Sunday, August 21, 2011

താണിക്കുടം ആറാട്ട്‌

ആഗസ്റ്റ്‌ മാസത്തിലെ ഒന്നാമത്തെ ഞായറാഴ്ച , അവധി ദിവസ്സമായതിനാല്‍ സുഖമായി കിടന്നുറങ്ങുന്ന എന്നെ വിളിച്ചുണര്‍ത്തിയത് തൃശ്ശൂരിലെ ഒരു സുഹൃത്തിന്റെ ഫോണ്‍ വിളിയാണ് . വീടിനടുത്തുള്ള അമ്പലത്തിലെ ആറാട്ടാണ് ഇന്ന് എന്നും എന്തായാലും വരണം എന്നുമുള്ള അവന്റെ സംസാരം കേട്ടപ്പോള്‍ ആദ്യം ദേഷ്യമാണ് തോന്നിയത് . അമ്പലത്തിലെ ആറാട്ടിന് ആ ദിവസം അതിരാവിലെയാണോ വിളിക്കുന്നത്‌ എന്ന് പരാതി പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു " ദേവിയും പ്രകൃതിയും തീരുമാനിക്കുന്ന അന്നാണ് ഞങളുടെ നാട്ടിലെ അമ്പലത്തിലെ ആറാട്ട്‌. ഇന്നാണ് ആ ദിവസം. എന്തായാലും വരണം. ഒരിക്കലും ഈ യാത്ര നഷ്ടമായി തോന്നില്ല എന്ന് ഞാന്‍ ഉറപ്പു തരാം ". അവന്‍ കൂടുതലൊന്നും പറയാതെ ഫോണ്‍ വെച്ചു .



അങ്ങിനെയാണ് ഞാന്‍ ഈ ചെറിയ യാത്ര തുടങ്ങിയത് . സുഹൃത്തിന്റെ വാക്കുകളില്‍ നിന്നും എനിക്ക് കാണാനായി എന്തോ ഒരു നല്ല കാഴ്ച കാത്തിരിക്കുന്നുണ്ട് എന്ന് മനസ്സിലായി . അതെന്തായിരിക്കും എന്ന ചിന്തയോടെ എറണാകുളത്തു നിന്നും തൃശൂര്‍ വരെ എത്തി. തൃശൂരില്‍ നിന്നും എനിക്കായി കാത്തിരിക്കുന്ന സുഹൃത്തിനെയും കൂട്ടി ഞങള്‍ യാത്ര തുടങ്ങി ... ഇത് വരെ കാണാത്ത ഒരു പുതിയ കാഴ്ചയും തേടി .



തൃശൂര്‍ നഗരത്തില്‍ നിന്നും ചെമ്പുക്കാവ് - പെരിങ്ങാവ് - ചേറൂര്‍ വഴിയാണ് ഞങ്ങള്‍ താണിക്കുടം എന്ന സ്ഥലത്തു എത്തിച്ചേര്‍ന്നത്. അവിടെ എത്തുന്നതിനു മുന്‍പേ റോഡിനരുകിലൂടെ നനഞ്ഞ വസ്ത്രങ്ങളുമായി നടന്നു പോകുന്ന ആളുകളെ കണ്ടപ്പോള്‍ തന്നെ മുന്‍പ് പത്രത്തില്‍ വായിച്ചിട്ടുള്ള ആ അപൂര്‍വമായ ആറാട്ടിനെകുറിച്ചു ഓര്‍മ്മ വന്നു.


തൃശ്ശൂര്‍ ജില്ലയിലെ താണിക്കുടം എന്ന സ്ഥലത്തെ ദേവി ക്ഷേത്രത്തിലാണ് ഈ അപൂര്‍വമായ ആറാട്ട്‌ നടക്കുന്നത് . ശക്തമായി മഴ പെയ്തു ദേവി ക്ഷേത്രത്തിനടുത്തുള്ള പുഴയില്‍ വെള്ളം കയറുകയും, ആ നിറഞ്ഞു കവിയുന്ന വെള്ളം ക്ഷേത്രത്തില്‍ കടന്നു ദേവിയുടെ വിഗ്രഹത്തെ വെള്ളത്തില്‍ മുക്കുകയും ചെയ്യുന്ന ദിവസ്സമാണ്‌ അമ്പലത്തിലെ ആറാട്ട്‌ ആഘോഷിക്കുക. അന്നത്തെ ദിവസം ആ നാടിലെ വിശ്വാസികളെല്ലാം നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴവെള്ളത്തിലൂടെ നടന്നു വന്നു , അമ്പലത്തിലെ ദേവിയുടെ മുന്‍പില്‍ കഴുത്തോളം നിറഞ്ഞ വെള്ളത്തില്‍ മുങ്ങി നിന്ന് ദേവിയോട് അനുഗ്രഹത്തിനായി പ്രാര്‍ഥിക്കും.


ആറാട്ടില്‍ പങ്കെടുക്കാന്‍ വന്നുപോകുന്ന ആളുകളെ കൊണ്ട് ശ്വാസം മുട്ടി നില്‍ക്കുന്ന നാട്ടിന്‍ പുറത്തെ റോഡരുകില്‍ വണ്ടിയും പാര്‍ക്ക് ചെയ്തു ഞങ്ങളും അമ്പലത്തിനരുകിലേക്ക് നടന്നു . അല്പം നടന്നപ്പോള്‍ തന്നെ പുഴയേത് കരയേത് എന്നറിയാന്‍ കഴിയാത്ത തരത്തില്‍ വെള്ളം നിറഞ്ഞൊഴുകുന്ന അമ്പലമുറ്റത്തെത്തി. ആളുകള്‍ എല്ലാം ദേവിയെയും വിളിച്ചുകൊണ്ടു ആ വെള്ളത്തിലൂടെ നടക്കുകയാണ് . ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ആ കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് പുഴപോലെ നിറഞ്ഞൊഴുകുന്ന ഭക്തി മാത്രം ഞാന്‍ കണ്ടു. കാല്‍മുട്ട് വരെ നിറഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ ഞങ്ങള്‍ വളരെ ശ്രദ്ധിച്ചാണ് നടന്നിരുന്നത് . ഒന്ന് കാലു തെറ്റിയാല്‍ കയ്യിലെ ക്യാമറ പിന്നെ ഒന്നിനും കൊള്ളാതാകും എന്ന ഭയമായിരുന്നു മനസ്സില്‍ . ഒരു കണക്കിന് ആ ഒഴുക്ക് വെള്ളത്തിലൂടെ നടന്ന് പ്രധാന അമ്പലത്തിലെ വാതിലിനരുകില്‍ വരെ എത്തി .


