Wednesday, December 29, 2010

ചിതറാല്‍

തിരുവനന്തപുരത്തുനിന്നും കന്യാകുമാരിവരെയുള്ള യാത്ര ശരിക്കും ഒരു ബോറടിയായാണ് പലപ്പോഴും അനുഭവപ്പെടാരുള്ളത്. അധികം വീതിയില്ലാത്ത തിരക്കേറിയ റോഡ്‌ പലപ്പോഴും നൂറു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ നാല് മണിക്കൂറെങ്കിലും വേണം. ഇടയില്‍ കാണാനായി പത്മനാഭപുരം പാലസ് മാത്രം. പലതവണ കണ്ടതുകൊണ്ടു ഒരു പുതുമയും തോന്നുന്നില്ല. അങ്ങിനെയിരിക്കുമ്പോളാണ് മലയാളത്തിലെ പ്രശസ്തമായ ഒരു യാത്രാ മാഗസിനില്‍ വന്ന ചിതറാല്‍ മലമുകളിലെ ജൈന ഗുഹാക്ഷേത്രത്തെ പറ്റി വളരെ ചെറിയ ഒരു കുറുപ്പ് വായിച്ചത്. മനസ്സില്‍ വളരെ സന്തോഷം തോന്നി. കന്യാകുമാരി യാത്രക്കിടയില്‍ ഒരു പുതിയ ഇടത്താവളം കിട്ടുമോ എന്ന പ്രതീക്ഷ മനസ്സില്‍ വളര്‍ന്നു.


സ്വന്തം കുടുംബവും,സുഹൃത്തും ഭാര്യയും അടങ്ങിയ ചെറിയ സംഘത്തോടൊപ്പം തിരുവനന്തപുരത്തുനിന്നും കന്യാകുമാരി റുട്ടില്‍ യാത്ര തുടങ്ങി. ഏകദേശം അമ്പതു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ മാര്‍ത്താണ്ഡം എന്ന സ്ടലത്ത് വണ്ടി നിറുത്തി വഴി ചോദിച്ചു . നല്ലവനായ ഓട്ടോ ഡ്രൈവര്‍ വ്യക്തമായി വഴി പറഞ്ഞു തന്നു. നാല് കിലോമീറ്റര്‍ പോയാല്‍ ആറ്റൂര്‍ അവിടെ നിന്നും മൂന്നു കിലോമീറ്റര്‍ പോയാല്‍ ചിതറാല്‍ ആയി.


ആറ്റൂരില്‍ എത്തി ചിതറാല്‍ ക്ഷേത്രത്തെ പറ്റി വഴിയില്‍ കണ്ട ഒരു സ്ത്രീയോട് ചോദിച്ചു. അവര്‍ കൈ മലര്‍ത്തി. ഇങ്ങനെയൊരു ക്ഷേത്രത്തെ പറ്റി അവര്‍ കേട്ടിട്ടില്ലെന്ന് . അടുത്ത് നിന്നവരാരും കേട്ടിട്ടില്ല. അങ്ങിനെ വിട്ടു കൊടുക്കാന്‍ മനസ്സ് വന്നില്ല. ഇവിടെ കുന്നിന്റെ മുകളില്‍ ഏതെങ്കിലും അമ്പലം ഉണ്ടോ എന്ന് ചോദിച്ചു. അപ്പോളവര്‍ക്ക് സ്ഥലം ഏകദേശം പിടികിട്ടി . മലേയ് കോവില്‍ - അതാണ് ചിതരാലിന്റെ ലോക്കല്‍ പേര് . എങ്കിലും സ്ഥലം അത് തന്നെയാണോ എന്നു ഉറപ്പിക്കാന്‍ വയ്യ. ഒടുവില്‍ ബാഗില്‍ വെച്ചിരുന്ന മാഗസിന്‍ എടുത്തു ചിതറാല്‍ ക്ഷേത്രത്തിന്റെ ചിത്രം കാണിച്ചു കൊടുത്തു. സ്ഥലം അത് തന്നെ.


