Sunday, September 30, 2012

കോവിലൂര്‍


കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല അതെന്നും ആ ഗ്രാമ്യ ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന സൌഹൃദങ്ങള്‍ ആണ് ഈ യാത്രക്ക് വേണ്ടത് എന്ന തിരിച്ചറിവും മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ ഈ യാത്ര നടപ്പിലാക്കാന്‍ വര്‍ഷങ്ങള്‍ എടുത്തു എന്നതാണ് സത്യം.



ഒരു ഒഴിവു ദിവസം പുലര്‍ച്ചെ തന്നെ എറണാകുളത്തു നിന്നും കോവിലൂരിലേക്ക് യാത്ര പുറപ്പെട്ടു. ഒപ്പം മൂന്നു കൂട്ടുകാരും.ഹിമാലയന്‍ യാത്രകള്‍ അടക്കം ഭാരതത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും യാത്രകള്‍ നടത്തിയിട്ടുള്ള  രാജു ചേട്ടനും , പത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തിലെ ഓരോ മുക്കും മൂലയും സന്ദര്‍ശിച്ചിട്ടുള്ള ശരത്തും, ഫോട്ടോ ഗ്രാഫിയും യാത്രകളും ജീവിതമായി കൊണ്ട് നടക്കുന്ന, കല്യാണം കഴിച്ചാല്‍ ഇങ്ങനെ യാത്ര ചെയ്യാന്‍ കഴിയാതെ വരുമോ എന്നാ ഭയത്താല്‍ വിവാഹം നീട്ടി കൊണ്ട് പോകുന്ന ബിസിനസ്സുകാരനായ  ശ്രീകാന്തും ആയിരുന്നു ഈ യാത്രയിലെ എന്റെ കൂട്ടുകാര്‍ . ജോലിയുടെ തിരക്കുകള്‍ക്കിടയില്‍ ,യാത്രകള്‍ ഒരു പാട് ഇഷ്ടപ്പെടുന്ന കൂട്ടുകാരോടൊത്ത് ഒരു ദിവസം ചിലവഴിക്കാന്‍ കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമായി തോന്നി.



എറണാകുളത്തു നിന്നും ഏകദേശം നൂറ്റി ഇരുപതു കിലോമീറ്റര്‍ അകലത്തില്‍ ആണ് മൂന്നാര്‍ സ്ഥിതി ചെയ്യുന്നത് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഈ ഹില്‍ സ്റ്റേഷന്‍ ഇപ്പോള്‍ സഞ്ചാരികളുടെ ആധിക്യം കൊണ്ട് വീര്‍പ്പു മുട്ടുകയാണ്. എത്ര കണ്ടാലും മതി വരാത്ത തേയിലത്തോട്ടങ്ങളും, തണുപ്പും എല്ലാം  ഓരോ യാത്രയിലും  പുതുമയേറിയ അനുഭവങ്ങളാണ് സമ്മാനിക്കാരുള്ളത്.



എറണാകുളത്തു നിന്നും ആലുവ - പെരുമ്പാവൂര്‍ - കോതമംഗലം - അടിമാലി വഴി മൂന്നാറില്‍ എത്തി ചേര്‍ന്നു. മനസ്സിലെ ലക്‌ഷ്യം കോവിലൂര്‍ ആയതിനാല്‍ മുന്നാറില്‍ ഇറങ്ങാന്‍ ആര്‍ക്കും  താല്പര്യം ഉണ്ടായിരുന്നില്ല . വീണ്ടും യാത്ര തുടര്‍ന്നു. അടുത്ത ലക്‌ഷ്യം മുപ്പത്തി അഞ്ചു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന മുന്നാറിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ  ടോപ്‌ സ്റ്റേഷന്‍  ആയിരുന്നു. (ടോപ്‌ സ്റ്റേഷന്‍ എത്തുന്നത്‌ വരെ ഉള്ള റോഡുകള്‍ കേരളത്തിന്റെ സ്വന്തം ആണെങ്കിലും ആ സ്ഥലവും അതിന്റെ തൊട്ടടുത്ത റോഡുകളും തമിഴ് നാട്ടില്‍ പെട്ടതാണ് ).



