Sunday, May 15, 2011

മാമ്പാറ

ബ്ലെസി സംവിധാനം ചെയ്തു മോഹന്‍ലാല്‍ അഭിനയിച്ച ഭ്രമരം എന്ന സിനിമ കണ്ടതുമുതല്‍ തുടങ്ങിയ ഒരു ആഗ്രഹമായിരുന്നു ആ സിനിമ ചിത്രീകരിച്ച മനോഹരങ്ങളായ സ്ഥലങ്ങള്‍ ഒന്ന് കാണണം എന്നത് . പാറക്കൂട്ടങ്ങള്‍ മാത്രം നിറഞ്ഞ റോഡിലൂടെ അതിവേഗത്തിലുള്ള ജീപ്പ് യാത്രയും അവസാന രംഗത്തിലെ രണ്ടായി പിരിഞ്ഞു വീണ്ടും ഒന്ന് ചേരുന്ന കുന്നില്‍ മുകളിലെ അതിമനോഹരമായ റോഡും എന്നെ ഉറക്കം കെടുത്താന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ആ സ്ഥലം പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയുടെ അടുത്തുള്ള മാമ്പാറയാണ് എന്ന അറിവ് മാത്രം കിട്ടി. അങ്ങിനെ ആ ഒരു ക്ലൂ മാത്രം മനസ്സില്‍ വച്ചു സ്ഥിരം യാത്രകളിലെ പങ്കാളികളായ മകനെയും ഭാര്യയെയും കൂട്ടി തൃശ്ശൂരില്‍ നിന്നും ഒരു ഞായറാഴ്ച മാമ്പാറയിലേക്കുള്ള യാത്ര പുറപ്പെട്ടു.


തൃശ്ശൂര്‍ നിന്നും വടക്കുംചേരി - നെന്മാറ - പോത്തുണ്ടി ഡാം വഴി നെല്ലിയാമ്പതി വരെ ഏകദേശം എണ്പത്തിനാല് കിലോമീറ്റര്‍ ദൂരം വരും. ഈ യാത്രക്കിടയില്‍ കാണാന്‍ ഏറ്റവും സുന്ദരമായ സ്ഥലം പോത്തുണ്ടി ഡാം ആണ്. സിമന്റ് ഉപയോഗിക്കാതെ, ചുണ്ണാമ്പു കല്ലും മണ്ണും ശര്‍ക്കരയും ചേര്‍ത്ത് നിര്‍മ്മിച്ച ഏഷ്യയിലെ തന്നെ രണ്ടാമത്തെ ഡാം ആണ് ഇത്. സര്‍ക്കാരിന്റെ പിടിപ്പു കേടുകൊണ്ട് ആരും തിരിഞ്ഞു നോക്കാതെ നശിച്ചുകൊണ്ടിരിക്കുന്ന ഈ ഡാമും അതിലെ പൂന്തോട്ടവും ഇപ്പോളും ഈ അവസ്ഥയിലും വളരെ മനോഹരമാണ്. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത ദിലീപ് ചിത്രമായ വിനോദയാത്രയിലെ ചില പാട്ട് സീനുകളും മറ്റും ഈ ഡാമിന്റെ പരിസരങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.


ഡാമിനരുകിലുള്ള മലകളെ മറയ്ക്കാന്‍ ആകാശത്തുനിന്നും ഇറങ്ങി വരുന്ന മേഘങ്ങളെ കണ്ടും ഫോട്ടോയെടുത്തും അല്പം സമയം മാത്രം പോത്തുണ്ടി ഡാമില്‍ ചിലവഴിച്ചു ഞങള്‍ ലക്ഷ്യസ്ഥാനമായ മാമ്പാറയിലേക്ക് വീണ്ടും യാത്ര തുടങ്ങി.


നെല്ലിയാംപതിയെ "പാവങ്ങളുടെ ഊട്ടി" എന്നും പറഞ്ഞു കേട്ടിട്ടുണ്ട് . ഊട്ടിയിലോ, കൊടൈക്കനാലിലോ പോയി ഒരു ഹില്‍ സ്റെഷന്റെ ഭംഗിയും തണുപ്പും അനുഭവിച്ചറിയാന്‍ ഭാഗ്യമില്ലാത്ത പാവങ്ങളായ മലയാളികള്‍ക്കായി ദൈവം തന്ന വരദാനമാണ് ഈ നെല്ലിയാമ്പതി. ഒരു വശത്ത്‌ അഗാധമായ കൊക്കയും ഒരു പാട് വളവുകളും ഉള്ള സുന്ദരമായ റോഡിലൂടെ ഉള്ള യാത്രതന്നെ വളരെ രസകരം ആയിരുന്നു.


ഒരു പെട്രോള്‍ ബങ്കോ , എ ടി എംഓ ഇല്ലാത്ത നെല്ലിയാമ്പതിയില്‍ ഞങള്‍ എത്തുമ്പോള്‍ ഉച്ച ഭക്ഷണം കഴിക്കാനുള്ള സമയം ആയിരുന്നു. നെല്ലിയാമ്പതിയില്‍ നല്ല ഹോട്ടെലുകള്‍ ഒന്നും തന്നെ ഇല്ല എന്ന് പറയാം. വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടും എന്നല്ലാതെ നമ്മള്‍ ആഗ്രഹിക്കുന്ന വിഭവങ്ങള്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. തരക്കേടില്ലാത്ത ഒരു ഹോട്ടല്‍ തപ്പിയെടുത്തു. മെനു ചോദിക്കുന്നതിനു മുമ്പേ ഊണ് മാത്രമേ ഉള്ളൂ എന്ന മറുപടി കിട്ടി. ഒന്നും പറയാതെ അതും കഴിച്ചു കാശ് കൊടുക്കാന്‍ നേരം മാമ്പാറയെ കുറിച്ച് തിരക്കി.


നെല്ലിയാമ്പതിയില്‍ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് മാമ്പാറ. ഫോര്‍ വീല്‍ ഡ്രൈവ് ഉള്ള ജീപ്പുകള്‍ മാത്രമേ അവിടേക്ക് പോകു എന്നറിഞ്ഞു. ഏകദേശം എഴുപതോളം ജീപ്പുകള്‍ അവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട് . ജീപ്പില്‍ അവിടെ പോയി അല്‍പസമയം ചിലവഴിച്ചു തിരികെ പോരുന്നതിനു അറുനൂറു രൂപയാണ് ചാര്‍ജ് . ഏത് ജീപ്പ് വിളിച്ചാലും ഒരേ ചാര്‍ജ് ആണ് അവര്‍ ഈടാക്കുക എന്നും അറിഞ്ഞു. അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു ഡ്രൈവറെ വിളിച്ചു ഞങ്ങള്‍ക്ക് വേണ്ട യാത്രാ സൌകര്യം ഒരുക്കിതരാനും നല്ലവനായ ഹോട്ടലുടമ മറന്നില്ല.


അല്‍പനേരം കാത്തുനിന്നാല്‍ വേറെ മൂന്നോ നാലോ ആളെ കയറ്റാമെന്നും അതാണ്‌ ലാഭമെന്നും ഉള്ള ഹോട്ടല്‍ ഉടമയുടെ വാക്കുകള്‍ അനുസരിക്കാതെ ഞങള്‍ ജീപ്പില്‍ യാത്ര തുടങ്ങി. ഏത് സ്വഭാവക്കാരാണ് എന്നറിയാത്ത അപരിചിതരോടോത്തുള്ള യാത്ര എത്തരത്തില്‍ ആയിരിക്കും എന്നറിയാത്തതിനാല്‍ ആണ് കുടുംബവും ജീപ്പ് ഡ്രൈവറും മാത്രം മതി എന്ന് തീരുമാനിച്ചത് .


