ഒരു ഒഫീഷ്യൽ ട്രെയിനിങ്ങിന്റെ ഭാഗമായി ആയി ആണ് കുറച്ചു നാൾ മുൻപ് ബാംഗളൂരിൽ എത്തിയത്. രണ്ടു പകൽ ട്രെയിനിംഗ്. ബാംഗളൂരിൽ കറങ്ങാൻ കിട്ടുന്നത് ആകെ ഒരു രാത്രി മാത്രം. അങ്ങിനെ രാത്രി ബാംഗളൂരിലെ തെരുവുകളിലൂടെ ഒറ്റക്കു വെറുത ലക്‌ഷ്യം ഒന്നും ഇല്ലാതെ നടക്കുമ്പോൾ ആണ് ഒരു ഫോൺ വന്നത്. ഞാൻ ബാംഗളൂരിൽ ഉണ്ട് എന്ന ഫേസ് ബുക്ക് പോസ്റ്റ് കണ്ടു വിളിച്ചതാണ്. ഇത് വരെ നേരിൽ കണ്ടിട്ടിലാത്ത ഫ്രെഡി എന്ന ഫേസ് ബുക്ക് ഫ്രണ്ട് ആയിരുന്നു അത്. ബാംഗളൂരിലെ പുതിയ വിമാന താവളത്തിന്റെ അടുത്താണ് താമസിക്കുന്നത് എന്നും അതിന്റെ അടുത്ത് ഒരു പാറമടയുടെ നടുവിലായി ഒരു ചെറിയ അമ്പലം ഉണ്ട് എന്നും അറിയപ്പെടാത്ത പല സ്ഥാലങ്ങളെ പരിചയപ്പെടുത്തി ബ്ലോഗ് എഴുതുന്ന ചേട്ടന് ഇത് പറ്റിയ സ്ഥലം ആകും എന്നും അവൻ പറഞ്ഞു.
വെറും ഒരു അമ്പലം കാണാൻ വേണ്ടി അതി രാവിലെ ഉണർന്നു ഇരു വശത്തേക്കും ആയി എഴുപതു കിലോമീറ്റർ ടാക്സി വിളിച്ചു പണം ചിലവഴിക്കാനും ഉറക്കം കളയാനും മടി തോന്നിയത് കൊണ്ട് എനിക്ക് താല്പര്യം ഇല്ല എന്നും പിന്നീട് ഒരിക്കൽ ആകാം എന്നും പറഞ്ഞു ഒഴിയാൻ ശ്രമിച്ചു. ടാക്സിയൊന്നും വിളിക്കേണ്ട എന്നും ബൈക്കിൽ പുലർച്ചെ അഞ്ചു മണിക്ക് ഹോട്ടലിൽ വന്നു കൊണ്ട് പോകാം എന്നും തിരികെ ട്രെയിനിംഗ് തുടങ്ങുന്നതിനു മുൻപ് കൊണ്ട് എത്തിക്കാം എന്നും പറഞ്ഞപ്പോൾ മറ്റു ഒഴിവുകൾ പറയാൻ പറ്റാതെ ആയി. പിന്നെ ഒരു പരിചയവും ഇല്ലാത്ത എനിക്കു വേണ്ടി ഇത്രയും ബുദ്ധി മുട്ടാൻ തയാറാകുന്ന ഫ്രഡി എനിക്കായി എന്തെങ്കിലും നല്ല ഒരു കാഴ്ച കാത്തു വെച്ചിട്ടുണ്ടായിരിക്കും എന്നും മനസ്സു പറഞ്ഞു. അങ്ങിനെ ആണ് ബാംഗളൂരിലെ സാധാഹള്ളിയുടെ അടുത്തുള്ള പേരറിയാത്ത അമ്പലം, ബാംഗളൂരിൽ ആരും അറിഞ്ഞിട്ടിലാത്ത ആ കൊച്ചു സ്ഥലത്തേക്ക് സ്ഥലത്തേക്ക് ഒരു യാത്ര പുറപ്പെട്ടത് .
