Monday, August 19, 2013

പാതിരാമണൽ

വർഷങ്ങൾക്കു മുൻപ് , പക്ഷികളെയും  യാത്രകളെയും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സുഹൃത്താണ് പാതിരാമണൽ ദ്വീപിനെക്കുറിച്ചു പറഞ്ഞു തന്നത്. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ വേമ്പനാട്ടു കായലിൽ സ്ഥിതി ചെയ്യുന്ന ആ മനോഹര ദ്വീപ്‌ എന്ന കാണണം എന്ന ആഗ്രഹം പല കാരണങ്ങളാലും നടന്നില്ല. ഒടുവിൽ  ഈ വര്ഷത്തെ സ്വാതന്ത്യ്ര ദിനം അവിടെ ചിലവിടാം എന്ന് വിചാരിച്ചു പെട്ടെന്ന് ഒരു യാത്ര തീരുമാനിച്ചു.


പെട്ടെന്നുള്ള യാത്രയായതിനാൽ സ്ഥിരം യാത്രകളിൽ പങ്കെടുക്കുന്ന കൂട്ടുകാരെല്ലാം തിരക്കിലായിരുന്നു. യാത്രകളെ അത്രയേറെ സ്നേഹിക്കുന്ന, ജീവിക്കുന്നത്  തന്നെ യാത്രകൾ ചെയ്യാനും, ആളുകളെ പരിചയപ്പെടാനും, പുതിയ അനുഭവങ്ങൾ തേടാനും മാത്രമാണ് എന്ന് വിശ്വസിക്കുന്ന  അടുത്ത സുഹൃത്തായ രാജു ചേട്ടനെ മാത്രം കൂട്ടിനു കിട്ടി ..പിന്നെ ഏതു നരകത്തിലേക്കായാലും  ഒപ്പം ഉണ്ടാകും എന്നുറപ്പുള്ള എന്റെ ഭാര്യയെയും, യാത്രകളെ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്ന കുട്ടികളെയും കൂട്ടി പാതിരാമണൽ ദ്വീപിലേക്കുള്ള യാത്ര തുടങ്ങി.


ഞങ്ങൾ എറണാകുളത്തു നിന്നും ആണ് യാത്ര തുടങ്ങിയത് .പാതിരാമണൽ എറണാകുളത് നിന്നും ഏകദേശം 65 കിലോമീറ്റർ ദൂരത്തിൽ ആണ് എന്ന് നേരത്തെ ചോദിച്ചറിഞ്ഞിരുന്നു.  അവിടേക്ക് പല വഴികളിലൂടെ പോകാം. എന്നും അറിയാമായിരുന്നു . വൈറ്റില -  അരൂര് - ചേർത്തലയിൽ കൂടിയും, വൈറ്റില - ത്രിപ്പുണിത്തുറ- പൂത്തോട്ട - വൈക്കം വഴിയും പാതിരാമണലിൽ എത്താം.  രണ്ടാമത്തെ വഴിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ഒരു പാട് തവണ സഞ്ചരിച്ചിട്ടുള്ള ആദ്യത്തെ വഴിയെക്കാൾ കുറച്ചു മാത്രം സഞ്ചരിച്ചിട്ടുള്ള രണ്ടാമത്തെ വഴിയാണ് നല്ലത് എന്ന് തോന്നി.


വൈറ്റിലയിലെ എപ്പോഴും ഉള്ള ട്രാഫിക്‌ ബ്ലോക്കും, തൃപ്പൂണിത്തുറയിലെ പൊട്ടിപൊളിഞ്ഞു വിവാദമായ റോഡും, എറണാകുളത്തെ പ്രശസ്തമായ  മുല്ലപ്പന്തൽ കള്ള്  ഷാപ്പിലേക്കുള്ള വഴിയും പിന്നിട്ടു ഞങ്ങൾ  പൂത്തോട്ട വഴി തണ്ണീർമുക്കം ബണ്ടിലെത്തി.മുഹമ്മയിലേക്കും , കുമാരകത്തെക്കും മറ്റും പോകുന്ന ആളുകളുടെ ഒരു ഇടത്താവളം ആണ് തണ്ണീർമുക്കം ബണ്ട്. കാണാൻ വളരെ സുന്ദരമായ ഒരു സ്ഥലം. കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ്‌ തണ്ണീർമുക്കം ബണ്ട്. നിർമ്മാണം 1958ൽ ആരംഭിച്ച് 1975ൽ പൂർത്തിയാക്കി. വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്.


തണ്ണീർമുക്കം ബണ്ട്  പണിയുന്ന കാലം വരെ ആ പ്രദേശങ്ങളിൽ എല്ലാം ഉപ്പുവെള്ളത്തിന്റെ ശല്യം കാരണം   വർഷത്തിൽ രണ്ടു തവണ മാത്രമേ കൃഷി നടത്തിയിരുന്നുവത്രേ. ഈ ബണ്ട്  വന്നതിൽ പിന്നെ വർഷത്തിൽ മൂന്നു തവണ കൃഷി ഇറക്കാൻ അവിടങ്ങളിലെ  ആളുകൾക്ക്  സാധിക്കുന്നുണ്ട് എന്നും , ഈ ബണ്ട്  അവരുടെ ജീവിതത്തിൽ സാരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്  എന്ന്   കേട്ടിരുന്നു. അതെ പോലെ തന്നെ ഉപ്പു വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തിയതിനാൽ അവിടങ്ങളിലെ ജൈവ വ്യവസ്ഥയും മത്സ്യ സമ്പത്തും നശിച്ചു പോയി എന്ന് വിലപിക്കുന്ന സ്വരങ്ങളും ഒരു കാലത്ത്  അവിടങ്ങളിൽ കേട്ടിരുന്നു.


കണ്ണുകൾക്ക്‌ കുളിർമ്മയേകുന്ന  തണ്ണീർമുക്കം ബണ്ടിൽ അൽപ സമയം ചിലവഴിച്ചു. പരന്നു കിടക്കുന്ന കായലും, അതിലൂടെ ഇടയ്ക്കു കടന്നു പോകുന്ന വലിയ ഹൌസ് ബോട്ടുകളും, നല്ല കാറ്റും എല്ലാം കൂടി നല്ല കാഴ്ചയായിരുന്നു അവിടെ.


തണ്ണീർമുക്കം ബണ്ടിനോട് വിടപറഞ്ഞു  കുറെ നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ മുഹമ്മയിൽ എത്തി.ദ്വീപായ പാതിരാമണലിനോട് ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലമാണ് മുഹമ്മ. മുഹമ്മയിലെ കായിപ്പുറം ജങ്ക്ഷനിൽ  സഞ്ചാരികൾക്കായി ഒരു ബോർഡിൽ പാതിരാമണൽ എന്ന് വഴികാട്ടുന്ന   ബോർഡും  കണ്ടു. കൂടുതലൊന്നും ചോദിക്കാതെ കായിപ്പുറം - പാതിരാമണൽ ജെട്ടി റോഡിലൂടെ ഞങ്ങൾ സഞ്ചരിച്ചു .


ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും ബോട്ട് ജെട്ടിയിലെത്തി. നാട്ടിൻപുറത്തെ ഒരു ചെറിയ ബോട്ട് ജെട്ടി. നാടൻ വള്ളത്തെ അല്പം ഒന്ന് പരിഷ്കരിച്ചു "ഷിക്കാര " ആക്കിയ രണ്ടു വള്ളങ്ങൾ , പിന്നെ ഒരു ചെറിയ ബോട്ടും കുറച്ചു ആളുകളെയും അവിടെ കണ്ടു , ഒപ്പം അല്പം അകലെ പച്ചപ്പുനിറഞ്ഞു , ചുറ്റും വെള്ളം നിറഞ്ഞു കിടക്കുന്ന ഞങളുടെ ലക്ഷ്യസ്ഥാനമായ പാതിരാമണൽ ദ്വീപിനെയും...


വണ്ടി നിറുത്തി ഒതുക്കിയിടുന്നതിനു മുൻപേ ബോട്ടിൽ നിന്നും ഒരാൾ വന്നു. അഞ്ഞൂറ് രൂപ തന്നാൽ പാതിരാമണലിൽ കൊണ്ടുവിടാം എന്നും അവിടമെല്ലാം ആസ്വദിച്ചു ഫോണിൽ വിളിച്ചാൽ അവിടെനിന്നും തിരികെ കൊണ്ട് വിടാം എന്നും അയാൾ  പറഞ്ഞു. കായിപ്പുറത്ത്‌ നിന്നും നാടൻ വള്ളങ്ങൾ കിട്ടും എന്നും ചുരുങ്ങിയ ചിലവിൽ അവിടം പോയി വരാം എന്നും ഉള്ള അറിവായിരുന്നു കേട്ടിരുന്നത്. ബോട്ടിന്റെ ചാർജ് കൂടുതൽ ആണെന്നും പറഞ്ഞപ്പോൾ ഏറ്റവും കുറവ് ഇവിടെയാണ്‌ എന്നും കുമരകത്തൊ, ആലപ്പുഴയിൽ നിന്നോ ആണെങ്കിൽ ഇതിന്റെ നാലിരട്ടി വരെ വാങ്ങുമെന്നും അയാൾ പറഞ്ഞു.


വർഷങ്ങൾക്കു മുൻപ്  പാതിരാമണലിൽ സാധാരണ യാത്ര ബോട്ടിൽ വന്നിട്ടുള്ള രാജു ചേട്ടൻ, ഇപ്പോഴും പാതിരാമണലിലേക്ക് ഗവർന്മെന്റിന്റെ യാത്ര ബോട്ട് ഉണ്ടാകും എന്നും മുഹമ്മയിലെ ബോട്ട് ജെട്ടിയിൽ പോയി അന്വേഷിച്ചു നോക്കാം എന്നഭിപ്രായം പറഞ്ഞു. മറുത്തൊന്നും പറയാതെ, ഭക്ഷണം കഴിച്ച ശേഷം അല്പം കഴിഞ്ഞു വരാം എന്ന് മാത്രം പറഞ്ഞു ഞങ്ങൾ വന്ന വഴിയിലൂടെ മടങ്ങി. ബോട്ട് ജെട്ടിയിൽ നിന്നും നോക്കിയാൽ  വളരെ അടുത്ത് കാണാവുന്ന പാതിരാമണലിലേക്ക് അഞ്ഞൂറ് രൂപ കൊടുക്കാൻ മനസ്സിൽ മടി തോന്നിയിരുന്നു.


കായിപ്പുറത്ത്‌  നിന്നും വഴി ചോദിച്ചു മുഹമ്മയിലെ ബോട്ട് ജെട്ടിയിൽ എത്തി. പണി പൂർത്തിയാക്കിയിട്ടില്ലാത്ത പുതിയ ജെട്ടിയിൽ ആളുകളും ബോട്ടുകളും വളരെ കുറവായിരുന്നു. അവധി ദിവസം  ആയതിനാൽ  ചൂണ്ടയിട്ട് മീൻ പിടിക്കുന്ന കുറച്ചു ആളുകളെയും രണ്ടു ബോട്ട് ഡ്രൈവർമാരെയും കണ്ടു.  അവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പാതിരാമണലിലേക്ക് ഇപ്പോൾ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ഒന്നും ഇല്ലെന്നും അടുത്ത് തന്നെ തുടങ്ങാൻ ആലോചനയുണ്ട് എന്നും അവരിൽ നിന്നറിഞ്ഞു. ഞങ്ങൾ ആദ്യം പോയ കായിക്കലെ ബോട്ട് ജെട്ടിയിൽ ചെന്നാൽ അവിടെ നിന്നും ടൂറിസ്റ്റ് ബോട്ടോ , വള്ളമോ കിട്ടും എന്നും അവർ കൂട്ടിച്ചേർത്തു. കൂടുതലൊന്നും ചോദിക്കാതെ വന്ന വഴിയിലൂടെ മടങ്ങി.


സമയം പന്ത്രണ്ടുമണിയായി. പാതിരാമണലിനുള്ളിൽ കയറിയാൽ ഭക്ഷണമോ വെള്ളമോ ഒന്നും കിട്ടില്ല എന്നറിയാവുന്നതിനാൽ ഭക്ഷണം കഴിച്ച ശേഷം അങ്ങോട്ട്‌ പോകാൻ  തീരുമാനിച്ചു. കായിപ്പുറം സെന്ററിൽ നല്ല ഹോട്ടലുകൾ  ഒന്നും കണ്ടില്ല. വീണ്ടും ശ്രദ്ധയോടെ ഓരോ കടകളുടെയും ബോർഡുകൾ വായിച്ചു നോക്കി. അവസാനം ഹോട്ടൽ സ്മിത എന്ന പേരിലുള്ള  ഒരു ചെറിയ ഒറ്റമുറി കടയുടെ വലിപ്പത്തിലുള്ള ഹോട്ടൽ മാത്രം കണ്ടു. കഴിക്കാൻ കാര്യമായി ഒന്നും കിട്ടില്ല എന്നും, എന്തെങ്കിലും കഴിച്ചു വിശപ്പടക്കാം എന്നും പറഞ്ഞു അവിടേക്ക് കയറി. കഴിക്കാൻ എന്താണ് ഉള്ളത് എന്ന ചോദ്യത്തിന് വന്ന മറുപടി കേട്ടപ്പോൾ മുൻധാരണകൾ എല്ലാം വെറുതെയായി . കരിമീൻ, കൊഞ്ച് , കക്ക തുടങ്ങി അവിടെ ഒരുവിധം എല്ലാ കായൽ കടൽ വിഭവങ്ങൾ എല്ലാം അവിടെ ഉണ്ടായിരുന്നു. കായൽ വിഭവങ്ങൾ കൂട്ടി ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ഒരുപാടുപേർ വന്നു ഭക്ഷണം പാർസൽ വാങ്ങി കൊണ്ട് പോകുന്നത് കണ്ടു. അത് കൊണ്ട് തന്നെ വലുപ്പത്തിൽ സ്മിതാ ഹോട്ടൽ ചെറുതാണെങ്കിലും പേരിലും രുചിയിലും  ആ ഹോട്ടൽ ഒരുപാട് വലുതാണ്‌ എന്ന് ബോധ്യപ്പെട്ടു .


