Wednesday, January 9, 2013

കീഴാര്‍ക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക്

കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ പലതും  പുറം ലോകത്ത് അധികം ആരും അറിയാതെ  മറഞ്ഞു കിടക്കുകയാണ് എന്ന്  പറഞ്ഞാല്‍ വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമാണ് . പക്ഷെ കേരളത്തിലെ പല കാടുകളിലും കടന്നു ചെല്ലുകയും അവിടത്തെ മനോഹരമായ വെള്ളച്ചാട്ടങ്ങളെ അടുത്ത് കാണുകയും ചെയ്തപ്പോള്‍ ഇത്രയും കാലം കണ്ട വെള്ളച്ചാട്ടങ്ങളെക്കാള്‍  മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ആണ് കാട്ടിനുള്ളില്‍ മറഞ്ഞിരിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .അത്തരത്തില്‍ പെട്ട, പുറം ലോകത്ത് അധികം ആര്‍ക്കും അറിയപ്പെടാത്ത, എത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു സുന്ദരലോകത്തേക്ക് ആയിരുന്നു ഇത്തവണത്തെ ഞങ്ങളുടെ യാത്ര 
ഇടുക്കി ജില്ലയിലെ മലയിഞ്ചി എന്ന സ്ഥലത്തുള്ള കീഴാര്‍ക്കുത്ത്  വെള്ളച്ചാട്ടത്തെ പറ്റി  പറഞ്ഞു തന്നത്  യാത്രകളെ  ഒരുപാട് സ്നേഹിക്കുന്ന വിജു എന്ന സുഹൃത്തായിരുന്നു. ആ വെള്ളച്ചാട്ടത്തിന്റെ  ചില ചിത്രങ്ങള്‍  കണ്ടപ്പോള്‍ തന്നെ ഞങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം കൊടുത്ത സാഹസിക യാത്രാക്ലബ്ബിന്റെ  ആ മാസത്തെ പ്രോഗ്രാം കീഴാര്‍ക്കുത്തിലേക്ക് നടത്താം എന്ന് തീരുമാനിച്ചു.  കേരള കൂട്ടുകാര്‍ എന്ന ഗൂഗിള്‍ ഗ്രൂപ്പിലൂടെ പരിചയപെട്ട ഏകദേശം മുപ്പതുപേരും മറ്റു പല പരിചയങ്ങളിലൂടെ വന്ന ആളുകളും കൂടി നാല്‍പ്പത്തിമൂന്നു പേര്‍ ചേര്‍ന്ന ഒരു വലിയ സംഘം ആയിട്ടായിരുന്നു ഇത്തവണത്തെ ഞങളുടെ കാട്ടിലേക്കുള്ള യാത്ര. 
പരസ്പരം അറിയാത്ത ഒരു പാട് പേരോടോത്തുള്ള യാത്ര തന്നെ വളരെ രസകരം ആയിരുന്നു. ടൂറിസ്റ്റ്   ബസ്സിലെ  മൈക്ക് ഉപയോഗിച്ച് ഓരോരുത്തരും പരസ്പരം പരിചയപ്പെടുത്തി. കേരളത്തിലെ പലഭാഗങ്ങളില്‍ ഉള്ള യാത്രകളില്‍ താല്പര്യം ഉള്ള ആളുകളെ പരിചയപ്പെട്ടപ്പോള്‍ തന്നെ ഈ യാത്രയുടെ ഉദ്യേശം സഫലമായതായി തോന്നി  . ഒരു ദിവസം കൊണ്ട് സമൂഹത്തിന്റെ പല മേഖലകളില്‍ ജോലി ചെയ്യുന്ന നാല്പതിലധികം പേരെ സുഹൃത്തുക്കളായി കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമായി തോന്നി.
