Wednesday, October 5, 2011

സ്നേഹതീരം


പ്രകൃതിയെയും കടലിനെയും സ്നേഹിക്കുന്ന ആരും തിരിഞ്ഞു നോക്കാത്ത , വൃത്തിഹീനമായ ചുറ്റുപാടില്‍ കിടക്കുന്ന, മത്സ്യബന്ധനം നടത്താന്‍ മാത്രം ഉപയോഗിക്കുന്ന അനേകം കടല്‍തീരങ്ങള്‍ കേരളത്തില്‍ പലയിടങ്ങളിലും കാണാം. അങ്ങിനെ കിടന്നിരുന്ന ഒരു കടല്‍തീരത്തെ ഒരു ദിവസം ആയിരത്തില്‍ അധികം ആളുകള്‍ വരുന്ന, ആ നാടിന്റെ തന്നെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ള ഒരു സുന്ദരതീരം ആക്കി മാറ്റാന്‍ നമുക്ക് കഴിയുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് തൃശൂര്‍ ജില്ലയിലെ തളിക്കുളം എന്ന സ്ഥലത്തെ സ്നേഹതീരം എന്ന കടപ്പുറം. ചിന്തിക്കാനുള്ള കഴിവും നടപ്പിലാക്കാനുള്ള ഇച്ഹാശക്സ്തിയും ഉണ്ടെങ്കില്‍ നമ്മുടെ നാട്ടിലെ അധികം അറിയപ്പെടാത്ത സ്ഥലങ്ങളെ വിനിയോഗിച്ചു ടൂറിസത്തിലൂടെ "ദൈവത്തിന്റെ സ്വന്തം നാടിനെ" എങ്ങനെ പുരോഗതിയിലേക്ക് നയിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായും ഈ സ്നേഹതീരത്തെ നമുക്ക് എടുത്തു കാണിക്കാം. 




രണ്ടു വര്‍ഷം മുന്‍പത്തെ ഒരു ഓണക്കാലത്താണ് സ്നേഹതീരത്തെ പറ്റി ആദ്യമായി കേള്‍ക്കുന്നത്. അറിഞ്ഞതിന്റെ പിറ്റെന്നാള്‍ ഒരു സുഹൃത്തിനെയും കൂട്ടി തൃശ്ശൂരില്‍ നിന്നും അങ്ങോട്ട്‌ യാത്ര തിരിച്ചു. തൃശ്ശൂരില്‍ നിന്നും പടിഞ്ഞാറേ കോട്ട - ഒളരി - കാഞ്ഞാണി - വാടനപ്പിളി വഴി തളിക്കുളം എന്ന സ്ഥലത്തെത്തി . അവിടെ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ അകലെ ആണ് ഈ സ്നേഹതീരം എന്ന് കേട്ടറിഞ്ഞിരുന്നു. നാഷണല്‍ ഹൈവേ 17 ലെ തളിക്കുളത്ത് നിന്നും വലതു വശത്തേക്കുള്ള റോഡിലൂടെ അല്പം പോയപ്പോഴേക്കും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു തുടങ്ങി. സ്നേഹതീരത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രം നിറഞ്ഞ ആ റോഡും തിരക്കും കണ്ടപ്പോള്‍ ആദ്യം അദ്ഭുതവും പിന്നെ നിരാശയും തോന്നി . പക്ഷെ ആ തിരക്കിനെ മറികടന്നു അവിടെപോയി ആള്‍ക്കൂട്ടത്തില്‍ ഒരാളാവാന്‍ മനസ്സ് സമ്മതിച്ചില്ല. ഒരു കണക്കിന് വണ്ടിയും തിരിച്ചു സ്നേഹതീരം എന്ന സുന്ദരക്കാഴ്ച്ചയെ മനസ്സില്‍ ബാക്കി നിര്‍ത്തി പാതി വഴിയില്‍ ഞങള്‍ മടങ്ങി.



രണ്ടാം യാത്ര എറണാകുളത്തു നിന്നും കുടുംബത്തോടൊപ്പം ആയിരുന്നു. എറണാകുളം - ഗുരുവായൂര്‍ റോഡിലൂടെ പറവൂരും കൊടുങ്ങല്ലൂരും തൃപ്രയാറും പിന്നിട്ട് തളിക്കുളത്തെത്തി. കടലിനെ ആസ്വദിക്കാന്‍ പോകുമ്പോള്‍ നമ്മളും കടലും മാത്രമേ ഉണ്ടായിരിക്കാവൂ എന്ന ഞങ്ങളുടെ ആഗ്രഹം സ്നേഹതീരം നടപ്പിലാക്കി തന്നു . അതിരാവിലെ ആയതിനാല്‍ മറ്റാരും ഇല്ലാതെ കടലും ഞങ്ങളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.



കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറെഷന്റെ കീഴിലാണ്  ഈ ബീച്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് . 



ഞങ്ങള്‍ സ്നേഹതീരത്തിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ ആദ്യം കണ്ടത് കുട്ടികളുടെ പാര്‍ക്ക് ആയിരുന്നു . കടലിനോടു ചേര്‍ന്ന് കിടക്കുന്ന ആ പാര്‍ക്ക് ആണ് ഇപ്പോള്‍ ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം. അഞ്ചു രൂപയാണ് പ്രവേശന ഫീസ് . കുട്ടികള്‍ക്ക് മൂന്നു രൂപയും. കുട്ടികള്‍ക്കായി വിവിധ തരം കളിയുപകരണങ്ങളും, അവക്കിടയിലൂടെ ഓടി നടക്കാനായി വൃത്തിയുള്ള, ഭംഗിയായ ഓടു വിരിച്ച നടവഴികളും എല്ലാം ചേര്‍ന്ന ഒരു മനോഹരമായ സ്ഥലമായിരുന്നു ആ പാര്‍ക്ക്. എനിക്ക് പേരോര്‍മ്മയില്ലാത്ത, അടുത്ത കാലത്ത് ഇറങ്ങിയ ഒരു സിനിമയിലെ ഗാന രംഗം ഈ പാര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത് . .