മിക്കവാറും സമയങ്ങളില്‍ മഞ്ഞു മൂടി കിടക്കുന്ന ടോപ്‌ സ്റ്റേഷന്‍ പ്രകൃതിയുടെ മനോഹര കാഴ്ചകള്‍ ഒരുക്കി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഏകദേശം ആയിരത്തി എഴുനൂറു അടി ഉയരത്തില്‍ നില കൊള്ളുന്ന ഈ പ്രദേശത്ത്  ആളുകളെ പരസ്പരം തിരിച്ചറിയാന്‍ പോലും ആകാത്ത വിധത്തില്‍ പലപ്പോഴും കോട മഞ്ഞു വന്നു  നിറയാറുണ്ട്  . ഒരു മലയുടെ മുകളിലൂടെ  കുറെ ദൂരം നടന്ന്, പിന്നെ ചവിട്ടു പടികളിലൂടെ അല്പം സാഹസികമായി താഴേക്ക്‌ നടന്നു പല പല  വ്യൂ പോയന്റുകളില്‍  എത്തി അവിടെ നിന്ന്  മലനിരകളുടെ, അഗാധമായ കൊക്കകളുടെ എല്ലാം സൌദര്യം ആസ്വദിക്കാനാണ്  ഇവിടെ സഞ്ചാരികള്‍ വരുന്നത് . ഒരു ഹില്‍ സ്റ്റേഷന്‍ എന്താണ് എന്നും അവിടത്തെ കോടമഞ്ഞും, തണുപ്പും എന്താണ് എന്നും അനുഭവിച്ചറിയാന്‍ ഏറ്റവും നല്ല ഒരു സ്ഥലമാണ്‌ ഈ ടോപ്‌ സ്റ്റേഷന്‍ . ടോപ്‌ സ്റെഷനില്‍ മനോഹരമായ കുറെ നിമിഷങ്ങള്‍ ചിലവഴിച്ച ശേഷം ഒരു ചെറിയ ചായക്കടയില്‍ നിന്നും ഭക്ഷണവും കഴിച്ചു  ഞങ്ങള്‍ കൊവിലൂരിലേക്ക് തിരിച്ചു . ഞങ്ങളുടെ ഈ യാത്രയിലെ അവസാനത്തെ ലക്ഷ്യ സ്ഥാനത്തേക്ക് ....



കേരളത്തിലെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക്‌ ആയ പാമ്പാടും ഷോല (Smallest wild life sanctuary in Kerala) യുടെ ഉള്ളിലൂടെയുള്ള റോഡിലൂടെ ഒരു ചെക്ക്‌ പോസ്റ്റും താണ്ടിയാണ് കോവിലൂരില്‍ എത്തിയത് . അധികം ആരും ടൂര്‍ വരാത്ത ഒരു സ്ഥലമായത് കൊണ്ടാകണം എങ്ങോട്ടാണ് എന്നാ ചോദ്യം ചെക്ക്‌ പോസ്റ്റിലെ വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായി. ഒരു സ്ഥലം നോക്കാന്‍ കൊവിലൂര്‍ വരെ പോകുകയാണ് എന്നാ മറുപടിയില്‍ അവര്‍ തൃപ്തിയടയുകയും ചെയ്തു.




ഇടുക്കി ജില്ലയിലെ വട്ടവട എന്ന പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ ഈ കോവിലൂര്‍. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശവും കോവിലൂര്‍ ആണ് . കൊവിലൂരിലെ പ്രധാനപ്പെട്ട  ടൌണിലേക്ക് എത്തിച്ചേരുമ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് ഒരു തമിഴ്‌നാടന്‍ ശൈലിയില്‍ ഉള്ള ചെറിയ അമ്പലം ആയിരുന്നു .  തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പാട് ചെറിയ ചെറിയ അമ്പലങ്ങള്‍ ഉള്ള നാടായതു കൊണ്ടാണ് ഈ നാടിനു കോവിലൂര്‍ എന്ന പേര്‍ വന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് (തമിഴില്‍ കോവില്‍ =അമ്പലം, ഊര്  =നാട് ).



പച്ചക്കറികളുടെ വിളവെടുപ്പ് സീസന്‍ കഴിഞ്ഞതിനാല്‍ കോവിലൂര്‍ ടൌണില്‍ ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല. വണ്ടി ഒരിടത്ത് പാര്‍ക്ക് ചെയ്തു വെറുതെ ആ വഴികളിലൂടെ നടന്നു. വളരെ ചെറിയ ഒരു ടൌണ്‍.  കുറച്ചു ചെറിയ കടകള്‍ . രണ്ടു അമ്പലം. നാഗരികതയുടെ സൌകര്യങ്ങള്‍ അധികമൊന്നും എത്തി ചേര്‍ന്നിട്ടില്ലാത്ത ഈ കൊവിലൂരും പരിസങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് ഏറ്റവും അധികം പച്ചക്കറികള്‍ കയറ്റി പോകുന്നത് എന്ന് വിശ്വസിക്കാന്‍ പറ്റിയില്ല. ഇംഗ്ലീഷ് പച്ചക്കറികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കാരറ്റ് , ബീന്‍സ് , ക്യാബേജ്  തുടങ്ങിയവയും പിന്നെ വെളുത്തുള്ളി , ചില പ്രത്യേകതരം സൂചി ഗോതമ്പും  അങ്ങിനെ പല തരം വിളകളുടെ കേരളത്തിലെ ഏറ്റവും വലിയ കലവറയാണ്   കണ്ടാല്‍ കുഗ്രമാമെന്നു തോന്നിപ്പിക്കുന്ന ഈ കോവിലൂര്‍ .


കോവിലൂര്‍ ടൌണ്‍ ഇവിടെ തുടങ്ങുന്നു ...