പച്ച വിരിച്ചു നില്‍ക്കുന്ന തേയില തോട്ടങ്ങളുടെയും കാപ്പിതോട്ടങ്ങളുടെയും ഇടയിലൂടെയായിരുന്നു ജീപ്പിന്റെ യാത്ര. ടാറിട്ട റോഡിലൂടെ പ്രകൃതി ഭംഗിയും ആസ്വദിച്ചു, തണുത്ത കാറ്റും കൊണ്ട് വളരെ രസകരമായിട്ടായിരുന്നു യാത്ര. ഊട്ടിയെയും കൊടെയ്ക്കനാലിനെയും വെല്ലുവിളിക്കാന്‍ ഉള്ള സൌന്ദര്യം നെല്ലിയാംപതിക്കുണ്ട് എന്ന് ഈ യാത്രയിലൂടെ ബോധ്യമായി.


കുറച്ചു കഴിഞ്ഞു ജീപ്പിന്റെ കുലുക്കം കൂടിയപ്പോഴായിരുന്നു റോഡിലേക്ക് നോക്കിയത് . റോഡ്‌ എന്നു പറയാന്‍ പറ്റാത്ത ചെറിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ റോഡിലൂടെയായിരുന്നു അപ്പോഴത്തെ യാത്ര. വണ്ടിയാണെങ്കില്‍ നല്ല വേഗതയില്‍ ആണ് പോകുന്നത് . ജീപ്പിന്റെ കുലുക്കം രസകരമായി തോന്നി. ഒരു കയ്യില്‍ മകനെയും മറുകയ്യില്‍ ക്യാമറയും പിടിച്ചു ഫോട്ടോയെടുത്തും ആടിയുലഞ്ഞു യാത്ര തുടര്‍ന്നു. ഇത്രയേ ഉള്ളൂ . ഈ ജീപ്പ് യാത്ര ... സിനിമയില്‍ കണ്ടതെല്ലാം വെറും ക്യാമറ ട്രിക്ക്സ് ആയിരിക്കുമോ എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ സ്പീഡ് കുറച്ചു. മുന്നില്‍ റോഡ്‌ എന്ന സംഭവം കാണുന്നില്ല സാമാന്യം വലുപ്പമുള്ള പാറകളും പുല്ലുകളും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു .ക്യാമറ ബാഗില്‍ വെച്ച് മകനെ ചേര്‍ത്ത് പിടിച്ചു ഇരിക്കാനും, ഫോട്ടോ എടുക്കണമെങ്കില്‍ തിരിച്ചു വരുന്ന വഴിയില്‍ നല്ല സ്ഥലങ്ങളില്‍ നിറുത്തി തരാമെന്നും ഡ്രൈവര്‍ പറഞ്ഞത് അല്പം നീരസത്തോടെ അനുസരിച്ചു.


സാധാരണ മനുഷ്യര്‍ക്ക്‌ നടന്നു കയറാന്‍ പോലും അല്പം ബുദ്ധിമുട്ടേണ്ടി വരുന്ന ഉരുളന്‍ കല്ലുകളും, ചില വലിയ കല്ലുകളും നിറഞ്ഞ റോഡിലൂടെ യാത്ര തുടങ്ങി . ചിലയിടങ്ങളില്‍ വലിയ പാറകളുടെ മുകളിലൂടെയായിരുന്നു യാത്ര. ഓരോ പാറകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോള്‍ ജീപ്പ് മറിയാന്‍ പോകുന്ന തോന്നലാണ് മനസ്സില്‍ ഉണ്ടാകുക. അപ്പോഴേക്കും ഡ്രൈവര്‍ വണ്ടി ബാലന്‍സ് ചെയ്തിടുണ്ടാകും. ഒന്ന് ആശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും ജീപ്പ് മറ്റൊരു വലിയ പാറയിലേക്ക്‌ കയറും.



ഈ ജീപ്പ് ഇപ്പോള്‍ മറിയും എന്നും എല്ലാവരും മരിക്കാന്‍ പോകുകയാണെന്നും ആണ് ഭാര്യ ചിന്തിച്ചിരുന്നത് എന്ന് അവളുടെ മുഖഭാവത്തില്‍ നിന്നും മനസ്സിലായി. രണ്ടു കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ബാലന്‍സ് ചെയ്തിട്ടും സീറ്റില്‍ ഒന്ന് അമര്‍ന്നു ഇരിക്കാന്‍ പറ്റാതെ പരിഭ്രമിച്ചു, ഒരു തുള്ളി രക്തം പോലുമില്ലാതെയുള്ള ഭാര്യയുടെ മുഖം ജീവിതത്തിലെ ഒരു മറക്കാനാവാത്ത കാഴ്ചയായിരുന്നു. ഞാന്‍ ഒരു കയ്യില്‍ മകനെ ചേര്‍ത്ത് പിടിച്ചു, മറു കൈകൊണ്ടു ജീപ്പില്‍ പിടിച്ചു, അതും പോരാഞ്ഞു കാലുകള്‍ കൊണ്ട് എതിര്‍ വശത്തെ സീറ്റില്‍ ചവിട്ടി ബലം കൊടുത്തുകൊണ്ടിരുന്നു. ഇതിലും ഭീകരമായ ജീപ്പ് യാത്രകളുടെ അനുഭവം ഉള്ളതിനാല്‍ ഈ യാത്ര എന്നില്‍ ഭയമൊന്നും ഉണ്ടാക്കിയില്ല. സ്ഥിരമായി നടത്തുന്ന യാത്രകളില്‍ എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കില്‍ അത് കുടുംബത്തോടെ ആകണം എന്നും ആരും ബാക്കിയുണ്ടാവരുത് എന്ന ആഗ്രഹം മാത്രം മനസ്സില്‍ ഉണ്ടായിരുന്നു.



മാമ്പാറയിലെക്കുള്ള ആളുകളെയും കൊണ്ട് വേറെയും ജീപ്പുകള്‍ വരികയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു. ഓരോ വണ്ടികള്‍ക്കും സൈഡ് കൊടുക്കാനായി ഡ്രൈവര്‍ ശരിക്കും പണിപ്പെടുന്നുണ്ടായിരുന്നു. ചില വണ്ടികള്‍ക്ക് വഴി കൊടുക്കാനായി ചിലയിടങ്ങളില്‍ പാറപ്പുറത്തുകൂടെ റിവേര്‍സ് ഗിയറില്‍ ജീപ്പ് ഓടിക്കുന്നത് ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ ആവാത്ത കാഴ്ചയായിരുന്നു. ഞങള്‍ ഒന്നും മിണ്ടാതെ പ്രകൃതി ഭംഗി ആസ്വദിച്ചിരിക്കുകയാണ് എന്ന് കരുതി ഡ്രൈവര്‍ പറഞ്ഞു " നിങ്ങക്ക് ഭാഗ്യമുണ്ടെങ്കില്‍ റോഡില്‍ ആനയേയോ കാട്ടുപോത്തിനെയോ കാണാം. കഴിഞ്ഞ ആഴ്ച ഇവിടെ വെച്ച് ഒരു ജീപ്പിനെ ആന കുത്തി മലര്‍ത്തിയിട്ടു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മറ്റു ആളുകള്‍ ഒന്നും ഇല്ലായിരുന്നത് കൊണ്ട് അപകടം ഒന്നും ഉണ്ടായില്ല". അതും കൂടി കേട്ടതോടെ ഭാര്യയുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യവും എനിക്ക് നഷ്ടപ്പെട്ടു.