അവര്‍ പറഞ്ഞു തന്ന വഴിയിലൂടെ കാര്‍ വിട്ടു. തമിഴ്നാട്ടിലെ തനി ഒരു നാട്ടിന്‍പുറം. ഒരു കുപ്പി വെള്ളം വാങ്ങാന്‍ പോലും ഒരു കട കണ്ടില്ല. മാഗസിനില്‍ വായിച്ചതും മാത്രം വിശ്വസിച്ചു, കുടുംബത്തെയും കൂട്ടി ഒരു പുതിയ സ്ഥലം തേടി വന്നത് വെറുതെയകുമോ എന്ന സന്ദേഹം മനസ്സില്‍. വഴിചോദിക്കാന്‍ പോലും ആരെയും കാണുന്നില്ല.ടാറിട്ട റോഡിലൂടെ അമ്പലത്തിന്റെ ബോര്‍ഡ്‌ കാണുന്നുണ്ടോ എന്നു മാത്രം നോക്കി വണ്ടി വിട്ടു.


ഒടുവില്‍ ആരുടേയും സഹായമില്ലാതെ, ഇരുഭാഗത്തും തെങ്ങുകള്‍ മാത്രം നില്‍ക്കുന്ന റോഡിലൂടെ സഞ്ചരിച്ചു ക്ഷേത്രത്തിന്റെ അടിഭാഗത്ത്‌ എത്തി . ഇടതു വശത്ത്‌ ഒരു ചെറിയ കട കണ്ടപ്പോള്‍ വല്ലാത്ത ഒരാശ്വാസം തോന്നി . രണ്ടു കുപ്പി വെള്ളം വാങ്ങി ബാഗില്‍ വെച്ചു. മുകളിലെ വെള്ളം കുടിക്കാന്‍ പറ്റിയതല്ലെന്ന് മാഗസിനില്‍ എഴുതിയിരുന്നു. ഒരു വാഹനം പോലും അവിടെ പാര്‍ക്ക് ചെയ്തിട്ടില്ല. റോഡില്‍ ആരെയും കാണുവാനും ഇല്ല . സമയം പതിനൊന്നു മണി . ഒരു പക്ഷെ പൂജയെല്ലാം കഴിഞ്ഞു ക്ഷേത്രം അടച്ചിട്ടുണ്ടാവുമോ? എന്തായാലും ഇവിടെവരെ വന്നതല്ലേ എന്ത് തന്നെ വന്നാലും മല കയറാന്‍ തീരുമാനിച്ചു.


നല്ല വൃത്തിയുള്ള കരിങ്കല്ല് പാകിയ നടപ്പാത. ഇരുവശങ്ങളിലും നല്ല സുന്ദരമായ കാഴ്ചകള്‍ . ചിലയിടങ്ങളില്‍ ഇരുവശത്തും മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന കശുമാവിന്‍ തോട്ടങ്ങള്‍ പിന്നെ പാറക്കൂട്ടങ്ങള്‍ പക്ഷെ വെയില്‍ മാത്രം അസഹനീയമായിരുന്നു. അതിരാവിലെയോ വൈകീട്ടോ വരണമായിരുന്നു എന്ന് വെയില്‍ കൊണ്ടപ്പോള്‍ മനസ്സിലോര്‍ത്തു.


ഏകദേശം ഒരുകിലോമീറ്റെരെങ്കിലും നടക്കണം മുകളിലെത്താന്‍ . ഇടയ്ക്കു വിശ്രമിക്കാന്‍ നല്ല വൃത്തിയുള്ള കരിങ്കല്‍ ബഞ്ചുകള്‍ . നടക്കുന്ന ആ കല്ല്‌ പാകിയ വഴിയില്‍ ഒരു കരിയിലയോ, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങലോ ഒന്നും തന്നെ കണ്ടില്ല. ഇത്ര വൃത്തിയുള്ള സ്ടലമോ? ശരിക്കും അത്ഭുതം തോന്നി.


