Sunday, September 30, 2012

കോവിലൂര്‍


കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല അതെന്നും ആ ഗ്രാമ്യ ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന സൌഹൃദങ്ങള്‍ ആണ് ഈ യാത്രക്ക് വേണ്ടത് എന്ന തിരിച്ചറിവും മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ ഈ യാത്ര നടപ്പിലാക്കാന്‍ വര്‍ഷങ്ങള്‍ എടുത്തു എന്നതാണ് സത്യം.



ഒരു ഒഴിവു ദിവസം പുലര്‍ച്ചെ തന്നെ എറണാകുളത്തു നിന്നും കോവിലൂരിലേക്ക് യാത്ര പുറപ്പെട്ടു. ഒപ്പം മൂന്നു കൂട്ടുകാരും.ഹിമാലയന്‍ യാത്രകള്‍ അടക്കം ഭാരതത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും യാത്രകള്‍ നടത്തിയിട്ടുള്ള  രാജു ചേട്ടനും , പത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തിലെ ഓരോ മുക്കും മൂലയും സന്ദര്‍ശിച്ചിട്ടുള്ള ശരത്തും, ഫോട്ടോ ഗ്രാഫിയും യാത്രകളും ജീവിതമായി കൊണ്ട് നടക്കുന്ന, കല്യാണം കഴിച്ചാല്‍ ഇങ്ങനെ യാത്ര ചെയ്യാന്‍ കഴിയാതെ വരുമോ എന്നാ ഭയത്താല്‍ വിവാഹം നീട്ടി കൊണ്ട് പോകുന്ന ബിസിനസ്സുകാരനായ  ശ്രീകാന്തും ആയിരുന്നു ഈ യാത്രയിലെ എന്റെ കൂട്ടുകാര്‍ . ജോലിയുടെ തിരക്കുകള്‍ക്കിടയില്‍ ,യാത്രകള്‍ ഒരു പാട് ഇഷ്ടപ്പെടുന്ന കൂട്ടുകാരോടൊത്ത് ഒരു ദിവസം ചിലവഴിക്കാന്‍ കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമായി തോന്നി.



എറണാകുളത്തു നിന്നും ഏകദേശം നൂറ്റി ഇരുപതു കിലോമീറ്റര്‍ അകലത്തില്‍ ആണ് മൂന്നാര്‍ സ്ഥിതി ചെയ്യുന്നത് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഈ ഹില്‍ സ്റ്റേഷന്‍ ഇപ്പോള്‍ സഞ്ചാരികളുടെ ആധിക്യം കൊണ്ട് വീര്‍പ്പു മുട്ടുകയാണ്. എത്ര കണ്ടാലും മതി വരാത്ത തേയിലത്തോട്ടങ്ങളും, തണുപ്പും എല്ലാം  ഓരോ യാത്രയിലും  പുതുമയേറിയ അനുഭവങ്ങളാണ് സമ്മാനിക്കാരുള്ളത്.



എറണാകുളത്തു നിന്നും ആലുവ - പെരുമ്പാവൂര്‍ - കോതമംഗലം - അടിമാലി വഴി മൂന്നാറില്‍ എത്തി ചേര്‍ന്നു. മനസ്സിലെ ലക്‌ഷ്യം കോവിലൂര്‍ ആയതിനാല്‍ മുന്നാറില്‍ ഇറങ്ങാന്‍ ആര്‍ക്കും  താല്പര്യം ഉണ്ടായിരുന്നില്ല . വീണ്ടും യാത്ര തുടര്‍ന്നു. അടുത്ത ലക്‌ഷ്യം മുപ്പത്തി അഞ്ചു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന മുന്നാറിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ  ടോപ്‌ സ്റ്റേഷന്‍  ആയിരുന്നു. (ടോപ്‌ സ്റ്റേഷന്‍ എത്തുന്നത്‌ വരെ ഉള്ള റോഡുകള്‍ കേരളത്തിന്റെ സ്വന്തം ആണെങ്കിലും ആ സ്ഥലവും അതിന്റെ തൊട്ടടുത്ത റോഡുകളും തമിഴ് നാട്ടില്‍ പെട്ടതാണ് ).



മിക്കവാറും സമയങ്ങളില്‍ മഞ്ഞു മൂടി കിടക്കുന്ന ടോപ്‌ സ്റ്റേഷന്‍ പ്രകൃതിയുടെ മനോഹര കാഴ്ചകള്‍ ഒരുക്കി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഏകദേശം ആയിരത്തി എഴുനൂറു അടി ഉയരത്തില്‍ നില കൊള്ളുന്ന ഈ പ്രദേശത്ത്  ആളുകളെ പരസ്പരം തിരിച്ചറിയാന്‍ പോലും ആകാത്ത വിധത്തില്‍ പലപ്പോഴും കോട മഞ്ഞു വന്നു  നിറയാറുണ്ട്  . ഒരു മലയുടെ മുകളിലൂടെ  കുറെ ദൂരം നടന്ന്, പിന്നെ ചവിട്ടു പടികളിലൂടെ അല്പം സാഹസികമായി താഴേക്ക്‌ നടന്നു പല പല  വ്യൂ പോയന്റുകളില്‍  എത്തി അവിടെ നിന്ന്  മലനിരകളുടെ, അഗാധമായ കൊക്കകളുടെ എല്ലാം സൌദര്യം ആസ്വദിക്കാനാണ്  ഇവിടെ സഞ്ചാരികള്‍ വരുന്നത് . ഒരു ഹില്‍ സ്റ്റേഷന്‍ എന്താണ് എന്നും അവിടത്തെ കോടമഞ്ഞും, തണുപ്പും എന്താണ് എന്നും അനുഭവിച്ചറിയാന്‍ ഏറ്റവും നല്ല ഒരു സ്ഥലമാണ്‌ ഈ ടോപ്‌ സ്റ്റേഷന്‍ . ടോപ്‌ സ്റെഷനില്‍ മനോഹരമായ കുറെ നിമിഷങ്ങള്‍ ചിലവഴിച്ച ശേഷം ഒരു ചെറിയ ചായക്കടയില്‍ നിന്നും ഭക്ഷണവും കഴിച്ചു  ഞങ്ങള്‍ കൊവിലൂരിലേക്ക് തിരിച്ചു . ഞങ്ങളുടെ ഈ യാത്രയിലെ അവസാനത്തെ ലക്ഷ്യ സ്ഥാനത്തേക്ക് ....



കേരളത്തിലെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക്‌ ആയ പാമ്പാടും ഷോല (Smallest wild life sanctuary in Kerala) യുടെ ഉള്ളിലൂടെയുള്ള റോഡിലൂടെ ഒരു ചെക്ക്‌ പോസ്റ്റും താണ്ടിയാണ് കോവിലൂരില്‍ എത്തിയത് . അധികം ആരും ടൂര്‍ വരാത്ത ഒരു സ്ഥലമായത് കൊണ്ടാകണം എങ്ങോട്ടാണ് എന്നാ ചോദ്യം ചെക്ക്‌ പോസ്റ്റിലെ വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായി. ഒരു സ്ഥലം നോക്കാന്‍ കൊവിലൂര്‍ വരെ പോകുകയാണ് എന്നാ മറുപടിയില്‍ അവര്‍ തൃപ്തിയടയുകയും ചെയ്തു.




ഇടുക്കി ജില്ലയിലെ വട്ടവട എന്ന പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ ഈ കോവിലൂര്‍. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശവും കോവിലൂര്‍ ആണ് . കൊവിലൂരിലെ പ്രധാനപ്പെട്ട  ടൌണിലേക്ക് എത്തിച്ചേരുമ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് ഒരു തമിഴ്‌നാടന്‍ ശൈലിയില്‍ ഉള്ള ചെറിയ അമ്പലം ആയിരുന്നു .  തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പാട് ചെറിയ ചെറിയ അമ്പലങ്ങള്‍ ഉള്ള നാടായതു കൊണ്ടാണ് ഈ നാടിനു കോവിലൂര്‍ എന്ന പേര്‍ വന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് (തമിഴില്‍ കോവില്‍ =അമ്പലം, ഊര്  =നാട് ).



പച്ചക്കറികളുടെ വിളവെടുപ്പ് സീസന്‍ കഴിഞ്ഞതിനാല്‍ കോവിലൂര്‍ ടൌണില്‍ ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല. വണ്ടി ഒരിടത്ത് പാര്‍ക്ക് ചെയ്തു വെറുതെ ആ വഴികളിലൂടെ നടന്നു. വളരെ ചെറിയ ഒരു ടൌണ്‍.  കുറച്ചു ചെറിയ കടകള്‍ . രണ്ടു അമ്പലം. നാഗരികതയുടെ സൌകര്യങ്ങള്‍ അധികമൊന്നും എത്തി ചേര്‍ന്നിട്ടില്ലാത്ത ഈ കൊവിലൂരും പരിസങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് ഏറ്റവും അധികം പച്ചക്കറികള്‍ കയറ്റി പോകുന്നത് എന്ന് വിശ്വസിക്കാന്‍ പറ്റിയില്ല. ഇംഗ്ലീഷ് പച്ചക്കറികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കാരറ്റ് , ബീന്‍സ് , ക്യാബേജ്  തുടങ്ങിയവയും പിന്നെ വെളുത്തുള്ളി , ചില പ്രത്യേകതരം സൂചി ഗോതമ്പും  അങ്ങിനെ പല തരം വിളകളുടെ കേരളത്തിലെ ഏറ്റവും വലിയ കലവറയാണ്   കണ്ടാല്‍ കുഗ്രമാമെന്നു തോന്നിപ്പിക്കുന്ന ഈ കോവിലൂര്‍ .


കോവിലൂര്‍ ടൌണ്‍ ഇവിടെ തുടങ്ങുന്നു ...

കുറച്ചു നേരത്തെ അവിടത്തെ കടകളും ആളുകളെയും എല്ലാം കണ്ടു വെറുതെ അവിടെയെല്ലാം നടന്നു. ക്യാരറ്റും കാബ്ബജുമെല്ലാം കൃഷി ചെയ്യുന്ന സ്ഥലം കാണണം എന്ന് ആഗ്രഹം ഉണ്ട് പോകാനുള്ള വഴി പറഞ്ഞു തരാമോ എന്ന് ഒരാളോട് ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു കൊണ്ട് " ഇവിടെ ഏതു വഴിയെ പോയാലും അത് മാത്രമേ കാണാന്‍ പറ്റൂ. കൃഷികള്‍ അല്ലാതെ ഇവിടെ ഒന്നും കാണാന്‍ ഇല്ല. ഈ തട്ട് തട്ടായി കാണുന്നതെല്ലാം  കൃഷി സ്ഥലങ്ങള്‍ ആണ് . പോയി കണ്ടോളൂ . ആരും ഒന്നും പറയില്ല " എന്ന മറുപടി തന്നു. 