എറണാകുളത്ത്  നിന്നും തൊടുപുഴ, ചീനിക്കുഴി വഴി  മലയിഞ്ചി എന്ന ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. കലൂരില്‍ നിന്ന് തൊണ്ണൂറ്റി അഞ്ചു കിലോമീറ്റര്‍ അകലത്തില്‍ ആണ് മലയിഞ്ചി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് .പേരില്‍ തന്നെ ഒരു പ്രത്യേകത തോന്നിയ , ഒരു തനി നാട്ടിന്‍പുറം പുറം. ആധുനികതകളുടെ സൌകര്യങ്ങള്‍ ഒട്ടും കടന്നു ചെന്നിട്ടില്ലാത്ത ഒരു ചെറിയ സ്ഥലം. പോകുന്ന വഴിയില്‍ എല്ലാം റബ്ബര്‍ മരങ്ങളും ജാതിയും മറ്റും നിറഞ്ഞ തോട്ടങ്ങള്‍ .മൂന്നോ നാലോ ചെറിയ കടകള്‍ മാത്രം ഉള്ള ഒരു കവലയും പിന്നെ ഒരു ക്രിസ്ത്യന്‍ പള്ളിയും. അത്രക്കും ചെറിയ ഗ്രാമമായിരുന്നു  മലയിഞ്ചി .
കീഴാര്‍ക്കുത്തിലേക്ക് പോകുന്ന വഴിയില്‍ ഒരു വീട്ടിലായിരുന്നു ഭക്ഷണം ഏര്‍പ്പാട് ചെയ്തിരുന്നത് മലയിഞ്ചിയില്‍ നിന്നും അര കിലോമീറ്റര്‍  അകലത്തില്‍ ആയാണ് ആ വീട് . ഇരു വശത്തും റബ്ബര്‍ മരങ്ങള്‍ മാത്രം നിറഞ്ഞ, ടാറിടാത്ത, ഒരു ജീപ്പിനു മാത്രം പോകാവുന്ന റോഡിലൂടെ കുറെ നേരം നടന്നാണ് അവിടെ എത്തിയത് . അടുത്ത് മറ്റു വീടുകള്‍ ഒരെണ്ണം പോലും  കണ്ടില്ല. തികച്ചും ഒറ്റപ്പെട്ട നിലയില്‍ റബ്ബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ആ വീടും അവിടത്തെ ആളുകളും പട്ടണത്തില്‍ ജീവിച്ചു വളര്‍ന്നവര്‍ക്ക് തികച്ചും ഒരു കൌതുക കാഴ്ചയായിരുന്നു. ഉറക്കെ അലറി വലിച്ചാല്‍ പോലും ആരും ഓടി എത്താത്ത അവരുടെ ഒറ്റപ്പെട്ട ജീവിതവും കണ്ടു പ്രഭാത  ഭക്ഷണം കഴിച്ചു.  ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം എല്ലാവരും ബാഗില്‍ എടുത്തു വെച്ച് വീണ്ടും യാത്ര തുടങ്ങി .. ഒരു പുതിയ കാണാക്കാഴ്ച തേടി
ജനവാസം ഒട്ടും  ഇല്ലാത്ത റബ്ബര്‍ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വഴികളിലൂടെ ചെറിയ ചെറിയ സംഘങ്ങള്‍ ആയി നടന്നു നീങ്ങി. മുന്‍പിലും പുറകിലും ആ വഴികള്‍ സുപരിചിതരായ, ഞങ്ങള്‍ക്ക് വഴികാട്ടികളായി വരുന്ന രണ്ടു നാട്ടുകാര്‍ ഉണ്ടായിരുന്നു. പിന്നെ വന്യ മൃഗങ്ങള്‍ വളരെ കുറവായ ഒരു കാടാണ് എന്ന് കേട്ടിരുന്നെങ്കിലും വന്യ മൃഗ ഭീക്ഷണി എന്ന പേടിയും മനസ്സില്‍ ഉണ്ടായിരുന്നു. ഇത്ര വലിയ സംഘത്തെയും  കൊണ്ട്  കാട് കയറി അവര്‍ക്ക് ഒരപകടവും കൂടാതെ തിരിച്ചെത്തിക്കുക എന്നത് ഒരു ഞങ്ങളുടെ ഉത്തരവാദിത്തം ആയിരുന്നതിനാല്‍ യാത്രയില്‍ ഉടനീളം കാരണം അറിയാത്ത ഒരു ആശങ്ക മനസ്സില്‍ നിറഞ്ഞിരുന്നു . 