അമ്പലത്തിനുള്ളില്‍ കഴുത്തൊപ്പം വെള്ളത്തില്‍ നിന്ന് കുറെ പേര്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. ചിലര്‍ അമ്പലത്തിനു ചുറ്റും നീന്തിനടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചെറിയ കുട്ടികളെയും കൊണ്ട് വന്നു ആ പുഴയിലെ കലങ്ങി മറഞ്ഞ വെള്ളത്തില്‍ മുങ്ങി നിവരുന്ന ആളുകളെ അത്ഭുതത്തോടെ കുറെ നേരം കണ്ടു നിന്നു.അവിടെ ആ വെള്ളത്തില്‍ മുങ്ങി നിവരാത്തവര്‍ ഞങ്ങള്‍ രണ്ടു പേരും ആയിരുന്നു. സുഹൃത്ത് അതിരാവിലെ വന്നു ഒരു തവണ വെള്ളത്തില്‍ മുങ്ങി നിന്നു പ്രാര്‍ഥിച്ചതുകൊണ്ടും, ഞാന്‍ നമ്മള്‍ നല്ല പ്രവര്‍ത്തികള്‍ ചെയ്‌താല്‍ ഭഗവാന്‍ മനുഷ്യന്റെ രൂപത്തില്‍ മുന്‍പില്‍ വരും എന്ന് വിശ്വസിക്കുന്നത് കൊണ്ടും വെറും കാണികള്‍ മാത്രമായി മാറി.



സാധാരണ കേരളത്തിനെ പല അമ്പലങ്ങളിലും പ്രതിഷ്ടയെ പുഴയിലോ കുളങ്ങളിലോ കൊണ്ട് പോയി 'ആറാട്ട് 'നടത്തുന്ന പതിവുണ്ട് . പക്ഷെ ഇവിടെ മാത്രം പ്രകൃതി ദേവിയെ തേടിയെത്തുകയാണ് ആറാട്ട് നടത്താനായി. ഇവിടെയല്ലാതെ ഇന്ത്യയില്‍ ഒരിടത്തും ‍ ഇത്തരം ഒരു ആറാട്ട്‌ നടക്കുന്നതായി ഇതുവരെ കേട്ടിട്ടില്ല. മറ്റൊരു പ്രത്യേകത കൂടി ഈ അമ്പലത്തിനുണ്ട് . എല്ലാ അമ്പലങ്ങളിലും ശ്രീകോവില്‍ പണിതു അതിനുള്ളില്‍ മഴയും വെയിലും കൊള്ളാതെയാണ് സാധാരണ പ്രതിഷ്ഠകള്‍ സ്ഥാപിക്കാറുള്ളത്, പക്ഷെ ഇവിടെ മേല്കൂരയില്ലത്ത ശ്രീകോവിലിലാണ് ഭഗവതിയുടെ പ്രതിഷ്ഠ വെച്ചിരിക്കുന്നത്.



കുറച്ചു കുട്ടികള്‍ പുഴയിലൂടെ നീന്തി അതിലൂടെ ഒഴുകി വരുന്ന നാളികേരങ്ങളും മരങ്ങളുടെ അവശിഷ്ടങ്ങളും കരക്കടുപ്പിക്കുന്നത് കണ്ടു. ഈ നാളികേരങ്ങളും വിറകുകളും അവര്‍ ദേവിക്ക് സമര്‍പ്പിക്കും. നല്ല ഒഴുക്കുള്ള പുഴയിലൂടെ സാഹസികമായി നടത്തുന്ന ഈ പ്രകടനം ആരിലും ഒരു ഭയപ്പാട് ഉണ്ടാക്കിയതായി കണ്ടില്ല. ഒരു പക്ഷെ അവരെ ദേവി കാത്തുകൊള്ളും എന്ന വിശ്വാസമാകാം കാരണം.



ഈ കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ സുഹൃത്ത്‌ ഈ ക്ഷേത്രത്തെ പറ്റിയുള്ള ഒരു അറിവ് കൂടി പങ്കുവെച്ചു. കേരളത്തില്‍ ക്ഷേത്രത്തിന്റെ അടുത്തു ബ്രാഹ്മണ കുടുംബങ്ങള്‍ താമസിക്കാത്ത ഒരേ ഒരു ക്ഷേത്രം ഇതാണെന്ന് . പണ്ട് ഇവിടെ താമസിച്ചിരുന്ന ബ്രാഹ്മണര്‍ വളരെ ക്രൂരന്‍മാരും പിശുക്കരും ആയിരുന്നു. ഒരിക്കല്‍ വഴിയാത്രക്കാരനായ ഒരു ഭിക്ഷു രാത്രിയില്‍ എവിടെ എത്തി ചേര്‍ന്നു. അയാള്‍ രാത്രി ചിലവഴിക്കുന്നതിനായി അവിടെയുള്ള എല്ലാ ബ്രാഹ്മണ കുടുംബങ്ങളിലും ചെന്ന് അനുവാദം ചോദിച്ചു. ആരും അത് സമ്മതിക്കുകയോ ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കുകയോ ചെയ്തില്ല. പകരം ഭിക്ഷുവിനെ കളിയാക്കുന്നതിനായി അകലെയുള്ള ഒരു മരം കാണിച്ചു കൊടുക്കുകയും അതിനു താഴെ ഒരു വാരസ്യാര്‍ താമസിക്കുന്നുണ്ട് എന്നും അവര്‍ എല്ലാ സഹായവും ചെയ്തു തരും എന്നും പറഞ്ഞു. അവിടെയെത്തിയ ഭിക്ഷുവിനു കിടക്കാന്‍ ഇടവും താമസിക്കാന്‍ ഭക്ഷണവും കൊടുത്ത സ്ത്രീ, രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും പേടിക്കരുതെന്നും പറഞ്ഞു അവിടെ നിന്നും പോയത്രേ. പിറ്റേന്ന് ഉണര്‍ന്ന ഭിക്ഷു കണ്ടത് അഗ്നിക്കിരയായി നശിച്ചു കിടക്കുന്ന ബ്രാഹ്മണ കുടുംബങ്ങളെ മാത്രമായിരുന്നു. തനിക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത് ദേവിയാണ് എന്ന് തിരിച്ചറിഞ്ഞ ഭിക്ഷു അവിടെ ഒരു ക്ഷേത്രം നിര്‍മിക്കാന്‍ ശ്രമം തുടങ്ങി. അങ്ങിനെ പല തലമുറകള്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി ഇന്ന് കാണുന്ന ദേവി ക്ഷേത്രം ഉണ്ടായി എന്നാണു ചരിത്രം.


പണ്ട് കാലത്ത് ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമായിരുന്നു ഈ ആറാട്ട്‌ നടന്നിരുന്നത് . പക്ഷെ ഇപ്പോള്‍ മഴയുടെ അളവിലെ മാറ്റവും മണ്ണൊലിപ്പും മൂലം ചില വര്‍ഷങ്ങളില്‍ രണ്ടു തവണ ആറാട്ട്‌ ഉണ്ടാകാറുണ്ട്.