ഏകദേശം ആയിരത്തിലധികം പേര്‍ക്ക് ഒരുമിച്ചിരുന്നു പരിപാടികള്‍ കാണാന്‍ വേണ്ടി തുറന്ന ഒരു സ്റ്റേജ് അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. വിശേഷ ദിവസ്സങ്ങളിലും മറ്റും അവിടെ നടത്തുന്ന പരിപാടികള്‍ കാണാനും കടലിനെ ആസ്വദിക്കാനുമായി ആയിരക്കണക്കിന് ആളുകളാണ് വിശേഷദിവസ്സങ്ങളില്‍ ഇവിടെ എത്തുന്നത്‌. ഇത്തരം സൌകര്യങ്ങള്‍ ഉള്ള ഒരു കടപ്പുറം കേരളത്തില്‍ വിലരില്‍ എണ്ണാവുന്ന സ്ഥലങ്ങളിലെ ഉണ്ടാകൂ. പ്രശസ്തമായ കോവളം ബീച്ചില്‍ പോലും ഇത്രയും സൌകര്യങ്ങള്‍ കണ്ടിട്ടില്ല. എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തില്‍ എല്ലാം സൌകര്യങ്ങളും ഒരുക്കിയ സുന്ദരമായ ഈ കടപ്പുറം ശരിക്കും ഒരു വേറിട്ട കാഴ്ചയായി.



വിശാലമായ കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങളും അതിനോടനുബന്ധിച്ചു ഭക്ഷണശാലകളും എല്ലാം ഈ സ്നേഹതീരത്തിന്റെ പ്രത്യേകതകളായി പറയാം .ഇവിടത്തെ നാലുകെട്ട് എന്ന രെസ്റൊരെന്റ്റ് നാടന്‍ ഭക്ഷണത്തിനും മത്സ്യ വിഭവങ്ങള്‍ക്കും പേര് കേട്ടതാണ് . അടുത്ത കാലത്തായി സഞ്ചാരികള്‍ക്കായി കുറച്ചു ഹോം സ്റ്റേകളും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് .



കടല്‍ കയറി ആ മനോഹരതീരത്തെ നശിപ്പിക്കാതിരിക്കാന്‍ വേണ്ടി ഇട്ടിരിക്കുന്ന വലിയ പാറക്കല്ലുകളില്‍ കൂടി നടന്നും, കുടുംബത്തോടൊപ്പം ആ കടലിന്റെ സൌന്ദര്യം ആസ്വദിച്ചും, വെള്ളത്തില്‍ കുളിച്ചും ഒരു പാട് സമയം അവിടെ ചിലവഴിച്ചു . മറ്റാരുടെയും ശല്യപ്പെടുത്തലുകള്‍ ഇല്ലാതെ പ്രകൃതിയും ഞങ്ങളും മാത്രമായ ഒരവസ്ഥ വളരെ രസകരം ആയിരുന്നു. ആ തിരകള്‍ ഞങ്ങളോട് എന്തൊക്കെയോ ചോദിക്കുന്നത് പോലെ തോന്നി .





കുട്ടികളെ സുരക്ഷിതമായ അകലത്തില്‍ കളിക്കാന്‍ വിട്ടു, ഭാര്യയുടെ മടിയില്‍ തലയും വെച്ചു, മഞ്ഞ നിറത്തിലുള്ള ഒരു ചാര് ബഞ്ചില്‍  ആ കടലിനെ നോക്കി കുറെ സമയം കിടന്നു. കളികള്‍ മതിയാക്കി മടങ്ങി വന്ന അഞ്ചു വയസ്സുകാരന്‍ മകന്‍ , പ്രായത്തേക്കാള്‍ ഇരട്ടി ബുദ്ധിയുള്ള പുതിയ തലമുറയിലെ ഒരംഗമായ അവന്‍ ചോദിച്ചു " അച്ഛനും അമ്മയും ലവ്വാണ് അല്ലേ ? ".  ഒരു ബാന്ഗ്ലൂര്‍ യാത്രയില്‍ പാര്‍ക്കില്‍   കണ്ട  കമിതാക്കള്‍ , അവര്‍ ലവ്വായതുകൊണ്ടാണ്  അങ്ങിനെ കിടക്കുന്നത് എന്നും, വലുതാകുമ്പോള്‍ നീയും അങ്ങിനെ കിടക്കും എന്ന്   ഞാന്‍ തമാശയായി പറഞ്ഞു കൊടുത്ത ഓര്‍മ്മയില്‍ നിന്നാണ്  മകന്റെ ഈ ചോദ്യം .  



+
അല്ലെങ്കിലും പേരില്‍ തന്നെ സ്നേഹം ഒളിപ്പിച്ചു വെച്ച ഈ സ്നേഹതീരത്തില്‍  വന്ന് , ഈ സുന്ദരമായ കടലിനെ നോക്കി ഏറ്റവും ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ഇരിക്കുമ്പോള്‍ മനസ്സില്‍ പ്രണയമല്ലാതെ മറ്റൊരു വികാരവും ഉണ്ടാകില്ലല്ലോ ? 


