Friday, October 26, 2012

നാരകക്കാനം തുരങ്കത്തിലൂടെ


ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത് മുക്കാല്‍ മണിക്കൂറിനു ശേഷമായിരുന്നു.   ഇടുക്കിയെ കുറിച്ചും പ്രധാനപ്പെട്ട ടൂറിസം സ്ഥലങ്ങളെ കുറിച്ചും, മലകളെയും,  കാടുകളെയും, കാട്ടു ജീവികളെയും കുറിച്ച് വ്യക്തമായ  അറിവുള്ള   ഏറണാകുളം സ്വദേശിയും കല്യാണതണ്ടിലെ  ഒരു ചെറിയ തോട്ടം ഉടമയും കൂടിയായ ആ  ചേട്ടനില്‍ നിന്നാണ് ഇടുക്കിയിലെ   സാഹസികവും , വ്യത്യസ്തവുമായ  ഒരു   യാത്രക്ക് പറ്റിയ ഏറ്റവും നല്ല ഇടമായ നാരകക്കാനം  ടണലിനെകുറിച്ച് അറിഞ്ഞത്. മുന്‍പ് ഒരു യാത്ര ബ്ലോഗില്‍ ഈ ടണലിനെ കുറിച്ച് വളരെ കുറച്ചു വിവരങ്ങള്‍ വായിച്ചറിഞ്ഞിരുന്നു. ആ ഓര്‍മയും ഈ ചേട്ടന്റെ വാക്കുകളും കൂടിയായപ്പോള്‍ ഞങ്ങള്‍ നാരകക്കാനത്തെ  തുരങ്ക യാത്രക്ക് തയ്യാറെടുത്തു.


ഇടുക്കിയില്‍ നിന്നും ഏകദേശം പത്തു കിലോമീറ്റര്‍ അകലത്തില്‍ ആയാണ്  നാരകക്കാനം എന്ന സ്ഥലം . ആള്‍  താമസം വളരെ  കുറഞ്ഞ ഒരു പ്രദേശം, ഒരു വശത്ത്  മലനിരകളും മറു വശത്ത് ചെറിയ താഴ്ചയുള്ള കൊക്കകളും ആണ് പലയിടത്തും. ഈ നാരകക്കാനത്തെ തുരങ്കത്തിലേക്ക് പോകാനുള്ള വഴിയറിയാന്‍ ഒരു ചെറിയ ബോര്‍ഡോ , വഴി ചോദിക്കാന്‍ ഒരു ആളെ പോലും കാണാന്‍ കഴിയാതെ കുറെ സമയം ബുദ്ധിമുട്ടിയാണ്  ഈ തുരങ്കത്തിന്റെ അടുത്തെത്തിയത് . മെയിന്‍ റോഡില്‍ നിന്നും പൊട്ടിപൊളിഞ്ഞ  റോഡിലൂടെ  ഏകദേശം മുന്നൂറു മീറ്റര്‍ സഞ്ചരിച്ചപ്പോള്‍ ഒരു തടയണ കണ്ടു . കാട് പിടിച്ചു കിടക്കുന്ന മനുഷ്യ വാസം ഇല്ലാത്ത അവിടെ ഒരു ചെറിയ വെള്ളച്ചാട്ടവും ഉണ്ടായിരുന്നു . ആ വെള്ളച്ചാട്ടത്തിനരുകില്‍ ബൈക്കിനെ കുളിപ്പിച്ച് നില്‍ക്കുന്ന ഒരു നാട്ടുകാരനെ കണ്ടപ്പോള്‍ അല്പം ആശ്വാസമായി. അയാളില്‍ നിന്നും തുരങ്കത്തിലേക്കുള്ള വഴിയും കൂടുതല്‍ വിവരങ്ങളും ചോദിച്ചറിഞ്ഞു.



നാരകക്കാനത്തെ  താഴ്ന്ന  പ്രദേശങ്ങളില്‍ പെയ്യുന്ന മഴ വെള്ളത്തെ  ഒരു തടയണ കെട്ടി തടഞ്ഞു നിറുത്തുകയും ആ വെള്ളത്തെ ഒരു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന ഇടുക്കി ഡാമിന്റെ റിസര്‍വോയറില്‍ എത്തിക്കുകയും ചെയ്യുന്നതിനാണ് നരകക്കാനത്തെ ഈ തുരങ്കം നിര്‍മിച്ചിരിക്കുന്നത് . ഈ തുരങ്കത്തിനു ഒരു കിലോമീറ്റര്‍ ആണ് നീളം .കുറവന്‍ മലയും കുറത്തി മലയും ചേര്‍ത്താണ് ഇടുക്കി ഡാം നിര്‍മിച്ചിരിക്കുന്നത് ഇതില്‍ കുറത്തി മലയുടെ ഉള്ളിലൂടെ  ആണ്  നാരകക്കാനം തുരങ്കം കടന്നു പോകുന്നത് .വാഗമണ്‍ മലകളിലും, ഇടുക്കിയിലെ തന്നെ അഞ്ചുരുളിയിലും ഇത്തരത്തിലുള്ള തുരങ്കങ്ങള്‍ ഉണ്ടത്രേ.



ആ നാട്ടുകാരന്‍ പറഞ്ഞു തന്ന  വഴിയിലൂടെ , വെള്ളം ഒഴുകുന്ന ചാലിലൂടെ മുട്ടിനു പകുതി വെള്ളത്തില്‍ അല്‍പ ദൂരം നടന്നു. ഷൂസ് ധരിച്ചിരുന്നതിനാല്‍ വെള്ളത്തിലൂടെയുള്ള നടത്തം വളരെ ബുദ്ധിമുട്ടായിരുന്നു. വഴിയിലും തുരങ്കത്തിലും കുപ്പിച്ചില്ലുകള്‍ കാണും എന്നും അത് കൊണ്ട് ചെരിപ്പോ ഷൂവോ ഇല്ലാതെ നടക്കരുതെന്ന മുന്നറിയിപ്പ് കിട്ടിയിരുന്നതിനാല്‍ വെള്ളം നിറഞ്ഞ ഷൂവും വലിച്ചു വെച്ച് നടന്നു .  അല്പം നടന്നപ്പോള്‍ തന്നെ ജയിലിലെ അഴികള്‍ പോലെ തോന്നിപ്പിക്കുന്ന വലിയ അഴികള്‍ ഇട്ട ഒരു വലിയ മുറി കണ്ടു. മുന്‍പ് കണ്ട തടയണയില്‍ നിന്നും ആ വെള്ളച്ചാട്ടത്തില്‍ നിന്നും വരുന്ന വെള്ളം മുഴുവനും ആ മുറിയിലൂടെ ആരംഭിക്കുന്ന തുരങ്കത്തിലൂടെ ഒഴുകി പോകുന്നുണ്ടായിരുന്നു. മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന വലിയ മരത്തടികളും മറ്റും നിറഞ്ഞു തുരങ്കം അടഞ്ഞു പോകാതിരിക്കാന്‍ ആണ് ഈ അഴികള്‍ എന്ന് കണ്ടപ്പോഴേ ബോധ്യമായി.



