Tuesday, October 8, 2013

കൊളുക്കുമല

മൂന്നാർ എന്നും യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്ഥലം ആണ്. പല തവണ പോകുകയും അവിടത്തെ എല്ലാ കാഴ്ചകളും കണ്ടു തീർത്തു  എന്ന് അഹങ്കരിച്ചിരിക്കുമ്പോൾ ആണ് ഒരു സുഹൃത്ത്‌  ചില സ്ഥലങ്ങളുടെ പേരുകൾ പറഞ്ഞത്‌  - മീശപ്പുലിമല, റോഡോ വാലി, കുരങ്ങിണി, കൊളുക്കുമല  തുടങ്ങിയ സ്ഥലങ്ങൾ മുന്നാറിലും പരിസരങ്ങളിലും ആയി ആണ് കിടക്കുന്നത് എന്ന്  അവനിൽ നിന്നും അറിഞ്ഞപ്പോൾ ശരിക്കും എന്റെ അറിവില്ലായ്മയിൽ നിരാശ തോന്നി. കേരളത്തിലെത്തുന്ന വിദേശികൾ ഏറ്റവും കൂടുതലായി പോകുന്ന സ്ഥലങ്ങളാണ് ഇവയെന്നും മലയാളികൾക്ക് ഈ സ്ഥലങ്ങളെ കുറിച്ച് ഒന്നും അറിയില്ല എന്ന് കൂടി  കേട്ടപ്പോൾ ഈ സ്ഥലങ്ങൾ കാണണം എന്ന ചിന്ത മനസ്സിലുറപ്പിച്ചു. അങ്ങിനെയാണ് ഈ  കൊളുക്കുമല  യാത്ര തുടങ്ങിയത് ...


ഒരു ഒഴിവു ദിവസം യാത്രകളെ ഇഷ്ടപ്പെടുന്ന നാലു കൂട്ടുകാരോടൊപ്പം എറണാകുളത്തു നിന്നും നേരം വെളുക്കുന്നതിനു മുൻപേ കൊളുക്കുമല യാത്ര തുടങ്ങി. ഇന്ത്യയിലെ ഏകദേശം എല്ലാ സ്ഥലങ്ങളും കണ്ടു തീർത്ത രാജു ചേട്ടനും, ജോസഫ്‌ ചേട്ടനും പിന്നെ സഹപ്രവർത്തകർ ആയ മുകുന്ദും, റെജിയും ആണ് ഒപ്പം ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ വളരുന്ന തേയില തോട്ടം ആണ് കൊളുക്കുമല എന്ന അറിവും അവിടേക്ക് എത്താനുള്ള ഏകദേശ വഴിയും മാത്രമേ എല്ലാവർക്കും അറിയാമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഒരു പുതിയ സ്ഥലം, അതും ലോക റെക്കോർഡ്‌ ഉള്ള ഒരു സ്ഥലം കാണാനുള്ള ആകാംക്ഷയിൽ ആയിരുന്നു എല്ലാവരും.


മുന്നാറിൽ  നിന്നും ഏകദേശം മുപ്പത്തി അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് സുര്യനെല്ലി. മുന്നാറിൽ നിന്നും ചിന്നക്കനാൽ  വഴി സൂര്യനെല്ലിയിലേക്കുള്ള വഴികൾ സുന്ദരമായ കാഴ്ചകൾ കൊണ്ട് നിറഞ്ഞതായിരുന്നു. തേയില തോട്ടങ്ങളുടെ പച്ചപ്പും, കോട നിറഞ്ഞ തണുത്ത കാറ്റും എല്ലാം ആസ്വദിച്ചു കൊണ്ട്  പീഡന കേസിലൂടെ പ്രശസ്തമായ സുര്യനെല്ലിയിലെ, അപ്പർ സുര്യനെല്ലിയിൽ എത്തി. രാവിലെ ആയതു കൊണ്ടും, ഡ്രൈവ് ചെയ്യുന്ന കൂട്ടുകാരൻ  മുകുന്ദിന്റെ കഴിവ് കൊണ്ടും എറണാകുളത്ത് നിന്നുമുള്ള 155 കിലോമീറ്റർ ദൂരം ഏകദേശം മൂന്നര മണിക്കൂർ കൊണ്ട് താണ്ടിയാണ് അപ്പർ സുര്യനെല്ലിയിൽ എത്തിയത് .


കുറച്ചു കടകൾ മാത്രമുള്ള, അതിലേറെ ജീപ്പുകൾ ഉള്ള ഒരു ചെറിയ കവല. അതായിരുന്നു അപ്പർ സുര്യനെല്ലി. കൊളുക്കുമലയിലേക്ക് ജീപ്പിൽ മാത്രമേ പോകാൻ കഴിയൂ എന്നത് കൊണ്ടാണ് അവിടെ ഒരു പാട് ജീപ്പുകൾ ഉണ്ടായിരുന്നത് . റോഡിന്റെ  സൈഡിൽ വണ്ടി നിറുത്തി കൊളുക്കുമല വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവിടെ നിന്നും പത്തു കിലോമീറ്റർ ദൂരം ഉണ്ട് കൊളുക്കുമലയിലേക്ക് എന്നും അവിടെ ഭക്ഷണമോ വെള്ളമോ  കിട്ടാൻ സാദ്യത കുറവാണ് എന്നും അവരിൽ  നിന്നും അറിഞ്ഞു. സ്വന്തം വണ്ടിയിൽ ആണെങ്കിൽ, അവിടെ നിന്നും മുന്ന് കിലോമീറ്റർ അകലത്തിൽ കിടക്കുന്ന നാഗമല വരെ വണ്ടി കൊണ്ട് പോകാം എന്നും അറിഞ്ഞു.