Sunday, August 21, 2011

താണിക്കുടം ആറാട്ട്‌

ആഗസ്റ്റ്‌ മാസത്തിലെ ഒന്നാമത്തെ ഞായറാഴ്ച , അവധി ദിവസ്സമായതിനാല്‍ സുഖമായി കിടന്നുറങ്ങുന്ന എന്നെ വിളിച്ചുണര്‍ത്തിയത് തൃശ്ശൂരിലെ ഒരു സുഹൃത്തിന്റെ ഫോണ്‍ വിളിയാണ് . വീടിനടുത്തുള്ള അമ്പലത്തിലെ ആറാട്ടാണ് ഇന്ന് എന്നും എന്തായാലും വരണം എന്നുമുള്ള അവന്റെ സംസാരം കേട്ടപ്പോള്‍ ആദ്യം ദേഷ്യമാണ് തോന്നിയത് . അമ്പലത്തിലെ ആറാട്ടിന് ആ ദിവസം അതിരാവിലെയാണോ വിളിക്കുന്നത്‌ എന്ന് പരാതി പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു " ദേവിയും പ്രകൃതിയും തീരുമാനിക്കുന്ന അന്നാണ് ഞങളുടെ നാട്ടിലെ അമ്പലത്തിലെ ആറാട്ട്‌. ഇന്നാണ് ആ ദിവസം. എന്തായാലും വരണം. ഒരിക്കലും ഈ യാത്ര നഷ്ടമായി തോന്നില്ല എന്ന് ഞാന്‍ ഉറപ്പു തരാം ". അവന്‍ കൂടുതലൊന്നും പറയാതെ ഫോണ്‍ വെച്ചു .



അങ്ങിനെയാണ് ഞാന്‍ ഈ ചെറിയ യാത്ര തുടങ്ങിയത് . സുഹൃത്തിന്റെ വാക്കുകളില്‍ നിന്നും എനിക്ക് കാണാനായി എന്തോ ഒരു നല്ല കാഴ്ച കാത്തിരിക്കുന്നുണ്ട് എന്ന് മനസ്സിലായി . അതെന്തായിരിക്കും എന്ന ചിന്തയോടെ എറണാകുളത്തു നിന്നും തൃശൂര്‍ വരെ എത്തി. തൃശൂരില്‍ നിന്നും എനിക്കായി കാത്തിരിക്കുന്ന സുഹൃത്തിനെയും കൂട്ടി ഞങള്‍ യാത്ര തുടങ്ങി ... ഇത് വരെ കാണാത്ത ഒരു പുതിയ കാഴ്ചയും തേടി .



തൃശൂര്‍ നഗരത്തില്‍ നിന്നും ചെമ്പുക്കാവ് - പെരിങ്ങാവ് - ചേറൂര്‍ വഴിയാണ് ഞങ്ങള്‍ താണിക്കുടം എന്ന സ്ഥലത്തു എത്തിച്ചേര്‍ന്നത്. അവിടെ എത്തുന്നതിനു മുന്‍പേ റോഡിനരുകിലൂടെ നനഞ്ഞ വസ്ത്രങ്ങളുമായി നടന്നു പോകുന്ന ആളുകളെ കണ്ടപ്പോള്‍ തന്നെ മുന്‍പ് പത്രത്തില്‍ വായിച്ചിട്ടുള്ള ആ അപൂര്‍വമായ ആറാട്ടിനെകുറിച്ചു ഓര്‍മ്മ വന്നു.


തൃശ്ശൂര്‍ ജില്ലയിലെ താണിക്കുടം എന്ന സ്ഥലത്തെ ദേവി ക്ഷേത്രത്തിലാണ് ഈ അപൂര്‍വമായ ആറാട്ട്‌ നടക്കുന്നത് . ശക്തമായി മഴ പെയ്തു ദേവി ക്ഷേത്രത്തിനടുത്തുള്ള പുഴയില്‍ വെള്ളം കയറുകയും, ആ നിറഞ്ഞു കവിയുന്ന വെള്ളം ക്ഷേത്രത്തില്‍ കടന്നു ദേവിയുടെ വിഗ്രഹത്തെ വെള്ളത്തില്‍ മുക്കുകയും ചെയ്യുന്ന ദിവസ്സമാണ്‌ അമ്പലത്തിലെ ആറാട്ട്‌ ആഘോഷിക്കുക. അന്നത്തെ ദിവസം ആ നാടിലെ വിശ്വാസികളെല്ലാം നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴവെള്ളത്തിലൂടെ നടന്നു വന്നു , അമ്പലത്തിലെ ദേവിയുടെ മുന്‍പില്‍ കഴുത്തോളം നിറഞ്ഞ വെള്ളത്തില്‍ മുങ്ങി നിന്ന് ദേവിയോട് അനുഗ്രഹത്തിനായി പ്രാര്‍ഥിക്കും.


