന്നു. ഇനി റോഡിലേക്ക് കുറച്ചു ദൂരം മാത്രം. കുറെ പേടിച്ചെങ്കിലും ആർക്കും കാട് വിട്ടു നാട്ടിലേക്ക് കയറാൻ താല്പര്യം ഉണ്ടായിരുന്നില്ല. ആദ്യത്തെ യാത്രയിൽ തന്നെ അരുണും,സജിയും ,ദിവ്യയും, മീനയുമെല്ലാം കാടിനെ അത്രയേറെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.വഴികാട്ടി ചേട്ടന് പണവും കൊടുത്തു വീട്ടിൽ കൊണ്ട് വിട്ടു തിരികെ വരാം എന്നും പറഞ്ഞു സജിയും അരുണും യാത്രയായി. ഞാൻ മറ്റുള്ളവരെയും കൊണ്ട് അരുവിയിലേക്ക് ഇറങ്ങി നാട്ടിൻപുറത്തെ പുഴകളിലും തോടുകളിലും സൗജന്യമായി കിട്ടുന്ന "ഫിഷ്‌ സ്പാ" അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. ആ അരുവിയിൽ നിറയെ പരൽ മീനുകൾ ആയിരുന്നു. കാല് വെറുതെ വെച്ച് കൊടുത്താൽ മതി. നിമിഷങ്ങൾ കൊണ്ട് നമ്മുടെ കാലിനെ ആ മീനുകൾ വൃത്തിയാക്കിത്തരും.എറണാകുളത്തെ ഒബെരോണ്‍ മാള്ളിൽ നാനൂറു രൂപയാണ് ഒരു തവണ ഫിഷ്‌  സ്പാ ചെയ്യാൻ എന്ന് മീനക്കും ദിവ്യക്കും അറിയാമായിരുന്നു. അത് കൊണ്ട് തന്നെ സൌജന്യം ആയി കിട്ടുന്ന ഫിഷ്‌ സ്പാ എല്ലാവരും ശരിക്കും മുതലാക്കി
.


ഏകദേശം ഒരു മണിക്കൂർ അവിടെ സംസാരിച്ചും ഫിഷ്‌ സ്പാ ചെയ്തും സമയം ചിലവഴിച്ചു അവസാനം ഞങ്ങൾ മനസ്സില്ലാ മനസ്സോടെ ആ സുന്ദര ലോകത്തോട്‌ വിട പറഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം..പുതിയ സൌഹൃദങ്ങൾ തന്ന ഒരു ദിവസം. അടുത്ത് തന്നെ മറ്റൊരു യാത്രയിൽ വീണ്ടും കണ്ടുമുട്ടാം എന്നും പറഞ്ഞു പരസ്പരം കൈകൾ കൊടുത്തു ഈ മനോഹരം ആയ യാത്ര അവസാനിപ്പിച്ചു.====================================================================

41 comments:

 1. കേരളത്തില്‍ ജൂണ്‍ മുതല്‍ കഷ്ടി ഡിസംബര്‍ വരെയേ വെള്ളച്ചാട്ടങ്ങളില്‍ വെള്ളമുണ്ടാകാറുള്ളൂ.അപ്പോഴുള്ള വന്യമായ സൌന്ദര്യം ക്രമേണ നഷ്ടമാകുന്നു.

  ReplyDelete
  Replies
  1. കേരളത്തിലെ കാടുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന പല വെള്ളചാട്ടങ്ങളിലേക്കും മഴക്കാലത്ത് പോകാൻ കഴിയില്ല. മഴ മാറി പോകാം എന്ന് വിചാരിച്ചാൽ അപ്പോഴേക്കും വെള്ളം വറ്റി പോകുകയും ചെയ്യും.

   Delete
 2. thank u , nice travlogue, good information

  ReplyDelete
 3. Nannaayittundu Madhu Chettaa.. Aashamsakal...

  ReplyDelete
  Replies
  1. ഈ യാത്രയുടെ മുഴുവൻ ക്രെഡിറ്റും ജിത്തുവിനാണ് ...ലാസർ ചേട്ടനെ പരിചയപ്പെടുത്തിതന്നില്ലായിരുന്നെകിൽ ഈ യാത്ര നടക്കുമായിരുന്നില്ല . നന്ദി...