കോവിലൂര്‍ ടൌണ്‍ 

അയാള്‍ കാണിച്ചു തന്ന ഒരു വഴിയിലൂടെ താഴേക്കു നടന്നു. മനോഹരമായ  ഒരു വലിയ മലയുടെ അടിവാരത്തില്‍ ആണ് എത്തിയത് . വഴിയിലെല്ലാം തട്ട് തട്ടായി തിരിച്ചു പല കൃഷികള്‍ ചെയ്തിരിക്കുന്നത് കണ്ടു . ക്യാരറ്റും കാബ്ബജും, ബീറ്റ് റൂട്ടും  മാത്രമേ സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞുള്ളു. വെളുത്തുള്ളി ചെടി  ഏതാണ് എന്ന് തിരിച്ചറിയാന്‍ ഒരു ശ്രമം നടത്തി. കൃഷിയിലെ പരിമിതമായ അറിവ് മൂലം അതില്‍ പരാജയപ്പെടുകയും ചെയ്തു . ഓണം എന്ന ഏറ്റവും പ്രധാനപ്പെട്ട സീസണ്‍ കഴിഞ്ഞതിനാല്‍ പല കൃഷികളും രണ്ടാമതും വളര്‍ന്നു വരുന്നതെ ഉണ്ടായിരുന്നുള്ളൂ. കാബ്ബാജു മാത്രം പലയിടത്തും നല്ല വലിപ്പത്തില്‍ ഒടിച്ചെടുക്കാന്‍  പാകമായ തരത്തില്‍ നില്‍ക്കുന്നത് കണ്ടു . പല കൃഷിയിടങ്ങളിലും ഒറ്റമുറി മാത്രം ഉള്ള ചെറിയ കുടിലുകള്‍ കണ്ടു. ആളുകള്‍ക്ക്  നീണ്ടു നിവര്‍ന്നു കിടക്കാന്‍ പോലും വലിപ്പമില്ലാത്ത ആ ഒറ്റ മുറികളില്‍ ആളുകള്‍ താമസിക്കുണ്ടായിരുന്നു.  അവരില്‍ പലരും ഞങ്ങള്‍ കടന്നു പോകുമ്പോള്‍ തുറിച്ചു നോക്കുന്നുണ്ടായിരുന്നു . 




കൂട്ടുകാരോടൊത്ത് അപരിചിതമായ ആ നാട്ടുവഴികളിലൂടെ  ശുദ്ധവായുവും മനോഹര കാഴ്ചകളും കണ്ടു കുറെ ദൂരം നടന്നു . അവിടത്തെ ഏറ്റവും രസകരമായ കാഴ്ചയായി തോന്നിയത് കോവര്‍ കഴുതകള്‍ ആണ് . വാഹന സൌകര്യം കുറവായ അവിടെ ചുമട്  കൊണ്ട് പോകാനും മറ്റും ഇപ്പോഴും ഉപയോഗിക്കുന്നത്  ഈ കോവര്‍ കഴുതകളെ ആണ് . ശരീരത്തിന്റെ ഇരുവശത്തും ചുമടും തൂക്കി  വരുന്ന ഒരു കോവര്‍ കഴുതയുടെയും  മുകളില്‍ ഇരിക്കുന്ന ഒരാളുടെയും മനോഹര ചിത്രം സുഹൃത്ത്   ശ്രീകാന്ത് ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. എവിടെ നോക്കിയാലും തട്ട് തട്ടാക്കി തിരിച്ച കൃഷിയിടങ്ങള്‍ മാത്രം. പണിയെടുക്കുന്ന കുറച്ചു ആളുകളും ഇടയില്‍ ഒറ്റമുറി വീടുകളും  . തികച്ചും വ്യത്യസ്തമായ ഒരു കാഴ്ച ആയിരുന്നു അത് . മനസ്സ് തേടി നടന്ന കാഴ്ചകള്‍ തന്നെ ആയിരുന്നു ഇവയെല്ലാം . ആധുനികതയുടെ സൌകര്യങ്ങള്‍ ഒട്ടും കടന്നു ചെന്നിട്ടില്ലാത്ത തനി നാടന്‍ കാഴ്ചകള്‍ ...


നടന്നു പോകുന്ന വഴിയില്‍ വെച്ച് , ഒരു വയലില്‍ പണിയെടുത്ത ശേഷം വിശ്രമിക്കാന്‍ ഇരിക്കുന്ന ഒരു ചേട്ടനെയും ചേച്ചിയെയും പരിചയപ്പെട്ടു. കോവിലൂരിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അവര്‍ പറഞ്ഞു  തന്നു. കാലാവസ്ഥയുടെ മാറ്റങ്ങളും , പണം ഉണ്ടാക്കാന്‍ വേണ്ടി അവിടെ ആളുകള്‍ ചെയ്തു കൂട്ടുന്ന പല തെറ്റായ പ്രവൃത്തികളും മൂലം ഈ നാട് നശിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അവരില്‍ നിന്നും അറിഞ്ഞു. കൂടുതല്‍ താല്പര്യം കാട്ടിയപ്പോള്‍ അവര്‍ പലതും വിശദീകരിച്ചു തന്നു.. ഒരു നാടിന്റെ, നാട്ടുകാരുടെ നൊമ്പരം നിറഞ്ഞ വാക്കുകളിലൂടെ ...



കോവിലൂരിലെ നാട്ടുവഴികളിലൂടെ കൂട്ടുകാര്‍ ....
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കോവിലൂര്‍ ഉള്‍പ്പെടുന്ന വട്ടവട  പഞ്ചായത്ത് കഞ്ചാവ് കൃഷിക്ക് വളരെ പ്രശസ്തമായിരുന്നു. നേരം ഇരുട്ടിയാല്‍ കഞ്ചാവ് കൊണ്ട് പോകാന്‍  വരുന്ന ആളുകളും വണ്ടികളും ആയിരുന്നു അവിടെയെല്ലാം.കഞ്ചാവ്  അതിന്റെ ഒപ്പം വ്യാജ മദ്യവും. എല്ലാം കൂടി ഈ നാടിനെ തകര്‍ത്തു. അതില്‍ നിന്നും ഒരു കണക്കിന് മോചനം നേടി കാര്‍ഷിക വൃത്തിയിലൂടെ നാട് നന്നായി തുടങ്ങിയപ്പോഴാണ് പുറം ലോകത്ത് നിന്നും വന്ന ആളുകള്‍  വ്യാവസായിക ആവശ്യത്തിനു മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ തുടങ്ങിയത്. യൂക്കാലിയും ഗ്രാന്റിസ് മരങ്ങളും ആയിരുന്നു പ്രധാനമായും അവിടെ വെച്ച് പിടിപ്പിച്ചത് . ഇവ വളര്‍ന്നതോടെ ആ നാട്ടിലും പരിസങ്ങളിലും ജല ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഈ മരം വളര്‍ത്തല്‍ ലാഭകരം ആയതോടെ പലരും കൃഷി ഉപേക്ഷിച്ചു തുടങ്ങി.  കൃഷി നടത്തുന്ന ആളുകളുടെ എണ്ണത്തേക്കാള്‍ കച്ചവട ലക്ഷ്യത്തോടെ  മരം വളര്‍ത്തുന്ന ആളുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണെന്നും കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ നാട്  ജലക്ഷാമം മൂലം മരുഭൂമി പോലെ ആകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .ഈ വര്‍ഷത്തെ കാലാവസ്ഥ മാറ്റം കൂടി ആകുമ്പോള്‍ അടുത്ത വിളവെടുപ്പിന്റെ കാര്യം ആകെ അവതാളത്തില്‍ ആകും എന്നും ഈ വയസ്സുകാലത്ത് കൃഷിപ്പണി അല്ലാതെ മറ്റു തൊഴിലുകള്‍ തേടി നാട് വിട്ടു പോകേണ്ടി വരുമോ  എന്ന അവരുടെ ആശങ്കയും സങ്കടവും എല്ലാം ശ്രദ്ധയോടെ ഞങ്ങള്‍ കേട്ട് നിന്നു. 

ക്യാരറ്റ് തോട്ടം 
ഇപ്പോള്‍ കൃഷി ഒട്ടും ലാഭകരം അല്ലെന്നും ഈ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വിളവിന്റെ  ലാഭം കൂടുതലും  ഇടനിലക്കാരാണ് കൊണ്ട് പോകുന്നതെന്നും അവരില്‍ നിന്നും അറിഞ്ഞു. പുറത്തു പറയാന്‍ പറ്റാത്ത വളരെ തുച്ചമായ കൂലിയാണ് ഇപ്പോഴും ഇവിടെ കൊടുക്കുന്നതെന്നും മറ്റൊരു മാര്‍ഗവും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഇവിടെ ജീവിക്കുന്നത്  എന്ന അവരുടെ വാക്കുകള്‍ മനസ്സില്‍ ഒരു നൊമ്പരം പടര്‍ത്തി. ഒറ്റമുറി വീട്ടില്‍ പ്രകൃതിയോടു മല്ലിട്ട് ജീവിതം വെട്ടിപ്പിടിക്കുന്ന അവരുടെ കഥകള്‍ അടുത്തറിഞ്ഞപ്പോള്‍ , സ്വന്തം മക്കളോട് എന്ന വണ്ണം എല്ലാം  അവര്‍ വിവരിച്ചപ്പോള്‍ മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെയായി . അവരുടെ വരുമാനത്തേക്കാള്‍ എത്രയോ ഇരട്ടി വരുമാനവും  സൌകര്യങ്ങളും ഉണ്ടായിട്ടും ഒന്നും ഇല്ല എന്നും ഇനിയും കൂടുതല്‍  വേണം എന്നും  പരാതി  പറയുന്നവര്‍ ആയിരുന്നു ഞാനടക്കം എല്ലാവരും. ഇനി ഇത്തരം പരാതികള്‍ ഒരിക്കലും പറയാതിരിക്കാന്‍ , ദൈവദാനമായി കിട്ടിയ ഈ നല്ല ജീവിതത്തെ തള്ളി പറയാതിരിക്കാന്‍ എല്ലാം ഈ യാത്രയില്‍ നിന്നും , ഈ പരിചയപ്പെടലില്‍ നിന്നും പഠിച്ചു .


കുറെ നേരത്തെ സംസാരത്തിന് ശേഷം അവരോടു യാത്രയും പറഞ്ഞു വീണ്ടും കുറെ ദൂരം കൂടി അവിടെ  അലഞ്ഞു നടന്നു . എത്ര നടന്നാലും കണ്ടു തീരാത്ത പച്ച പട്ടണിഞ്ഞു നില്‍കുന്ന ആ ഗ്രാമം മനസ്സില്‍ ആവോളം നിറച്ചു. കൃഷിയിടങ്ങളില്‍ കയറി ചിത്രങ്ങള്‍ എടുത്തും ഗ്രാമ കാഴ്ചകള്‍ കണ്ടു ഒരു ദിവസം തീരാറായി. ഇനി മടക്കയാത്ര ...