വീണ്ടും ആ പഴയ ബോട്ട് ജെട്ടിയിലെത്തി. ഇത്തവണ വണ്ടിയുടെ അടുത്തേക്ക് വന്നത് മറ്റൊരാളായിരുന്നു. ആളു മാറിയത് പോലെ ഇത്തവണ  ബോട്ടിന്റെ ചാർജിലും വ്യത്യാസം ഉണ്ടായിരുന്നു. 4 0 0 രൂപ. ചാർജ് കൂടുതൽ ആണ് എന്നും അല്പം കുറക്കണം എന്നും സംസാരിച്ചു നോക്കി. ഒരു രക്ഷയും ഇല്ല. അവസാനം മുഴുവൻ  രൂപയും കൊടുത്തു, ബോട്ട് ഡ്രൈവറുടെ മൊബൈൽ നമ്പർ വാങ്ങി  ആ ചെറിയ ബോട്ടിൽ കയറി.


വേമ്പനാട് കായലിലൂടെ ഒഴുകുന്ന ബോട്ടിൽ പാതിരാമണൽ അടുക്കുന്നതും നോക്കി നിന്നു. എവിടെ നിന്നും നോക്കിയാലും പേടിപ്പെടുത്തുന്ന ഒരു പച്ചത്തുരുത്ത്. അതായിരുന്നു അകലെ നിന്നും നോക്കുമ്പോൾ പാതിരാമണൽ. അവിടെ ബോട്ടുകൾക്കും മറ്റും അടിപ്പിക്കാൻ ആയി ഒരു ജെട്ടിയും ഉണ്ടായിരുന്നു. ജെട്ടിയിൽ  നിന്നും  ബോട്ട് ഇറങ്ങിയത് തന്നെ കാട്ടിലെക്കായിരുന്നു. തുടക്കത്തിൽ തന്നെ തകർന്നു കിടക്കുന്ന ചില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടു. അവിടെ നിന്നും തുടങ്ങുന്ന കാട്ടിലൂടെ നടക്കാനായി കല്ലുകൾ പാകിയ നടവഴികളും കണ്ടു.


പാതിരാമണൽ ദ്വീപിനു "അനന്തപദ്മനാഭൻ തോപ്പ്" എന്നും പേരുണ്ട്. കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ ബ്രാഹ്മണനായ വില്വമങ്കലത്ത് സ്വാമിയാരുടെ  മുന്നിൽ കായൽ വഴിമാറി കരയായി മാറിയ സ്ഥലമാണ്  പാതിരാമണൽ എന്ന് ഐതിഹ്യം. പല ഉടമകളിലൂടെ കൈമാറി വന്ന ഈ ഭൂമി  1979ൽ ഭൂപരിഷ്കരണനിയമം നടപ്പിലായ സമയത്ത് ഗവണ്മെന്റ് ഏറ്റെടുക്കുകയും, തുടർന്ന് വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു. ദ്വീപിൽ അന്ന് താമസമുണ്ടായിരുന്ന പതിനാലു കൂടുംബങ്ങളെ മുഹമ്മയിലേക്ക് പുനരധിവസിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോൾ ഈ ദ്വീപിൽ മനുഷ്യ വാസം ഒട്ടും ഇല്ല.


വർഷങ്ങളായി മനുഷ്യന്റെ കൈ കടത്തലുകൾ അധികം ഇല്ലാതെ മരങ്ങളും ചെടികളും എല്ലാം വളര്ന്നു ശരിക്കും കാട് പിടിച്ചുകിടക്കുന്ന ആ ദ്വീപിലൂടെ സന്ദർശകർക്ക് നടക്കാനായി പലയിടങ്ങളിലും കല്ലുകൾ പാകിയ നടപ്പാതകൾ മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളത്. പ്രകൃതിയുടെ ആവാസവ്യവസ്ഥക്ക്‌  ഇവിടെ അധികം കോട്ടം തട്ടത്തതുകൊണ്ട്  ഒരു പാട് പക്ഷികളുടെയും, ചിത്രശലഭങ്ങളുടെയും, മറ്റു ജീവികളുടെയും പ്രിയപ്പെട്ട സ്ഥലമാണ് ഈ ദ്വീപ്‌. അതുപോലെ തന്നെ പലതരത്തിലുള്ള ഔഷധ സസ്യങ്ങളും ഇവിടെ സുലഭമായി കാണാം. 


കല്ല്‌ പാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചു നടന്നു. കാടിന്റെ ഉള്ളിൽ തെങ്ങുകളും, കശുമാവും മറ്റും വളര്ന്നു നില്ക്കുന്നത് ഒരു പുതിയ കാഴ്ച ആയിരുന്നു. മുൻപേ താമസിച്ചിരുന്ന ആളുകൾ നട്ട ഫല വൃക്ഷങ്ങൾ  കണ്ടൽ ചെടികളോടും , കാട്ടു വള്ളികളോടും ചേർന്ന് നില്കുന്ന കാഴ്ച മനോഹരവും ഭീകരവും ആയിരുന്നു. പച്ച നിറത്തിലുള്ള പായൽ നിറഞ്ഞു കിടക്കുന്ന വലിയ കുഴികൾ (അതോ കുളങ്ങളോ) വഴിയിൽ പലയിടത്തും കാണാമായിരുന്നു. ചിലയിടങ്ങളിൽ കണ്ടലുകളും വള്ളികളും വളർന്നു നില്ക്കുന്ന കാഴ്ച ചില ഇംഗ്ലീഷ്‌ സിനിമകളിലെ പ്രേത ചിത്രങ്ങളിലെ രംഗങ്ങളെ ഓർമിപ്പിച്ചു.


കുട്ടികൾ പലപ്പോഴും എല്ലാവർക്കും മുൻപേ ഓടി തുടങ്ങി. ഇരുവശവുംകാട് പിടിച്ച വഴികള ആയതിനാൽ പാമ്പുകൾ  ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആയിരുന്നു. പല തവണ ചെറിയ ചെറിയ കാടുകൾ കണ്ടത് കൊണ്ടാവണം അവർക്ക് കാടിനോടും ഈ വിജനതയോടും ഒട്ടും ഭയം തോന്നാത്തത് എന്ന് തോന്നി. ഒരു കണക്കിന് അവരെ പുറകിലാക്കി ഏറ്റവും മുൻപേ, ഷൂ ഇട്ട കാലുകൾ അമർത്തി ചവിട്ടി കാട്ടിലൂടെ  നടന്നു. ആ ഷൂ ശബ്ദം കേട്ടാൽ ഒരു വിധത്തിൽ പെട്ട പാമ്പുകൾ വഴിമാറി പോകും എന്നറിയാമായിരുന്നതു കൊണ്ടാണ് അങ്ങിനെ നടന്നത്. ശരിക്കുള്ള കാട്ടിൽ ഈ നടത്തം പലപ്പോഴും വെറുതെയാകാറുണ്ട് , ചുരുട്ട എന്ന പേരിൽ അറിയപ്പെടുന്ന മടിയനായ ചെറിയ പാമ്പ് എത്ര ശബ്ദം കേട്ടാലും ഒരിക്കലും വഴിമാറി തരാറില്ല.


