Sunday, April 17, 2011

പാണിയേലി പോര്

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണത്തിനടുത്തുള്ള പാണിയേലി പോരിലേക്കുള്ള എന്റെ ഈ യാത്രക്ക് കൂട്ടിനായി സുഹൃത്ത്ക്കള്‍ പലരെയും വിളിച്ചു. പക്ഷെ സ്ഥലത്തിന്റെ പേര് കേട്ടപ്പോള്‍ ആരും വന്നില്ല . കാരണം ഒരാഴ്ച മുന്‍പ് ഭൂതത്താന്‍ കെട്ട് ഡാം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതും , പാണിയേലി പോരിലെ പുഴയില്‍ വെള്ളം പൊങ്ങി പാറപ്പുറത്ത് കുടുങ്ങിയ സഞ്ചാരികളെ വടം കെട്ടി അതിലൂടെ രക്ഷിച്ചതും മറ്റും എല്ലാവരും വായിച്ചിരുന്നു. പിന്നെ കുറെ പേര്‍ പലപ്പോഴായി അപകടത്തില്‍ പെട്ട് മരിച്ചിട്ടുണ്ടെന്നും പോര് അപകടകരമായ സ്ഥലമാണ് എന്നും ഈ യാത്രക്ക് മുന്‍പേ പല തവണ അവര്‍ കേട്ടിരുന്നു. അതിരപ്പിള്ളി - വാഴച്ചാലില്‍ നൂറോളം പേര്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നും എന്നിട്ടും ആളുകള്‍ അവിടെ പോകുന്നില്ലേ എന്നും മറ്റും ഞാന്‍ പറഞ്ഞു നോക്കി. ഒരു രക്ഷയും ഇല്ല - ആരും വരാന്‍ സമ്മതം മൂളിയില്ല. പക്ഷേ ഇത്തരം ഭയത്തിന്റെ പേരും പറഞ്ഞു വീട്ടിലിരിക്കാന്‍ എന്റെ മനസ്സ് അനുവദിക്കുന്നുമില്ല. അവസാനം ഞാന്‍ ഭാര്യയെയും ഒന്നരയും നാലരയും വയസുള്ള കുട്ടികളെയും കൂട്ടി മറ്റാരോടും പറയാതെ എറണാകുളത്തു നിന്നും ബൈക്കില്‍ പാണിയേലി പോരിലെക്കുള്ള യാത്ര പുറപ്പെട്ടു.



എറണാകുളത്തു നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ ദൂരത്തിലാണ് പാണിയേലി പോര് . ആലുവ - പെരുമ്പാവൂര്‍ - വല്ലം - കോടനാട് വഴിയാണ് ഞങള്‍ പാണിയേലി പോരിലേക്ക് പോകാന്‍ തിരഞ്ഞെടുത്തത് . പെരുമ്പാവൂരില്‍ നിന്നും കുറുപ്പമ്പടി, മനക്കപ്പടി,വേങ്ങൂര്‍, വഴി വേറെ ഒരു റൂട്ട് ഉണ്ട് എന്നും അഞ്ചു കിലോമീറ്റര്‍ ലാഭമാണ് ആ വഴി എന്നും കേട്ടിരുന്നു. പക്ഷെ പരീക്ഷിക്കാന്‍ പോയില്ല. അറിയാത്ത വഴി ചോദിച്ചു പതുക്കെ പോകുന്നതിനേക്കാള്‍ നല്ലത് അറിയുന്ന വഴിയിലൂടെ വേഗത്തില്‍ പോകുന്നതാണ് എന്ന് തോന്നി. അടുത്തിടെ ടാര്‍ ചെയ്ത നല്ല റോഡുകള്‍ ഞങളുടെ യാത്രക്ക് പിന്തുണയേകി.

പാണിയേലി പോരിനു പത്തു കിലോമീറ്റര്‍ മുന്‍പാണ് പ്രശസ്ടമായ കോടനാട് ആന വളര്‍ത്തല്‍ കേന്ദ്രം. അതിന്റെ ഭാഗമായി കുറച്ചു മൃഗങ്ങളുമായി ഒരു മൃഗശാലയും , ഒരു പാര്‍ക്കും ഉണ്ട് . അതിലെ മൃഗങ്ങളെ കൂടുതല്‍ സൌകര്യത്തില്‍, സ്വാഭാവിക വനത്തിന്റെ അന്തരീക്ഷത്തില്‍ മാറ്റി പാര്‍പ്പിക്കാനായി കോടനാടിനു രണ്ടു കിലോമീറ്റര്‍ അകലെ കപ്രിക്കാട്ട് എന്ന സ്ഥലത്ത് അഭയാരണ്യം എന്ന പേരില്‍ ഒരു മൃഗശാലയും അടുത്തിടെ തുടങ്ങിയിട്ടുണ്ട് . മുന്‍പ് കണ്ടിട്ടുള്ളതായത് കൊണ്ട് അവിടെയെങ്ങും കയറാതെയാണ് ഞങള്‍ പോരിലെത്തിയത് .



പോരിലെത്തുന്നതിനു കുറച്ചു മുന്‍പ് റോഡരികില്‍ ആണ് ടിക്കറ്റ്‌ കൌണ്ടര്‍. പത്തു രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ്‌ നിരക്ക് , ബൈക്കിനു അഞ്ചു രൂപയും. അവിടെ നിന്നും ടിക്കറ്റ്‌ എടുത്തു വീണ്ടും വണ്ടിയില്‍ മുന്നൂറു മീറ്റര്‍ പോയാലാണ് പോരിന്റെ പ്രവേശന കവാടത്തില്‍ എത്തുക . വനശ്രീ പ്രവര്‍ത്തകരായ സ്ത്രീകള്‍ ആണ് ടിക്കറ്റ്‌ പരിശോധിച്ച് ആളുകളെ കടത്തിവിടുന്നത് . സംശയം തോന്നുന്ന ചിലരുടെ ബാഗുകള്‍ അവര്‍ പരിശോദിക്കുന്നുമുണ്ട് . യാത്രകള്‍ക്ക് ആവേശം പകരാനുള്ള "കുപ്പികള്‍ " ഉണ്ടോ എന്നതാണ് പരിശോധനയുടെ മുഖ്യ ഉദ്യേശം . അവിടെ നടന്ന പല മരണങ്ങളുടെയും പിന്നില്‍ മദ്യപാനമായിരുന്നു കാരണക്കാരന്‍ എന്ന സത്യം അവര്‍ മനസ്സിലാക്കിയത് കൊണ്ടാണ് അടുത്ത കാലത്തായി ഈ ശക്തമായ പരിശോധന എന്ന് അറിയാന്‍ കഴിഞ്ഞു.

ഒരു ആവേശത്തിന് യാത്ര പുറപ്പെട്ടുവെങ്കിലും ഭാര്യയെയും രണ്ടു ചെറിയ കുട്ടികളെയും കൊണ്ട് അറിയാത്ത ഒരു കാട് കയറുന്നത് മണ്ടത്തരമല്ലേ എന്ന ഒരു ചോദ്യം മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്ത് കുറെ വണ്ടികളെയും കുടുംബങ്ങളെയും കണ്ടപ്പോള്‍ ആശ്വാസമായി. ഈ യാത്രയില്‍ ഞങ്ങള്‍ തനിച്ചല്ലല്ലോ എന്ന അറിവ് അമ്പതിലേറെ കിലോമീറ്റര്‍ നീണ്ട യാത്രയുടെ ക്ഷീണം മാറ്റാനും യാത്രതുടരാനും ഉള്ള ആവേശം തന്നു എന്നതാണ് സത്യം .



പാണിയേലി പോരിന്റെ പ്രധാന ആകര്‍ഷണം പെരിയാര്‍ നദിയാണ്. മനുഷ്യവാസം അധികമില്ലാത്ത കാട്ടില്‍ നിന്നും ഒഴുകിവരുന്ന പെരിയാര്‍ നദിയിലെ വെള്ളം പാറക്കൂട്ടങ്ങളില്‍ തട്ടി പോരടിച്ചു ശബ്ദം ഉണ്ടാക്കുന്നതുകൊണ്ടാണ് ഈ സ്ടലത്തിനു പാണിയേലി പോര് എന്ന പേര് വന്നത് കേട്ട് കേള്‍വിയുണ്ട് . കാട്ടിലെ വഴിയിലൂടെ നടന്ന് പെരിയാര്‍ നദിയെയും കണ്ട് ആ വെള്ളത്തില്‍ കളിച്ചുല്ലസിക്കാനാണ് മുഖ്യമായും ആളുകള്‍ ഇവിടെ എത്തുന്നത് .

പോരിന്റെ മുഖ്യ കവാടത്തില്‍ നിന്നും ഏകദേശം മുന്നൂറു മീറ്റര്‍ ദൂരം കാട്ടിലൂടെ, പെരിയാരിനരുകിലൂടെ നടക്കാനായി നടപ്പാത ഒരുക്കിയിട്ടുണ്ട് . ഈ പാതയുടെ അവസാനത്തിലായി ഒരു ഏറുമാടവും മുള കൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട് . അത് കഴിഞ്ഞു നടന്നാല്‍ പിന്നെ പൂര്‍ണമായും കാടാണ് . ആ കാട്ടിലൂടെ, വെള്ളം കവിഞ്ഞൊഴുകുന്ന പാറകള്‍ക്കിടയിലൂടെ പെരിയാറിന്റെ ചെറിയ കൈവഴികളെ പലതവണ മുറിച്ചു കടന്നാല്‍ ഒരു വെള്ളച്ചാട്ടം കാണാം.



വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ വെള്ളം കുറവായിരുന്നു. എന്നിട്ടും ആ വെള്ളത്തിന്റെ, ഒഴുക്കിന്റെ ശക്തി മനസ്സിലാക്കിയത് പുഴ മുറിച്ചു കടന്നപ്പോള്‍ ആണ് . കാല്‍ മുട്ട് വരെ മാത്രമേ വെള്ളം ഉള്ളൂ, എന്നിട്ട് പോലും നമ്മളെ അകലേക്ക്‌ ഒഴുക്കികൊണ്ടുപോകുമോ എന്ന് ഭയപ്പെടുത്തുന്ന ശക്തിയിലാണ് പുഴയോഴുകുന്നത് . ആ ചെറിയ പുഴ മുറിച്ചു കടക്കാതെ വെള്ളചാട്ടത്തിനരുകില്‍ എത്താന്‍ വേറെ മാര്‍ഗം ഒന്നും കണ്ടില്ല.വഴി ചോദിക്കാന്‍ വേറെ ആരെയും അടുത്തു കാണാനുമില്ല. ഞാന്‍ മാത്രം ആദ്യം ഇറങ്ങി പുഴയില്‍ വലിയ കുഴികള്‍ ഇല്ല എന്നും മറ്റു അപകടങ്ങള്‍ ഇല്ല എന്നും ഉറപ്പു വരുത്തി. പിന്നെ ഭാര്യയെയും മക്കളെയും ചേര്‍ത്ത് പിടിച്ചു പതുക്കെ പതുക്കെ വെള്ളത്തിലൂടെ പുഴയെ മുറിച്ചു കടന്നു. ഇതിനിടയില്‍ എതിരെയുള്ള കാട്ടില്‍ നിന്നും വന്ന ഒരു ചേട്ടന്‍ ഞങ്ങളുടെ കഷ്ടപ്പാട് കണ്ടു അപ്പുറത്ത് ഒരു മുള കൊണ്ടുള്ള പാലം ഉണ്ട് എന്നും അതിലൂടെ കടക്കമായിരുന്നില്ലേ എന്നും ചോദിച്ചു . "തിരിച്ചു വരുമ്പോള്‍ പാലത്തിലൂടെ കടക്കാം എന്ന് വിചാരിച്ചാണ്. പുഴ മുറിച്ചു കടക്കുന്നതിന്റെ രസം പാലത്തിലൂടെ നടന്നാല്‍ കിട്ടില്ലല്ലോ ചേട്ടാ" ...എന്ന് മാത്രം പറഞ്ഞു ചമ്മല്‍ പുറത്തു കാണിക്കാതെ വീണ്ടും നടന്നു.