കുറച്ചു കിലോമീറ്ററുകള്‍ അങ്ങിനെ തന്നെ ആയിരുന്നു യാത്ര .റോഡ്‌ എന്ന് പറയാന്‍ പറ്റാത്ത റോഡിലൂടെയുള്ള യാത്ര. കുറെ കഴിഞ്ഞപ്പോള്‍ പച്ചപ്പുല്ലുകള്‍ നിറഞ്ഞ മൊട്ടക്കുന്നിന്റെ തുടക്കത്തില്‍ ഡ്രൈവര്‍ വണ്ടി നിറുത്തി. അവിടെ ഒരു ടിക്കറ്റ്‌ കൌണ്ടര്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ ഇറങ്ങി ടിക്കറ്റ്‌ വാങ്ങി വീണ്ടും യാത്ര തുടര്‍ന്നു . ഒടുവില്‍ ഞാന്‍ കാത്തിരുന്ന, ഭ്രമരത്തിലെ അവസാന ഭാഗത്തില്‍ കാണിക്കുന്ന രണ്ടായി പിരിഞ്ഞു വീണ്ടും ഒന്ന് ചേരുന്ന ആ മനോഹരമായ റോഡില്‍ ഞങള്‍ എത്തി.



അപ്പോഴും ആ ജീപ്പ് യാത്രയുടെ ഹാങ്ങോവറില്‍ നിന്നും ഞങള്‍ വിമുക്തരായിരുന്നില്ല. ഇരുവശത്തും ആഴത്തിലുള്ള കൊക്കകള്‍ നിറഞ്ഞ ആ കുന്നില്‍ മുകളിലെ റോഡിലൂടെ വീണ്ടും കുറെ പോയി ഡ്രൈവര്‍ ജീപ്പ് നിറുത്തി. ഇതാണ് മാമ്പാര പീക്ക് . ഡ്രൈവര്‍ പറഞ്ഞു .


അത്രയും നേരം അനുഭവിച്ച യാത്രയുടെ ക്ഷീണം മാറ്റുന്ന കാഴ്ചകള്‍ ആണ് അവിടെ കാണാന്‍ കഴിഞ്ഞത് . സമുദ്ര നിരപ്പില്‍ നിന്നും അയ്യായിരത്തിലേറെ അടി മുകളിലായാണ് മാമ്പാറ സ്ഥിതി ചെയ്യുന്നത് . ഒരു വലിയ കുന്നിന്റെ ഏറ്റവും മുകളില്‍ കയറിയ പ്രതീതിയാണ് അനുഭവപ്പെട്ടത് . കുറച്ചു നടന്നു മുകളില്‍ കയറി നിന്നും താഴേക്ക്‌ നോക്കി. ഒരു ഭാഗത്ത് പോത്തുണ്ടി ഡാം കാണാം , എതിര്‍ വശത്ത്‌ പേരറിയാത്ത കുറെ മലനിരകള്‍ , അവിടെ നിന്നും ഒഴുകിയെത്തുന്ന ശക്തമായ കാറ്റില്‍ നമ്മള്‍ പറന്നു പോകുമോ എന്ന് തോന്നിപ്പോകും. ഒപ്പം നമ്മളെ തഴുകി തലോടുന്ന കോട മഞ്ഞും. കാറ്റും മഞ്ഞും വെയിലും എല്ലാം ചേര്‍ന്ന ഒരു പ്രത്യേക കാലാവസ്ഥയായിരുന്നു അവിടെ.



വേറെ കുറെ ജീപ്പുകളും ആളുകളും അവിടെ ഉണ്ടായിരുന്നു. ഒരു സിനിമക്ക് അധികം ആരും അറിയപ്പെടാത്ത ഒരു സ്ഥലത്തിനെ പ്രശസ്തമാക്കാന്‍ എത്ര പെട്ടെന്നാണ് കഴിഞ്ഞത് ? കോളേജ് പഠനകാലത്ത്‌ പല തവണ നെല്ലിയാമ്പതിയില്‍ വന്നപ്പോളൊന്നും ആരും മാമ്പാറയെ പറ്റി പറഞ്ഞു കേട്ടിട്ടില്ല. പ്രിയപ്പെട്ട കൂട്ടുകാരോടൊത്ത് ഇത്രയും നല്ല സ്ഥലത്ത് വരാന്‍ കഴിയാതെ പോയതിന്റെ സങ്കടം അപ്പോഴാണ്‌ മനസ്സില്‍ നിറഞ്ഞത്‌.



കാലൊന്നു ഇടറിയാല്‍ നമ്മള്‍ ചെന്നെത്തുന്നത് അഗാധമായ കൊക്കയിലേക്ക് ആയിരിക്കും. അനിസ്ക്സ്പ്രേയുടെ പരസ്യം പോലെ " പൊടിപോലുമില്ല കണ്ടു പിടിക്കാന്‍" എന്ന അവസ്ഥയില്‍ ആകും എന്നുറപ്പാണ് . പക്ഷെ അവിടെയുള്ള പാറയുടെ തുമ്പത്തു ചെന്ന് താഴേക്കും നോക്കി നിന്നപ്പോള്‍ മനസ്സില്‍ ഭയമായിരുന്നില്ല പകരം ഇത്രയും സുന്ദരമായ സ്തൃഷ്ടി നടത്തിയ ഭഗവാനോടുള്ള ആരാധനയും കടപ്പാടുമായിരുന്നു മനസ്സില്‍ .


കുറെ നേരം അവിടെയെല്ല്ലം നടന്നും അനുഭവിച്ചും ഫോട്ടോയെടുത്തും കഴിച്ചു കൂട്ടി. പറഞ്ഞ സമയം കഴിഞ്ഞിട്ടും ഞങളെ തിരികെ കാണാതെ വന്നപ്പോള്‍ ഡ്രൈവര്‍ അന്വേഷിച്ചു വരുന്നത് അകലെ നിന്നും കണ്ടപ്പോള്‍ മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും എഴുന്നേറ്റു പതുക്കെ നടന്നു.



തിരികെയുള്ള യാത്ര ശരിക്കും ആസ്വദിച്ചു. ഓരോ നല്ല സ്ടലങ്ങളിലും നിറുത്തി ഫോട്ടോയെടുത്തു. ജീപ്പില്‍ നിന്നും ഇറങ്ങി അല്പം മാറി നിന്ന് മറ്റു ജീപ്പുകള്‍ പാറകള്‍ക്കു മുകളിലൂടെ സാഹസിക യാത്ര നടത്തുന്നാത് കണ്ടു നിന്നു. പുറത്തു നിന്നും കണ്ടപ്പോള്‍ ജീപ്പ് യാത്ര ഒന്ന് കൂടി ഭീകരമായി തോന്നി.


ഡ്രൈവര്‍ പറഞ്ഞ മൃഗങ്ങള്‍ ഒന്നിനെയും കാണാനാവാതെ ഞങള്‍ സുഖമായി നെല്ലിയാമ്പതിയില്‍ മടങ്ങിയെത്തി. മടക്കയാത്രയില്‍ സാധാരണ ആളുകള്‍ നെല്ലിയാംപതിലെ മറ്റൊരു സ്ഥലമായ സീതാര്‍കുണ്ട് കാണാനാണ് പോകുക. പക്ഷെ മുന്‍പ് കണ്ട സ്ഥലമായതിനാല്‍ ഞങള്‍ അത് ഒഴിവാക്കി.