തുരങ്കത്തിന്റെ തുടക്കത്തില്‍ നിന്ന്  ഉള്ളിലേക്ക് നോക്കി . നല്ല ഇരുട്ട്  മാത്രം കണ്ടു . കുറച്ചു നേരം സൂക്ഷിച്ചു നോക്കിയപ്പോള്‍ അങ്ങകലെ ഒരു ഒറ്റ രൂപ വട്ടത്തില്‍ ഒരു വൃത്തം കണ്ടു . തുരങ്കത്തിന്റെ മറ്റേ അറ്റം ആണ് അതെന്നും അത്രയും ദൂരം ഇരുട്ടിലൂടെ നടന്നാല്‍ മാത്രമേ അവിടെ എത്തി ചേരാന്‍ പറ്റുകയുള്ളൂ എന്നും കുറെ നേരം ആ വൃത്തത്തെ നോക്കിയപ്പോള്‍  മനസ്സിലായി.  തുരങ്കത്തിന്റെ  ആരംഭ സ്ഥാനമായ ആ മുറിയില്‍ നിന്നും ഒറ്റക്കും കൂട്ടായും കുറെ ഫോട്ടോകള്‍ എടുത്തു . ഈ യാത്രയില്‍ എന്തെങ്കിലും അപകടം പറ്റുകയാണെങ്കില്‍ കുടുംബക്കാര്‍ക്കും പത്രക്കാര്‍ക്കും കൊടുക്കാന്‍ പറ്റുന്ന തരത്തില്‍ നല്ല ഫോട്ടോകള്‍ മുന്‍ പത്ര ഫോട്ടോഗ്രാഫര്‍ ആയിരുന്ന  രാജന്‍ ചേട്ടന്‍ അദ്യേഹത്തിന്റെ  CANON 50 D യില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. 



ആകെയുള്ള ഒരു ടോര്‍ച്ചും തെളിച്ചു ഒരാള്‍ മുന്‍പേ നടന്നു പുറകെ ഞങ്ങളും. തുരങ്കത്തിന്റെ മുകള്‍ ഭാഗവും ഇരു വശങ്ങളും സിമന്റു കൊണ്ടോ മറ്റോ തേച്ചു മണ്ണും പാറയും പുറത്തു കാണാത്ത വിധത്തില്‍ ആയിരുന്നു . തുരങ്കത്തിനു താഴെ ചെറിയ ചെറിയ പാറക്കല്ലുകള്‍ കല്ലുകള്‍ ആണ് വിരിച്ചിരിക്കുന്നത് . ഭൂരിഭാഗം സ്ഥലങ്ങളിലും അത് ഇളകി കിടക്കുകയായിരുന്നു. മുട്ടിനു പകുതിയോളം വെള്ളം ഉള്ളതിനാല്‍ കല്ലുകളുടെ സ്ഥാനം അറിയാന്‍ ബുദ്ധി മുട്ടായിരുന്നു. കാല്‍ എടുത്തു വെക്കുന്നത് കല്ലുകളുടെ മുകളിലാണോ അതിന്റെ ഇടയിലെ ചെറിയ കുഴിയിലാണോ എന്നറിയാന്‍ കഴിയാത്തതിനാല്‍ ഓരോ കാല്ച്ചുവടുകളും വളരെ ബുദ്ധിമുട്ടായിരുന്നു. അല്പം ഒന്ന് വഴുക്കിയാല്‍ പുറകിലേക്ക് തലയടിച്ചു വീഴും , വീണാല്‍ ആ പറക്കല്ലുകളില്‍  അടിച്ചു പരുക്കോ ചിലപ്പോള്‍ മരണമോ ഉറപ്പായിരുന്നു.



അല്‍പ സമയം നടന്നു കഴിഞ്ഞപ്പോള്‍ പുറകില്‍ നിന്നും വന്നിരുന്ന അല്‍പ വെളിച്ചവും അവസാനിച്ചു. കുറച്ചു നേരം ടോര്‍ച്ചും ഓഫ്‌ ചെയ്തു നിശബ്ദരായി അവിടെ നിന്നു നോക്കി. തൊട്ടടുത്ത ആളെ പോലും കാണാനാവാത്ത അത്രക്കും ഇരുട്ടായിരുന്നു അവിടെ. ഗുഹയിലെ സ്ഥിരം താമസക്കാരായ വവ്വാലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പറന്നു നടക്കുന്ന ശബ്ദം മാത്രം കേട്ടു, പിന്നെ വെള്ളം കല്ലുകളില്‍ തട്ടി ഒഴുകുന്ന ചെറിയ ശബ്ദവും. ഇരുട്ടില്‍ വവ്വാലുകള്‍ ചിറകടിച്ചു പറന്നു ശരീരത്തില്‍ മുട്ടുമോ എന്ന ഭയം അവരുടെ സ്വഭാവം രീതികള്‍ അറിയാവുന്നതിനാല്‍ ഉണ്ടായിരുന്നില്ല. ഇരുട്ടില്‍ വ്യക്തമായി പറക്കാനും തടസ്സങ്ങള്‍ തിരിച്ചറിയാനും അവക്കുള്ള കഴിവ് അറിയാമായിരുന്നതിനാല്‍ വവ്വാലുകള്‍ ഈ യാത്രയില്‍ ഒരു ഭീതിയും ജനിപ്പിച്ചില്ല. ആകെ  ഭയപ്പെട്ടിരുന്നത് ചിലന്തികളെയും പാമ്പുകളെയും ആയിരുന്നു. കാട്ടിലെ വിഷചിലന്തികള്‍ ചിലപ്പോള്‍ ഗുഹകളില്‍ കൂട് കൂട്ടാറുണ്ട്. പൊതുവേ ഉപദ്രകാരികള്‍ അല്ലാത്ത അവയെ ഇരുട്ടില്‍  അറിയാതെ ചെന്ന്  സ്പര്‍ശിച്ചാലും  അപകടമാണ് .  പിന്നെ പാമ്പുകള്‍ .. വിഷ പാമ്പുകള്‍ ഒരിക്കലും ഒഴുക്ക് വെള്ളത്തില്‍ താമസിക്കാറില്ല.  അത് കൊണ്ട് ഗുഹയില്‍ അവയെ കാണാന്‍ സാധ്യത കുറവാണ്  .പക്ഷെ  മഴക്കാലത്തെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാമ്പുകള്‍ ഒഴുകിവരാനും ഗുഹയില്‍ പലയിടത്തും തടഞ്ഞിരിക്കുന്ന ചെറിയ മരചില്ലകളിലും, ഗുഹയുടെ ചുമരുകളിലും മറ്റും തടഞ്ഞു ഇരിക്കാന്‍ സാധ്യത വളരെ കൂടുതല്‍ ആയിരുന്നു



അല്‍പ സമയം നടന്ന ശേഷം  ഇരുട്ടില്‍ കുറച്ചു സമയം നിന്നതിനു മറ്റൊരു കാരണവും ഉണ്ടായിരുന്നു. തുരങ്കയാത്രകളില്‍ ഏറ്റവും ആവശ്യമായ വായുവിന്റെ ലഭ്യത എങ്ങനെ എന്ന് അറിയാന്‍ കൂടി ആയിരുന്നു. കുറച്ചു നേരം നിന്നും ശ്വസിച്ചു നോക്കി. യാതൊരു മാറ്റവും തോന്നിയില്ല. ഒഴുകുന്ന വെള്ളം ആയതിനാല്‍ വിഷ വാതകങ്ങള്‍ തങ്ങി  നില്‍ക്കില്ല എന്നറിയാമായിരുന്നു.  പിന്നെ ഗുഹക്കു മറുവശത്ത് നിന്നും ആഞ്ഞടിക്കുന്ന കാറ്റിന്റെ നേരിയ തണുപ്പും ശരീരത്തില്‍ തട്ടുന്നത് അറിയാന്‍  കഴിഞ്ഞു. പലപ്പോഴും കിണറുകളിലും മറ്റും ഇറങ്ങുന്ന പലരും വിഷ വാതകം ശ്വസിച്ചു മരിച്ച കഥകള്‍ എന്തായാലും ഇവിടെ ഉണ്ടാകില്ല എന്ന് ബോധ്യമായി. കുറച്ചു  സമയത്തിന് ശേഷം വീണ്ടും നടപ്പ് തുടര്‍ന്നു.