മടക്ക യാത്രയില്‍ പല സ്ഥലങ്ങളിലും വലിയ ലോറി നിറയെ യൂക്കാലി മരങ്ങള്‍ കയറ്റുന്നത് കണ്ടു.  പച്ചക്കറികളുടെ കലവറ എന്ന പേര് കൊവിലൂരിനു ഇനി എത്ര നാള്‍ കാത്തു സൂക്ഷിക്കാന്‍ ആവും ? ഇനി വീണ്ടും ഇവിടേയ്ക്ക് ഒരു യാത്ര ഉണ്ടാകുമോ  ?  മനസ്സ് വെറുതെ ചോദിച്ചു കൊണ്ടിരുന്നു...



ഇല്ല ... ഇനി ഇവിടേയ്ക്ക്  ഞങ്ങള്‍ വരില്ല ...പച്ചപ്പട്ടണിഞ്ഞ ഈ കോവിലൂരിന്റെ മനോഹര കാഴ്ചകള്‍ ആവോളം ഞങ്ങളുടെ മനസ്സില്‍ ഉണ്ടല്ലോ ? പിന്നെ എന്തിനാണ്  കുറച്ചു നാളുകള്‍ക്കുള്ളില്‍ പച്ചപ്പ്‌ നഷ്ടപ്പെട്ടു മറ്റൊരു ദുരന്തഭൂമിയാകുമെന്നു ഉറപ്പുള്ള ഇവിടേയ്ക്ക് ഞങ്ങള്‍ വരുന്നത് ?



Sunday, September 9, 2012

സമുദ്ര ബീച്ച്

കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ് അറിയപ്പെടാത്ത ഒരു ചെറിയ സ്ഥലം കാണുന്നത് എന്ന തോന്നല്‍ മനസ്സില്‍ വന്നപ്പോള്‍ ഞങ്ങള്‍ അവിടേക്ക് വണ്ടി തിരിച്ചു വിട്ടു ...പുതിയ ഒരു തീരം തേടി ...




കോവളം ബീച്ചിലേക്കുള്ള വീതിയേറിയ റോഡില്‍ നിന്നും വീതി കുറഞ്ഞ ടാറിട്ട റോഡിലൂടെ പതുക്കെ വണ്ടി ഓടിച്ചു. ഇരു വശത്തും നിറയെ ചെറിയ ചെറിയ വീടുകള്‍ ,ഇടയിലായി ഒരു മുസ്ലിം പള്ളി , ഓണക്കാലമായതിനാല്‍ റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരക്കിട്ട് പോകുന്ന നിറയെ ആളുകള്‍ . കൂടുതല്‍ ആളുകളും മുസ്ലിം വേഷധാരികള്‍ . കേരളത്തിന്‌ പുറത്തു വേറെ ഏതോ നാട്ടില്‍ വന്ന പ്രതീതിയായിരുന്നു മനസ്സില്‍ തോന്നിയത് . 



അല്പം കൂടി പോയപ്പോള്‍ ആ കാഴ്ചകള്‍ എല്ലാം മാറി. പിന്നെ കണ്ടത് ചില റിസോര്‍ട്ടുകള്‍ ആയിരുന്നു . പലപ്പോഴും പരസ്യങ്ങളില്‍  കണ്ടിട്ടുള്ള  ആ റിസോര്‍ട്ടുകള്‍ അവിടെയാണ് എന്നതും പുതിയ ഒരു അറിവായിരുന്നു . അകത്തും പുറത്തും ആയി കുറെ വണ്ടികള്‍ . കുടുംബത്തോടൊപ്പം വൈകുന്നേരം അറിയപ്പെടാത്ത ഒരു കടപ്പുറത്ത് എത്തിയാല്‍ എങ്ങനെ ആകും എന്ന ആശങ്കയും അതോടെ മനസ്സില്‍ നിന്നും പോയി . അല്പം അകലെ ആയി തിരയടിച്ചു മറയുന്ന കടലും കണ്ടു .






ബീച്ചിലേക്ക് കടക്കുന്നതിന്റെ മുന്‍വശത്ത്  പച്ച പുല്ലുകള്‍ പിടിപ്പിച്ച ഒരു ചെറിയ പാര്‍ക്ക് കണ്ടു .  അതിനരുകില്‍ വണ്ടിയും പാര്‍ക്ക് ചെയ്തു ചില ചെറിയ പടികള്‍ ഇറങ്ങി ബീച്ചിലെത്തി. പ്രതീക്ഷിച്ചതിലും വളരെ നല്ല കാഴ്ചയായിരുന്നു അവിടെ. സുന്ദരമായ കടല്‍ .. ആള്‍തിരക്ക്‌ ഒട്ടും ഇല്ലാതെ രസകരമായി കിടന്നു തിരയടിക്കുന്നു. ഒരു ഭാഗത്ത്‌ കടല്‍ കയറി വരാതിരിക്കാനായി പാറക്കല്ലുകള്‍  ഇട്ടിട്ടുണ്ടായിരുന്നു  അവ കടല്‍ ഭിത്തി പണിയാന്‍ കൊണ്ട് വന്നതായിരിക്കണം . പക്ഷെ ഒരു പണിയും നടത്താതെ അവിടെ വെറുതെ കിടന്നു കരയ്ക്ക്‌ ഒരു ചെറിയ സംരക്ഷണം മാത്രം അവ നല്കുന്നുണ്ടായിരുന്നു. 




ആ  കടപ്പുറത്തിന്റെ ഒരു വശം മുഴുവന്‍ വളരെ ഉയരത്തിലുള്ള പാറകൂട്ടങ്ങള്‍ ആയിരുന്നു. "ROCKY BEACH " എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം ബീച്ചുകള്‍ കേരത്തില്‍ അധികം സ്ഥലത്ത് കണ്ടിട്ടില്ല. ഒരു ഗോവ യാത്രയില്‍ സന്ദര്‍ശിച്ച,  കമല ഹാസന്റെ ഹിന്ദി ചിത്രമായ "ഏക്‌ ദുജെ കേലിയെയിലെ " ചില രംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത ഗോവയിലെ ഡോണ പൌല ബീച്ചിനെയും, നമ്മുടെ ബേക്കല്‍ കോട്ടയുടെ പിന്‍ഭാഗത്തെ പാറകള്‍ നിറഞ്ഞ  കടപ്പുറത്തെയും   ഈ സമുദ്ര ബീച്ച് ഓര്‍മിപ്പിച്ചു. 


കുട്ടികളെ സുരക്ഷിതമായ അകലത്തില്‍ കളിക്കാന്‍ വിട്ടു കുറെ നേരം ആ ആളൊഴിഞ്ഞ കടല്‍ത്തീരത്ത്‌  ഭാര്യയോടൊപ്പം കടലിനെ നോക്കിനിന്നു. അവിടെ നിന്നും നോക്കിയാല്‍ ദൂരെയായി കോവളത്തെ ബീച്ചിനടുത്തുള്ള ഉയര്‍ന്ന കെട്ടിടങ്ങള്‍ കാണാം. ഏകദേശം ഒരു കിലോമീറ്റര്‍ കടല്‍ തീരത്ത് കൂടെ നടന്നാല്‍ കോവളത്ത് എത്തി ചേരുമെന്ന് മനസ്സ് പറഞ്ഞു. നേരം സന്ധ്യയായത് കൊണ്ട് ആ ആഗ്രഹം മനസ്സില്‍ വെച്ച് കടല്‍ കാറ്റും ആസ്വദിച്ചു നിന്നു. 



കുറച്ചു നേരം കഴിഞ്ഞു  ആ പാറകളുടെ ഒരു വശത്ത് കൂടെ കെട്ടിയുണ്ടാക്കിയ പടികളിലൂടെ നടന്നു  പാറക്കൂട്ടങ്ങളുടെ മുകളിലേക്ക് കയറി. ഇത്രയും നേരം ശ്രദ്ധയില്‍ പെടാത്ത കുറച്ചു പേര്‍ അവിടെ ആ സുന്ദര കാഴ്ചകളും കണ്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആ പാറകളുടെ ഇടയില്‍ കടലിനെയും നോക്കി കാറ്റും കൊണ്ട് ഇരിക്കുന്നവരില്‍ ഒരു വിദേശ ജോടിയും ഉണ്ടായിരുന്നു.  കുട്ടികള്‍  അവരുടെ ഏകാന്ത തകര്‍ത്തത് കൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ വന്നു അല്പം കഴിഞ്ഞപ്പോഴേക്കും അവര്‍ താഴെ ഇറങ്ങാന്‍ എണീറ്റു. കുട്ടികള്‍ക്ക് ഒരു ചിരിയും സമ്മാനിച്ച്‌ നടക്കുമ്പോള്‍ അതിലെ വിദേശ വനിത മക്കള്‍ ട്വിന്‍സ് ആണോ എന്ന ചോദ്യം എറിഞ്ഞു .  അല്ല എന്ന് മറുപടിയും കൊടുത്തു. എവിടെ നിന്നാണ് വരുന്നതെന്ന എന്റെ ചോദ്യത്തിന്  പാരിസ് എന്ന മറുപടിയും അവര്‍ തന്നു. 



സംസാരിക്കാന്‍ കൂടുതല്‍ താല്പര്യം കാട്ടിയത് കൊണ്ട് ആ വിദേശ ജോടികളുമായി കുറച്ചു നേരം കൂടി സംസാരിച്ചു നിന്നു . പാരീസില്‍ ഒരു ഇലക്ട്രീഷ്യന്‍ ആയി ജോലി നോക്കുകയായിരുന്നു ഇത്രയും നാള്‍ എന്നും,  ആ ജോലി വിട്ടപ്പോള്‍ കിട്ടിയ പണം കൊണ്ട് , കൂട്ടുകാരിയുടെ ഒപ്പം ആറു മാസം കൊണ്ട്  ഇന്ത്യ മുഴുവന്‍ കണ്ടു തീര്‍ക്കാന്‍ ഇറങ്ങിയതാണ് എന്നും വിദേശി പയ്യന്‍ പറഞ്ഞു കേട്ടപ്പോള്‍ അയാളോട് അസൂയയാണ് തോന്നിയത്.  ഇന്ത്യ മുഴുവന്‍ ആറുമാസം എടുത്തു കണ്ടു തീര്‍ക്കാന്‍ ഭാഗ്യം കിട്ടിയിട്ടുള്ള ഇന്ത്യക്കാര്‍ പോലും വളരെ കുറവായിരിക്കും എന്ന് തോന്നി . ഇനി തിരിച്ചു ചെന്ന് വേണം പുതിയ ജോലി അന്വേഷിക്കാന്‍ എന്നും, പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ പ്രധാന സ്ഥലങ്ങള്‍  മുഴുവനും കണ്ടു തീര്‍ക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും  ഇരുപത്തിയഞ്ച് വയസ്സോളം തോന്നിക്കുന്ന ആ വിദേശി പറഞ്ഞു കേട്ടപ്പോള്‍  അസൂയ വീണ്ടും കൂടി . ജീവിതത്തിന്റെതായ യാതൊരു ടെന്‍ഷനും ഇല്ലാതെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയോടൊപ്പം ഇത്രയും ചെറുപ്പത്തില്‍ ലോകവും കണ്ടു നടക്കുന്ന അവരോടു എന്നെപോലെയുള്ള ഒരു സാധാരണ ഇന്ത്യക്കാരന് മറ്റെന്താണ് തോന്നുക ? 