ആയിരം രൂപ തന്നാൽ കൊളുക്കുമലയിൽ കൊണ്ട് പോകാം എന്നും പറഞ്ഞു പിന്നാലെ കൂടിയ ജീപ്പ് ഡ്രൈവർമാരിൽ നിന്ന് രക്ഷപ്പെട്ടു അടുത്തുള്ള ചായക്കടയിൽ നിന്നും ഉച്ചക്ക് കഴിക്കാനുള്ള ബോണ്ടയും, സുഖിയനും, വെള്ളവും  വാങ്ങി (അത് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ) യാത്ര തുടങ്ങി. അല്പ ദൂരം സഞ്ചരിച്ചപ്പോൾ ഒരു ചെക്ക്‌ പോസ്റ്റ്‌ കണ്ടു. ഹാരിസണ്‍ മലയാളത്തിന്റെ എസ്റ്റേറ്റ്‌ വക ആയിരുന്നു അത്. അവിടെ ഒരു വണ്ടിക്കു നൂറു രൂപ കൊടുത്താൽ മാത്രമേ കടത്തി വിടുകയുള്ളു. പണം കൊടുക്കുന്നതിനിടയിൽ അവിടത്തെ ആളോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വഴി മോശമാണ് എന്നും അവരുടെ എസ്റ്റേറ്റ്‌ വഴിയിലൂടെ നടന്നു പോകാൻ ആരെയും സമ്മതിക്കാറില്ല എന്നും, നടന്നു പോകണമെങ്കിൽ ആയിരം രൂപ കൊടുത്തു പെർമിഷൻ എടുക്കണം എന്നും അറിഞ്ഞു.  കുറച്ചു വര്ഷം മുൻപ്  ആ വഴിയിലൂടെ നടന്നു പോയ ഒരാൾ അവിടെ കിടന്നു മരിച്ചെന്നും, പോലീസും മറ്റും വന്നും കുറെ പണവും സമയവും ചിലവായത് കൊണ്ടാണത്രേ ഈ "നടത്ത" നിരോധനം കൊണ്ട് വന്നത് എന്നും അയാൾ കൂട്ടിച്ചേർത്തു.


വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്തിട്ടുണ്ട് എന്ന് പറയപ്പെടുന്ന, പലയിടത്തും കല്ലുകൾ മാത്രം കാണപ്പെടുന്ന റോഡ്‌ എന്ന്  പറയാൻ പറ്റാത്ത റോഡിലൂടെ വണ്ടി ഓടിച്ചു. വഴിയിൽ ചിലയിടത്ത് തോട്ടം തൊഴിലാളികളുടെ ചെറിയ വീടുകൾ കണ്ടു.  ആധുനികതയുടെ കടന്നു കയറ്റം ഒന്നും ഇല്ലാത്ത കൊച്ചു കൊച്ചു വീടുകൾ. അവയ്ക്ക് പുറകിലായി തേയില തോട്ടങ്ങളും. രാവിലെ തന്നെ ഈ റോഡിലൂടെ കാറോടിച്ചു വരുന്ന "വട്ടന്മാരെ" അവർ തുറിച്ചു നോക്കുന്നത് പോലെ തോന്നി.


ഏകദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചപ്പോൾ തന്നെ യാത്ര മതിയായി. ഇതിലും നല്ലത് നടക്കുകയാണ് എന്ന് തോന്നി. പക്ഷെ വീതി കുറഞ്ഞ റോഡിൽ കാർ പാർക്കും ചെയ്തു പോകാൻ പറ്റാത്തത് കൊണ്ടും, പരിചയം ഇല്ലാത്ത സ്ഥലം ആയതു കൊണ്ടും  അവർ മുൻപേ പറഞ്ഞ നാഗമല വരെ എന്തായാലും പോകാം എന്ന് തീരുമാനിച്ചു യാത്ര തുടർന്നു .


ഒരു സ്കൂളും ഒരു ചെറിയ അമ്പലവും കുറച്ചു വീടുകളും ആണ് നാഗമലയിൽ ഉണ്ടായിരുന്നത്. റോഡരുകിലെ രണ്ടു വീടുകൾക്കിടയിൽ അനുവാദം ചോദിച്ചു വണ്ടി പാർക്ക്‌ ചെയ്തു നടത്തം തുടങ്ങി. അങ്ങ് അകലെയായി ഉയരത്തിൽ വലിയ മല കണ്ടു. അതാണ്‌ കൊളുക്കുമല. റോഡിലൂടെ നടന്നു വന്ന ചേട്ടനോട് അവിടെ എത്താൻ എളുപ്പവഴികൾ ഉണ്ടോ എന്ന് ചോദിച്ചു. തേയില തോട്ടങ്ങളുടെ ഇടയിലൂടെ നടന്നു കയറിയാൽ അവിടെ എത്താം എന്നും കോട ഇറങ്ങി വഴി മൂടിയാൽ പരിചയക്കാർ അല്ലാത്തവർ വഴി ഒന്നും കാണാൻ പറ്റാതെ ബുദ്ധി മുട്ടും എന്നും,  ജീപ്പ് ആണ് നല്ലത് എന്നും ആ ചേട്ടൻ പറഞ്ഞു തന്നു.

കൊളുക്കുമല നടന്നു കയറാൻ തീരുമാനിച്ചാണ് വന്നത് , അത് എന്ത് തടസ്സം വന്നാലും പൂർത്തിയാക്കും എന്നും മനസ്സിലുറപ്പിച്ചു ഞങ്ങൾ നടത്തം തുടങ്ങി. വളരെ നല്ല കാലാവസ്ഥ. സഹിക്കാവുന്ന തരത്തിലുള്ള തണുപ്പ് , ചെറിയ കാറ്റ്, ഒപ്പം വെയിൽ. അങ്ങകലെ വളരെ ഉയരത്തിൽ കാണുന്ന ലക്ഷ്യ സ്ഥാനം നോക്കി ജീപ്പ് റോഡിലൂടെ നടന്നു. അല്പം കഴിഞ്ഞപ്പോൾ തേയില തോട്ടത്തിന്റെ ഇടയിലൂടെ മുകളിലേക്ക് ഒരു നടപ്പാത കണ്ടു. ഒരാൾക്ക്‌ മാത്രം നടക്കാനുള്ള വീതിയുള്ള വഴിയിലൂടെ വരി വരി ആയി നടന്നു തുടങ്ങി.