തുരങ്കത്തിന്റെ പലയിടങ്ങളിലും  വസ്ത്രങ്ങളുടെ ഭാഗങ്ങളും ചെറിയ ചെറിയ മരച്ചില്ലകളും എല്ലാം കിടക്കുന്നുണ്ടായിരുന്നു. കാലില്‍ പലപ്പോഴും വന്നു തട്ടുന്നത് പാമ്പാണോ അതോ മരച്ചില്ലകളുടെ കഷണങ്ങള്‍ ആണോ എന്നൊന്നും തിരിച്ചറിയാതെ  പരസ്പരം കൈകള്‍ ചേര്‍ത്ത് പിടിച്ചു തെന്നി വീഴാതെ കാലുകള്‍ വലിച്ചു വെച്ച് കുറെ ദൂരം നടന്നു. ടോര്‍ച്ചിന്റെ വെളിച്ചം പലയിടത്തും വളരെ കുറവായി തോന്നി. മുന്‍പില്‍ നടക്കുന്നവര്‍ തെളിയിക്കുന്ന വെളിച്ചത്തില്‍ പുറകില്‍ വരുന്നവര്‍ക്ക് ഒട്ടും വെളിച്ചം ഇല്ലായിരുന്നു .രാജു ചേട്ടന്‍ ക്യാമറയുടെ ഫ്ലാഷ്  ഇടയ്ക്കു മിന്നിച്ചു  കൊണ്ടിരുന്നു. കുറെ നേരത്തിനു ശേഷം തുരങ്കത്തിന്റെ മറുഭാഗത്തെ വെളിച്ചം കണ്ടു തുടങ്ങി. ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹര കാഴ്ചയായിരുന്നു. അന്ധനായ ഒരാള്‍ പെട്ടെന്ന്  ഒരു ദിവസം വെളിച്ചം കണ്ട അവസ്ഥ. നടക്കും തോറും ആ വെളിച്ചം അടുത്ത് വരുന്നു . അകത്തെ ഇരുട്ടും പുറത്തെ വെളിച്ചവും കൂടി ചേര്‍ന്ന് ഒരു അതിമനോഹര കാഴ്ച. ഒപ്പം ആ റിസര്‍വോയറില്‍ നിന്നും വരുന്ന അതി ശക്തമായ   കാറ്റും. 



കുറെ നേരം ആ കാഴ്ചയും കണ്ടും ഫോട്ടോയെടുത്തും അവിടെ നിന്നു.തുരങ്കത്തിന്റെ മറുഭാഗം വെറുതെ തുറന്നു കിടക്കുകയായിരുന്നു. ഗുഹയില്‍ നിന്നും വരുന്ന വെള്ളം പാറക്കെട്ടുകളിലൂടെ  ഒഴുകിയിറങ്ങി കുറച്ചപ്പുറത്തുള്ള ഇടുക്കി ഡാമിന്റെ രിസര്‍വ്വോയറിലേക്ക് ഒഴുകി വീഴുന്നുണ്ടായിരുന്നു.  ഗുഹയുടെ ചുറ്റും നിബിഡ വനമായിരുന്നു. വെള്ളത്തിലൂടെ പാറകളില്‍ പിടിച്ചു കയറി കാട്ടിലേക്ക് കയറി. അടുത്ത് കണ്ട ഒരു പാറയില്‍ കയറി കിടന്നു.വളരെ പതുക്കെയുള്ള യാത്രയായതിനാല്‍  ഒരു കിലോമീറ്റര്‍ തുരങ്ക യാത്രക്ക് ഏകദേശം നാല്‍പതു മിനിട്ട് സമയമാണ് എടുത്തത്‌. കല്യാണ തണ്ട് ട്രെക്കിങ്ങിന്റെ ക്ഷീണവും  പിന്നെ ഈ യാത്രയും ഒരുമിച്ചായപ്പോള്‍ കാലുകള്‍ക്ക്  നല്ല വേദന തോന്നി. ഞാന്‍ വേദന തോന്നിയിടത്തെല്ലാം വേദന സംഹാരി സ്പ്രേ അടിച്ചു. പിന്നെ പാറപ്പുറത്ത്  കുറച്ചു നേരം വിശ്രമിച്ചു.



കാട്ടിലൂടെ കുറച്ചു നടന്നാല്‍ ആ റിസര്‍വോയറിന്റെ അടുത്തെത്താന്‍ കഴിയും എന്ന് തോന്നി. പക്ഷെ പരീക്ഷിക്കാന്‍ പോയില്ല. അപ്രതീക്ഷിത യാത്രയായതിനാല്‍ സമയം ഒരു പ്രശ്നം ആയിരുന്നു. ഏകദേശം അഞ്ചു മണിയായി. ഇങ്ങോട്ടുള്ള നടപ്പില്‍ പലപ്പോഴും വെള്ളത്തിന്റെ അളവ് കൂടിയത് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. എവിടെയെങ്കിലും നല്ല മഴ പെയ്തു  വെള്ളം കൂടിയാല്‍ തിരിച്ചു പോക്ക് അപകടകരം ആകും എന്നറിയാമായിരുന്നു. ചിലപ്പോള്‍ തുരങ്കത്തിനു നടുവില്‍ എത്തുമ്പോള്‍ ആണ് വെള്ളം കൂടിയത് എങ്കില്‍ എല്ലാവരും കൂടി ഡാമിന്റെ റിസര്‍വോയറില്‍ ഒഴുകിയെത്തും എന്ന അറിവും മനസ്സില്‍ ഉണ്ടായിരുന്നു.



തിരിച്ചു യാത്ര അല്പം എളുപ്പമായി തോന്നി. പാറകളില്‍ എങ്ങനെയാണ് ചവിട്ടേണ്ടത് എന്നും വെള്ളത്തിലൂടെ കാലുകള്‍ വലിച്ചു വെച്ച് നടക്കേണ്ടത്‌ എങ്ങനെയാണെന്നും എല്ലാം പഠിച്ചിരുന്നു. പിന്നെ മറ്റു അപകടങ്ങളും   , പാമ്പ് ,ചിലന്തി ,  മറ്റു കാട്ടുജീവികള്‍ ഇവയെ ഒന്നും കാണാതിരുന്നത് കൊണ്ടും മനസ്സ് ശാന്തമായിരുന്നു. കുറച്ചു നേരം നടന്നു കഴിഞ്ഞപ്പോള്‍ ടോര്‍ച്ചിന്റെ വെളിച്ചവും അവസാനിച്ചു. അങ്ങോട്ടേക്കുള്ള യാത്രയില്‍ മുഴുവന്‍ സമയവും ടോര്‍ച്ചു തെളിച്ചതിന്റെ ഫലം. പിന്നെ ബാഗില്‍ നിന്നും മൊബൈല്‍ എടുക്കാന്‍ പോയില്ല. പരസ്പരം കൈ പിടിച്ചു ആ ഇരുട്ടിലൂടെ അങ്ങകലെ കാണുന്ന ഒരു രൂപാ വട്ടത്തെ നോക്കി നടന്നു.