ഏകദേശം അര കിലോമീറ്റര്‍ നടന്നപ്പോള്‍ കണ്ട ചെറു വഴിയിലൂടെ ശരിക്കും കാട്ടിലേക്ക്  ഉള്ള യാത്ര തുടങ്ങി. തുടക്കം തന്നെ ദുഷ്കരം ആയിരുന്നു. പലയിടത്തും പാറകളുടെ മുകളിലൂടെ കടന്നു വേണം പോകാന്‍ . മറ്റൊരാളുടെ സഹായം ഇല്ലാതെ നടന്നു  പോകാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ആദ്യം ഒരാള്‍ പാറ ചാടിക്കടക്കുകയും മറ്റുള്ളവരെ കൈ പിടിച്ചു കടത്തുകയും ചെയ്തു കൊണ്ട്  വളരെ പതുക്കെ ആയിരുന്നു നടത്തം. ഒരു പ്രതേക തരം കാടായിരുന്നു അത് . ഓരോ  ചുവടുവെപ്പിലും വളരെ ശ്രദ്ധിക്കേണ്ട തരത്തില്‍ ഉള്ള കാട് . നടക്കുന്ന വഴിയുടെ ഇരു വശത്തും ചിലപ്പോള്‍ മുള്ള് നിറഞ്ഞ വള്ളിപ്പടര്‍പ്പുകള്‍ കാണും അല്ലെങ്കില്‍ നിലത്തു  ചെറിയ ചെറിയ പാറക്കഷണങ്ങള്‍ , അല്ലെങ്കില്‍ ചിലപ്പോള്‍ മരങ്ങള്‍ വീണു കിടക്കുന്നുണ്ടാകും,  അല്ലെകില്‍ ഒരു കൊക്കയുടെ ഭാഗത്ത്‌ കൂടെ ആയിരിക്കും നടപ്പ് . മറ്റുള്ളവരെ നോക്കാതെ സ്വയം ശ്രദ്ധിച്ചു ഓരോ  ചുവടും  വെച്ചില്ലെങ്കില്‍ അപകടം ഉറപ്പായിരുന്നു .മുന്‍പേ നടക്കുന്ന ആളുമായി ഒരടിയെങ്കിലും അകലത്തില്‍ നടക്കണം എന്നാണ് കാട്ടിലെ നിയമം  ആദ്യം പോകുന്ന  ആള്‍ വഴിമാറ്റി  വിടുന്ന മരച്ചില്ലകളും മുള്ളുകളും പിറകെ വരുന്ന ആളുടെ ശരീരത്തിലോ പ്രത്യേകിച്ച് കണ്ണിലോ മറ്റോ കൊണ്ട് അപകടം ഉണ്ടാകാനുള്ള സാദ്യത വളരെ കൂടുതല്‍ ആയിരുന്നു. വന യാത്രകളില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഈ വസ്തുത ബസ്സില്‍ വെച്ച് എല്ലാവരോടും പറഞ്ഞിരുന്നു എങ്കിലും ആദ്യമായി കാട് കയറുന്ന പലരും ഇത് മറക്കുകയും അപകടങ്ങള്‍ പറ്റുകയും ചെയ്യുന്നത്  ഒരു പതിവ് കാഴ്ചയായിരുന്നു.
കുറെ നേരം നടന്നപ്പോള്‍ പുഴയോഴുകുന്ന സ്വരം കേട്ടു . വീണ്ടും കുറച്ചു  നടന്നപ്പോള്‍ ഒരു പുഴയുടെ അടുത്തെത്തി. അകലെയുള്ള വെള്ളച്ചാട്ടത്തില്‍ നിന്നും ഒഴുകി വരുന്ന വെള്ളമായിരുന്നു അത് . കാട്ടിലെ യാത്രകളില്‍ ഒരു ചെറിയ പുഴ കാണുന്നത് തന്നെ ആശ്വാസം ആണ് . എന്നെങ്കിലും ഏതെങ്കിലും കാട്ടില്‍ വെച്ച് വഴി തെറ്റുകയാണെങ്കില്‍  ഒഴുകുന്ന പുഴയുടെ അരികിലൂടെ നടന്നാല്‍ പുറം ലോകത്ത് എത്താം എന്ന വളരെ സിമ്പിളായ ഒരു കാര്യം കാട്ടില്‍ ആദ്യമായി വരുന്ന ചിലര്‍ക്ക് പറഞ്ഞു കൊടുത്തു നടന്നു. 
ചില ദുര്‍ഘടമായ സ്ഥലങ്ങളില്‍ താഴേക്ക്‌ ഇറങ്ങുന്നത് ശരിക്കും അപകടകരം ആയിരുന്നു. ഇത് മുന്‍കൂട്ടി മനസ്സിലാക്കി വലിയ കയറുകള്‍ ഞങ്ങള്‍ കൊണ്ട് വന്നിരുന്നു. വലിയ ഇറക്കം ഇറങ്ങുന്നതിനു മുന്‍പ്  ഉറപ്പുള്ള ഏതെങ്കിലും മരത്തില്‍ കയര്‍ കെട്ടും എന്നിട്ട്  എല്ലാവരും അതില്‍ പിടിച്ചു താഴേക്ക്‌ ഇറങ്ങും. ഏറ്റവും അവസാനം വരുന്ന ആള്‍ ആ കയര്‍ അഴിച്ചെടുത്തു കൊണ്ട് വരും. അങ്ങിനെ ആയിരുന്നു കുറച്ചു സ്ഥലങ്ങളില്‍ ഞങളുടെ യാത്ര. ഈ ഇറക്കവും കയറ്റവും ശരിക്കും രസകരം ആയിരുന്നു എന്നാല്‍ വളരെ അപകടകരവും ആയിരുന്നു. ഒരു ചെറിയ ചുവടു വെപ്പ് പിഴച്ചാല്‍ ചെന്ന് വീഴുന്നത് വലിയ പാറയുടെ മുകളിലോ  വലിയ കുഴികളിലോ ആയിരിക്കും. 