ആറാട്ടില്‍ പങ്കെടുക്കാന്‍ വന്നുപോകുന്ന ആളുകളെ കൊണ്ട് ശ്വാസം മുട്ടി നില്‍ക്കുന്ന നാട്ടിന്‍ പുറത്തെ റോഡരുകില്‍ വണ്ടിയും പാര്‍ക്ക് ചെയ്തു ഞങ്ങളും അമ്പലത്തിനരുകിലേക്ക് നടന്നു . അല്പം നടന്നപ്പോള്‍ തന്നെ പുഴയേത് കരയേത് എന്നറിയാന്‍ കഴിയാത്ത തരത്തില്‍ വെള്ളം നിറഞ്ഞൊഴുകുന്ന അമ്പലമുറ്റത്തെത്തി. ആളുകള്‍ എല്ലാം ദേവിയെയും വിളിച്ചുകൊണ്ടു ആ വെള്ളത്തിലൂടെ നടക്കുകയാണ് . ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ആ കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് പുഴപോലെ നിറഞ്ഞൊഴുകുന്ന ഭക്തി മാത്രം ഞാന്‍ കണ്ടു. കാല്‍മുട്ട് വരെ നിറഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ ഞങ്ങള്‍ വളരെ ശ്രദ്ധിച്ചാണ് നടന്നിരുന്നത് . ഒന്ന് കാലു തെറ്റിയാല്‍ കയ്യിലെ ക്യാമറ പിന്നെ ഒന്നിനും കൊള്ളാതാകും എന്ന ഭയമായിരുന്നു മനസ്സില്‍ . ഒരു കണക്കിന് ആ ഒഴുക്ക് വെള്ളത്തിലൂടെ നടന്ന് പ്രധാന അമ്പലത്തിലെ വാതിലിനരുകില്‍ വരെ എത്തി .


അമ്പലത്തിനുള്ളില്‍ കഴുത്തൊപ്പം വെള്ളത്തില്‍ നിന്ന് കുറെ പേര്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. ചിലര്‍ അമ്പലത്തിനു ചുറ്റും നീന്തിനടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചെറിയ കുട്ടികളെയും കൊണ്ട് വന്നു ആ പുഴയിലെ കലങ്ങി മറഞ്ഞ വെള്ളത്തില്‍ മുങ്ങി നിവരുന്ന ആളുകളെ അത്ഭുതത്തോടെ കുറെ നേരം കണ്ടു നിന്നു.അവിടെ ആ വെള്ളത്തില്‍ മുങ്ങി നിവരാത്തവര്‍ ഞങ്ങള്‍ രണ്ടു പേരും ആയിരുന്നു. സുഹൃത്ത് അതിരാവിലെ വന്നു ഒരു തവണ വെള്ളത്തില്‍ മുങ്ങി നിന്നു പ്രാര്‍ഥിച്ചതുകൊണ്ടും, ഞാന്‍ നമ്മള്‍ നല്ല പ്രവര്‍ത്തികള്‍ ചെയ്‌താല്‍ ഭഗവാന്‍ മനുഷ്യന്റെ രൂപത്തില്‍ മുന്‍പില്‍ വരും എന്ന് വിശ്വസിക്കുന്നത് കൊണ്ടും വെറും കാണികള്‍ മാത്രമായി മാറി.



സാധാരണ കേരളത്തിനെ പല അമ്പലങ്ങളിലും പ്രതിഷ്ടയെ പുഴയിലോ കുളങ്ങളിലോ കൊണ്ട് പോയി 'ആറാട്ട് 'നടത്തുന്ന പതിവുണ്ട് . പക്ഷെ ഇവിടെ മാത്രം പ്രകൃതി ദേവിയെ തേടിയെത്തുകയാണ് ആറാട്ട് നടത്താനായി. ഇവിടെയല്ലാതെ ഇന്ത്യയില്‍ ഒരിടത്തും ‍ ഇത്തരം ഒരു ആറാട്ട്‌ നടക്കുന്നതായി ഇതുവരെ കേട്ടിട്ടില്ല. മറ്റൊരു പ്രത്യേകത കൂടി ഈ അമ്പലത്തിനുണ്ട് . എല്ലാ അമ്പലങ്ങളിലും ശ്രീകോവില്‍ പണിതു അതിനുള്ളില്‍ മഴയും വെയിലും കൊള്ളാതെയാണ് സാധാരണ പ്രതിഷ്ഠകള്‍ സ്ഥാപിക്കാറുള്ളത്, പക്ഷെ ഇവിടെ മേല്കൂരയില്ലത്ത ശ്രീകോവിലിലാണ് ഭഗവതിയുടെ പ്രതിഷ്ഠ വെച്ചിരിക്കുന്നത്.



കുറച്ചു കുട്ടികള്‍ പുഴയിലൂടെ നീന്തി അതിലൂടെ ഒഴുകി വരുന്ന നാളികേരങ്ങളും മരങ്ങളുടെ അവശിഷ്ടങ്ങളും കരക്കടുപ്പിക്കുന്നത് കണ്ടു. ഈ നാളികേരങ്ങളും വിറകുകളും അവര്‍ ദേവിക്ക് സമര്‍പ്പിക്കും. നല്ല ഒഴുക്കുള്ള പുഴയിലൂടെ സാഹസികമായി നടത്തുന്ന ഈ പ്രകടനം ആരിലും ഒരു ഭയപ്പാട് ഉണ്ടാക്കിയതായി കണ്ടില്ല. ഒരു പക്ഷെ അവരെ ദേവി കാത്തുകൊള്ളും എന്ന വിശ്വാസമാകാം കാരണം.