നടക്കുന്ന വഴിയില്‍ പാറകള്‍ക്കിടയില്‍ ചെറുതും വലുതും ആയ ഒരു പാട് കുഴികള്‍ കണ്ടു. പോരിനെ ഒരു അപകടകാരിയാക്കുന്നത് ഈ കുഴികള്‍ ആണ് . ചിലത് വളരെ ആഴത്തിലും വീതിയിലും ഉള്ളതായിരുന്നു. നല്ല മഴക്കാലത്ത് ഈ പുഴയുടെ ഒഴുക്കില്‍ പെട്ടാല്‍ ചിലപ്പോള്‍ ആളുടെ ശരീരം ഈ കുഴികളില്‍ കുടുങ്ങിയിരിക്കും അത്രേ. അങ്ങിനെ വന്നാല്‍ ശവശരീരം പോലും കിട്ടാന്‍ ബുദ്ധിമുട്ടാകും എന്നാണു കേട്ടിരിക്കുന്നത്.

വേനലായത് കൊണ്ട് ഒഴുക്കില്‍ പെട്ട് അപകടം ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ് എന്നറിയാമായിരുന്നു, എന്നാല്‍ എവിടെയെങ്കിലും കാല്‍ വഴുതി വീണാല്‍ പാറകളില്‍ തലയടിച്ചു അപകടം ഉറപ്പാണ്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു ഓരോ ചുവടും വെച്ചു. എങ്കിലും ആ നടപ്പ് വളരെ രസകരമായി തോന്നി . ഒരു പാറയില്‍ നിന്നും മറ്റൊരു പാറയിലേക്ക്‌ ചാടുകയും ചിലയിടങ്ങളില്‍ വെള്ളത്തില്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നത് എന്നെപ്പോലെ തന്നെ മകനും ഭാര്യക്കും ഇഷ്ടപ്പെട്ടു എന്ന് അവരില്‍ നിന്നും മനസ്സിലായി. നല്ല സ്ടലങ്ങളില്‍ നിന്ന് ഫോട്ടോയെടുത്തു പതുക്കെ പതുക്കെ ആയിരുന്നു യാത്ര.



മറ്റൊരു കാര്യവും ശ്രദ്ധയില്‍ പെട്ടു. കുടുംബമായി വരുന്നവര്‍ ആരും പുഴ മുറിച്ചു കടന്ന് ഈ പാറക്കൂട്ടങ്ങളിലൂടെ നടന്നു വെള്ളച്ചാട്ടത്തിനരുകിലേക്ക് വരുന്നില്ല എന്നത് . അത് കൊണ്ട് തന്നെ അവിടെ ആളുകള്‍ വളരെ കുറവായിരുന്നു. പലയിടങ്ങളിലായി ഏകദേശം പത്തോളം പേര്‍ മാത്രം. പക്ഷെ ഇവിടെ വരെ വന്നിട്ട് ആ വെള്ളച്ചാട്ടം കാണാതെ മടങ്ങുക എന്നത് എനിക്ക് ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. മറ്റൊന്നും ആലോചിക്കാതെ പാറക്കൂട്ടങ്ങളിലൂടെ യാത്ര തുടര്‍ന്ന് ഒടുവില്‍ പ്രധാന പുഴയിലെ വെള്ളച്ചാട്ടത്തിനരുകില്‍ എത്തി.


വേനല്‍ക്കാലമായതിനാല്‍ പറഞ്ഞു കേട്ട പോലെ ഒരു വലിയ വെള്ളച്ചാട്ടം ഒന്നും അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും കാട്ടില്‍ നിന്നും വെള്ളം ഒഴുകി വന്നു മുകളിലെ പാറക്കൂട്ടങ്ങളില്‍ നിന്നും അല്പം താഴെയുള്ള പാറകളില്‍ പതിക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും കുളിര്‍മ്മയേകി . മഴക്കാലത്തു മാത്രമേ ഈ വെള്ളച്ചാട്ടത്തെ അതിന്റെ പൂര്‍ണ രൂപത്തില്‍ ആസ്വദിക്കാന്‍ കഴിയൂ. എന്നാല്‍ അപകടകാരിയായ പുഴയേയും പാറകള്‍ക്കിടയിലെ ചതിക്കുഴികളെയും മറികടന്നു ഇവിടെ എത്തുക ഒരു പക്ഷേ അസാധ്യം ആയിരിക്കും.


കാട്ടിനുള്ളില്‍ നിന്നും ഒഴുകി വരുന്ന വെള്ളത്തിനു നല്ല തണുപ്പായിരുന്നു. കുട്ടികളെ ഭാര്യയെ ഏല്‍പ്പിച്ചു വെള്ളച്ചാട്ടത്തിനു അല്പം മാറി പുഴയില്‍ മുങ്ങിക്കിടന്നു. മനസ്സിനെയും ശരീരത്തെയും തണുപ്പിച്ചു കൊണ്ട് പോരിലെ വെള്ളം എന്നിലൂടെയും പതഞ്ഞു ഒഴുകി.



പെരുമ്പാവൂര്‍ പട്ടണം കഴിഞ്ഞാല്‍ നല്ല ഹോട്ടെലുകള്‍ ഒന്നും ഇല്ല. ഉള്ള സ്ടലങ്ങളില്‍ എല്ലാ സമയത്തും ഭക്ഷണം കിട്ടുമെന്ന് ഉറപ്പും ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്നും ഭക്ഷണവും വെള്ളവും കൊണ്ട് വന്നിരുന്നു. അതും കഴിച്ചു കുടുംബവുമായി കുളിക്കാനിറങ്ങി. സാധാരണ ഇത്തരം സ്ടലങ്ങളില്‍ കൂട്ടം കൂടിയിരുന്നു മദ്യപിക്കുന്ന ആളുകളെയൊന്നും അവിടെ കണ്ടില്ല എന്നത് വല്ലാത്ത ഒരു ആശ്വാസം തന്നെ ആയിരുന്നു. പ്രവേശന കവാടത്തിലെ പരിശോധനയുടെ ഫലമായിരുന്നു അത്.

ആളുകളുടെ തുറിച്ചു നോട്ടങ്ങളില്ലാതെ, മറ്റു ചിന്തകളില്ലാതെ ഒരു പാട് സമയം ഭാര്യയും കുട്ടികളുമായി കുളിച്ചും കളിച്ചും സമയം ചിലവഴിച്ചു. കളികള്‍ക്കിടയില്‍ മക്കള്‍ രണ്ടുപേരും പുഴയിലെ വെള്ളം ആവശ്യത്തിലധികം കുടിക്കുന്നുണ്ടായിരുന്നു. മിനറല്‍ വാട്ടരിനെക്കാള്‍ പരിശുദ്ധമായ ഈ പുഴയിലെ വെള്ളം അവര്‍ക്ക് അസുഖം വരുത്തില്ല എന്ന് ഉറപ്പായതിനാല്‍ ഞാന്‍ അത് തടയാന്‍ ശ്രമിച്ചതുമില്ല.



മടക്കയാത്രയില്‍ പോരിലെത്തുന്ന ആളുകള്‍ക്ക് സംരക്ഷണത്തിനായി നില്‍ക്കുന്ന ഒരു ഗാര്‍ഡ് ചേട്ടനെ പരിചയപ്പെട്ടു. കാടുകളെയും പുഴകളെയും ഒരു പാട് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോള്‍ പാണിയേലി പോരില്‍ നിന്നും ഭൂതത്താന്‍ കെട്ട് ഡാം വരെ കാട്ടിലൂടെ പതിനാലു കിലോമീറ്റര്‍ ദൂരത്തില്‍ സാഹസിക യാത്രക്ക് പറ്റിയ ഒരു ട്രെക്കിംഗ് റൂട്ട് ഉണ്ട് എന്നും പത്തുപേരെങ്കിലും ഉള്ള ടീം ആയി ഇവിടെ നിന്നും ട്രെക്കിംഗ് നടത്താറുണ്ടെന്നും അയാള്‍ പറഞ്ഞു തന്നു.വന്യ മൃഗങ്ങളെയും കണ്ടു കാട്ടിലൂടെ പുഴകള്‍ കടന്നുള്ള ആ യാത്ര വളരെ സാഹസികവും രസകരവും ആണ് എന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു . ഒരു പുതിയ യാത്രക്ക് പറ്റിയ അറിവ് പകര്‍ന്ന ചേട്ടന് നന്ദിയും പറഞ്ഞു തിരിച്ചു നടന്നു.



സമയം അഞ്ചരയായി. വന്ന പോലെ തന്നെ മടക്കയാത്രയില്‍ വളരെ ശ്രദ്ധിച്ചത് കൊണ്ട് ആര്‍ക്കും ഒരപകടവും കൂടാതെ തിരിച്ചു പുഴയരുകിലെ നടപ്പാതയിലെത്തി. മനസ്സില്ലാ മനസ്സോടെ പോരിനോട് യാത്ര പറഞ്ഞു. കാട്ടില്‍ നിന്നും വരുന്ന തണുത്ത കാറ്റും കൊണ്ട് , കാടിന്റെയും പുഴയുടെയും സംഗീതവും കേട്ട് , ഒരു കയ്യില്‍ മകനെയും മറു കയ്യില്‍ ഭാര്യയെയും ചേര്‍ത്ത് പിടിച്ചു നടന്നപ്പോള്‍ മനസ്സില്‍ ആലോചിച്ചിരുന്നത് സുഹൃത്തുക്കളെ കുറിച്ചായിരുന്നു. അവരോടു പോരിനെ കുറിച്ചു പറയണം, ഫോട്ടോ കാണിച്ചു കൊടുക്കണം, നമ്മള്‍ സൂക്ഷിച്ചാല്‍ പോര് അപകടകാരിയാവില്ലെന്നും അവരെ ബോദ്ധ്യപ്പെടുത്തണം . എന്നിട്ട് ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം തന്ന ഈ പോരില്‍ അവരോടൊത്ത് വീണ്ടും ഒരു ദിവസ്സം ചിലവഴിക്കണം.

ഇത്തരം യാത്രകളും സൌഹൃദങ്ങളും ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് എനിക്കീ ജീവിതം ?

Sunday, March 20, 2011

വിലങ്ങന്‍ കുന്ന്‌

തൃശ്ശൂരിലെ ഫോട്ടോഗ്രാഫര്‍മാരോടോ വീഡിയോഗ്രാഫര്‍മാരോടോ അവര്‍ക്കിഷ്ടപ്പെട്ട ഒരു സ്ടലം പറയാന്‍ പറഞ്ഞാല്‍ എല്ലാവരും ഒരുത്തരമേ തരു .... വിലങ്ങന്‍ കുന്ന്. തൃശ്ശൂരിലെ ഭൂരിഭാഗം കല്യാണ ആല്‍ബങ്ങളുടെയും വീഡിയോയുടെയും ഔട്ട്‌ ഡോര്‍ ഷൂട്ടിംഗ് നടത്തുന്ന ഒരു സുന്ദര സ്ടലം. കണ്ണടച്ച് ഏത് ആങ്കിളില്‍ ഫോട്ടോയെടുത്താലും മനോഹരമായ ഫോട്ടോ കിട്ടും എന്നും, വേനലില്‍ ഉണങ്ങി നില്‍ക്കുന്ന ആ കുന്ന് ഇപ്പോള്‍ കൂടുതല്‍ മനോഹരമാന്നെന്നും സുഹൃത്തായ ഫോട്ടോഗ്രാഫര്‍ പറഞ്ഞത് കേട്ടപ്പോള്‍ പല തവണ പോയിട്ടുള്ള സ്ടലമാണ് എങ്കിലും വീണ്ടും ഒരു യാത്ര പോകാന്‍ തോന്നി .