കുറെ ദൂരം നടന്നപ്പോൾ ദ്വീപിന്റെ മറു വശത്തെത്തി. അവിടെ ഒരു SNDP ക്കാരുടെ ഒരു ചെറിയ അമ്പലം കണ്ടു. അതിന്റെ മുൻപിൽ മണൽ വിരിച്ച തുറസായ കുറച്ചു സ്ഥലവും കണ്ടു. അൽപ സമയം അവിടെ ഇരുന്നു വിശ്രമിച്ചു. ഒരു ഒഴിവു ദിവസം ആയിട്ടും ഈ വന്യത ആസ്വദിക്കാൻ അവിടെ ആരെയും കണ്ടില്ല എന്നതിൽ   വളരെ നിരാശ തോന്നി. കായലിൽ കുറച്ചു അകലെയായി ഒരു വലിയ ഹൌസ് ബോട്ട്  കിടക്കുന്നുണ്ടായിരുന്നു. അതിലെ ആളുകളുടെ ബഹളങ്ങൾ മാത്രം കേട്ടു.  കുമരകം ഹൌസ് ബോട്ട് യാത്രകളിൽ  ആളുകളെ പാതിരാമണൽ കാണിക്കാൻ കൊണ്ട് വരിക ഒരു പതിവാണ്. എന്നിട്ടും ഈ ദ്വീപിൽ ആരെയും കണ്ടില്ല.


അമ്പലത്തിന്റെ രണ്ടു വശത്തേക്കും നടക്കാനുള്ള വഴികൾ കണ്ടു. കല്ലുകൾ  പാകാത്ത, ആളുകള് നടന്നു മാത്രം വഴി രൂപപ്പെട്ട വഴിയിലൂടെ കുറെ നടന്നു നോക്കി. ശരിക്കും ഭീകരമായ ഒരു വഴിയായിരുന്നു അത്. കണ്ടലുകളും വള്ളികളും എല്ലാം പടര്ന്നു വഴിപോലും കൃത്യമല്ലാത്ത ഒരു പാതയായിരുന്നു അത്. ആ പാത എവിടെക്കെന്നറിയാതെ നീണ്ടു നീണ്ടു പോകുകയായിരുന്നു. പലയിടത്തും വഴികൾ പിരിഞ്ഞു പോകുന്നുമുണ്ട് . തിരിച്ചു വരാൻ വഴി അറിയാൻ വേണ്ടി പോകുന്ന വഴിയിൽ പലയിടത്തും ചെടികളുടെ തലപ്പുകൾ ഒടിച്ചു വഴിയിൽ ഒരു ആരോ മാർക്ക്‌ പോലെ ഇട്ടു. രാജു ചേട്ടനും പലയിടത്തും ഇത് ചെയ്യുന്നുണ്ടായിരുന്നു.വന യാത്രകളിൽ യാത്രകളിൽ സ്ഥിരമായി ചെയ്യുന്ന കാര്യം ആയിരുന്നു അത്.


കുറെ നേരം പോയിട്ടും വഴികൾ അവസാനിക്കാതെ ആയി. അവസാനം വന്ന വഴിയെ തന്നെ തിരിച്ചു നടന്നു. അങ്ങോട്ടും ഇങ്ങോട്ടും യാതൊരു നിയന്ത്രണവും ഇല്ലാതെ ഓടുന്ന കുട്ടികളെയും കൊണ്ട് ഇനിയും ഇതിലേറെ നടക്കാൻ കഴിയില്ല എന്ന് തോന്നി. പിന്നെ എല്ലാം ഒരേ കാഴ്ചകൾ. നിറഞ്ഞ പച്ചപ്പും വന്യതയും ശുദ്ധമായ വായുവും ആസ്വദിച്ച് തിരിച്ചു നടന്നു. കിളികള വളരെ കുറവേ അവിടെ കണ്ടുള്ളൂ . രാവിലെയും വൈകീട്ടും വന്നാൽ മാത്രമേ കിളികളെ കാണാൻ കഴിയൂ എന്നറിയാമായിരുന്നതിനാൽ വിഷമം തോന്നിയില്ല.


തിരികെ അമ്പലത്തിനടുത്തെത്തി. അവിടത്തെ ചാഞ്ഞു കിടക്കുന്ന മരത്തിൽ കുട്ടികൾ കയറാനും ഇറങ്ങാനും തുടങ്ങി. താഴെ മണൽ ആയതിനാൽ വീണാലും കാര്യമായി ഒന്നും പറ്റില്ല എന്ന് തോന്നിയതിനാൽ അവരെ കൂടുതൽ ശ്രദ്ധിക്കാതെ കായലിന്റെ ഭംഗിയും ആസ്വദിച്ചു കുറെ നേരം ചിലവഴിച്ചു.


മടക്കയാത്രയിൽ രാജു ചേട്ടൻ ഒരു പാട് ഔഷധ ചെടികളെ പരിചയപ്പെടുത്തി തന്നു. കുന്നിക്കുരുവും വീടുകളിൽ സാധാരണ കാണാറുള്ള ചെത്തിയും അല്ലാതെ ഒരു ചെടിയും എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല. പല ചെടികളുടെയും പേരുകളും,  ഔഷധ ഗുണങ്ങളും  കേട്ടപ്പോൾ ശരിക്കും വിസ്മയം തോന്നി.


മടക്കയാത്രയിൽ തിരികെ വരുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ബോട്ടിൽ നിന്നും പുറത്തിറങ്ങി വരുന്നത് കണ്ടു. കൈയിൽ തുറന്നു പിടിച്ച ബിയർ കുപ്പികളുമായാണ് വരവ്.  ആരുടേയും ശല്യമില്ലാത്ത ഈ വിജനതയിൽ സ്വാതന്ത്യദിനം ആഘോഷിക്കാൻ ആണ് അവരുടെ വരവ്.


മൊബൈലിൽ ബോട്ട് ഡ്രൈവറെ വിളിച്ചു അൽപ സമയത്തിനുള്ളിൽ തന്നെ അവർ എത്തി. പാതിരാ മണലിനോട്‌ പതുക്കെ വിട പറഞ്ഞു. മനസ്സിൽ അപ്പോഴേക്കും ഒരു തീരുമാനം എടുത്തിരുന്നു ...വീണ്ടു ഒരിക്കൽ കൂടി ഇവിടെ വരും. ആ അമ്പല മുറ്റത്തെ മണലിൽ ടെന്റുകൾ കെട്ടി ഒരു രാത്രി കായലിനോടും മണലിനോടും നിലാവിനോടും  പ്രിയ കൂട്ടുകാരോടും ഒപ്പം ഒരു രാത്രി....മടക്ക യാത്രയിൽ മനസ്സിൽ അത് മാത്രമായിരുന്നു ചിന്ത..അതുകൊണ്ട്  തന്നെ ഒരു പ്രിയപ്പെട്ട സ്ഥലത്തോട് വിട പറയുന്ന സങ്കടം മനസ്സിൽ ഒട്ടും ഉണ്ടായിരുന്നില്ല ..

ഇനി ഒരു കാത്തിരിപ്പാണ് ...

കായലും, മണലും, നിലാവും , സൌഹൃദങ്ങളും ഒത്തു ചേരുന്ന ഒരു പാതിരാമണൽ  രാത്രിക്കായുള്ള കാത്തിരുപ്പ് ....

വരുന്നോ എന്റെ പ്രിയ കൂട്ടുകാരെ ?