കുറച്ചു നേരത്തെ അവിടത്തെ കടകളും ആളുകളെയും എല്ലാം കണ്ടു വെറുതെ അവിടെയെല്ലാം നടന്നു. ക്യാരറ്റും കാബ്ബജുമെല്ലാം കൃഷി ചെയ്യുന്ന സ്ഥലം കാണണം എന്ന് ആഗ്രഹം ഉണ്ട് പോകാനുള്ള വഴി പറഞ്ഞു തരാമോ എന്ന് ഒരാളോട് ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു കൊണ്ട് " ഇവിടെ ഏതു വഴിയെ പോയാലും അത് മാത്രമേ കാണാന്‍ പറ്റൂ. കൃഷികള്‍ അല്ലാതെ ഇവിടെ ഒന്നും കാണാന്‍ ഇല്ല. ഈ തട്ട് തട്ടായി കാണുന്നതെല്ലാം  കൃഷി സ്ഥലങ്ങള്‍ ആണ് . പോയി കണ്ടോളൂ . ആരും ഒന്നും പറയില്ല " എന്ന മറുപടി തന്നു. 


കോവിലൂര്‍ ടൌണ്‍ 

അയാള്‍ കാണിച്ചു തന്ന ഒരു വഴിയിലൂടെ താഴേക്കു നടന്നു. മനോഹരമായ  ഒരു വലിയ മലയുടെ അടിവാരത്തില്‍ ആണ് എത്തിയത് . വഴിയിലെല്ലാം തട്ട് തട്ടായി തിരിച്ചു പല കൃഷികള്‍ ചെയ്തിരിക്കുന്നത് കണ്ടു . ക്യാരറ്റും കാബ്ബജും, ബീറ്റ് റൂട്ടും  മാത്രമേ സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞുള്ളു. വെളുത്തുള്ളി ചെടി  ഏതാണ് എന്ന് തിരിച്ചറിയാന്‍ ഒരു ശ്രമം നടത്തി. കൃഷിയിലെ പരിമിതമായ അറിവ് മൂലം അതില്‍ പരാജയപ്പെടുകയും ചെയ്തു . ഓണം എന്ന ഏറ്റവും പ്രധാനപ്പെട്ട സീസണ്‍ കഴിഞ്ഞതിനാല്‍ പല കൃഷികളും രണ്ടാമതും വളര്‍ന്നു വരുന്നതെ ഉണ്ടായിരുന്നുള്ളൂ. കാബ്ബാജു മാത്രം പലയിടത്തും നല്ല വലിപ്പത്തില്‍ ഒടിച്ചെടുക്കാന്‍  പാകമായ തരത്തില്‍ നില്‍ക്കുന്നത് കണ്ടു . പല കൃഷിയിടങ്ങളിലും ഒറ്റമുറി മാത്രം ഉള്ള ചെറിയ കുടിലുകള്‍ കണ്ടു. ആളുകള്‍ക്ക്  നീണ്ടു നിവര്‍ന്നു കിടക്കാന്‍ പോലും വലിപ്പമില്ലാത്ത ആ ഒറ്റ മുറികളില്‍ ആളുകള്‍ താമസിക്കുണ്ടായിരുന്നു.  അവരില്‍ പലരും ഞങ്ങള്‍ കടന്നു പോകുമ്പോള്‍ തുറിച്ചു നോക്കുന്നുണ്ടായിരുന്നു . 




കൂട്ടുകാരോടൊത്ത് അപരിചിതമായ ആ നാട്ടുവഴികളിലൂടെ  ശുദ്ധവായുവും മനോഹര കാഴ്ചകളും കണ്ടു കുറെ ദൂരം നടന്നു . അവിടത്തെ ഏറ്റവും രസകരമായ കാഴ്ചയായി തോന്നിയത് കോവര്‍ കഴുതകള്‍ ആണ് . വാഹന സൌകര്യം കുറവായ അവിടെ ചുമട്  കൊണ്ട് പോകാനും മറ്റും ഇപ്പോഴും ഉപയോഗിക്കുന്നത്  ഈ കോവര്‍ കഴുതകളെ ആണ് . ശരീരത്തിന്റെ ഇരുവശത്തും ചുമടും തൂക്കി  വരുന്ന ഒരു കോവര്‍ കഴുതയുടെയും  മുകളില്‍ ഇരിക്കുന്ന ഒരാളുടെയും മനോഹര ചിത്രം സുഹൃത്ത്   ശ്രീകാന്ത് ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. എവിടെ നോക്കിയാലും തട്ട് തട്ടാക്കി തിരിച്ച കൃഷിയിടങ്ങള്‍ മാത്രം. പണിയെടുക്കുന്ന കുറച്ചു ആളുകളും ഇടയില്‍ ഒറ്റമുറി വീടുകളും  . തികച്ചും വ്യത്യസ്തമായ ഒരു കാഴ്ച ആയിരുന്നു അത് . മനസ്സ് തേടി നടന്ന കാഴ്ചകള്‍ തന്നെ ആയിരുന്നു ഇവയെല്ലാം . ആധുനികതയുടെ സൌകര്യങ്ങള്‍ ഒട്ടും കടന്നു ചെന്നിട്ടില്ലാത്ത തനി നാടന്‍ കാഴ്ചകള്‍ ...