സമുദ്രനിരപ്പിൽ നിന്നും ഏകദേശം  8000 അടിയോളം ഉയരത്തിലായി ആണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് കൊളുക്കുമല . തമിഴ് നാട്ടിലാണ് എങ്കിലും ഇവിടേയ്ക്ക് റോഡു മാർഗം കേരളത്തിലൂടെ മാത്രമേ പ്രവേശിക്കാൻ കഴിയൂ. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാൿറ്ററി കൊളുക്കുമലയിൽ ഉണ്ട്. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പാടമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്.


തേയില തോട്ടങ്ങൾക്കിടയിലൂടെ നടപ്പ്  രസകരം ആയിരുന്നു. വലിയ കയറ്റങ്ങൾ ആണ് കയറുന്നത് എന്നിരുന്നാലും ആ സുഖകരമായ കാലാവസ്ഥയിൽ ശരീരം ഒട്ടും വിയർക്കാത്തത് കൊണ്ട് ക്ഷീണം ഒട്ടും തോന്നിയില്ല. ഒപ്പം ഉള്ളവർ എല്ലാവരും നല്ല നടത്തക്കാർ ആയതിനാൽ ആരെയും കാത്തു നില്കേണ്ടി വരാത്തതു കൊണ്ട് കുറച്ചു സമയം കൊണ്ട് തന്നെ കുറെ ഉയരത്തിൽ എത്തി ചേർന്ന പോലെ തോന്നി.   പക്ഷെ അപ്പോഴും കൊളുക്കുമല  വളരെ ഉയരത്തിൽ തന്നെ ആയിരുന്നു. ഇന്ന് മുഴുവൻ നടന്നാലും അവിടെ എത്തുമോ എന്ന സംശയം മനസ്സിൽ വന്നു.


അല്പം കഴിഞ്ഞപ്പോൾ ആണ് കാര്യങ്ങൾ ആകെ മാറിയത്. പെട്ടെന്ന് അന്തരീക്ഷം ആകെ മാറി. വെയിൽ മാറി, ചെറിയ മഴ വന്നു, ഒപ്പം അതി ശക്തമായ കോടയും. അടുത്ത് നില്ക്കുന്നവരെ പോലും കാണാത്ത അവസ്ഥ. ക്യാമറയും പർസും എല്ലാം ഒരു ബാഗിൽ ആക്കി, ബാഗിന് മാത്രം ആയി ഉള്ള റെയിൻ കോട്ടും ഇടുവിച്ചു. ആ ചെറിയ മഴയും ആസ്വദിച്ചു നടന്നു.


ജീപ്പ് റോഡിലൂടെ അല്ലാതെ മലയുടെ മുകൾ ഭാഗം മാത്രം നോക്കി, കാണുന്ന വഴികളിലൂടെ  ആണ് ഇത്രയും സമയം നടന്നിരുന്നത്. പല പല മടക്കുകൾ ആയി കിടക്കുന്ന ചെറിയ  മലകൾ മാറി കയറിയാൽ വേറെ എവിടെയാണ് എത്തുക എന്നും അറിയില്ല. ഒരു ചെറിയ മല കയറി കഴിയുമ്പോൾ അതെ വലുപ്പത്തിൽ  അടുത്ത മല വരും. നേരെ നടന്നുകയറാൻ പലയിടത്തും വഴിയില്ലാത്തതിനാൽ പലപ്പോഴും വഴി മാറി കുറെ നടക്കേണ്ടി വന്നിരുന്നു. പിന്നെ കൊളുക്കുമലയുടെ അടുത്ത് മറ്റൊരു ഉയരം ഉള്ള തിപട  മല ഉണ്ട് എന്നും കേട്ടിരുന്നു. വഴി തെറ്റി അവിടെ എങ്ങാനും എത്തുമോ എന്ന ശങ്കയും മനസ്സിൽ .  വഴിയിൽ തേയില തോട്ടങ്ങൾക്കിടയിൽ ഉള്ള ചെറിയ കാടുകളിൽ ആനകളെ കാണാനും സാദ്യത ഉണ്ടായിരുന്നു. അധികം പഴക്കം ഇല്ലാത്ത ആനപിണ്ഡം ഞങ്ങൾ വഴിയിൽ ഒരിടത്ത് കണ്ടിരുന്നു.  ഒഴിവു ദിവസം ആയതിനാൽ തേയില തോട്ടത്തിലെ ജോലിക്കാരെ ഒന്നും അവിടെ കാണാനും ഇല്ല.കുറെ നേരം നടക്കുമ്പോൾ ജീപ്പ് റോഡ്‌ കാണുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ ഒരുപാട് ദൂരം നടന്നിട്ടും പലയിടങ്ങളിലേക്ക്‌ നീണ്ടു പോകുന്ന നടപ്പാതകൾ ആല്ലാതെ മറ്റൊന്നും കാണാൻ ഇല്ല.


എല്ലാവരും ചേർന്ന് കൂടി ആലോചിച്ചു. വഴി തെറ്റിയാലും മുകളിലേക്ക് മാത്രം നടക്കുക. കുറെ കഴിയുമ്പോൾ ഒന്നുകിൽ കോട മാറി മലകള എല്ലാം കാണാം അല്ലെങ്കിൽ ഏതെങ്കിലും ജീപ്പ് റോഡിൽ എത്തുന്നത്‌ വരെ നടക്കുക. അതിനു ശേഷം റോഡിലൂടെ മാത്രം നടക്കാം. ഇടയ്ക്കിടെ വിശക്കുമ്പോൾ ഓരോ ബോണ്ടയും എടുത്തു കടിച്ചു തിന്നും,  ദാഹം ഇല്ലെങ്കിലും വെള്ളവും കുടിച്ചും നടന്നു. തണുപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു.


ചെറിയ ചെറിയ മലകൾ താണ്ടി ഒടുവിൽ ഞങ്ങൾ ഒരു ജീപ്പ് റോഡിൽ  എത്തി. ഏകദേശം ഒന്നര മണിക്കൂർ നേരത്തെ നടത്തത്തിനു ശേഷം ആണ് ഒരു ജീപ്പ് റോഡ്‌ കണ്ടത്. റോഡിൽ എത്തി അല്പം കഴിഞ്ഞപ്പോൾ ഒരു ജീപ്പ് മലയിറങ്ങി വരുന്നത് കണ്ടു. അവരോടെ വഴി ചോദിച്ചു. ഇനി ഒരു കിലോമീറ്റർ മാത്രം നടന്നാൽ മല മുകളിൽ എത്താം എന്നറിഞ്ഞപ്പോൾ എല്ലാവർക്കും  ആശ്വാസം ആയി. 