ഈ കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ സുഹൃത്ത്‌ ഈ ക്ഷേത്രത്തെ പറ്റിയുള്ള ഒരു അറിവ് കൂടി പങ്കുവെച്ചു. കേരളത്തില്‍ ക്ഷേത്രത്തിന്റെ അടുത്തു ബ്രാഹ്മണ കുടുംബങ്ങള്‍ താമസിക്കാത്ത ഒരേ ഒരു ക്ഷേത്രം ഇതാണെന്ന് . പണ്ട് ഇവിടെ താമസിച്ചിരുന്ന ബ്രാഹ്മണര്‍ വളരെ ക്രൂരന്‍മാരും പിശുക്കരും ആയിരുന്നു. ഒരിക്കല്‍ വഴിയാത്രക്കാരനായ ഒരു ഭിക്ഷു രാത്രിയില്‍ എവിടെ എത്തി ചേര്‍ന്നു. അയാള്‍ രാത്രി ചിലവഴിക്കുന്നതിനായി അവിടെയുള്ള എല്ലാ ബ്രാഹ്മണ കുടുംബങ്ങളിലും ചെന്ന് അനുവാദം ചോദിച്ചു. ആരും അത് സമ്മതിക്കുകയോ ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കുകയോ ചെയ്തില്ല. പകരം ഭിക്ഷുവിനെ കളിയാക്കുന്നതിനായി അകലെയുള്ള ഒരു മരം കാണിച്ചു കൊടുക്കുകയും അതിനു താഴെ ഒരു വാരസ്യാര്‍ താമസിക്കുന്നുണ്ട് എന്നും അവര്‍ എല്ലാ സഹായവും ചെയ്തു തരും എന്നും പറഞ്ഞു. അവിടെയെത്തിയ ഭിക്ഷുവിനു കിടക്കാന്‍ ഇടവും താമസിക്കാന്‍ ഭക്ഷണവും കൊടുത്ത സ്ത്രീ, രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും പേടിക്കരുതെന്നും പറഞ്ഞു അവിടെ നിന്നും പോയത്രേ. പിറ്റേന്ന് ഉണര്‍ന്ന ഭിക്ഷു കണ്ടത് അഗ്നിക്കിരയായി നശിച്ചു കിടക്കുന്ന ബ്രാഹ്മണ കുടുംബങ്ങളെ മാത്രമായിരുന്നു. തനിക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത് ദേവിയാണ് എന്ന് തിരിച്ചറിഞ്ഞ ഭിക്ഷു അവിടെ ഒരു ക്ഷേത്രം നിര്‍മിക്കാന്‍ ശ്രമം തുടങ്ങി. അങ്ങിനെ പല തലമുറകള്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി ഇന്ന് കാണുന്ന ദേവി ക്ഷേത്രം ഉണ്ടായി എന്നാണു ചരിത്രം.


പണ്ട് കാലത്ത് ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമായിരുന്നു ഈ ആറാട്ട്‌ നടന്നിരുന്നത് . പക്ഷെ ഇപ്പോള്‍ മഴയുടെ അളവിലെ മാറ്റവും മണ്ണൊലിപ്പും മൂലം ചില വര്‍ഷങ്ങളില്‍ രണ്ടു തവണ ആറാട്ട്‌ ഉണ്ടാകാറുണ്ട്.



കുറെ സമയം കൂടി അവിടെ ചിലവഴിച്ചു ഞങ്ങള്‍ തിരിച്ചു നടന്നു . അപ്പോഴും ആറാട്ടിനെ കുറിച്ചു കേട്ടറിഞ്ഞു ഒരു പാട് ആളുകള്‍ അവിടേക്ക് വരുന്നുണ്ടായിരുന്നു. ആ തിരക്കിനിടയിലൂടെ ലോകത്തിനെ തന്നെ അപൂര്‍വമായ ഒരു കാഴ്ച കൂടി കാട്ടി തന്ന ഈശ്വരന് മനസ്സില്‍ നന്ദിയും പറഞ്ഞു ഞങ്ങള്‍ മടക്ക യാത്ര തുടങ്ങി. അത്രയും നേരം ഞങ്ങളെ നനക്കാതെ കാത്തു നിന്ന മഴ വീണ്ടും പെയ്തു തുടങ്ങിയിരുന്നു. അപ്പോഴും മഴയുടെ ശബ്ദത്തേക്കാള്‍ അവിടത്തെ ഭക്തരുടെ ചുണ്ടില്‍ നിന്നും ഉതിരുന്ന പ്രാര്‍ഥന മാത്രമാണ് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത് ...
ദേവി .... കാത്തു രക്ഷിക്കണേ .......

Sunday, July 17, 2011

പട്ടത്തിപ്പാറ

തൃശ്ശൂര്‍ ജില്ലയില്‍ ആരാലും അറിയപ്പെടാതെ, സര്‍ക്കാരിന്റെ ശ്രദ്ധ എന്നെങ്കിലും പതിഞ്ഞു ഒരു ശാപമോക്ഷം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു കാത്തുകിടക്കുന്ന സ്ഥലങ്ങളായ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങളും , കുഞ്ഞാലി പാറയും പോലെ ഒരു പാട് സുന്ദര സ്ഥലങ്ങള്‍ ഉണ്ട് എന്ന തിരിച്ചറിവില്‍ നിന്നും തുടങ്ങിയ അന്വേഷണമാണ് എന്നെ പട്ടത്തിപ്പാറ വെള്ളച്ചാട്ടങ്ങളില്‍ എത്തിച്ചത് . തൃശൂര്‍ നഗരത്തില്‍ നിന്നും വെറും പന്തണ്ട് കിലോമീറ്റര്‍ അകലത്തില്‍ സുന്ദരമായ വെള്ളച്ചാട്ടങ്ങളും കാടും ഇത്രയും നാള്‍ ആരും അറിയാതെ മറഞ്ഞു കിടക്കുകയായിരുന്നു എന്ന സത്യം വിശ്വസിക്കുവാന്‍ ആ ജില്ലക്കാരനായ എന്റെ മനസ്സ് കൂട്ടാക്കിയില്ല. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി തൃശൂര്‍ ജില്ലക്കാര്‍ മുഴുവന്‍ അറുപതിലേറെ കിലോമീറ്റര്‍ താണ്ടി അതിരപ്പിള്ളി - വാഴച്ചാല്‍ കാണാന്‍ പോകുമ്പോള്‍ ആ സങ്കടം മനസ്സിലൊതുക്കി, ആരോടും പരിഭവമില്ലാതെ ആരാലും അറിയപ്പെടാതെ മറഞ്ഞു കിടന്ന് ഒഴുകുകയാണ് ഈ പട്ടത്തിപ്പാറ വെള്ളച്ചാട്ടങ്ങള്‍ .