പുലർച്ചെ അഞ്ചു മണിക്ക് മുൻപേ എം ജി റോഡിലെ ഹോട്ടലിൽ എത്തി ചേർന്ന, അന്ന് ആദ്യമായി കണ്ട തൃശ്ശൂര്കാരൻ ആയ പതിനെട്ടുകാരൻ ഫ്രെഡി എന്ന ചെറുപ്പക്കാരനോടൊപ്പം അവന്റെ ഇരട്ടി പ്രായം ഉള്ള ഞാനും ബാംഗളൂരിലെ തെരുവുകളിലൂടെ ബൈക്കിൽ യാത്ര തുടങ്ങി. നല്ല തണുത്ത കാലാവസ്ഥ. വാഹനങ്ങൾ ഒട്ടും ഇല്ല. അടഞ്ഞു കിടക്കുന്ന കടകൾ, വലിയ വലിയ സ്ഥാപനങ്ങൾ ..ബാംഗളൂരിൽ പല തവണ വന്നിട്ടുണ്ട് എങ്കിലും ഇത്രയും പുലർച്ചെ ആ തെരുവുകളിലൂടെ യാത്ര ചെയ്യുന്നത് ആദ്യം ആയിട്ടായിരുന്നു. ശരിക്കും ആസ്വദിച്ച ഒരു യാത്ര .
ബാംഗളൂരിലെ പുതിയ വിമാന താവളത്തിലേക്കുള്ള വിശാലമായ റോഡിലൂടെ കുറെ ദൂരം പോയി വിമാന താവളം എത്തുന്നതിനു കുറച്ചു മുൻപ് ഇടതു വശത്തേക്ക് വണ്ടി തിരിച്ചു ഫ്രഡി വണ്ടി നിറുത്തി. ഇനി അമ്പലത്തിലേക്ക് കുറച്ചു കിലോമീറ്റർ മാത്രമേ ഉള്ളൂ എന്നും ഒരു ചായ കുടിച്ചു കഴിയുമ്പോളേക്കും നേരം വെളുത്തു വരും എന്നും പറഞ്ഞു. മുപ്പത്തഞ്ചോളം കിലോമീറ്റർ ദൂരം സാമാന്യം നല്ല വേഗത്തിൽ പായുന്ന ബൈക്കിന്റെ പിറകിൽ തണുത്തു വിറങ്ങലിച്ചു ഇരുന്നതിനു ശേഷം കുടിക്കുന്ന ചൂട് ചായയുടെ രുചി, അതിന്റെ സുഖം അത് ഒരിക്കലും മറക്കാനാവാത്തതായിരുന്നു .
വീണ്ടും യാത്ര തുടങ്ങി .വീതി കുറഞ്ഞ ടാറിട്ട വഴി .നഗര കാഴ്ചകൾ കഴിഞ്ഞു നാട്ടിൻ പുറം തുടങ്ങി .വീടുകൾ വളരെ കുറവ്. ഉള്ളത് തന്നെ ചെറിയ വീടുകൾ. പശുക്കളും മറ്റു മൃഗങ്ങളും എല്ലാം വീടിന്റെ മുൻപിൽ തന്നെ കെട്ടിയിട്ടിരിക്കുന്ന ഒരു കാഴ്ച.. മുൻപിൽ വിശാലമായ കൃഷിയിടങ്ങൾ. പെട്ടെന്ന് തന്നെ നഗര കാഴ്ചകളിൽ നിന്നും ഞങ്ങൾ ഗ്രാമ പ്രദേശത്തേക്ക് മാറി ഇടയിൽ ആകെ കണ്ടത് Clarks Exotica Resort & Spa എന്ന ബോർഡ് മാത്രം ..ഒടുവിൽ കുറെ നേരം പോയ ശേഷം ആളൊഴിഞ്ഞ ഒരു പറമ്പിൽ ഫ്രഡി വണ്ടി നിറുത്തി. ഇനി അല്പം നടന്നാൽ ഞങ്ങൾ വിചാരിച്ച അമ്പലം ആയി. നേരം നന്നായി വെളുത്തിരുന്നു. പക്ഷെ തണുപ്പ് ഒട്ടും വിട്ടു മാറിയിട്ടില്ല.