നെല്ലിയാമ്പതിയിലെ ഒരു ടീ ഫാക്ടറിയില്‍ നിന്നും കുറെ തേയിലയും വാങ്ങി ഞങള്‍ മടക്ക യാത്ര ആരംഭിച്ചു. യാത്രക്കിടയില്‍ റോഡില്‍ ഇടയ്ക്കിടെ ഇറങ്ങി വരുന്ന കോടമഞ്ഞ്‌ ഞങളെ നോക്കി ചോദിച്ചു ... വീണ്ടും വരില്ലേ .... വരും ... മൂവരും ചേര്‍ന്ന് പറഞ്ഞു ... അല്ലെങ്കിലും ഒരു തവണ കണ്ടാല്‍ ഈ സുന്ദര സ്ഥലത്തേക്ക് മടങ്ങി വരാതിരിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ ?

Sunday, April 17, 2011

പാണിയേലി പോര്

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണത്തിനടുത്തുള്ള പാണിയേലി പോരിലേക്കുള്ള എന്റെ ഈ യാത്രക്ക് കൂട്ടിനായി സുഹൃത്ത്ക്കള്‍ പലരെയും വിളിച്ചു. പക്ഷെ സ്ഥലത്തിന്റെ പേര് കേട്ടപ്പോള്‍ ആരും വന്നില്ല . കാരണം ഒരാഴ്ച മുന്‍പ് ഭൂതത്താന്‍ കെട്ട് ഡാം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതും , പാണിയേലി പോരിലെ പുഴയില്‍ വെള്ളം പൊങ്ങി പാറപ്പുറത്ത് കുടുങ്ങിയ സഞ്ചാരികളെ വടം കെട്ടി അതിലൂടെ രക്ഷിച്ചതും മറ്റും എല്ലാവരും വായിച്ചിരുന്നു. പിന്നെ കുറെ പേര്‍ പലപ്പോഴായി അപകടത്തില്‍ പെട്ട് മരിച്ചിട്ടുണ്ടെന്നും പോര് അപകടകരമായ സ്ഥലമാണ് എന്നും ഈ യാത്രക്ക് മുന്‍പേ പല തവണ അവര്‍ കേട്ടിരുന്നു. അതിരപ്പിള്ളി - വാഴച്ചാലില്‍ നൂറോളം പേര്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നും എന്നിട്ടും ആളുകള്‍ അവിടെ പോകുന്നില്ലേ എന്നും മറ്റും ഞാന്‍ പറഞ്ഞു നോക്കി. ഒരു രക്ഷയും ഇല്ല - ആരും വരാന്‍ സമ്മതം മൂളിയില്ല. പക്ഷേ ഇത്തരം ഭയത്തിന്റെ പേരും പറഞ്ഞു വീട്ടിലിരിക്കാന്‍ എന്റെ മനസ്സ് അനുവദിക്കുന്നുമില്ല. അവസാനം ഞാന്‍ ഭാര്യയെയും ഒന്നരയും നാലരയും വയസുള്ള കുട്ടികളെയും കൂട്ടി മറ്റാരോടും പറയാതെ എറണാകുളത്തു നിന്നും ബൈക്കില്‍ പാണിയേലി പോരിലെക്കുള്ള യാത്ര പുറപ്പെട്ടു.



എറണാകുളത്തു നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ ദൂരത്തിലാണ് പാണിയേലി പോര് . ആലുവ - പെരുമ്പാവൂര്‍ - വല്ലം - കോടനാട് വഴിയാണ് ഞങള്‍ പാണിയേലി പോരിലേക്ക് പോകാന്‍ തിരഞ്ഞെടുത്തത് . പെരുമ്പാവൂരില്‍ നിന്നും കുറുപ്പമ്പടി, മനക്കപ്പടി,വേങ്ങൂര്‍, വഴി വേറെ ഒരു റൂട്ട് ഉണ്ട് എന്നും അഞ്ചു കിലോമീറ്റര്‍ ലാഭമാണ് ആ വഴി എന്നും കേട്ടിരുന്നു. പക്ഷെ പരീക്ഷിക്കാന്‍ പോയില്ല. അറിയാത്ത വഴി ചോദിച്ചു പതുക്കെ പോകുന്നതിനേക്കാള്‍ നല്ലത് അറിയുന്ന വഴിയിലൂടെ വേഗത്തില്‍ പോകുന്നതാണ് എന്ന് തോന്നി. അടുത്തിടെ ടാര്‍ ചെയ്ത നല്ല റോഡുകള്‍ ഞങളുടെ യാത്രക്ക് പിന്തുണയേകി.

പാണിയേലി പോരിനു പത്തു കിലോമീറ്റര്‍ മുന്‍പാണ് പ്രശസ്ടമായ കോടനാട് ആന വളര്‍ത്തല്‍ കേന്ദ്രം. അതിന്റെ ഭാഗമായി കുറച്ചു മൃഗങ്ങളുമായി ഒരു മൃഗശാലയും , ഒരു പാര്‍ക്കും ഉണ്ട് . അതിലെ മൃഗങ്ങളെ കൂടുതല്‍ സൌകര്യത്തില്‍, സ്വാഭാവിക വനത്തിന്റെ അന്തരീക്ഷത്തില്‍ മാറ്റി പാര്‍പ്പിക്കാനായി കോടനാടിനു രണ്ടു കിലോമീറ്റര്‍ അകലെ കപ്രിക്കാട്ട് എന്ന സ്ഥലത്ത് അഭയാരണ്യം എന്ന പേരില്‍ ഒരു മൃഗശാലയും അടുത്തിടെ തുടങ്ങിയിട്ടുണ്ട് . മുന്‍പ് കണ്ടിട്ടുള്ളതായത് കൊണ്ട് അവിടെയെങ്ങും കയറാതെയാണ് ഞങള്‍ പോരിലെത്തിയത് .



പോരിലെത്തുന്നതിനു കുറച്ചു മുന്‍പ് റോഡരികില്‍ ആണ് ടിക്കറ്റ്‌ കൌണ്ടര്‍. പത്തു രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ്‌ നിരക്ക് , ബൈക്കിനു അഞ്ചു രൂപയും. അവിടെ നിന്നും ടിക്കറ്റ്‌ എടുത്തു വീണ്ടും വണ്ടിയില്‍ മുന്നൂറു മീറ്റര്‍ പോയാലാണ് പോരിന്റെ പ്രവേശന കവാടത്തില്‍ എത്തുക . വനശ്രീ പ്രവര്‍ത്തകരായ സ്ത്രീകള്‍ ആണ് ടിക്കറ്റ്‌ പരിശോധിച്ച് ആളുകളെ കടത്തിവിടുന്നത് . സംശയം തോന്നുന്ന ചിലരുടെ ബാഗുകള്‍ അവര്‍ പരിശോദിക്കുന്നുമുണ്ട് . യാത്രകള്‍ക്ക് ആവേശം പകരാനുള്ള "കുപ്പികള്‍ " ഉണ്ടോ എന്നതാണ് പരിശോധനയുടെ മുഖ്യ ഉദ്യേശം . അവിടെ നടന്ന പല മരണങ്ങളുടെയും പിന്നില്‍ മദ്യപാനമായിരുന്നു കാരണക്കാരന്‍ എന്ന സത്യം അവര്‍ മനസ്സിലാക്കിയത് കൊണ്ടാണ് അടുത്ത കാലത്തായി ഈ ശക്തമായ പരിശോധന എന്ന് അറിയാന്‍ കഴിഞ്ഞു.