പോകുന്ന വഴിയില്‍ പലയിടത്തും ചെറിയ പാമ്പുകളെ കണ്ടു. ചുരുട്ട എന്ന വിഭാഗത്തില്‍ പെട്ട പാമ്പുകളെ ആണ്  കൂടുതലും കണ്ടത്. വഴിയില്‍ തടസ്സമായി കിടക്കാത്തത് കൊണ്ട് പാമ്പിനെ കണ്ട കാര്യം ആരോടും പറഞ്ഞില്ല. വളരെ ശ്രദ്ധിച്ചു നടന്നാല്‍ മാത്രമേ ഇത്തരം പാമ്പുകളെ കാണാന്‍ കഴിയൂ. പലപ്പോഴും നിലത്തു വീണു കിടക്കുന്ന ഇലയുടെ അതെ കളറില്‍ ആയിരിക്കും ആ പാമ്പിന്റെ നിറവും. വളരെ ചെറിയ ശരീരവും തിരിച്ചറിയാനാവാത്ത കളറും കാരണം പലരും പാമ്പിനെ ചവിട്ടുന്നത് പതിവാണ്. ചുരുട്ട എന്ന ഈ പാമ്പ് കടിച്ചാല്‍ ആള്‍ പെട്ടെന്ന് മരിക്കുകയൊന്നും ഇല്ല . ശരീരം നീര് വന്നു തടിക്കും. അങ്ങിനെയാണ് പറഞ്ഞു കേട്ടിരിക്കുന്നത് .
കുറെ നേരം നടക്കുകയും കയറ്റങ്ങള്‍ കയറുകയും ഇറങ്ങുകയും  മറ്റും ചെയ്തപ്പോള്‍ കാട്  കയറി വലിയ പരിചയം ഇല്ലാത്ത പലരും അവശ നിലയില്‍ ആയി. പല സ്ഥലങ്ങളിലും നിന്നും ഇരുന്നും പതുക്കെ മല കയറാന്‍ പ്രേരിപ്പിച്ചും സമയം കൊടുത്തും എന്താണ് ട്രെക്കിംഗ് എന്ന് അവരെ പഠിപ്പിച്ചു കൊടുത്തുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. എന്നിട്ടും അവരില്‍ രണ്ടു പേര്‍ ഇനി ഒട്ടും നടക്കാന്‍ പറ്റില്ല എന്നറിയിച്ചു. കടവന്ത്രയില്‍ നിന്നും വന്ന ഒരു ലേഡി ഡോക്ടറും പിന്നെ ചെന്നൈയില്‍ നിന്നും ഈ യാത്രക്ക് വേണ്ടിമാത്രമായി വന്ന ഒരാളും ഈ യാത്രയില്‍ നിന്നും പിന്‍വാങ്ങി. ഒട്ടും പരിചയമില്ലാത്ത കാട്ടില്‍  അവര്‍ക്ക് കൂട്ടിനായി ഞങ്ങളില്‍ ഒരാളെയും ഇരുത്തി തിരിച്ചു വരുമ്പോള്‍ മൂന്നു പേരെയും കണ്ടു മുട്ടാം  എന്നും പറഞ്ഞു വീണ്ടും യാത്ര തുടര്‍ന്നു.
വഴിയില്‍ പലയിടത്തും മരങ്ങളില്‍ പടര്‍ന്നു നല്ല  വണ്ണം ഉള്ള വള്ളികള്‍ കണ്ടു. പ്ലാശ് എന്ന പേരില്‍  അറിയപ്പെടുന്ന ആ വള്ളികള്‍ മുറിച്ചാല്‍ ഒരാള്‍ക്ക്‌ ദാഹം മാറ്റാനുള്ള വെള്ളം അതില്‍ നിന്നും കിട്ടും എന്നറിയാമായിരുന്നു. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പീച്ചി കാടുകളിലൂടെ രാത്രിയില്‍ നടത്തിയ ഒരു സാഹസിക യാത്രയില്‍ ആണ്  ഈ വള്ളികളെ ആദ്യമായി ഫോറസ്റര്‍ പരിചയപ്പെടുത്തി തന്നത് . കുടിക്കാന്‍ ഒട്ടും വെള്ളം ഇല്ലാതെ വലയുന്നതിനിടയില്‍ രാത്രിയില്‍ ടോര്‍ച്ചിന്റെ ഇരുണ്ട വെളിച്ചത്തില്‍ പ്ലാശ് വെട്ടി വെള്ളം കുടിച്ചു ദാഹം തീര്‍ത്തത് ഒരു ഓര്‍മയായി മനസ്സില്‍ ഇപ്പോഴും കിടക്കുന്നുണ്ട് . ചില വള്ളികളില്‍ നന്നായി വെള്ളം കാണും ചിലതില്‍ വളരെ കുറച്ചു മാത്രം അതും തുള്ളി തുള്ളിയായി വന്നു കൊണ്ടിരിക്കും. ചെറിയ മധുരം തോന്നിക്കുന്ന ഒരു പ്രത്യേക രുചിയുള്ള വെള്ളമുള്ള  ആ വള്ളികള്‍ കുറച്ചു മുറിച്ചു എല്ലാവര്ക്കും കൊടുത്തു. എന്റെ ഭാര്യയടക്കം ഈ യാത്രയില്‍ പങ്കെടുത്ത പലര്‍ക്കും പ്ലാശ് ഒരു പുതിയ അനുഭവം ആയിരുന്നു. കുറെ നേരം പലരും ഈ പ്ലാശിന്റെ  വലിയ കൊമ്പ് വായില്‍ വെച്ച് കൊണ്ടായിരുന്നു കാട്ടിലൂടെ നടന്നിരുന്നത്. 
അങ്ങിനെ നടന്നു നടന്നു ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം വളരെ ശക്തമായി കേട്ട് തുടങ്ങി. ആദ്യമായി  വന്ന പലരും നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു.  ആ വെള്ളച്ചാട്ടത്തിന്റെ ശബ്ദം അവരില്‍ ആവേശം ഉണര്‍ത്തി. മഴക്കാലത്ത്‌ ഒരാള്‍ക്കും എത്തി പെടാന്‍ പറ്റാത്ത തരത്തില്‍ ആയിരുന്നു ആ വെള്ളച്ചാട്ടം.  മൂന്ന് ഭാഗവും വലിയ പാറകള്‍ കൊണ്ട് ചുറ്റപ്പെട്ട അവിടേക്ക് വെള്ളം ഒഴുകുന്ന വഴിയിലൂടെ മാത്രം നടന്നാലേ എത്താന്‍ പറ്റുകയുള്ളു. ചെരിഞ്ഞു കിടക്കുന്ന ഒരു വലിയ പാറയിലൂടെ നടന്നു കയറി വെള്ളം ഒഴുകുന്ന ചാലിലൂടെ നടന്നാലേ അവിടെ എത്താനാകൂ. ഈ പാറയുടെ ഒരു ഭാഗം അഗാധമായ കൊക്കയാണ്.  ആദ്യം ഒരാള്‍ ശ്രദ്ധിച്ചു പാറകളിലൂടെ പിടിച്ചു കയറി ഒരു മരത്തില്‍ കയറു കെട്ടി. പിന്നെ വന്നവര്‍ ആ കയറില്‍ പിടിച്ചു വളരെ ശ്രദ്ധയോടെ കയറി മുകളില്‍ എത്തി. നാല്പതു പേരെ അങ്ങിനെ കയറിലൂടെ  കയറ്റി അങ്ങിനെ ഈ യാത്രയുടെ ലക്ഷ്യ സ്ഥാനത്തു  ഞങ്ങള്‍ എത്തി ചേര്‍ന്നു. ആര്‍ക്കും ഒരു അപകടവും ഇല്ലാതെ ... 
ആ വെള്ളച്ചാട്ടത്തിലെ വെള്ളം വളരെ ഉയരത്തില്‍ നിന്നും താഴേക്ക്‌ പതിക്കുന്ന കാഴ്ച വളരെ മനോഹരമായിരുന്നു. വേനല്‍ക്കാലമായതിനാല്‍ വെള്ളം വളരെ കുറവ് ആയിരുന്നു. എങ്കിലും കണ്ണിനു കുളിര്‍മ നല്‍കുന്ന ഒരു കാഴ്ചയായിരുന്നു അത് . വര്‍ഷക്കാലത്ത് ഈ വെള്ളച്ചാട്ടം എത്ര സുന്ദരം ആയിരിക്കും എന്ന് വെറുതെ ആലോചിച്ചു നോക്കി.  ഇത്രയും ഉയരത്തില്‍ നിന്നും നല്ല വീതിയില്‍  പരന്നൊഴുകുന്ന കാഴ്ച അതിമനോഹരം ആയിരിക്കും . പക്ഷെ വര്‍ഷക്കാലത്ത് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആര്‍ക്കും ആസ്വദിക്കാന്‍ കഴിയാത്ത വിധം പ്രകൃതി ഒരുക്കിയ മറയില്‍ ഒളിഞ്ഞു കിടന്നു ഒഴുകുകയാണ് ഈ കീഴാര്‍ക്കുത്ത്  വെള്ളച്ചാട്ടം.