തൃശൂര്‍ പട്ടണത്തില്‍ നിന്നും തൃശ്ശൂര്‍ - പാലക്കാട്‌ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍ മണ്ണുത്തി, മുടിക്കോട് എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ ചെബൂത്ര എന്ന സ്ഥലത്ത് എത്താം. അവിടങ്ങളില്‍ വളരെ പ്രശസ്തമായ ചെബൂത്ര അമ്പലത്തിനരുകിലുള്ള റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പട്ടത്തിപ്പാറയിലെത്താം. കാറിലാണ് വരുന്നതെങ്കില്‍ പീച്ചി ഡാമില്‍ നിന്നും വരുന്ന ജലം ഒഴുകികൊണ്ടിരിക്കുന്ന കനാലിന്റെ അരുകില്‍ വണ്ടി പാര്‍ക്ക് ചെയ്തു ഏകദേശം പത്തു നിമിഷം നടന്നാല്‍ ഈ മനോഹര പ്രദേശത്തു എത്തിച്ചേരാം. ബൈക്കില്‍ വരുന്നവര്‍ക്കും, അല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും കാട്ടുവഴികളിലൂടെ വെള്ളച്ചാട്ടത്തിന്റെ അടുത്തു വരെ ബൈക്കില്‍ എത്താന്‍ കഴിയും. മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ പോലെ കാട്ടിലൂടെ ഒരു പാട് ദൂരം നടക്കാതെ ഇവിടം എത്തിച്ചേരാം എന്നത് കൊണ്ട് തന്നെ കുടുംബവുമായി വരുന്നവര്‍ക്ക് എത്തിച്ചേരാന്‍ വളരെ സൌകര്യപ്രദം ആണ് ഈ വഴികളും വെള്ളച്ചാട്ടങ്ങളും.


കൂടെയുള്ളവര്‍ സാഹസികതയെ ഇഷ്ടപ്പെടുന്നവരായത് കൊണ്ട് ഞങള്‍ ബൈക്കിലാണ് പട്ടത്തിപ്പാറയില്‍ എത്തിയത് . അല്‍പ സമയം മാത്രം നീണ്ടു നിന്ന ഒരു യാത്ര ആയിരുന്നു അതെങ്കിലും ഇടുങ്ങിയ കാട്ടു വഴികളിലൂടെ ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ ഇപ്പോള്‍ മറിഞ്ഞു വീഴുമോ എന്ന തോന്നലോടെ ഉള്ള ബൈക്ക് യാത്ര വളരെ രസകരമായിരുന്നു.



ബൈക്ക് നിറുത്തി അല്പം നടക്കുന്നതിനിടയില്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാതില്‍ വന്നലയ്ക്കാന്‍ തുടങ്ങി .പല പല തട്ടുകളിലായി കിടക്കുന്ന വെള്ളച്ചാട്ടങ്ങള്‍ ആണ് ഇവിടത്തെ പ്രത്യേകത. അല്പം നടന്നപ്പോഴേക്കും ആദ്യത്തെ വെള്ളച്ചാട്ടം കണ്ടു. കുറച്ചു ദിവസ്സമായി മഴയില്ലാത്തതിനാല്‍ വെള്ളം കുറവാണെങ്കിലും ഭംഗിയില്‍ ഒട്ടും കുറവില്ലാതെ ഒഴുകുകയാണ് ആ വെള്ളച്ചാട്ടം. അതിനടിയില്‍ ഉല്ലസിച്ചു കുളിക്കുന്ന കുറച്ച് ആളുകളെയും കണ്ടു ഞങള്‍ മുകളിലെ വെള്ളച്ചാട്ടങ്ങളെ തേടി കാട്ടു വഴികളിലൂടെ നടന്നു.



ആ കാട്ടിലെ ശുദ്ധവായുവും ശ്വസിച്ചു, കാടിന്റെ സംഗീതവും കേട്ട് നടന്നു കുറച്ചു നടന്നപ്പോള്‍ തന്നെ പ്രധാന വെള്ളച്ചാട്ടത്തിന്റെ മുകള്‍ നിരപ്പില്‍ എത്തി. നല്ല ഉയരത്തിലായാണ് ഈ വെള്ളച്ചാട്ടം ഒഴുകുന്നത്‌ . പ്രധാനമായും മൂന്നു തട്ടുകളിലായി ഒഴുകുന്ന ഈ വെള്ളച്ചാട്ടങ്ങള്‍ നല്ല മഴക്കാലത്ത് ഒന്നായി തോന്നുകയും അപ്പോള്‍ അതിനു അതിരപ്പിള്ളി വെള്ളച്ചാട്ടത്തെക്കാള്‍ ഉയരം തോന്നുകയും ചെയ്യും .