നടന്നു പോകുന്ന വഴിയില്‍ വെച്ച് , ഒരു വയലില്‍ പണിയെടുത്ത ശേഷം വിശ്രമിക്കാന്‍ ഇരിക്കുന്ന ഒരു ചേട്ടനെയും ചേച്ചിയെയും പരിചയപ്പെട്ടു. കോവിലൂരിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അവര്‍ പറഞ്ഞു  തന്നു. കാലാവസ്ഥയുടെ മാറ്റങ്ങളും , പണം ഉണ്ടാക്കാന്‍ വേണ്ടി അവിടെ ആളുകള്‍ ചെയ്തു കൂട്ടുന്ന പല തെറ്റായ പ്രവൃത്തികളും മൂലം ഈ നാട് നശിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അവരില്‍ നിന്നും അറിഞ്ഞു. കൂടുതല്‍ താല്പര്യം കാട്ടിയപ്പോള്‍ അവര്‍ പലതും വിശദീകരിച്ചു തന്നു.. ഒരു നാടിന്റെ, നാട്ടുകാരുടെ നൊമ്പരം നിറഞ്ഞ വാക്കുകളിലൂടെ ...



കോവിലൂരിലെ നാട്ടുവഴികളിലൂടെ കൂട്ടുകാര്‍ ....
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കോവിലൂര്‍ ഉള്‍പ്പെടുന്ന വട്ടവട  പഞ്ചായത്ത് കഞ്ചാവ് കൃഷിക്ക് വളരെ പ്രശസ്തമായിരുന്നു. നേരം ഇരുട്ടിയാല്‍ കഞ്ചാവ് കൊണ്ട് പോകാന്‍  വരുന്ന ആളുകളും വണ്ടികളും ആയിരുന്നു അവിടെയെല്ലാം.കഞ്ചാവ്  അതിന്റെ ഒപ്പം വ്യാജ മദ്യവും. എല്ലാം കൂടി ഈ നാടിനെ തകര്‍ത്തു. അതില്‍ നിന്നും ഒരു കണക്കിന് മോചനം നേടി കാര്‍ഷിക വൃത്തിയിലൂടെ നാട് നന്നായി തുടങ്ങിയപ്പോഴാണ് പുറം ലോകത്ത് നിന്നും വന്ന ആളുകള്‍  വ്യാവസായിക ആവശ്യത്തിനു മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ തുടങ്ങിയത്. യൂക്കാലിയും ഗ്രാന്റിസ് മരങ്ങളും ആയിരുന്നു പ്രധാനമായും അവിടെ വെച്ച് പിടിപ്പിച്ചത് . ഇവ വളര്‍ന്നതോടെ ആ നാട്ടിലും പരിസങ്ങളിലും ജല ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഈ മരം വളര്‍ത്തല്‍ ലാഭകരം ആയതോടെ പലരും കൃഷി ഉപേക്ഷിച്ചു തുടങ്ങി.  കൃഷി നടത്തുന്ന ആളുകളുടെ എണ്ണത്തേക്കാള്‍ കച്ചവട ലക്ഷ്യത്തോടെ  മരം വളര്‍ത്തുന്ന ആളുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണെന്നും കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ നാട്  ജലക്ഷാമം മൂലം മരുഭൂമി പോലെ ആകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .ഈ വര്‍ഷത്തെ കാലാവസ്ഥ മാറ്റം കൂടി ആകുമ്പോള്‍ അടുത്ത വിളവെടുപ്പിന്റെ കാര്യം ആകെ അവതാളത്തില്‍ ആകും എന്നും ഈ വയസ്സുകാലത്ത് കൃഷിപ്പണി അല്ലാതെ മറ്റു തൊഴിലുകള്‍ തേടി നാട് വിട്ടു പോകേണ്ടി വരുമോ  എന്ന അവരുടെ ആശങ്കയും സങ്കടവും എല്ലാം ശ്രദ്ധയോടെ ഞങ്ങള്‍ കേട്ട് നിന്നു. 

ക്യാരറ്റ് തോട്ടം 
ഇപ്പോള്‍ കൃഷി ഒട്ടും ലാഭകരം അല്ലെന്നും ഈ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വിളവിന്റെ  ലാഭം കൂടുതലും  ഇടനിലക്കാരാണ് കൊണ്ട് പോകുന്നതെന്നും അവരില്‍ നിന്നും അറിഞ്ഞു. പുറത്തു പറയാന്‍ പറ്റാത്ത വളരെ തുച്ചമായ കൂലിയാണ് ഇപ്പോഴും ഇവിടെ കൊടുക്കുന്നതെന്നും മറ്റൊരു മാര്‍ഗവും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഇവിടെ ജീവിക്കുന്നത്  എന്ന അവരുടെ വാക്കുകള്‍ മനസ്സില്‍ ഒരു നൊമ്പരം പടര്‍ത്തി. ഒറ്റമുറി വീട്ടില്‍ പ്രകൃതിയോടു മല്ലിട്ട് ജീവിതം വെട്ടിപ്പിടിക്കുന്ന അവരുടെ കഥകള്‍ അടുത്തറിഞ്ഞപ്പോള്‍ , സ്വന്തം മക്കളോട് എന്ന വണ്ണം എല്ലാം  അവര്‍ വിവരിച്ചപ്പോള്‍ മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെയായി . അവരുടെ വരുമാനത്തേക്കാള്‍ എത്രയോ ഇരട്ടി വരുമാനവും  സൌകര്യങ്ങളും ഉണ്ടായിട്ടും ഒന്നും ഇല്ല എന്നും ഇനിയും കൂടുതല്‍  വേണം എന്നും  പരാതി  പറയുന്നവര്‍ ആയിരുന്നു ഞാനടക്കം എല്ലാവരും. ഇനി ഇത്തരം പരാതികള്‍ ഒരിക്കലും പറയാതിരിക്കാന്‍ , ദൈവദാനമായി കിട്ടിയ ഈ നല്ല ജീവിതത്തെ തള്ളി പറയാതിരിക്കാന്‍ എല്ലാം ഈ യാത്രയില്‍ നിന്നും , ഈ പരിചയപ്പെടലില്‍ നിന്നും പഠിച്ചു .