കുറെ സമയം കൂടി അവിടെ ചിലവഴിച്ചു ഞങ്ങള്‍ തിരിച്ചു നടന്നു . അപ്പോഴും ആറാട്ടിനെ കുറിച്ചു കേട്ടറിഞ്ഞു ഒരു പാട് ആളുകള്‍ അവിടേക്ക് വരുന്നുണ്ടായിരുന്നു. ആ തിരക്കിനിടയിലൂടെ ലോകത്തിനെ തന്നെ അപൂര്‍വമായ ഒരു കാഴ്ച കൂടി കാട്ടി തന്ന ഈശ്വരന് മനസ്സില്‍ നന്ദിയും പറഞ്ഞു ഞങ്ങള്‍ മടക്ക യാത്ര തുടങ്ങി. അത്രയും നേരം ഞങ്ങളെ നനക്കാതെ കാത്തു നിന്ന മഴ വീണ്ടും പെയ്തു തുടങ്ങിയിരുന്നു. അപ്പോഴും മഴയുടെ ശബ്ദത്തേക്കാള്‍ അവിടത്തെ ഭക്തരുടെ ചുണ്ടില്‍ നിന്നും ഉതിരുന്ന പ്രാര്‍ഥന മാത്രമാണ് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത് ...
ദേവി .... കാത്തു രക്ഷിക്കണേ .......

Sunday, July 17, 2011

പട്ടത്തിപ്പാറ

തൃശ്ശൂര്‍ ജില്ലയില്‍ ആരാലും അറിയപ്പെടാതെ, സര്‍ക്കാരിന്റെ ശ്രദ്ധ എന്നെങ്കിലും പതിഞ്ഞു ഒരു ശാപമോക്ഷം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു കാത്തുകിടക്കുന്ന സ്ഥലങ്ങളായ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങളും , കുഞ്ഞാലി പാറയും പോലെ ഒരു പാട് സുന്ദര സ്ഥലങ്ങള്‍ ഉണ്ട് എന്ന തിരിച്ചറിവില്‍ നിന്നും തുടങ്ങിയ അന്വേഷണമാണ് എന്നെ പട്ടത്തിപ്പാറ വെള്ളച്ചാട്ടങ്ങളില്‍ എത്തിച്ചത് . തൃശൂര്‍ നഗരത്തില്‍ നിന്നും വെറും പന്തണ്ട് കിലോമീറ്റര്‍ അകലത്തില്‍ സുന്ദരമായ വെള്ളച്ചാട്ടങ്ങളും കാടും ഇത്രയും നാള്‍ ആരും അറിയാതെ മറഞ്ഞു കിടക്കുകയായിരുന്നു എന്ന സത്യം വിശ്വസിക്കുവാന്‍ ആ ജില്ലക്കാരനായ എന്റെ മനസ്സ് കൂട്ടാക്കിയില്ല. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി തൃശൂര്‍ ജില്ലക്കാര്‍ മുഴുവന്‍ അറുപതിലേറെ കിലോമീറ്റര്‍ താണ്ടി അതിരപ്പിള്ളി - വാഴച്ചാല്‍ കാണാന്‍ പോകുമ്പോള്‍ ആ സങ്കടം മനസ്സിലൊതുക്കി, ആരോടും പരിഭവമില്ലാതെ ആരാലും അറിയപ്പെടാതെ മറഞ്ഞു കിടന്ന് ഒഴുകുകയാണ് ഈ പട്ടത്തിപ്പാറ വെള്ളച്ചാട്ടങ്ങള്‍ .


തൃശൂര്‍ പട്ടണത്തില്‍ നിന്നും തൃശ്ശൂര്‍ - പാലക്കാട്‌ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍ മണ്ണുത്തി, മുടിക്കോട് എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ ചെബൂത്ര എന്ന സ്ഥലത്ത് എത്താം. അവിടങ്ങളില്‍ വളരെ പ്രശസ്തമായ ചെബൂത്ര അമ്പലത്തിനരുകിലുള്ള റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പട്ടത്തിപ്പാറയിലെത്താം. കാറിലാണ് വരുന്നതെങ്കില്‍ പീച്ചി ഡാമില്‍ നിന്നും വരുന്ന ജലം ഒഴുകികൊണ്ടിരിക്കുന്ന കനാലിന്റെ അരുകില്‍ വണ്ടി പാര്‍ക്ക് ചെയ്തു ഏകദേശം പത്തു നിമിഷം നടന്നാല്‍ ഈ മനോഹര പ്രദേശത്തു എത്തിച്ചേരാം. ബൈക്കില്‍ വരുന്നവര്‍ക്കും, അല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും കാട്ടുവഴികളിലൂടെ വെള്ളച്ചാട്ടത്തിന്റെ അടുത്തു വരെ ബൈക്കില്‍ എത്താന്‍ കഴിയും. മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ പോലെ കാട്ടിലൂടെ ഒരു പാട് ദൂരം നടക്കാതെ ഇവിടം എത്തിച്ചേരാം എന്നത് കൊണ്ട് തന്നെ കുടുംബവുമായി വരുന്നവര്‍ക്ക് എത്തിച്ചേരാന്‍ വളരെ സൌകര്യപ്രദം ആണ് ഈ വഴികളും വെള്ളച്ചാട്ടങ്ങളും.


കൂടെയുള്ളവര്‍ സാഹസികതയെ ഇഷ്ടപ്പെടുന്നവരായത് കൊണ്ട് ഞങള്‍ ബൈക്കിലാണ് പട്ടത്തിപ്പാറയില്‍ എത്തിയത് . അല്‍പ സമയം മാത്രം നീണ്ടു നിന്ന ഒരു യാത്ര ആയിരുന്നു അതെങ്കിലും ഇടുങ്ങിയ കാട്ടു വഴികളിലൂടെ ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ ഇപ്പോള്‍ മറിഞ്ഞു വീഴുമോ എന്ന തോന്നലോടെ ഉള്ള ബൈക്ക് യാത്ര വളരെ രസകരമായിരുന്നു.



ബൈക്ക് നിറുത്തി അല്പം നടക്കുന്നതിനിടയില്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാതില്‍ വന്നലയ്ക്കാന്‍ തുടങ്ങി .പല പല തട്ടുകളിലായി കിടക്കുന്ന വെള്ളച്ചാട്ടങ്ങള്‍ ആണ് ഇവിടത്തെ പ്രത്യേകത. അല്പം നടന്നപ്പോഴേക്കും ആദ്യത്തെ വെള്ളച്ചാട്ടം കണ്ടു. കുറച്ചു ദിവസ്സമായി മഴയില്ലാത്തതിനാല്‍ വെള്ളം കുറവാണെങ്കിലും ഭംഗിയില്‍ ഒട്ടും കുറവില്ലാതെ ഒഴുകുകയാണ് ആ വെള്ളച്ചാട്ടം. അതിനടിയില്‍ ഉല്ലസിച്ചു കുളിക്കുന്ന കുറച്ച് ആളുകളെയും കണ്ടു ഞങള്‍ മുകളിലെ വെള്ളച്ചാട്ടങ്ങളെ തേടി കാട്ടു വഴികളിലൂടെ നടന്നു.