അങ്ങിനെ ഒടുവിൽ നടന്നു നടന്നു ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടത്തിന്റെ അടുത്ത് എത്താറായി. വഴിയിൽ ഒരിടത്ത് നിങ്ങളിപ്പോൾ നില്ക്കുന്നത് 7130 അടി ഉയരത്തിൽ ആണ് എന്ന് ഓർമ്മിപ്പിക്കുന്ന ഒരു ബോർഡ്‌ കണ്ടു. ആ ബോർഡിന്റെ അടുത്ത് നിന്നാൽ അപ്പുറത്തെ താഴ്‌വാരം  മുഴുവൻ കാണാം. അല്പം മഞ്ഞു മൂടി ആണ് കിടക്കുന്നത് എങ്കിലും  ആ താഴ്‌വാരം മൂന്നാറിലെ പരിസരപ്രദേശങ്ങൾ ആയ ടോപ്‌ സ്റ്റേഷൻ, കുരങ്ങിണി, ബോഡിമെട്ടു  എന്നിവയാണ് എന്ന് പറഞ്ഞു കേട്ടപ്പോൾ അദ്ഭുതം തോന്നി. ഇത്രയും പൊട്ടു പോലെ കിടക്കുന്ന മൂന്നാറിന്റെ ഏകദേശം ഇരട്ടി ഉയരത്തിൽ ആണ് നില്ക്കുന്നത് വിശ്വസിക്കാൻ പറ്റിയില്ല. ഏകദേശം രണ്ടു മണിക്കൂർ നേരം  നിറുത്താതെയുള്ള കയറ്റങ്ങൾ കയറി ഇത്രയും ഉയരത്തിൽ എത്തി എന്ന് മനസ്സ് സമ്മതിക്കുന്നില്ല. 


അവിടെ നിന്നും അര കിലോമീറ്റർ ദൂരം കൂടി നടന്നാൽ തേയില ഫാക്ടറിയിൽ  എത്തും എന്ന് കേട്ടിരുന്നു. അവിടെ എത്താറായപ്പോൾ ചുറ്റും വേലി കെട്ടിയ തിരിച്ച  ഒരു വെളി പ്രദേശത്ത് കുറെ ചെറുപ്പക്കാരെ കണ്ടു. പരസ്യമായി മദ്യപിക്കുകയും , ഡാൻസ് ചെയ്യുകയും, പാചകം ചെയ്യുകയും ചെയ്യുന്ന അവർ മലയാളികൾ ആണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. അവരിൽ ഒരാളെ പരിചയപ്പെട്ടു. മുന്നാറിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന അവർ ഒഴിവു ദിവസം ആഘോഷിക്കാൻ വന്നതായിരുന്നു. ഇവിടെ പോലീസും ചെക്കിങ്ങും ഒന്നും ഇല്ലാത്തതിനാൽ ഇടയ്ക്കു ഇവിടേയ്ക്ക് വരാറുണ്ടെന്നും അവർ അറിയിച്ചു. അവരിപ്പോൾ നില്കുന്ന സ്ഥലം ഒരു ഹെലിപാഡ് ആണെന്നും ഈ തോട്ടത്തിന്റെ ഉടമസ്ഥൻ ഇടയ്ക്കു ഹെലികോപ്ടറിൽ ആണ് വരാറുള്ളത് എന്നും അവർ പറഞ്ഞു തന്നു. ഒരു പാട് വിദേശികൾ വരാറുള്ള ഈ കൊളുക്കുമലയിൽ അവർക്ക് ടെന്റുകൾ അടിച്ചു താമസ സൗകര്യം ഒരുക്കുന്ന സ്ഥലവും ഇതാണ് എന്നും അവരിൽ നിന്നും അറിഞ്ഞു. 



ഒഴിവു ദിവസം ആയതിനാൽ തേയില ഫാക്ടറി അടഞ്ഞു കിടക്കുകയായിരുന്നു. അതിന്റെ അടുത്തുള്ള കെട്ടിടത്തിൽ കൊളുക്കുമലയിലെ തേയില വില്പന നടത്തുന്ന ഔട്ട്‌ ലെറ്റും അവിടത്തെ സ്പെഷ്യൽ ചായ കൊടുക്കുന്ന ചെറിയ കഫെയും തുറന്നു കിടക്കുന്നുണ്ടായിരുന്നു. അവിടെ കയറി ചായലയുടെ വില ചോദിച്ചു. കാൽ കിലോയുടെ ഒരു പാക്കിന് അറുപതു രൂപ. എല്ലാവരും കുറെ പാക്കുകൾ വാങ്ങി. ലോകത്തിന്റെ നെറുകയിൽ വളരുന്ന ഓർഗാനിക് ടീ നമ്മുടെ കടകളിൽ ലഭിക്കില്ലല്ലോ. അത് കൊണ്ട് തന്നെ കൊണ്ട് പോകാൻ പറ്റാവുന്നത്ര എല്ലാവരും വാങ്ങി. അവിടത്തെ ചായല കൊണ്ട് ഉണ്ടാക്കിയ ചായയും അവിടെ വെച്ച് രുചിച്ചു നോക്കി. ഒരു പ്രത്യേക രുചി. നല്ല നിറം. ആ നിറഞ്ഞ തണുപ്പിൽ ഇത്രയും രുചികരം ആയ ചായ കുടിക്കുന്നത് തന്നെ ഒരു അനുഭവം ആയിരുന്നു. ഒരെണ്ണം കുടിച്ചിട്ടും മതിയാകാഞ്ഞിട്ടു രണ്ടാമതും ഒരെണ്ണം കൂടി കുടിച്ചു. 