കുറെ നേരത്തെ സംസാരത്തിന് ശേഷം അവരോടു യാത്രയും പറഞ്ഞു വീണ്ടും കുറെ ദൂരം കൂടി അവിടെ  അലഞ്ഞു നടന്നു . എത്ര നടന്നാലും കണ്ടു തീരാത്ത പച്ച പട്ടണിഞ്ഞു നില്‍കുന്ന ആ ഗ്രാമം മനസ്സില്‍ ആവോളം നിറച്ചു. കൃഷിയിടങ്ങളില്‍ കയറി ചിത്രങ്ങള്‍ എടുത്തും ഗ്രാമ കാഴ്ചകള്‍ കണ്ടു ഒരു ദിവസം തീരാറായി. ഇനി മടക്കയാത്ര ...

മടക്ക യാത്രയില്‍ പല സ്ഥലങ്ങളിലും വലിയ ലോറി നിറയെ യൂക്കാലി മരങ്ങള്‍ കയറ്റുന്നത് കണ്ടു.  പച്ചക്കറികളുടെ കലവറ എന്ന പേര് കൊവിലൂരിനു ഇനി എത്ര നാള്‍ കാത്തു സൂക്ഷിക്കാന്‍ ആവും ? ഇനി വീണ്ടും ഇവിടേയ്ക്ക് ഒരു യാത്ര ഉണ്ടാകുമോ  ?  മനസ്സ് വെറുതെ ചോദിച്ചു കൊണ്ടിരുന്നു...



ഇല്ല ... ഇനി ഇവിടേയ്ക്ക്  ഞങ്ങള്‍ വരില്ല ...പച്ചപ്പട്ടണിഞ്ഞ ഈ കോവിലൂരിന്റെ മനോഹര കാഴ്ചകള്‍ ആവോളം ഞങ്ങളുടെ മനസ്സില്‍ ഉണ്ടല്ലോ ? പിന്നെ എന്തിനാണ്  കുറച്ചു നാളുകള്‍ക്കുള്ളില്‍ പച്ചപ്പ്‌ നഷ്ടപ്പെട്ടു മറ്റൊരു ദുരന്തഭൂമിയാകുമെന്നു ഉറപ്പുള്ള ഇവിടേയ്ക്ക് ഞങ്ങള്‍ വരുന്നത് ?



30 comments:

 1. ഇല്ല ... ഇനി ഇവിടേയ്ക്ക് ഞങ്ങള്‍ വരില്ല ...പച്ചപ്പട്ടണിഞ്ഞ ഈ കോവിലൂരിന്റെ മനോഹര കാഴ്ചകള്‍ ആവോളം ഞങ്ങളുടെ മനസ്സില്‍ ഉണ്ടല്ലോ ? പിന്നെ എന്തിനാണ് കുറച്ചു നാളുകള്‍ക്കുള്ളില്‍ പച്ചപ്പ്‌ നഷ്ടപ്പെട്ടു മറ്റൊരു ദുരന്തഭൂമിയാകുമെന്നു ഉറപ്പുള്ള ഇവിടേയ്ക്ക് ഞങ്ങള്‍ വരുന്നത് ?

  touching words.......

  ReplyDelete
  Replies
  1. അനൂപ്‌ ..
   കോവിലൂരിലൂടെ കൊടൈക്കനാല്‍ വരെ നീളുന്ന രസകരമായ ഒരു ട്രെക്കിംഗ് റൂട്ട് ഉണ്ട് ...നമുക്ക് ഒന്ന് പോയാലോ ? മാതൃഭുമി യാത്രയില്‍ അതിനെക്കുറിച്ച്‌ വായിച്ചു ഞാന്‍ ആകെ ത്രില്‍ അടിച്ചു ഇരിക്കുകയാണ് ....മിനിമം മൂന്നു ദിവസം വേണ്ടി വരും ....

   Delete
  2. അറിയിക്കുമോ. പണ്ട് പോയ ഒരാൾ പറഞ്ഞത് കവറിങ് ബോഡിയുള്ള വാഹനമാവും നല്ലതെന്നാ(മാർഷൽ.ബൊലേരോ ലൈക്ക്) കാട്ടുപോത്തുകളും ആനയും ധാരളമുള്ള കാടാണ്. ബട്ട് ത്രില്ലിങ്.......