ഏകദേശം അരമണിക്കൂര്‍ എടുത്തു പുറം ലോകത്ത് എത്താന്‍ .   പുറത്തെത്തി എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു. പരസ്പരം ക്യാമറകള്‍ കൈമാറി ചിത്രങ്ങള്‍ എടുത്തു. കാലുകള്‍ വീണ്ടും വേദനിച്ചു തുടങ്ങി നടക്കാനാവാത്ത അവസ്ഥയില്‍ ആയിരുന്നു എങ്കിലും  മറ്റൊരു യാത്രയിലും കിട്ടിയിട്ടില്ലാത്ത ഒരു സുഖം ആ വേദനകളെ മായ്കാന്‍ എത്തിയിരുന്നു.


തുരങ്കത്തിനു പുറത്തുള്ള  ആ ചെറിയ വെള്ളച്ചാട്ടത്തില്‍ കാലും മുഖവും കഴുകി അല്‍പനേരത്തിനു ശേഷം ഞങ്ങള്‍  മടക്ക യാത്ര ആരംഭിച്ചു..... ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസം കൂടി തന്ന, യാതൊരു അപകടവും കൂടാതെ എല്ലാ യാത്രകളിലും ഞങളെ നയിക്കുന്ന ആ പ്രപഞ്ച ശക്തിക്ക് നന്ദിയും പറഞ്ഞു കൊണ്ട് ...............

Sunday, September 30, 2012

കോവിലൂര്‍


കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല അതെന്നും ആ ഗ്രാമ്യ ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന സൌഹൃദങ്ങള്‍ ആണ് ഈ യാത്രക്ക് വേണ്ടത് എന്ന തിരിച്ചറിവും മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ ഈ യാത്ര നടപ്പിലാക്കാന്‍ വര്‍ഷങ്ങള്‍ എടുത്തു എന്നതാണ് സത്യം.



ഒരു ഒഴിവു ദിവസം പുലര്‍ച്ചെ തന്നെ എറണാകുളത്തു നിന്നും കോവിലൂരിലേക്ക് യാത്ര പുറപ്പെട്ടു. ഒപ്പം മൂന്നു കൂട്ടുകാരും.ഹിമാലയന്‍ യാത്രകള്‍ അടക്കം ഭാരതത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും യാത്രകള്‍ നടത്തിയിട്ടുള്ള  രാജു ചേട്ടനും , പത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തിലെ ഓരോ മുക്കും മൂലയും സന്ദര്‍ശിച്ചിട്ടുള്ള ശരത്തും, ഫോട്ടോ ഗ്രാഫിയും യാത്രകളും ജീവിതമായി കൊണ്ട് നടക്കുന്ന, കല്യാണം കഴിച്ചാല്‍ ഇങ്ങനെ യാത്ര ചെയ്യാന്‍ കഴിയാതെ വരുമോ എന്നാ ഭയത്താല്‍ വിവാഹം നീട്ടി കൊണ്ട് പോകുന്ന ബിസിനസ്സുകാരനായ  ശ്രീകാന്തും ആയിരുന്നു ഈ യാത്രയിലെ എന്റെ കൂട്ടുകാര്‍ . ജോലിയുടെ തിരക്കുകള്‍ക്കിടയില്‍ ,യാത്രകള്‍ ഒരു പാട് ഇഷ്ടപ്പെടുന്ന കൂട്ടുകാരോടൊത്ത് ഒരു ദിവസം ചിലവഴിക്കാന്‍ കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമായി തോന്നി.



എറണാകുളത്തു നിന്നും ഏകദേശം നൂറ്റി ഇരുപതു കിലോമീറ്റര്‍ അകലത്തില്‍ ആണ് മൂന്നാര്‍ സ്ഥിതി ചെയ്യുന്നത് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഈ ഹില്‍ സ്റ്റേഷന്‍ ഇപ്പോള്‍ സഞ്ചാരികളുടെ ആധിക്യം കൊണ്ട് വീര്‍പ്പു മുട്ടുകയാണ്. എത്ര കണ്ടാലും മതി വരാത്ത തേയിലത്തോട്ടങ്ങളും, തണുപ്പും എല്ലാം  ഓരോ യാത്രയിലും  പുതുമയേറിയ അനുഭവങ്ങളാണ് സമ്മാനിക്കാരുള്ളത്.



എറണാകുളത്തു നിന്നും ആലുവ - പെരുമ്പാവൂര്‍ - കോതമംഗലം - അടിമാലി വഴി മൂന്നാറില്‍ എത്തി ചേര്‍ന്നു. മനസ്സിലെ ലക്‌ഷ്യം കോവിലൂര്‍ ആയതിനാല്‍ മുന്നാറില്‍ ഇറങ്ങാന്‍ ആര്‍ക്കും  താല്പര്യം ഉണ്ടായിരുന്നില്ല . വീണ്ടും യാത്ര തുടര്‍ന്നു. അടുത്ത ലക്‌ഷ്യം മുപ്പത്തി അഞ്ചു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന മുന്നാറിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ  ടോപ്‌ സ്റ്റേഷന്‍  ആയിരുന്നു. (ടോപ്‌ സ്റ്റേഷന്‍ എത്തുന്നത്‌ വരെ ഉള്ള റോഡുകള്‍ കേരളത്തിന്റെ സ്വന്തം ആണെങ്കിലും ആ സ്ഥലവും അതിന്റെ തൊട്ടടുത്ത റോഡുകളും തമിഴ് നാട്ടില്‍ പെട്ടതാണ് ).



മിക്കവാറും സമയങ്ങളില്‍ മഞ്ഞു മൂടി കിടക്കുന്ന ടോപ്‌ സ്റ്റേഷന്‍ പ്രകൃതിയുടെ മനോഹര കാഴ്ചകള്‍ ഒരുക്കി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഏകദേശം ആയിരത്തി എഴുനൂറു അടി ഉയരത്തില്‍ നില കൊള്ളുന്ന ഈ പ്രദേശത്ത്  ആളുകളെ പരസ്പരം തിരിച്ചറിയാന്‍ പോലും ആകാത്ത വിധത്തില്‍ പലപ്പോഴും കോട മഞ്ഞു വന്നു  നിറയാറുണ്ട്  . ഒരു മലയുടെ മുകളിലൂടെ  കുറെ ദൂരം നടന്ന്, പിന്നെ ചവിട്ടു പടികളിലൂടെ അല്പം സാഹസികമായി താഴേക്ക്‌ നടന്നു പല പല  വ്യൂ പോയന്റുകളില്‍  എത്തി അവിടെ നിന്ന്  മലനിരകളുടെ, അഗാധമായ കൊക്കകളുടെ എല്ലാം സൌദര്യം ആസ്വദിക്കാനാണ്  ഇവിടെ സഞ്ചാരികള്‍ വരുന്നത് . ഒരു ഹില്‍ സ്റ്റേഷന്‍ എന്താണ് എന്നും അവിടത്തെ കോടമഞ്ഞും, തണുപ്പും എന്താണ് എന്നും അനുഭവിച്ചറിയാന്‍ ഏറ്റവും നല്ല ഒരു സ്ഥലമാണ്‌ ഈ ടോപ്‌ സ്റ്റേഷന്‍ . ടോപ്‌ സ്റെഷനില്‍ മനോഹരമായ കുറെ നിമിഷങ്ങള്‍ ചിലവഴിച്ച ശേഷം ഒരു ചെറിയ ചായക്കടയില്‍ നിന്നും ഭക്ഷണവും കഴിച്ചു  ഞങ്ങള്‍ കൊവിലൂരിലേക്ക് തിരിച്ചു . ഞങ്ങളുടെ ഈ യാത്രയിലെ അവസാനത്തെ ലക്ഷ്യ സ്ഥാനത്തേക്ക് ....