ഒരു ആവേശത്തിന് യാത്ര പുറപ്പെട്ടുവെങ്കിലും ഭാര്യയെയും രണ്ടു ചെറിയ കുട്ടികളെയും കൊണ്ട് അറിയാത്ത ഒരു കാട് കയറുന്നത് മണ്ടത്തരമല്ലേ എന്ന ഒരു ചോദ്യം മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്ത് കുറെ വണ്ടികളെയും കുടുംബങ്ങളെയും കണ്ടപ്പോള്‍ ആശ്വാസമായി. ഈ യാത്രയില്‍ ഞങ്ങള്‍ തനിച്ചല്ലല്ലോ എന്ന അറിവ് അമ്പതിലേറെ കിലോമീറ്റര്‍ നീണ്ട യാത്രയുടെ ക്ഷീണം മാറ്റാനും യാത്രതുടരാനും ഉള്ള ആവേശം തന്നു എന്നതാണ് സത്യം .



പാണിയേലി പോരിന്റെ പ്രധാന ആകര്‍ഷണം പെരിയാര്‍ നദിയാണ്. മനുഷ്യവാസം അധികമില്ലാത്ത കാട്ടില്‍ നിന്നും ഒഴുകിവരുന്ന പെരിയാര്‍ നദിയിലെ വെള്ളം പാറക്കൂട്ടങ്ങളില്‍ തട്ടി പോരടിച്ചു ശബ്ദം ഉണ്ടാക്കുന്നതുകൊണ്ടാണ് ഈ സ്ടലത്തിനു പാണിയേലി പോര് എന്ന പേര് വന്നത് കേട്ട് കേള്‍വിയുണ്ട് . കാട്ടിലെ വഴിയിലൂടെ നടന്ന് പെരിയാര്‍ നദിയെയും കണ്ട് ആ വെള്ളത്തില്‍ കളിച്ചുല്ലസിക്കാനാണ് മുഖ്യമായും ആളുകള്‍ ഇവിടെ എത്തുന്നത് .

പോരിന്റെ മുഖ്യ കവാടത്തില്‍ നിന്നും ഏകദേശം മുന്നൂറു മീറ്റര്‍ ദൂരം കാട്ടിലൂടെ, പെരിയാരിനരുകിലൂടെ നടക്കാനായി നടപ്പാത ഒരുക്കിയിട്ടുണ്ട് . ഈ പാതയുടെ അവസാനത്തിലായി ഒരു ഏറുമാടവും മുള കൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട് . അത് കഴിഞ്ഞു നടന്നാല്‍ പിന്നെ പൂര്‍ണമായും കാടാണ് . ആ കാട്ടിലൂടെ, വെള്ളം കവിഞ്ഞൊഴുകുന്ന പാറകള്‍ക്കിടയിലൂടെ പെരിയാറിന്റെ ചെറിയ കൈവഴികളെ പലതവണ മുറിച്ചു കടന്നാല്‍ ഒരു വെള്ളച്ചാട്ടം കാണാം.



വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ വെള്ളം കുറവായിരുന്നു. എന്നിട്ടും ആ വെള്ളത്തിന്റെ, ഒഴുക്കിന്റെ ശക്തി മനസ്സിലാക്കിയത് പുഴ മുറിച്ചു കടന്നപ്പോള്‍ ആണ് . കാല്‍ മുട്ട് വരെ മാത്രമേ വെള്ളം ഉള്ളൂ, എന്നിട്ട് പോലും നമ്മളെ അകലേക്ക്‌ ഒഴുക്കികൊണ്ടുപോകുമോ എന്ന് ഭയപ്പെടുത്തുന്ന ശക്തിയിലാണ് പുഴയോഴുകുന്നത് . ആ ചെറിയ പുഴ മുറിച്ചു കടക്കാതെ വെള്ളചാട്ടത്തിനരുകില്‍ എത്താന്‍ വേറെ മാര്‍ഗം ഒന്നും കണ്ടില്ല.വഴി ചോദിക്കാന്‍ വേറെ ആരെയും അടുത്തു കാണാനുമില്ല. ഞാന്‍ മാത്രം ആദ്യം ഇറങ്ങി പുഴയില്‍ വലിയ കുഴികള്‍ ഇല്ല എന്നും മറ്റു അപകടങ്ങള്‍ ഇല്ല എന്നും ഉറപ്പു വരുത്തി. പിന്നെ ഭാര്യയെയും മക്കളെയും ചേര്‍ത്ത് പിടിച്ചു പതുക്കെ പതുക്കെ വെള്ളത്തിലൂടെ പുഴയെ മുറിച്ചു കടന്നു. ഇതിനിടയില്‍ എതിരെയുള്ള കാട്ടില്‍ നിന്നും വന്ന ഒരു ചേട്ടന്‍ ഞങ്ങളുടെ കഷ്ടപ്പാട് കണ്ടു അപ്പുറത്ത് ഒരു മുള കൊണ്ടുള്ള പാലം ഉണ്ട് എന്നും അതിലൂടെ കടക്കമായിരുന്നില്ലേ എന്നും ചോദിച്ചു . "തിരിച്ചു വരുമ്പോള്‍ പാലത്തിലൂടെ കടക്കാം എന്ന് വിചാരിച്ചാണ്. പുഴ മുറിച്ചു കടക്കുന്നതിന്റെ രസം പാലത്തിലൂടെ നടന്നാല്‍ കിട്ടില്ലല്ലോ ചേട്ടാ" ...എന്ന് മാത്രം പറഞ്ഞു ചമ്മല്‍ പുറത്തു കാണിക്കാതെ വീണ്ടും നടന്നു.



നടക്കുന്ന വഴിയില്‍ പാറകള്‍ക്കിടയില്‍ ചെറുതും വലുതും ആയ ഒരു പാട് കുഴികള്‍ കണ്ടു. പോരിനെ ഒരു അപകടകാരിയാക്കുന്നത് ഈ കുഴികള്‍ ആണ് . ചിലത് വളരെ ആഴത്തിലും വീതിയിലും ഉള്ളതായിരുന്നു. നല്ല മഴക്കാലത്ത് ഈ പുഴയുടെ ഒഴുക്കില്‍ പെട്ടാല്‍ ചിലപ്പോള്‍ ആളുടെ ശരീരം ഈ കുഴികളില്‍ കുടുങ്ങിയിരിക്കും അത്രേ. അങ്ങിനെ വന്നാല്‍ ശവശരീരം പോലും കിട്ടാന്‍ ബുദ്ധിമുട്ടാകും എന്നാണു കേട്ടിരിക്കുന്നത്.

വേനലായത് കൊണ്ട് ഒഴുക്കില്‍ പെട്ട് അപകടം ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ് എന്നറിയാമായിരുന്നു, എന്നാല്‍ എവിടെയെങ്കിലും കാല്‍ വഴുതി വീണാല്‍ പാറകളില്‍ തലയടിച്ചു അപകടം ഉറപ്പാണ്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു ഓരോ ചുവടും വെച്ചു. എങ്കിലും ആ നടപ്പ് വളരെ രസകരമായി തോന്നി . ഒരു പാറയില്‍ നിന്നും മറ്റൊരു പാറയിലേക്ക്‌ ചാടുകയും ചിലയിടങ്ങളില്‍ വെള്ളത്തില്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നത് എന്നെപ്പോലെ തന്നെ മകനും ഭാര്യക്കും ഇഷ്ടപ്പെട്ടു എന്ന് അവരില്‍ നിന്നും മനസ്സിലായി. നല്ല സ്ടലങ്ങളില്‍ നിന്ന് ഫോട്ടോയെടുത്തു പതുക്കെ പതുക്കെ ആയിരുന്നു യാത്ര.