   Delete
 2. കോവിലൂര്‍ ഒരു മനോഹര ഗ്രാമം തന്നെ എന്നകാര്യത്തില്‍ തര്‍ക്കത്തിനില്ല. ഇനി ഇവിടെ എന്ന് പോകാന്‍ കഴിയുമെന്നാണ് ചിന്ത.ഏതായാലും മികച്ച, മിഴിവുറ്റ ചിത്രങ്ങള്‍ പകര്‍ത്തിയതിനും അത് കാണാന്‍ സൗകര്യം ഒരുക്കിയത്തിനും ഒരായിരം നന്ദി.

  ReplyDelete
 3. ഈ ജീവിതത്തില്‍ ഒരുപാട് മനോഹരമായ കാഴ്ചകള്‍ കാണാന്‍ കിടക്കുന്നു എന്ന് തോന്നുമ്പോള്‍ .അതിനു കഴിയാത്തതില്‍ ദുഃഖം...,ഇനി അതിനുള്ള പരിശ്രമം .... വീണ്ടും നന്ദി,ഈ ചിത്രങ്ങളും നേര്‍ക്കാഴ്ച്ചക്ക് തുല്യം.

  ReplyDelete
 4. മധു ഏട്ടാ

  വളരെ ഭംഗിയായി ആ കൊച്ചു ഗ്രാമത്തെ പറ്റി
  പറഞ്ഞിരിക്കുന്നു .
  എന്ത് രസമാണ് ഫോട്ടോ ഒക്കെ കാണാന്‍ ..

  ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ഇതൊക്കെ വായിക്കുമ്പോള്‍ ആ ഒരു നിമിഷമെങ്ങിലും ആ കൊച്ചു ഗ്രാമത്തില്‍ എത്തപ്പെട്ടപോലെ ..
  മധു ഏട്ടന്‍ പറഞ്ഞ പോലെ എത്ര കിട്ടിയാലും മതിവരാത്ത ഈ കാലത്ത്
  കിട്ടിയത് കൊണ്ട് ഒരു പരാതിയും ഇല്ലാതെ ജീവിക്കുന്ന അവിടുത്തെ കൃഷിക്കാരെ ഓര്‍ത്തുപോയി .

  We Always Feel That Life Of Others Is Better Than Us, But.. We Always Forget That We Are Also OTHERS For Someone Else

  " ഇനി ഇത്തരം പരാതികള്‍ ഒരിക്കലും പറയാതിരിക്കാന്‍ , ദൈവദാനമായി കിട്ടിയ ഈ നല്ല ജീവിതത്തെ തള്ളി പറയാതിരിക്കാന്‍ എല്ലാം ഈ യാത്രയില്‍ നിന്നും , ഈ പരിചയപ്പെടലില്‍ നിന്നും പഠിച്ചു ."

  നന്നായിരിക്കുന്നു ...

  ReplyDelete
 5. യാത്രകള്‍ എന്നും ഒരു അനുഭൂതി ആണ്
  ലോകത്തിന്റെ സൌന്ദര്യം ഒരു നിരീക്ഷകന്റെ വീക്ഷണ കോണില്‍ നിന്നും ഉള്ള ഒരു ആസ്വാദനം
  പിന്നെ മധു ചേട്ടാ
  കല്യാണം കഴിച്ചാല്‍ ഇങ്ങനെ യാത്ര ചെയ്യാന്‍ കഴിയാതെ വരുമോ എന്നാ ഭയത്താല്‍ വിവാഹം നീട്ടി കൊണ്ട് പോണില്ല
  യാത്രകളെ സ്നേഹികുന്നവര്‍ക്ക് സ്വാഗതം



  ReplyDelete
 6. Wonderful narration. Valare ishtapettu. Marubhoomi aakunnathinu munpe koviloorileku oru yatra pokanam.

  http://rajniranjandas.blogspot.in

  ReplyDelete
  Replies
  1. Niranjan Das
   thanks a lot for this visit and comment.....

   Delete
 7. Dear Madhu,
  I visited top station and returned to Munnar. I never thought there is a beautiful unspoiled part of Kerala beyond the check post. You have traveled to the edge of Kerala. It is wonderful indeed. I envy you. I wish, If I could accompany you. Kerala is indeed Gods own country

  ReplyDelete
  Replies
  1. Kanchi,
   Thanks a lot for this visit and comment.
   IF posible kindly visit the below places in munnar...

   KOLUKKUMALAI
   MEESAPPULIMALA
   RODO VALLY
   KOTAGUDY
   YELLAPPETTY
   KORANGINI
   LAKKAM FALLS
   KURINJI TREK AT RAJAMALA
   MARAYOOR
   KANTHALLOR

   Delete
  2. MEESAPPULIMALA
   RODO VALLY
   KOTAGUDY
   YELLAPPETTY
   KORANG
   ഇതിന്റെ ഡീറ്റയിൽസ് തരുമോ???? യെല്ലപ്പെട്ടി & റോഡൊവാലി കേട്ടിട്ടുണ്ട്.