പൊതു അവധി ദിവസം ആയതിനാൽ ഫാക്ടറി അടഞ്ഞു കിടക്കുകയായിരുന്നു. അതിന്റെ ഗേറ്റ് തുറന്നു കിടന്നിരുന്നു. അതിലെ നടന്നു തുടങ്ങിയപ്പോൾ ഒരു വാച്ച്മാൻ കടന്നു വന്നു. താഴെ നിന്നും ഞങ്ങൾ നടന്നാണ്  വന്നത് എന്നറിഞ്ഞപ്പോൾ കൂടുതൽ വിവരങ്ങൾ പറഞ്ഞു തരാൻ അയാൾ താല്പര്യം കാട്ടി. ഫാക്ടറിയുടെ പുറകു ഭാഗത്ത്‌ പോയാൽ ടോപ്‌ സ്റ്റേഷനും കുരങ്ങിണിയും  ബോടിമെട്ടും എല്ലാം കാണാം എന്നും പറഞ്ഞു ഞങ്ങളെ കൂട്ടി കൊണ്ട് പോയി.


വിവരിക്കാൻ കഴിയാത്ത  അതിമനോഹര കാഴ്ചകൾ ആയിരുന്നു അവിടെ. അല്പം മുൻപ് കണ്ട താഴ്‌വരകൾ വളരെ വ്യക്തമായി കാണാവുന്ന വ്യൂ പോയിന്റ്‌ ആയിരുന്നു അത്. മടക്കുകളായി കിടക്കുന്ന മല നിരകൾ, അതിന്റെ ഇടയിൽ വളഞ്ഞു പിരിഞ്ഞു കിടക്കുന്ന വഴികൾ. എട്ടുകിലൊമീറ്റർ നടന്നാൽ തമിഴ്‌നാട്ടിലെ  കുരങ്ങിണിയിൽ എത്താം അവിടെ നിന്നും പിന്നെ ടോപ്‌ സ്റ്റേഷൻ വരെ നടക്കാനുള്ള വഴി ഉണ്ടെന്നും ഏകദേശം രണ്ടു ദിവസത്തെ ട്രെക്കിംഗ് പ്ലാൻ ചെയ്തു വന്നാൽ കൊളുക്കുമലയും, കുരങ്ങിണിയുംആസ്വദിച്ചു ടോപ്‌ സ്റേഷൻ വഴി മുന്നാറിലൂടെ മടങ്ങി പോകാം എന്നും  അയാളിൽ അയാൾ പറഞ്ഞു. വിദേശികൾ ഒരുപാട് ട്രെക്ക് ചെയ്തു വരാറുള്ള ഒരു വഴി ആണ് അത് എന്നും  അറിഞ്ഞു. കുരങ്ങിണിയിൽ ടെന്റുകൾ അടിച്ചു താമസിക്കാൻ പറ്റിയ കുറെ നല്ല സ്ഥലങ്ങൾ ഉണ്ട് എന്നും അവിടെ താമസിക്കാൻ ആരുടെയും അനുവാദം വേണ്ട എന്നും തുടങ്ങി  അടുത്ത ഒരു ട്രക്കിംഗ് നടത്താനുള്ള  എല്ലാ വിവരങ്ങളും അയാളിൽ നിന്നും കിട്ടി. ചോദിക്കാതെ തന്നെ കുറച്ചു പണം കൈയിൽ വെച്ച് കൊടുത്തപ്പോൾ അയാള് കൂടുതൽ വാചാലനായി.


അവിടത്തെ തൊഴിലാളികളുടെ ജീവിതം വളരെ കഷ്ടമാണ് എന്ന്  തോന്നി. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ ആ മലയുടെ മുകളിലെ ജീവിതം സങ്കല്പ്പിക്കാൻ പോലും ആകുന്നില്ല. അവർക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ താഴെ തമിഴ്‌നാട്ടിൽ പോകണം അല്ലെങ്കിൽ സുര്യനെല്ലിയിൽ. ഏറ്റവും കുറഞ്ഞത്‌,  ഒരു ഭാഗത്തേക്ക് എട്ടു കിലോമീറ്റർ ദൂരം കാൽനടയായി പോയി വരണം. എന്നാലെ എന്തെങ്കിലും കിട്ടുകയുള്ളൂ. തേയില തോട്ടങ്ങളിൽ കുറഞ്ഞ കൂലിയിൽ അടിമകളെ പോലെ പണിയെക്കുന്ന ആളുകളെ പല യാത്രകളിലും കണ്ടിട്ടുണ്ട്. അതിന്റെ ആവർത്തനം തന്നെ ആയിരുന്നു ഇവിടെയും. മുകളിൽ നിന്നും നോക്കിയാൽ തോട്ടം തൊഴിലാളികളുടെ വീടുകൾ അടുത്ത് കാണാം. ഒന്നോ രണ്ടോ ചെറിയ മുറിയിൽ , കുറഞ്ഞ കൂലിയിൽ , ആ കൊടിയ തണുപ്പിൽ ജീവിതം ജീവിച്ചു തീർക്കുന്ന ആളുകളെ കാണുമ്പോൾ നമ്മൾ എത്രയോ ഭാഗ്യവാന്മാർ ആണ് എന്ന് തോന്നി പോകും.


കൊളുക്കുമലയിൽ വരുന്ന സഞ്ചാരികൾക്ക് താമസിക്കാനായി മൂന്നു മുറികൾ ഉള്ള ഒരു റിസോർട്ട് അവിടെ പണിതീർത്തിട്ടുണ്ടായിരുന്നു. വെറുതെ അത് കാണാൻ പോയി. വലിയ LED TV അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള നല്ല മുറികൾ. രണ്ടു പേർക്ക് ഒരു  ദിവസം 4 5 0 0 രൂപയാണ് ചാർജ്. കാശ് ഇത്തിരി കൂടുതൽ ആണെങ്കിലും ഇത്രയും ഉയരത്തിൽ ആ സുന്ദരമായ കാലാവസ്ഥയിൽ ഒരു രാത്രി കഴിച്ചുകൂട്ടുന്നത് തികച്ചും അവിസ്മരണീയം ആയ അനുഭവം ആയിരിക്കും എന്ന് ഉറപ്പാണ്. പക്ഷെ അവിടത്തെ ഒരു മുറിയിലും സഞ്ചാരികൾ താമസിക്കുന്നുണ്ടായിരുന്നില്ല. എല്ലാ മുറികളുടെയും വാതിലുകൾ വെറുതെ ചാരിയിട്ടു ഒരു പണിക്കാരൻ പയ്യൻ  മുറ്റത്ത്‌ എന്തോ ചെയ്യുന്നുണ്ടായിരുന്നു.കുറെ നേരം അവിടെയെല്ലാം നടന്നും ഫോട്ടോകൾ എടുത്തും ആ നല്ല കാലാവസ്ഥ അനുഭവിച്ചും സമയം ചിലവഴിച്ചു. ഏകദേശം മൂന്നുമണി ആകാറായപ്പോൾ കൊളുക്കുമലയോട് വിട പറഞ്ഞു തിരികെ നടന്നു.