മറ്റൊരു കാര്യവും ശ്രദ്ധയില്‍ പെട്ടു. കുടുംബമായി വരുന്നവര്‍ ആരും പുഴ മുറിച്ചു കടന്ന് ഈ പാറക്കൂട്ടങ്ങളിലൂടെ നടന്നു വെള്ളച്ചാട്ടത്തിനരുകിലേക്ക് വരുന്നില്ല എന്നത് . അത് കൊണ്ട് തന്നെ അവിടെ ആളുകള്‍ വളരെ കുറവായിരുന്നു. പലയിടങ്ങളിലായി ഏകദേശം പത്തോളം പേര്‍ മാത്രം. പക്ഷെ ഇവിടെ വരെ വന്നിട്ട് ആ വെള്ളച്ചാട്ടം കാണാതെ മടങ്ങുക എന്നത് എനിക്ക് ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. മറ്റൊന്നും ആലോചിക്കാതെ പാറക്കൂട്ടങ്ങളിലൂടെ യാത്ര തുടര്‍ന്ന് ഒടുവില്‍ പ്രധാന പുഴയിലെ വെള്ളച്ചാട്ടത്തിനരുകില്‍ എത്തി.


വേനല്‍ക്കാലമായതിനാല്‍ പറഞ്ഞു കേട്ട പോലെ ഒരു വലിയ വെള്ളച്ചാട്ടം ഒന്നും അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും കാട്ടില്‍ നിന്നും വെള്ളം ഒഴുകി വന്നു മുകളിലെ പാറക്കൂട്ടങ്ങളില്‍ നിന്നും അല്പം താഴെയുള്ള പാറകളില്‍ പതിക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും കുളിര്‍മ്മയേകി . മഴക്കാലത്തു മാത്രമേ ഈ വെള്ളച്ചാട്ടത്തെ അതിന്റെ പൂര്‍ണ രൂപത്തില്‍ ആസ്വദിക്കാന്‍ കഴിയൂ. എന്നാല്‍ അപകടകാരിയായ പുഴയേയും പാറകള്‍ക്കിടയിലെ ചതിക്കുഴികളെയും മറികടന്നു ഇവിടെ എത്തുക ഒരു പക്ഷേ അസാധ്യം ആയിരിക്കും.


കാട്ടിനുള്ളില്‍ നിന്നും ഒഴുകി വരുന്ന വെള്ളത്തിനു നല്ല തണുപ്പായിരുന്നു. കുട്ടികളെ ഭാര്യയെ ഏല്‍പ്പിച്ചു വെള്ളച്ചാട്ടത്തിനു അല്പം മാറി പുഴയില്‍ മുങ്ങിക്കിടന്നു. മനസ്സിനെയും ശരീരത്തെയും തണുപ്പിച്ചു കൊണ്ട് പോരിലെ വെള്ളം എന്നിലൂടെയും പതഞ്ഞു ഒഴുകി.



പെരുമ്പാവൂര്‍ പട്ടണം കഴിഞ്ഞാല്‍ നല്ല ഹോട്ടെലുകള്‍ ഒന്നും ഇല്ല. ഉള്ള സ്ടലങ്ങളില്‍ എല്ലാ സമയത്തും ഭക്ഷണം കിട്ടുമെന്ന് ഉറപ്പും ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്നും ഭക്ഷണവും വെള്ളവും കൊണ്ട് വന്നിരുന്നു. അതും കഴിച്ചു കുടുംബവുമായി കുളിക്കാനിറങ്ങി. സാധാരണ ഇത്തരം സ്ടലങ്ങളില്‍ കൂട്ടം കൂടിയിരുന്നു മദ്യപിക്കുന്ന ആളുകളെയൊന്നും അവിടെ കണ്ടില്ല എന്നത് വല്ലാത്ത ഒരു ആശ്വാസം തന്നെ ആയിരുന്നു. പ്രവേശന കവാടത്തിലെ പരിശോധനയുടെ ഫലമായിരുന്നു അത്.

ആളുകളുടെ തുറിച്ചു നോട്ടങ്ങളില്ലാതെ, മറ്റു ചിന്തകളില്ലാതെ ഒരു പാട് സമയം ഭാര്യയും കുട്ടികളുമായി കുളിച്ചും കളിച്ചും സമയം ചിലവഴിച്ചു. കളികള്‍ക്കിടയില്‍ മക്കള്‍ രണ്ടുപേരും പുഴയിലെ വെള്ളം ആവശ്യത്തിലധികം കുടിക്കുന്നുണ്ടായിരുന്നു. മിനറല്‍ വാട്ടരിനെക്കാള്‍ പരിശുദ്ധമായ ഈ പുഴയിലെ വെള്ളം അവര്‍ക്ക് അസുഖം വരുത്തില്ല എന്ന് ഉറപ്പായതിനാല്‍ ഞാന്‍ അത് തടയാന്‍ ശ്രമിച്ചതുമില്ല.



മടക്കയാത്രയില്‍ പോരിലെത്തുന്ന ആളുകള്‍ക്ക് സംരക്ഷണത്തിനായി നില്‍ക്കുന്ന ഒരു ഗാര്‍ഡ് ചേട്ടനെ പരിചയപ്പെട്ടു. കാടുകളെയും പുഴകളെയും ഒരു പാട് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോള്‍ പാണിയേലി പോരില്‍ നിന്നും ഭൂതത്താന്‍ കെട്ട് ഡാം വരെ കാട്ടിലൂടെ പതിനാലു കിലോമീറ്റര്‍ ദൂരത്തില്‍ സാഹസിക യാത്രക്ക് പറ്റിയ ഒരു ട്രെക്കിംഗ് റൂട്ട് ഉണ്ട് എന്നും പത്തുപേരെങ്കിലും ഉള്ള ടീം ആയി ഇവിടെ നിന്നും ട്രെക്കിംഗ് നടത്താറുണ്ടെന്നും അയാള്‍ പറഞ്ഞു തന്നു.വന്യ മൃഗങ്ങളെയും കണ്ടു കാട്ടിലൂടെ പുഴകള്‍ കടന്നുള്ള ആ യാത്ര വളരെ സാഹസികവും രസകരവും ആണ് എന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു . ഒരു പുതിയ യാത്രക്ക് പറ്റിയ അറിവ് പകര്‍ന്ന ചേട്ടന് നന്ദിയും പറഞ്ഞു തിരിച്ചു നടന്നു.



സമയം അഞ്ചരയായി. വന്ന പോലെ തന്നെ മടക്കയാത്രയില്‍ വളരെ ശ്രദ്ധിച്ചത് കൊണ്ട് ആര്‍ക്കും ഒരപകടവും കൂടാതെ തിരിച്ചു പുഴയരുകിലെ നടപ്പാതയിലെത്തി. മനസ്സില്ലാ മനസ്സോടെ പോരിനോട് യാത്ര പറഞ്ഞു. കാട്ടില്‍ നിന്നും വരുന്ന തണുത്ത കാറ്റും കൊണ്ട് , കാടിന്റെയും പുഴയുടെയും സംഗീതവും കേട്ട് , ഒരു കയ്യില്‍ മകനെയും മറു കയ്യില്‍ ഭാര്യയെയും ചേര്‍ത്ത് പിടിച്ചു നടന്നപ്പോള്‍ മനസ്സില്‍ ആലോചിച്ചിരുന്നത് സുഹൃത്തുക്കളെ കുറിച്ചായിരുന്നു. അവരോടു പോരിനെ കുറിച്ചു പറയണം, ഫോട്ടോ കാണിച്ചു കൊടുക്കണം, നമ്മള്‍ സൂക്ഷിച്ചാല്‍ പോര് അപകടകാരിയാവില്ലെന്നും അവരെ ബോദ്ധ്യപ്പെടുത്തണം . എന്നിട്ട് ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം തന്ന ഈ പോരില്‍ അവരോടൊത്ത് വീണ്ടും ഒരു ദിവസ്സം ചിലവഴിക്കണം.