   Delete
  3. റിജോ,
   മൂന്നാറിലെ ടോപ്‌ സ്റ്റേഷന്‍ ന്റെ അടുത്തുള്ള സ്ഥലങ്ങള്‍ ആണ് കൊരങ്ങിണിയും, യെല്ലപ്പെട്ടിയും, കൊട്ടഗുടിയും എല്ലാം. ടോപ്‌ സ്റ്റേഷനില്‍ നിന്നും കൊരങ്ങിനിയിലേക്ക് ആളുകള്‍ ട്രെക്കിംഗ് നടത്താറുണ്ട്‌ .. യെല്ലപെട്ടിയിലും കൊട്ടഗുടിയിലും വലിയ മലയുടെ മുകളില്‍ ക്യാമ്പ്‌ ചെയ്യുന്നതിനുള്ള സൌകര്യങ്ങള്‍ ഉണ്ട് ... പക്ഷെ ഈ സ്ഥലങ്ങളില്‍ എല്ലാം വിദേശികള്‍ ആണ് കൂടുതല് വരുന്നത് ...അത് കൊണ്ട് തന്നെ റേറ്റ് വളരെ കൂടുതല്‍ ആണ് ...

   Delete
 8. Koviloor is 1700 Meters (1.7 KM) above sea level not feet. If in feet it is 5578 feet.

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ ...
   ഞാന്‍ ബാങ്കിലാണ് ജോലി ചെയ്യുന്നത് എങ്കിലും കണക്കിന്റെ കാര്യത്തില്‍ ഇപ്പോഴും വളരെ മോശം ആണ് . തെറ്റ് കണ്ടെത്തി പറഞ്ഞു തന്നതിന് നന്ദി .. ഇനി എഴുതുമ്പോള്‍ തെറ്റുവരാതെ ശ്രമിക്കാം .. എഴുതിക്കഴിഞ്ഞാല്‍ വീണ്ടും വീടും വായിച്ചു നോക്കി തെറ്റുകള്‍ തിരുത്താന്‍ എനിക്ക് മടിയായതിനാല്‍ പലപ്പോഴും ഇങ്ങനെ തെറ്റുകള്‍ വരാറുണ്ട് ... എന്തായാലും നന്ദി ... ഒരുപാട് ...

   Delete
 9. മധു, വർഷത്തിൽ രണ്ടും, മൂന്നും തവണ മൂന്നാറിൽ പോകാറുണ്ടെങ്കിലും, കാന്തല്ലൂരും, കോവിലൂരും, വട്ടവടയുമൊക്കെ ആഗ്രഹങ്ങളായിത്തന്നെ അവശേഷിയ്ക്കുന്നു..ഈ വർഷം എന്തായാലും പോകണം.. പക്ഷേ മധു പറഞ്ഞതുപോലെ കാന്തല്ലൂരിന്റെയും, കോവിലൂരിന്റെയും മനോഹാരിത നഷ്ടമായിക്കൊണ്ടിരിയ്ക്കുകയാണ്... ഇപ്പോൾ ഉള്ള ഭംഗിപോലും എത്രകാലം നീണ്ടുനിൽക്കും എന്നറിയില്ല..

  ഈ പരിചയപ്പെടുത്തൽ വളരെ നന്നായിരിയ്ക്കുന്നു.. കാന്തല്ലൂർ സൗന്ദര്യം നഷ്ടപ്പെട്ട്, മറ്റൊരു മരുഭൂമി ആകാതിരിയ്ക്കട്ടെ എന്ന് ആഗ്രഹിയ്ക്കുന്നു..

  ReplyDelete
  Replies
  1. ഷിബു
   മുന്നാറില്‍ ഇനിയും നല്ല സ്ഥലങ്ങള്‍ ബാക്കിയാണ് ..
   മീശപ്പുലിമല, കൊളുക്കുമല, റോഡോ വാലി , കോട്ടഗുടി, യെല്ലപ്പെട്ടി , കൊരങ്ങിണി...
   ഇതൊക്കെ മുന്നാറിലാണോ എന്ന് നമ്മള്‍ സംശയിക്കും ...
   അടുത്ത കാലത്തൊന്നും ഇതൊന്നും കണ്ടു തീര്‍ക്കാന്‍ പറ്റില്ല ..

   Delete
 10. മധുവേട്ടാ....അസൂയ സഹിക്കാന്‍ പറ്റണില്ലട്ടോ....

  ReplyDelete
  Replies
  1. നാട്ടില്‍ വരുമ്പോള്‍ വിളിക്കൂ ...നമുക്ക് ഒരു യാത്ര നടത്താം ... കേരളത്തില്‍ നമ്മള്‍ ആരും കാണാത്ത എത്രയോ സ്ഥലങ്ങള്‍ ഇനിയും ബാക്കി കിടക്കുന്നു ...