തിരികെ നടക്കുമ്പോൾ എളുപ്പവഴികൾ ഒഴിവാക്കി ജീപ്പ് റോഡിലൂടെ മാത്രം പോയാലോ എന്ന് എല്ലാവരും ചേർന്ന് തീരുമാനം എടുത്തു. വഴി ഇത്തിരി കൂടുതൽ ആയാലും കൃത്യമായി ഞങ്ങളെ താഴെ എത്തിക്കും എന്ന ചിന്തയിൽ ആണ് ആ തീരുമാനം എടുത്തത്‌ . അതനുസരിച്ച് ടാറിട്ട റോഡിലൂടെ കുറെ ദൂരം നടന്നു. കാലാ വസ്ഥക്ക് ഒരു മാറ്റവും ഇല്ല. കോട നിറഞ്ഞു ഒന്നും കാണാനാവാതെ കിടക്കുന്ന മലനിരകൾ.  കുറെ ദൂരം റോഡിലൂടെ നടന്നിട്ടും റോഡ്‌ താഴേക്ക്‌ ഇറങ്ങുന്ന ലക്ഷണം കാണുന്നില്ല. ഇത്രയും ദൂരം താഴേക്ക്‌ നടന്നെങ്കിൽ പെട്ടെന്ന് തന്നെ താഴെ എത്തുമായിരുന്നു എന്ന തോന്നൽ മനസ്സിൽ. അങ്ങോട്ടേക്കുള്ള വലിയ കയറ്റങ്ങൾ കയറിയതിനാൽ ശരീരം ക്ഷീണിച്ചു തുടങ്ങിയിരുന്നു.  ഈ റോഡിലൂടെ പത്തു കിലോമീറ്റർ നടക്കുന്നതിൽ ഭേദം കാണുന്ന വഴിയിലൂടെ താഴേക്ക്‌ ഇറങ്ങുകയാണ് നല്ലത് എന്ന് തോന്നി.എന്ത് വേണം എന്നറിയാതെ മനസ്സ് വല്ലാതെ ചാഞ്ചാടി .


തേയില ചെടികൾക്കിടയിലൂടെ ഒരാൾക്ക്‌ മാത്രം പോകാൻ പറ്റുന്ന വഴിയിലൂടെ ഇറക്കം ഇറങ്ങുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണെന്ന് കുറെ ഇറങ്ങി കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത്‌. കയറിയ പോലെ അല്ല. മുന്നിൽ പോകുന്ന ആളെ അല്ലാതെ ഒന്നും കാണാൻ വയ്യ. വഴിയിൽ പലയിടത്തും ഉരുണ്ട കല്ലുകൾ കിടക്കുന്നുണ്ടായിരുന്നു. മഴ പെയ്യാറുള്ളത് കൊണ്ട് വഴിയിൽ പലയിടത്തും ചെറുതായി പായൽ പിടിച്ചിട്ടും ഉണ്ട് .ഒരു സെക്കന്റ്‌ നേരത്തെ ഒരു അശ്രദ്ധ മതി മറിഞ്ഞു വീഴാൻ.   പിന്നെ അല്പം മുൻപ് കയറി വന്ന വഴിയിലൂടെ അല്ല ഇപ്പോൾ ഇറങ്ങുന്നത്. കുറെ നടന്നിട്ടും മുൻപ് കയറി വന്ന അവസ്ഥ തന്നെ ആയി. എവിടെക്കാണ്‌ പോകേണ്ടത് എന്ന് അറിയാത്ത അവസ്ഥ.വീണ്ടും ഒരു ജീപ്പ് റോഡ്‌ കാണാൻ മനസ്സ് കൊതിച്ചു.


കുറെ ഇറങ്ങി ചെന്നിട്ടും എവിടെയും എത്തുന്നില്ല. അവസാനം  നടന്നു എത്തിയത് ഒരു ചെറിയ കാട്ടിനടുത്തായിരുന്നു. മുൻപേ  വടിയും കുത്തി നടന്നിരുന്ന രാജു ചേട്ടൻ നടത്തം നിറുത്താൻ ആംഗ്യം കാണിച്ചു. കൂടുതൽ ഒന്നും ചോദിക്കുന്നതിനു മുൻപേ പരിചയമുള്ള മണം  മൂക്കിൽ വന്നു കയറി. ആനയുടെ മൂത്രത്തിന്റെ മണം. കൂടുതൽ പറയാനോ, നോക്കാനോ, ബഹളം വെക്കാനോ, പരിഭ്രമം കാണിക്കാനോ, എത്തി നോക്കാനോ നിന്നില്ല. പതുക്കെ തിരിച്ചു നടന്നു.കാരണം ആന അവിടെ അടുത്ത് ഉണ്ട് എന്ന് ഉറപ്പായിരുന്നു.അത്രക്കും രൂക്ഷമായ, പുതിയ മണം ആയിരുന്നു അത്. കുറെ നടന്ന ശേഷം മറ്റൊരു വഴിയിലൂടെ താഴേക്ക്‌ ഇറങ്ങി. വീണ്ടും നടത്തം ... നടത്തം മാത്രം. താഴേക്കു മാത്രം നടന്നു ഏകദേശം രണ്ടു മണിക്കൂർ ആകാറായി. എന്നിട്ടും ഒരു ജീപ്പ് റോഡ്‌ കണ്ടില്ല.