കേരളത്തിലെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക്‌ ആയ പാമ്പാടും ഷോല (Smallest wild life sanctuary in Kerala) യുടെ ഉള്ളിലൂടെയുള്ള റോഡിലൂടെ ഒരു ചെക്ക്‌ പോസ്റ്റും താണ്ടിയാണ് കോവിലൂരില്‍ എത്തിയത് . അധികം ആരും ടൂര്‍ വരാത്ത ഒരു സ്ഥലമായത് കൊണ്ടാകണം എങ്ങോട്ടാണ് എന്നാ ചോദ്യം ചെക്ക്‌ പോസ്റ്റിലെ വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായി. ഒരു സ്ഥലം നോക്കാന്‍ കൊവിലൂര്‍ വരെ പോകുകയാണ് എന്നാ മറുപടിയില്‍ അവര്‍ തൃപ്തിയടയുകയും ചെയ്തു.




ഇടുക്കി ജില്ലയിലെ വട്ടവട എന്ന പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ ഈ കോവിലൂര്‍. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശവും കോവിലൂര്‍ ആണ് . കൊവിലൂരിലെ പ്രധാനപ്പെട്ട  ടൌണിലേക്ക് എത്തിച്ചേരുമ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് ഒരു തമിഴ്‌നാടന്‍ ശൈലിയില്‍ ഉള്ള ചെറിയ അമ്പലം ആയിരുന്നു .  തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പാട് ചെറിയ ചെറിയ അമ്പലങ്ങള്‍ ഉള്ള നാടായതു കൊണ്ടാണ് ഈ നാടിനു കോവിലൂര്‍ എന്ന പേര്‍ വന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് (തമിഴില്‍ കോവില്‍ =അമ്പലം, ഊര്  =നാട് ).



പച്ചക്കറികളുടെ വിളവെടുപ്പ് സീസന്‍ കഴിഞ്ഞതിനാല്‍ കോവിലൂര്‍ ടൌണില്‍ ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല. വണ്ടി ഒരിടത്ത് പാര്‍ക്ക് ചെയ്തു വെറുതെ ആ വഴികളിലൂടെ നടന്നു. വളരെ ചെറിയ ഒരു ടൌണ്‍.  കുറച്ചു ചെറിയ കടകള്‍ . രണ്ടു അമ്പലം. നാഗരികതയുടെ സൌകര്യങ്ങള്‍ അധികമൊന്നും എത്തി ചേര്‍ന്നിട്ടില്ലാത്ത ഈ കൊവിലൂരും പരിസങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് ഏറ്റവും അധികം പച്ചക്കറികള്‍ കയറ്റി പോകുന്നത് എന്ന് വിശ്വസിക്കാന്‍ പറ്റിയില്ല. ഇംഗ്ലീഷ് പച്ചക്കറികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കാരറ്റ് , ബീന്‍സ് , ക്യാബേജ്  തുടങ്ങിയവയും പിന്നെ വെളുത്തുള്ളി , ചില പ്രത്യേകതരം സൂചി ഗോതമ്പും  അങ്ങിനെ പല തരം വിളകളുടെ കേരളത്തിലെ ഏറ്റവും വലിയ കലവറയാണ്   കണ്ടാല്‍ കുഗ്രമാമെന്നു തോന്നിപ്പിക്കുന്ന ഈ കോവിലൂര്‍ .


കോവിലൂര്‍ ടൌണ്‍ ഇവിടെ തുടങ്ങുന്നു ...

കുറച്ചു നേരത്തെ അവിടത്തെ കടകളും ആളുകളെയും എല്ലാം കണ്ടു വെറുതെ അവിടെയെല്ലാം നടന്നു. ക്യാരറ്റും കാബ്ബജുമെല്ലാം കൃഷി ചെയ്യുന്ന സ്ഥലം കാണണം എന്ന് ആഗ്രഹം ഉണ്ട് പോകാനുള്ള വഴി പറഞ്ഞു തരാമോ എന്ന് ഒരാളോട് ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു കൊണ്ട് " ഇവിടെ ഏതു വഴിയെ പോയാലും അത് മാത്രമേ കാണാന്‍ പറ്റൂ. കൃഷികള്‍ അല്ലാതെ ഇവിടെ ഒന്നും കാണാന്‍ ഇല്ല. ഈ തട്ട് തട്ടായി കാണുന്നതെല്ലാം  കൃഷി സ്ഥലങ്ങള്‍ ആണ് . പോയി കണ്ടോളൂ . ആരും ഒന്നും പറയില്ല " എന്ന മറുപടി തന്നു. 


കോവിലൂര്‍ ടൌണ്‍ 

അയാള്‍ കാണിച്ചു തന്ന ഒരു വഴിയിലൂടെ താഴേക്കു നടന്നു. മനോഹരമായ  ഒരു വലിയ മലയുടെ അടിവാരത്തില്‍ ആണ് എത്തിയത് . വഴിയിലെല്ലാം തട്ട് തട്ടായി തിരിച്ചു പല കൃഷികള്‍ ചെയ്തിരിക്കുന്നത് കണ്ടു . ക്യാരറ്റും കാബ്ബജും, ബീറ്റ് റൂട്ടും  മാത്രമേ സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞുള്ളു. വെളുത്തുള്ളി ചെടി  ഏതാണ് എന്ന് തിരിച്ചറിയാന്‍ ഒരു ശ്രമം നടത്തി. കൃഷിയിലെ പരിമിതമായ അറിവ് മൂലം അതില്‍ പരാജയപ്പെടുകയും ചെയ്തു . ഓണം എന്ന ഏറ്റവും പ്രധാനപ്പെട്ട സീസണ്‍ കഴിഞ്ഞതിനാല്‍ പല കൃഷികളും രണ്ടാമതും വളര്‍ന്നു വരുന്നതെ ഉണ്ടായിരുന്നുള്ളൂ. കാബ്ബാജു മാത്രം പലയിടത്തും നല്ല വലിപ്പത്തില്‍ ഒടിച്ചെടുക്കാന്‍  പാകമായ തരത്തില്‍ നില്‍ക്കുന്നത് കണ്ടു . പല കൃഷിയിടങ്ങളിലും ഒറ്റമുറി മാത്രം ഉള്ള ചെറിയ കുടിലുകള്‍ കണ്ടു. ആളുകള്‍ക്ക്  നീണ്ടു നിവര്‍ന്നു കിടക്കാന്‍ പോലും വലിപ്പമില്ലാത്ത ആ ഒറ്റ മുറികളില്‍ ആളുകള്‍ താമസിക്കുണ്ടായിരുന്നു.  അവരില്‍ പലരും ഞങ്ങള്‍ കടന്നു പോകുമ്പോള്‍ തുറിച്ചു നോക്കുന്നുണ്ടായിരുന്നു . 