Sunday, June 16, 2013

രാമക്കൽ മേട്

ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ ഒരു സ്ഥലമാണ്  രാമക്കൽ മേട് ... ഒരു വലിയ മലയുടെ ഏറ്റവും ഉയരത്തിൽ  സ്ഥാപിച്ചിരിക്കുന്ന  കുറവന്റെയും കുറത്തിയുടെയും പ്രതിമയും കണ്ടു ആ മല മുകളിൽ  കുടുംബത്തോടൊപ്പം അവിടത്തെ അതി ശക്തമായ കാറ്റും കൊണ്ടിരുന്നപ്പോൾ ഈ സ്ഥലം കൂടുതൽ ആളുകൾക്കു പരിചയപ്പെടുത്തി കൊടുക്കണം എന്ന് മനസ്സ് പറഞ്ഞു അങ്ങിനെയാണ്  കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വന്ന നാല്പതു ആളുകളെയും കൊണ്ട് രാമക്കൽ മേട്ടിൽ നിന്നും തമിഴ്നാട്ടിലെ കൊമ്ബത്തെക്ക് ഒരു സാഹസികയാത്ര നടത്താൻ ഞാൻ തീരുമാനിച്ചത് ... ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ യാത്രയുടെ ചില ചിത്രങ്ങൾ ഇതാ ... പങ്കെടുത്ത എല്ലാ ആളുകള്ക്കും ഇഷ്ടപെട്ട ആ യാത്രയുടെ കൂടുതൽ വിവരണങ്ങൾ എന്നെങ്കിലും എഴുതാം എന്ന പ്രതീക്ഷയോടെ ...........