   Delete
 4. Thank you Madhu.Good narration.Take care

  ReplyDelete
 5. എന്താ നീ എന്നെ കൊണ്ടുപോകാത്തത്?

  ReplyDelete
  Replies
  1. ഇനി മുതൽ എല്ലാ യാത്രകളും അറിയിക്കാം...നന്ദി ..ബ്ലോഗിൽ കടന്നു വന്നതിന് ....

   Delete
 6. വിശദമായ എഴുത്ത്...അത്ഭുതപ്പെടുത്തിയത് ഒരു നിയോഗം പോലെ കാട്ടിൽ വെച്ച് കണ്ട കൂട്ടുകാരുടെ കാര്യമാണ്...

  ആശംസകൾ മധു :)

  ReplyDelete
  Replies
  1. mubi

   നന്ദി ...മരോട്ടിച്ചാൽ കാട്ടിൽ വെച്ചാണ് എനിക്ക് ആ കൂട്ടുകാരെ കിട്ടിയത് ..അതെ പോലെ ഒരു പാമ്പിനെ ഞാൻ ചവിട്ടിയതും ആ കാട്ടിൽ വെച്ചാണ്.. അന്ന് ആ പാമ്പ് എന്നെ കടിക്കാതെ വിട്ടു എന്ന കാര്യം എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അങ്ങിനെ ഒരു പാട് ഓർമ്മകൾ തന്ന കാടാണ് മരോട്ടിച്ചാൽ...

   Delete
 7. നിങ്ങളവിടെ കൊടും കാട്ടില്‍
  ഞങ്ങളിവിടെ കോണ്ക്രീറ്റ് കാട്ടില്‍

  ReplyDelete
  Replies
  1. അസൂയ വേണ്ട ..ഞങ്ങളും ഇവിടെ കോണ്ക്രീറ്റ് കാട്ടിൽ തന്നെ ആണ് ജീവിക്കുന്നത് .........മാസത്തിൽ ഒരിക്കൽ കാട്ടിൽ പോകുന്ന ദിവസം മാത്രമാണ് ആകെ ഒന്ന് ജീവിക്കുന്നത്, മനസ്സ് തുറന്നു ചിരിക്കുന്നത് , ശുദ്ധവായു ശ്വസിക്കുന്നത് എന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ ?.

   Delete
 8. Dear Enneyum koodi vilikamaayirunnu... :)

  ReplyDelete
 9. വളരെ നല്ല വിവരണം

  ReplyDelete
 10. വളരെ നല്ല വിവരണം

  ReplyDelete
 11. Prakrithi pole thane ee vivaranavum athimanoharam...

  ReplyDelete
 12. Nice Travelogue
  Forest permission kittan entha cheyyendathu ?
  Vazhikaattiyaya chettane parijayapedan entha vazhi?

  ReplyDelete
 13. ആർക്കും ആസ്വദിക്കാവുന്ന രീതിയിൽ യാത്ര അനുഭവിപ്പിക്കുന്ന രീതിയിൽ എഴുതിയ പോസ്റ്റ്‌.ഒരു കാടൻ യാത്ര നടത്തിയാലെന്നാന്ന് തോന്നിപ്പോകുന്നു.

  ReplyDelete
 14. Hey there, You’ve done a fantastic job. I will certainly digg it and personally
  suggest to my friends.
  https://www.motherdayquotesi.com

  ReplyDelete
 15. nch-switch-sound-crack can be an equally outstanding and productive music converter together with all aid for quite a wide assortment of music formats. It may operate using either Microsoft Windows in addition to the Mac running platform and is very flexible.
  new crack

  ReplyDelete
 16. This article is so innovative and well constructed I got lot of information from this post. Keep writing related to the topics on your site. Wondershare Filmora Crack

  ReplyDelete
 17. https://newcrackkey.com/easeus-todo-backup-crack/
  Easeus todo backup 13.5 crack: it is actually a superior programming that a have ,numerous assortment of reinforcement and data for each goal.

  ReplyDelete