നടന്നും ഇരുന്നും വെള്ളം കുടിച്ചും ഫോട്ടോയെടുത്തും ഒരു കണക്കിന് മുകളിലെത്തി. ഒന്‍പതാം നൂറ്റാണ്ടില്‍ ജൈനന്മാര്‍ പണി കഴിപ്പിച്ച ക്ഷേത്രവും കൊത്തുപണികളും ആണ് ഈ മലയില്‍ ഉള്ളത് . ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇത്. അഞ്ചു വര്‍ഷം മുമ്പാണ് ഇത് അവര്‍ ഏറ്റെടുത്തത് .അതുവരെ ഇത് വെറും ഒരു കശുമാവിന്കാടായിരുന്നു. ആ നാട്ടുകാര്‍ മാത്രം വല്ലപ്പോഴും വന്നു പോകുമായിരുന്ന കാട്ടിലെ ഈ ക്ഷേത്രം അങ്ങിനെയാണ് ഇത്രയും സുന്ദരമായ ഒരു സ്ഥലമായി മാറിയത്.


ക്ഷേത്രത്തിന്റെ മുന്‍പില്‍ തന്നെ ഒരു ആല്‍മരം, അവിടെ വരുന്നവര്‍ക്ക് തണലെകാനായി കാത്തു നില്‍കുന്നുണ്ടായിരുന്നു. ആ ആല്‍മരത്തിനടുത്തു കൂടെ കരിങ്കല്ല് കൊണ്ടുണ്ടാക്കിയ ഒരു കവാടം കടന്നു, ഇരു വശത്തും തിങ്ങിനിറഞ്ഞ വലിയ പാറകള്‍ക്കിടയിലൂടെയുള്ള വഴിയിലൂടെ വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ . ഇടതു വശത്തായി ഒരു തുരങ്കം കണ്ടു. ആരും അറിയാതെ ക്ഷേത്രത്തിനുള്ളില്‍ എത്തിച്ചേരാനുള്ള വഴിയാണ് ആ തുരങ്കം എന്ന് വായിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ അത് ഒരു കല്ല്‌ കൊണ്ട് മൂടിയിട്ടിരിക്കുകയാണ് .


ക്ഷേത്രത്തിലേക്കുള്ള വഴിയുടെ അവസാനത്തിലായി ഒരു വലിയ ചുവര് മുഴുവന്‍ ശില്പങ്ങള്‍ കൊത്തി വച്ചിരിക്കുന്നത് കണ്ടു. ജൈന തീര്‍ത്തങ്കരുടെ ശില്‍പ്പങ്ങള്‍ ആണ് മുഖ്യമായും ഈ ചുമരില്‍ ആലേഘനം ചെയ്തിരിക്കുന്നത്. പാര്‍ശ്വനാഥന്‍ , മഹാവീരന്‍ തുടങ്ങിയവരുടെയും ചില യക്ഷികളുടെയും ചിത്രങ്ങളാണ് പ്രധാനമായും അവിടെ കണ്ടത് .


ആ ചുവര്‍ ശില്പ്പങ്ങള്‍ക്കരുകിലൂടെ കുറച്ചു പടികള്‍ ഇറങ്ങിയപ്പോള്‍ ജൈന ക്ഷേത്രത്തിന്റെ മുന്‍പിലെത്തി. ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠ ഏതാണെന്ന് മനസ്സിലായില്ല ക്ഷേത്രത്തിനുള്ളിലും പുറത്തും ആരെയും കാണാനില്ല. ഞങ്ങള്‍ കയറിവരുമ്പോള്‍ കുറച്ചുപേര്‍ ഇറങ്ങി വരുന്നത് കണ്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഒരു മാര്‍ഗവും ഇല്ല . ക്ഷേത്രത്തിന്റെ പിന്‍ ഭാഗം മുഴുവനായും പാറയുടെ അകത്താണ് . ഏക്കറുകളിലായി പരന്ന് കിടക്കുന്ന ആ മലമുകളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമ്പലത്തിനരുകില്‍ ഞങ്ങള്‍ രണ്ടു കുടുംബങ്ങള്‍ മാത്രം. ഞങ്ങള്‍ക്ക് കൂട്ടിനായി വീശിയടിക്കുന്ന കാറ്റ് മാത്രം. അതും കുന്നിന്‍ മുകളില്‍ നിന്നും നമ്മെ പറത്തികൊണ്ട് പോകുമോ എന്ന രീതിയില്‍ വീശിയടിക്കുന്ന കാറ്റ്. രസകരമായിരുന്നു ആ നിമിഷങ്ങള്‍ .