വീണ്ടും കാണില്ല എന്നുറപ്പ് ഉണ്ടെങ്കിലും വീണ്ടും കാണാം എന്നും പറഞ്ഞു വിദേശികളെ വിട്ട ശേഷം കുറെ നേരം കൂടി അവിടെയിരുന്നു. പാറകളില്‍ തട്ടി വെള്ളം പാല്നുരയായി  ചിതറുന്നതും നോക്കി ആ  പാറക്കൂട്ടത്തില്‍ കുടുംബത്തോടൊപ്പം ഇരുന്നു .അവിടെ പതുക്കെ സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങിയിരുന്നു. ഒപ്പമുള്ളവര്‍  എല്ലാവരും മടങ്ങിയിരുന്നു  . അപരിചിതമായ ഒരു സ്ഥലം ആയിട്ടും നേരം ഇരുട്ടിയിട്ടും അവിടെ നിന്നും പോരാന്‍ മനസ്സ് വരാത്തത് പോലെ. 



ഒടുവില്‍ ഞങ്ങള്‍ മടങ്ങി .. വീണ്ടും ഒരു തവണ കൂടി ഇവിടെ വരണം ... ഈ ബീച്ചിലൂടെ നടന്നു ഒരു തവണ കോവളത്ത് എത്തണം എന്ന് വിചാരിച്ചു കൊണ്ട് ... പല തവണ കോവളത്ത് വന്നപ്പോഴും ആരും പറഞ്ഞു തന്നിട്ടില്ലാത്ത ഈ ചെറിയ തീരം ഇത്തവണത്തെ ഓണത്തിന് കിട്ടിയ ഏറ്റവും നല്ല ഓര്‍മയായി മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് ഞങ്ങള്‍ മടങ്ങി ....

Friday, May 25, 2012

പാമ്പാടും പാറ

ആനയും പുലിയും കാട്ടുപോത്തും അടക്കം എല്ലാ വന്യ ജീവികളും ഉള്ള  മനുഷ്യവാസം ഒട്ടുമില്ലാത്ത  കൊടുംകാട് ,  പിന്നെ കൂട്ടിനായി നല്ല തണുപ്പും, വിഷ പാമ്പുകളും മാത്രം. അങ്ങിനെയുള്ള ഒരു കാട്ടില്‍ രണ്ടു ദിവസം ചിലവഴിക്കാന്‍ വരുന്നോ എന്ന ചോദ്യം വനയാത്രകളില്‍ തല്പരനായ ഒരു സുഹൃത്തില്‍ നിന്നും കേട്ടപ്പോള്‍ തന്നെ യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 
പാമ്പാടും പാറ എന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തിന്റെ പേര് . പണ്ട് കൊടും കാട്ടില്‍  ഇടയ്ക്കു കാണുന്ന പാറകളില്‍ നൃത്തമാടുകയാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ വിഷ പാമ്പുകളെ കാണാറുള്ളത്‌ കൊണ്ടാണ് ഈ സ്ഥലത്തിന് പാമ്പാടും പാറ എന്ന പേര്‍ വന്നത് .  മൂന്നാറിലെ വരയാടുകള്‍ക്ക് പ്രശസ്തമായ രാജമലയിലൂടെ  കാറില്‍ എട്ടു കിലോമീറ്ററും , പിന്നെ കാട്ടിലൂടെ ഫോര്‍ വീല്‍ ഡ്രൈവ് മാത്രമുള്ള ജീപ്പില്‍  ഏഴു കിലോമീറ്ററും,അതിനു ശേഷം കൊടും കാട്ടിലൂടെ മൂന്നു  കിലോമീറ്റര്‍  കാല്‍നടയായും  സഞ്ചരിച്ചാല്‍ എത്തുന്ന ഒരു ഗുഹയിലാണ് രാത്രി താമസിക്കുന്നതും എന്നും കേട്ടപ്പോള്‍ ഈ യാത്രയുടെ ആവേശം വീണ്ടും ഇരട്ടിച്ചു .
ആനയുടെ വികൃതി ... രാജമലയില്‍ നിന്നും ഒരു പ്രഭാത കാഴ്ച 

രാജമലയിലെ വരയാടുകള്‍ 
ഒരു  ശനിയാഴ്ച പുലര്‍ച്ചയ്ക്ക് എറണാകുളത്തു നിന്നും രണ്ടു കാറുകളില്‍ ആയി യാത്ര പുറപ്പെട്ടു . എറണാകുളത്തു നിന്നും ആലുവ - പെരുമ്പാവൂര്‍  - കോതമംഗലം  - അടിമാലി വഴി നൂറ്റി ഇരുപതു കിലോമീറ്റര്‍ സഞ്ചരിച്ചു   മൂന്നാറില്‍ എത്തി.  മൂന്നാറില്‍  ഒരു പുതിയ ദിവസം പൊട്ടി വിടരുന്ന കാഴ്ച സുന്ദരമായിരുന്നു . അടുത്ത് നില്‍ക്കുന്ന ആളെ പോലും മനസ്സിലാകാത്ത തരത്തില്‍ കോടമഞ്ഞ്‌ നിറഞ്ഞ ഒരു പ്രഭാതക്കാഴ്ച  ശരിക്കും ആസ്വദിച്ചു . അല്പം  കഴിഞ്ഞു വെയില്‍ വന്നപ്പോള്‍  അകലെയുള്ള മലകളില്‍ സൂര്യ രശ്മികള്‍ പതിച്ചു സ്വര്‍ണ നിറത്തില്‍ നില്കുന്നത്  കാണാന്‍ കഴിഞ്ഞു . ആ മലകളില്‍ ഏറ്റവും ഉയരത്തില്‍ നില്‍കുന്ന മലയുടെ മുകളിലേക്കാണ് ഞങ്ങളുടെ യാത്രയെന്ന് ടീം ലീഡര്‍ നൌഷാദ്‌ പറഞ്ഞു തന്നു .
രാജമല 
രാജമലയില്‍ ഞങ്ങളെ കാത്തിരുന്നത് പേടിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു. വരയാടുകളുടെ പ്രജജന കാലമായതിനാല്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചിട്ടുള്ള രാജമലയുടെ പ്രവേശന കവാടത്തില്‍ ഒരു ഓട്ടോറിക്ഷ തകര്‍ത്തു തരിപ്പണമായി കിടക്കുന്ന കാഴ്ചയാണ് കണ്ണില്‍ പെട്ടത് . വാഹനങ്ങള്‍ കൂട്ടി മുട്ടി എന്തോ അപകടം പറ്റിയതാണ് എന്നാണു കരുതിയത്‌ . ഞങ്ങള്‍ക്കുള്ള  പ്രവേശാനുമതി  ഒപ്പിട്ടു തരുന്നതിനിടയില്‍   ഫോറെസ്റ്റ് ഓഫീസര്‍ ആണ് അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു തന്നത് . അവിടെ പലപ്പോഴും കാണപ്പെടാറുള്ള വളരെ അപകടകാരികളായ രണ്ടു ആനകളാണ് പടയപ്പയും വീരപ്പനും . അവയില്‍ വീരപ്പന്‍ എന്ന ഒറ്റയാന്‍  അല്പം മണിക്കൂറുകള്‍ക്കു മുന്‍പ് അവിടെ വന്നിരുന്നു . ആ ആനയുടെ വികൃതിയാണ് ഇതെന്നും, ഇതേ ഓട്ടോ റിക്ഷയെ ഒരു വര്ഷം മുന്‍പ്  ഈ ആന ആക്രമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു തന്നു.  ഈ ആനപ്പകയുടെ കാരണം ആര്‍ക്കും അറിയില്ലാത്രേ ? 
ഏറ്റവും പുറകിലെ ഞങ്ങള്‍ക്ക് വഴികാട്ടി ആയി വന്ന ആളുടെ ബാഗ് നോക്കൂ ...
 സ്വന്തം  ഉടുമുണ്ട് അഴിച്ചു ബാഗ് ആക്കി കെട്ടിയതാണ്‌ .
 
ഞങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട പാതയിലൂടെയാണ് വീരപ്പന്‍ പോയിട്ടുള്ളത് എന്നും സൂക്ഷിക്കണം എന്നും ഈ ആന എങ്ങനെയാണ് പെരുമാറുക എന്ന് ആനക്ക് മാത്രമേ അറിയൂ എന്ന വാക്കുകള്‍ ആരിലും ഒരു ഭയപ്പാടും വരുത്തിയതായി  തോന്നിയില്ല . റോഡിലെ വളവുകളില്‍ വളരെ  ശ്രദ്ധിക്കണം  എന്നും സാഹസിക യാത്രകള്‍ നടത്തുന്ന നിങ്ങളോട്  ഞാന്‍ കാടിനെക്കുറിച്ചും , കുറെ ആളുകളെ കൊന്നിട്ടുള്ള ഒറ്റയാനെക്കുറിച്ചും  മറ്റും കൂടുതല്‍ പറയേണ്ട ആവശ്യം  ഇല്ല എന്നും എല്ലാം അനുഭവിച്ചു അറിഞ്ഞോളൂ   എന്നും പറഞ്ഞു അദ്ദേഹം ഞങ്ങളെ രാജമലയിലെ ആദ്യത്തെ ചെക്ക് പോസ്റ്റിലൂടെ കടത്തി വിട്ടു. ഏകദേശം രണ്ടു മാസത്തോളമായി പൊതുജനങ്ങള്‍ കടന്നിട്ടില്ലാത്ത രാജമലയിലെ വരയാടുകളുടെ സാമ്രാജ്യത്തിലേക്ക് ....(കേരളത്തിലെ ആദ്യത്തെ ആദിവാസികളുടെ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക്  സാധനങ്ങള്‍ കൊണ്ട് പോകുന്ന ജീപ്പുകള്‍  മാത്രം അപൂര്‍വമായി കടന്നു പോകാറുണ്ട്)
രാജമലയിലെ സുന്ദരകാഴ്ചകള്‍ കണ്ടു സാവധാനത്തില്‍ വണ്ടിയോടിച്ചു.  വഴിയുടെ ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത്‌ കുന്നുകളും ആയിരുന്നു രാജമലയില്‍ . വീരപ്പനെ കണ്ടാല്‍ അവസാന കൈയായി  ഉപയോഗിക്കാന്‍ എറിഞ്ഞാല്‍  മാത്രം  പൊട്ടുന്ന പടക്കം  പലരും ബാഗില്‍ നിന്നും പോക്കറ്റിലേക്കു എടുത്ത് വെച്ചു. പക്ഷേ ആ വീരപ്പചിന്തകള്‍ മറക്കാനെന്നവണ്ണം  വഴിയരുകിലും റോഡിലും  വരയാടിന്റെ  കൂട്ടങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. പിന്നെ നല്ല തണുത്ത കാറ്റും  ചെറിയ വെയിലും .ഹോണടിക്കാന്‍ പാടില്ല എന്ന നിര്‍ദേശം തികച്ചും പാലിച്ചു കൊണ്ടുള്ള യാത്രയായതിനാല്‍ വരയാടുകള്‍ വഴിമാറാന്‍ കൂട്ടാക്കിയില്ല. റോഡിനു നടുവിലിരുന്നു അമ്മയുടെ മുല ചുരത്തുന്ന വരയാടിന്‍ കുട്ടിയുടെ കാഴ്ച മനസ്സില്‍ എടുത്ത ഏറ്റവും നല്ല ചിത്രമായി. റോഡില്‍ ഇറങ്ങാതെ വരയാടുകളെ ശല്യപ്പെടുത്താതെ  കുറച്ചു  ഫോട്ടോകളും  വീഡിയോയും എടുത്തു . പല തവണ രാജമലയില്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയും അടുത്ത വരയാടുകളെ കാണുന്നതും ചിത്രങ്ങള്‍ എടുക്കുന്നതും ആദ്യമായിരുന്നു. . 
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ രാജമലയിലൂടെ സ്വന്തം വണ്ടിയില്‍ സഞ്ചരിച്ചു കൊണ്ട് കുറെ ദൂരം സഞ്ചരിക്കാമായിരുന്നു . പക്ഷേ ഇപ്പോള്‍ വനം വകുപ്പിന്റെ വണ്ടിയില്‍ മാത്രമേ പൊതുജനങ്ങളെ  രാജമലയിലേക്കു കടത്തി വിടൂ . പ്രവേശന ടിക്കെറ്റും വണ്ടിയുടെ ചാര്‍ജും അടക്കം   മുതിര്‍ന്ന ആളുകള്‍ക്ക്   45 രൂപയും  കുട്ടികള്‍ക്ക്  35  രൂപയുമാണ്  അവിടെ ഈടാക്കുന്നത് .
രാജമലയിലെ രണ്ടാമത്തെ ചെക്ക്‌ പോസ്റ്റും കടന്നു തേയില തോട്ടങ്ങളുടെ ഇടയിലൂടെ   കുറെ ദൂരം   പിന്നിട്ടപ്പോള്‍ ഒരു പഴകിയ കെട്ടിടം കണ്ടു. ഉള്ളിലായി ഒരു ചെറിയ ഒറ്റമുറി മാത്രമുള്ള കടയും . അവിടത്തെ ആളുകളുടെ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആണ് അത്. തേയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന ആളുകള്‍ ഒരു പാട് ദൂരം നടന്നു  വന്നിട്ടാണ് ഇവിടെ എത്തുന്നത്‌ തന്നെ. തേയിലത്തോട്ടങ്ങളിലെ ചെറിയ കൂലിയിലും, ഈ ഒറ്റമുറിക്കടയിലെ കുറച്ചു സാധനങ്ങളിലും ഒതുങ്ങുന്ന അവരുടെ ജീവിതം കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി . 
ഈ സ്ഥലം വരെ മാത്രമേ കാറുകള്‍ക്ക് പോകാന്‍ കഴിയൂ .  ഇനിയുള്ള യാത്രക്ക് ഞങ്ങള്‍ക്ക് കൂട്ട് ജീപ്പ് മാത്രം. അതും ഫോര്‍ വീല്‍ ഡ്രൈവ് ഉള്ള വണ്ടികള്‍ മാത്രം . റോഡ്‌ എന്ന കാര്യം ഇനി ഇല്ല .. കാട്ടുവഴികളിലൂടെ വല്ലപ്പോഴും ജീപ്പ് പോയി ഉണ്ടായ വഴി മാത്രമേ ഇനി ഉള്ളൂ  എന്ന് പറയാം . അവിടെയുള്ള  മരത്തണലില്‍ ഞങ്ങളുടെ വണ്ടിയും പാര്‍ക്ക് ചെയ്തു ഞങ്ങള്‍ക്കായി കാത്തു കിടന്നിരുന്ന ജീപ്പില്‍ വീണ്ടും  യാത്ര തുടങ്ങി . 
ആ കാട്ടിലൂടെയുള്ള ജീപ്പ് യാത്ര തന്നെ രസകരം ആയിരുന്നു . മഹിന്ദ്രയുടെ ഒരു ചെറിയ പഴകിയ ജീപ്പ് , ഞങ്ങള്‍ പത്തുപേര്‍ , പിന്നെ ഡ്രൈവര്‍ , ഡ്രൈവറുടെ ഒരു സഹായി , പിന്നെ ഞങ്ങള്‍ക്ക് വഴികാട്ടാനും ഭക്ഷണം ഒരുക്കാനുമായി അവിടെ നിന്നും കയറിയ മൂന്നു പേര്‍ . അങ്ങിനെ പതിനഞ്ചു പേര്‍ ഒരു ജീപ്പില്‍ ... പിന്നെ ഞങ്ങള്‍ പത്തു പേരുടെയും നല്ല കനമുള്ള ബാഗുകള്‍ , ടെന്റുകള്‍. എല്ലാം ഭാരവും  വലിച്ചു കൊണ്ട് ആ ജീപ്പ് നീങ്ങി. സാധാരണ ഇരുപത്തഞ്ചു പേരെയും കൊണ്ട് ജീപ്പ് ഡ്രൈവ് ചെയ്തു പോകാറുണ്ട് എന്ന ഡ്രൈവറുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഒട്ടും  അതിശയോക്തി  തോന്നിയില്ല. യാത്രാ സൌകര്യം വളരെ കുറവായ മൂന്നാര്‍ ടൌണില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്ക്  യാത്ര ചെയ്യാന്‍ ആളുകള്‍  ഇപ്പോഴും ഓട്ടോ  റിക്ഷകളും  ജീപ്പുകളും ആണ്  ഉപയോഗിക്കുന്നത് . ഈ വണ്ടികളില്‍ കാശു വാങ്ങുന്നത്  ബസ്സുകളിലെപ്പോലെയാണ്.  ആളുകളുടെ എണ്ണം കൂടിയാല്‍  കൂടുതല്‍ കാശു കിട്ടുമെന്നത് കൊണ്ട് കൂടുതല്‍ പേര്‍ കയറുന്നതാണ് ഡ്രൈവര്‍ക്ക് ലാഭം. മറ്റു യാത്രാ മാര്‍ഗം ഇല്ലാത്ത , സ്ത്രീകളും കുട്ടികളും അടക്കമുള്ള  ഗതികെട്ട പാവം ആളുകള്‍ തിങ്ങി നിറഞ്ഞു പോകുന്ന ജീപ്പുകളും , ഓട്ടോറിക്ഷകളും  മൂന്നാറില്‍ ഇപ്പോളും കാണാം . 
വേഗത്തിലോടുന്ന ജീപ്പിന്റെ മുന്‍വശത്തെ ബോണറ്റില്‍ എവിടെയും പിടിക്കാതെ ബാലന്‍സ് ചെയ്തിരിക്കുന്ന ആളുകളെ  ഈ യാത്രയിലാണ് ഞാന്‍ ആദ്യമായി കാണുന്നത് . ജീപ്പിന്റെ പുറത്തു ബോണറ്റില്‍ രണ്ടു പേര്‍ ഇരിക്കുന്നത് കൊണ്ട് ഡ്രൈവര്‍ക്ക് ഡ്രൈവറുടെ നേരെയുള്ള ചില്ലിലൂടെ   റോഡിന്റെ ഒരു ഭാഗം  മാത്രമേ കാണാന്‍ കഴിയൂ . അതൊന്നും അയാള്‍ക്ക് ഒരു പ്രശ്നമായി തോന്നിയില്ല .ശരിക്കും ഇരിക്കാന്‍ പോലും സ്ഥലം ഇല്ലാതെ   ശരീരത്തിന്റെ പകുതിഭാഗം പുറത്തിട്ടാണ്  വണ്ടി ഓടിക്കുന്നത് .എന്നാലും ഡ്രൈവര്‍ ചേട്ടന്‍ ആ കാട്ടുവഴികളിലൂടെ സാമാന്യവേഗത്തില്‍ വണ്ടിയോടിച്ചു. ഈ വണ്ടി മറിയാതെ , ഒരപകടവും ഇല്ലാതെ ലക്ഷ്യ സ്ഥാനത്തു എത്തുമോ എന്നറിയാത്ത ഒരു യാത്ര.  . ഈ ജീപ്പ് യാത്ര മുന്‍പ് നടത്തിയ മാമ്പാറ , മാട്ടുമല യാത്രകളെക്കാളും ഭീകരമായി തോന്നി .
ജീപ്പിനു കയറാന്‍ പറ്റാത്ത ഉയരത്തിലുള്ള ഒരു മലയുടെ താഴെ വണ്ടി നിറുത്തി എല്ലാവരും ഇറങ്ങി .   അവിടെ നിന്നാണ്  ശരിക്കും ഉള്ള കാട് തുടങ്ങുന്നത് . കനമുള്ള ബാഗുകളും ടെന്റുകളും  ചുമന്നു മൂന്നു കിലോമീറ്റര്‍ നടന്നാല്‍ മാത്രമേ രാത്രി താമസിക്കാനുള്ള ഗുഹയില്‍ എത്തുകയുള്ളൂ. വഴികാട്ടികളില്‍ ഒരാള്‍ ഏറ്റവും മുന്‍പില്‍ നടന്നു. ഏറ്റവും പുറകിലായി അവരില്‍ രണ്ടു പേരും . കാട്ടിലൂടെ നടക്കുമ്പോള്‍ സംസാരിക്കാന്‍ പാടില്ല എന്ന നിയമം എല്ലാവര്ക്കും  അറിയാവുന്നത് കൊണ്ട് ആരും പരസ്പരം സംസാരിക്കാതെ നടപ്പ് തുടങ്ങി . അതുപോലെ തന്നെ മുന്‍പേ നടക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ  വകഞ്ഞു മാറ്റി വിടുന്ന മരങ്ങളുടെയും മുല്ചെടികളുടെയും കമ്പുകള്‍ പുറകില്‍ നടക്കുന്നവരുടെ കണ്ണിലും ശരീരത്തിലും പറ്റി മുറിവേല്‍ക്കാതിരിക്കാന്‍ ഓരോരുത്തരും ഒരു നിശ്ചിത അകലത്തില്‍ മാത്രമേ കാട്ടില്‍ നടക്കാറുള്ളൂ.  മനുഷ്യരേക്കാള്‍ കേള്‍വി ശക്തിയും, കാഴ്ച ശക്തിയും, ഘ്രാണശക്തിയുമുള്ള  അപകടകാരികളായ ജീവികളുടെ ലോകത്തിലൂടെയാണ് ഈ യാത്ര. അവിടെ കാടിന്റെതായ ചില നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടം ഉറപ്പാണ്.  പല യാത്രകളില്‍ നിന്നും കിട്ടിയ ഇത്തരം ചെറിയ അറിവുകള്‍ പാലിച്ചാല്‍ കാട്ടിലെ യാത്രകളില്‍ പല അപകടങ്ങളും ഒഴിവാക്കാനാകും എന്നറിയാവുന്നതു കൊണ്ട് എല്ലവരും  നിയമങ്ങള്‍ അനുസരിച്ചിരുന്നു.(വന്യ ജീവികള്‍ക്ക് മണം പിടിക്കാന്‍ അവസരം കൊടുക്കാതിരിക്കാന്‍ കാലത്ത് കുളിച്ചപ്പോളും, പല്ല് തേച്ചപ്പോഴും, വസ്ത്രം ധരിച്ചപ്പോഴും സോപ്പ് , പേസ്റ്റ്  , പെര്‍ഫും,  പൌഡര്‍ ഇവയൊന്നും ആരും ഉപയോഗിച്ചിരുന്നില്ല. കാട്ടില്‍ പെര്‍ഫും ആണ് ഏറ്റവും അപകടകാരി. നമ്മളറിയാതെ നമ്മുടെ വരവ് അകലെയുള്ള മൃഗങ്ങള്‍  മണത്തറിയും )
പലപ്പോഴും പുറത്തു നിന്നും നോക്കുന്ന ഒരാള്‍ക്ക്‌ കാട് ഭീകരമായി തോന്നും. പക്ഷെ കാടിന്റെ അകത്തെത്തി കാടിന്റെ കുളിര്‍മയും  , ശുദ്ധവായുവും  അനുഭവിച്ചു ,  അവിടെയുള്ള പലതരം ചെടികളും മരങ്ങളും കാണുകയും ഇതുവരെ കേട്ടില്ലാത്ത പല തരം ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുമ്പോള്‍  നമുക്ക് കാടിനോടുള്ള പേടിയെല്ലാം പോകും, നിറഞ്ഞ പച്ചപ്പ്‌ , ആവശ്യത്തിനു തണുപ്പ് ..ഇവ രണ്ടും ഉണ്ടെങ്കില്‍ നമ്മളറിയാതെ കാടിനെ സ്നേഹിച്ചു പോകും . അത്തരം ഒരവസ്ഥയായിരുന്നു അവിടെ. ചിലയിടങ്ങളില്‍ ഞങ്ങള്‍ നടന്നിരുന്ന കാട്ടുവഴിയുടെ  ഒരു വശത്ത്  അഗാധമായ കൊക്കയും മറുഭാഗത്ത്‌ കൊടും കാടും ആയിരുന്നു . ചില ഭാഗത്ത്‌ മരങ്ങള്‍ ഒന്നും ഇല്ലാതെ വിശാലമായ പാറപ്പുറങ്ങളും കണ്ടു .
പുതിയതും പഴയതുമായ ആനപിണ്ടങ്ങള്‍ വഴിയില്‍ പലയിടത്തും കിടക്കുന്നത് കാണാമായിരുന്നു. ആനക്കൂട്ടങ്ങള്‍ കടന്നു പോയിട്ട് അധികം സമയം ആയിട്ടില്ല എന്ന് മനസ്സിലായി. പലയിടത്തും മരത്തിന്റെ ചില്ലകള്‍   ഒടിഞ്ഞു കിടന്നിരുന്നു. ചിലയിടങ്ങളില്‍ മരത്തിന്റെ തൊലി വലിച്ചു പൊളിച്ച അവസ്ഥയിലും ആയിരുന്നു . കാട്ടിലെ   ആന  പലപ്പോഴും  നമ്മളെ അദ്ഭുതപ്പെടുത്തും . ഇത്ര ചെറിയ ശരീരം ഉള്ള മനുഷ്യന്മാര്‍ക്ക് പോലും കയറാനോ ഇറങ്ങാനോ കഴിയാത്ത അത്രക്കും ഉയരത്തില്‍ ഉള്ള ഒരു സ്ഥലത്തോ അല്ലെങ്കില്‍ അത്രക്കും ഇടുങ്ങിയ ഒരു സ്ഥലത്തോ ഒക്കെ ആവും ആനയെ അവിചാരിതമായി നമ്മള്‍ കാണുക. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഏറ്റവും ഉയരത്തില്‍ (8842 ft.) പോലും  ആനകളെ ധാരാളമായി കാണാറുണ്ട് എന്ന്  അവിടേക്ക് സാഹസിക യാത്ര നടത്തിയ ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍മ്മ വന്നു .പതിനഞ്ചു പേര്‍ വരി വരിയായി  ഇടുങ്ങിയ വഴിയിലൂടെ ഭാരവും താങ്ങി മലമുകളിലേക്ക് കയറുമ്പോള്‍ മുന്‍പില്‍ ഒരു ആന വന്നു പെട്ടാല്‍ എല്ലാം തീര്‍ന്നു. 
അങ്ങിനെ കുറെ നടന്നു ഞങ്ങള്‍ ഈ യാത്രയിലെ ബെയ്സ്‌ക്യാമ്പ് എന്ന് വിളിക്കാവുന്ന  ഒരു വലിയ മലയുടെ ഏറ്റവും അടിയിലായി സ്ഥിതി ചെയ്യുന്ന ഒരു ഗുഹയുടെ അടുത്തെത്തി. രാത്രിയിലെ താമസം  അവിടെയാണ് .   ഏകദേശം പതിനഞ്ചു പേര്‍ക്ക് സുഖമായി കിടക്കാവുന്ന രണ്ടു മുറികളുള്ള ഒരു പ്രകൃതിദത്തമായ ഒരു ഗുഹയായിരുന്നു അത്.  ഗുഹയിലേക്ക് വന്യ ജീവികള്‍ പ്രവേശിക്കാതിരിക്കാന്‍  വേണ്ടി മാത്രം ഒരു ചെറിയ വാതിലും  ഗുഹക്കു ഒരു പേരും  (TIGER CAVE) കൊടുത്തതും മാത്രമാണ് ആ ഗുഹയിലെ മനുഷ്യ നിര്മിതികള്‍ . ജോലിയുടെ ഭാഗമായി അവിടേക്ക് വരുന്ന വനം വകുപ്പ് ജീവനക്കാര്‍ രാത്രി താമസിക്കുന്നതിനു വേണ്ടി ഒരു പാട് കഷ്ടപ്പെട്ട്  കാട്ടിലൂടെ സിമന്റു ചാക്കുകളും മറ്റും കൊണ്ട് വന്നു ഉണ്ടാകിയെടുത്ത ഈ ഗുഹമുഖത്തിന്റെ അകലെ നിന്നുള്ള കാഴ്ച വളരെ മനോഹരം ആയിരുന്നു . ചെറുപ്പത്തില്‍ വായിച്ച ഫാന്റം കഥകളിലെ ഒരു ഗുഹാമുഖം . അതിന്റെ ഉള്ളില്‍ ആളുകള്‍ക്ക്  കിടക്കുന്നതിനായി മടക്കാവുന്ന കനം  കുറഞ്ഞ രണ്ടു കട്ടിലുകളും ഉണ്ടായിരുന്നു . ഒരു മുറി കിടക്കാനും മറ്റു മുറി അടുക്കളയായും ആണ്  അവര്‍ ഉപയോഗിച്ചിരുന്നത് .
കടുത്ത വേനല്‍ ആയതിനാല്‍ കാട്ടില്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടാണ് .  ഈ ഗുഹയില്‍ നിന്നും ഒരു കിലോമീറ്റര്‍ നടന്നാല്‍ എത്തുന്ന ഒരു പാറയിടുക്കില്‍ നിന്നും വെള്ളം കിട്ടുമെന്നും ഇന്നും നാളെയും കഴിക്കാനുള്ള ഭക്ഷണം അവിടെയാണ് പാചകം ചെയ്യുന്നത് എന്നും  ഗുഹയില്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഉണ്ടായിരുന്ന  ഫോറസ്റ്റ് ഓഫീസര്‍   പറഞ്ഞു തന്നു .  രണ്ടു ദിവസ്സമായി ഈ കാട്ടില്‍ തനിച്ചു കഴിയുകയായിരുന്നു എന്നും ഇനി ഞങ്ങളോടൊപ്പം ഈ യാത്ര കഴിയുന്നത്‌ വരെ ഇവിടെ ഉണ്ടാകും എന്ന്   അദ്ദേഹം   പറഞ്ഞു .
ഗുഹയുടെ മുന്‍ വശത്ത് 
മൂന്നാറില്‍   ഹോട്ടലില്‍ നിന്നും  കൊണ്ട് വന്നിരുന്ന ഉച്ച ഭക്ഷണവും  കഴിച്ചു അല്പം വിശ്രമിച്ചശേഷം കാട്ടില്‍ ഒരു രാത്രി ചിലവഴിക്കാന്‍ വേണ്ട ശ്രമങ്ങള്‍ തുടങ്ങി. രാത്രിയില്‍ വെളിച്ചമാണ് പ്രധാനം. ഈ കൊടുംകാട്ടില്‍ , ഈ കൊടിയ തണുപ്പിനെയും വന്യ ജീവികളെയും എതിരിടാന്‍ ആകെ ഉള്ള ആയുധം തീയാണ്.  തീ കണ്ടാല്‍ ഒട്ടു മിക്ക ജീവികളും അതിന്റെ അടുത്തേക്ക് അടുക്കാറില്ല .ഒരു രാത്രി മുഴുവന്‍ കെടാതെ കത്തിക്കാന്‍ ആവശ്യമായ ഉണക്ക മരങ്ങളും അത് കത്തിക്കാന്‍ ആവശ്യമായ ഉണക്ക പുല്ലുകളും ശേഖരിച്ചു കൂട്ടാന്‍ ചെറിയ ചെറിയ സംഘങ്ങള്‍ ആയി തിരിഞ്ഞു കാട്ടിലേക്ക് കയറി .കാട്ടിലൂടെ അധികം സഞ്ചരിക്കുന്നതിനു മുന്‍പ്  തന്നെ  ഭാഗ്യത്തിന് ഒരു വലിയ മരം നിലത്തു വീണു കിടക്കുന്നത് കണ്ടു . വീഴ്ചയിലോ അതോ ചിതലരിച്ചിട്ടോ എന്നറിയില്ല പല കൊമ്പുകളും ഒടിഞ്ഞു വീണ അവസ്ഥയില്‍ ആയിരുന്നതിനാല്‍  വിറകു പറക്കല്‍ വളരെ എളുപ്പമായി. എല്ലാവരും കൂടി വേഗത്തില്‍ ആ മരക്കഷണങ്ങള്‍ എടുത്തു ഗുഹയുടെ ഏകദേശം അടുത്തുള്ള ഒരു പാറപ്പുറത്ത് കൂട്ടി വെച്ചു. 
ഗുഹയുടെ ഉള്ളില്‍ നിന്നും എടുത്ത ഒരു ഫോട്ടോ 
വൈകുന്നേരം ആകാറായപ്പോള്‍ ഗുഹയില്‍ നിന്നും കുറച്ചു നടന്നു പാചകം ചെയ്യുന്ന സ്ഥലത്തെത്തി . മഴക്കാലത്ത്‌ ഒരു പക്ഷെ അതിരപ്പിള്ളി വെള്ളചാട്ടത്തെക്കള്‍ ഉയരവും ഭംഗിയും തോന്നിപ്പിക്കും എന്നുറപ്പുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ മുകളില്‍ ആണ് എത്തിയത് . മാര്‍ച്ച് അവസാനത്തിലെ കടുത്ത വേനല്‍ ആയിരുന്നതിനാല്‍ അവിടെ വെള്ളം ഒട്ടും ഒഴുകുന്നുണ്ടായിരുന്നില്ല . ഒരു വലിയ പാറയുടെ കുഴിയില്‍ നിറഞ്ഞു കിടന്നിരുന്ന വെള്ളം കുറച്ചു മാത്രം പുറത്തേക്കു ഒഴുകുന്നുണ്ട് . അടുത്ത് തന്നെ പാറപ്പുറത്ത് ആനയുടെ പുതിയ  പിണ്ടങ്ങളും കിടക്കുന്നുണ്ട് .  തെളിഞ്ഞ വെള്ളമാണ് എങ്കിലും ഈ വെള്ളം കുടിക്കാന്‍ പറ്റുമോ എന്ന് ശങ്കിച്ചു നില്‍ക്കുമ്പോള്‍  ഫോറസ്റ്റ് ഓഫീസര്‍   സംശയം മാറ്റി തന്നു. വെള്ളം തിളപ്പിച്ച്‌  ആറി വരുന്നതിനു  കാത്ത് നില്‍ക്കാതെ    ധൈര്യമായി  ഈ വെള്ളം കുടിച്ചോളൂ എന്നും , പക്ഷെ അതില്‍ അല്പം ഉപ്പു ഇട്ടു പത്തു മിനിട്ട് കഴിഞ്ഞതിനു ശേഷം കുടിക്കണം എന്നും അങ്ങിനെ ചെയ്‌താല്‍ ഏതു കാട്ടിലെ വെള്ളം കുടിച്ചാലും വയറിനും ആരോഗ്യത്തിനും ഒന്നും വരില്ല  എന്നും  അദ്ദേഹം ഉറപ്പു തന്നു . അടുത്ത യാത്രയില്‍ ഉപയോഗിക്കാന്‍ ഒരു പുതിയ അറിവ് തന്ന അദ്ദേഹത്തിന് മനസ്സില്‍ നന്ദിയും പറഞ്ഞു  ഉപ്പിട്ട്  തണുത്ത മരവിച്ച വെള്ളം രണ്ടു ഗ്ലാസ് കുടിച്ചു . 
രാത്രി ഇരുട്ടി തുടങ്ങി. അസഹനീയമായ നല്ല തണുത്ത കാറ്റും വീശിത്തുടങ്ങി. എത്രയും പെട്ടെന്ന് ഭക്ഷണവും കഴിച്ചു ഗുഹയുടെ അടുത്തേക്ക്  മടങ്ങണം എന്നാണ് നിര്‍ദേശം. അതിനു കാരണവും ഉണ്ട് . ആ കാട്ടില്‍ വെള്ളം കിട്ടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇത് .  കാട്ടില്‍ വെറും  അഥിതികളായി വന്ന മനുഷ്യര്‍ക്ക്‌ മാത്രം അവകാശപ്പെട്ടതല്ല ഈ വെള്ളം എന്നും നമ്മള്‍ മാറാന്‍ അക്ഷമരായി നില്‍ക്കുന്ന വന്യജീവികള്‍ പലയിടത്തും നില്‍ക്കുന്നുണ്ട്  എന്നും ഫോറെസ്റ്റ് ഓഫീസര്‍   പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്‌ .ഈ തീയും ഇത്രയും അധികം ആളുകളെയും കണ്ടത് കൊണ്ടാണ് അവയൊന്നും അടുത്തേക്ക് വരാത്തതെന്നും അദ്ദേഹം പറഞ്ഞു . പിന്നെ അധിക സമയം അവിടെ നിന്നില്ല . കാട്ടിലൂടെ വരി വരി ആയി ടോര്‍ച്ചുകളുടെ വെളിച്ചത്തില്‍ തിരികെ നടന്നു ഗുഹയുടെ അടുത്തെത്തി . 
രാത്രിയായതോടെ തണുപ്പ് ഒട്ടും സഹിക്കാന്‍ പറ്റാത്തതായി. തണുപ്പിനെ കൂട്ടാനായി കാറ്റും വന്നെത്തി.  തണുപ്പിനെ  പ്രതിരോധിക്കാനുള്ള   വസ്ത്രങ്ങള്‍ എല്ലാം ധരിച്ചിട്ടും തണുപ്പ് കടന്നു ചെവി വേദനിക്കാന്‍ തുടങ്ങി. ക്യാമ്പ് ഫയറിനു ചുറ്റും എല്ലാവരും ഇരുന്നു സംസാരം തുടങ്ങി. കാട്ടില്‍ പോയ അനുഭവങ്ങളും അറിവുകളും പങ്കു വെക്കുകയാണ് പലരും. വളരെ ശ്രദ്ധയോടെ ഈ കഥകള്‍ കേട്ടിരുന്നു .  കാട്ടില്‍ ഒറ്റയ്ക്ക് വഴി തെറ്റി പോയാല്‍ എന്ത് ചെയ്യണം , ആനയെ കണ്ടാല്‍ എന്ത് ചെയ്യണം , കാട്ടു പോത്തിന്റെ സ്വഭാവ സവിശേഷതകള്‍ എന്തൊക്കെയാണ്  അങ്ങിനെ അങ്ങിനെ ഒരുപാട്  കാടന്‍ അറിവുകളും കഥകളും പരസ്പരം പങ്കു വെച്ചു.  ഈ മലയുടെ താഴെയുള്ള പുഴയില്‍ അപൂര്‍വമായ ഒരു തരം മത്സ്യം ഉണ്ടെന്നും (പേര്  ഞാന്‍ മറന്നു പോയി), ഇത്രയും രുചികരമായ  മറ്റൊരു മത്സ്യം ഇത് വരെ കഴിച്ചിട്ടില്ലെന്നും  ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു  വിദേശികള്‍ അവരുടെ നാട്ടില്‍ നിന്നും കൊണ്ട് വന്ന മത്സ്യമാണ് അതെന്നും നല്ല തണുത്ത ജലത്തില്‍ മാത്രം വസിക്കുന്ന ആ മീനുകള്‍  കേരളത്തില്‍  മറ്റൊരിടത്തും കാണാന്‍ കഴിയില്ല എന്നും അദ്ധ്യേഹം കൂട്ടി ചേര്‍ത്തു. 