യാത്രകളില്‍ തല്പരനായ അടുത്ത സുഹൃത്തിനെയും കൂട്ടി തൃശ്ശൂരില്‍ നിന്നും ഒരു വൈകുന്നേരം യാത്ര തുടങ്ങി. തൃശ്ശൂര്‍ ടൌണില്‍ നിന്നും ഏഴ് കിലോമീറെര്‍ ദൂരത്തിലാണ് വിലങ്ങന്‍ കുന്ന് സ്ഥിതി ചെയ്യുന്നത് . തൃശ്ശൂര്‍ - കുന്നംകുളം ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോള്‍ പൂഗുന്നം ജംക്ഷനില്‍ നിന്നും അഞ്ചര കിലോമീറെര്‍ കഴിഞ്ഞാല്‍ ഇടതു വശത്തായി വിലങ്ങന്‍ കുന്നിലേക്ക് സ്വാഗതം പറഞ്ഞു കൊണ്ടുള്ള വലിയ ആര്‍ച്ച് ബോര്‍ഡ്‌ കാണാം. അതുകൊണ്ട് തന്നെ ആരോടും വഴി ചോദിക്കാതെ അപരിചിതര്‍ക്ക് പോലും എളുപ്പത്തില്‍ അവിടെ എത്തിച്ചേരാം.


റോഡിന്‍റെ തുടക്കത്തിലുള്ള കുറച്ചു വീടുകള്‍ കഴിഞ്ഞാല്‍ വഴി വിജനമാണ് . ഇരു വശത്തും മരങ്ങളും മുളക്കൂട്ടങ്ങളും നിറഞ്ഞു നില്‍ക്കുന്ന സുന്ദരകാഴ്ചകളും കണ്ടു യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ ഒരു കുന്നിന്റെ മുകളിലേക്ക് കയറി കൊണ്ടിരിക്കുകയാണ് എന്ന് മറന്നു പോകും .

വിലങ്ങന്‍ കുന്ന് എത്തുന്നതിനു കുറച്ചു മുന്‍പായി ഒരു ടിക്കറ്റ്‌ കൌണ്ടര്‍ ഉണ്ട് . വാഹനത്തിനും ആളുകള്‍ക്കും ടിക്കറ്റ്‌ എടുക്കണം. രാവിലെ ഏഴുമുതല്‍ വൈകിട്ട് എഴുവരെയാണ് പ്രവേശനം എന്നാണ് കേട്ടിരുന്നത് . പക്ഷെ ഞങ്ങള്‍ ടിക്കറ്റ്‌ എടുക്കാന്‍ ചെന്നപ്പോള്‍ ആറരക്കുള്ളില്‍ കുന്ന് ഇറങ്ങണം എന്ന് അവര്‍ പ്രത്യേകം എടുത്തു പറഞ്ഞു . എന്ത് പറഞ്ഞാലും സൂര്യന്‍ അസ്തമിക്കുന്നത് കാണാതെ ഞങ്ങള്‍ കുന്ന് ഇറങ്ങില്ല എന്റെ മാഷേ എന്നും മനസ്സില്‍ പറഞ്ഞു യാത്ര തുടര്‍ന്നു.



ഒഴിവു ദിവസം അല്ലാത്തതിനാല്‍ തിരക്ക് വളരെ കുറവായിരുന്നു. കല്യാണ ആല്‍ബത്തിന് വേണ്ടി "അഭിനയിക്കുന്ന" രണ്ടു ദമ്പതികളെ മാത്രം കണ്ടു. സ്വന്തം ജീവിതത്തില്‍ ഇങ്ങനെ അഭിനയിക്കേണ്ടി വന്നിട്ടില്ലാത്തതുകൊണ്ട് അവരുടെ അഭിനയം കുറച്ചു നേരം നോക്കി നിന്നു. ഫോട്ടോഗ്രാഫെരുടെ വാക്കുകള്‍ കേട്ട് നടക്കുകയും ഇരിക്കുകയും ചിരിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്ന അവരെ കണ്ടപ്പോള്‍ എന്തോ സഹതാപമാണ് മനസ്സില്‍ വന്നത് . ഒരു പങ്കാളിയെകിട്ടാന്‍ എന്തെല്ലാം സഹിക്കണം എന്നോര്‍ത്തു.

ആളുകള്‍ കുറഞ്ഞത്‌ ഒരു സൌകര്യം ആയി തോന്നി. നമ്മുടെ ഫ്രയ്മില്‍ ആരും കയറിവരാതെ കുറെ ഫോട്ടോകള്‍ എടുക്കാം. മറ്റു ബഹളങ്ങള്‍ ഇല്ലാതെ അസ്തമയം ആസ്വദിക്കാം.



കുന്നിന്‍ മുകളില്‍ കുട്ടികള്‍ക്കായി ഒരു അമ്യുസ്മെന്റ്റ് പാര്‍ക്ക് . അതായിരുന്നു വിലങ്ങന്‍ കുന്നിന്റെ മറ്റൊരു ആകര്‍ഷണം. പലയിടങ്ങളിലും ഊഞ്ഞാലുകളും കുട്ടികളുടെ കളി ഉപകരണങ്ങളും ഒരുക്കിയിരുന്നു. ചെറിയ കലാ പരിപാടികള്‍ നടത്തുന്നതിനായി ഒരു ഓപ്പണ്‍ എയര്‍ തീയേറ്ററും അവിടെ ഒരിക്കിയിരുന്നു.

ആളുകള്‍ കുറവായതിനാല്‍ അവിടെയുള്ള ലഘു ഭക്ഷണ കട നേരത്തെ അടക്കാനുള്ള ശ്രമത്തിലാണ്. കടയുടെ മുന്‍പില്‍ നില്‍ക്കുന്ന ചേട്ടനുമായി സംസാരിച്ചപ്പോള്‍ ശനിയും ഞായറും നല്ല തിരക്കായിരിക്കുമെന്നും ബാക്കി ദിവസങ്ങളില്‍ വീഡിയോക്കാരും പിന്നെ കോളേജുകളില്‍ നിന്നും എത്തുന്ന പ്രണയ ജോടികളും മാത്രമേ അവിടെ കാണൂ എന്നും തൃശ്ശൂര്‍ ഭാഷയില്‍ പറഞ്ഞു തന്നു. ആ സംസാരം കേട്ടപ്പോള്‍ മമ്മൂട്ടിയുടെ പ്രാഞ്ചിയെട്ടനെ ആണ് ഓര്‍മ്മ വന്നത് .



വിശാലമായ കുന്നിന്‍ മുകളിലെ പുല്ലുകള്‍ എല്ലാം ഉണങ്ങിയ നിലയിലായിരുന്നു. ചിലയിടങ്ങളില്‍ ഉണങ്ങിയ പുല്ലു കത്തിച്ചു കളഞ്ഞ നിലയില്‍ ആയിരുന്നു. ഈ കുന്നിനെ വലം വെച്ച് കാഴ്ചകള്‍ കണ്ടു നടക്കാനായി രണ്ടു പേര്‍ക്ക് ഒരുമിച്ചു നടക്കാവുന്ന രീതിയില്‍ കുന്നിനു ചുറ്റും വഴി വെട്ടി കല്ലുകള്‍ പാകിയിട്ടുണ്ട് . നടത്തത്തിനിടയില്‍ വിശ്രമിക്കാനായി പലയിടത്തും സിമന്റിന്റെയും തകരയുടെയും മേല്‍ക്കൂരയുമായി ചെറിയ താവളങ്ങളും ഒരിക്കിയിരുന്നു. ആ വഴികളിലൂടെ ആ കുന്നിനെ ഒന്ന് വലം വെച്ച് നടന്നു. മനുഷ്യനെ പറത്തികൊണ്ട് പോകും എന്ന നിലയില്‍ ആഞ്ഞടിക്കുന്ന കാറ്റും കൊണ്ട് നടന്നപ്പോള്‍ മനസ്സിലെ ഭാരങ്ങളെല്ലാം അലിഞ്ഞു ഇല്ലാതായി. തൃശ്ശൂര്‍ നഗരത്തില്‍ നിന്നും കുറച്ചുമാത്രം അകലെയായിട്ടും വണ്ടികളുടെ ബഹളം ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. നഗരത്തില്‍ നിന്നും ഒരു പാട് അകലെയായ പ്രതീതിയാണ് അനുഭവപ്പെട്ടത് .



അമ്പത് ഏക്കറാണ് ഈ കുന്നിന്റെ വിസ്ടീര്‍ണ്ണം. ഏറ്റവും മുകളിലെ പരന്നു കിടക്കുന്ന സ്ടലത്തിനു മാത്രം ഏകദേശം പത്തു ഏക്കര്‍ വിസ്ത്രിതിയുണ്ട് . തൃശ്ശൂര്‍ ജില്ല ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ ആണ് ഇതിനെ ഇങ്ങനെ ഒരു പിക്നിക്‌ സ്പോട്ട് ആക്കി മാറിയത് . ഇതിന്റെ പരിപാലനം എല്ലാം തൃശ്ശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പരേഷന്‍ ആണ് നടത്തുന്നത് .



ആ കുന്നില്‍ മുകളില്‍ നിന്നും നോക്കിയാല്‍ തൃശ്ശൂരും പരിസര പ്രദേശങ്ങളും മുഴുവന്‍ കാണാം. തൃശ്ശൂരിലെ ഏറ്റവും വിലയേറിയ വില്ലകളുമായി പണി പൂര്‍ത്തിയായികൊണ്ടിരിക്കുന്ന ശോഭ സിറ്റിയും, ലുലുവിന്റെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും, കാന്‍സര്‍ ചികിത്സയില്‍ പേരുകേട്ട അമല മെഡിക്കല്‍ കോളേജും എല്ലാം ഈ കുന്നിന്‍ മുകളില്‍ നിന്നും കാണാം.



കേരള സര്‍ക്കാരിനു ഈ കുന്നിനെ ഒരു എക്കോ ടൂറിസം സ്പോട്ട് ആക്കാന്‍ ഉദ്യേശം ഉണ്ട് എന്ന് കേട്ടു. കെട്ടിടങ്ങള്‍ നിറഞ്ഞു പച്ചപ്പ്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നഗരത്തിനടുത്ത് ഒരു മരുപ്പച്ച. അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി എന്നാണ് അറിവ് . കിളികളെയും മറ്റും ആകര്‍ഷിക്കാനും കുന്നില്‍ മുകളിലെ മണ്ണൊലിപ്പ് തടയാനും ആയി ഏകദേശം അറുനൂറോളം മാവുകള്‍ വെച്ചുപിടിപ്പിക്കാന്‍ ഉദ്യേശം ഉണ്ടത്രേ. പിന്നെ മെയിന്‍ റോഡില്‍ നിന്നും ഇവിടെ വരെയുള്ള റോഡിനു ഇരുവശത്തും ചെടികള്‍ കൊണ്ടും മരങ്ങള്‍ കൊണ്ടും ഒരു വേലി സൃഷ്ടിക്കാനും ഉദ്യേശം ഉണ്ട് .