പക്ഷെ ഈ മൂന്നു വെള്ളച്ചാട്ടങ്ങളെയും ഒരുമിച്ചു കാണാന്‍ കഴിയാത്ത വിധത്തില്‍ വലിയ മരങ്ങളും മുള്ളുകള്‍ നിറഞ്ഞ ചെടികളും വളര്‍ന്നു നില്‍ക്കുകയായതുകൊണ്ട് ആവെള്ളച്ചാട്ടങ്ങളെ അതിന്റെ പൂര്‍ണരൂപത്തില്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും ഒരു നല്ല ഫോട്ടോ കിട്ടിയാലോ എന്നാഗ്രഹത്തോടെ ആ മുള്‍ച്ചെടികള്‍ വകഞ്ഞു മാറ്റി ഞങള്‍ കുറച്ചു നടന്നു നോക്കി .പക്ഷെ വഴി കൂടുതല്‍ ദുര്‍ഗടമാകുകയും ഒരു കൂട്ടുകാരന്‍ മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ അല്‍പനേരം കുടുങ്ങുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ആ ശ്രമം ഉപേക്ഷിച്ചു തിരിച്ചു നടന്നു.


മുകളിലെ വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളിലായി ചില ചെറിയ ഗ്രൂപ്പുകളായി ഇരിക്കുകയും കുളിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടു . എല്ലാവരും ആ നാട്ടുകാര്‍ ആണെന്ന് വസ്ത്രധാരണത്തില്‍ നിന്നും ബോധ്യമായി. പലരും അകത്തും പുറത്തും പൂര്‍ണമായും "വെള്ളത്തില്‍ " ആയിരുന്നു എന്ന് അവരുടെ മുന്‍പിലെ കുപ്പികള്‍ ഞങളെ ഓര്‍മ്മപ്പെടുത്തി. കേരളത്തിലെ ആളുകള്‍ ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം ഈ കാഴ്ചകള്‍ കാണുന്നത് കൊണ്ട് അതില്‍ പുതുമയൊന്നും തോന്നിയില്ല. അവരെ ശല്യപ്പെടുത്താതെ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ആസ്വദിച്ചു നില്‍ക്കുമ്പോള്‍ അവരില്‍ രണ്ടു പേര്‍ അടുത്തു വന്നു. മദ്യം കൊണ്ട് വന്നിട്ടുണ്ടോ എന്ന അവരില്‍ ഒരാളുടെ ചോദ്യത്തിന് ഒരു പുതിയ സ്ഥലം ആസ്വദിക്കാന്‍ വരുമ്പോള്‍ മദ്യപിക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ കൊണ്ട് വന്നില്ല എന്ന മറുപടി നല്‍കിയപ്പോള്‍ അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു തന്നു.



ഇവിടെ ആ നാട്ടുകാരല്ലാത്ത ആളുകള്‍ വളരെ കുറച്ചെ വരാറുള്ളൂ എന്നും, പുറത്തു നിന്നും വരുന്ന ആളുകള്‍ ഇവിടെ മദ്യം കൊണ്ട് വരുന്നതിനോ കഴിക്കുന്നതിനോ ഒരു വിരോധം ഇല്ലെന്നും , അത് കഴിഞ്ഞാന്‍ ഒഴിഞ്ഞ കുപ്പികള്‍ അവിടെ ഇട്ടു പോകരുതെന്നും ഒപ്പം തിരിച്ചു കൊണ്ട് പോകണം എന്ന് പറയാനാണ് അവര്‍ വന്നതെന്നും പറഞ്ഞു. ഇനി അതിനും ബുദ്ധിമുട്ടാണെങ്കില്‍ ചില സ്ഥലങ്ങളില്‍ അവശിഷ്ടങ്ങള്‍ ഇടാനായി ചാക്കുകള്‍ വെച്ചിട്ടുണ്ട് എന്നും അതിലെങ്കിലും ഇട്ടിട്ടു പോകണം എന്ന മദ്യപിച്ച ആ നാട്ടുകാരന്റെ വാക്കുകള്‍ അതിശയത്തോടെയും ആദരവോടെയും ആണ് കേട്ടത് . ആ കാടിനേയും ആ വെള്ളചാട്ടത്തെയും ആ പരിസരങ്ങളെയും ഇത്രയും മനോഹരമായും സൂക്ഷിക്കാന്‍ അവര്‍ കാണിക്കുന്ന താല്പര്യം മറ്റു പല യാത്രകളില്‍ ഒരിടത്ത് നിന്നും അനുഭവിച്ചിട്ടില്ലാത്ത തരത്തില്‍ വേറിട്ട ഒരു അനുഭവമായി. വെള്ളം കുറവായി തോന്നുമെങ്കിലും പാറപ്പുറങ്ങളില്‍ നിറയെ വഴുക്കലാണ് എന്നും സൂക്ഷിച്ചു നടന്നില്ലെങ്കില്‍ അപകടം സംഭവിക്കുമെന്നും എന്ന ഒരു മുന്‍കരുതല്‍ കൂടി അവര്‍ പറഞ്ഞു തന്നു.



ആ വെള്ളച്ചാട്ടങ്ങള്‍ക്ക് പട്ടത്തിപ്പാറ എന്ന് പേര് വരാനുണ്ടായ കാരണവും അവരില്‍ നിന്നറിഞ്ഞു . "പട്ടത്തി" എന്ന് പറഞ്ഞാല്‍ ബ്രാഹ്മണസ്ത്രീ എന്നാണ് അര്‍ഥം. തൃശ്ശൂരില്‍ ബ്രാഹ്മണന്‍മാരെ സാധാരണ പട്ടന്മാര്‍ എന്നാണു വിളിക്കാറ് . ആ നാട്ടിന്‍ പുറത്തെ സ്ത്രീകള്‍ അടുക്കളയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി വിറകു ഒടിക്കാന്‍ വേണ്ടി കാട്ടിലേക്ക് പോകുമായിരുന്നത്രേ. ഉന്നത കുലജാതയായ ഈ പട്ടത്തി ഒരിക്കല്‍ അത്രക്കും അത്യാവശ്യം വന്നപ്പോള്‍ ആദ്യമായി വേറെ ആരെയും കൂട്ടാതെ ഒറ്റയ്ക്ക് കാട്ടിലേക്ക് പോയി. വിറകു ഒടിച്ചു മടങ്ങി വരുന്നതിനിടയില്‍ കാല്‍ തെറ്റി ഈ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. അവിടെ സംഭവിച്ച ആദ്യത്തെ അപകടമരണം കൂടിയായിരുന്നു അത് . അങ്ങിനെയാണ് ഈ കാടും വെള്ളച്ചാട്ടങ്ങളും പട്ടത്തിപ്പാറ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.