കാട്ടിലെ രാത്രികളില്‍, എത്ര ക്ഷീണം ഉണ്ടെങ്കില്‍ പോലും ആരും നേരത്തെ കിടന്നു ഉറങ്ങാറില്ല . നേരത്തെ ഉറങ്ങി ഒരു ഉറക്കം കഴിഞ്ഞു എഴുനേറ്റു കഴിഞ്ഞാന്‍ പിന്നെ പലര്‍ക്കും ഭയം തോന്നി ഉറങ്ങാന്‍ കഴിയില്ല. മറ്റുള്ളവര്‍ ഉറങ്ങുന്നതും നോക്കി നെടുവീര്‍പ്പിട്ടു, ഓരോ  അനക്കവും കേള്‍ക്കുമ്പോള്‍ പേടിച്ചു  വിറച്ചു നേരം വെളുപ്പിക്കേണ്ടി വരും.  അകലെ മിന്നാമിന്നികള്‍ ഒരുപാടെണ്ണം ഒരുമിച്ചു കൂടി നില്‍ക്കുന്നത് കണ്ടാല്‍ വെളുത്ത സാരിയുടുത്ത പ്രേതമാണ്‌ എന്ന് പലപ്പോഴും നമുക്ക് തോന്നും . അതെ പോലെ നാട്ടിലെ പോലെ ഒരേ സ്വരത്തിലല്ല കാട്ടിലെ തവളകള്‍ കരയുക. ചിലപ്പോള്‍ മൊബൈലിലെ പോളിഫോണിക് റിംഗ് ടോണിനെ അനുകരിച്ചു അതേ ശബ്ദത്തിലും വ്യക്തതയിലും ആയിരിക്കും അവ കരയുക. തവളയില്‍ നിന്നാണ് ഈ  പല ശബ്ദങ്ങള്‍ വരുന്നത് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം തോന്നും . ഈ വ്യസ്തസ്ഥ സ്വരങ്ങള്‍ പരിചയമാകുന്നത് വരെ കാട്ടില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടാണ്. അതൊഴിവാക്കാനായി അര്‍ദ്ധരാത്രി  പന്ത്രണ്ടു - ഒരു മണിവരെ എന്തെങ്കിലും സംസാരിച്ചു അങ്ങിനെ കൂട്ടമായി  ഇരിക്കും . പിന്നെ ഒറ്റ ഉറക്കമാണ് . ആ ഉറക്കം കഴിഞ്ഞു എഴുനേല്‍ക്കുമ്പോള്‍ നേരം വെളുത്തിട്ടുണ്ടാകും. 