ആ കാട്ടിലെ ശുദ്ധവായുവും ശ്വസിച്ചു, കാടിന്റെ സംഗീതവും കേട്ട് നടന്നു കുറച്ചു നടന്നപ്പോള്‍ തന്നെ പ്രധാന വെള്ളച്ചാട്ടത്തിന്റെ മുകള്‍ നിരപ്പില്‍ എത്തി. നല്ല ഉയരത്തിലായാണ് ഈ വെള്ളച്ചാട്ടം ഒഴുകുന്നത്‌ . പ്രധാനമായും മൂന്നു തട്ടുകളിലായി ഒഴുകുന്ന ഈ വെള്ളച്ചാട്ടങ്ങള്‍ നല്ല മഴക്കാലത്ത് ഒന്നായി തോന്നുകയും അപ്പോള്‍ അതിനു അതിരപ്പിള്ളി വെള്ളച്ചാട്ടത്തെക്കാള്‍ ഉയരം തോന്നുകയും ചെയ്യും .



പക്ഷെ ഈ മൂന്നു വെള്ളച്ചാട്ടങ്ങളെയും ഒരുമിച്ചു കാണാന്‍ കഴിയാത്ത വിധത്തില്‍ വലിയ മരങ്ങളും മുള്ളുകള്‍ നിറഞ്ഞ ചെടികളും വളര്‍ന്നു നില്‍ക്കുകയായതുകൊണ്ട് ആവെള്ളച്ചാട്ടങ്ങളെ അതിന്റെ പൂര്‍ണരൂപത്തില്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും ഒരു നല്ല ഫോട്ടോ കിട്ടിയാലോ എന്നാഗ്രഹത്തോടെ ആ മുള്‍ച്ചെടികള്‍ വകഞ്ഞു മാറ്റി ഞങള്‍ കുറച്ചു നടന്നു നോക്കി .പക്ഷെ വഴി കൂടുതല്‍ ദുര്‍ഗടമാകുകയും ഒരു കൂട്ടുകാരന്‍ മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ അല്‍പനേരം കുടുങ്ങുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ആ ശ്രമം ഉപേക്ഷിച്ചു തിരിച്ചു നടന്നു.


മുകളിലെ വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളിലായി ചില ചെറിയ ഗ്രൂപ്പുകളായി ഇരിക്കുകയും കുളിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടു . എല്ലാവരും ആ നാട്ടുകാര്‍ ആണെന്ന് വസ്ത്രധാരണത്തില്‍ നിന്നും ബോധ്യമായി. പലരും അകത്തും പുറത്തും പൂര്‍ണമായും "വെള്ളത്തില്‍ " ആയിരുന്നു എന്ന് അവരുടെ മുന്‍പിലെ കുപ്പികള്‍ ഞങളെ ഓര്‍മ്മപ്പെടുത്തി. കേരളത്തിലെ ആളുകള്‍ ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം ഈ കാഴ്ചകള്‍ കാണുന്നത് കൊണ്ട് അതില്‍ പുതുമയൊന്നും തോന്നിയില്ല. അവരെ ശല്യപ്പെടുത്താതെ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ആസ്വദിച്ചു നില്‍ക്കുമ്പോള്‍ അവരില്‍ രണ്ടു പേര്‍ അടുത്തു വന്നു. മദ്യം കൊണ്ട് വന്നിട്ടുണ്ടോ എന്ന അവരില്‍ ഒരാളുടെ ചോദ്യത്തിന് ഒരു പുതിയ സ്ഥലം ആസ്വദിക്കാന്‍ വരുമ്പോള്‍ മദ്യപിക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ കൊണ്ട് വന്നില്ല എന്ന മറുപടി നല്‍കിയപ്പോള്‍ അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു തന്നു.



ഇവിടെ ആ നാട്ടുകാരല്ലാത്ത ആളുകള്‍ വളരെ കുറച്ചെ വരാറുള്ളൂ എന്നും, പുറത്തു നിന്നും വരുന്ന ആളുകള്‍ ഇവിടെ മദ്യം കൊണ്ട് വരുന്നതിനോ കഴിക്കുന്നതിനോ ഒരു വിരോധം ഇല്ലെന്നും , അത് കഴിഞ്ഞാന്‍ ഒഴിഞ്ഞ കുപ്പികള്‍ അവിടെ ഇട്ടു പോകരുതെന്നും ഒപ്പം തിരിച്ചു കൊണ്ട് പോകണം എന്ന് പറയാനാണ് അവര്‍ വന്നതെന്നും പറഞ്ഞു. ഇനി അതിനും ബുദ്ധിമുട്ടാണെങ്കില്‍ ചില സ്ഥലങ്ങളില്‍ അവശിഷ്ടങ്ങള്‍ ഇടാനായി ചാക്കുകള്‍ വെച്ചിട്ടുണ്ട് എന്നും അതിലെങ്കിലും ഇട്ടിട്ടു പോകണം എന്ന മദ്യപിച്ച ആ നാട്ടുകാരന്റെ വാക്കുകള്‍ അതിശയത്തോടെയും ആദരവോടെയും ആണ് കേട്ടത് . ആ കാടിനേയും ആ വെള്ളചാട്ടത്തെയും ആ പരിസരങ്ങളെയും ഇത്രയും മനോഹരമായും സൂക്ഷിക്കാന്‍ അവര്‍ കാണിക്കുന്ന താല്പര്യം മറ്റു പല യാത്രകളില്‍ ഒരിടത്ത് നിന്നും അനുഭവിച്ചിട്ടില്ലാത്ത തരത്തില്‍ വേറിട്ട ഒരു അനുഭവമായി. വെള്ളം കുറവായി തോന്നുമെങ്കിലും പാറപ്പുറങ്ങളില്‍ നിറയെ വഴുക്കലാണ് എന്നും സൂക്ഷിച്ചു നടന്നില്ലെങ്കില്‍ അപകടം സംഭവിക്കുമെന്നും എന്ന ഒരു മുന്‍കരുതല്‍ കൂടി അവര്‍ പറഞ്ഞു തന്നു.