കൂട്ടുകാരോടൊത്ത് അപരിചിതമായ ആ നാട്ടുവഴികളിലൂടെ  ശുദ്ധവായുവും മനോഹര കാഴ്ചകളും കണ്ടു കുറെ ദൂരം നടന്നു . അവിടത്തെ ഏറ്റവും രസകരമായ കാഴ്ചയായി തോന്നിയത് കോവര്‍ കഴുതകള്‍ ആണ് . വാഹന സൌകര്യം കുറവായ അവിടെ ചുമട്  കൊണ്ട് പോകാനും മറ്റും ഇപ്പോഴും ഉപയോഗിക്കുന്നത്  ഈ കോവര്‍ കഴുതകളെ ആണ് . ശരീരത്തിന്റെ ഇരുവശത്തും ചുമടും തൂക്കി  വരുന്ന ഒരു കോവര്‍ കഴുതയുടെയും  മുകളില്‍ ഇരിക്കുന്ന ഒരാളുടെയും മനോഹര ചിത്രം സുഹൃത്ത്   ശ്രീകാന്ത് ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. എവിടെ നോക്കിയാലും തട്ട് തട്ടാക്കി തിരിച്ച കൃഷിയിടങ്ങള്‍ മാത്രം. പണിയെടുക്കുന്ന കുറച്ചു ആളുകളും ഇടയില്‍ ഒറ്റമുറി വീടുകളും  . തികച്ചും വ്യത്യസ്തമായ ഒരു കാഴ്ച ആയിരുന്നു അത് . മനസ്സ് തേടി നടന്ന കാഴ്ചകള്‍ തന്നെ ആയിരുന്നു ഇവയെല്ലാം . ആധുനികതയുടെ സൌകര്യങ്ങള്‍ ഒട്ടും കടന്നു ചെന്നിട്ടില്ലാത്ത തനി നാടന്‍ കാഴ്ചകള്‍ ...


നടന്നു പോകുന്ന വഴിയില്‍ വെച്ച് , ഒരു വയലില്‍ പണിയെടുത്ത ശേഷം വിശ്രമിക്കാന്‍ ഇരിക്കുന്ന ഒരു ചേട്ടനെയും ചേച്ചിയെയും പരിചയപ്പെട്ടു. കോവിലൂരിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അവര്‍ പറഞ്ഞു  തന്നു. കാലാവസ്ഥയുടെ മാറ്റങ്ങളും , പണം ഉണ്ടാക്കാന്‍ വേണ്ടി അവിടെ ആളുകള്‍ ചെയ്തു കൂട്ടുന്ന പല തെറ്റായ പ്രവൃത്തികളും മൂലം ഈ നാട് നശിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അവരില്‍ നിന്നും അറിഞ്ഞു. കൂടുതല്‍ താല്പര്യം കാട്ടിയപ്പോള്‍ അവര്‍ പലതും വിശദീകരിച്ചു തന്നു.. ഒരു നാടിന്റെ, നാട്ടുകാരുടെ നൊമ്പരം നിറഞ്ഞ വാക്കുകളിലൂടെ ...



കോവിലൂരിലെ നാട്ടുവഴികളിലൂടെ കൂട്ടുകാര്‍ ....
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കോവിലൂര്‍ ഉള്‍പ്പെടുന്ന വട്ടവട  പഞ്ചായത്ത് കഞ്ചാവ് കൃഷിക്ക് വളരെ പ്രശസ്തമായിരുന്നു. നേരം ഇരുട്ടിയാല്‍ കഞ്ചാവ് കൊണ്ട് പോകാന്‍  വരുന്ന ആളുകളും വണ്ടികളും ആയിരുന്നു അവിടെയെല്ലാം.കഞ്ചാവ്  അതിന്റെ ഒപ്പം വ്യാജ മദ്യവും. എല്ലാം കൂടി ഈ നാടിനെ തകര്‍ത്തു. അതില്‍ നിന്നും ഒരു കണക്കിന് മോചനം നേടി കാര്‍ഷിക വൃത്തിയിലൂടെ നാട് നന്നായി തുടങ്ങിയപ്പോഴാണ് പുറം ലോകത്ത് നിന്നും വന്ന ആളുകള്‍  വ്യാവസായിക ആവശ്യത്തിനു മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ തുടങ്ങിയത്. യൂക്കാലിയും ഗ്രാന്റിസ് മരങ്ങളും ആയിരുന്നു പ്രധാനമായും അവിടെ വെച്ച് പിടിപ്പിച്ചത് . ഇവ വളര്‍ന്നതോടെ ആ നാട്ടിലും പരിസങ്ങളിലും ജല ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഈ മരം വളര്‍ത്തല്‍ ലാഭകരം ആയതോടെ പലരും കൃഷി ഉപേക്ഷിച്ചു തുടങ്ങി.  കൃഷി നടത്തുന്ന ആളുകളുടെ എണ്ണത്തേക്കാള്‍ കച്ചവട ലക്ഷ്യത്തോടെ  മരം വളര്‍ത്തുന്ന ആളുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണെന്നും കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ നാട്  ജലക്ഷാമം മൂലം മരുഭൂമി പോലെ ആകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .ഈ വര്‍ഷത്തെ കാലാവസ്ഥ മാറ്റം കൂടി ആകുമ്പോള്‍ അടുത്ത വിളവെടുപ്പിന്റെ കാര്യം ആകെ അവതാളത്തില്‍ ആകും എന്നും ഈ വയസ്സുകാലത്ത് കൃഷിപ്പണി അല്ലാതെ മറ്റു തൊഴിലുകള്‍ തേടി നാട് വിട്ടു പോകേണ്ടി വരുമോ  എന്ന അവരുടെ ആശങ്കയും സങ്കടവും എല്ലാം ശ്രദ്ധയോടെ ഞങ്ങള്‍ കേട്ട് നിന്നു. 

ക്യാരറ്റ് തോട്ടം 
ഇപ്പോള്‍ കൃഷി ഒട്ടും ലാഭകരം അല്ലെന്നും ഈ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വിളവിന്റെ  ലാഭം കൂടുതലും  ഇടനിലക്കാരാണ് കൊണ്ട് പോകുന്നതെന്നും അവരില്‍ നിന്നും അറിഞ്ഞു. പുറത്തു പറയാന്‍ പറ്റാത്ത വളരെ തുച്ചമായ കൂലിയാണ് ഇപ്പോഴും ഇവിടെ കൊടുക്കുന്നതെന്നും മറ്റൊരു മാര്‍ഗവും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഇവിടെ ജീവിക്കുന്നത്  എന്ന അവരുടെ വാക്കുകള്‍ മനസ്സില്‍ ഒരു നൊമ്പരം പടര്‍ത്തി. ഒറ്റമുറി വീട്ടില്‍ പ്രകൃതിയോടു മല്ലിട്ട് ജീവിതം വെട്ടിപ്പിടിക്കുന്ന അവരുടെ കഥകള്‍ അടുത്തറിഞ്ഞപ്പോള്‍ , സ്വന്തം മക്കളോട് എന്ന വണ്ണം എല്ലാം  അവര്‍ വിവരിച്ചപ്പോള്‍ മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെയായി . അവരുടെ വരുമാനത്തേക്കാള്‍ എത്രയോ ഇരട്ടി വരുമാനവും  സൌകര്യങ്ങളും ഉണ്ടായിട്ടും ഒന്നും ഇല്ല എന്നും ഇനിയും കൂടുതല്‍  വേണം എന്നും  പരാതി  പറയുന്നവര്‍ ആയിരുന്നു ഞാനടക്കം എല്ലാവരും. ഇനി ഇത്തരം പരാതികള്‍ ഒരിക്കലും പറയാതിരിക്കാന്‍ , ദൈവദാനമായി കിട്ടിയ ഈ നല്ല ജീവിതത്തെ തള്ളി പറയാതിരിക്കാന്‍ എല്ലാം ഈ യാത്രയില്‍ നിന്നും , ഈ പരിചയപ്പെടലില്‍ നിന്നും പഠിച്ചു .