വസ്ത്രങ്ങള്‍ മാറി രണ്ടാമത്തെ വെള്ളച്ചാട്ടത്തിനടിയില്‍ കുറെ നേരം കൂട്ടുകാരോടൊത്ത് കുളിച്ചു. നല്ല തണുപ്പായിരുന്നു കാട്ടിലെ ആ വെള്ളത്തിന്, ഒപ്പം മനസ്സിലെയും ശരീരത്തിലെയും എല്ലാ അഴുക്കിനെയും കഴുകിക്കളയാനുള്ള കരുത്തും. അത്രയും സമയം ഞങ്ങള്‍ക്ക് വേണ്ടി പെയ്യാതെ മാറി നിന്ന മഴയും ഞങ്ങളോടൊപ്പം കുളിക്കാനെത്തി. ക്യാമറയും വസ്ത്രങ്ങളും ബാഗിനകത്താക്കി വെച്ച ശേഷം ആ മഴയില്‍ , വെള്ളത്തിനടിയില്‍ എല്ലാം മറന്നു വീണ്ടും കിടന്നു. ജോലിയും വീടും മറ്റു ചിന്തകളും ഇല്ലാതെ മനസ്സ് ഏതോ ഒരു പുതിയ ലോകത്തില്‍ എത്തിയ പോലെ തോന്നി.



കാടിന്റെ ഉള്ളറകളിലേക്ക് കുറച്ചു നടന്നു നോക്കണമെന്ന് ആഗ്രഹം തോന്നിയെങ്കിലും വഴി ഏതെന്നു പോലും അറിയാതെ അടഞ്ഞു കിടക്കുകയായിരുന്നതിനാല്‍ ഞങ്ങള്‍ അത് ഒഴിവാക്കി പട്ടത്തിപ്പാറയോടും അല്പം മുന്‍പ് കിട്ടിയ ആ നല്ല സൌഹൃതങ്ങളോടും യാത്ര പറഞ്ഞു മടക്കയാത്ര ആരംഭിച്ചു. ഞങ്ങളുടെ മറ്റു യാത്രകളെക്കുറിച്ചു അവരോടു പറഞ്ഞപ്പോള്‍ , അവിടെ നിന്നും പത്തു കിലോമീറ്റര്‍ മാത്രം അകലത്തില്‍ കിടക്കുന്ന പീച്ചി ഡാമിനപ്പുറത്തെ കാട്ടില്‍ മാമ്പാറ എന്ന അതിമനോഹരമായ വെള്ളച്ചാട്ടം ഉണ്ട് എന്നും, പൊതു ജനങ്ങള്‍ക്ക്‌ പ്രവേശനം ഇല്ലാത്ത കാട്ടിനകത്തെ ആ വെള്ളച്ചാട്ടം കാണാന്‍ രഹസ്യമായി ഒരവസരം ഉണ്ടാക്കിത്തരാമെന്നും ഉള്ള ഉറപ്പും അവര്‍ ഞങ്ങള്‍ക്കായി തന്നിരുന്നു.


ആ കാട്ടു വഴികളിലൂടെ സുഹൃത്തിനെയും പുറകിലിരുത്തി ബൈക്ക് ഓടിച്ചു പോകുമ്പോള്‍ ചിന്തകള്‍ ആകെ മാറിയിരുന്നു. ഈ പട്ടത്തിപ്പാറയെ അധികമാരും അറിയാതിരിക്കുന്നതല്ലേ നല്ലത് എന്ന അസൂയ നിറഞ്ഞ ചിന്ത മനസ്സില്‍ നിറഞ്ഞു. ഒരു പാട് പേര്‍ വന്നാല്‍ ഇത്രയും നല്ല സ്ഥലം സ്വന്തം നാട്ടുകാക്ക് അന്യമായി പോകില്ലേ ? നാട്ടുകാര്‍ അവരുടെ സ്വന്തമായി സൂക്ഷിക്കുന്ന ഇവിടങ്ങളിലേക്ക്‌ ടിക്കറ്റ്‌ എടുത്തു കടന്നു ചെല്ലാന്‍ പട്ടത്തിപ്പാറയെ ഇത്രയും സ്നേഹിക്കുന്ന അവര്‍ക്കാവില്ലല്ലോ ?


വേണ്ട നിങ്ങള്‍ ആരും ഇവിടെ വരണ്ടാ ... ഇത്തരം യാത്രകളും സൌഹൃദങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി കാണുന്ന ഞങ്ങളെ പോലെയുള്ളവര്‍ക്ക് ഈ നാട്ടുകാരോടൊപ്പം ചേര്‍ന്ന് അഭിമാനത്തോടെ പറയാമല്ലോ .... പട്ടത്തിപ്പാറ ഞങളുടെ മാത്രം സ്വന്തമാണെന്ന് ....


ഈ യാത്ര മാതൃഭുമിയുടെ യാത്ര മാഗസിന്റെ ഓഗസ്റ്റ്‌ ലക്കത്തില്‍ വായിക്കാം .....