Wednesday, January 9, 2013

കീഴാര്‍ക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക്

കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ പലതും  പുറം ലോകത്ത് അധികം ആരും അറിയാതെ  മറഞ്ഞു കിടക്കുകയാണ് എന്ന്  പറഞ്ഞാല്‍ വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമാണ് . പക്ഷെ കേരളത്തിലെ പല കാടുകളിലും കടന്നു ചെല്ലുകയും അവിടത്തെ മനോഹരമായ വെള്ളച്ചാട്ടങ്ങളെ അടുത്ത് കാണുകയും ചെയ്തപ്പോള്‍ ഇത്രയും കാലം കണ്ട വെള്ളച്ചാട്ടങ്ങളെക്കാള്‍  മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ആണ് കാട്ടിനുള്ളില്‍ മറഞ്ഞിരിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .അത്തരത്തില്‍ പെട്ട, പുറം ലോകത്ത് അധികം ആര്‍ക്കും അറിയപ്പെടാത്ത, എത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു സുന്ദരലോകത്തേക്ക് ആയിരുന്നു ഇത്തവണത്തെ ഞങ്ങളുടെ യാത്ര 
ഇടുക്കി ജില്ലയിലെ മലയിഞ്ചി എന്ന സ്ഥലത്തുള്ള കീഴാര്‍ക്കുത്ത്  വെള്ളച്ചാട്ടത്തെ പറ്റി  പറഞ്ഞു തന്നത്  യാത്രകളെ  ഒരുപാട് സ്നേഹിക്കുന്ന വിജു എന്ന സുഹൃത്തായിരുന്നു. ആ വെള്ളച്ചാട്ടത്തിന്റെ  ചില ചിത്രങ്ങള്‍  കണ്ടപ്പോള്‍ തന്നെ ഞങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം കൊടുത്ത സാഹസിക യാത്രാക്ലബ്ബിന്റെ  ആ മാസത്തെ പ്രോഗ്രാം കീഴാര്‍ക്കുത്തിലേക്ക് നടത്താം എന്ന് തീരുമാനിച്ചു.  കേരള കൂട്ടുകാര്‍ എന്ന ഗൂഗിള്‍ ഗ്രൂപ്പിലൂടെ പരിചയപെട്ട ഏകദേശം മുപ്പതുപേരും മറ്റു പല പരിചയങ്ങളിലൂടെ വന്ന ആളുകളും കൂടി നാല്‍പ്പത്തിമൂന്നു പേര്‍ ചേര്‍ന്ന ഒരു വലിയ സംഘം ആയിട്ടായിരുന്നു ഇത്തവണത്തെ ഞങളുടെ കാട്ടിലേക്കുള്ള യാത്ര. 
പരസ്പരം അറിയാത്ത ഒരു പാട് പേരോടോത്തുള്ള യാത്ര തന്നെ വളരെ രസകരം ആയിരുന്നു. ടൂറിസ്റ്റ്   ബസ്സിലെ  മൈക്ക് ഉപയോഗിച്ച് ഓരോരുത്തരും പരസ്പരം പരിചയപ്പെടുത്തി. കേരളത്തിലെ പലഭാഗങ്ങളില്‍ ഉള്ള യാത്രകളില്‍ താല്പര്യം ഉള്ള ആളുകളെ പരിചയപ്പെട്ടപ്പോള്‍ തന്നെ ഈ യാത്രയുടെ ഉദ്യേശം സഫലമായതായി തോന്നി  . ഒരു ദിവസം കൊണ്ട് സമൂഹത്തിന്റെ പല മേഖലകളില്‍ ജോലി ചെയ്യുന്ന നാല്പതിലധികം പേരെ സുഹൃത്തുക്കളായി കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമായി തോന്നി.
എറണാകുളത്ത്  നിന്നും തൊടുപുഴ, ചീനിക്കുഴി വഴി  മലയിഞ്ചി എന്ന ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. കലൂരില്‍ നിന്ന് തൊണ്ണൂറ്റി അഞ്ചു കിലോമീറ്റര്‍ അകലത്തില്‍ ആണ് മലയിഞ്ചി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് .പേരില്‍ തന്നെ ഒരു പ്രത്യേകത തോന്നിയ , ഒരു തനി നാട്ടിന്‍പുറം പുറം. ആധുനികതകളുടെ സൌകര്യങ്ങള്‍ ഒട്ടും കടന്നു ചെന്നിട്ടില്ലാത്ത ഒരു ചെറിയ സ്ഥലം. പോകുന്ന വഴിയില്‍ എല്ലാം റബ്ബര്‍ മരങ്ങളും ജാതിയും മറ്റും നിറഞ്ഞ തോട്ടങ്ങള്‍ .മൂന്നോ നാലോ ചെറിയ കടകള്‍ മാത്രം ഉള്ള ഒരു കവലയും പിന്നെ ഒരു ക്രിസ്ത്യന്‍ പള്ളിയും. അത്രക്കും ചെറിയ ഗ്രാമമായിരുന്നു  മലയിഞ്ചി .
കീഴാര്‍ക്കുത്തിലേക്ക് പോകുന്ന വഴിയില്‍ ഒരു വീട്ടിലായിരുന്നു ഭക്ഷണം ഏര്‍പ്പാട് ചെയ്തിരുന്നത് മലയിഞ്ചിയില്‍ നിന്നും അര കിലോമീറ്റര്‍  അകലത്തില്‍ ആയാണ് ആ വീട് . ഇരു വശത്തും റബ്ബര്‍ മരങ്ങള്‍ മാത്രം നിറഞ്ഞ, ടാറിടാത്ത, ഒരു ജീപ്പിനു മാത്രം പോകാവുന്ന റോഡിലൂടെ കുറെ നേരം നടന്നാണ് അവിടെ എത്തിയത് . അടുത്ത് മറ്റു വീടുകള്‍ ഒരെണ്ണം പോലും  കണ്ടില്ല. തികച്ചും ഒറ്റപ്പെട്ട നിലയില്‍ റബ്ബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ആ വീടും അവിടത്തെ ആളുകളും പട്ടണത്തില്‍ ജീവിച്ചു വളര്‍ന്നവര്‍ക്ക് തികച്ചും ഒരു കൌതുക കാഴ്ചയായിരുന്നു. ഉറക്കെ അലറി വലിച്ചാല്‍ പോലും ആരും ഓടി എത്താത്ത അവരുടെ ഒറ്റപ്പെട്ട ജീവിതവും കണ്ടു പ്രഭാത  ഭക്ഷണം കഴിച്ചു.  ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം എല്ലാവരും ബാഗില്‍ എടുത്തു വെച്ച് വീണ്ടും യാത്ര തുടങ്ങി .. ഒരു പുതിയ കാണാക്കാഴ്ച തേടി
ജനവാസം ഒട്ടും  ഇല്ലാത്ത റബ്ബര്‍ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വഴികളിലൂടെ ചെറിയ ചെറിയ സംഘങ്ങള്‍ ആയി നടന്നു നീങ്ങി. മുന്‍പിലും പുറകിലും ആ വഴികള്‍ സുപരിചിതരായ, ഞങ്ങള്‍ക്ക് വഴികാട്ടികളായി വരുന്ന രണ്ടു നാട്ടുകാര്‍ ഉണ്ടായിരുന്നു. പിന്നെ വന്യ മൃഗങ്ങള്‍ വളരെ കുറവായ ഒരു കാടാണ് എന്ന് കേട്ടിരുന്നെങ്കിലും വന്യ മൃഗ ഭീക്ഷണി എന്ന പേടിയും മനസ്സില്‍ ഉണ്ടായിരുന്നു. ഇത്ര വലിയ സംഘത്തെയും  കൊണ്ട്  കാട് കയറി അവര്‍ക്ക് ഒരപകടവും കൂടാതെ തിരിച്ചെത്തിക്കുക എന്നത് ഒരു ഞങ്ങളുടെ ഉത്തരവാദിത്തം ആയിരുന്നതിനാല്‍ യാത്രയില്‍ ഉടനീളം കാരണം അറിയാത്ത ഒരു ആശങ്ക മനസ്സില്‍ നിറഞ്ഞിരുന്നു . 