ആ വെള്ളച്ചാട്ടങ്ങള്‍ക്ക് പട്ടത്തിപ്പാറ എന്ന് പേര് വരാനുണ്ടായ കാരണവും അവരില്‍ നിന്നറിഞ്ഞു . "പട്ടത്തി" എന്ന് പറഞ്ഞാല്‍ ബ്രാഹ്മണസ്ത്രീ എന്നാണ് അര്‍ഥം. തൃശ്ശൂരില്‍ ബ്രാഹ്മണന്‍മാരെ സാധാരണ പട്ടന്മാര്‍ എന്നാണു വിളിക്കാറ് . ആ നാട്ടിന്‍ പുറത്തെ സ്ത്രീകള്‍ അടുക്കളയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി വിറകു ഒടിക്കാന്‍ വേണ്ടി കാട്ടിലേക്ക് പോകുമായിരുന്നത്രേ. ഉന്നത കുലജാതയായ ഈ പട്ടത്തി ഒരിക്കല്‍ അത്രക്കും അത്യാവശ്യം വന്നപ്പോള്‍ ആദ്യമായി വേറെ ആരെയും കൂട്ടാതെ ഒറ്റയ്ക്ക് കാട്ടിലേക്ക് പോയി. വിറകു ഒടിച്ചു മടങ്ങി വരുന്നതിനിടയില്‍ കാല്‍ തെറ്റി ഈ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. അവിടെ സംഭവിച്ച ആദ്യത്തെ അപകടമരണം കൂടിയായിരുന്നു അത് . അങ്ങിനെയാണ് ഈ കാടും വെള്ളച്ചാട്ടങ്ങളും പട്ടത്തിപ്പാറ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.



വസ്ത്രങ്ങള്‍ മാറി രണ്ടാമത്തെ വെള്ളച്ചാട്ടത്തിനടിയില്‍ കുറെ നേരം കൂട്ടുകാരോടൊത്ത് കുളിച്ചു. നല്ല തണുപ്പായിരുന്നു കാട്ടിലെ ആ വെള്ളത്തിന്, ഒപ്പം മനസ്സിലെയും ശരീരത്തിലെയും എല്ലാ അഴുക്കിനെയും കഴുകിക്കളയാനുള്ള കരുത്തും. അത്രയും സമയം ഞങ്ങള്‍ക്ക് വേണ്ടി പെയ്യാതെ മാറി നിന്ന മഴയും ഞങ്ങളോടൊപ്പം കുളിക്കാനെത്തി. ക്യാമറയും വസ്ത്രങ്ങളും ബാഗിനകത്താക്കി വെച്ച ശേഷം ആ മഴയില്‍ , വെള്ളത്തിനടിയില്‍ എല്ലാം മറന്നു വീണ്ടും കിടന്നു. ജോലിയും വീടും മറ്റു ചിന്തകളും ഇല്ലാതെ മനസ്സ് ഏതോ ഒരു പുതിയ ലോകത്തില്‍ എത്തിയ പോലെ തോന്നി.



കാടിന്റെ ഉള്ളറകളിലേക്ക് കുറച്ചു നടന്നു നോക്കണമെന്ന് ആഗ്രഹം തോന്നിയെങ്കിലും വഴി ഏതെന്നു പോലും അറിയാതെ അടഞ്ഞു കിടക്കുകയായിരുന്നതിനാല്‍ ഞങ്ങള്‍ അത് ഒഴിവാക്കി പട്ടത്തിപ്പാറയോടും അല്പം മുന്‍പ് കിട്ടിയ ആ നല്ല സൌഹൃതങ്ങളോടും യാത്ര പറഞ്ഞു മടക്കയാത്ര ആരംഭിച്ചു. ഞങ്ങളുടെ മറ്റു യാത്രകളെക്കുറിച്ചു അവരോടു പറഞ്ഞപ്പോള്‍ , അവിടെ നിന്നും പത്തു കിലോമീറ്റര്‍ മാത്രം അകലത്തില്‍ കിടക്കുന്ന പീച്ചി ഡാമിനപ്പുറത്തെ കാട്ടില്‍ മാമ്പാറ എന്ന അതിമനോഹരമായ വെള്ളച്ചാട്ടം ഉണ്ട് എന്നും, പൊതു ജനങ്ങള്‍ക്ക്‌ പ്രവേശനം ഇല്ലാത്ത കാട്ടിനകത്തെ ആ വെള്ളച്ചാട്ടം കാണാന്‍ രഹസ്യമായി ഒരവസരം ഉണ്ടാക്കിത്തരാമെന്നും ഉള്ള ഉറപ്പും അവര്‍ ഞങ്ങള്‍ക്കായി തന്നിരുന്നു.


ആ കാട്ടു വഴികളിലൂടെ സുഹൃത്തിനെയും പുറകിലിരുത്തി ബൈക്ക് ഓടിച്ചു പോകുമ്പോള്‍ ചിന്തകള്‍ ആകെ മാറിയിരുന്നു. ഈ പട്ടത്തിപ്പാറയെ അധികമാരും അറിയാതിരിക്കുന്നതല്ലേ നല്ലത് എന്ന അസൂയ നിറഞ്ഞ ചിന്ത മനസ്സില്‍ നിറഞ്ഞു. ഒരു പാട് പേര്‍ വന്നാല്‍ ഇത്രയും നല്ല സ്ഥലം സ്വന്തം നാട്ടുകാക്ക് അന്യമായി പോകില്ലേ ? നാട്ടുകാര്‍ അവരുടെ സ്വന്തമായി സൂക്ഷിക്കുന്ന ഇവിടങ്ങളിലേക്ക്‌ ടിക്കറ്റ്‌ എടുത്തു കടന്നു ചെല്ലാന്‍ പട്ടത്തിപ്പാറയെ ഇത്രയും സ്നേഹിക്കുന്ന അവര്‍ക്കാവില്ലല്ലോ ?


വേണ്ട നിങ്ങള്‍ ആരും ഇവിടെ വരണ്ടാ ... ഇത്തരം യാത്രകളും സൌഹൃദങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി കാണുന്ന ഞങ്ങളെ പോലെയുള്ളവര്‍ക്ക് ഈ നാട്ടുകാരോടൊപ്പം ചേര്‍ന്ന് അഭിമാനത്തോടെ പറയാമല്ലോ .... പട്ടത്തിപ്പാറ ഞങളുടെ മാത്രം സ്വന്തമാണെന്ന് ....


ഈ യാത്ര മാതൃഭുമിയുടെ യാത്ര മാഗസിന്റെ ഓഗസ്റ്റ്‌ ലക്കത്തില്‍ വായിക്കാം .....