അവിടെയല്ലം കറങ്ങി നടന്നും ഫോടോയെടുത്തും അസ്ടമയം കണ്ടും സമയം പോയതറിഞ്ഞില്ല. എനിക്ക് തിരിച്ചു പോകാന്‍ സമയമായി. മടക്കയാത്രയില്‍ ഒന്നും മിണ്ടാതെ സുഹൃത്തിന്റെ വണ്ടിയിലിരിക്കുമ്പോള്‍ മനസ്സ് നിറയെ ഒരു ആഗ്രഹമായിരുന്നു ...അവിടെ വെക്കാന്‍ പോകുന്ന ആ മാവുകള്‍ അവ നിറയെ മാങ്ങകള്‍ , ആ പച്ചപ്പും ഭക്ഷണവും തേടി വരുന്ന അറിയുന്നതും അറിയാത്തതും ആയ പക്ഷികള്‍ . അവക്കിടയിലൂടെ ജോലിയുടെയും ജീവിതത്തിന്റെയും ഭാരം അല്പനെരമെങ്കിലും ഇറക്കി വെക്കാന്‍ വരുന്ന എന്നെ പോലെയുള്ള ആളുകള്‍ .... ഇപ്പോള്‍ തന്നെ ഇത്ര സുന്ദരിയായിരിക്കുന്ന ഈ വിലങ്ങള്‍ കുന്ന് അതിസുന്ദരിയായി മാറില്ലേ അപ്പോള്‍ ..

ഞാന്‍ സ്വപ്നം കാണുകയാണ് ...

ഇത്തരം സ്വപ്നങ്ങളും യാത്രകളും ആണല്ലോ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് .....

Sunday, March 6, 2011

ഗോവ

തിരുവോണത്തിന് നാല് ദിവസം മുന്‍പാണ് ഭാര്യ ആ ചോദ്യം ചോദിച്ചത് , ഈ ഓണത്തിന് നമ്മള്‍ എന്ത് ചെയ്യും ? പെട്ടെന്ന് ഒരു മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ല. പ്രണയ വിവാഹമായതിനാല്‍ രണ്ടു വീട്ടുകാരും, ആത്മാര്‍ത്ഥം എന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്ന ചില കൂട്ടുകാരും കയ്യൊഴിഞ്ഞു ആരുമില്ലാത്ത ഒരവസ്ടയിലായിരുന്നു ഞങ്ങള്‍ . എല്ലാ ഓണത്തിനും നാട്ടിലേക്ക് പോകുകയാണെന്ന് അടുത്ത വീടുകളിലെല്ലാം പറഞ്ഞു എവിടെക്കെങ്കിലും യാത്രകള്‍ പോകുകയാണ് പതിവ്. പക്ഷെ ഇത്തവണ ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണ് . എന്നാല്‍ അതും പറഞ്ഞു വാടകവീട്ടില്‍ അനാഥരായി ഓണം ആഘോഷിക്കാനും വയ്യ. ഞങ്ങള്‍ ആരോരുമില്ലത്തവര്‍ ആണെന്ന് അടുത്ത വീടുകളിലെല്ലാം അറിയും, പിന്നെ അവരുടെ ചോദ്യങ്ങള്‍ , സഹതാപ പ്രകടനങ്ങള്‍ ..... വേണ്ട .... ഒടുവില്‍ ഞാന്‍ ആ തീരുമാനം എടുത്തു, എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെയും മൂന്നു വയസ്സുമാത്രം പ്രായമുള്ള മകനെയും കൊണ്ട് ഗോവയിലേക്ക് ഒരു യാത്രപോകാന്‍ ............

രാവിലെ തന്നെ ട്രെയിന്‍ ടിക്കറ്റ്‌ താത്കാലില്‍ ബുക്ക്‌ ചെയ്യാന്‍ പോയി . താത്കാലില്‍ അല്ലാതെ ഒരെണ്ണം മാത്രം കണ്‍ഫേം ചെയ്തു കിട്ടി, മറ്റേതു ട്രെയിനില്‍ കയറുമ്പോള്‍ കണ്‍ഫേം ചെയ്തുകിട്ടും എന്ന വാക്കും വിശ്വസിച്ചു ഞങ്ങള്‍ യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അടുത്തവീടുകളിലെല്ലാം പോയി ഓണാശംസകള്‍ നേര്‍ന്നു പിന്നെ നാട്ടിലേക്ക് പോകുകയാണ് എന്ന് നുണയും പറഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു .... ഇതുവരെ കാണാത്ത ഒരു നാട്ടിലേക്ക്......

ബൈക്ക് എറണാകുളം റയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിന്‍ കയറി .. ആരുടെയോ ഭാഗ്യം കൊണ്ട് , നല്ലവനായ ടി ടി ആര്‍ താഴത്തെ ബര്‍ത്തില്‍ തന്നെ അടുത്തടുത്ത് രണ്ടു സീറ്റുകള്‍ തരപ്പെടുത്തി തന്നു . വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതുകൊണ്ടും രാത്രിയായതുകൊണ്ടും വേഗം തന്നെ ഉറങ്ങാന്‍ കിടന്നു. ഉറക്കം മാത്രം വന്നില്ല അതാണ്‌ ട്രെയിന്‍ യാത്രകളിലെ എന്റെ പതിവ് .... ഭാര്യും മകനും ഉറങ്ങുന്നതും നോക്കിക്കിടന്നു എപ്പോളോ ഞാനും ഉറങ്ങി പോയി .

രാവിലെ എണീറ്റ്‌ പ്രഭാതഭക്ഷണവും കഴിച്ചു പുറം കാഴ്ചകള്‍ നോക്കിയിരുന്നു . കൊങ്കണ്‍ വഴിയുള്ള യാത്ര വളരെ രസകരമാണെന്ന് പലപ്പോഴായി വായിച്ചരിഞ്ഞിട്ടുണ്ട് . മംഗലാപ്പുരവും ഉടുപ്പിയും പിന്നിട്ടു , ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുള്ള കടല്‍ക്കരയിലെ അമ്പലമായ മുരുധ്വേസ്വര്‍ സ്റെഷനില്‍ ട്രെയിന്‍ എത്തി . ട്രെയിനില്‍ ഇരിക്കുമ്പോള്‍ തന്നെ വഴിയില്‍ പലയിടത്തും വെച്ച് ആ വലിയ ശിവപ്രതിമ കാണാം. ആര്‍ എന്‍ ഷെട്ടി എന്ന വ്യവസായ പ്രമുഖന്‍ , അഞ്ചു കോടി ചിലവഴിച്ചു സ്വന്തം നാടിനു സമര്‍പ്പിച്ചതാണ് ഈ ശിവ പ്രതിമ. ഈ സപര്‍പ്പണം ഈ കടലോരഗ്രാമത്തെ ആകെ മാറ്റി , അങ്ങിനെ ലോകം മുഴുവനും അറിയുന്ന ഒരു പ്രശസ്ത തീര്‍ത്ഥാടന സ്ടാനമായി അത് മാറി . ഞാന്‍ വായിച്ചറിഞ്ഞ വിവരങ്ങളെല്ലാം ഭാര്യക്ക്‌ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു.

കൊങ്കണ്‍ വഴിയുള്ള യാത്ര ശരിക്കും ഇസ്ടപ്പെട്ടു ... ഇടക്കിടെയുള്ള നീണ്ട തുരങ്കങ്ങളില്‍ ട്രെയിന്‍ കടക്കുമ്പോള്‍ ട്രെയിനിനകത്ത് ഇരുട്ട് പരക്കുന്നത് പതിവായപ്പോള്‍ പകലായിട്ടും ട്രെയിനിലെ എല്ലാ ലൈറ്റും ഞാന്‍ കത്തിച്ചുവെച്ചു . തുരങ്കങ്ങളുടെ ഇരുവശങ്ങളിലും പ്രകാശം കുറഞ്ഞ വിളക്കുകള്‍ കത്തുന്നുണ്ടായിരുന്നു . ഈ നീണ്ട തുരങ്കത്തിലെങ്ങാനും മണ്ണിടിഞ്ഞാല്‍ ? എങ്ങനെയാണ് അത് ഡ്രൈവര്‍ അത് അറിയുക ... ട്രെയിനപകടം ഉണ്ടാകും എന്നുറപ്പാണ് .. മനസ്സിലെ സംശയം അതായിരുന്നു ...

പത്തുമണിക്ക് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം മൂന്നുമണിക്ക് ഗോവയിലെ മഡ്ഗാവ് സ്റ്റേഷനില്‍ എത്തും. ഗോവയില്‍ നല്ല മഴയാണെന്നും കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ എല്ലാം വൈകിയാണ് ഓടുന്നത് എന്നും അടുത്തിരുന്ന ആരോ പറഞ്ഞത് അത്ര കാര്യം ആക്കിയില്ല . എപ്പോഴെങ്കിലും എത്തട്ടെ , മകനെ കളിപ്പിച്ചും , ഭാര്യയോടെ സംസാരിച്ചും കാഴ്ചകള്‍ കണ്ടും ട്രെയിനില്‍ സമയം ചിലവഴിച്ചു .



ഒടുവില്‍ കൃത്യം മൂന്നരക്ക് ഗോവയിലെ മഡ്ഗാവ് സ്റെഷനില്‍ ട്രയിനിറങ്ങി. കുറെ ബീച്ചുകള്‍ ഉണ്ട് എന്നല്ലാതെ അത് എവിടെയാണെന്നോ , എവിടെയാണ് താമസത്തിന് നല്ലതെന്നോ ഒന്നും അറിയില്ലായിരുന്നു . തിരക്കിട്ട തീരുമാനമായതിനാല്‍ ആരോടും ഒന്നും ചോദിച്ചില്ല , ഒന്നും വായിച്ചില്ല എന്നതില്‍ വിഷമം തോന്നിയത് അപ്പോളാണ് . ഞങ്ങളുടെ പരുങ്ങല്‍ കണ്ടിട്ടാവാം ഒരാള്‍ അടുത്തുവന്നു . ഗോവയിലെ പ്രധാനപ്പെട്ട ബീച്ചുകളെല്ലാം ഗോവയുടെ തലസ്ടാനമായ, നാല്‍പതു കിലോമീറ്റര്‍ അകലെയുള്ള പനജിലാണ് . ഒന്നുകില്‍ അഞ്ഞൂറ് രൂപയോളം മുടക്കി ടാക്സിയില്‍ അവിടെ പോകാം, റൂം എടുക്കാം അല്ലെങ്കില്‍ ഇവിടെ അടുത്ത് ഒരു ഹോട്ടല്‍ ഉണ്ട് എന്ന് അയാള്‍ പറഞ്ഞു . നല്ല ഹോട്ടല്‍ ആണ് കണ്ടിട്ട് റൂം ഇസ്ടപ്പെട്ടശേഷം എടുത്താല്‍ മതി എന്ന വാക്കുകള്‍ സമ്മതിക്കാതെ തരമില്ലായിരുന്നു . ഇനിയും പനജിവരെയുള്ള യാത്ര, അത് ഭാര്യയോട്‌ ചെയ്യുന്ന ക്രൂരതയാവില്ലേ എന്ന് തോന്നി. കൂടുതല്‍ ചോദിച്ചപ്പോള്‍ അയാള്‍ ഞാന്‍ ബൈക്ക് ടാക്സി ഡ്രൈവര്‍ ആണ് എന്നും മുപ്പതു രൂപ മാത്രം അയാള്‍ക്ക് കൊടുത്താല്‍ മതി എന്നും പറഞ്ഞപ്പോള്‍ അതും സമ്മതിച്ചു. പെട്ടെന്ന് വരാമെന്നും പറഞ്ഞു, അയാളുടെ ബൈക്കിനു പുറകെ കയറി ഞാന്‍ യാത്രയായി .