കുറെ നേരത്തെ സംസാരത്തിന് ശേഷം അവരോടു യാത്രയും പറഞ്ഞു വീണ്ടും കുറെ ദൂരം കൂടി അവിടെ  അലഞ്ഞു നടന്നു . എത്ര നടന്നാലും കണ്ടു തീരാത്ത പച്ച പട്ടണിഞ്ഞു നില്‍കുന്ന ആ ഗ്രാമം മനസ്സില്‍ ആവോളം നിറച്ചു. കൃഷിയിടങ്ങളില്‍ കയറി ചിത്രങ്ങള്‍ എടുത്തും ഗ്രാമ കാഴ്ചകള്‍ കണ്ടു ഒരു ദിവസം തീരാറായി. ഇനി മടക്കയാത്ര ...

മടക്ക യാത്രയില്‍ പല സ്ഥലങ്ങളിലും വലിയ ലോറി നിറയെ യൂക്കാലി മരങ്ങള്‍ കയറ്റുന്നത് കണ്ടു.  പച്ചക്കറികളുടെ കലവറ എന്ന പേര് കൊവിലൂരിനു ഇനി എത്ര നാള്‍ കാത്തു സൂക്ഷിക്കാന്‍ ആവും ? ഇനി വീണ്ടും ഇവിടേയ്ക്ക് ഒരു യാത്ര ഉണ്ടാകുമോ  ?  മനസ്സ് വെറുതെ ചോദിച്ചു കൊണ്ടിരുന്നു...



ഇല്ല ... ഇനി ഇവിടേയ്ക്ക്  ഞങ്ങള്‍ വരില്ല ...പച്ചപ്പട്ടണിഞ്ഞ ഈ കോവിലൂരിന്റെ മനോഹര കാഴ്ചകള്‍ ആവോളം ഞങ്ങളുടെ മനസ്സില്‍ ഉണ്ടല്ലോ ? പിന്നെ എന്തിനാണ്  കുറച്ചു നാളുകള്‍ക്കുള്ളില്‍ പച്ചപ്പ്‌ നഷ്ടപ്പെട്ടു മറ്റൊരു ദുരന്തഭൂമിയാകുമെന്നു ഉറപ്പുള്ള ഇവിടേയ്ക്ക് ഞങ്ങള്‍ വരുന്നത് ?



Sunday, September 9, 2012

സമുദ്ര ബീച്ച്

കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ് അറിയപ്പെടാത്ത ഒരു ചെറിയ സ്ഥലം കാണുന്നത് എന്ന തോന്നല്‍ മനസ്സില്‍ വന്നപ്പോള്‍ ഞങ്ങള്‍ അവിടേക്ക് വണ്ടി തിരിച്ചു വിട്ടു ...പുതിയ ഒരു തീരം തേടി ...




കോവളം ബീച്ചിലേക്കുള്ള വീതിയേറിയ റോഡില്‍ നിന്നും വീതി കുറഞ്ഞ ടാറിട്ട റോഡിലൂടെ പതുക്കെ വണ്ടി ഓടിച്ചു. ഇരു വശത്തും നിറയെ ചെറിയ ചെറിയ വീടുകള്‍ ,ഇടയിലായി ഒരു മുസ്ലിം പള്ളി , ഓണക്കാലമായതിനാല്‍ റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരക്കിട്ട് പോകുന്ന നിറയെ ആളുകള്‍ . കൂടുതല്‍ ആളുകളും മുസ്ലിം വേഷധാരികള്‍ . കേരളത്തിന്‌ പുറത്തു വേറെ ഏതോ നാട്ടില്‍ വന്ന പ്രതീതിയായിരുന്നു മനസ്സില്‍ തോന്നിയത് . 



അല്പം കൂടി പോയപ്പോള്‍ ആ കാഴ്ചകള്‍ എല്ലാം മാറി. പിന്നെ കണ്ടത് ചില റിസോര്‍ട്ടുകള്‍ ആയിരുന്നു . പലപ്പോഴും പരസ്യങ്ങളില്‍  കണ്ടിട്ടുള്ള  ആ റിസോര്‍ട്ടുകള്‍ അവിടെയാണ് എന്നതും പുതിയ ഒരു അറിവായിരുന്നു . അകത്തും പുറത്തും ആയി കുറെ വണ്ടികള്‍ . കുടുംബത്തോടൊപ്പം വൈകുന്നേരം അറിയപ്പെടാത്ത ഒരു കടപ്പുറത്ത് എത്തിയാല്‍ എങ്ങനെ ആകും എന്ന ആശങ്കയും അതോടെ മനസ്സില്‍ നിന്നും പോയി . അല്പം അകലെ ആയി തിരയടിച്ചു മറയുന്ന കടലും കണ്ടു .






ബീച്ചിലേക്ക് കടക്കുന്നതിന്റെ മുന്‍വശത്ത്  പച്ച പുല്ലുകള്‍ പിടിപ്പിച്ച ഒരു ചെറിയ പാര്‍ക്ക് കണ്ടു .  അതിനരുകില്‍ വണ്ടിയും പാര്‍ക്ക് ചെയ്തു ചില ചെറിയ പടികള്‍ ഇറങ്ങി ബീച്ചിലെത്തി. പ്രതീക്ഷിച്ചതിലും വളരെ നല്ല കാഴ്ചയായിരുന്നു അവിടെ. സുന്ദരമായ കടല്‍ .. ആള്‍തിരക്ക്‌ ഒട്ടും ഇല്ലാതെ രസകരമായി കിടന്നു തിരയടിക്കുന്നു. ഒരു ഭാഗത്ത്‌ കടല്‍ കയറി വരാതിരിക്കാനായി പാറക്കല്ലുകള്‍  ഇട്ടിട്ടുണ്ടായിരുന്നു  അവ കടല്‍ ഭിത്തി പണിയാന്‍ കൊണ്ട് വന്നതായിരിക്കണം . പക്ഷെ ഒരു പണിയും നടത്താതെ അവിടെ വെറുതെ കിടന്നു കരയ്ക്ക്‌ ഒരു ചെറിയ സംരക്ഷണം മാത്രം അവ നല്കുന്നുണ്ടായിരുന്നു. 