കുറച്ചു കൂടി നടന്നു എത്തി ചേർന്ന സ്ഥലത്തു കണ്ട കാഴ്ച കണ്ടു അന്തം വിട്ടു നിന്നു പോയി . ഒരു കൊക്കയുടെ അറ്റത്തു എത്തി എന്നാണ് വിചാരിച്ചത് .ഒരു വലിയ പാറ മട ആണ് അത് എന്നു വീണ്ടും നോക്കിയപ്പോൾ ആണ് മനസ്സിലായത്. താഴെ ഏക്കറുകണക്കായി പരന്നു കിടക്കുന്ന ഒരു വലിയ പാറമട. കേരളത്തിൽ എല്ലായിടത്തും കാണുന്ന കരിങ്കല്ലുകൾ പൊട്ടിച്ചെടുക്കുന്ന പാറ മട അല്ല എന്നു ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി. കരിങ്കല്ല് മട ആയിരുന്നു എങ്കിൽ ഇത്രയും മനോഹരം ആയി കല്ലുകൾ മുറിച്ചെടുക്കാൻ പറ്റുകയില്ല. ഇതു ഗ്രാനൈറ്റോ, മാർബിളോ ചെത്തിയെടുക്കുന്ന മട ആയിരിക്കണം. പാറ പൊട്ടിച്ചു പൊട്ടിച്ചു താഴ്ച കൂടി ഇപ്പോൾ ഒരു പതിനഞ്ചു നില കെട്ടിടത്തിന്റെ ഉയരത്തിൽ താഴേക്കു പൊട്ടിച്ചു കഴിഞ്ഞ അവസ്ഥയിൽ ആണ് ഇപ്പോൾ. അതിന്റെ നടുവിൽ ആയി ഒരു അമ്പലം. ആ അമ്പലം അവിടെ ബാക്കി നിറുത്തി എല്ലാം പൊട്ടിച്ചെടുത്തിരിക്കുകയാണ്. അമ്പലത്തിലേക്ക് പോകാനുള്ള വഴി ആണ് അതിലും ഭീകരം. ഒരാൾക്ക് നടക്കാൻ മാത്രം വീതിയുള്ള പാറ പൊട്ടിച്ചെടുത്ത വഴി. ഇരു വശത്തും അഗാധമായ കൊക്ക എന്നു തോന്നുന്ന അത്രയും താഴ്ചയുള്ള പാറമട. അതിലൂടെ നടന്നു വേണം ഈ അമ്പലത്തിൽ എത്താൻ. ആകെ ഭീതി പെടുത്തുന്ന ഒരു അന്തരീക്ഷം.
ഫ്രഡിയോടൊപ്പം പതുക്കെ ആ അമ്പലത്തിലേക്കുള്ള, ഒരാൾക്ക് മാത്രം നടക്കാൻ വീതിയുള്ള വഴിയിലൂടെ നടന്നു. അതി ശക്തമായ തണുത്ത കാറ്റ്. താഴേക്കു നോക്കുമ്പോൾ തല കറങ്ങുന്നതു പോലെ. താഴെ പാറമടയിൽ കിടക്കുന്ന ലോറി ഒരു ചെറിയ കളിപ്പാട്ടം പോലെ ആണ് തോന്നുന്നത്. കുറച്ചു നടന്നു എത്തിയപ്പോൾ പാറ കൊണ്ടുള്ള വഴിയുടെ ഇടയിൽ ഇരുമ്പു പാളികൾ കൊണ്ടു ഉണ്ടാക്കിയ ഒരു പാലം, കാൽ ചവിട്ടുമ്പോൾ ഇളകിയാടുന്ന ആ പാലം കണ്ടപ്പോൾ നരകപ്പാലം എന്ന വാക്കാണ് മനസ്സിൽ ഓർമ്മ വന്നത്.ആ പാലത്തിൽ നിന്നും തണുത്ത കാറ്റും കൊണ്ടു താഴേക്കു നോക്കിയപ്പോൾ ബോധം പോകുന്ന പോലെ. കേരളത്തിലെ പല ജില്ലകളിലെയും ഉയരം ഉള്ള മലകൾ എല്ലാം കീഴടക്കിയപ്പോൾ ഒന്നും തോന്നാത്ത ഒരു ഭയം ഇപ്പോൾ തോന്നി.