ഗോവയില്‍ എല്ലായിടത്തും കാണുന്ന ഒന്നാണ് ഈ ബൈക്ക് ടാക്സി .ഹീറോ ഹോണ്ടയുടെ വണ്ടികളാണ് ബൈക്ക് ടാക്സിയായി അധികം കണ്ടത്. ഒറ്റയ്ക്ക് വരുന്ന ഒരാള്‍ക്ക് ഓട്ടോയോ ടാക്സിയോ വിളിക്കുന്നതിനു പകരം ഇത് വിളിച്ചാല്‍ പണം വളരെ ലാഭമാണ് , ഒപ്പം സമയവും. അവര്‍ എങ്ങനെയെങ്കിലും ലക്ഷ്യസ്ടാനത്തു എത്തിക്കും .

സീസനല്ലാത്തതുകൊണ്ട് റൂമിന് ചാര്‍ജ് നാനൂറു രൂപ മാത്രം , നല്ല വലിപ്പമുള്ള റൂമും. പക്ഷെ ഒരേ ഒരു കാര്യം മാത്രം .. ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ്‌ അവിടെ കൊടുക്കണം ... തിരിച്ചുപോരുമ്പോള്‍ മാത്രമേ മടക്കി തരൂ . ഇതിനെക്കുറിച്ചുള്ള പേപ്പര്‍ കട്ടിങ്ങുകളെല്ലാം അവിടെ ഒട്ടിച്ചുവച്ചിരുന്നു . പാന്‍ കാര്‍ഡ്‌ കൊടുത്തു റൂമെടുത്തു.

മടങ്ങിപ്പോരുന്ന വഴിയില്‍ ഒരു ട്രാവല്‍ എജെന്‍സിയില്‍ അയാള്‍ ബൈക്ക് നിറുത്തി. നാളെ ഗോവ കാണാന്‍ ബസ്സ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തുതരാം എന്നയാള്‍ . ആദ്യം സംശയം തോന്നി , അയാള്‍ അവസാനം ഇതെല്ലം കഴിഞ്ഞിട്ട് കാശ് കൂടുതല്‍ ചോദിക്കുമോ എന്ന് . എന്തായാലും വരുന്നതുപോലെ വരട്ടെ എന്നുവിചാരിച്ച് അയാള്‍ പറഞ്ഞത് അനുസരിച്ചു.

അയാള്‍ എനിക്ക് പറഞ്ഞു തന്നു ...ഗോവയിലെ കാഴ്ചകളെ രണ്ടായിട്ടാണ് വിഭജിച്ചിരിക്കുന്നത് , നോര്‍ത്ത് ഗോവയും സൌത്ത് ഗോവയും. നോര്‍ത്ത് ഗോവയില്‍ കൂടുതലും ബീച്ചുകള്‍ ആണ് .മിരാമാര്‍, കലാങ്ങുട്ടെ തുടങ്ങിയ സ്ടലങ്ങള്‍ നോര്‍ത്ത് ഗോവയിലാണ് . സൌത്ത് ഗോവയും ഏകദേശം അതുപോലെതന്നെയാണ് . ഞാന്‍ സൌത്ത് ഗോവ മതിയെന്ന് പറഞ്ഞു , കാരണം പ്രസസ്തമായ കുറച്ചു ബീച്ചുകളും പിന്നെ സെന്റ്‌ ഫ്രാന്‍സിസ് സെവ്യരുടെ ശവശരീരം അടക്കം ചെയ്തിട്ടുള്ള പള്ളിയും ഈ യാത്രയില്‍ കാണാന്‍ കഴിയുമെന്നതാണ് കാരണം . രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള യാത്രക്ക് വെറും നൂറുരൂപ മാത്രം , അതും രാവിലെ അവര്‍ നമ്മുടെ ഹോട്ടലില്‍ വന്നു കൊണ്ടുപോകും, രാത്രി തിരികെ കൊണ്ടുവരും . ശരിക്കും അത് ലാഭമായാണ് തോന്നിയത് .



മഴയായതിന്നാല്‍ രാത്രി ഞാന്‍ മാത്രം പുറത്തിറങ്ങി, അടുത്തുള്ള രെസ്റൊരന്റില്‍ കയറി. മുകളില്‍ ബാര്‍ എന്ന ബോര്‍ഡ് , കയറി നോക്കി .. നമ്മുടെ നാട്ടില്‍ കാണുന്ന ഒറ്റമുറി കടയുടെ വലിപ്പം മാത്രമുള്ള ഒരു ബാര്‍ . മെനു കാര്‍ഡില്‍ നോക്കിയപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല , ഒരു പെഗ് മദ്യത്തിനു വില എട്ടു രൂപ മുതല്‍ .. ഗോവയില്‍ മദ്യത്തിനു വിലക്കുറവാണ് എന്ന് കേട്ടിരുന്നു എന്നാല്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല . അപ്പോഴാണ്‌ ഗോവയിലെ ഫെനിയെക്കുറിച്ച് ഓര്‍ത്തത് . ഫെനി ഇതുവരെ കഴിച്ചിട്ടില്ല എന്നും നല്ല ഫെനി രണ്ടു പെഗ് തരാന്‍ പറഞ്ഞു , രുചി അറിയാന്‍ വെള്ളം മാത്രം ഒഴിച്ച് കഴിച്ചു നോക്കി . കഴിച്ചപ്പോള്‍ മനസ്സില്‍ ചിരിയാണ് വന്നത് . നാട്ടില്‍ പണ്ട് അച്ചാച്ചന്‍ രഹസ്യമായി വാറ്റിയിരുന്ന കശുമാങ്ങാ ചാരായത്തിന്റെ അതെ രുചി. ബാര്‍മാന്‍ കൂടുതല്‍ പറഞ്ഞുതന്നു .. ഗോവയില്‍ ഒരു പാട് കശുമാവുണ്ടത്രേ, അതില്‍ നിന്നും കിട്ടുന്ന കശുമാങ്ങ ഒന്ന് പോലും കളയാതെ അവര്‍ ഫെനിയുടാക്കുമത്രേ.. എന്നിട്ട് നല്ല ഭംഗിയുള്ള കുപ്പികളിലാക്കി വില്‍ക്കും . ഇവിടെ വരുന്നവരെല്ലാം കുറെ വാങ്ങികൊണ്ട് പോകാറുണ്ട് എന്നും പറഞ്ഞു . എത്ര ഫെനി വേണമെങ്കിലും വാങ്ങി കൊണ്ട് പോകാം അതിനു യാതൊരു നിയമതടസവും ഇല്ല എന്നും പറഞ്ഞപ്പോള്‍ കേരളത്തെ കുറിച്ചാണ് ഓര്‍ത്തത്‌ . നമ്മള്‍ എത്ര കശുമാങ്ങ വെറുതെ കളയുന്നു. നമ്മുടെ നാടിലെ കള്ള് കുപ്പിയിലാക്കി ഇതുപോലെ വിറ്റുകൂടെ എന്നൊക്കെ ആലോചിച്ചു , ഫെനി കഴിച്ചുവസാനിപ്പിച്ചു .

റൂമിലെത്തി ഭക്ഷണം കഴിച്ചു , യാത്രക്ഷീണത്തില്‍ ഭാര്യയും മകനും ഫെനിയുടെ ലഹരിയില്‍ ഞാനും വേഗം ഉറങ്ങിപ്പോയി. നാളെ കേരളത്തില്‍ തിരുവോണമാണ്‌ എന്ന് പോലും മറന്ന്........

കാഴ്ചകള്‍ കാണാന്‍ ഞങ്ങള്‍ ടിക്കറ്റ്‌ എടുത്ത ട്രാവല്‍ കമ്പനിയുടെ ബസ്‌ രാവിലെ കൃത്യം ഒന്‍പതുമണിക്ക് തന്നെ എത്തി . യാത്ര തുടങ്ങി , ഓരോ ഹോട്ടലിന്റെ മുന്‍പിലും നിറുത്തി ആളെ കയറ്റി അങ്ങിനെ അങ്ങിനെ പത്തു മണിക്കാണ് ശരിക്കും യാത്ര തുടങ്ങിയത് . ബസ്സില്‍ ഒരു ഗൈഡ് ഉണ്ടായിരുന്നു, ഒരു ചെറുപ്പക്കാരന്‍ , അയാള്‍ ഇംഗ്ലീഷിലും പിന്നെ ഹിന്ദിയിലും രസകരമായി ഗോവയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു .


ഞങ്ങള്‍ ആദ്യം പോയത് ബിഗ്‌ ഫുട് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു മ്യുസിയം കാണാനാണ് . ലുറ്റൊലിം എന്ന എന്ന ഗോവന്‍ ഗ്രാമത്തിലാണ് ഈ മ്യുസിയം. ഇവിടെ ഒരു ഗോവന്‍ ഗ്രാമത്തിനെ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണെന്ന് ഗൈഡ് പറഞ്ഞു , ഫെനിയുണ്ടാക്കുന്നത് , കൃഷി ചെയ്യുന്നത് , എല്ലാം ഇവടെ കാണാമത്രെ. ഗോവന്‍ ഭരണാധികാരികള്‍ താമസിച്ചിരുന്ന ഒരു ചെറിയ കൊട്ടാരവും അതെ പോലെ തന്നെ കാണാമെന്നും പറഞ്ഞു . പക്ഷെ ടിക്കെറ്റിന്റെ വില
കേട്ടപ്പോള്‍ ഞെട്ടിപ്പോയി - രണ്ടിടത്തുമായി ഒരാള്‍ക്ക്‌ നൂറ്റി അമ്പതു രൂപ , ക്യാമറ ഇരുപത് വേറെ ...

ആ ചെറിയ കൊട്ടാരം കണ്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായി , മുന്നൂരുരൂപ വെറുതെ കളഞ്ഞു എന്ന് , നമ്മുടെ നാട്ടിന്‍പുറത്ത് കാണുന്ന ഒരു വലിയ തറവാട് വീട് , പഴ കുറെ പാത്രങ്ങളും , ആഭരണങ്ങളും , വസ്ത്രങ്ങളും എല്ലാം അതെ പടി സൂക്ഷിച്ചിരിക്കുന്നു , ഒരു പക്ഷെ ചരിത്ര വിദ്യാര്‍ത്ഥിക്ക് ഇത് വളരെ വിലപിടിച്ച പഠന വസ്തുക്കള്‍ ആകാം,ഞങ്ങള്‍ക്ക് ഒന്നും തോന്നിയില്ല എന്ന് മാത്രം. നമ്മുടെ പദ്മനാഭപുരം പാലസും , ത്രിപ്പുനിത്തുര പാലസും വച്ച് നോക്കുമ്പോള്‍ ഇത് അതിന്റെ ഏഴയലത്ത് വരില്ല എന്ന് തോന്നി .

അടുത്തതായി ഗോവന്‍ ഗ്രാമത്തിന്റെ നേര്പകര്‍പ്പായ ശില്പങ്ങളും, മാതൃകകളും പ്രദര്‍ശിപ്പിക്കുന്ന മ്യുസിയം കാണാന്‍ പോയി . കൃഷിക്കാരുടെയും , ആയുധങ്ങളുടെയും , അവരുടെ കൃഷിരീധികളും അവിടെ ഒരു സിനിമ സെറ്റ് പോലെ ഇട്ടു വെച്ചിരിക്കുന്നു , അവിടത്തെ ഏറ്റവും വലിയ പ്രത്യേകത ഒരു അവര്‍ എടുത്തു പറയുന്നത് ഒരു ശില്പമാണ് - മീരബായിയുടെ ഒറ്റക്കല്ലില്‍ തീര്‍ത്ത ഇന്ത്യയിലെ ഏറ്റവും വലിയ ശില്പം- ഇത് ലിംകാ രേകോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട് എന്നും ഗൈഡ് പറഞ്ഞുതന്നു . ഞങ്ങള്‍ എല്ലാം കണ്ടു നടന്നു . പക്ഷെ മനസ്സ് നിറയെ മുന്നൂരുരൂപ കളഞ്ഞ സങ്കടമായിരുന്നു . ഒരു വിധത്തില്‍ അവിടെ നിന്നും പുറത്തു കടന്നു .