ഭക്ഷണം കഴിച്ചും ആ വെള്ളച്ചാട്ടത്തില്‍ കുളിച്ചും എല്ലാവരും ആ യാത്രയുടെ ക്ഷീണം തീര്‍ത്തു. സ്ത്രീകളടക്കം എല്ലാവരും  ആ വെള്ളച്ചാട്ടം കളിച്ചും കുളിച്ചും  ശരിക്കും ആസ്വദിച്ചു .  ഒരു പുതിയ ലോകത്ത് എത്തിപ്പെട്ടതിന്റെ സന്തോഷം എല്ലാ മുഖത്തും ഉണ്ടായിരുന്നു, ഒരു ദിവസ്സമെങ്കിലും എല്ലാ ടെന്ഷനുകളും  മറന്നു അവര്‍ സന്തോഷിക്കുന്നത് കണ്ടു കുറെ ചിത്രങ്ങളും എടുത്ത്  അവിടെയെല്ലാം കറങ്ങി നടന്നു. പിന്നെ കുറെ നേരം വെള്ളചാട്ടത്തിനടിയില്‍ നിന്ന് കുളിച്ചു. അത്രയും നേരം നടന്ന ക്ഷീണമെല്ലാം ആ കുളിയോടെ മാറി. ഒരു പുതിയ ആളായ പോലെ. മനസ്സിലെ ഭാരങ്ങള്‍ എല്ലാ ഒഴിഞ്ഞപോലെ ....രസകരം ആയിരുന്നു അവിടെ ചിലവഴിച്ച ആ നിമിഷങ്ങള്‍ .
ഒന്നര മണിക്കൂര്‍ അവിടെ ചിലവഴിച്ച ശേഷം മടക്ക യാത്ര ആരംഭിച്ചു. തിരികെയുള്ള യാത്ര  താരതമ്യേന എളുപ്പം ആയി തോന്നി . കുളിയും ഭക്ഷണവും എല്ലാം കഴിഞ്ഞു വിശ്രമിച്ചും കഴിഞ്ഞപ്പോള്‍ കിട്ടിയ ഊര്‍ജം കൊണ്ട് എല്ലാവരും ആഞ്ഞു നടന്നു.തിരികെ വരുന്ന വഴിയില്‍ അല്പം മാറി നടന്നാല്‍ ഒരു ഗുഹയുണ്ട് എന്നും രാത്രിയില്‍ അവിടെ പലരും, പ്രത്യേകിച്ചും വിദേശികള്‍ താമസിക്കാറുണ്ട് എന്നും വഴികാട്ടിയായി വന്ന ആ നാട്ടുകാരന്‍ ചേട്ടന്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ അവിടേക്ക് പോയി .. ഏകദേശം പത്തു പേര്‍ക്ക് മഴ നനയാതെ കിടക്കാനുള്ള സൌകര്യം ഉള്ള ഒരു ഗുഹയായിരുന്നു അത്.  മുന്‍പ് താമസിച്ചിരുന്ന ആളുകള്‍ കൂട്ടിയ അടുപ്പും രാത്രി കിടക്കാന്‍ പറ്റിയ ഒരു വലിയ പ്ലാസ്റ്റിക് ഷീറ്റും  അവിടെ ഉണ്ടായിരുന്നു. അല്‍പനേരം അവിടെയും ചിലവഴിച്ച ശേഷം  വീണ്ടും നടന്നു കാട്ടില്‍  നിന്നും പുറം ലോകത്തെത്തി.
രാവിലെ ഭക്ഷണം കഴിച്ച വീട്ടില്‍ എല്ലാവരും കൂടി ഒത്തു ചേര്‍ന്ന്   കട്ടന്‍ കാപ്പിയും കപ്പ പുഴുങ്ങിയതും കഴിച്ചു യാത്രയിലെ വിശേഷങ്ങള്‍ പരസ്പരം പങ്കിട്ടു.  ഇന്ന് രാവിലെ ആണ് പലരും ആദ്യമായി പരിചയപ്പെട്ടത്‌ എന്ന കാര്യം ആരും ഓര്‍ക്കുന്നുണ്ടായിരുന്നില്ല. ഒരു ദിവസ്സത്തെ ഒരു യാത്ര കൊണ്ട് അത്രക്കും വലിയ ഒരു സൌഹൃദം  എല്ലാവരിലും ഉടലെടുത്തിരുന്നു. അടുത്ത യാത്രയില്‍ വീണ്ടും കാണാം എന്നും പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോയും എടുത്ത് എല്ലാവരും തിരികെ വണ്ടിയില്‍ കയറി.  