ഇത്തരം യാത്രകളും സൌഹൃദങ്ങളും ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് എനിക്കീ ജീവിതം ?

Sunday, March 20, 2011

വിലങ്ങന്‍ കുന്ന്‌

തൃശ്ശൂരിലെ ഫോട്ടോഗ്രാഫര്‍മാരോടോ വീഡിയോഗ്രാഫര്‍മാരോടോ അവര്‍ക്കിഷ്ടപ്പെട്ട ഒരു സ്ടലം പറയാന്‍ പറഞ്ഞാല്‍ എല്ലാവരും ഒരുത്തരമേ തരു .... വിലങ്ങന്‍ കുന്ന്. തൃശ്ശൂരിലെ ഭൂരിഭാഗം കല്യാണ ആല്‍ബങ്ങളുടെയും വീഡിയോയുടെയും ഔട്ട്‌ ഡോര്‍ ഷൂട്ടിംഗ് നടത്തുന്ന ഒരു സുന്ദര സ്ടലം. കണ്ണടച്ച് ഏത് ആങ്കിളില്‍ ഫോട്ടോയെടുത്താലും മനോഹരമായ ഫോട്ടോ കിട്ടും എന്നും, വേനലില്‍ ഉണങ്ങി നില്‍ക്കുന്ന ആ കുന്ന് ഇപ്പോള്‍ കൂടുതല്‍ മനോഹരമാന്നെന്നും സുഹൃത്തായ ഫോട്ടോഗ്രാഫര്‍ പറഞ്ഞത് കേട്ടപ്പോള്‍ പല തവണ പോയിട്ടുള്ള സ്ടലമാണ് എങ്കിലും വീണ്ടും ഒരു യാത്ര പോകാന്‍ തോന്നി .

യാത്രകളില്‍ തല്പരനായ അടുത്ത സുഹൃത്തിനെയും കൂട്ടി തൃശ്ശൂരില്‍ നിന്നും ഒരു വൈകുന്നേരം യാത്ര തുടങ്ങി. തൃശ്ശൂര്‍ ടൌണില്‍ നിന്നും ഏഴ് കിലോമീറെര്‍ ദൂരത്തിലാണ് വിലങ്ങന്‍ കുന്ന് സ്ഥിതി ചെയ്യുന്നത് . തൃശ്ശൂര്‍ - കുന്നംകുളം ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോള്‍ പൂഗുന്നം ജംക്ഷനില്‍ നിന്നും അഞ്ചര കിലോമീറെര്‍ കഴിഞ്ഞാല്‍ ഇടതു വശത്തായി വിലങ്ങന്‍ കുന്നിലേക്ക് സ്വാഗതം പറഞ്ഞു കൊണ്ടുള്ള വലിയ ആര്‍ച്ച് ബോര്‍ഡ്‌ കാണാം. അതുകൊണ്ട് തന്നെ ആരോടും വഴി ചോദിക്കാതെ അപരിചിതര്‍ക്ക് പോലും എളുപ്പത്തില്‍ അവിടെ എത്തിച്ചേരാം.


റോഡിന്‍റെ തുടക്കത്തിലുള്ള കുറച്ചു വീടുകള്‍ കഴിഞ്ഞാല്‍ വഴി വിജനമാണ് . ഇരു വശത്തും മരങ്ങളും മുളക്കൂട്ടങ്ങളും നിറഞ്ഞു നില്‍ക്കുന്ന സുന്ദരകാഴ്ചകളും കണ്ടു യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ ഒരു കുന്നിന്റെ മുകളിലേക്ക് കയറി കൊണ്ടിരിക്കുകയാണ് എന്ന് മറന്നു പോകും .

വിലങ്ങന്‍ കുന്ന് എത്തുന്നതിനു കുറച്ചു മുന്‍പായി ഒരു ടിക്കറ്റ്‌ കൌണ്ടര്‍ ഉണ്ട് . വാഹനത്തിനും ആളുകള്‍ക്കും ടിക്കറ്റ്‌ എടുക്കണം. രാവിലെ ഏഴുമുതല്‍ വൈകിട്ട് എഴുവരെയാണ് പ്രവേശനം എന്നാണ് കേട്ടിരുന്നത് . പക്ഷെ ഞങ്ങള്‍ ടിക്കറ്റ്‌ എടുക്കാന്‍ ചെന്നപ്പോള്‍ ആറരക്കുള്ളില്‍ കുന്ന് ഇറങ്ങണം എന്ന് അവര്‍ പ്രത്യേകം എടുത്തു പറഞ്ഞു . എന്ത് പറഞ്ഞാലും സൂര്യന്‍ അസ്തമിക്കുന്നത് കാണാതെ ഞങ്ങള്‍ കുന്ന് ഇറങ്ങില്ല എന്റെ മാഷേ എന്നും മനസ്സില്‍ പറഞ്ഞു യാത്ര തുടര്‍ന്നു.



ഒഴിവു ദിവസം അല്ലാത്തതിനാല്‍ തിരക്ക് വളരെ കുറവായിരുന്നു. കല്യാണ ആല്‍ബത്തിന് വേണ്ടി "അഭിനയിക്കുന്ന" രണ്ടു ദമ്പതികളെ മാത്രം കണ്ടു. സ്വന്തം ജീവിതത്തില്‍ ഇങ്ങനെ അഭിനയിക്കേണ്ടി വന്നിട്ടില്ലാത്തതുകൊണ്ട് അവരുടെ അഭിനയം കുറച്ചു നേരം നോക്കി നിന്നു. ഫോട്ടോഗ്രാഫെരുടെ വാക്കുകള്‍ കേട്ട് നടക്കുകയും ഇരിക്കുകയും ചിരിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്ന അവരെ കണ്ടപ്പോള്‍ എന്തോ സഹതാപമാണ് മനസ്സില്‍ വന്നത് . ഒരു പങ്കാളിയെകിട്ടാന്‍ എന്തെല്ലാം സഹിക്കണം എന്നോര്‍ത്തു.

ആളുകള്‍ കുറഞ്ഞത്‌ ഒരു സൌകര്യം ആയി തോന്നി. നമ്മുടെ ഫ്രയ്മില്‍ ആരും കയറിവരാതെ കുറെ ഫോട്ടോകള്‍ എടുക്കാം. മറ്റു ബഹളങ്ങള്‍ ഇല്ലാതെ അസ്തമയം ആസ്വദിക്കാം.



കുന്നിന്‍ മുകളില്‍ കുട്ടികള്‍ക്കായി ഒരു അമ്യുസ്മെന്റ്റ് പാര്‍ക്ക് . അതായിരുന്നു വിലങ്ങന്‍ കുന്നിന്റെ മറ്റൊരു ആകര്‍ഷണം. പലയിടങ്ങളിലും ഊഞ്ഞാലുകളും കുട്ടികളുടെ കളി ഉപകരണങ്ങളും ഒരുക്കിയിരുന്നു. ചെറിയ കലാ പരിപാടികള്‍ നടത്തുന്നതിനായി ഒരു ഓപ്പണ്‍ എയര്‍ തീയേറ്ററും അവിടെ ഒരിക്കിയിരുന്നു.