ഒടുവിൽ നരകപ്പാലവും കടന്നു വീണ്ടും നടന്നു ആ പേരറിയാത്ത അമ്പലത്തിൽ എത്തി ചേർന്നു. ഓറഞ്ചു നിറത്തിൽ ചായം അടിച്ച ഒരു ഒറ്റ മുറി കെട്ടിടം. അതിന്റെ ഉള്ളിലും പുറമെയും ഏതോ വിഗ്രഹങ്ങൾ. ആരും ഇല്ല അവിടെ. പുറത്തുള്ള വിഗ്രഹത്തിനടുത്തുള്ള കല്ലുകളിൽ അധികം പഴക്കം ഇല്ലാത്ത ചോര കണ്ടു. കുറെ തൂവലുകളും. കോഴിയെയോ മറ്റോ പോലെ ബലി കഴിച്ചത് പോലെ .
കോളേജ് പഠനത്തിന്റെ ഭാഗം ആയി ഫ്രഡി ഈ ഭാഗത്തു കൂട്ടുകാരോടൊപ്പം താമസം തുടങ്ങിയിട്ട് താമസം തുടങ്ങിയിട്ട് കുറച്ചു നാളെ ആയിട്ടുള്ളൂ. അതു കൊണ്ടു തന്നെ ഈ അമ്പലത്തെ കുറിച്ചും ഇവിടത്തെ ആചാരങ്ങളെ കുറിച്ചും എന്നെ പോലെ തന്നെ ഒന്നും അവനറിയില്ല. ആരും ഇതു വരെ ഈ അമ്പലത്തെ കുറിച്ചു പറയുകയോ, ഇവിടേക്ക് ആളുകൾ പോകുന്നത് കാണുകയോ ചെയ്തിട്ടില്ല എന്നും അവൻ കൂട്ടിച്ചേർത്തു .
അമ്പലത്തിനു പുറകിൽ ഒരു വലിയ മരം നിന്നിരുന്നു. ആ മരത്തിൽ ബലമായി പിടിച്ചു നിന്നും താഴേക്കും മറ്റു ഭാഗങ്ങളിലേക്കും നോക്കി. അവിടെ നിന്നാൽ പല ഭാഗത്തെയും കാഴ്ചകൾ കാണാൻ കഴിയുമായിരുന്നു. തനിയെ നിന്നാൽ ആ തണുത്ത കാറ്റിൽ അഗാധതയിലേക്ക് വീണു പോകുമോ അല്ലെങ്കിൽ ആ കാറ്റു ഞങ്ങളെ പറത്തി കൊണ്ടു പോകുമോ എന്ന ഭയം മനസ്സിൽ. താഴെ ഒരു പാട് വാഹനങ്ങൾ കിടന്നിരുന്നു. ലോറികളും വലിയ പൊക്ലിയനുകളും ആയിരുന്നു അത്. വളരെ താഴ്ചയിൽ ആയിരുന്നതിനാൽ എല്ലാം സൂക്ഷിച്ചു നോക്കിയപ്പോൾ മാത്രം ആണ് കണ്ടത്. ഇപ്പോഴും ഗ്രാനൈറ്റ് അല്ലെങ്കിൽ മാർബിൾ പൊട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ മട ആണ് അതു എന്നു ബോധ്യം ആയി.