Tuesday, June 28, 2011

മരോട്ടിച്ചാല്‍

പുറം ലോകത്ത് അധികം ആരാലും അറിയപ്പെടാതെ, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നമട്ടില്‍ ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന സ്വര്‍ഗ്ഗ സുന്ദരമായ ഒരു പാട് സ്ഥലങ്ങള്‍ കേരളത്തിലുണ്ട് . അത് പോലെ ഒരു സ്ഥലമാണ് തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ ഗ്രാമവും അതിനടുത്തുള്ള കാട്ടിലെ ചെറുതും വലുതും ആയ വെള്ളച്ചാട്ടങ്ങളും. നമ്മുടെ സര്‍ക്കാര്‍ ഈ സ്ഥലത്തെ അല്പമെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ കേരളീയര്‍ക്ക് അഭിമാനത്തോടെ പറയാന്‍ , അനുഭവിക്കാന്‍ ഒരു സുന്ദരസ്ഥലം കൂടി നമുക്ക് കിട്ടുമായിരുന്നു.


ഇത്തരം കുറച്ചു സ്ഥലങ്ങളെയെങ്കിലും കുറച്ചു പേരിലെക്കെങ്കിലും എത്തിക്കാന്‍ കഴിയണം, കഴിയും എന്ന ആഗ്രഹത്തോടെയാണ് ഞങള്‍ കുറച്ചു സുഹൃത്തുക്കള്‍ മരോട്ടിചാലിലേക്ക് ഒരു യാത്ര തുടങ്ങിയത്. പതിമൂന്നു വര്‍ഷം മുന്‍പ് ആ കാട്ടിലൂടെ ഞാന്‍ നടത്തിയ യാത്രയുടെ പരിചയം മാത്രം വെച്ചാണ്, ഞങള്‍ ആ കാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത് . മറ്റു പലരുടെയും കാട്ടിലേക്കുള്ള ആദ്യ യാത്രയും കൂടിയായിരുന്നു അത് .


എറണാകുളത്തു നിന്നാണ് ഞങള്‍ യാത്ര തുടങ്ങിയത് . എറണാകുളം - പാലക്കാട്‌ നാഷണല്‍ ഹൈവയില്‍ ആമ്പല്ലൂര്‍ - തലോര്‍ എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ വരുന്ന ഒരു സ്ഥലമായ കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം - മരോട്ടിച്ചാല്‍ റോഡിലൂടെ ഏകദേശം 12 KM സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്തിച്ചേരാം. പാലക്കാടു നിന്നും വരുന്നവര്‍ക്ക് മണ്ണുത്തി - നടത്തറ- കുട്ടനെല്ലൂര്‍ വഴിയും, തൃശ്ശൂരില്‍ നിന്നും വരുന്നവര്‍ക്ക് മിഷന്‍ ഹോസ്പിടല്‍ - അഞ്ചേരി - കുട്ടനെല്ലൂര്‍ വഴിയും മരോട്ടിച്ചാലില്‍എത്താം. തൃശ്ശൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് പ്രൈവറ്റ് ബസ്‌ സര്‍വീസ് നടത്തുന്നുണ്ട് .


മരോട്ടിച്ചാലില്‍ ഒന്നോ രണ്ടോ നാടന്‍ ചായക്കടകള്‍ മാത്രമേ ഉള്ളൂ. അതിലാണെങ്കില്‍ ചായ മാത്രം പ്രതീക്ഷിച്ചാല്‍ മതി, ഞായറാഴ്ചയാണ് എങ്കില്‍ അതുപോലും കിട്ടിയില്ല എന്നും വരും . അത് മുന്‍കൂട്ടി അറിയാവുന്നത് കൊണ്ട് തന്നെ ഭക്ഷണം ഞങള്‍ കരുതിയിരുന്നു. അതും കൈയിലെടുത്തു കാറ് വീട്ടുകാരുടെ സമ്മതത്തോടെ അവരുടെ മുറ്റത്ത്‌ കയറ്റിയിട്ടു ഞങള്‍ യാത്ര തുടങ്ങി. വേറെയും കുറച്ചു ആളുകള്‍ ഞങളുടെ മുന്‍പേ നടക്കുന്നുത് കണ്ടപ്പോള്‍ മനസ്സിന് അല്പം ആശ്വാസം തോന്നി. കാട്ടിലെ ഒരു വഴി മായ്കാനും ഒരു പുതിയ വഴി തുറക്കാനും പ്രകൃതിക്ക് അല്പം സമയം മാത്രം മതിയാകുന്നത് കൊണ്ട് , എന്റെ ഓര്‍മ്മയിലെ വഴി മറന്നാലും മുന്‍പേ പോകുന്നവര്‍ വഴികാട്ടുമല്ലോ എന്ന ചിന്തയാണ് ആശ്വാസം തന്നത് .


റോഡരുകിലെ കനാലില്‍ കരയിലൂടെ അല്പം നടന്നപ്പോള്‍ തന്നെ ആദ്യ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ചെവികളെ തഴുകിയെത്തി. തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും ഒരു ദിവസ്സത്തെക്ക് മാത്രമായിട്ടുള്ള മോചനം ഞങള്‍ ആസ്വദിക്കാന്‍ തുടങ്ങി. മുന്‍പേ പോയവന്റെ കാല്‍പാട് പോലും മായ്ച്ചു കളയുന്ന ആ കാട്ടു വഴികളിലൂടെ നടക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. കിളികളുടെ ശബ്ദവും കാടിന്റെ വന്യതയും അനുഭവിക്കാന്‍ തുടങ്ങി. എങ്ങും നിറഞ്ഞ പച്ചപ്പ്‌ മാത്രം.


പോകുന്ന വഴിക്ക് ചില ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കുറെ എണ്ണം ഉണ്ട് . കുടുംബമായി വരുന്നവര്‍ ആദ്യത്തെ വെള്ളച്ചാട്ടത്തില്‍ കുളിച്ചു മടങ്ങുകയാണ് സാധാരണ ചെയ്യാറുള്ളത് . ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ "ഇലഞ്ഞിപ്പാറയിലേക്ക് " കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കണം. അതുകൊണ്ട് തന്നെ ചെറിയ സ്ടലങ്ങളില്‍ നിന്ന് സമയം കളയാതെ ലക്ഷ്യസ്ഥാനം നോക്കി ഞങ്ങള്‍ നടന്നു.


ഒരാള്‍ക്ക്‌ മാത്രം നടക്കാന്‍ വീതിയുള്ള കാടുവഴികളില്ലൂടെ കുറെ നടന്നപ്പോള്‍ പുഴയുടെ കരയില്‍ വഴി അവസാനിച്ചു . ഒന്ന് കൂടെ നോക്കിയപ്പോള്‍ പുഴയുടെ അപ്പുറത്ത് വീണ്ടും വഴി തുടങ്ങുന്നതും കണ്ടു. ഞാന്‍ ആദ്യം പുഴയില്‍ ഇറങ്ങി പുഴയുടെ ആഴവും ഒഴുക്കും മനസ്സിലാക്കി, ചതിക്കുഴികള്‍ ഇല്ല എന്നും ഉറപ്പു വരുത്തി വീണ്ടും തിരികെ വന്നു പിന്നെ സുഹൃത്തുക്കളുമായി കൈകോര്‍ത്തു പിടിച്ചു പുഴയെ മുറിച്ചു കടന്നു. നല്ല തണുപ്പായിരുന്നു വെള്ളത്തിന്‌ ...കണ്ണുനീരിന്റെ പരിശുദ്ധിയും..