പിന്നീടാണ് അറിഞ്ഞത് അത് പ്രൈവറ്റ് ആളുകള്‍ നടത്തുന്ന ഒരു മ്യുസിയം ആണ് എന്ന് . ഞങ്ങളെ കൊണ്ടുവന്ന ബസ്സിനു നല്ല കമ്മീഷന്‍ കിട്ടുമത്രേ . ഗോവയെക്കുറിച്ചു ഒന്നുമറിയാതെ വരുന്നവരെ ഭയങ്കര കാഴ്ചകള്‍ കാണാവുന്ന ഒരു മ്യുസിയം ഉണ്ട് എന്നും പറഞ്ഞു ഈ ചെറിയ മ്യുസിയം കാണിച്ചു വലിയ തുക ഫീസും വാങ്ങി നടത്തുന്ന ഒരു തട്ടിപ്പാണ് ഇത് . എന്തായാലും ഞങ്ങള്‍ അതിനിരയായി .



അത്രക്കും പ്രശസ്തമല്ലാത്ത ഒരു അമ്പലവും ഒരു ചെറിയ പള്ളിയും കാണിച്ചുതന്ന ശേഷം ഞങ്ങള്‍   പ്രശസ്തമായ സെന്റ്‌ ഫ്രാന്‍സിസ് സാവ്യരുടെ ഭൌതിക അവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളിയില്‍ പോയി . ബസിലിക്ക ഓഫ് ബോം ജീസസ് എന്നാണ് ആ പള്ളിയുടെ പേര് . ക്രിസ്തീയ പ്രചാരണത്തിന് ഇന്ത്യയില്‍ വന്ന ഒരു മിഷനരിയായിരുന്നു അദ്ദേഹം. 1552ലില്‍ അദ്ദേഹത്തിന്റെ മരണശേഷം കുറെ നാളുകള്‍ കഴിഞ്ഞു ശവക്കല്ലറ പൊളിച്ചു നോക്കിയപ്പോള്‍ ആ ശരീരം ഒരു തരി പോലും ദ്രവിക്കാതെ അങ്ങിനെ തന്നെ ഉണ്ടായിരുന്നു. അങ്ങിനെയാണ് അദ്ദേഹം വിശുദ്ധന്‍ ആയി പ്രക്യാപിക്കപ്പെട്ടത്‌ .

പള്ളിയില്‍ കടന്നു ആ ഭൌതിക അവശിഷ്ടം കണ്ടു . അത് സാമാന്യം നല്ല ഉയരത്തില്‍ ആണ് വെച്ചിരിക്കുന്നത് . താഴെ നിന്നും കാണുമ്പോള്‍ അകലെ ഒരു ശവപെട്ടിയില്‍ ഒരു വ്യക്തമല്ലാത്ത ഒരു മുഖം കാണാം, പള്ളിയുടെ ഉള്ളില്‍ വെളിച്ചം വളരെ കുറവ് . ഒരു ഫോട്ടോ പോലും വ്യക്തമായി കിട്ടിയില്ല . പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ ഈ ശരീരം താഴെ ഇറക്കി ഏകദേശം ഒരു മാസത്തോളം ജനങ്ങള്‍ക്ക്‌ തൊട്ടു വണങ്ങാന്‍ അനുവദിക്കാറുണ്ട് എന്നും അറിഞ്ഞു . ഇനി മൂന്ന് വര്ഷം കൂടി കഴിയണം അടുത്ത പ്രദര്‍ശനത്തിന്. കഴിഞ്ഞ തവണ പത്തുലക്ഷത്തോളം പേരാണ് ഇവിടെ ഇത് കാണാന്‍ എത്തിയത് .



അവിടെ നിന്നും പോരുമ്പോള്‍ കടലില്‍ കിടക്കുന്ന ഒരു കപ്പല്‍ കണ്ടു . ചൂതാട്ടത്തില്‍ താല്പര്യമുള്ള വലിയ പണക്കാര്‍ക്ക് വേണ്ടി , എല്ലാ സൌകര്യങ്ങളും ഉള്ള ഒരു കപ്പല്‍ . കരയില്‍ നിന്നും കപ്പല്‍ വരെ ബോട്ടില്‍ കൊണ്ട് പോകും, തിരികെ കൊണ്ട് വരും . ടിവിയില്‍ കണ്ട ലാസ് വേഗാസിലെ ചൂതാട്ട തെരുവുകളും ജെയിംസ്‌ ബോണ്ടിന്റെ കാസിനോ റോയലെ എന്നാ സിനിമയും മനസ്സില്‍ ഓര്മ വന്നു . പണക്കാരുടെ മാത്രം ഒരു ലോകം .

റോഡില്‍ കാണുന്ന ഗോവക്കാരുടെ വസ്ത്രധാരണം ഒരു കാഴ്ചയായിരുന്നു . ചെറിയ കുട്ടികള്‍ മുതല്‍ അമ്മൂമ്മമാര്‍ വരെ കൂടുതലും മിഡിയും ടോപുമാണ് ധരിച്ചിട്ടുള്ളത്‌. ഗോവക്കാര്‍ കൂടുതലും കറുത്തവര്‍ ആണ് എന്ന് തോന്നി . ആ നാട്ടുകാരനായ ഞങളുടെ വഴികാട്ടിയും കറുത്തിട്ടായിരുന്നു.

സമയം ഒന്നരയായി, അല്പസമയത്തിനുള്ളില്‍ തന്നെ ഒരു  ഹോട്ടെലിന്റെ  മുന്‍പില്‍ വണ്ടി നിറുത്തി. ഞാന്‍  ഗൈഡിന്റെ   അടുത്തെത്തി ഗോവന്‍ ഭക്ഷണത്തെ കുറിച്ച് ചോദിച്ചു , ഇവിടത്തെ മീന്‍ കറി വളരെ പെരുകേട്ടതാണെന്ന് അയാള്‍ .

ഹോട്ടലില്‍ നല്ല തിരക്കായിരുന്നു. മെനു കാര്‍ഡിന്റെ ഒരു ഒരു വശത്ത് മദ്യത്തിന്റെ വില വിവരം കൊടുത്തിരിക്കുന്നത്‌ കണ്ടപ്പോള്‍ അടുത്തുള്ള മേശകളില്‍ നോക്കി. എല്ലാവരുടെയും മുന്‍പില്‍ മദ്യ ഗ്ലാസ്സുകള്‍ ഇരിക്കുന്നുണ്ട്‌ . ശരിക്കും അധ്ഭുധമാണ് തോന്നിയത് , കാരണം സ്ത്രീകളും കുട്ടികളും അടുത്തിരുന്നു ഭക്ഷണം കഴിക്കുന്നു , ആണുങ്ങള്‍ മദ്യപിക്കുന്നു , ഒരു ബഹളമോ , സ്ത്രീകളെ കാണുമ്പോള്‍ ഉള്ള തുറിച്ചു നോട്ടമോ ഒന്നും ആരിലും കണ്ടില്ല . ചായ കുടിക്കുന്നത് പോലെ മദ്യപിക്കുന്നു. കുടിയന്മാര്‍ ആര്‍കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല . നല്ല മദ്യപാനികള്‍ എന്ന് പേരെടുത്ത കേരളീയര്‍ക്ക് അനുകരിക്കാനവുന്ന ഒരു നല്ല മാതൃക . ഞാനും ഒരു മാന്യനായ കുടിയനായി രണ്ടെണ്ണം കഴിച്ചു .ഒപ്പം ഗോവയിലെ മീന്‍ കറിയും. നാളികേരപ്പാലില്‍ വച്ച പരിചയമില്ലാത്ത ഏതോ ഒരു മീനിന്റെ കറി. രസകരമായിരുന്നു അത് . നമ്മുടെ നാട്ടിലെത് പോലെ തന്നെ , എരിവു ഇത്തിരി കുറവായിരുന്നു എന്ന് മാത്രം .



അടുത്തതായി ഡോണ പൌല എന്ന ബീച് കാണാന്‍ പോയി . ഇവടത്തെ പ്രതെകത എന്ന് പറയുന്നത് , ജല വിനോദങ്ങള്‍ ആണ് . വാട്ടര്‍ സ്കൂട്ടെര്‍ , കയകിംഗ് , യാട്ച്ചിംഗ് , വാട്ടര്‍ സ്കിയിംഗ് തുടങ്ങിയവയ്ക്ക് പേര് കേട്ടതാണ് ഇവിടം . ഡോണ പൌല എന്ന പേര് ഈ ബീച്ചിനു വരാനുള്ള കാരണം അറിഞ്ഞു . ഇവിടത്തെ വ്യ്സ്രോയിയുടെ മകളായിരുന്നു ഡോണ പൌല. ഇവിടെയുള്ള ഒരു മീന്പിടുത്തക്കാരനുമായി ഉണ്ടായിരുന്ന പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് അവള്‍ ഇവിടത്തെ ഉയരമുള്ള കുന്നില്‍ നിന്നും ചാടി മരിക്കുകയായിരുന്നു . കമലാഹാസ്സന്റെ ഏക്‌ ദുജെ കേലിയെ എന്ന ഹിന്ദി സിനിമയിലെ പ്രധാന രംഗങ്ങള്‍ ഇവിടെയാണത്രെ ഷൂട്ട്‌ ചെയ്തിരിക്കുന്നത് .

ആളുകള്‍ ജല വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും മറ്റും കുറച്ചു നേരം കണ്ടു നിന്നു. പിന്നെ ഡോണ പൌല അത്മഹത്യ ചെയ്ത കുന്നിന്‍ മുകളിലേക്ക് കയറി . ആളുകള്‍ക്ക് കയറാന്‍ സിമന്റിന്റെ പടികള്‍ ഉണ്ടായിരുന്നു . അത് കൊണ്ട് വേഗം മുകളിലെത്തി .അവിടെ നിന്നും നോക്കിയാല്‍ മനോഹരമായ കടല്‍ കാണാം. താഴെ പാറകള്‍ നിറഞ്ഞ കടല്‍തീരം. നല്ല കാറ്റും ഒപ്പം നല്ല വെയിലും . അധികനേരം നിന്നില്ല കുറച്ചു ഫോടോകലെടുത്തു മടങ്ങിപ്പോന്നു .

ബസ്സില്‍ എത്തുന്നതിനു മുന്‍പേ മഴ തുടങ്ങി . ചെറിയ മഴ ഇടയ്ക്കു പെയ്യുന്നുണ്ടായിരുന്നു എങ്കിലും അത് യാത്രക്ക് ഒരു തടസമായിരുന്നില്ല ഇത് വരെ . ഒരു കണക്കിന് ബസ്സിലെത്തി .

വണ്ടി അടുത്ത ബീച്ചിലെത്തി . മഴ കാരണം ആരും ഇറങ്ങുന്നില്ല.

ഇന്നത്തെ യാത്രയില്‍ ഇനി ബാക്കിയുള്ളത് കൊള്‍വ ബീച് മാത്രം . അത് ഗോവയിലെ പേര് കേട്ട ബീച്ചാണ് . അവിടെ എത്താന്‍ അര മണിക്കൂര്‍ വേണമെന്നും അതിനുള്ളില്‍ മഴ മാറുമെന്നും കരുതിയത്‌ തെറ്റിയില്ല . നല്ല അന്തരീക്ഷമായിരുന്നു അവിടെ, അവിടെയും അല്പം മുന്‍പ് നന്നായി മഴ പെയ്തിരുന്നു എന്ന് മനസ്സിലായി . അത് കൊണ്ട് തന്നെ ആളുകള്‍ വളരെ കുറവ് . ഒപ്പം വന്നവരില്‍ പലരും കുളിക്കാനിറങ്ങി , ഒപ്പം ഞാനും മകനും, ഫോട്ടോ ഗ്രാഫര്‍ ആയി ഭാര്യയും . കടലിനു ആഴം വളരെ കുറവായിരുന്നു . തിരമാലകള്‍ക്ക് ശക്തി കുറവും . അതാണ്‌ ഗോവന്‍ ബീച്ചുകളുടെ ആകര്‍ഷണം. അടിവഷ്ട്രം മാത്രമിട്ട് മകന്‍ വെള്ളത്തില്‍ വികൃതികള്‍ തുടങ്ങിയപ്പോള്‍ കണ്ടുനിന്ന ഒരു വിദേശ വനിത അവന്റെ ഫോടോയെടുക്കുന്നത് കണ്ടു .