പതിനാലുപേര്‍ക്ക്  ഗുഹയിലെ കട്ടിലില്‍ കിടക്കാനുള്ള സ്ഥലം ഇല്ലാത്തതിനാല്‍ കുറച്ചു പേര്‍ പുറത്തു കിടന്നു. ക്യാമ്പ് ഫയറിന്റെ ചൂട്  ഗുഹയിലേക്ക് വരാത്തത് കൊണ്ട് ആ തണുപ്പില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് പുറത്തു കിടക്കുന്നതാണ് എന്നെനിക്കു തോന്നി . എട്ടു പേര്‍ ഗുഹയിലും ഞാനും  ഫോറസ്റ്റ്  ഓഫീസറും  അടക്കം ആറു പേര്‍ പുറത്തെ പാറപ്പുറത്തും കിടന്നു . തണുപ്പ് കാരണം തീയുടെ വളരെ അടുത്തായിരുന്നു കിടപ്പ്  .  ഉറക്കത്തില്‍ ആര് ആദ്യം എണീറ്റാലും നേരം വെളുക്കുന്നത്‌ വരെ തീ ആളിക്കത്തിക്കണം എന്ന്  അദ്ദേഹം  ഉപദേശം തന്നു.  ഞാന്‍ പതിയെ സ്ലീപ്പിംഗ് ബാഗിനുള്ളില്‍ കയറി കൂടി കണ്ണുകള്‍ അടച്ചു .