ഏകദേശം അര കിലോമീറ്റര്‍ നടന്നപ്പോള്‍ കണ്ട ചെറു വഴിയിലൂടെ ശരിക്കും കാട്ടിലേക്ക്  ഉള്ള യാത്ര തുടങ്ങി. തുടക്കം തന്നെ ദുഷ്കരം ആയിരുന്നു. പലയിടത്തും പാറകളുടെ മുകളിലൂടെ കടന്നു വേണം പോകാന്‍ . മറ്റൊരാളുടെ സഹായം ഇല്ലാതെ നടന്നു  പോകാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ആദ്യം ഒരാള്‍ പാറ ചാടിക്കടക്കുകയും മറ്റുള്ളവരെ കൈ പിടിച്ചു കടത്തുകയും ചെയ്തു കൊണ്ട്  വളരെ പതുക്കെ ആയിരുന്നു നടത്തം. ഒരു പ്രതേക തരം കാടായിരുന്നു അത് . ഓരോ  ചുവടുവെപ്പിലും വളരെ ശ്രദ്ധിക്കേണ്ട തരത്തില്‍ ഉള്ള കാട് . നടക്കുന്ന വഴിയുടെ ഇരു വശത്തും ചിലപ്പോള്‍ മുള്ള് നിറഞ്ഞ വള്ളിപ്പടര്‍പ്പുകള്‍ കാണും അല്ലെങ്കില്‍ നിലത്തു  ചെറിയ ചെറിയ പാറക്കഷണങ്ങള്‍ , അല്ലെങ്കില്‍ ചിലപ്പോള്‍ മരങ്ങള്‍ വീണു കിടക്കുന്നുണ്ടാകും,  അല്ലെകില്‍ ഒരു കൊക്കയുടെ ഭാഗത്ത്‌ കൂടെ ആയിരിക്കും നടപ്പ് . മറ്റുള്ളവരെ നോക്കാതെ സ്വയം ശ്രദ്ധിച്ചു ഓരോ  ചുവടും  വെച്ചില്ലെങ്കില്‍ അപകടം ഉറപ്പായിരുന്നു .മുന്‍പേ നടക്കുന്ന ആളുമായി ഒരടിയെങ്കിലും അകലത്തില്‍ നടക്കണം എന്നാണ് കാട്ടിലെ നിയമം  ആദ്യം പോകുന്ന  ആള്‍ വഴിമാറ്റി  വിടുന്ന മരച്ചില്ലകളും മുള്ളുകളും പിറകെ വരുന്ന ആളുടെ ശരീരത്തിലോ പ്രത്യേകിച്ച് കണ്ണിലോ മറ്റോ കൊണ്ട് അപകടം ഉണ്ടാകാനുള്ള സാദ്യത വളരെ കൂടുതല്‍ ആയിരുന്നു. വന യാത്രകളില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഈ വസ്തുത ബസ്സില്‍ വെച്ച് എല്ലാവരോടും പറഞ്ഞിരുന്നു എങ്കിലും ആദ്യമായി കാട് കയറുന്ന പലരും ഇത് മറക്കുകയും അപകടങ്ങള്‍ പറ്റുകയും ചെയ്യുന്നത്  ഒരു പതിവ് കാഴ്ചയായിരുന്നു.
കുറെ നേരം നടന്നപ്പോള്‍ പുഴയോഴുകുന്ന സ്വരം കേട്ടു . വീണ്ടും കുറച്ചു  നടന്നപ്പോള്‍ ഒരു പുഴയുടെ അടുത്തെത്തി. അകലെയുള്ള വെള്ളച്ചാട്ടത്തില്‍ നിന്നും ഒഴുകി വരുന്ന വെള്ളമായിരുന്നു അത് . കാട്ടിലെ യാത്രകളില്‍ ഒരു ചെറിയ പുഴ കാണുന്നത് തന്നെ ആശ്വാസം ആണ് . എന്നെങ്കിലും ഏതെങ്കിലും കാട്ടില്‍ വെച്ച് വഴി തെറ്റുകയാണെങ്കില്‍  ഒഴുകുന്ന പുഴയുടെ അരികിലൂടെ നടന്നാല്‍ പുറം ലോകത്ത് എത്താം എന്ന വളരെ സിമ്പിളായ ഒരു കാര്യം കാട്ടില്‍ ആദ്യമായി വരുന്ന ചിലര്‍ക്ക് പറഞ്ഞു കൊടുത്തു നടന്നു. 
ചില ദുര്‍ഘടമായ സ്ഥലങ്ങളില്‍ താഴേക്ക്‌ ഇറങ്ങുന്നത് ശരിക്കും അപകടകരം ആയിരുന്നു. ഇത് മുന്‍കൂട്ടി മനസ്സിലാക്കി വലിയ കയറുകള്‍ ഞങ്ങള്‍ കൊണ്ട് വന്നിരുന്നു. വലിയ ഇറക്കം ഇറങ്ങുന്നതിനു മുന്‍പ്  ഉറപ്പുള്ള ഏതെങ്കിലും മരത്തില്‍ കയര്‍ കെട്ടും എന്നിട്ട്  എല്ലാവരും അതില്‍ പിടിച്ചു താഴേക്ക്‌ ഇറങ്ങും. ഏറ്റവും അവസാനം വരുന്ന ആള്‍ ആ കയര്‍ അഴിച്ചെടുത്തു കൊണ്ട് വരും. അങ്ങിനെ ആയിരുന്നു കുറച്ചു സ്ഥലങ്ങളില്‍ ഞങളുടെ യാത്ര. ഈ ഇറക്കവും കയറ്റവും ശരിക്കും രസകരം ആയിരുന്നു എന്നാല്‍ വളരെ അപകടകരവും ആയിരുന്നു. ഒരു ചെറിയ ചുവടു വെപ്പ് പിഴച്ചാല്‍ ചെന്ന് വീഴുന്നത് വലിയ പാറയുടെ മുകളിലോ  വലിയ കുഴികളിലോ ആയിരിക്കും. 
പോകുന്ന വഴിയില്‍ പലയിടത്തും ചെറിയ പാമ്പുകളെ കണ്ടു. ചുരുട്ട എന്ന വിഭാഗത്തില്‍ പെട്ട പാമ്പുകളെ ആണ്  കൂടുതലും കണ്ടത്. വഴിയില്‍ തടസ്സമായി കിടക്കാത്തത് കൊണ്ട് പാമ്പിനെ കണ്ട കാര്യം ആരോടും പറഞ്ഞില്ല. വളരെ ശ്രദ്ധിച്ചു നടന്നാല്‍ മാത്രമേ ഇത്തരം പാമ്പുകളെ കാണാന്‍ കഴിയൂ. പലപ്പോഴും നിലത്തു വീണു കിടക്കുന്ന ഇലയുടെ അതെ കളറില്‍ ആയിരിക്കും ആ പാമ്പിന്റെ നിറവും. വളരെ ചെറിയ ശരീരവും തിരിച്ചറിയാനാവാത്ത കളറും കാരണം പലരും പാമ്പിനെ ചവിട്ടുന്നത് പതിവാണ്. ചുരുട്ട എന്ന ഈ പാമ്പ് കടിച്ചാല്‍ ആള്‍ പെട്ടെന്ന് മരിക്കുകയൊന്നും ഇല്ല . ശരീരം നീര് വന്നു തടിക്കും. അങ്ങിനെയാണ് പറഞ്ഞു കേട്ടിരിക്കുന്നത് .
കുറെ നേരം നടക്കുകയും കയറ്റങ്ങള്‍ കയറുകയും ഇറങ്ങുകയും  മറ്റും ചെയ്തപ്പോള്‍ കാട്  കയറി വലിയ പരിചയം ഇല്ലാത്ത പലരും അവശ നിലയില്‍ ആയി. പല സ്ഥലങ്ങളിലും നിന്നും ഇരുന്നും പതുക്കെ മല കയറാന്‍ പ്രേരിപ്പിച്ചും സമയം കൊടുത്തും എന്താണ് ട്രെക്കിംഗ് എന്ന് അവരെ പഠിപ്പിച്ചു കൊടുത്തുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. എന്നിട്ടും അവരില്‍ രണ്ടു പേര്‍ ഇനി ഒട്ടും നടക്കാന്‍ പറ്റില്ല എന്നറിയിച്ചു. കടവന്ത്രയില്‍ നിന്നും വന്ന ഒരു ലേഡി ഡോക്ടറും പിന്നെ ചെന്നൈയില്‍ നിന്നും ഈ യാത്രക്ക് വേണ്ടിമാത്രമായി വന്ന ഒരാളും ഈ യാത്രയില്‍ നിന്നും പിന്‍വാങ്ങി. ഒട്ടും പരിചയമില്ലാത്ത കാട്ടില്‍  അവര്‍ക്ക് കൂട്ടിനായി ഞങ്ങളില്‍ ഒരാളെയും ഇരുത്തി തിരിച്ചു വരുമ്പോള്‍ മൂന്നു പേരെയും കണ്ടു മുട്ടാം  എന്നും പറഞ്ഞു വീണ്ടും യാത്ര തുടര്‍ന്നു.
വഴിയില്‍ പലയിടത്തും മരങ്ങളില്‍ പടര്‍ന്നു നല്ല  വണ്ണം ഉള്ള വള്ളികള്‍ കണ്ടു. പ്ലാശ് എന്ന പേരില്‍  അറിയപ്പെടുന്ന ആ വള്ളികള്‍ മുറിച്ചാല്‍ ഒരാള്‍ക്ക്‌ ദാഹം മാറ്റാനുള്ള വെള്ളം അതില്‍ നിന്നും കിട്ടും എന്നറിയാമായിരുന്നു. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പീച്ചി കാടുകളിലൂടെ രാത്രിയില്‍ നടത്തിയ ഒരു സാഹസിക യാത്രയില്‍ ആണ്  ഈ വള്ളികളെ ആദ്യമായി ഫോറസ്റര്‍ പരിചയപ്പെടുത്തി തന്നത് . കുടിക്കാന്‍ ഒട്ടും വെള്ളം ഇല്ലാതെ വലയുന്നതിനിടയില്‍ രാത്രിയില്‍ ടോര്‍ച്ചിന്റെ ഇരുണ്ട വെളിച്ചത്തില്‍ പ്ലാശ് വെട്ടി വെള്ളം കുടിച്ചു ദാഹം തീര്‍ത്തത് ഒരു ഓര്‍മയായി മനസ്സില്‍ ഇപ്പോഴും കിടക്കുന്നുണ്ട് . ചില വള്ളികളില്‍ നന്നായി വെള്ളം കാണും ചിലതില്‍ വളരെ കുറച്ചു മാത്രം അതും തുള്ളി തുള്ളിയായി വന്നു കൊണ്ടിരിക്കും. ചെറിയ മധുരം തോന്നിക്കുന്ന ഒരു പ്രത്യേക രുചിയുള്ള വെള്ളമുള്ള  ആ വള്ളികള്‍ കുറച്ചു മുറിച്ചു എല്ലാവര്ക്കും കൊടുത്തു. എന്റെ ഭാര്യയടക്കം ഈ യാത്രയില്‍ പങ്കെടുത്ത പലര്‍ക്കും പ്ലാശ് ഒരു പുതിയ അനുഭവം ആയിരുന്നു. കുറെ നേരം പലരും ഈ പ്ലാശിന്റെ  വലിയ കൊമ്പ് വായില്‍ വെച്ച് കൊണ്ടായിരുന്നു കാട്ടിലൂടെ നടന്നിരുന്നത്. 