അങ്ങിനെ ഒരു യാത്ര  കൂടി അവസാനിക്കുകയാണ്....
ഒപ്പം പുതിയ സൌഹൃദങ്ങളുടെ ആരംഭവും .....
ഒരിക്കലും മറക്കാത്ത ഒരുപാട് സൌഹൃദങള്‍ തരുന്ന ഇത്തരം യാത്രകള്‍ ഒരിക്കലും അവസാനിക്കാന്‍ ഇടവരരുതേ എന്ന പ്രാര്‍ഥനയോടെ ഞങ്ങള്‍ മടങ്ങി ...

14 comments:

  1. അണ്ണാ കലക്കി, ഈ സ്തലം പണ്ട് ഞാനൊന്ന് ട്രൈ ചെയ്തതാ. ഉടുമ്പന്നൂരിൽ നിന്നും കാട്ടിലൂടെ, പക്ഷെ കുറെക്കഴിഞ്ഞപ്പോൾ ആനച്ചൂർ അസഹ്യമായപ്പോൾ കൂട്ടാളികൾ പിന്തിരിപ്പിച്ചു. ഇനിയും ഇത്തരം യാത്രകൾ ഉണ്ടെങ്കിൽ അറിയിക്കണേ........

    ReplyDelete
  2. നല്ല വിവരണം .. വായിച്ചു ഇരുന്നു പോയി ...

    "പ്ലാശ് എന്ന പേരില്‍ അറിയപ്പെടുന്ന ആ വള്ളികള്‍ മുറിച്ചാല്‍ ഒരാള്‍ക്ക്‌ ദാഹം മാറ്റാനുള്ള വെള്ളം അതില്‍ നിന്നും കിട്ടും "

    എനിക്കും ഇതൊരു പുതിയ അറിവാണ് .

    അതിന്‍റെ ഒരു ഫോട്ടോ ഉള്‍പ്പെടുത്താമായിരുന്നു ...


    സസ്നേഹം
    മഹേഷ്‌

    ReplyDelete
  3. കൊള്ളാം,അറിയപ്പെടാത്ത ധാരാളം വെള്ളച്ചാട്ടങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. 70-72 കാലത്ത് പുഴ്യുടെ ഓരം ചേര്‍ന്ന് ചീനിക്കുഝി വഴി കാട്ടിലൂടെ ഇടുക്കി കയറിയ ഒരാളാണ് ഞാന്‍.പഴയ സ്തലങ്ങള്‍ വീണ്ടും കാണുന്നതിന്റെ ഭാഗമായി ചീനിക്കുഴി വരെ ഡിസംബറില്‍ പോയിരുന്നു. തല്‍ക്കാലം തൊമ്മന്‍ കുത്തും മീനുളിയന്‍ പാറയും സഞ്ചരിച്ചു മടങ്ങേണ്ടി വന്നു.ചീനിക്കുഴിക്ക് അപ്പുറമുള്ള യാത്രയെക്കുറിച്ച് http://vettathan.blogspot.in/2012/09/blog-post.html എന്ന ലിങ്കില്‍ വായിയ്ക്കാം.

    ReplyDelete
  4. എന്ത് കൊണ്ട് ഈ യാത്ര വിവരണം പോസ്റ്റ്‌ ചെയ്യാന്‍ വൈക്കുന്നു എന്നതായിരുന്നു എന്റെ ഇത് വരെയുള്ള ചിന്ത , ഇപ്പോള്‍ അത് മാറികിട്ടി , ഓരോ യാത്രയും പുതിയ പുതിയ അനുഭവങ്ങള്‍ , ദാഹ ജല വള്ളിയെ കുറിച്ചുള്ള അറിവ് ആദ്യമായി കേള്‍ക്കുന്നു , ഇനിയും എത്ര എത്ര അനുഭവങ്ങള്‍ താങ്കളിലൂടെ ലഭിക്കനിരിക്കുന്നു ..