നടത്തത്തിന്റെ അവസാനം അകലെ ഒരു ജീപ്പ് റോഡു കണ്ടു. അതോടെ ആ യാത്രയുടെ അവസാനം ആയി. ആ ജീപ്പ് റോഡിലൂടെ കുറെ ദൂരം  നടന്നപ്പോൾ ഞങ്ങൾ രാവിലെ കയറി പോയ വഴി കണ്ടു. ഞങ്ങൾ കയറിപ്പോയ ആ  വഴിയിൽ  നിന്നും ഏകദേശം അരകിലോമീറ്റർ മാറിയാണ് തിരിച്ചു ഇറങ്ങിയത്‌ എന്ന് അതോടെ ബോധ്യം ആയി.


അല്പനേരത്തെ വിശ്രമത്തിന് ശേഷം കാറിനടുത്തേക്ക് നടക്കുമ്പോൾ ശരീരം തളർന്നെങ്കിലും മനസ്സ് വളരെ ഉന്മേഷത്തിൽ ആയിരുന്നു. അങ്ങകലെ മഞ്ഞു മൂടി കിടക്കുന്ന ആ മലയെ കീഴടക്കിയ  സന്തോഷത്തിൽ ആയിരുന്നു മനസ്സ്. ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങൾ , ഈ ഓർമ്മകൾ  ഇതോക്കെ ഒരിക്കലും അവസാനിക്കരുതെ എന്ന ആഗ്രഹത്തോടെ കൊളുക്കമലയോട് വിട പറഞ്ഞു.

================================================================
കൊളുക്കുമല യാത്രയുടെ കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം 
================================================================

27 comments:

  1. സജി മാർക്കോസിന്റെ ലിങ്ക് വഴിയാണ്‌ താങ്കളുടെ എഴുത്തും ചിത്രങ്ങളും കാണാനിടയായത്. ബ്ലോഗിലെത്തിയപ്പോഴാകട്ടെ - പലപ്പോഴും തപ്പി നടന്ന അറിവുകൾ പലതും ചിത്രങ്ങൾ സഹിതം കിടക്കുന്നു. അറിവുകൾ, ചിത്രങ്ങൾ ഒക്കെ പങ്ക് വച്ചതിന്‌ നന്ദി. അത്യാവശ്യം ചിത്രങ്ങൾക്ക് അടിക്കുറിപ്പും പിന്നെ ഒരു വിശദമായ റൂട്ട് മാപ്പും കൂടിയുണ്ടായിരുന്നെങ്കിൽ കുറെ കൂടി മെച്ചപ്പെടുമായിരുന്നു എന്ന തോന്നൽ.
    ഫാമിലിയുമായി സൂര്യനെല്ലിയിൽ വണ്ടിയിട്ട് കൊളുക്ക്മലയിൽ ജീപ്പിൽ പോയി ഒരു ദിവസം തങ്ങി വരാൻ പ്ലാൻ ഉണ്ട്.

    ReplyDelete
    Replies
    1. സലീൽ ... നന്ദി ... അടുത്ത അടുത്ത ബ്ലോഗ്‌ മുതൽ താങ്കളുടെ നിർദേശങ്ങൾ പാലിക്കാൻ ശ്രമിക്കാം. പിന്നെ ഗൂഗിൾ മാപ്പിൽ ഒരു സ്ഥലം അടിച്ചു കൊടുത്താൽ വ്യക്തമായി വഴികൾ കിട്ടും എന്നത് കൊണ്ടും , ഇപ്പോൾ എല്ലാവരുടെയും മൊബൈൽ ഫോണിൽ പോലും ഈ സൗകര്യം ഉള്ളത് കൊണ്ടും ആണ് ഞാൻ മാപ്പുകൾ ഉൾപെടുത്താത്തത് .

      Delete
  2. അങ്ങനെ ഒരു സ്ഥലം കൂടി പരിചയപ്പെട്ടു. എത്ര ദിവസം കുഴമ്പ് തേച്ച് കിടന്നു ഇത് കഴിഞ്ഞ് :-) വീണ്ടും വരാം..

    ReplyDelete
    Replies
    1. സുനി..
      മുപ്പതു പേര് അടങ്ങിയ ഒരു സംഘത്തെയും കൊണ്ട് കാട്ടിലൂടെ ഒരു ദിവസം കൊണ്ട് ഇരുപത്തിയാറു കിലോമീറ്റർ ദൂരം ട്രെക്ക് ചെയ്ത ഒരു അനുഭവം എനിക്കുണ്ട്. ലക്ഷ്യ സ്ഥാനത്ത് എത്താനുള്ള ദൂരത്തെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടും ആദിവാസികളുടെ വാക്ക് അമിതമായി വിശ്വസിച്ചത് കൊണ്ടും സംഭവിച്ച ഒരു അബദ്ധം ആയിരുന്നു അത്. പക്ഷെ ആ അനുഭവത്തിന് ശേഷം ഇപ്പോൾ നടത്തുന്ന നടത്തം എല്ലാം വളരെ ചെറുതായി മാത്രമേ തോന്നാറുള്ളൂ . .കൊളുക്കുമല രണ്ടു ഭാഗത്തേക്കു മായി ഏകദേശം പന്തണ്ട് കിലോമീറ്റർ മാത്രമേ നടന്നിട്ടുള്ളൂ .. അത് വെറും നിസാരം.
      നന്ദി ... വീണ്ടും കാണാം ...

      Delete
    2. End of the day, that's also an experience.

      Delete
  3. vivaranam valare nannayittundu ketto. kurachu koodi photos venamayirunnu

    ReplyDelete
    Replies
    1. കൊലുക്കുമല യാത്രയുടെ ഏകദേശം നൂറിലധികം ചിത്രങ്ങൾ ഞാൻ ഫേസ് ബുക്കിൽ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട് . ആ ആൽബത്തിന്റെ ലിങ്ക് ഈ ബ്ലോഗിന്റെ താഴെ കൊടുത്തിട്ടും ഉണ്ട്. താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്ന് കരുതുന്നു. ബ്ലോഗിൽ ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ കുറെ സമയം വേണം. ഞാനാണെങ്കിൽ ഒരു മടിയനും ആണ് .. ക്ഷമിക്കുക

      Delete
  4. ഉഗ്രനായിട്ടോ

    Typed with Panini Keypad

    ReplyDelete
  5. വളരെ കഷ്ടപ്പെട്ടാണെങ്കിലും കിട്ടിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഷെയര്‍ ചെയ്തതിനു വളരെ നന്ദി....