ആ  കടപ്പുറത്തിന്റെ ഒരു വശം മുഴുവന്‍ വളരെ ഉയരത്തിലുള്ള പാറകൂട്ടങ്ങള്‍ ആയിരുന്നു. "ROCKY BEACH " എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം ബീച്ചുകള്‍ കേരത്തില്‍ അധികം സ്ഥലത്ത് കണ്ടിട്ടില്ല. ഒരു ഗോവ യാത്രയില്‍ സന്ദര്‍ശിച്ച,  കമല ഹാസന്റെ ഹിന്ദി ചിത്രമായ "ഏക്‌ ദുജെ കേലിയെയിലെ " ചില രംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത ഗോവയിലെ ഡോണ പൌല ബീച്ചിനെയും, നമ്മുടെ ബേക്കല്‍ കോട്ടയുടെ പിന്‍ഭാഗത്തെ പാറകള്‍ നിറഞ്ഞ  കടപ്പുറത്തെയും   ഈ സമുദ്ര ബീച്ച് ഓര്‍മിപ്പിച്ചു. 


കുട്ടികളെ സുരക്ഷിതമായ അകലത്തില്‍ കളിക്കാന്‍ വിട്ടു കുറെ നേരം ആ ആളൊഴിഞ്ഞ കടല്‍ത്തീരത്ത്‌  ഭാര്യയോടൊപ്പം കടലിനെ നോക്കിനിന്നു. അവിടെ നിന്നും നോക്കിയാല്‍ ദൂരെയായി കോവളത്തെ ബീച്ചിനടുത്തുള്ള ഉയര്‍ന്ന കെട്ടിടങ്ങള്‍ കാണാം. ഏകദേശം ഒരു കിലോമീറ്റര്‍ കടല്‍ തീരത്ത് കൂടെ നടന്നാല്‍ കോവളത്ത് എത്തി ചേരുമെന്ന് മനസ്സ് പറഞ്ഞു. നേരം സന്ധ്യയായത് കൊണ്ട് ആ ആഗ്രഹം മനസ്സില്‍ വെച്ച് കടല്‍ കാറ്റും ആസ്വദിച്ചു നിന്നു. 



കുറച്ചു നേരം കഴിഞ്ഞു  ആ പാറകളുടെ ഒരു വശത്ത് കൂടെ കെട്ടിയുണ്ടാക്കിയ പടികളിലൂടെ നടന്നു  പാറക്കൂട്ടങ്ങളുടെ മുകളിലേക്ക് കയറി. ഇത്രയും നേരം ശ്രദ്ധയില്‍ പെടാത്ത കുറച്ചു പേര്‍ അവിടെ ആ സുന്ദര കാഴ്ചകളും കണ്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആ പാറകളുടെ ഇടയില്‍ കടലിനെയും നോക്കി കാറ്റും കൊണ്ട് ഇരിക്കുന്നവരില്‍ ഒരു വിദേശ ജോടിയും ഉണ്ടായിരുന്നു.  കുട്ടികള്‍  അവരുടെ ഏകാന്ത തകര്‍ത്തത് കൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ വന്നു അല്പം കഴിഞ്ഞപ്പോഴേക്കും അവര്‍ താഴെ ഇറങ്ങാന്‍ എണീറ്റു. കുട്ടികള്‍ക്ക് ഒരു ചിരിയും സമ്മാനിച്ച്‌ നടക്കുമ്പോള്‍ അതിലെ വിദേശ വനിത മക്കള്‍ ട്വിന്‍സ് ആണോ എന്ന ചോദ്യം എറിഞ്ഞു .  അല്ല എന്ന് മറുപടിയും കൊടുത്തു. എവിടെ നിന്നാണ് വരുന്നതെന്ന എന്റെ ചോദ്യത്തിന്  പാരിസ് എന്ന മറുപടിയും അവര്‍ തന്നു. 



സംസാരിക്കാന്‍ കൂടുതല്‍ താല്പര്യം കാട്ടിയത് കൊണ്ട് ആ വിദേശ ജോടികളുമായി കുറച്ചു നേരം കൂടി സംസാരിച്ചു നിന്നു . പാരീസില്‍ ഒരു ഇലക്ട്രീഷ്യന്‍ ആയി ജോലി നോക്കുകയായിരുന്നു ഇത്രയും നാള്‍ എന്നും,  ആ ജോലി വിട്ടപ്പോള്‍ കിട്ടിയ പണം കൊണ്ട് , കൂട്ടുകാരിയുടെ ഒപ്പം ആറു മാസം കൊണ്ട്  ഇന്ത്യ മുഴുവന്‍ കണ്ടു തീര്‍ക്കാന്‍ ഇറങ്ങിയതാണ് എന്നും വിദേശി പയ്യന്‍ പറഞ്ഞു കേട്ടപ്പോള്‍ അയാളോട് അസൂയയാണ് തോന്നിയത്.  ഇന്ത്യ മുഴുവന്‍ ആറുമാസം എടുത്തു കണ്ടു തീര്‍ക്കാന്‍ ഭാഗ്യം കിട്ടിയിട്ടുള്ള ഇന്ത്യക്കാര്‍ പോലും വളരെ കുറവായിരിക്കും എന്ന് തോന്നി . ഇനി തിരിച്ചു ചെന്ന് വേണം പുതിയ ജോലി അന്വേഷിക്കാന്‍ എന്നും, പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ പ്രധാന സ്ഥലങ്ങള്‍  മുഴുവനും കണ്ടു തീര്‍ക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും  ഇരുപത്തിയഞ്ച് വയസ്സോളം തോന്നിക്കുന്ന ആ വിദേശി പറഞ്ഞു കേട്ടപ്പോള്‍  അസൂയ വീണ്ടും കൂടി . ജീവിതത്തിന്റെതായ യാതൊരു ടെന്‍ഷനും ഇല്ലാതെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയോടൊപ്പം ഇത്രയും ചെറുപ്പത്തില്‍ ലോകവും കണ്ടു നടക്കുന്ന അവരോടു എന്നെപോലെയുള്ള ഒരു സാധാരണ ഇന്ത്യക്കാരന് മറ്റെന്താണ് തോന്നുക ? 



വീണ്ടും കാണില്ല എന്നുറപ്പ് ഉണ്ടെങ്കിലും വീണ്ടും കാണാം എന്നും പറഞ്ഞു വിദേശികളെ വിട്ട ശേഷം കുറെ നേരം കൂടി അവിടെയിരുന്നു. പാറകളില്‍ തട്ടി വെള്ളം പാല്നുരയായി  ചിതറുന്നതും നോക്കി ആ  പാറക്കൂട്ടത്തില്‍ കുടുംബത്തോടൊപ്പം ഇരുന്നു .അവിടെ പതുക്കെ സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങിയിരുന്നു. ഒപ്പമുള്ളവര്‍  എല്ലാവരും മടങ്ങിയിരുന്നു  . അപരിചിതമായ ഒരു സ്ഥലം ആയിട്ടും നേരം ഇരുട്ടിയിട്ടും അവിടെ നിന്നും പോരാന്‍ മനസ്സ് വരാത്തത് പോലെ. 



ഒടുവില്‍ ഞങ്ങള്‍ മടങ്ങി .. വീണ്ടും ഒരു തവണ കൂടി ഇവിടെ വരണം ... ഈ ബീച്ചിലൂടെ നടന്നു ഒരു തവണ കോവളത്ത് എത്തണം എന്ന് വിചാരിച്ചു കൊണ്ട് ... പല തവണ കോവളത്ത് വന്നപ്പോഴും ആരും പറഞ്ഞു തന്നിട്ടില്ലാത്ത ഈ ചെറിയ തീരം ഇത്തവണത്തെ ഓണത്തിന് കിട്ടിയ ഏറ്റവും നല്ല ഓര്‍മയായി മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് ഞങ്ങള്‍ മടങ്ങി ....