   Delete
 11. വരികളുടെ ഭംഗിയാണോ അതോ ഫോട്ടോകളുടെ മനോഹരിതയാണോ എനിക്കിഷ്ടമായത് ?? പറയുവാന്‍ കഴിയുന്നില്ല മധു ,വായനക്കാരുടെ സ്വപ്നങ്ങളിലേക്ക് ഒരു സ്പാര്‍ക്ക് സൃഷ്ട്ടിക്കുവാന്‍ 'കോവിലൂര്‍'നു കഴിഞ്ഞിട്ടുന്ടന്നു ഞാന്‍ വിശ്വസിക്കുന്നു

  ReplyDelete
  Replies
  1. Abdul Salam,
   നന്ദി ..കോവിലൂര്‍ പോലെ കുറെ നല്ല പച്ചക്കറി ഗ്രാമങ്ങള്‍ മുന്നാര്‍ തമിഴ്നാട് അതിര്‍ത്തിയില്‍ ഉണ്ട് . നമ്മള്‍ പലപ്പോഴും മൂന്നാറിലെ തിരക്ക് പിടിച്ച ടൂറിസ്റ്റ് സ്പോട്ടുകളില്‍ മാത്രം പോയി മുന്നാര്‍ മുഴുവന്‍ കണ്ടു എന്ന് പറഞ്ഞു നടക്കും. അതിനപ്പുറം കാണാന്‍ ഞാനടക്കം ആരും ശ്രമിക്കാറില്ല ...

   Delete
 12. അറിയാത്ത ഒരു സ്ഥലത്തെപറ്റി പതിവു പോലെ നന്നായി വിശദീകരിച്ച് തന്നു..
  പിന്നെ ആ കൂട്ടുകാരനോട് പറഞ്ഞോളൂ കല്യാണം കഴിഞ്ഞാലും യാത്രയ്ക്ക് ഒരു തടസ്സവുമുണ്ടാവില്ല, എന്നെ പോലെ യാത്ര ചെയ്യാന്‍ വേണ്ടി ജീവിക്കുന്ന ആരെയെങ്കിലും കണ്ടു പിടിച്ചാല്‍ മതിയെന്ന്...

  ReplyDelete
  Replies
  1. നന്ദി സുനി ...
   ഈ അഭിപ്രായ പ്രകടനത്തിന് ...
   യാത്രയില്‍ അത്രക്കും താല്പര്യം ഉള്ള ഭാര്യമാരെ കിട്ടിയാല്‍ പ്രശ്നമാണ് ..
   ഗോവ യാത്രക്ക് പോകാന്‍ കാശില്ലാതെ നില്‍കുമ്പോള്‍ ഭാര്യ കൈയിലെ വള ഊരി തന്നു. അത് മുത്തൂറ്റില്‍ കൊണ്ട് പണയം വെച്ച് രണ്ടു പേരും കൂടി ടൂറു പോയി ...
   എന്റെ ഭാര്യയെ പോലെ , സുനിയെപോലെ ഉള്ള യാത്രയില്‍ താല്പര്യം ഉള്ളവരെ ഭാര്യമാരായി കിട്ടിയാല്‍ ജീവിതം കട്ടപോകായാകും... :) :)
   അഞ്ചു പൈസ ജീവിതത്തില്‍ സമ്പാദ്യം കാണില്ല ...

   Delete
  2. മധു ചേട്ടാ ,, യാത്രകള്‍ നല്‍കുന്ന അനുഭവം തന്നെ ഒരു സമ്പാദ്യം ആണ് , അതു ഒരിക്കലും പണം കൊടുത്താല്‍ കിട്ടില്ല ,,
   നാളെ ഈ ഗ്രാമങ്ങളോ , അവ കാണാന്‍ നമ്മളോ ഉണ്ടാകുമെന്ന പ്രതീക്ഷ മാത്രം ,,

   Delete
 13. പ്രിയ സുനി ,, നന്ദി
  യാത്രകളെ ഇഷ്ടപെടുന്ന ഒരു കുട്ടിയെ തിരഞ്ഞു കൊണ്ടിരിക്കുന്നു
  പറ്റിയതു ഉണ്ടെങ്കില്‍ പറയുക

  ReplyDelete
 14. മധു....വിവരണം ഉഷാറായി....എനിക്കൊന്നു പോകണം കൊവിലൂരില്‍ l ....മധുന്റെ no ; ഒന്ന് തരിക....എന്റേത് 9497737320

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ ... എന്റെ നമ്പര്‍ 9388926321

   Delete
 15. ഇല്ല ... ഇനി ഇവിടേയ്ക്ക് ഞങ്ങള്‍ വരില്ല ...പച്ചപ്പട്ടണിഞ്ഞ ഈ കോവിലൂരിന്റെ മനോഹര കാഴ്ചകള്‍ ആവോളം ഞങ്ങളുടെ മനസ്സില്‍ ഉണ്ടല്ലോ ? പിന്നെ എന്തിനാണ് കുറച്ചു നാളുകള്‍ക്കുള്ളില്‍ പച്ചപ്പ്‌ നഷ്ടപ്പെട്ടു മറ്റൊരു ദുരന്തഭൂമിയാകുമെന്നു ഉറപ്പുള്ള ഇവിടേയ്ക്ക് ഞങ്ങള്‍ വരുന്നത് ?sankadappeduthunna vakkukal

  ReplyDelete
 16. Neril kanda anubhavam.....Munnaril poyittundenkilum kovilooril poyirunnilla...very good description..thanx....

  ReplyDelete