    ReplyDelete
  6. very nice writing and photos.. Good

    ReplyDelete
  7. ഞാന്‍ മൂന്നു പ്രാവശ്യം അവിടെ പോയിട്ടുണ്ട്. പക്ഷെ നിങ്ങള്‍ നടന്നു പോയതിനെ സമ്മതിക്കാതെ വയ്യ...

    ReplyDelete
    Replies
    1. അടുത്ത മാസം ഒരു വലിയ ടീമിനെയും കൊണ്ട് വീണ്ടു അവിടേക്ക് നടന്നു പോകാൻ പ്ലാൻ ചെയ്യുന്നുണ്ട് ...വരുന്നോ ? രണ്ടു മണിക്കൂർ നടക്കുക അത്രക്കും ബുദ്ധിമുട്ടുള്ള കാര്യം ആണോ? ഞങ്ങൾക്ക് ഇത് ഒരു വലിയ കാര്യം ആയി തോന്നുന്നില്ല ...

      Delete
  8. കുറച്ചു നാള്‍ മുന്നേ മാതൃഭൂമിയുടെ യാത്ര മാഗസിനില്‍ കൊളുക്കു മലയെ കുറിച്ച് ഒരു നല്ല ഫീച്ചര്‍ ഉണ്ടായിരുന്നു. അന്ന് തീരുമാനമെടുത്തു അവിടെ പോപ്കണമെന്നു. ഡിസംബറില്‍ റൂം ബുക്ക്‌ ചെയ്ത് കാത്തിരിക്ക്കുന്നു. ഇപ്പൊ പ്രധാന പണി കൊളുക്കുമലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക്ക. അപ്പോഴാണ് ഒരു അനുഗ്രഹം പോലെ താങ്കളുടെ യാത്രാ വിവരണം ശ്രദ്ധിക്കുന്നത്. ഒരുപാട് നന്ദിയുണ്ട് .... നല്ല വിവരണം ഒരുപാട് പുതിയ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ഞാനും കുറെ ഏറെ പ്രാവശ്യം മുന്നാറില്‍ പോയെങ്കിലും കൊളുക്കുമലയെ അറിയാന്‍ കഴിഞ്ഞില്ല. കൊളുക്കു മലയിലേക്കു പഴയ ദേവികുളം വഴി ഒരു റൂട്ട് ഉണ്ട്. അവിടെ ഒരു വലിയ കൃത്രിമ തടാകവും ഉണ്ട്. അവിടെ ഒരുപാട് സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലം ആണ്. ...ഞാന്‍ വായിച്ചരിഞ്ഞതാണ് കേട്ടോ ...thank you once again....

    ReplyDelete
    Replies
    1. സുഹൃത്തേ .. നന്ദി. കൊളുക്കുമലയിലേക്ക് ജീപ്പിൽ പോകുമ്പോൾ താങ്കൾ ഈ പറഞ്ഞ തടാകം കാണാൻ കഴിയും എന്നാണ് ഞാൻ കേട്ടത്. ജീപ്പ് ഒരുപാട് വളഞ്ഞാണ് പോകുന്നത്. ഞങ്ങൾ മല കുത്തനെ നടന്നു കയറുകയായിരുന്നു. അത് കൊണ്ടാണ് ഞങ്ങൾ അത് കാണാതിരുന്നത്. പോയി വരുമ്പോൾ തടാകത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യണം .

      Delete
  9. Valare nannayitund. A a nadatham thanne oru valiya anubhavamanu.

    ReplyDelete
  10. Valaray nalla avatharanam ..Thank you brother. .I like it. .

    ReplyDelete
  11. മധു ചേട്ടാ, കൊളുക്കുമല കാണിച്ചു തന്നതിന് ഒത്തിരി
    നന്ദി. ഏറ്റവും ഉയരത്തിലുള്ള ആ തേയില തോട്ടത്തിന്റെ
    വിവരണം അതീവ ഹൃദ്യമായി പറഞ്ഞു.
    എന്നത്തേയും പോലെ ബ്ലോഗ്‌ മനോഹരമായി.

    യാത്രയെ സ്നേഹിക്കുന്നവർക്ക്, യാത്രാനുഭവം മറ്റുള്ളവർക്ക്
    പങ്ക് വെച്ച് കൊടുക്കുമ്പോൾ മാത്രമേ യാത്ര പൂർണ്ണമാവുകയുള്ളൂ.
    അത് മധു ചേട്ടൻ മനോഹരമായി ഈ ബ്ലോഗിലൂടെ
    അവതരിപ്പിക്കുന്നു. ഇനിയും യാത്രയുടെ പുതിയ മേച്ചിൽ പുറങ്ങൾ
    ഞങ്ങൾക്ക് തുറന്നു തരുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

    യാത്രാ മംഗളങ്ങൾ !!!

    ReplyDelete
    Replies
    1. ജിത്തു ...നന്ദി ... ഒരേ നാട്ടുകാർ ആയിട്ടും ഇതുവരെ നേരിട്ട് കാണാൻ കഴിയാത്തതിന്റെ വിഷമം മനസ്സിൽ ഉണ്ട് ...

      Delete
  12. valare valare nannayittund, Iniyum Pratheekshikkunnu kooduthal yaathrakal

    ReplyDelete
    Replies
    1. ഞാൻ എഴുതാൻ ശ്രമിക്കാം . ഈയിടെ ആയി യാത്രകൾ കൂടുകയും എഴുത്ത് കുറയുകയും ചെയ്തു. പിന്നെ ജോലി , കുടുംബം, എന്റെ മടി ...എല്ലാം കാരണം എന്റെ എഴുത്തിന്റെ എണ്ണം കുറഞ്ഞു. തീർച്ചയായും ശ്രമിക്കാം.

      Delete
  13. കൂട്ടുകാരാ ...നന്ദി ...

    ReplyDelete
  14. very interesting travelogue..keep it up

    ReplyDelete