    ReplyDelete
  5. Nice travelogue. Lots of such beautiful falls remain away fom the traveller's reach.

    http://rajniranjandas.blogspot.in/2013/01/old-goa-of-cathedrals-churches-chapels.html

    ReplyDelete
  6. ജനുവരി 9... നമ്മുടെ മനസ്സിന്റെ പുണ്യമായ പുണ്യവാളന്‍ അന്നാണ് നമ്മെ വിട്ടു പോയത്...

    യാത്ര ഹരം പകരുന്നു.. നന്നായി എഴുതി..കൂടെ ആ സംഘത്തില്‍ ഉണ്ടായിരുന്ന അനുഭൂതി.
    കോഴിക്കോട് തുഷാരഗിരി എന്ന സ്ഥലത്ത് പോയിട്ടുണ്ടോ കോഴിക്കോട് ജനിച്ചെങ്കിലും രണ്ടു പതിറ്റാണ്ട് അവിടെ താമസിച്ചെങ്കിലും ഈ അടുത്ത കാലത്താണ് അങ്ങനെ ഒന്ന് ഉള്ളത് അറിഞ്ഞത്...
    അതുപോലെ ഇടുക്കിയിലെ ഈ അറിയപ്പെടാത്ത വെള്ള ചാട്ടവും..

    ReplyDelete
  7. നല്ല അവതരണം ആണ് ഞാന്‍ ജൂണ്‍ മാസത്തില്‍ നാട്ടില്‍വരും അപ്പോള്‍ എന്നെയും കൂട്ടുമോ ? നിങ്ങളുടെ കൂടെ ? യാത്രകള്‍ എനിക്ക് ഇഷ്ട്ടമാണ് ......

    ReplyDelete
    Replies
    1. എല്ലാ മാസവും ഓരോ പ്രോഗ്രാമ്മുകൾ നടത്താനാണ് വിചാരിക്കുനത് ... നാട്ടിലെത്തുമ്പോൾ വിളിക്കാമോ? 9388926321

      Delete
  8. i think it's Latitude - 9°54'4.92"N and Longitude - 76°52'55.69"E are this

    ReplyDelete
    Replies
    1. ഗൂഗിൾ മാപ്പും ജി പി എസ്സും ഒന്നും ഉപയോഗിച്ച് ഇത് വരെ ഒരു യാത്ര പോയിട്ടില്ല .... അത് കൊണ്ട് ടെക്നിക്കൽ സൈഡ് ഒന്നും എനിക്കറിയില്ല ... ഈ അടുത്തിടെ ചെന്നെയിൽ വെച്ച് മാപ് & ജി പി എസ്സും ഉപയോഗിച്ച് കൊണ്ട് ട്രെക്കിംഗ് നടത്താനുള്ള ട്രെയിനിംഗ് എനിക്ക് കിട്ടി ... നമ്മുടെ നാട്ടിൽ വെച്ച് ഒരു തവണ എനിക്ക് ചെയ്തു നോക്കണം എന്നുണ്ട് .

      Delete
  9. കഴിഞ്ഞ ആഴ്ച അവിടം വരെ പോയിരുന്നു വഴി കാട്ടിയെ കിട്ടാത്തത് കൊണ്ട് തിരിച്ചു വരേണ്ടി വന്നു

    ReplyDelete
    Replies
    1. ഒരു പത്തു പേരെ സങ്കടിപ്പിക്കാമോ ? എങ്കിൽ ഞാൻ ഫോറസ്റ്റിൽ നിന്നും പെർമിഷനും ഗൈഡിനെയും ഏർപ്പെടുത്തി തരാം. 9388926321

      Delete
  10. എന്‍റെ പേര് ശുഭ..!! ഇതൊക്കെ വായിച്ചു എനിക്കും നിങ്ങളുടെ ഗ്രൂപ്പില്‍ ചേരാന്‍ തോന്നുന്നു..എങ്ങനെ കോണ്ടാക്റ്റ് ചെയ്യും..പിന്നെ,ഈ വിവരണം അതി ഗംഭീരം എന്ന് പ്രത്യേകം പറയേണ്ടല്ലോ :) My Emai... redchilli08@gmail.com

    ReplyDelete
  11. Oh soopperanna.. Ithrayum nalloru yaathra vivaranam vaayichittilla.

    ReplyDelete