ക്ഷേത്രത്തിനു അല്പം താഴെയായി കാണുന്ന പടവുകള്‍ ഇറങ്ങിയപ്പോള്‍ പ്രകൃതി നിര്‍മിതമായ ഒരു കുളം കണ്ടു. കടുത്ത വേനലിലും നിറഞ്ഞു നില്‍കുന്ന ആ കുളം മറ്റൊരു സുന്ദര കാഴ്ചയായിരുന്നു. അതിനപ്പുറത്ത് നല്ല ഭംഗിയില്‍ അടുക്കി വെച്ചിരിക്കുന്ന പോലെ തോന്നുന്ന വലിയ പാറക്കൂട്ടങ്ങള്‍ . നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജൈന മതം പ്രചരിപ്പിക്കാന്‍ വന്ന ആളുകള്‍ ധ്യാനിച്ചിരുന്ന, അവര്‍ മത പഠനം നടത്തിയിരുന്ന ആ കാലം മനസ്സില്‍ വെറുതെ ആലോചിച്ചു നോക്കി . ഈ പാറകളിലും പരിസരങ്ങളിലും അവരുടെ പാദസ്പര്‍ശം ഒരു പക്ഷെ ഇപ്പോഴും മായാതെ കിടക്കുന്നുണ്ടാവും എന്ന് തോന്നി.


ക്ഷേത്രത്തിന്റെ മുകളിലെ പാറപ്പുറത്ത് പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടം എന്ന പോലെ കുറച്ചു കൊത്തുപണികള്‍ ഉള്ള നിര്‍മ്മിതികള്‍ കണ്ടു. എല്ലാത്തിന്റെയും ഫോട്ടോകള്‍ എടുത്തു . ഈ ക്ഷേത്രത്തെയും ഈ മലകളെയും കുറിച്ചുള്ള ചരിത്രം പഠിച്ച ശേഷം വീണ്ടും ഒരു തവണ കൂടി ഇവിടെ വരണം എന്ന ചിന്തയായിരുന്നു അപ്പോള്‍ മനസ്സില്‍ . അവിടത്തെ കാഴ്ചകള്‍ എല്ലാം കണ്ടെങ്കിലും എന്തൊക്കെയോ അറിയാനും കാണാനും ബാക്കിയുണ്ടെന്ന തോന്നല്‍ മനസ്സില്‍ .


ഒരു കിലോമീറ്ററോളം മല കയറിയതിന്റെ ക്ഷീണവും മാറ്റി, കുറെ സമയം അവിടെ ചിലവഴിച്ചു ഞങ്ങള്‍ ആ സുന്ദര സ്ഥലത്തോട് വിട പറഞ്ഞു. കന്യാകുമാരി യാത്രയില്‍ കയറാന്‍ പറ്റിയ ഏറ്റവും നല്ല ഇടത്താവളം കണ്ടു പിടിച്ചെന്ന സന്തോഷവുമായി, അവിടെ വീണ്ടും വീണ്ടും വരുമെന്ന തീരുമാനത്തോടെ ഞങ്ങള്‍ മടങ്ങി.





എന്റെ ഈ യാത്ര കൈരളി നെറ്റ് മാഗസിനില്‍ വായിക്കാം ...