കാട് ശരിക്കും ഭീകരമായിരുന്നു. കെട്ടുപിടച്ചു കിടക്കുന്ന വള്ളികളും ചെറുതും വലുതുമായ പാറകളും ഉണങ്ങി വീണ മരങ്ങളും ചിലയിടങ്ങളില്‍ തടസ്സം സൃഷ്ടിച്ചു. അതെല്ലാം ചാടിക്കടന്നു, പാറകളില്‍ തെന്നി വീഴാതെ നടന്നു. അല്പം തുറസ്സായ ഒരിടത്ത് എത്തി അല്പം ആശ്വസിക്കാന്‍ ശ്രമിച്ചപ്പോള്‍ അല്പം അകലെ വഴിയില്‍ ഉരുണ്ട വസ്തുക്കള്‍ കുന്നു കൂടി കിടക്കുന്നത് കണ്ടു. ചെന്ന് നോക്കി. ആനപിണ്ടമായിരുന്നു അത് . നഗ്നപാദങ്ങള്‍ കൊണ്ട് അതില്‍ പതുക്കെ കാല്‍ വെച്ച് നോക്കി. തണുപ്പും ചൂടും ഇല്ലാത്ത ഒരു അനുഭവം. ചൂടുണ്ടായിരുന്നു എങ്കില്‍ ആനകള്‍ കടന്നു പോയിട്ട് അധികസമയം ആയിട്ടില്ല എന്ന് മനസ്സിലാക്കാമായിരുന്നു ഒരു വടിയെടുത്തു പിണ്ഡം അല്പം ഇളക്കി നോക്കി. അധികം പഴക്കമുള്ളതാണ് എങ്കില്‍ പുഴുക്കള്‍ കാണാറുണ്ട്‌. അതും കണ്ടില്ല. അധികം ദൂരത്തിലല്ലാതെ ആനകള്‍ എവിടെയെങ്കിലും ഉണ്ടാകും എന്ന തോന്നല്‍ മനസ്സില്‍ . ആനയല്ല ആനക്കൂട്ടമാണ് അതിലെ കടന്നു പോയതെന്ന് പിണ്ടങ്ങളുടെ കിടപ്പില്‍ നിന്നും ബോധ്യമായി . എല്ലാവരുടെയും ഉള്ളില്‍ അല്പം പേടി കടന്നു. പക്ഷെ ആരും അത് പരസ്പരം പറഞ്ഞില്ല. എന്തുവന്നാലും യാത്ര തുടരാന്‍ തീരുമാനിച്ചു ഞങ്ങള്‍ നടന്നു.


റോഡരുകില്‍ നിന്നും ഏകദേശം രണ്ടുമണിക്കൂറോളം കാട്ടിലൂടെ നടന്നു. വഴിയില്‍ സുന്ദരമായ ചില ചെറിയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. എവിടെ വെച്ച് യാത്ര അവസാനിപ്പിച്ചാലും ആരും ആ യാത്ര നഷ്ടമായി എന്ന് പറയാത്ത ഒരിടമാണ് ഈ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ . ഓരോന്നും കണ്ടും ഫോട്ടോയെടുത്തും ആനയെക്കുറിച്ചു ചിന്തിക്കാതെ ഞങള്‍ വീണ്ടും നടന്നു. ഏറ്റവും അവസാന ലക്ഷ്യമായ ഇലഞ്ഞി പാറ വെള്ളച്ചാട്ടത്തിലേക്ക് .


അല്പം കൂടി നടന്നപ്പോള്‍ വഴി രണ്ടായി പിരിയുന്ന ഒരിടത്ത് എത്തി. ഞങ്ങള്‍ക്ക് മുന്‍പേ വന്ന ആളുകളെ അവിടെ കണ്ടു. അവരും ഏതു വഴിയെ പോകണം, എന്ത് ചെയ്യണം എന്നറിയാതെ കാത്തു നില്‍ക്കുകയാണ്. ഒടുവില്‍ അവര്‍ വലതു വശത്തെ വഴിയിലൂടെ നടന്നു തുടങ്ങി. അതാണ്‌ വഴിയെന്നു അവരില്‍ പലരും തര്‍ക്കിച്ചു. ഞങ്ങളും അവരോടൊപ്പം ചേര്‍ന്ന് നടന്നു. കുറെ നടന്നിട്ടും വെള്ളച്ചാട്ടത്തിന്റെ ശബ്ദമൊന്നും കേള്‍ക്കുന്നുമില്ല. എന്തോ ഒരു പന്തികേട്‌ തോന്നി. വഴിയില്‍ ആനയുടെ കാല്പാടുകള്‍ , പിന്നെ റോഡില്‍ മരച്ചില്ലകള്‍ കുറെ ഒടിഞ്ഞു കിടക്കുന്നു, വഴിയാണെങ്കില്‍ വളരെ വലിയ ഒരു കയറ്റത്തിലേക്ക് ആണ് പോകുന്നത്. അല്പം കഴിഞ്ഞപ്പോള്‍ കൂട്ടത്തിലുള്ള സുഹൃത്തുക്കള്‍ മടങ്ങാം എന്ന് പറഞ്ഞു തുടങ്ങി. എനിക്കാണെങ്കില്‍ ഇവിടെ വരെ വന്നിട്ട് ഇത്രയും വഴി നടന്നിട്ട് തോറ്റു പിന്മാറാന്‍ മനസ്സും വരുന്നില്ല. പക്ഷെ ലക്‌ഷ്യം ഏത് എന്നറിയാതെ വെറുതെ നടന്നിട്ട് ഒരു കാര്യവും ഇല്ല. ഒടുവില്‍ തോല്‍വി സമ്മതിച്ചു ഞങ്ങള്‍ മടങ്ങി തുടങ്ങി. എല്ലാവരും അവശരായിരുന്നു. കടന്നു വന്ന വഴികള്‍ പിന്നിട്ട് ഞങള്‍ നിരാശരായി വീണ്ടും ഇരു റോഡുകളും പിരിയുന്ന റോഡില്‍ തിരിച്ചെത്തി .