അങ്ങിനെ നടന്നു നടന്നു ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം വളരെ ശക്തമായി കേട്ട് തുടങ്ങി. ആദ്യമായി  വന്ന പലരും നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു.  ആ വെള്ളച്ചാട്ടത്തിന്റെ ശബ്ദം അവരില്‍ ആവേശം ഉണര്‍ത്തി. മഴക്കാലത്ത്‌ ഒരാള്‍ക്കും എത്തി പെടാന്‍ പറ്റാത്ത തരത്തില്‍ ആയിരുന്നു ആ വെള്ളച്ചാട്ടം.  മൂന്ന് ഭാഗവും വലിയ പാറകള്‍ കൊണ്ട് ചുറ്റപ്പെട്ട അവിടേക്ക് വെള്ളം ഒഴുകുന്ന വഴിയിലൂടെ മാത്രം നടന്നാലേ എത്താന്‍ പറ്റുകയുള്ളു. ചെരിഞ്ഞു കിടക്കുന്ന ഒരു വലിയ പാറയിലൂടെ നടന്നു കയറി വെള്ളം ഒഴുകുന്ന ചാലിലൂടെ നടന്നാലേ അവിടെ എത്താനാകൂ. ഈ പാറയുടെ ഒരു ഭാഗം അഗാധമായ കൊക്കയാണ്.  ആദ്യം ഒരാള്‍ ശ്രദ്ധിച്ചു പാറകളിലൂടെ പിടിച്ചു കയറി ഒരു മരത്തില്‍ കയറു കെട്ടി. പിന്നെ വന്നവര്‍ ആ കയറില്‍ പിടിച്ചു വളരെ ശ്രദ്ധയോടെ കയറി മുകളില്‍ എത്തി. നാല്പതു പേരെ അങ്ങിനെ കയറിലൂടെ  കയറ്റി അങ്ങിനെ ഈ യാത്രയുടെ ലക്ഷ്യ സ്ഥാനത്തു  ഞങ്ങള്‍ എത്തി ചേര്‍ന്നു. ആര്‍ക്കും ഒരു അപകടവും ഇല്ലാതെ ... 
ആ വെള്ളച്ചാട്ടത്തിലെ വെള്ളം വളരെ ഉയരത്തില്‍ നിന്നും താഴേക്ക്‌ പതിക്കുന്ന കാഴ്ച വളരെ മനോഹരമായിരുന്നു. വേനല്‍ക്കാലമായതിനാല്‍ വെള്ളം വളരെ കുറവ് ആയിരുന്നു. എങ്കിലും കണ്ണിനു കുളിര്‍മ നല്‍കുന്ന ഒരു കാഴ്ചയായിരുന്നു അത് . വര്‍ഷക്കാലത്ത് ഈ വെള്ളച്ചാട്ടം എത്ര സുന്ദരം ആയിരിക്കും എന്ന് വെറുതെ ആലോചിച്ചു നോക്കി.  ഇത്രയും ഉയരത്തില്‍ നിന്നും നല്ല വീതിയില്‍  പരന്നൊഴുകുന്ന കാഴ്ച അതിമനോഹരം ആയിരിക്കും . പക്ഷെ വര്‍ഷക്കാലത്ത് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആര്‍ക്കും ആസ്വദിക്കാന്‍ കഴിയാത്ത വിധം പ്രകൃതി ഒരുക്കിയ മറയില്‍ ഒളിഞ്ഞു കിടന്നു ഒഴുകുകയാണ് ഈ കീഴാര്‍ക്കുത്ത്  വെള്ളച്ചാട്ടം.
ഭക്ഷണം കഴിച്ചും ആ വെള്ളച്ചാട്ടത്തില്‍ കുളിച്ചും എല്ലാവരും ആ യാത്രയുടെ ക്ഷീണം തീര്‍ത്തു. സ്ത്രീകളടക്കം എല്ലാവരും  ആ വെള്ളച്ചാട്ടം കളിച്ചും കുളിച്ചും  ശരിക്കും ആസ്വദിച്ചു .  ഒരു പുതിയ ലോകത്ത് എത്തിപ്പെട്ടതിന്റെ സന്തോഷം എല്ലാ മുഖത്തും ഉണ്ടായിരുന്നു, ഒരു ദിവസ്സമെങ്കിലും എല്ലാ ടെന്ഷനുകളും  മറന്നു അവര്‍ സന്തോഷിക്കുന്നത് കണ്ടു കുറെ ചിത്രങ്ങളും എടുത്ത്  അവിടെയെല്ലാം കറങ്ങി നടന്നു. പിന്നെ കുറെ നേരം വെള്ളചാട്ടത്തിനടിയില്‍ നിന്ന് കുളിച്ചു. അത്രയും നേരം നടന്ന ക്ഷീണമെല്ലാം ആ കുളിയോടെ മാറി. ഒരു പുതിയ ആളായ പോലെ. മനസ്സിലെ ഭാരങ്ങള്‍ എല്ലാ ഒഴിഞ്ഞപോലെ ....രസകരം ആയിരുന്നു അവിടെ ചിലവഴിച്ച ആ നിമിഷങ്ങള്‍ .
ഒന്നര മണിക്കൂര്‍ അവിടെ ചിലവഴിച്ച ശേഷം മടക്ക യാത്ര ആരംഭിച്ചു. തിരികെയുള്ള യാത്ര  താരതമ്യേന എളുപ്പം ആയി തോന്നി . കുളിയും ഭക്ഷണവും എല്ലാം കഴിഞ്ഞു വിശ്രമിച്ചും കഴിഞ്ഞപ്പോള്‍ കിട്ടിയ ഊര്‍ജം കൊണ്ട് എല്ലാവരും ആഞ്ഞു നടന്നു.തിരികെ വരുന്ന വഴിയില്‍ അല്പം മാറി നടന്നാല്‍ ഒരു ഗുഹയുണ്ട് എന്നും രാത്രിയില്‍ അവിടെ പലരും, പ്രത്യേകിച്ചും വിദേശികള്‍ താമസിക്കാറുണ്ട് എന്നും വഴികാട്ടിയായി വന്ന ആ നാട്ടുകാരന്‍ ചേട്ടന്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ അവിടേക്ക് പോയി .. ഏകദേശം പത്തു പേര്‍ക്ക് മഴ നനയാതെ കിടക്കാനുള്ള സൌകര്യം ഉള്ള ഒരു ഗുഹയായിരുന്നു അത്.  മുന്‍പ് താമസിച്ചിരുന്ന ആളുകള്‍ കൂട്ടിയ അടുപ്പും രാത്രി കിടക്കാന്‍ പറ്റിയ ഒരു വലിയ പ്ലാസ്റ്റിക് ഷീറ്റും  അവിടെ ഉണ്ടായിരുന്നു. അല്‍പനേരം അവിടെയും ചിലവഴിച്ച ശേഷം  വീണ്ടും നടന്നു കാട്ടില്‍  നിന്നും പുറം ലോകത്തെത്തി.
രാവിലെ ഭക്ഷണം കഴിച്ച വീട്ടില്‍ എല്ലാവരും കൂടി ഒത്തു ചേര്‍ന്ന്   കട്ടന്‍ കാപ്പിയും കപ്പ പുഴുങ്ങിയതും കഴിച്ചു യാത്രയിലെ വിശേഷങ്ങള്‍ പരസ്പരം പങ്കിട്ടു.  ഇന്ന് രാവിലെ ആണ് പലരും ആദ്യമായി പരിചയപ്പെട്ടത്‌ എന്ന കാര്യം ആരും ഓര്‍ക്കുന്നുണ്ടായിരുന്നില്ല. ഒരു ദിവസ്സത്തെ ഒരു യാത്ര കൊണ്ട് അത്രക്കും വലിയ ഒരു സൌഹൃദം  എല്ലാവരിലും ഉടലെടുത്തിരുന്നു. അടുത്ത യാത്രയില്‍ വീണ്ടും കാണാം എന്നും പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോയും എടുത്ത് എല്ലാവരും തിരികെ വണ്ടിയില്‍ കയറി.  

അങ്ങിനെ ഒരു യാത്ര  കൂടി അവസാനിക്കുകയാണ്....
ഒപ്പം പുതിയ സൌഹൃദങ്ങളുടെ ആരംഭവും .....
ഒരിക്കലും മറക്കാത്ത ഒരുപാട് സൌഹൃദങള്‍ തരുന്ന ഇത്തരം യാത്രകള്‍ ഒരിക്കലും അവസാനിക്കാന്‍ ഇടവരരുതേ എന്ന പ്രാര്‍ഥനയോടെ ഞങ്ങള്‍ മടങ്ങി ...