ബീച്ചിനടുത്ത് താമസിക്കാനായി ഒരുപാടു ഹോട്ടെലുകള്‍ കണ്ടു , ഡബിള്‍ റൂം വെറും നാനൂറു രൂപ എന്നും ബോര്‍ഡില്‍ കണ്ടപ്പോള്‍ നഷ്ടഭോധം തോന്നി , ഇന്നലെ അവിടെ വന്നു താമസ്സിക്കാംമായിരുന്നു .

അങ്ങിനെ കുളിയും കളിയുംമെല്ലാം കഴിഞ്ഞു വണ്ടിയില്‍ കയറി , മഴ വീണ്ടും ചാറി തുടങ്ങി . ഞങ്ങള്‍ മടക്കയാത്ര തുടങ്ങി . ഓരോ ഹോട്ടലിന്റെ മുന്‍പിലും ആളെ ഇറക്കി അവസാനം ഞങ്ങളെയും ഹോട്ടലിന്റെ മുന്‍പില്‍ ഇറക്കി . വളരെ രസകരമായി ഗോവയെക്കുരിച്ചു പറഞ്ഞു തന്ന വഴികാട്ടിക്കു നന്ദിയും പറഞ്ഞു ബസ്സിറങ്ങി.

കാലാവസ്ഥ നല്ലതല്ലത്തതിനാല്‍ ഞങ്ങള്‍ ഗോവയോടെ പിറ്റേന്ന് തന്നെ യാത്ര പറഞ്ഞു , മൂകാംബികയും മുരുദ്വെസരും, ബേക്കലും കണ്ടു നാല് ദിവസ്സം കഴിഞ്ഞു ഞങള്‍ തിരിച്ചെത്തി ..........ആര്‍ക്കും ഒരസുഖവും ഇല്ലാതെ ....യാത്രയുടെ ചെറിയ ക്ഷീണം മാത്രം ശരീരത്തില്‍ , പിന്നെ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഓണസദ്യ കഴിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടവും ....

അടുത്ത വര്ഷം രണ്ടു പേരുടെയും അച്ഛനമ്മമാരുമായി, പിറക്കാനിരിക്കുന്ന കുഞ്ഞുമായി ഒരു ഓണസദ്യ കഴിക്കാന്‍ ഭഗവാന്‍ ഒരവസരം തരുമോ ......................................?

മനസ്സ് വെറുതെ ചോദിച്ചുകൊണ്ടിരുന്നു ..............

Monday, February 28, 2011

ഞാറക്കല്‍ അക്വാ ടൂറിസം സെന്റര്‍

കഴിഞ്ഞ ക്രിസ്തുമസ് അവധിക്കാലത്ത്‌, എറണാകുളത്തിനടുത്തുള്ള ഞാറക്കല്‍ എന്ന സ്ഥലത്തുള്ള മത്സ്യഫെഡിന്റെ അക്വാ ടൂറിസം സെന്ററിനെ കുറിച്ചു ഒരു യാത്രാ മാഗസിനില്‍ ചെറിയ വിവരണം വായിച്ചു . ചൂണ്ടയിടുന്നതിനും, ബോട്ടിങ്ങിനും, കുടുംബവുമായി ഒരു ദിവസ്സം ചിലവഴിക്കാനും പറ്റിയ ഒരിടമെന്ന ഒരു വാചകമാണ് എന്നെ ഈ യാത്രക്ക് പ്രേരിപ്പിച്ചത് .വായനയുടെ പിറ്റേന്ന് രാവിലെ തന്നെ യാത്രതുടങ്ങി, സഹയാത്രികരായി ഭാര്യയും ചെറിയ രണ്ടു കുട്ടികളും.

എറണാകുളത്തെ കലൂരില്‍ നിന്നാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത് . കലൂരില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്തിലാണ് ഞാറക്കല്‍ എന്ന സ്ടലം. എറണാകുളം ഹൈ കോര്‍ട്ടും , ഗോശ്രീ പാലങ്ങളും കടന്നു വൈപ്പിന്‍ - ചെറായി റൂട്ടിലൂടെ യാത്രചെയ്താല്‍ ഞാറക്കല്‍ എത്താം . ആദ്യമായി എറണാകുളം കാണാന്‍ വരുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പാട് കാഴ്ചകള്‍ ഈ വഴിയിലുണ്ട് . പ്രശസ്തമായ ബോള്‍ഗാട്ടി പാലസ് , വല്ലാര്‍പാടം ബസിലിക്ക , ചീന വലകള്‍ ഉള്ള വൈപ്പിന്‍ ബീച് , വല്ലാര്‍പ്പാടം കണ്ടൈനര്‍ പദ്ധതി പ്രദേശം, പുതുവ്യ്പ്പിലെ മനോഹരമായ ലൈറ്റ് ഹൌസും ബീച്ചും എല്ലാം ഈ യാത്രക്കിടയില്‍, പ്രധാന റോഡില്‍ നിന്നും അല്പദൂരം വഴിമാറിയാല്‍ കാണാം .

ഏകദേശം അരമണിക്കൂര്‍ എടുത്തു ഞാറക്കല്‍ സെന്ററില്‍ എത്താന്‍. വഴി ചോദിക്കാന്‍ വണ്ടി നിറുത്തി അക്വാ സെന്ററില്‍ എത്താന്‍ ഉള്ള വഴി ചോദിച്ചു . ഞാരക്കലാണോ മാലിപ്പുറം ആണോ ഉദ്ദേശിച്ചത് എന്ന് മറുപടി വന്നു. അത് ഒരു പുതിയ അറിവായിരുന്നു . ഞാരക്കലും അതിനടുത്ത സ്ടലമായ മാലിപ്പുറത്തും ഒരേ പോലെയുള്ള രണ്ടു അക്വാ സെന്ററുകള്‍ ഉണ്ട് എന്നത് . ഞങ്ങള്‍ ഞാറക്കല്‍ തിരഞ്ഞെടുത്തു വഴിയും ചോദിച്ചു വീണ്ടും യാത്ര തുടങ്ങി .



ഞാറക്കല്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ അകലെയാണ് ഈ അക്വഫാം. റോഡരികില്‍ തന്നെ ആയിരുന്നു ടിക്കറ്റ്‌ കൌണ്ടര്‍. രണ്ടു തരം ടിക്കറ്റ്‌ ആണ് ഇവിടെ ഉള്ളത് . 150 രൂപയുടെ പ്രവേശന ടിക്കറ്റില്‍ ഉച്ചയ്ക്ക് മീന്‍ കറിയും മീന്‍ വറുത്തതും കൂട്ടി വിശാലമായ ഒരു ഊണും, ഒരു കപ്പു ഐസ് ക്രീമും, അര മണിക്കൂര്‍ ബോട്ടിങ്ങും ഉള്‍പ്പെടുത്തിയിരിക്കുന്നു. 100 രൂപയുടെ ടിക്കെറ്റില്‍ ബോട്ടിങ്ങും ഐസ് ക്രീമും മാത്രം. മുന്‍പ് എല്ലാ ടിക്കെട്ടിനോടും ഒപ്പം ഒരു കരിക്കുകൂടി എല്ലാവര്‍ക്കും കൊടുക്കുമായിരുന്നുവത്രേ. പക്ഷെ തിരക്ക് കൂടിയപ്പോള്‍ അവര്‍ അത് എടുത്തു കളഞ്ഞു , പക്ഷെ ടിക്കറ്റ്‌ നിരക്ക് കുറച്ചതുമില്ല. ഒരു നല്ല കച്ചവടതന്ത്രം. ഞങള്‍ 150 രൂപയുടെ ടിക്കറ്റെടുത്ത് മുകളില്‍ കാണുന്ന ഫോട്ടോയിലെ മനോഹരമായ ഒരു മരപ്പാലവും കടന്നു അക്വാ ഫാമിന്റെ അകത്തെത്തി.



വെള്ളം നിറഞ്ഞു കിടക്കുന്ന മനോഹരമായ കായലിന്റെ ഒരു ഭാഗം (അതോ ഒരു വലിയ പാടമോ) ആണ് കാഴ്ചയില്‍ ആദ്യം പെട്ടത്. ചുറ്റും വരി വരിയായി നില്‍ക്കുന്ന തെങ്ങുകളും, ഇവക്കിടയില്ലൂടെ യാത്രയുടെ ക്ഷീണം അകറ്റാനായി കടന്നു വരുന്ന കുളിര്‍കാറ്റും. അത്രക്കും സുന്ദരമായിനുന്നു ആ സ്ടലം. അവധിക്കാലമായതിനാല്‍ പ്രതീക്ഷിച്ചതിലും അധികം ആളുകളുണ്ടായിരുന്നു. ചെറിയ കുട്ടികളടങ്ങിയ കുടുംബങ്ങളാണ് അവിടെ അധികവും. ഞങ്ങളും ആ തിരക്കില്‍ അലിഞ്ഞു ചേര്‍ന്നു.


കുടുംബസ്ത്രീ പ്രവര്‍ത്തകരാണ് അവിടത്തെ ഭക്ഷണത്തിന്റെയും മറ്റു കാര്യങ്ങളും നോക്കുന്നത് . അതുകൊണ്ട് തന്നെ ജോലിക്കാരില്‍ ഭൂരിഭാഗവും സ്ത്രീകള്‍ ആയിരുന്നു . അല്‍പസമയം കാത്തു നിന്ന് തിരക്കിലൂടെ ഒരു ചൂണ്ടയും ഒരു കുപ്പി വെള്ളവും വാങ്ങി. ചൂണ്ട കണ്ടതോടെ അതുവരെയുണ്ടായിരുന്ന ആവേശമെല്ലാം പോയി. വെറുതെ ഒരു ചെറിയ വടിയും, അല്‍പ നീളത്തില്‍ പ്ലാസ്റ്റിക്‌ നൂലും, സാമാന്യം വലിയ ഒരു കൊളുത്തും. പരസ്യങ്ങളിലും മറ്റും കാണുന്നത് പോലെയുള്ള ഒരു പ്രൊഫെഷണല്‍ ചൂണ്ട പ്രതീക്ഷിച്ചതാണ് ഞങ്ങളില്‍ നിരാശയുണ്ടാകാന്‍ കാരണം . ഒരു ചൂണ്ടക്കു 20 രൂപ. അതില്‍ 10 രൂപ ചൂണ്ട തിരിച്ചു പോകുമ്പോള്‍ മടക്കികൊടുത്താല്‍ കിട്ടുമെന്നും അറിഞ്ഞു .അവര്‍ ചൂണ്ടയുടെ എണ്ണവും വാങ്ങുന്നവരുടെ പേരും ഒരു നോട്ടുബുക്കില്‍ എഴുതി വെക്കുന്നതും കണ്ടു. മീന്‍ പിടിക്കുമ്പോള്‍ ഇരയായി ചൂണ്ടയില്‍ കൊളുത്താന്‍ മൈദയും മറ്റേതോ പൊടികളും മിക്സ്‌ ചെയ്ത ഒരു ചെറിയ ഉണ്ടയും തന്നു. എത്ര ശ്രമിച്ചിട്ടും എന്താണ് ആ മിക്സിംഗ് എന്ന് മനസ്സിലാക്കാന്‍ ആയില്ല.