ഇനിയും പോകാന്‍ ബാക്കിയുള്ള ഇടതു വശത്തെ വഴിയിലൂടെ നടന്നാല്‍ വെള്ളച്ചാട്ടത്തില്‍ എത്തുമെന്നറിയാം. പക്ഷെ ഇനിയും വഴിതെറ്റുമോ എന്ന ഭയത്തില്‍ നടക്കാന്‍ സുഹൃത്തുക്കള്‍ക്ക് താല്പര്യം ഇല്ല . അത് കൊണ്ട് അല്‍പ നേരം വിശ്രമിച്ചിട്ട് തിരിച്ചു നടക്കാം എന്ന് പറഞ്ഞ് പാറപ്പുറത്ത് ഇരുന്നെങ്കിലും മനസ്സില്‍ മറ്റൊരു പ്രതീക്ഷയായിരുന്നു, മറ്റേ വഴിയിലൂടെ ആരെങ്കിലും തിരിച്ചു വന്നാല്‍ അവര്‍ വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നവര്‍ ആണെങ്കില്‍ ...

ഇലഞ്ഞിപ്പാറ  വെള്ളച്ചാട്ടം 
ചില സമയങ്ങളില്‍ ഭഗവാന്‍ കൂടെയുണ്ടാകും എന്നതിന്റെ തെളിവായി അല്‍പ സമയത്തിനുള്ളില്‍ തന്നെ പത്തോളം പേര്‍ മലയിറങ്ങി വരുന്നത് കണ്ടു. വെറും പത്തു മിനിട്ട് കൊണ്ട് അവിടെ നടന്നെത്താം എന്ന് അവരില്‍ നിന്നും കേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം തോന്നി. ക്ഷീണമെല്ലാം മറന്നു ഞങ്ങള്‍ വീണ്ടും മല കയറി. അങ്ങിനെ ഒടുവില്‍ ഞങള്‍ ആ കാട്ടിനുള്ളിലെ സ്വര്‍ഗലോകത്തു എത്തി ചേര്‍ന്നു.


മരോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവും ആണ് ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനെ പല ആങ്കിളിലും കാണാന്‍ പ്രകൃതി തന്നെ അവിടെ സൌകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു. ഞങള്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ കയറി ബാഗെല്ലാം വലിച്ചെറിഞ്ഞു ഏറ്റവും അടുത്തുകണ്ട നീരൊഴുക്കില്‍ എല്ലാം മറന്നു മുങ്ങി കിടന്നു. എന്തോ നേടിയ പ്രതീതിയായിരുന്നു മനസ്സില്‍ . മൂന്നു മണിക്കൂര്‍ നീണ്ട യാത്രയുടെ ക്ഷീണം മുഴുവന്‍ കഴുകിക്കളഞ്ഞു, കുറെ നേരം വെള്ളത്തില്‍ മുങ്ങിക്കിടന്നു.


ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം ഇവിടത്തെ നാട്ടുകാരുടെ ഇടയില്‍ "കുത്ത് " എന്ന പേരിലാണ് അറിയപ്പെടുന്നത് .


വേറെയും കുറച്ചു ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ഒരു കൂട്ടത്തെ പരിചയപ്പെട്ടു. എല്ലാവരും ആ നാട്ടുകാര്‍ ആയിരുന്നു. പുറം ലോകത്ത് നിന്നും വന്നവര്‍ ഞങള്‍ മാത്രം. പല ഒഴിവു ദിവസ്സങ്ങളിലും ഇവിടെ വന്നു ഈ കാടിന്റെ സംഗീതം കേട്ടു , കണ്ണുനീരിനേക്കാള്‍ പരിശുദ്ധമായ ഈ വെള്ളത്തില്‍ കുളിച്ചു മടങ്ങുന്ന അവരോടു അസൂയയാണ് തോന്നിയത് .


വെള്ളച്ചാട്ടത്തിനു താഴെയും മുകളിലും കുളിച്ചും ഭക്ഷണം കഴിച്ചും കഴിഞ്ഞതോടെ എല്ലാവരും വീണ്ടും ആരോഗ്യം വീണ്ടെടുത്തിരുന്നു. വെള്ളച്ചാട്ടത്തിന്റെ എതിരെയുള്ള പാറയില്‍ കയറി കുറെ നേരം കാറ്റും കൊണ്ടിരുന്നു. ഈ സ്ഥലം തമിഴ്നാട്ടിലായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രശസ്തമായ ഒരു എക്കോ ടൂറിസം സെന്റര്‍ ആയേനെ എന്ന ചിന്തയായിരുന്നു മനസ്സില്‍


നല്ല മഴപെയ്താല്‍ മാത്രമേ വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവനായി ആസ്വദിക്കാന്‍ കഴിയൂ . എന്നാല്‍ മഴയത്ത് കാടിലൂടെയുള്ള യാത്ര ദുഷ്കരവുമാണ്. തിരിച്ചു നടക്കുമ്പോള്‍ എവിടെയും നില്‍ക്കാതെ, ആനയെ പേടിക്കാതെ ഞങള്‍ നടന്നു. കൃത്യം ഒരു മണിക്കൂര്‍ കൊണ്ട് ഞങള്‍ കാട്ടിനിന്നും നിന്നും പുറം ലോകത്തെത്തി.


തിരിച്ചു റോഡിലെത്തി കാറിലിരിക്കുമ്പോള്‍ മനസ്സില്‍ മറ്റൊരു ചോദ്യം ആയിരുന്നു. മടക്കയാത്രയില്‍ ചെരുപ്പ് പൊട്ടിയ സുഹൃത്തിന് സ്വന്തം ചെരുപ്പ് കൊടുത്തു നഗ്നപാദനായി കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കുന്നതിനിടയില്‍ അറിയാതെ ചവിട്ടിയ വിഷപാമ്പ്, സാധാരണ ഒരു സെക്കന്റ്‌ പോലും വേണ്ടാതെ തിരിച്ചു കടിക്കാറുള്ള ആ ജീവി , എന്നെ കടിക്കാതെ പത്തിയും മടക്കി പോയത് എനിക്കായി വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും ഓര്‍ത്തിട്ടായിരിക്കുമോ ? അതോ എന്നിലൂടെ, ഞങ്ങളിലൂടെ ഈ സുന്ദരലോകം കുറച്ചു പേരെങ്കിലും അറിയട്ടെ എന്ന് ആ പാമ്പും ആഗ്രഹിച്ചിരിക്കുമോ ?


അറിയില്ല ... അല്ലെങ്കിലും പ്രകൃതിയുടെയും വിധിയുടെയും ചില തീരുമാനങ്ങള്‍ക്ക് ഉത്തരം പറയാന്‍ നമുക്കാവില്ലല്ലോ ?

പതിമൂന്നു വര്‍ഷം മുന്‍പ് എടുത്ത ഇലഞ്ഞിപ്പാറ കുത്തിന്റെ ഒരു ഫോട്ടോ ...


എന്റെ ഈ യാത്ര മാതൃഭുമിയുടെ യാത്ര മാഗസിനില്‍ വായിക്കാം ...