13 comments:

  1. അവടെ പോവാന്‍ കൊതിയാവുന്നു. കുറച്ചു കൂടി വിശദീകരണം ആവാമായിര്‍ന്നു മാമാ...

    ReplyDelete
  2. മാര്‍ത്താണ്ഡത്ത് നല്ല കാലാവസ്ഥയായിരുന്നു. എന്റെ കന്യാകുമാരിയാത്രയുടെ നഷ്ടം ഇപ്പൊഴാ ഭീകരമായത്. ഇത്ര മനോഹരമായ മഹാ സംഭവത്തെ നഷ്ടപ്പെടുത്തിയതിന്റെ വേദന മാറുന്നില്ല. തീര്‍ച്ചയായും അവിടെ പോണം... ഈ പരിചയപ്പെടുത്തലിനു വാളരെ നന്ദി. പോസ്റ്റിനും....

    ReplyDelete
  3. പടങ്ങൾ എല്ലാം നന്നായിട്ടുണ്ട്. വിവരണം അല്‍പ്പം കൂടെ ആകാമായിരുന്നു.

    ReplyDelete
  4. ഹായ് ,ഞാനും അവിടെ പോയിട്ടുണ്ട് .ഇത്ര ഉം വൃത്തിയുള്ള സ്ഥലം വേറെ കാണില്ല തമിഴ്നാടില്‍ ..അവിടെ ആ മല കയറാന്‍ ഇത്തിരി കഷ്ടപെടനം.പക്ഷെ മുകളില്‍ എത്തിയപ്പോള്‍ ഹോ ഞാന്‍ ഒരു സംഭവം ആണ് എന്ന് തോന്നി .....മുകളില്‍ നല്ല കാറ്റ് ഉം ഉണ്ട് ....തമിഴ്നാടില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലഗളില്‍ ഒന്നാണ് ചിതറാല്‍ .പിന്നെ കന്യാകുമാരി & പദ്മാനഭാപുരം പാലസ്,വട്ടകോട്ട .

    ReplyDelete
  5. എല്ലാം വായിക്കാൻ തീരുമാനിച്ചു.. ഇവിടെ നിന്നു തുടങ്ങുന്നു..
    മനോഹരം.

    ReplyDelete
  6. mama...nammal onnichulla aa sundara nimishangal innale kazhinjathu pole thonnunnu.....

    ReplyDelete
  7. ഇനി പോകുമ്പൊള്‍ എന്നെ കൂടി കൂട്ടുമോ..?

    miss that place a lot.....

    ReplyDelete
  8. നല്ല സ്ഥലം ഇങ്ങനെ ഒരു സഥലം ഉണ്ടെന്നു മധു സാറിന്റെ യാത്രാവിവരണം വായിച്ചപ്പോഴാ മനസ്സിലായത്. കന്യാകുമാരിയില്‍ എത്രയോതവണ പോയിട്ടുണ്ട്.but ഇത്രയും മനോഹരമായ സ്ഥലം അവിടുണ്ടെന്നു ഇതുവരെ അറിയത്തില്ലായിരുന്നു. thanks

    ReplyDelete
  9. Maghu sirinte yathra vivaranangalellam super.Orikkal angotekku pokanamennu karuthunnu

    ReplyDelete
  10. ഞാനും അവിടം സന്ദർശിച്ചിട്ടുണ്ട്, കൊച്ചിയിൽ നിന്നും എന്റെ 90 മോഡൽ ഹീറോ ഹോണ്ടയിൽ കുറെ യാത്രകൾ നടത്തിയിട്ടുണ്ട് എങ്കിലും എഴുതുവാനുള്ള വലിയ കഴിവൊന്നും ഇല്ല. പിന്നെ ഒർമകായി കുറെ ചിത്രങ്ങൾ മാത്രം ബാക്കി

    ReplyDelete
  11. mamaaaaa u r great ningaloru sambhavam thanne :)

    ReplyDelete