ആളുകള്‍ കുറവായതിനാല്‍ അവിടെയുള്ള ലഘു ഭക്ഷണ കട നേരത്തെ അടക്കാനുള്ള ശ്രമത്തിലാണ്. കടയുടെ മുന്‍പില്‍ നില്‍ക്കുന്ന ചേട്ടനുമായി സംസാരിച്ചപ്പോള്‍ ശനിയും ഞായറും നല്ല തിരക്കായിരിക്കുമെന്നും ബാക്കി ദിവസങ്ങളില്‍ വീഡിയോക്കാരും പിന്നെ കോളേജുകളില്‍ നിന്നും എത്തുന്ന പ്രണയ ജോടികളും മാത്രമേ അവിടെ കാണൂ എന്നും തൃശ്ശൂര്‍ ഭാഷയില്‍ പറഞ്ഞു തന്നു. ആ സംസാരം കേട്ടപ്പോള്‍ മമ്മൂട്ടിയുടെ പ്രാഞ്ചിയെട്ടനെ ആണ് ഓര്‍മ്മ വന്നത് .



വിശാലമായ കുന്നിന്‍ മുകളിലെ പുല്ലുകള്‍ എല്ലാം ഉണങ്ങിയ നിലയിലായിരുന്നു. ചിലയിടങ്ങളില്‍ ഉണങ്ങിയ പുല്ലു കത്തിച്ചു കളഞ്ഞ നിലയില്‍ ആയിരുന്നു. ഈ കുന്നിനെ വലം വെച്ച് കാഴ്ചകള്‍ കണ്ടു നടക്കാനായി രണ്ടു പേര്‍ക്ക് ഒരുമിച്ചു നടക്കാവുന്ന രീതിയില്‍ കുന്നിനു ചുറ്റും വഴി വെട്ടി കല്ലുകള്‍ പാകിയിട്ടുണ്ട് . നടത്തത്തിനിടയില്‍ വിശ്രമിക്കാനായി പലയിടത്തും സിമന്റിന്റെയും തകരയുടെയും മേല്‍ക്കൂരയുമായി ചെറിയ താവളങ്ങളും ഒരിക്കിയിരുന്നു. ആ വഴികളിലൂടെ ആ കുന്നിനെ ഒന്ന് വലം വെച്ച് നടന്നു. മനുഷ്യനെ പറത്തികൊണ്ട് പോകും എന്ന നിലയില്‍ ആഞ്ഞടിക്കുന്ന കാറ്റും കൊണ്ട് നടന്നപ്പോള്‍ മനസ്സിലെ ഭാരങ്ങളെല്ലാം അലിഞ്ഞു ഇല്ലാതായി. തൃശ്ശൂര്‍ നഗരത്തില്‍ നിന്നും കുറച്ചുമാത്രം അകലെയായിട്ടും വണ്ടികളുടെ ബഹളം ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. നഗരത്തില്‍ നിന്നും ഒരു പാട് അകലെയായ പ്രതീതിയാണ് അനുഭവപ്പെട്ടത് .



അമ്പത് ഏക്കറാണ് ഈ കുന്നിന്റെ വിസ്ടീര്‍ണ്ണം. ഏറ്റവും മുകളിലെ പരന്നു കിടക്കുന്ന സ്ടലത്തിനു മാത്രം ഏകദേശം പത്തു ഏക്കര്‍ വിസ്ത്രിതിയുണ്ട് . തൃശ്ശൂര്‍ ജില്ല ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ ആണ് ഇതിനെ ഇങ്ങനെ ഒരു പിക്നിക്‌ സ്പോട്ട് ആക്കി മാറിയത് . ഇതിന്റെ പരിപാലനം എല്ലാം തൃശ്ശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പരേഷന്‍ ആണ് നടത്തുന്നത് .



ആ കുന്നില്‍ മുകളില്‍ നിന്നും നോക്കിയാല്‍ തൃശ്ശൂരും പരിസര പ്രദേശങ്ങളും മുഴുവന്‍ കാണാം. തൃശ്ശൂരിലെ ഏറ്റവും വിലയേറിയ വില്ലകളുമായി പണി പൂര്‍ത്തിയായികൊണ്ടിരിക്കുന്ന ശോഭ സിറ്റിയും, ലുലുവിന്റെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും, കാന്‍സര്‍ ചികിത്സയില്‍ പേരുകേട്ട അമല മെഡിക്കല്‍ കോളേജും എല്ലാം ഈ കുന്നിന്‍ മുകളില്‍ നിന്നും കാണാം.



കേരള സര്‍ക്കാരിനു ഈ കുന്നിനെ ഒരു എക്കോ ടൂറിസം സ്പോട്ട് ആക്കാന്‍ ഉദ്യേശം ഉണ്ട് എന്ന് കേട്ടു. കെട്ടിടങ്ങള്‍ നിറഞ്ഞു പച്ചപ്പ്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നഗരത്തിനടുത്ത് ഒരു മരുപ്പച്ച. അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി എന്നാണ് അറിവ് . കിളികളെയും മറ്റും ആകര്‍ഷിക്കാനും കുന്നില്‍ മുകളിലെ മണ്ണൊലിപ്പ് തടയാനും ആയി ഏകദേശം അറുനൂറോളം മാവുകള്‍ വെച്ചുപിടിപ്പിക്കാന്‍ ഉദ്യേശം ഉണ്ടത്രേ. പിന്നെ മെയിന്‍ റോഡില്‍ നിന്നും ഇവിടെ വരെയുള്ള റോഡിനു ഇരുവശത്തും ചെടികള്‍ കൊണ്ടും മരങ്ങള്‍ കൊണ്ടും ഒരു വേലി സൃഷ്ടിക്കാനും ഉദ്യേശം ഉണ്ട് .



അവിടെയല്ലം കറങ്ങി നടന്നും ഫോടോയെടുത്തും അസ്ടമയം കണ്ടും സമയം പോയതറിഞ്ഞില്ല. എനിക്ക് തിരിച്ചു പോകാന്‍ സമയമായി. മടക്കയാത്രയില്‍ ഒന്നും മിണ്ടാതെ സുഹൃത്തിന്റെ വണ്ടിയിലിരിക്കുമ്പോള്‍ മനസ്സ് നിറയെ ഒരു ആഗ്രഹമായിരുന്നു ...അവിടെ വെക്കാന്‍ പോകുന്ന ആ മാവുകള്‍ അവ നിറയെ മാങ്ങകള്‍ , ആ പച്ചപ്പും ഭക്ഷണവും തേടി വരുന്ന അറിയുന്നതും അറിയാത്തതും ആയ പക്ഷികള്‍ . അവക്കിടയിലൂടെ ജോലിയുടെയും ജീവിതത്തിന്റെയും ഭാരം അല്പനെരമെങ്കിലും ഇറക്കി വെക്കാന്‍ വരുന്ന എന്നെ പോലെയുള്ള ആളുകള്‍ .... ഇപ്പോള്‍ തന്നെ ഇത്ര സുന്ദരിയായിരിക്കുന്ന ഈ വിലങ്ങള്‍ കുന്ന് അതിസുന്ദരിയായി മാറില്ലേ അപ്പോള്‍ ..

ഞാന്‍ സ്വപ്നം കാണുകയാണ് ...

ഇത്തരം സ്വപ്നങ്ങളും യാത്രകളും ആണല്ലോ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് .....