കുറച്ചു നേരം ചൂണ്ടയിട്ടിട്ടും ഒന്നും കിട്ടിയില്ല. ചൂണ്ടയിലെ തീറ്റ മുഴുവനും മീനുകള്‍ ആഹാരമാക്കുന്നതല്ലാതെ മീനിനെ ഒന്നും കിട്ടുന്നില്ല. മുന്‍പ് നാട്ടിലെ കുളത്തിലും തോടുകളിലും ചൂണ്ടയിട്ടും അല്ലാതെയും ഒരു പാട് തവണ മീന്‍ പിടിച്ചു പരിചയമുള്ളതുകൊണ്ട് ചൂണ്ടയിലെ ഇരയാണ് മീനെ കിട്ടാത്തതിന്റെ കാരണം എന്ന് മനസ്സിലായി. ചെറിയ മീനുകള്‍ക്ക് എപ്പോഴത്തെയും ഇഷ്ട ഭക്ഷണം മണ്ണിരയാണ് . മണ്ണിര ആണെങ്കില്‍ ചൂണ്ടയുടെ കൊളുത്തില്‍ നിന്നും എളുപ്പത്തില്‍ വിട്ടു പോകുകയും ചെയ്യില്ല. പക്ഷെ കുറെ തപ്പി നടന്നിട്ടും അവിടെയെങ്ങും ഒരു മണ്ണിരയെപ്പോലും കാണാനുമില്ല. അങ്ങിനെ വീണ്ടും പഴയപോലെ ചൂണ്ടയിട്ടു. അച്ഛന്‍ ഇതുവരെയായിട്ടും മീനെ പിടിക്കാത്തതില്‍ നാല് വയസ്സുകാരന്‍ മകന്‍ പരിഭവം കാട്ടിത്തുടങ്ങി. അങ്ങിനെ അവസാനം ഒരു പാട് കഷ്ടപ്പെട്ടു ഒരു കരിമീന്‍ കുഞ്ഞിനെ ചൂണ്ടയിലാക്കി മകന്റെ മുന്‍പില്‍ അഭിമാനം കാത്തു രക്ഷിച്ചു.



പലയിടങ്ങളിലും ആളുകള്‍ക്ക് വെയില്‍ ഏല്‍ക്കാതെ ഇരിക്കാനായി(കിടക്കാനും) ഓലയുടെ മേല്കൂരയുള്ള ചെറിയ കുടിലുകള്‍ കെട്ടിയിരുന്നു. തെങ്ങിന്റെ തണലില്‍, ഓല മേല്കൂരക്കടിയില്‍ കാറ്റും കൊണ്ടിരിക്കുമ്പോള്‍ പുറത്തെ അസഹ്യമായ വെയിലിനെ നമ്മള്‍ മറന്നുപോകും. നഗരത്തിന്റെ തിരക്കില്‍ നിന്നും മാറി, അല്പം ശുദ്ധവായുവും ശ്വസിച്ചു നടന്നപ്പോള്‍ തന്നെ വല്ലാത്ത ഒരാശ്വാസം തോന്നി. ഒപ്പം അല്പം സങ്കടവും ... എത്ര കിട്ടിയാലും മതിവരാത്ത പണത്തിനു പിറകെ നടന്നു ജീവിതത്തിലെ പല നല്ല കാഴ്ചകളും നഷ്ടപ്പെടുത്തുകയാണ് എന്ന സങ്കടം. സൂര്യന്‍ ഉദിക്കുന്നതും അസ്ടമിക്കുന്നതും കണ്ട നാള്‍ മറന്നിരിക്കുന്നു. അവിടെ വന്നിരിക്കുന്നവരില്‍ പലരും ഈ തരത്തിലുള്ള ആളുകളാണ് എന്ന് ഉറപ്പായിരുന്നു.



നാലുപേര്‍ക്ക് കയറാവുന്ന പെഡല്‍ ബോട്ടുകളും പിന്നെ തുഴയാവുന്ന തരം ബോട്ടുകളും ആണ് ഇവിടെ ഉള്ളത് . അതിനുള്ള കാശ് ടിക്കെറ്റില്‍ ഉള്പ്പെടുത്തിയതിനാല്‍ ആ ടിക്കെറ്റ് കാണിച്ചു കൊണ്ട് ബോട്ടില്‍ കയറാം. അര മണിക്കൂറാണ് സമയം അനുവദിക്കുന്നത് . പക്ഷെ ഏകദേശം ഒരു മണിക്കൂര്‍ കാത്തു നിന്നിട്ടും ബോട്ടുകള്‍ ഒന്നും കരയിലേക്ക് കയറുന്നില്ല. ഓരോരുത്തരും കയറുന്ന സമയവും മറ്റും അവിടെയിരിക്കുന്ന ആള്‍ നോക്കുകയോ കൂടുതല്‍ സമയം എടുക്കുന്നവരെ തിരിച്ചു വിളിക്കുകയോ ചെയ്യുന്നില്ല. കാര്യം ആളുടെ ശ്രദ്ധയില്‍ പെടുത്തി . എന്നിട്ടും രക്ഷയില്ല. ആള്‍ ഞാന്‍ ഇവിടത്തുകാരന്‍ അല്ല എന്ന മട്ടില്‍ വെറുതെയിരിക്കുകയാണ്. മകനാണെങ്കില്‍ ബോട്ടില്‍ കയറാതെ തിരിച്ചു പോകാന്‍ സമ്മതിക്കുന്നുമില്ല. അവസാനം ഒരു തുഴയുന്ന ബോട്ട് കരക്കടുത്തു.ചെറിയ രണ്ടു കുട്ടികളെയും കൊണ്ട് തുഴയുന്ന ബോട്ടില്‍ കയറിയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. അങ്ങിനെ ധര്‍മസങ്കടത്തില്‍ നില്‍ക്കുമ്പോള്‍ ഒരു ചേട്ടന്‍ ഞാന്‍ തുഴയാം എന്ന വാഗ്ദാനവും ആയി എത്തി. തുഴയാന്‍ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ ആള്‍ ചിരി മാത്രം മറുപടി പറഞ്ഞു. ആള്‍ക്ക് കാര്യമായി തുഴയാന്‍ അറിയില്ല എന്ന് തുടക്കത്തിലേ ബോധ്യമായി. പലയിടങ്ങളിലും ചാഞ്ചാട്ടം അസഹ്യമായപ്പോള്‍ കുടുംബവുമായി ആ കായലിലെ ചെളിവെള്ളം കുടിക്കുമോ എന്നു വരെ തോന്നി. ബോട്ടെങ്ങാനും മറിഞ്ഞാല്‍ ഭയപ്പെടാതെ കയ്യിലിരിക്കുന്ന കുഞ്ഞുമായി നീന്തി കരക്ക്‌ കയറുക എന്നും മറ്റേയാളെ കൊണ്ട് ഞാനും കരക്കെത്താം എന്നും ഭാര്യയോട്‌ പതുക്കെ പറഞ്ഞു ബോട്ട് യാത്ര ആസ്വദിക്കാന്‍ തുടങ്ങി. ഇതിനെക്കാള്‍ വലിയ പുഴകളും കായലുകളും നീന്തി വളര്‍ന്നവര്‍ ആയതിനാല്‍ രണ്ടുപേര്‍ക്കും മരണഭയം മാത്രം ഉണ്ടായിരുന്നില്ല.

തുടക്കത്തിലെയുള്ള അല്‍പ സമയത്തെ പരിചയക്കുറവു നീങ്ങിയപ്പോള്‍ ചേട്ടന്‍ നന്നായി തുഴഞ്ഞു തുടങ്ങി. ആളെ വെറുതെ തെറ്റിദ്ധരിച്ചു. കൂടുതല്‍ സംസാരിച്ചപ്പോള്‍ കാണാന്‍ പുതിയ സ്ടലങ്ങള്‍ തേടി നടക്കുന്ന ഒരു ആളാണ്‌ എന്നു മനസ്സിലായി.എല്ലാ സ്ടലത്തെ കുറിച്ചും നല്ല അറിവ്. വൈപ്പിന്‍ - ചെറായി റൂട്ടിന് സമാന്തരമായി കടലിനരുകിലൂടെ ഒരു റോഡ്‌ ഉണ്ട് എന്നും, ചില സ്ടലങ്ങളില്‍ പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന ആ റോഡിലൂടെ ബൈക്കില്‍ അല്പം സാഹസികമായി പോയാല്‍ കുഴുപ്പിള്ളി, ചെറായി, മുനമ്പം, അഴിക്കോട് തുടങ്ങി പ്രശസ്തവും അല്ലാത്തതും ആയ ഏകദേശം പത്തോളം ബീച്ചുകള്‍ ഒറ്റയടിക്ക് കാണാമെന്നു ആ ചേട്ടന്‍ പറഞ്ഞു തന്നു.

ഇടയ്ക്കിടയ്ക്ക് വെള്ളത്തിനു മുകളിലേക്ക് ചാടുന്ന പേരറിയാത്ത മീനുകളും അവയെ പിടിക്കാന്‍ പറക്കുന്ന പല പക്ഷികളും യാത്രയെ കൂടുതല്‍ രസകരമാക്കി . അങ്ങിനെ കുഴപ്പമൊന്നും ഇല്ലാതെ അരമണിക്കൂര്‍ ബോട്ടുയാത്ര അവസ്സാനിപ്പിച്ചു ചേട്ടന് നന്ദിയും പറഞ്ഞു പിരിഞ്ഞു.



ഉച്ച ഭക്ഷണം കഴിക്കുന്നിടത്ത് വലിയ തിരക്കായിരുന്നു .അവിടെയും കുറെ കാത്തുനിക്കേണ്ടി വന്നു.. ഒരു കഷണം വറുത്ത മീനും, മീന്‍കറിയും ആയിരുന്നു അവിടത്തെ ഊണിലെ പ്രധാന വിഭവങ്ങള്‍. ക്യൂ നിന്ന് രണ്ടുപാത്രത്തില്‍ ഭക്ഷണവും വാങ്ങി അവിടെയുള്ള കുടിലിന്റെ ഉള്ളിലിരുന്നു. നല്ല വിശപ്പുള്ളതുകൊണ്ടു ഭക്ഷണത്തിനു നല്ല രുചി തോന്നി. അവസാനം മില്‍മയുടെ അഞ്ചു രൂപയുടെ ഒരു ഐസ്ക്രീമും തന്നു. ഭക്ഷണം തന്നപ്പോളും ഐസ്ക്രീം തന്നപ്പോഴും ടിക്കെറ്റില്‍ ഒരു ദ്വാരം ഇട്ടു അവര്‍ പഞ്ച് ചെയ്യുന്നുണ്ടായിരുന്നു.




അവിടെയെല്ലാം നടന്നും കണ്ടും വിശ്രമിച്ചും ഒരു ദിവസ്സം കഴിയാറായി. ചൂണ്ടയിടലും തുടക്കത്തില്‍ അല്പം സാഹസ്സമായ ബോട്ടിങ്ങും ഊണും ആസ്വദിച്ചു നാലുമണിയോടെ ഞങള്‍ മടങ്ങി. എത്രനാള്‍ ജീവിച്ചിരിക്കും എന്നറിയില്ലെങ്കിലും ഒരു പുതിയ സ്ടലം നല്‍കിയ ഓര്‍മ്മക്കായി ചൂണ്ടയില്‍ കുടുങ്ങിയ ആ കരിമീന്‍ കുഞ്ഞിനേയും ഞങ്ങള്‍ കൊണ്ടുപോന്നു.