പുലര്‍ച്ചെ എണീറ്റ്‌ നോക്കുമ്പോള്‍  ഫോറസ്റ്റ് ഓഫീസര്‍  മാത്രം ഉറങ്ങാതെ തീ കാഞ്ഞിരിക്കുന്നു , ബാക്കിയുള്ളവര്‍ എല്ലാവരും നല്ല  ഉറക്കത്തിലാണ്  .  സൂര്യനുദിക്കുന്നതും കാത്ത്  വീണ്ടും സ്ലീപ്പിംഗ് ബാഗിനുള്ളില്‍ തന്നെ കിടന്നു. എണീല്‍ക്കാന്‍ തോന്നുന്നില്ല .  അത്രക്കും സുഖകരം ആയിരുന്നു ആ   കാലാവസ്ഥ . നേരം വെളുത്തു  എല്ലാവരും എണീറ്റപ്പോള്‍ ഒരുമിച്ചു താഴെപോയി  കുപ്പിയില്‍ വെള്ളവും എടുത്തു ഒഴിഞ്ഞ ഒരിടത്ത് പോയി  പ്രഭാത കൃത്യങ്ങള്‍ നടത്തി തിരിച്ചു വന്നു. കുളി എല്ലാം  ഇനി വീട്ടില്‍ പോയിട്ടാണ് .  ഇനിയത്തെ   യാത്ര പാമ്പാടും പാറയുടെ ഏറ്റവും മുകളിലേക്കാണ് . നാല് കിലോമീറ്റര്‍ അങ്ങോട്ട്‌ .. തിരികെ നാല് . പിന്നെ ഗുഹയില്‍ നിന്നും തിരിച്ചു ജീപ്പ് കിട്ടുന്നത് വരെ ഒരു മൂന്നു കിലോമീറ്റര്‍ . അങ്ങിനെ പതിനൊന്നു കിലോമീറ്റര്‍ ഇന്ന് നടക്കണം . മനസ്സും ശരീരവും ആ കഠിന യാത്രക്ക് തയാറായി തുടങ്ങി .
മുകളില്‍ കാണുന്നതാണ് കടുവയുടെ കാഷ്ടം.
താഴെ പുലിയുടെ കാഷ്ടമാണ്    



പ്രഭാത ഭക്ഷണവും കഴിച്ചു യാത്രക്ക് തയ്യാറെടുക്കുമ്പോള്‍ ഫോറസ്റ്റ് ഓഫീസര്‍ ഈ ഗുഹയുടെ പരിസരത്ത് മിക്ക ദിവസ്സങ്ങളിലും ര്രാത്രി  വരാറുള്ള, ഇന്നലെയും വന്ന  ചില ആളുകളെ പരിചയപ്പെടുത്താം എന്നും പറഞ്ഞു ഞങ്ങള്‍ ഇന്നലെ കിടന്നിരുന്നതിന്റെ അല്പം അകലെയുള്ള പാറപ്പുറത്തേക്ക് കൂട്ടി കൊണ്ട് പോയി . അവിടെ കിടന്നിരുന്ന ഒരു ജീവിയുടെ  കാഷ്ടം കാണിച്ചു അതെന്താണ് എന്നറിയാമോ എന്ന് ചോദിച്ചു . കാടിനെ അറിയുന്ന പലരില്‍ നിന്നും പെട്ടെന്ന് ഉത്തരം വന്നു .. കടുവയുടെ  കാഷ്ടമായിരുന്നു അത് .  മറ്റൊരിടത്ത് കിടന്നിരുന്നത് പുലിയുടെ കാഷ്ടമായിരുന്നു. രണ്ടു കാഷ്ടങ്ങളുടെയും ഓരോ  കഷണങ്ങള്‍ കയ്യിലെടുത്തു എങ്ങിനെയാണ് കടുവയുടെയും പുലിയുടെയും കാഷ്ടങ്ങള്‍ കണ്ടാല്‍ തിരിച്ചറിയുന്നത്‌ എന്നും പറഞ്ഞു തന്നു. കടുവയുടെ കാഷ്ടത്തിന്റെ ഉയരം ഏകദേശം ഒരു സെന്റിമീറ്റര്‍ കാണുമെന്നും പൂച്ച വര്‍ഗത്തില്‍ പെട്ട പുലിയുടെ കാഷ്ടം ചെറുതായിരിക്കുമെന്നും  മുക്കാല്‍ സെന്റിമീറ്റര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും ആ  വിശദീകരണത്തില്‍ നിന്നും മനസ്സിലായി. ഞങ്ങള്‍ രാത്രിയില്‍ പേടിച്ചു ഉറങ്ങാതിരുന്നാലോ എന്ന്  കരുതിയാണ്  ഇത്  പറയാതിരുന്നത് എന്നും രാത്രിയില്‍  ഒരു പോള കണ്ണടക്കാതെ അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി കാവലിരിക്കുകയായിരുന്നു എന്നും കേട്ടപ്പോള്‍ ഞങള്‍ തരിച്ചിരുന്നു പോയി . എന്താണ് മറുപടി കൊടുക്കുക എന്ന്  അറിയാതെ ...
പാമ്പാടും യാത്രയിലേക്കുള്ള വഴി ശരിക്കും ദുര്‍ഘടം പിടിച്ചതായിരുന്നു. ഒരു വലിയ മല കയറിയങ്ങി അതിനെക്കാള്‍ വലിയ മറ്റൊരു മല കയറുമ്പോഴേ പാമ്പാടും പാറയിലെത്തൂ.  വല്ലപ്പോഴും മാത്രം ആളുകള്‍ പോകുന്ന ഇടമായത് കൊണ്ട്  വഴിയില്‍ പലയിടങ്ങളിലും  തടസ്സമായി നിന്ന ചെടികളും മുല്പടര്‍പ്പുകളും കത്തികള്‍ കൊണ്ട് വെട്ടിമാറ്റിയായിരുന്നു ഞങ്ങളുടെ യാത്ര. കുറെ നേരം കാട്ടിലൂടെ നടന്നു കഴിയുമ്പോള്‍ ചിലയിടങ്ങളില്‍ വിശാലമായ പാറപ്പുറങ്ങള്‍ കാണാം. ചിലയിടങ്ങളില്‍ ചില ഉയരമുള്ള പാറകളില്‍ വലിഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യേണ്ടി വന്നു .  അത്  കൊണ്ട് തന്നെ കുറെ സമയം എടുത്തു പാമ്പാടും പാറയുടെ ഉച്ചിയില്‍ എത്താന്‍.  ആ മലനിരകളിലെ ഏറ്റവും വലിയ മലയാണ് പാമ്പാടും പാറ . അവിടെ നിന്നും നോക്കിയാല്‍ തമിഴ്നാട്ടിലെ വാല്‍പ്പാറ , ആനക്കൂട്ടങ്ങള്‍ ഒരുപാട് വെള്ളം കുടിക്കാന്‍ വരുന്ന അടിമാലിക്കടുത്ത  ആനക്കുളം , കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്തായ  ഇടമലക്കുടി എന്നീ സ്ഥലങ്ങള്‍ അകലത്തിലായി  കാണാം.
ഓരോ ചുവടു വെക്കുമ്പോഴും പുലിയോ കടുവയോ വഴിയില്‍ പതിയിരിക്കുന്നുണ്ടാകും എന്ന തോന്നലായിരുന്നു എല്ലാവരുടെയും മനസ്സില്‍ . പതിനാലുപെരുടെ ഇരുപത്തെട്ടു കണ്ണുകള്‍ വന്യ ജീവികളെ തിരഞ്ഞു നടക്കുകയായിരുന്നു . പക്ഷെ ഒരു അപകടവും കൂടാതെ കുറെ നേരത്തെ നടത്തത്തിനു ശേഷം   മല മുകളില്‍ എത്തിയപ്പോള്‍ എന്തോ നേടിയ ഒരു പ്രതീതിയായിരുന്നു എല്ലാവരുടെയും  മനസ്സില്‍ . മുള്‍ച്ചെടികള്‍ കൊണ്ട് വരഞ്ഞു കീറിയ ശരീരത്തിന്റെ വേദനയോ, കാട്ടില്‍ നിന്നും ശരീരത്തില്‍  കയറിയ അട്ടകളെ അടര്‍ത്തിമാറ്റിയപ്പോള്‍ പുറത്തു വന്ന രക്തമോ ഒന്നും ആരും ഓര്‍ത്തില്ല. ആ മല മുകളില്‍ മേഘം ഞങ്ങള്‍ക്ക് താഴെയായിരുന്നു .. ഞങ്ങളായിരുന്നു ഏറ്റവും മുകളില്‍ . മേഘം താഴെയാകുന്ന അപൂര്‍വ കാഴ്ചയും കണ്ടു പരസ്പരം ശരീരത്തെ തലയണ ആക്കി ആ മലമുകളില്‍ തണുത്ത കാറ്റും കൊണ്ട്  കുറെ നേരം എല്ലാവരും കിടന്നു. 
പാമ്പാടും പാറയുടെ ഏറ്റവും മുകളില്‍ നിന്നും എടുത്ത ഫോട്ടോ.
കേരളത്തിന്റെ പല ഭാഗങ്ങളില്‍  താമസിക്കുന്ന  പത്തു പേര്‍. അവര്‍  സ്വന്തം ജീവിതം പണയം വെച്ച് ഈ  യാത്ര നടത്തിയത്  എന്തിനു വേണ്ടിയാണ് ? പലപ്പോഴും സ്വയം ചോദിക്കാറുള്ള  ചോദ്യം ആ മലമുകളില്‍ കിടക്കുമ്പോള്‍ വീണ്ടും മനസ്സില്‍ ഉയര്‍ന്നു വന്നു .  ആര്‍ക്കും  വ്യക്തമായി  അതിന്റെ  ഉത്തരം അറിയില്ല . കാണാകാഴ്ചകള്‍ ഒരുക്കി ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രകൃതി ദേവി വിളിക്കുമ്പോള്‍  പോകാതിരിക്കാനാവില്ല എന്ന സത്യം മാത്രം എല്ലാവര്ക്കും അറിയാം . ഏതെങ്കിലും ഒരു യാത്രയില്‍ , ഒരപകടത്തില്‍ തീരുന്നത് വരെ ഈ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കും. 
അല്ലെങ്കിലും മരണവും ഒരു യാത്രയാണല്ലോ ?
 ഒരു സുന്ദര ലോകത്ത് നിന്നും മറ്റൊരു സുന്ദര ലോകത്തേക്കുള്ള മനോഹര യാത്ര ...