ഒരു പുതിയ സ്ഥലം കണ്ട സുഖം അല്ല മനസ്സിൽ തോന്നിയത്. പേരറിയാത്ത എന്തോ ഭീകരത അവിടെ ഉണ്ട് എന്ന തോന്നൽ. കുറെ ചിത്രങ്ങൾ എടുത്തു കുറെ നേരം ആ ഭീകരത ആസ്വദിച്ചു. പിന്നെ ഞങ്ങൾ ഞങ്ങൾ തിരിച്ചു നടന്നു . ആ പഴയ നരകപ്പാലത്തിലൂടെ പാലത്തിലൂടെ. അവിടെ ചിലവഴിച്ച ഒരു മണിക്കൂർ സമയത്തിൽ വേറെ ആരും അവിടെ എത്തിയിരുന്നില്ല . വല്ലപ്പോഴും പൂജ നടക്കുന്ന ഒരു അമ്പലം ആയിരിന്നു എന്നു അതോടെ മനസ്സിലായി.
കേരളത്തിലെ എല്ലാ പാറമടകളെയും ചേർത്തു വെച്ചാൽ എങ്ങനെ ഉണ്ടാകും. ഏകദേശം അത്രയും വലിപ്പം ഉള്ള പാറമട ആണ് ഇത്. ആദ്യമായി ആണ് ആണ് ഇങ്ങനെ ഒരു കാഴ്ച കാണുന്നത്. ഭൂമി ദേവിയെ തുരന്നു പാതാളം വരെ എത്തി കൊണ്ടിരിക്കുന്ന ഭീകരം ആയ ഒരു പ്രകൃതി നശീകരണത്തിന്റെ കാഴ്ചയാണ് മുൻപിൽ കാണുന്നത്. ഇത്രയും വലിയ ഒരു വലിയ പ്രകൃതി നശീകരണം നടത്തുന്നതിന്റ ഇടയിൽ ഭക്തിയുടെ പേരിൽ ആണെങ്കിലും ഈ അമ്പലത്തെ മാത്രം നശിപ്പിക്കാതെ കൃത്യമായി പാറ പൊട്ടിച്ചു അമ്പലത്തെയും അവിടേക്കുള്ള വഴിയെയും കാത്തു സൂക്ഷിക്കുന്ന അപൂർവ കാഴ്ച കണ്ടു ഞങ്ങൾ മടങ്ങി ..
വീണ്ടും ബാംഗ്ളൂരിലേക്കു ബൈക്കിൽ മടക്ക യാത്ര. ബാംഗ്ളൂരിലെ ട്രാഫിക് തിരക്കുകൾക്കിടയിലൂടെ കുത്തി തിരുകി വണ്ടി ഓടിച്ചു ട്രെയ്നിങ് തുടങ്ങുന്നതിനു അര മണിക്കൂർ മുൻപ് എന്നെ തിരികെ ഹോട്ടലിൽ എത്തിച്ചു ഒരു നല്ല സൗഹൃദം മാത്രം തിരികെ വാങ്ങി ഫ്രഡി മടങ്ങി. ഈ ഒരു മറക്കാനാവാത്ത കാഴ്ച എനിക്കു കാണിച്ചു തരാൻ രണ്ടു തവണയായി നൂറ്റി അൻപതു കിലോമീറ്റർ .ദൂരം ആണ് ഈ കുറഞ്ഞ സമയത്തിനുള്ളിൽ അവൻ ബൈക്കിൽ യാത്ര ചെയ്തത്.
അല്ലെങ്കിലും ചില യാത്രകളും സൗഹൃദങ്ങളും അങ്ങിനെ ആണല്ലോ ? അവിചാരിതം ആയി കടന്നു വരും ..ജീവിത കാലം മുഴുവൻ മറക്കാനാവാത്ത ഓർമകൾ കുറച്ചു നേരം കൊണ്ടു നമ്മുടെ മനസ്സിൽ നിറച്ചു തരും...